Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_right‘സുബൈദ പാത’യുടെ...

‘സുബൈദ പാത’യുടെ ശേഷിപ്പ്; ഫാഇദ് എന്ന പുരാനഗരം

text_fields
bookmark_border
‘സുബൈദ പാത’യുടെ ശേഷിപ്പ്; ഫാഇദ് എന്ന പുരാനഗരം
cancel


‘തീര്‍ഥാടകര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന പഴകിയ വെള്ളം ഒഴിച്ചുകളഞ്ഞ് ജല സമൃദ്ധമായ തടാകത്തില്‍ നിന്ന് വീണ്ടും ശേഖരിച്ചു. നീന്തിത്തുടിച്ചും കുളിച്ചും അവര്‍ ആഹ്ളാദിച്ചു. മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കിവെടിപ്പാക്കി. സുദീര്‍ഘമായ യാത്രയിലെ വിശ്രമദിനമാണ് അവര്‍ക്കിന്ന്. സര്‍വേശ്വരന്‍ അവര്‍ക്കേകിയ പാരിതോഷികം’  - ഇബ്നു ജുബൈര്‍ (1145 -  1217, ഇസ്ലാമിക് സ്പെയിനില്‍ നിന്നുള്ള സഞ്ചാരി, കവി)

(ഹാഇല്‍ യാത്ര രണ്ടാം ഭാഗം)

ചില ചരിത്ര വസ്തുതകള്‍ ആമുഖമായി ചേര്‍ക്കാതെ ഫാഇദിനെ കുറിച്ച് പറയാനാകില്ല. ഹാഇലില്‍ നിന്ന് 110 കിലോമീറ്റര്‍ കിഴക്കു സ്ഥിതി ചെയ്യുന്ന ഈ പുരാനഗരം അത്രയും വിശദീകരണം ആവശ്യപ്പെടുന്നു എന്നത് തന്നെ കാരണം. ഫാഇദിന്‍െറ ആ പശ്ചാത്തലത്തിലേക്ക് ആദ്യം.
ആയിരത്തൊന്നു രാവുകളിലൂടെ അനശ്വരനായ ഖലീഫ ഹാറൂണ്‍ റഷീദ് ചക്രവര്‍ത്തിയുടെ തലസ്ഥാനമായിരുന്നു ബാഗ്ദാദ്. ക്രിസ്താബ്ദം എട്ടാം ശതകത്തില്‍ ഹാറൂണ്‍ റഷീദിന് കീഴില്‍ ലോകത്തെ ഉജ്വല നഗരങ്ങളിലൊന്നായി ബാഗ്ദാദ് വിളങ്ങി നിന്നു. പില്‍ക്കാലത്ത് ഇന്നത്തെ സിറിയയിലെ റഖയിലേക്ക് (അതെ, ഐ.എസിന്‍െറ ആസ്ഥാനമായ അതേ റഖ തന്നെ) ഹാറൂണ്‍ തന്‍െറ തലസ്ഥാനം മാറ്റിയെങ്കിലും ബാഗ്ദാദിന്‍െറ ശോഭ മങ്ങിയില്ല. അതിന് കാരണങ്ങളേറെയുണ്ടായിരുന്നു. ലോകത്തിന്‍െറ സര്‍വകോണുകളില്‍ നിന്നും ശാസ്ത്രജ്ഞരും എഴുത്തുകാരും വിജ്ഞാന ഭിക്ഷുക്കളും അക്കാലത്ത് അവിടേക്ക് ഒഴുകിയത്തെുമായിരുന്നു. പിന്നീട് 13ാം നൂറ്റാണ്ടില്‍ മംഗോളിയന്‍ സൈന്യങ്ങളാല്‍ നിലംപരിശാക്കപ്പെടുന്നത് വരെ ജ്ഞാനത്തിന്‍െറ തലസ്ഥാനമായി ബാഗ്ദാദ് തുടര്‍ന്നു. കണ്ണഞ്ചിപ്പിക്കുന്ന പുസ്തകാലയങ്ങളും ആധുനിക നിര്‍മിതികളും നവീന ഭരണശൈലിയും മാത്രമല്ല ഹാറൂണിന്‍െറ നഗരത്തെ അക്കാലത്ത് തന്ത്രപ്രധാന കേന്ദ്രമായി നിലനിര്‍ത്തിയത്. ഇസ്ലാമിന്‍െറ ആത്മീയ ഗേഹങ്ങളിലേക്കുള്ള സുരക്ഷിത പാതയുടെ താക്കോലും ബാഗ്ദാദ് ആയിരുന്നു.


ആ താക്കോലിന്‍െറ നിര്‍മാതാവായിരുന്നു ഹാറൂണ്‍ റഷീദ് ചക്രവര്‍ത്തിയുടെ പത്നിയായ സുബൈദ. ഹാറൂണിനൊപ്പം തന്നെ സാംസ്കാരിക ഒൗന്നത്യമുണ്ടായിരുന്ന  സുബൈദയാണ് ബാഗ്ദാദില്‍ നിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രാചീന ചരക്കുപാത നവീകരിച്ചത്. ഹജ്ജിന് വേണ്ടി ബാഗ്ദാദില്‍ നിന്ന് പുറപ്പെടുന്നവര്‍ കനത്ത മണല്‍ക്കാറ്റില്‍പെട്ടും വഴിതെറ്റിയും വെള്ളം കിട്ടാതെയും കൂട്ടത്തോടെ മരണമടയുന്നത് അക്കാലത്തെ പതിവായിരുന്നു. ഇതിനൊരു പരിഹാരം ആവശ്യമാണെന്ന് സുബൈദ കണക്കുകൂട്ടി. 1,200 ഓളം കിലോമീറ്റര്‍ ദൂരമുള്ള ഈ ദുര്‍ഘട പാതയില്‍ ഉടനീളം വിശ്രമ കേന്ദ്രങ്ങളും കിണറുകളും കുളങ്ങളും ചെറുതോട്ടങ്ങളും നിര്‍മിക്കാന്‍ ബൃഹദ് പദ്ധതി തയാറാക്കി. ആദ്യ പടിയെന്ന നിലയില്‍ അവരുടെ എന്‍ജിനീയര്‍മാര്‍ ഖിബ്ലയിലേക്കുള്ള വിശദമായ ഭൂപടം തയാറാക്കി. അതിന്‍െറ അടിസ്ഥാനത്തില്‍ 40 സ്റ്റേഷനുകളായി പാതയെ വിഭജിച്ചു. നൂറുകണക്കിന് ഒട്ടകങ്ങളെയും മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള വിശ്രമ കേന്ദ്രങ്ങള്‍, കൊട്ടാരങ്ങള്‍ വിശാലമായ ജലാശയങ്ങള്‍, ആഴമേറിയ കിണറുകള്‍, പള്ളികള്‍, തീര്‍ഥാടക സംഘങ്ങളുടെ സുരക്ഷക്കായി സൈനിക പോസ്റ്റുകള്‍ എന്നിവ ഓരോ കേന്ദ്രങ്ങളിലും നിര്‍മിച്ചു. വിദൂരങ്ങളില്‍ നിന്നേ സ്ഥലം തിരിച്ചറിയാന്‍ കൂറ്റന്‍ മിനാരങ്ങളും രാത്രികളില്‍ വഴി തെറ്റാതിരിക്കാന്‍ വിളക്കുമാടങ്ങളും ഈ പാതയുടെ പ്രത്യേകതയായിരുന്നു. ‘സുബൈദ പാത’യെന്ന് പില്‍ക്കാലത്ത് പുകള്‍പെറ്റ ഈ നിരത്ത് നിലവില്‍ വന്നതോടെ അബ്ബാസിദ് സാമ്രാജ്യത്തിന്‍െറ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഹജ്ജിനും ഉംറക്കും എത്തുന്ന സംഘങ്ങള്‍ക്ക് ഏറെ സൗകര്യമായി. ഹാറൂണും സുബൈദയും പലതവണ ഇതുവഴി ഹജ്ജ് നിര്‍വഹിക്കാനത്തെിയിട്ടുണ്ട്. 5,950 കിലോഗ്രാം ശുദ്ധസ്വര്‍ണത്തിന് തുല്യമായ തുക സുബൈദ ഇതിനായി ചെലവാക്കിയിട്ടുണ്ടാകുമെന്നാണ് ഐതിഹ്യം. സ്പെയിനിലെ വലന്‍സിയയില്‍ ജനിച്ച ഭൗമശാസ്ത്ര വിദഗ്ധനും കവിയും സഞ്ചാരിയുമായ ഇബ്നു ജുബൈര്‍ 12ാം ശതകത്തില്‍ ഈ പാതയിലൂടെ യാത്ര ചെയ്ത് രേഖപ്പെടുത്തിയ വിവരണങ്ങളില്‍ നിന്നുള്ള ഉദ്ധരണിയാണ് മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അപ്പോഴേക്കുാ ഇവ നിര്‍മിച്ച് മൂന്നു നൂറ്റാണ്ടുകള്‍ പിന്നിട്ടിരുന്നു എന്ന് ഓര്‍ക്കുക. ഈ താവളങ്ങളുടെ അന്നത്തെ സമൃദ്ധി ആ വാക്കുകളില്‍ വായിക്കാം.


നൂറ്റാണ്ടുകളോളം ഈ നിര്‍മിതികള്‍ തീര്‍ഥാടകര്‍ക്ക് തണലും താങ്ങുമായി നിലകൊണ്ടു. ഇറാഖ്, പേര്‍ഷ്യ, ഖുറാസന്‍, കുര്‍ദിസ്ഥാന്‍, തുടങ്ങി ഇസ്ലാമിക ലോകത്തിന്‍െറ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്ന് വിശുദ്ധഭൂമിയിലേക്ക് ഇതുവഴി സഞ്ചാരികള്‍ പ്രവഹിച്ചു. ബാഗ്ദാദില്‍ നിന്നു തുടങ്ങി, കൂഫ, നജഫ്, ഖാദിസിയ, മുഖീത്ത, തലബിയ, ഫാഇദ്, സമിറ, അല്‍ നഖ്റ വഴി മദീനയിലേക്കും നഖ്റയില്‍ നിന്ന് അല്‍ റബാദ വഴി മക്കയിലേക്കുമാണ് ഈ പാത നീണ്ടത്. കാലം കുറെ കഴിഞ്ഞതോടെ സംരക്ഷണമില്ലാതെ ഈ സംവിധാനങ്ങള്‍ മണ്ണടിയാന്‍ തുടങ്ങി. കഴിഞ്ഞ നാല്, അഞ്ച് നൂറ്റാണ്ടുകള്‍ കൊണ്ട് ഈ ഇടത്താവളങ്ങളില്‍ മികത്തും മണ്‍മറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇവ വീണ്ടെടുക്കാന്‍ സര്‍ക്കാരുകള്‍ ശ്രമം തുടങ്ങിയത്. അത്തരത്തിലുള്ള ശ്രമങ്ങളുടെ പ്രധാന ഫലമാണ് ഫാഇദ്. ഹാഇലില്‍ നിന്ന് 110 കിലോമീറ്റര്‍ കിഴക്കുള്ള ചരിത്ര നഗരം.
സുബൈദ പാതയില്‍ ഏറ്റവും പ്രമുഖമായിരുന്നു ഫാഇദ്. ഇസ്ലാമിന് മുമ്പേ തന്നെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു ഫാഇദ്. സമീപത്തെ പര്‍വതങ്ങളില്‍ നിന്നുള്ള ലാവ പ്രവാഹം ഈ പ്രദേശത്തെ ഭൂമിക്ക് സവിശേഷമായൊരു ഛായ നല്‍കി. ലാവ കല്ലുകള്‍ വെട്ടിയെടുത്ത് പടുത്ത നിര്‍മിതികളാണ് ഫാഇദ് ചരിത്ര നഗരത്തിന്‍െറ പ്രത്യേകത. സൗദി പുരാവസ്തു വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ഉദ്ഖനനം തുടങ്ങിയത്. സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍റ് ആന്‍റിക്വിറ്റീസിന്‍െറ മേല്‍നോട്ടത്തില്‍ ഫാഇദ് നിര്‍മിതികള്‍ വേലികെട്ടി സംരക്ഷിക്കുന്നു. ഇവിടെ നിന്ന് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കുഴിച്ചെടുത്ത പുരാവസ്തുക്കള്‍ സമീപത്തെ മ്യൂസിയത്തില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.


ലാവ കല്ലില്‍ നിര്‍മിച്ച കൊട്ടാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ദീര്‍ഘചതുരാകൃതിയിലുള്ള കൊട്ടാരത്തിന്‍െറ തുടര്‍ച്ചയായി വടക്ക് കിഴക്കന്‍ വശത്തായി സമചതുരാകൃതിയിലുള്ള ഒരു കോട്ടയും ഉണ്ടായിരുന്നു. കൊട്ടാരത്തിന്‍െറ വടക്കു വശത്ത് ഹാളുകളും മുറികളുമെന്ന് തോന്നിക്കുന്ന കുറേ നിര്‍മിതികളുടെ സൂചനകള്‍ കാണാം. ഇതിന് തെക്കാണ് ഫാഇദ് പുരാനഗരത്തിന്‍െറ ഹൃദയം എന്ന് കരുതപ്പെടുന്ന നിര്‍മിതി നിലനിന്നിരുന്നത്. ഭൂ നിരപ്പില്‍ നിന്ന് രണ്ടു മൂന്നു മീറ്റര്‍ ഉയരത്തില്‍ ലാവ കല്ലുകളുടെ കെട്ട് മാത്രമേ ഇപ്പോള്‍ ഇവിടെ ബാക്കിയുള്ളു. വിശാലമായ രണ്ടു ശുദ്ധജല തടാകങ്ങളും ഈ വളപ്പില്‍ നിലനിന്നിരുന്നതിന്‍െറ സൂചനകളും കണ്ടത്തൊം. ഇരു തടാകങ്ങളെയും 42 മീറ്റര്‍ നീളവും 43 സെന്‍റിമീറ്റര്‍ വീതിയുമുള്ള ചെറുകനാല്‍ വഴി ബന്ധിപ്പിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ ലഭിച്ച ചരിത്ര രേഖകളില്‍ ഒന്നും സൂചിപ്പിച്ചിട്ടില്ലാത്ത ഒരു ജലാശയത്തിന്‍െറ അവശിഷ്ടം കൂടി അടുത്തിടെ ഉദ്ഖനനത്തില്‍ കണ്ടെടുത്തിട്ടുണ്ട്. ചെറിയൊരു കനാല്‍ വഴി ഈ തടാകത്തെ കൊട്ടാരവുമായി ബന്ധിപ്പിച്ചിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. കൊട്ടാരത്തിന്‍െറ സ്വകാര്യജലാശയമാകാം ഇതെന്നാണ് നിഗമനം.
സമീപത്തെ മ്യൂസിയത്തില്‍ മേഖലയില്‍ നിന്ന് കുഴിച്ചെടുത്ത ആയുധങ്ങള്‍, നാണയങ്ങള്‍, ഓട്ടുപാത്രങ്ങള്‍, ആഭരണങ്ങള്‍, പണിയായുധങ്ങള്‍, ഭക്ഷണ തളികകള്‍, ഗൃഹോപകരണങ്ങള്‍, മണ്‍കുടങ്ങള്‍ എന്നിവ സൂക്ഷിച്ചിട്ടുണ്ട്.  അഗാധമായ ചരിത്രജ്ഞാനവും ഫാഇദിനോടുള്ള പ്രേമവും ഉള്ളില്‍ സൂക്ഷിക്കുന്ന മ്യൂസിയം ഉദ്യോഗസ്ഥന്‍ തുര്‍ക്കി ശമ്മരിയാണ് സന്ദര്‍ശകരെ ഇവിടെ സ്വീകരിക്കുന്നത്. മ്യൂസിയത്തില്‍ നിന്ന് 200 മീറ്റര്‍ കിഴക്ക് വറ്റി വരണ്ട പുരാതനമായ കിണര്‍ വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.


ഹാഇലിന്‍െറ നാടുകാണി
വിമാനങ്ങളിലിരുന്ന് താഴെയുള്ള നഗരങ്ങളിലേക്ക് നോക്കുമ്പോഴുള്ള ചില കാഴ്ചകളില്ളേ ? തീപ്പെട്ടി കൂടുകള്‍ പോലുള്ള കെട്ടിടങ്ങളും, ഉറുമ്പുകള്‍ അരിച്ചു നീങ്ങുന്നതുപോലെ നിരത്തുകളില്‍ വാഹനങ്ങള്‍ നീങ്ങുന്നതും, രാത്രികളിലാണെങ്കില്‍ തൃക്കാര്‍ത്തിക ദീപം തെളിയിച്ച പോലെയുള്ള പ്രഭാപൂരവും, പിന്നെ കാണുന്നയാളുടെ ഹൃദയത്തിന്‍െറയും തലച്ചോറിന്‍െറയും വികാരങ്ങളില്‍ മാത്രം ഉണരുന്ന ചില അനിര്‍വചനീയ അനുഭൂതികളും. ഓരോരുത്തര്‍ക്കും ഇത്തരം ആകാശക്കാഴ്ചകള്‍ ഓരോ അനുഭവമാണ് സമ്മാനിക്കുക. ചിലര്‍ക്കത് ഒരു പക്ഷിയെ പോലെ ഭാരരഹിതനായി പറക്കുന്നതിന്‍െറ ഉല്ലാസമേകും. മറ്റുചിലര്‍ക്ക് ഭൂത,ഭാവി,വര്‍ത്തമാന ചിന്തകളില്ലാതെ ഒരു ആകാശനൗകയില്‍ സ്വയം മറന്നൊഴുകുന്ന തോന്നലുദിക്കും. അപകടകരവും ലോലവുമായ മനോഘടനയുള്ള ചിലര്‍ക്കാകട്ടെ സ്വന്തം ശരീരത്തെ അവരറിയാതെ ആ കാഴ്ചകളില്‍ വിലയം പ്രാപിപ്പിക്കാനുള്ള ആന്തരിക ചോദന ഉണരും. ഊട്ടിയിലെയും കൊടൈക്കനാലിലെയും മറ്റും ആത്മഹത്യാമുനമ്പുകള്‍ ഓര്‍മയില്ളേ.ഒടുവില്‍ പറഞ്ഞ ദോഷവചനമൊഴികെ മറ്റെല്ലാം കാഴ്ചക്കാരനെ അനുഭവിപ്പിക്കുന്നതാണ് ഹാഇലിലെ സമ്റ ശൈലത്തിന്‍െറ ശിഖരം. നഗര പാര്‍ശ്വത്തില്‍ സ്ഥിതി ചെയ്യുന്ന, എവിടെ നിന്നാലും കാണാനാകുന്ന മലയാണ് സമ്റ. താഴ്വരയിലെ ഉദ്യാനവും കളിയിടവും അമ്യൂസ്മെന്‍റ് പാര്‍ക്ക് പോലെ സമ്റയെ ഒരുക്കി നിര്‍ത്തിയിരിക്കുന്നു. വിശാലമായൊരു കൃത്രിമ തടാകവും ആകര്‍ഷകമായ ജലധാരയും ഇവിടെയുണ്ട്. കാഴ്ചകളുടെ തൃശൂര്‍ പൂരം പക്ഷേ, മുകളിലാണ്. ഒരു ഭീമന്‍ കരിനാഗത്തെ പോലെ ആ മലയെ ചുറ്റി വരിഞ്ഞ് മുകളിലേക്ക് കയറി പോകുന്ന ടാറിട്ട പാതവഴി നമുക്ക് സമ്റയുടെ ഉച്ചിയിലത്തൊം. അവിടെ നിന്നുള്ള കാഴ്ച ആരെയും വിസ്മയിപ്പിക്കും. 360 ഡിഗ്രിയില്‍ ഒരു ത്രിമാന ദൃശ്യം പോലെ ഹാഇല്‍ നഗരം നമുക്ക് മുന്നില്‍ ചുരുള്‍ നിവരും. വലുതും ചെറുതുമായ കെട്ടിടങ്ങളും പാതകളും ഹാഇലിന് അതിരിടുന്ന ശമ്മര്‍ പര്‍വത നിരകളുമൊക്കെ. അവിടെ നിന്ന് തങ്ങളുടെ വീടുകളെ കാഴ്ചയുടെ ചൂണ്ടയില്‍ കോര്‍ക്കുന്നത് നഗരവാസികളുടെ ഇഷ്ട വിനോദമാണ്. ഹാഇല്‍ വിമാനത്താവളത്തിലേക്ക് വന്നിറങ്ങുന്ന വിമാനങ്ങളും നഗരത്തിന്‍െറ തിലകക്കുറികളായ അല്‍ റാജ്ഹി, കിങ് ഫഹദ് മസ്ജിദുകളും ആരിഫ്, ഖിശ്ല കോട്ടകളും കാണാം. തെളിഞ്ഞ ദിവസങ്ങളില്‍ നഫൂദ് മരുഭൂമിയുടെ വിദൂരദൃശ്യവും ചിലപ്പോള്‍ കണ്ണിലത്തെും.
സൂര്യാസ്തമയം കാണാനായും സന്ദര്‍ശകള്‍ ഇവിടെ വരുന്നുണ്ട്. അസ്തമയം കഴിഞ്ഞ് നഗരത്തില്‍ വിളക്കുകള്‍ തെളിയുന്നതോടെ കാഴ്ചകളുടെ സെക്കന്‍ഡ് ഷോ തുടങ്ങുകയായി. നനുത്ത കാറ്റിന്‍െറ ആലിംഗനമേറ്റ് താഴ്വരയിലെ ദീപപ്രഭയില്‍ ദൃഷ്ടിയൂന്നി നില്‍ക്കുമ്പോള്‍ മണിക്കൂറുകള്‍ കടന്നുപോകുന്നതറിയില്ല.
(ഹാഇല്‍ യാത്ര അവസാനിച്ചു)


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story