കടലാഴങ്ങളിലെ അദൃശ്യ കൊലയാളികൾ
text_fieldsെഎസ്ലാൻഡിലെ മൂന്നാമത്തെ പ്രഭാതം പിറന്നിരിക്കുന്നു. ഒമ്പതു മണിയോടെ ഹോഫൺ ഗ്രാമത്തിലെ ഹോസ്റ്റലിൽനിന്ന് കാറുമായി ഇറങ്ങി. ചെറിയ ചാറ്റൽ മഴയും കാറ്റുമുണ്ട് കൂട്ടിന്. കാലാവസ്ഥ പരിശോധിച്ചപ്പോൾ റെഡ് അലർട്ടാണ്. നല്ല കാറ്റിനും മഴക്കും സാധ്യത. തലസ്ഥാന നഗരിയായ റേക്യാവിക്കിലേക്ക് മടങ്ങിപ്പോകാനാണ് പ്ലാൻ. ആറ് മണിക്കൂർ യാത്രയുണ്ട്. പോകുന്ന വഴിയിൽ ഏതാനും സ്ഥലങ്ങൾ കൂടി കാണണം. ഡയമണ്ട് ബീച്ച്, വിക് വില്ലേജിലെ റെയ്നിസ്ഫാറ ബീച്ച്, സോൽഹിമസൻടൂറിലെ വിമാന അപകട സ്ഥലം എന്നിവയാണ് കാണാൻ ബാക്കിയുള്ളത്.
ഗൂഗിൾ മാപ്പിൽ ഡയമണ്ട് ബീച്ചിലേക്കുള്ള ദിശയാണ് ആദ്യം നൽകിയത്. റോഡിൽ ചെറിയ തിരക്കുണ്ട്. ഹോഫൺ ഗ്രാമം നഗരമായി മാറുകയാണ്. ടൂറിസവും മീൻപിടിത്തവുമെല്ലാമാണ് ഇവരുടെ പ്രധാന വരുമാനം. െഎസ്ലാൻഡിൽ കൊടുങ്കാറ്റും ഭൂചലനവുമെല്ലാം ഇടക്ക് ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ സ്റ്റീൽ അടങ്ങിയ ഉറപ്പുള്ള വീടുകളാണ് എവിടെയും കാണാനാവുക.
റോഡിെൻറ ഒരു ഭാഗത്ത് കഴിഞ്ഞദിവസം സന്ദർശിച്ച ജോകുർസലൂൺ തടാകം കാണാം. അതിലെ മഞ്ഞുപാളികൾ ഒഴുകി എത്തുന്നത് എതിർവശത്തെ ഡയമണ്ട് ബീച്ചിലേക്കാണ്. മഴ തിമിർത്ത് പെയ്യുന്നുണ്ട്. കാറിൽനിന്ന് പുറത്തിറങ്ങാനാവുന്നില്ല. മഴത്തുള്ളികൾ പറ്റിപ്പിടിച്ച ഗ്ലാസിലൂടെ നോക്കുേമ്പാൾ ദൂരെ വജ്രം പോലെ തോന്നിക്കുന്ന െഎസ് കട്ടകൾ തീരത്ത് തിളങ്ങിനിൽക്കുന്നത് കാണാം. കറുത്ത മണലാണ് ഇവിടം. വളരെ കാലങ്ങൾക്കുമുമ്പ് നടന്ന അഗ്നിപർവത വിസ്ഫോടനത്തിെൻറ അവശിഷ്ടങ്ങളാണ് ഈ കറുത്തമണൽ. ഇതിന് പുറത്ത് ഐസ് കട്ടകൾ കിടക്കുന്നത് കാണാൻ കിടു ലുക്കാണ്.
മഴക്ക് ചെറിയ ശമനമുണ്ടായപ്പോൾ കാറിൽനിന്ന് പുറത്തേക്കിറങ്ങി. കഴിഞ്ഞദിവസം കണ്ടതുപോലെ ആയിരിക്കണക്കിന് വർഷം പഴക്കമുള്ള മഞ്ഞുപാളികൾ അലിഞ്ഞ് ജോകർസലൂൺ തടാകത്തിലൂടെ ഒഴുകി ഡയമണ്ട് ബീച്ചിലേക്ക് എത്തിച്ചേരുന്നു. ഈ ഹിമശിലകളെ തിരമാലകളിങ്ങനെ തഴുകി തഴുകി തീരത്തേക്ക് കൊണ്ടിടും. ഇവയെ തിരമാലകൾ വന്ന് വീണ്ടും തഴുകിപ്പോകും. ഇങ്ങനെ തേച്ചുമിനുക്കപ്പെടുന്ന ഐസ് കട്ടകൾ വജ്രം പോലെ വെട്ടിത്തിളങ്ങും. അതുകൊണ്ടാണ് ഡയമണ്ട് ബീച്ച് എന്ന പേരുവന്നത്. മഞ്ഞുകാലമായതിനാൽ ഒത്തിരി വലിയ ഹിമശിലകൾ കാണാൻ സാധിച്ചു. ഒരാളുടെ പൊക്കത്തിലുള്ള ശിലകൾ വരെയുണ്ട്. വേനൽക്കാലത്ത് ഇവ കാണാൻ കഴിയില്ല. സുതാര്യമായ ചെറിയ ഐസ് കട്ടകൾ എടുത്ത് ഞാൻ എറിഞ്ഞ് ആസ്വദിച്ചു.
െഎസ്ലാൻഡിലെ വിജനമായ പാതകളിലൂടെ വീണ്ടും യാത്ര തുടങ്ങി. രണ്ടുഭാഗത്തും മനോഹരമായ പ്രകൃതി. അങ്ങ് ദൂരെ വലിയ മലകളും ഹിമപാളികളുമെല്ലാം കാണാം. ആ കാഴ്ചകൾ ആസ്വദിച്ച് ഏകാന്തമായി ഡ്രൈവ് ചെയ്ത് പോകാൻ വല്ലാത്തൊരു സുഖംതന്നെ. സമയം 1.30 ആയി. വിശക്കാൻ തുടങ്ങിയിട്ടുണ്ട്. മനോഹരമായ സ്ഥലം കണ്ടപ്പോൾ വണ്ടിനിർത്തി. കുറച്ചകലെ മലമുകളിൽനിന്ന് നേരിയ പാളികളായിട്ട് വീഴുന്ന വെള്ളച്ചാട്ടം കാണാം. ആഞ്ഞുവീശുന്ന കാറ്റിൽ വെള്ളം താഴേക്ക് എത്തുന്നതിനുമുമ്പ് തന്നെ നീർത്തുള്ളികളായി മുകളിലേക്ക് പോകുന്നു. രാവിലെ ഹോസ്റ്റലിൽനിന്ന് പാക്ക് ചെയ്ത ഭക്ഷണം അതിെൻറ മുന്നിലിരുന്ന് കഴിച്ചു. പ്രകൃതിയുടെ നിറഭേദങ്ങളിൽ ലയിച്ച് ഭക്ഷണം കഴിക്കുേമ്പാൾ വയറ് മാത്രമല്ല, മനസ്സും നിറഞ്ഞിരുന്നു.
വാഹനം നിർത്തിയതിെൻറ എതിർവശത്ത് വിശാലമായ കൃഷിയിടമാണ്. തവിട്ട് നിറത്തിലുള്ള പുല്ലുകൾ നിറഞ്ഞസ്ഥലം. റോഡ് മുറിച്ചുകടന്ന് അവിടെപോയി. ഏതാനും കുതിരകൾ തീറ്റതേടി നടക്കുന്നുണ്ട്. ധാരാളം രോമങ്ങളുള്ള, കാണാൻ ഭംഗിയുള്ള കുതിരകൾ. വേനൽക്കാലത്ത് കുതിരയോട്ടമെല്ലാം നടക്കുന്ന സ്ഥലം കൂടിയാണിത്.
അടുത്തലക്ഷ്യം റെയ്നിസ്ഫാറ ബീച്ചാണ്. അവിടെ എത്തുേമ്പാൾ സമയം 3.30. ആകാശത്ത് ഇരുട്ട് പരക്കാൻ തുടങ്ങി. നല്ല കാറ്റും വീശുന്നു. വണ്ടി കാറ്റിൽ കുലുങ്ങുന്നുണ്ടായിരുന്നു. പെട്ടെന്നായിരിക്കും കാറ്റ് ശക്തമായി ആഞ്ഞടിക്കുക. ഒരാളെത്തന്നെ പിടിച്ചുതള്ളാനുള്ള ശേഷിയുണ്ടതിന്. റെയിനിസ്ഫാറ ബീച്ചിലും കറുത്തമണൽ തന്നെയാണ്. ശക്തമായ കാറ്റിൽ മണൽ കടൽത്തീരത്ത് പറക്കുന്നത് കാണാം. കാർ പാർക്കിങ്ങിൽ ഏരിയയിൽ നിർത്തി നടക്കാൻ തുടങ്ങി. കാറ്റ് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. മണൽ മുഖത്തേക്ക് അടിക്കുന്നതിനാൽ കണ്ണ് തുറക്കാനാവുന്നില്ല. ഒരു നിശ്ചിതസമയം വരെ ഈ കാറ്റ് അടിച്ചശേഷം അത് നിൽക്കും.
ബീച്ചിലേക്കുള്ള പ്രവേശന കവാടത്തിെൻറ അടുത്തേക്കുപോയി. അവിടെ അപായ മുന്നറിയിപ്പ് ബോർഡുണ്ട്. ഈ ബീച്ചിൽ മരിച്ചവരുടെ ചിത്രങ്ങൾ, ഇവിടെ എങ്ങനെയാണ് സുരക്ഷിതമായിട്ട് നിൽക്കേണ്ടത് തുടങ്ങിയ മുന്നറിയിപ്പുകളായിരുന്നു ആ ബോർഡ് നിറയെ. സ്നീക്കർ വേവ്സ് എന്ന പേരിലറിയപ്പെടുന്ന നിശ്ശബ്ദ കൊലയാളികളായ തിരമാലയാണ് ഇവിടത്തെ പ്രത്യേകത.
അപ്രതീക്ഷിതമായിട്ടായിരിക്കും ഇൗ കൂറ്റൻ തിരമാലകളടിക്കുക. ഇന്ന് റെഡ് അലർട്ടും കൊടുങ്കാറ്റുമുള്ളതിനാൽ വളരെ വലിയ തിരമാലകളാണ് അവിടെയുള്ളത്. കാറ്റും മഴയും ഇല്ലാത്ത സമയത്ത് സാധാരണ പോലുള്ള തിരമാലകളായിരിക്കും ഉണ്ടാവുക. പക്ഷെ, ഇതിനിടയിൽ പെട്ടെന്നായിരിക്കും സ്നീക്കർ വേവ്സ് രൂപംകൊള്ളുക. ഇവിടെ ഒരിക്കലും കടലിൽനിന്ന് പുറം തിരിഞ്ഞുനിൽക്കരുതെന്ന് നോട്ടീസ് ബോർഡിൽ പറഞ്ഞിട്ടിണ്ട്. എപ്പോഴും കടലിനെ നോക്കിനിൽക്കണം. അല്ലെങ്കിൽ പതുങ്ങിവരുന്ന തിരകൾ കൊണ്ടുപോകും. അതിൽ പെട്ടുകഴിഞ്ഞാൽ നീന്തൽ അറിഞ്ഞാൽപോലും പ്രയോജനമില്ല. ബീച്ചിെൻറ ഒരു ഭാഗത്തായിട്ട് 400 മീറ്ററോളം പൊക്കത്തിൽ തൂണുപോലെ ഉയർന്നുനിൽക്കുന്ന കൂറ്റൻ പാറകളുണ്ട്.
ഇതെല്ലാം കാണുേമ്പാൾ നിഗൂഡമായൊരു സ്ഥലത്തെത്തിയ അനുഭൂതിയാണ്. ചെറിയ കാറ്റും കാർമേഘവും, വെള്ള നിറത്തിൽ പതഞ്ഞുവരുന്ന തിരമാലകൾ, ഇതെല്ലാം ആസ്വദിച്ചുനിന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ശക്തമായ കാറ്റിൽ മണൽ മുഖത്തേക്ക്അടിക്കാൻ തുടങ്ങി. ഭയങ്കര വേദനയുണ്ട്. അതിനോടൊപ്പം തന്നെ മഴത്തുള്ളികളും ശക്തമായി വന്നിടിക്കുന്നു. ഇതോടെ അവിടെനിന്ന് മടങ്ങി.
നടന്നുതീരാത്തെ വഴികൾ
ഒരു വിമാന അപകടം കാരണം വിനോദസഞ്ചാര കേന്ദ്രമായ സ്ഥലത്തേക്കാണ് അടുത്ത യാത്ര. സോൽഹിമസൻഡൂർ എന്നാണ് സ്ഥലപ്പേര്. ചില സിനിമകളിലൂടെ ഏറെ പരിചിതമായിരുന്നു എനിക്ക് ഇൗ സ്ഥലം. വാഹനം നിർത്തിയശേഷം അഞ്ച് കിലോമീറ്ററിനടുത്ത് നടന്നുവേണം വിമാനത്തിെൻറ അടുത്ത് എത്താൻ. അങ്ങോട്ടേക്ക് ഷട്ടിൽ ബസുമുണ്ട്. സമയം 4.30 ആകുേമ്പാഴേക്കും നല്ല ഇരുട്ടായി. നടന്ന് അങ്ങോട്ടേക്ക് എത്താൻ ഒരുപാട് സമയം വേണം. അതുകൊണ്ട് ബസിൽ കയറി. ഏകദേശം 1500 രൂപയാണ് നിരക്ക്. ബസിൽ ഞാൻ മാത്രമേയുള്ളൂ.
കറുത്ത മണൽ നിറഞ്ഞ മൈതാനത്തുകൂടെ 15 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനമെത്തി. മാനത്തിന് താഴെ കാർമേഘങ്ങൾ ഇരുണ്ടുകൂടി കിടക്കുന്നു. കൂടെ ശക്തമായ കാറ്റും. മഴത്തുള്ളികൾ ഈ കാറ്റിെൻറ ശക്തിയിൽ മുഖത്തേക്ക് വന്നിടിക്കുന്നുണ്ട്. അവിടെ ഏതാനും സഞ്ചാരികൾ മാത്രമാണുള്ളത്. അവർ വിമാനം കണ്ടശേഷം ഞാൻ വന്ന ബസിൽ തിരിച്ചുപോയി. എന്നെക്കൊണ്ടുപോകാൻ അടുത്തബസ് വരുമെന്ന പ്രതീക്ഷയിൽ ഞാൻ വിമാനത്തിന് അടുത്തേക്ക് നീങ്ങി.
വിമാനത്തിെൻറ അവശിഷ്ടങ്ങൾ കാറ്റിൽ ഇളകി ഭയങ്കര ശബ്ദം ഉണ്ടാക്കുന്നു. അകത്തേക്ക് ഒന്ന് കയറിനോക്കി. അതിെൻറയുള്ളിൽ ഒന്നും കാണാൻ കഴിഞ്ഞില്ല. പല അവശിഷ്ടങ്ങളും കാറ്റിൽ കിടന്നാടുന്ന ശബ്ദം മാത്രമേയുള്ളൂ. ഇതൊരു അമേരിക്കൻ ആർമിയുടെ വിമാനം ആയിരുന്നു. 1973ൽ ഹോഫണിൽനിന്ന് റേക്യവിക്കിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെ കാലാവസ്ഥ മോശമായതോടെ ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു. വിമാനം തകർന്നെങ്കിലും അതിലുള്ളവർ രക്ഷപ്പെട്ടു. തകർന്ന വിമാനം ഇവിടെ നിലർത്തിയതോടെ വിനോദസഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു.
വിമാനം കണ്ടിറങ്ങിയപ്പോഴേക്കും പുറത്ത് ആരെയും കാണാനില്ല. തിരിച്ചുപോകാനുള്ള ബസും വന്നിട്ടില്ല. നല്ല മഴയുമുണ്ട്. തികച്ചും ഒറ്റപ്പെട്ടുപോയ അവസ്ഥ. ഒടുവിൽ നടക്കാൻ തീരുമാനിച്ചു. വഴി വ്യക്തമായി കാണുന്നില്ല. കുെറദൂരം നടന്നുനീങ്ങയപ്പോൾ മലകൾ കാണാൻ തുടങ്ങി. അതിെൻറ താഴ്വരയിൽ നദി ഒഴുകുന്നുണ്ട്. ഇങ്ങോട്ടുവന്നപ്പോൾ ഇതുകണ്ടിട്ടില്ല. വഴിതെറ്റിയെന്ന് മനസ്സിലായി. ഞാൻ തിരിച്ചുനടന്നു. ഇരുട്ട് കാരണം എങ്ങോട്ടാണ് പോകുന്നത് മനസ്സിലാകുന്നില്ല. വീശിയിടിക്കുന്ന കാറ്റ് എന്നെ പിറകിലോട്ട് തള്ളുന്നു. വളരെ കഷ്ടപ്പെട്ട് മുന്നോട്ടുനീങ്ങി.
ആകെ മൊത്തം ലോക്കായ അവസ്ഥ. എങ്ങനെ തിരിച്ചെത്തുമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. തികച്ചും ഒറ്റപ്പെട്ടുപോയപോലെ. വിഷമിച്ച് ഇരിക്കുേമ്പാഴാണ് അങ്ങ് ദൂരെ വെളിച്ചം കാണുന്നത്. ഒരു വണ്ടിയുടെ ഹെഡ്ലൈറ്റാണെന്ന് മനസ്സിലായി. അവിടെ റോഡ് ഉണ്ടാകുമെന്ന് വിചാരിച്ച് നടക്കാൻ തുടങ്ങി. നടന്നുനീങ്ങുേമ്പാൾ വിമാനം വിദൂരതയിലേക്ക് മറയുന്നുണ്ടായിരുന്നു. ഇറങ്ങിയും കയറിയുമെല്ലാമാണ് വഴി നീളുന്നത്. ഇതിനിടെ ആ വെളിച്ചം എെൻറ അടുത്തേക്ക് വരുന്നുണ്ട്. ഷട്ടിൽ സർവിസ് നടത്തുന്ന ബസായിരുന്നവത്. ആ വഴിയുടെ പകുതിയോളം ഞാൻ നടന്നെത്തിയിരുന്നു. എന്നെക്കണ്ടതോടെ ബസ് നിർത്തി. അതിെൻറ അകത്ത് കയറിയപ്പോഴാണ് പ്രാണജീവൻ തിരികെ ലഭിച്ചത്. അവിടെനിന്ന് 160 കിലോമീറ്റർ അകലെയുള്ള റേക്യാവിക്കിൽ എത്തുേമ്പാൾ രാത്രിയായിട്ടുണ്ട്.
നീലവെള്ളത്തിലെ നീരാട്ട്
ഐസ്ലാൻഡിലെ കാഴ്ചകൾ കാണാനുള്ള അവസാനത്തെ ദിവസമെത്തി. പ്രധാനമായി രണ്ട് കാര്യങ്ങളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ബ്ലൂ ലഗൂൺ എന്ന ജിയോതെർമൽ സ്പായിൽ പോവുക. പിന്നെ സിൽഫ്ര ഫിഷറിലെ ഡൈവിങ്. രാവിലെ ഒമ്പതിന് തന്നെ ഹോസ്റ്റലിൽനിന്നിറങ്ങി. 20 മിനിറ്റ് ദൂരമാണ് ഗൂഗിൾ മാപ്പിൽ ബ്ലൂലഗൂണിലേക്ക് കാണിച്ചത്. മാപ്പിലെ ലൊക്കേഷനിൽ എത്തിയപ്പോഴാണ് മനസ്സിലായത് സ്ഥലം മാറിപ്പോയെന്നത്. അവിടെയുള്ളത് സാധാരണ സ്പായാണ്. എയർപോർട്ടിന് സമീപമാണ് ശരിക്കുമുള്ള സ്പായെന്ന് ആളുകൾ പറഞ്ഞുതന്നു. അത് ഗ്രിൻഡാവിക് എന്ന് പറയുന്ന ലാവ ഫീൽഡിന് നടുവിലായിട്ടാണ്. അവർ എെൻറ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സെറ്റ് ചെയ്തുതന്നു. അതുവെച്ച് യാത്രതിരിച്ചു. പോകുന്ന വഴിയിൽ അഗ്നിപർവത വിസ്ഫോടനങ്ങളുടെ അവശിഷ്ടങ്ങളായ കറുത്ത കല്ലുകളും പാറകളുമെല്ലാം കാണാം. 45 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനമെത്തി. പ്രകൃതിദത്തമായ ചൂടുവെള്ളം നിറഞ്ഞ കുളത്തിൽ കുളിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
ഒരു വലിയ കെട്ടിടമാണ് ആദ്യം കാണുക. നേരത്തെ തന്നെ ബുക്ക് ചെയ്താണ് ഇവിടെയെത്തിയത്. ഒരു മണിക്കൂറിന് ഏകദേശം 4000 രൂപയാണ് ചാർജ്. ബുക്കിങ് വിവരം കാണിച്ചതോടെ ആവശ്യമായ സാധനങ്ങൾ നൽകി. വെള്ളം കുടിക്കാനുള്ള ടാഗ്, ടൗവൽ, ഷവർ ജെൽ എന്നിവ ലഭിച്ചു. വസ്ത്രം മാറി നീല നിറത്തിലുള്ള വെള്ളം നിറഞ്ഞ പൂളിലേക്ക് കാൽവെച്ചിറങ്ങി. വെള്ളത്തിെൻറ താപനില ഏകദേശം 39 ഡിഗ്രി ആണ്. അന്തരീക്ഷത്തിലാണെങ്കിൽ നല്ലതണുപ്പും. മരംകോച്ചുന്ന തണുപ്പിനിടെ ഇളംചൂടുവെള്ളത്തിൽ കുളിക്കാൻ പ്രത്യേക രസമായിരുന്നു.
ബ്ലൂ ലഗൂണിലെ വെള്ളത്തിന് നീല നിറത്തിന് കാരണം ഇവിടത്തെ സിലിക്ക ജെൽ ആണ്. കൗണ്ടറിൽനിന്ന് ജെൽ സൗജന്യമായി ലഭിക്കും. അത് ശരീരത്തിൽ പുരട്ടിയാൽ തൊലിയെല്ലാം ശുചീകരിക്കുമെന്നാണ് പറയുന്നത്. കൂടാതെ പൂളിലെ വെള്ളം തന്നെ പലതരം പ്രശ്നങ്ങൾക്കും പരിഹാരമാണ്. സിലിക്ക ജെല്ലും പുരട്ടി ഏറെനേരം ആ പൂളിൽ നീന്തിത്തുടിച്ചു. ഇതിെൻറ അടുത്തുതന്നെയാണ് ജിയോതെർമൽ പവർസ്റ്റേഷനുള്ളത്. അവിടെനിന്ന് പ്രകൃതിദത്തമായി ലഭിക്കുന്ന ഹോട്ട്സ്പ്രിങ് വെള്ളമാണ് ബ്ലൂലഗൂണിലേക്ക് പമ്പ് ചെയ്യുന്നത്.
പൂളിൽനിന്ന് കയറി കാറെടുത്ത് വീണ്ടും യാത്ര തുടങ്ങി. ഒന്നരമണിക്കൂർ ഡ്രൈവുണ്ട് അടുത്ത സ്ഥലമായ സിൽഫ്ര ഫിഷറിലേക്ക്. തിങ്വെല്ലിർ ദേശീയ ഉദ്യാനത്തിലാണ് ഈ പ്രദേശം. ഐസ്ലാൻഡിലെ ഗോൾഡൻ സർക്കിളിെൻറ ഭാഗമാണ് തിങ്വെല്ലിർ. മൂന്നു സ്ഥലങ്ങൾ തമ്മിൽ ചേരുന്ന ഭാഗമാണ് ഗോൾഡൻ സർക്കിൾ. കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ച ഗീസിർ, ഗുൾേഫാസ് എന്നിവയാണ് മറ്റു രണ്ടുസ്ഥലങ്ങൾ.
ഭൂമിക്കടിയിലെ ശുദ്ധമായ വെള്ളത്തിലൂടെയുള്ള സ്കൂബ ഡൈവിങ്ങാണ് സിൽഫ്ര ഫിഷറിലെ പ്രത്യേകത. വടക്കെ അമേരിക്ക, യൂറോപ്പ് വൻകരകൾക്കിടയിൽ ടെക്ടോണിക് േപ്ലറ്റുകൾക്കിടയിലെ (ഫലകചലനസിദ്ധാന്തം) വിടവാണ് സിൽഫ്ര ഫിഷർ. 1789ലെ ഭൂചലനമാണ് ഇൗ വിടവുണ്ടാകാൻ കാരണം. ഈ േപ്ലറ്റ് ഓരോ വർഷവും രണ്ട് സെൻറീമീറ്റർ വീതം അകലുന്നു. വർഷം മുഴുവൻ ഇൗ വെള്ളത്തിെൻറ താപനില മൂന്നു മുതൽ നാല് ഡിഗ്രി ആയിരിക്കും. ഇവിേടക്ക് എപ്പോഴും ചൂട് വെള്ളം ഒഴുകിക്കൊണ്ടേിയിരിക്കും. ഇതുകാരണം വെള്ളം എപ്പോഴും തെളിഞ്ഞിട്ടാണ്. 100 മീറ്റർ താഴേക്ക് വരെ ഇതിെൻറ ദർശനീയതയുണ്ട്. ലോകത്തിലെ ഏറ്റവും ദൃശ്യമായ വെള്ളമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒരു ഏജൻസി വഴിയാണ് ഇവിടത്തെ ഡൈവിങ് ബുക്ക് ചെയ്തത്. അവർ നൽകിയ സ്യൂട്ട്സ് ധരിച്ചു. ഇൻസ്ട്രക്ടർമാർ നിർദേശങ്ങൾ പറഞ്ഞുതന്നു. ഓക്സിജൻ സിലിണ്ടർ വഴി വായയിലൂടെയാണ് ശ്വസിക്കേണ്ടത്. മാപ്പിൽ നമ്മൾ നീന്തൽ തുടങ്ങുന്ന ഭാഗവും അവസാനിക്കുന്ന ഭാഗവും കാണിച്ചുതന്നു. അവരെ എങ്ങനെയാണ് പിന്തുടരേണ്ടത്, എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ എന്താണ് കാണിക്കേണ്ടത് എന്നെതല്ലാം പറഞ്ഞുതന്നു. വെള്ളത്തിെൻറ തണുപ്പ് കാരണം നമ്മുടെ വിരലുകൾ എത്രതന്നെ മരവിച്ചാലും അതിനെ ഒരിക്കലും ഞെക്കിപ്പിഴിയരുത് എന്ന് മുന്നറിയിപ്പ് നൽകി. അങ്ങനെ ചെയ്താൽ സ്യൂട്ടിനകത്തേക്ക് വെള്ളം കയറി തണുപ്പ് കൂടാൻ സാധ്യതയുണ്ട്.
അവരുടെ കൂടെ ഞാൻ വെള്ളത്തിലേക്ക് ഊളിയിട്ടു. 50 മീറ്റേറാളം ആഴമുണ്ട്. സുവ്യക്തമായ തെളിഞ്ഞ വെള്ളം. നല്ല തണുപ്പായതിനാൽ മീനുകളോ മറ്റു ജീവികളോ ഇവിടെയില്ല. ടെക്ടോണിക്സ് േപ്ലറ്റിെൻറ ഭാഗമായ പാറകൾ കാണാൻ സാധിക്കുന്നുണ്ട്. അതെല്ലാം ആസ്വദിച്ച് മെല്ലെ നീന്തുകയാണ്. മുന്നിൽ ഗൈഡുമുണ്ട്. അദ്ദേഹത്തെ പിന്തുടർന്നാണ് പോകുന്നത്. മറ്റേതോ ലോകത്ത് എത്തിയ പ്രതീതി. എല്ലാം മറന്ന് ആ നിമിഷങ്ങൾ മാത്രം ആസ്വദിക്കുന്നു. നമ്മുടെയൊക്കെ ജീവിതത്തിൽ കിട്ടുന്ന ഇത്തരം നിമിഷങ്ങൾ മനസ്സിന് നൽകുന്ന ഊർജം കുറച്ചൊന്നുമല്ല.
45 മിനിറ്റോളം ആ ഡൈവ് നീണ്ടുനിന്നു. പതുക്കെ നീന്തി കരയിലേക്കെത്തി. പുറത്തിറങ്ങുേമ്പാൾ മൂന്നുമണി. ഭക്ഷണം കഴിച്ചശേഷം തിങ്വെല്ലിർ ദേശീയ ഉദ്യാനത്തിന് മുകളിലേക്ക് നടന്നുകയറി. അവിടെ വലിയൊരു ബാൽക്കണിയുണ്ട്. താഴെ അതിരില്ലാത്ത മൈതാനം കിടക്കുന്നതുകാണാം. അങ്ങ് ദൂരെ മലകൾ. അതിന് വിടവിലൂടെ ഒഴുകുന്ന വെള്ളം കടലിലേക്ക് പതിക്കുന്നു. എത്ര മനോഹരമായ ദൃശ്യം.
അടുത്തദിവസം രാവിലെയാണ് അയർലൻഡിലേക്കുള്ള വിമാനം. എയർപോർട്ടിെൻറ അടുത്താണ് രാത്രി റൂം ബുക്ക് ചെയ്തിരുന്നത്. അങ്ങോട്ടുള്ള യാത്രയിൽ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. വണ്ടി നിർത്തി. മഞ്ഞ് വീഴുന്നത് ഒരിക്കൽ കൂടി ആസ്വദിച്ചു. വിജനമായ ആ പാതയിലൂടെ മഞ്ഞിൽ ഓടിനടക്കുേമ്പാൾ ലോകം കീഴടക്കിയ സന്തോഷമയിരുന്നു മനസ്സിൽ. എയർപോർട്ടിന് അടുത്തുള്ള റെൻറ് എ കാർ ഓഫിസിലെത്തി വണ്ടി തിരിച്ചേൽപ്പിച്ചു.
ഐസ്ലാൻഡിലെ അവസാനത്തെ രാത്രിയാണ്. ഹോസ്റ്റലിൽ റൂമിലിരുന്ന് ഒരിക്കൽ കൂടി ഞാൻ ജനവാതിൽ വഴി പുറത്തേക്ക് നോക്കി. ആകാശത്ത് മേഘങ്ങൾ കൂടുകൂട്ടിയിട്ടുണ്ട്. ധ്രുവദീപ്തി ഇന്നും കാണാൻ സാധ്യമല്ല. അതിെൻറ സങ്കടവും പേറിയാണ് ഉറങ്ങാൻ കിടന്നത്. ഇതോടൊപ്പം ഈ നാടിനോട് വേർപിരിയുന്നതിെൻറ വിഷമവുമുണ്ട്. പക്ഷെ, ഇത്രയും ദിവസം ലഭിച്ച കാഴ്ചകളും അനുഭവങ്ങളുമെല്ലാം ഈ സങ്കടത്തെ മറികടക്കുന്നതായിരുന്നു. ജീവിതത്തിൽ എന്തൊക്കെയോ നേടിയതായി മനസ്സ് പറയുന്നു. രാവിലെ വിമാനം പറന്നുയരുേമ്പാൾ കിളിവാതിലിലൂടെ ഞാൻ താഴോട്ട് കണ്ണോടിച്ചു. മഞ്ഞുപുതച്ച മലകളും ഹിമശിലകൾ നിറഞ്ഞ കടത്തീരവുമെല്ലാം എന്നിൽനിന്ന് അകലുന്നത് വിതുമ്പുന്ന മനസ്സോടെ ഞാൻ കണ്ടിരുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.