സിംഗപ്പൂരിലെ പറമ്പുകൾ
text_fieldsനാല്
സിംഗപ്പൂരിലെ ആദ്യരാത്രിയുടെ തുടക്കം. സന്ധ്യയുടെ നഗരമുഖമാണ് മുന്നിൽ. പുറത്തേക്ക് നോക്കിയിരിക്കെ പകലിെൻറ അതേ ഭാവംതന്നെയാണ് നഗരത്തിൽ ദൃശ്യമായത്. വിളക്കുകൾ തെളിഞ്ഞിരിക്കുന്നുവെന്നതാണ് ഒരു മാറ്റം. ഉച്ചനേരത്ത് ആദ്യമായി കണ്ട തിരക്കേറിയ നഗരവീഥികൾതന്നെയാണ് താഴെ. എന്നാൽ ഒച്ചയും ബഹളവുമില്ല. നിരയൊപ്പിച്ച് പോവുന്ന വാഹനങ്ങൾ. ഒരേ താളത്തിൽ ആളുകൾ. ഒരിടത്തുപോലും ഗതി അൽപമൊന്നു മാറുന്നില്ല. ഈ കാഴ്ചകൾ അങ്ങനെ കണ്ടുനിൽക്കെ ചിലപ്പോൾ മടുപ്പ് തോന്നിയേക്കും. തെല്ലിട കഴിഞ്ഞ് കാഴ്ചയിൽനിന്ന് കണ്ണെടുത്ത് മുറിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ മകൻ പറഞ്ഞു: ‘‘നൈറ്റ് സഫാരിക്ക് പോകാൻ എല്ലാവരും തയാറെടുത്തുനിൽക്കുകയാണ്.’’
സിംഗപ്പൂരിൽ രാത്രികാലത്ത് മൃഗശാല ഉൾപ്പെടുന്ന പാർക്കിലൂടെയുള്ള യാത്ര നിശ്ചയിച്ചിരുന്ന കാര്യം ഞാൻ മറന്നിരുന്നു. പാർക്കിലെ മൃഗങ്ങളുടെ രാത്രികാല ജീവിതം അടുത്തുനിന്ന് കാണാൻ കഴിയുക എന്നതാണ് ഈ യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. തീർച്ചയായും അതൊരനുഭവമായിരിക്കുമെന്നും എനിക്കു തോന്നി. സിംഗപ്പൂർ നഗരത്തിനുള്ളിലെ ഒരു നിബിഡ വനത്തിലാണ് മൃഗങ്ങളുടെ സങ്കേതം. രാത്രിയിൽ മൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തിന് വളരെയേറെ പ്രത്യേകതകളുണ്ടായിരിക്കും. എല്ലാ മൃഗങ്ങളും ഏറക്കുറെ ശാന്തരായിരിക്കും. ആ ശാന്തമായ അവസ്ഥയെ കാണാൻ കഴിയുന്നത് ഇതുപോലുള്ള യാത്രകൾകൊണ്ടേ സാധിക്കുകയുള്ളൂ. തിരക്കുപിടിച്ച് വാഹനങ്ങൾ പല വരികളായി പോകുന്ന വലിയൊരു പാതക്ക് ഏതാണ്ട് അരികിലാണ് സഫാരി പാർക്ക്. എന്നാൽ അതുകൊണ്ട് ഒരു ശല്യവുമില്ല. അങ്ങോട്ടേക്ക് പോകുന്നതിനിടയിൽ ഞാൻ റോഡുകളുടെ പേര് ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇതിലേതെങ്കിലും പാസിർ പഞ്ചാംഗ് എന്ന പേരുണ്ടോ? അതൊരു പ്രധാന പാതയാണെന്നാണ് മകൻ പറഞ്ഞത്. ഇപ്പോഴത് വെസ്റ്റ്കോസ്റ്റ് ഹൈവേയുടെ ഭാഗമാണ്. യാത്രക്കിടയിൽ എെൻറ കണ്ണുകളിൽ എവിടെയും പാസിർ പഞ്ചാംഗ് എന്ന അക്ഷരങ്ങൾ ഉടക്കിയില്ല. പെട്ടെന്നാണ് ഞങ്ങളുടെ സംഘത്തിൽനിന്നാരോ തെല്ലുച്ചത്തിൽ ചോദിക്കുന്നത് കേട്ടത്: ‘‘സിംഗപ്പൂരിൽ പറമ്പുകളുണ്ടാക്വോ?’’
പ്രായമുള്ള ഒരു യാത്രക്കാരിയുടേതാണ് ചോദ്യം. ഉച്ചാരണത്തിൽ വടക്കൻ ശൈലി മുഴച്ചുനിൽപുണ്ടായിരുന്നു. ആ ചോദ്യം കേട്ടപ്പോൾ എനിക്ക് കൗതുകം തോന്നി. സിംഗപ്പൂർ നഗരത്തിൽ പറമ്പന്വേഷിക്കുന്ന ഒരു യാത്രക്കാരി. ചോദ്യത്തിന് ആരും ഉത്തരം പറയുന്നത് കേട്ടില്ല. പിന്നീട് ആ ചോദ്യമുയർന്നില്ല. എങ്കിലും എെൻറ മനസ്സിൽ അത് മുഴങ്ങിക്കൊണ്ടിരുന്നു. സിംഗപ്പൂർ നഗരത്തിൽ കേരളത്തിലെപ്പോലെ പറമ്പുകൾ ഉണ്ടോ? കേരളത്തിൽ ഒരു പറമ്പുണ്ടാക്കാൻ വേണ്ടിയാണ് വർഷങ്ങൾക്ക് മുമ്പ് ഇവിടെവന്ന് ഒരാൾ കഠിനമായി പണിയെടുത്തിരുന്നത്. അങ്ങനെ പണിയെടുത്തതിെൻറ ഫലമായിട്ടാണ് മറ്റു പറമ്പുകളുമായി കൂടുതൽ അടുക്കാൻ എനിക്ക് കഴിഞ്ഞത്. എവിടെനിന്നോ അച്ഛന് പണം കിട്ടുമ്പോഴൊക്കെ നീളൻ കണക്ക് പുസ്തകം എടുക്കാൻ അച്ഛൻ ആവശ്യപ്പെടും. അപ്പോഴും ഞാൻ അത്ഭുതപ്പെടും, ഈ പണം അച്ഛന് എങ്ങനെയാണ് കിട്ടുന്നത്? ആരാണ് എത്തിക്കുന്നത്? എന്നാൽ പിന്നീട് ഒരു ദിവസം അച്ഛൻ ആവശ്യപ്പെട്ടത് ചെലവ് ക യുടെ കോളത്തിൽ 7650 എന്നെഴുതാനാണ്. എന്താണെന്നറിയാൻ ഞാൻ അച്ഛെൻറ മുഖത്തേക്ക് നോക്കി. അച്ഛൻ പറഞ്ഞു: ചന്തപ്പന് പറമ്പ് വാങ്ങിയ വകയിൽ എന്നുകൂടി എഴുതിക്കോ. ചന്തപ്പേട്ടന് പറമ്പ് വാങ്ങിയോ? എനിക്കും അതിൽ സന്തോഷം തോന്നിയിരുന്നു. ചന്തപ്പേട്ടെൻറ കത്ത് അത്രമാത്രം ദയനീയമായിരുന്നല്ലോ. ഭാര്യയെയും കുഞ്ഞിനെയും താമസിപ്പിക്കാൻ ഒരു വീട്. അതുണ്ടാക്കാൻ ഒരു പറമ്പ്. ചന്തപ്പേട്ടന് സ്വന്തമായി ഒരു പറമ്പായിരിക്കുന്നു.
പിറ്റേ ആഴ്ച അച്ഛൻ പറഞ്ഞു: ‘‘വരുന്ന ശനിയാഴ്ച ചന്തപ്പന് വാങ്ങിയ പറമ്പിൽ നീ പോകണം. തേങ്ങ പറിക്കുന്നുണ്ട്. ആ പെണ്ണിനെക്കൊണ്ട് ഒറ്റക്കൊന്നുമാവൂല്ല.’’ ആ പെണ്ണ് എന്ന് ഉദ്ദേശിച്ചത് ചന്തപ്പേട്ടെൻറ ഭാര്യയെയാണ്. ചന്തപ്പേട്ടന് വാങ്ങിയ പറമ്പിലേക്ക് വീട്ടിൽനിന്ന് മൂന്നു നാഴിക നടക്കണം. എനിക്ക് തീരെ പരിചയമുള്ള ഒരു സ്ഥലമല്ല അത്. വീട്ടിനടുത്തുള്ള ചില സ്ഥലവും പിന്നെ ഹൈസ്കൂളിലേക്കുള്ള സ്ഥിരം വഴിയുമല്ലാതെ മറ്റൊരിടവും എനിക്കറിയില്ലായിരുന്നു. അമ്മയുടെ ഏട്ടത്തിമാരുടെ വീടുകളിലേക്കും ഇടക്ക് പോകാറുണ്ട്. ചന്തപ്പേട്ടന് വാങ്ങിയ സ്ഥലത്തേക്ക് ഇതുവരെ പോയിട്ടില്ല. എനിക്ക് ചെറിയൊരു പരിഭ്രമമുണ്ടായിരുന്നു. എന്നാലും ഉള്ളാലെ ഞാൻ സന്തോഷിക്കുകയും ചെയ്തു. ആദ്യമായി അച്ഛൻ എനിക്കൊരു ഉത്തരവാദിത്തം തന്നിരിക്കുന്നു. ഒരുതരത്തിൽ എന്നെ അംഗീകരിച്ചിരിക്കുകയാണല്ലോ. പോകേണ്ട വഴി അച്ഛൻ പറഞ്ഞുതന്നു.
അച്ഛൻ ആ ഭാഗങ്ങളിൽ മിക്ക ദിവസവും പോകാറുണ്ട്. തേങ്ങ പാട്ടത്തിന് എടുക്കുന്ന കച്ചവടം അച്ഛനുണ്ടായിരുന്നു. ‘ഉണ്ടറുതി’ എന്നാണ് അതിനെ പറഞ്ഞിരുന്നത്. പറമ്പിൽ തെങ്ങുള്ള ആളുകൾ പണത്തിന് അത്യാവശ്യം വന്നാൽ ഒന്നോ രണ്ടോ കൊല്ലത്തേക്ക് തെങ്ങ് പണയംവെച്ച് കാശ് വാങ്ങിക്കും. അത്രയും കാലം തേങ്ങ പറിക്കാനുള്ള അവകാശം തെങ്ങ് പണയം എടുത്ത ആൾക്കായിരിക്കും. കാലാവധി കഴിഞ്ഞാൽ തെങ്ങുകൾ മടക്കിക്കൊടുക്കണം. തെങ്ങ് പണയത്തിനെടുക്കണമെന്ന് ആവശ്യപ്പെട്ട് ധാരാളമാളുകൾ അച്ഛനെ കാണാൻ വരാറുണ്ടായിരുന്നു. അച്ഛനാണ് രണ്ടു മാസം കൂടുമ്പോൾ ‘ഉണ്ടറുതി’ എടുത്ത സ്ഥലത്ത് പോയി തേങ്ങ പറിപ്പിക്കാറുണ്ടായിരുന്നത്. ഈ സ്ഥലവുമായി അച്ഛന് അത്രമാത്രം ബന്ധമുണ്ട്. ചന്തപ്പേട്ടൻ പറമ്പ് വാങ്ങിയ സ്ഥലം തനി നാട്ടിൻപുറമാണ്. മണൽ വിരിച്ച ഒരു നാട്ടുപാത ആ വഴി കടന്നുപോകുന്നുണ്ട്. ചിലപ്പോൾ സ്കൂളിലേക്ക് പോകുമ്പോൾ കുറച്ചു ദൂരം അതിലൂടെ ഞങ്ങൾക്ക് പോകണം. ആ വഴി നടക്കാൻ നല്ല സുഖമാണ്. നല്ല ഉറച്ച മണലുള്ള ഒരു നാട്ടുവഴി. വയലും, അപ്പുറത്തും ഇപ്പുറത്തും ഉയർന്ന കൊള്ളുകളോടെയുള്ള പറമ്പുകൾ. നല്ല തെങ്ങുകൾ വളരുന്ന ഇടതൂർന്ന പച്ചപ്പ്. തേങ്ങ പറപ്പിക്കാൻ നന്നേ കാലത്തുതന്നെ പോകണം. അപ്പോൾ ഇരുളിെൻറ ശകലങ്ങൾ പലേടത്തും അവശേഷിപ്പിച്ചിട്ടുണ്ടാകും. കാലത്തെ തണുത്ത കാറ്റേറ്റ് ആ നടപ്പാതയിലൂടെ നടക്കുന്നതിലും പ്രത്യേക സുഖം തോന്നി. ആളുകൾ സംസാരിക്കുന്ന ഒറ്റപ്പെട്ട പതിഞ്ഞ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടാവില്ല. പറമ്പുകളിൽ നിറയെ പക്ഷിക്കൂടുകളുണ്ടെന്ന് തോന്നും. എല്ലായിടത്തും അവയുടെ കലപില ശബ്ദം.
പകലിെൻറ ഏറ്റവും ശുദ്ധവും ശാലീനവുമായ ഒരവസ്ഥയെ ഇതുപോലെ ഞാൻ മുമ്പ് അറിഞ്ഞിരുന്നില്ല. പുലർച്ചയുടെ ഓരോ വിന്യാസവും എത്രമാത്രം ചേതോഹരമാണെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു. ഒരുപക്ഷേ, മുമ്പനുഭവിക്കാത്ത ഒരാനന്ദം ഞാൻ സിരകളിൽ ആവാഹിച്ചു. ചന്തപ്പേട്ടന് വാങ്ങിയ സ്ഥലത്ത് നിറയെ തെങ്ങുകളും വാഴകളുമുണ്ടായിരുന്നു. പറമ്പിെൻറ നടുവിൽ ഒരു പഴയ വീട്. ആ വീട്ടിലാണ് ചന്തപ്പേട്ടെൻറ ഭാര്യയും ചെറിയ മകനും താമസിക്കുന്നത്. ചന്തപ്പേട്ടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കത്തെഴുതുന്നതിലൂടെയുള്ള ഒരു മുഖപരിചയം മാത്രം. ചന്തപ്പേട്ടെൻറ ഭാര്യയെ ഞാൻ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അധികമൊന്നും ഇടപഴകിയിട്ടില്ല. കുറച്ചു കാര്യപ്രാപ്തിയുള്ള ഒരു പാവമാണ് അവരെന്ന് ഒറ്റനോട്ടത്തിൽ എനിക്കു തോന്നി. ഒന്നുമില്ലെങ്കിലും കുറെ അനുഭവിച്ചതല്ലേ. വീട്ടിൽ ഞാൻ തെങ്ങുകയറ്റക്കാരനെ കാത്തിരിക്കുകയാണ്. അയാൾ ഇതുവരെ എത്തിയിട്ടില്ല. അവരും അയാളെ കാത്തിരിക്കുകയാണ്. മുമ്പ് ധാരാളം വിഷമതകൾ അനുഭവിച്ചതിെൻറ ചെറിയ ചില അടയാളങ്ങൾ ചന്തപ്പേട്ടെൻറ ഭാര്യയുടെ മുഖത്ത് പറ്റിപ്പിടിച്ചിട്ടുണ്ടെന്ന് അവരെ നോക്കി ഇരിക്കേ എനിക്കു തോന്നി. അവരോട് അനുതാപവും തോന്നി. എന്നാൽ ഇപ്പോൾ അവർ ഏറെ സന്തോഷവതിയാണ്. ഭർത്താവ് സ്വന്തമായി വാങ്ങിയ സ്ഥലത്തുനിന്നും ആദ്യമായി അധികാരത്തോടെ തേങ്ങ പറപ്പിക്കുന്നതിെൻറ സന്തോഷം. അവരെ സഹായിക്കേണ്ടതിെൻറ ചുമതല മാത്രമേ എനിക്കുള്ളൂ.
മറ്റൊരാളുടെ പറമ്പിൽ ചെന്നു ഞാൻ തേങ്ങ പറിക്കുന്നതിന് ആദ്യമായിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ഒരു കണക്കിൽ അതൊരു കഠിനമായ ജോലി തന്നെയാണ്. ഇന്നത്തെപ്പോലെ തെങ്ങുകയറ്റക്കാരൻ വിളഞ്ഞ തേങ്ങ നോക്കി താഴേക്ക് കൊത്തിയിടുക മാത്രമായിരുന്നില്ല അന്ന് ചെയ്തിരുന്നത്. ഒടിഞ്ഞു വീഴാൻ ഭാവിക്കുന്ന തേങ്ങയുടെ കുലകൾ കയർകൊണ്ട് ഓലമടലിനോട് ചേർത്തു കെട്ടിയിടണം. അതിനും പുറമെ ഇളനീർ പാകമാവുന്ന തേങ്ങകൾ കീടങ്ങൾ കൊത്തി തുളക്കാതിരിക്കാൻ തെങ്ങിൻകുലകൾക്ക് ഓല മടഞ്ഞ് ഒരാവരണംകൊണ്ട് പൊതിയണം. യഥാസമയം ഓലമടൽ കീറി ഉണ്ടാക്കി തെങ്ങുകയറ്റക്കാരന് എത്തിക്കേണ്ട ചുമതല താഴെയുള്ളവർക്കാണ്. താഴേക്ക് വെട്ടിയിടുന്ന തേങ്ങകൾ പറമ്പ് നിറയെ ചിതറിയാണ് കിടക്കുക. അത് അതത് സമയം ഒരിടത്ത് കൂട്ടിയിട്ടില്ലെങ്കിൽ തേങ്ങകൾ അപ്രത്യക്ഷമാകും. അന്ന് തേങ്ങകൾക്ക് നല്ല വിലയുണ്ടായിരുന്നു (ഇന്ന് തേങ്ങ വഴിയിൽ വീണുകിടന്നാലും എടുക്കാതെ പോവുന്ന അവസ്ഥയാണ്). ചുമതലക്കാരെൻറ കണ്ണുവെട്ടിച്ച് തേങ്ങ മോഷ്ടിക്കാൻ ആരെങ്കിലും ചിലരൊക്കെ പറമ്പിൽ പ്രത്യക്ഷപ്പെടും. സഹായിക്കുകയാണെന്ന നാട്യത്തിൽ എത്തുന്ന അവരെ ശ്രദ്ധിക്കണം. തേങ്ങ പറപ്പിക്കുക എന്നത് കഠിനമായ ഒരു ജോലിയാണെങ്കിലും അതിൽ ഒരാനന്ദം ഉണ്ടായിരുന്നു. ഞാനത് അറിയുകയും ചെയ്തു. ചന്തപ്പേട്ടെൻറ പറമ്പിലെ തേങ്ങ പറപ്പിക്കുന്ന ജോലി ഞാൻ ഒരുവിധം ഭംഗിയായി ചെയ്തതുകൊണ്ടാകാം അച്ഛെൻറ പണയത്തിലുള്ള (ഉണ്ടറുതിയുള്ള) പറമ്പുകളിലെ തേങ്ങകൾ പറപ്പിക്കുന്നതിെൻറ ചുമതലയും പിന്നീട് എന്നെ ഏൽപിക്കുകയുണ്ടായി. അതിൽ എനിക്ക് വലിയൊരു അഭിമാനം തോന്നുകയും ചെയ്തു. അച്ഛൻ എന്നെ അംഗീകരിച്ചിരിക്കുകയാണല്ലോ. വിശ്വസിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്തങ്ങൾ ഏൽപിച്ചാൽ ഭംഗിയായി ചെയ്യുമെന്ന് അച്ഛൻ ബോധ്യപ്പെട്ടതുമുതലാണ് ഈ മാറ്റം. അതിനിടയാക്കിയത് ചന്തപ്പേട്ടെൻറ കത്തും പറമ്പുവാങ്ങലും.
ചന്തപ്പേട്ടന് പറമ്പ് വാങ്ങിയ ഭാഗത്തുതന്നെയാണ് അച്ഛന് ഉണ്ടറുതിയുള്ള പറമ്പുകളും. മിക്കവാറും സ്കൂളില്ലാത്ത എല്ലാ ശനിയും ഞായറും എനിക്ക് തേങ്ങ പറിപ്പിക്കുക എന്നത് പുതിയ ഉത്തരവാദിത്തമായിരുന്നു. നന്നെ കാലത്ത് മണൽ വിരിച്ച നാട്ടുപാതയിലൂടെ പച്ചപ്പിൽ പുതഞ്ഞ ഇടവഴികൾക്ക് നടുവിലൂടെയാണ് പോവുക. അവിടെ അമ്പലക്കുളത്തിെൻറ കിഴക്കുഭാഗത്ത് അടിയോടിയുടെ കടയുണ്ട് (അടിയോടി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. പേരറിയില്ല. മധ്യവയസ്സ് കഴിഞ്ഞ ഒരാൾ). അവിടെനിന്നാൽ തെങ്ങുകയറ്റക്കാരൻ വരും. തെങ്ങുകയറിക്കഴിഞ്ഞ് വീണ്ടും കടയിലോട്ട് വന്നാൽ ചുമട്ടുകാരൻ അവിടെ ഇരിപ്പുണ്ടാകും. ചുമട്ടുകാരനെ കൂട്ടി, തേങ്ങ എടുപ്പിച്ച് അടിയോടിയുടെ പീടികയുടെ മുന്നിലെത്തിക്കുക. തേങ്ങ മുഴുവൻ പീടികക്ക് മുന്നിലെത്തിച്ചാൽ കാളവണ്ടിക്കാരൻ വരും– തേങ്ങ അതിൽ കയറ്റിക്കണം. ഇതൊക്കെയാണ് അച്ഛൻ എന്നെ ഏൽപിച്ച ഉത്തരവാദിത്തങ്ങൾ. അടിയോടിയുടെ കടയിൽ ചായയും പലചരക്ക് സാധനങ്ങളുമെല്ലാം കിട്ടുമായിരുന്നു. കാലത്ത് വീട്ടിൽനിന്നും വരുന്ന ഞാൻ അടിയോടിയുടെ കടയിൽനിന്നാണ് ചായ കഴിക്കുക. നല്ല പിട്ടും, കടലക്കറിയും അവിടെയുണ്ടാകും. ചായ കുടിച്ച് അച്ഛെൻറ പറ്റിൽ എഴുതിയാൽ മതി. ഉണ്ടറുതിയുള്ള പറമ്പുകളിൽനിന്നും തേങ്ങ പറിച്ചു കടത്തിക്കൊണ്ടുവരാൻ വലിയ മെനക്കേടാണ്. തേങ്ങ നിലത്തുവീഴുന്ന ഒച്ചകേട്ടാൽ മതി നാനാഭാഗത്തുനിന്നും ആളുകൾ പറമ്പിലേക്കെത്തും. ചിതറിവീഴുന്ന തേങ്ങകൾ പെറുക്കിക്കൂട്ടി സഹായിക്കാനാണ് വരുന്നത്. എന്നാൽ, കണ്ണുവെട്ടിച്ച് തേങ്ങകൾ എവിടെയെങ്കിലും ഒളിപ്പിച്ചുവെക്കാനാണ് അവർ ശ്രമിക്കുക. ഓലമടലുകൾക്കുള്ളിൽ, പൊന്തക്കാടുകൾക്കുള്ളിൽ, ചകിരികളുടെയും വൈക്കോലുകളുടെയും മറവിൽ എല്ലാം അവർ തേങ്ങകൾ പൂഴ്ത്തിവെക്കും. അത് കണ്ടെത്തുക എന്നത് വലിയ അധ്വാനമാണ്. തേങ്ങ പെറുക്കി സഹായിക്കാൻ വരുന്നവർ എല്ലാം വളരെ പാവങ്ങളായതുകൊണ്ട്, മറച്ചുവെച്ച തേങ്ങകൾ കണ്ടെത്തിയാൽ തന്നെ അധികവും ഞാൻ എടുത്തു പുറത്തിടാറില്ല. ചിലപ്പോൾ ഒരു തേങ്ങ അവരുടെ ഒരു നേരത്തെ ഭക്ഷണമാകാം.
തേങ്ങ പറപ്പിക്കാൻ പോയ യാത്രക്കിടയിൽ വളരെ സൗഹൃദം തോന്നിയ ഒരു ചെറുപ്പക്കാരൻ പിന്നീട് എെൻറ വലിയൊരു ദുഃഖമായും മാറുകയുണ്ടായി. തേങ്ങ മാലിൽ കെട്ടി കാളവണ്ടിക്കടുത്ത് എത്തിക്കാറുള്ള ചുമട്ടുകാരനായിരുന്നു ആ ചെറുപ്പക്കാരൻ. പണിക്കിടയിൽ അത്രയൊന്നും സംസാരിക്കാത്ത ഒരു ആൾ. ഒരുപക്ഷേ, അനാവശ്യമായ ഗൗരവസ്വഭാവം കൂടി അയാൾ തലയിൽ പേറുന്നുണ്ടെന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെ ഞാൻ ആദ്യമൊന്നും അധികം സംസാരിക്കാൻ തുനിഞ്ഞില്ല. പണി കഴിഞ്ഞാൽ അച്ഛൻ ഏൽപിച്ച കൂലി കൊടുത്ത് ഞാൻ മടങ്ങും. ഒരു നാൾ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ആഹ്ലാദത്തോടെ ഞങ്ങൾ പുതിയൊരു വഴിക്കാണ് വീട്ടിലേക്ക് മടങ്ങിയത്. ഒന്നിച്ച് പഠിച്ചിരുന്ന ചില കൂട്ടുകാരുടെ വീടുകളിൽ പോയി സന്ധ്യക്കാണ് മടക്കം. ഒരങ്ങാടിയിൽ എത്തിയപ്പോൾ അവിടെയൊരു ആൾക്കൂട്ടം കണ്ടു. ആരോ പ്രസംഗിക്കുന്നതും കേട്ടു. ഒരു രാഷ്്ട്രീയ പാർട്ടിയുടെ യോഗം. സംസാരത്തിനിടയിൽ ഗാന്ധിജിയെയും നെഹ്റുവിനെയും മറ്റും പുകഴ്ത്തി സംസാരിക്കുന്നതു കേട്ടപ്പോൾ പ്രസംഗിക്കുന്നത് ആരാണെന്നറിയാൻ കൗതുകം തോന്നി. നന്നായിത്തന്നെയാണ് പ്രസംഗിക്കുന്നത്. അടുത്തേക്ക് ചെന്നപ്പോഴാണ് പ്രസംഗിക്കുന്നയാളെ എനിക്കറിയാമല്ലോ എന്ന് ഞാൻ തിരിച്ചറിഞ്ഞത്. അത് ആ ചുമട്ടുകാരനായിരുന്നു. ചുമടെടുക്കുമ്പോൾ അയാൾ ഒരു ബനിയൻ മാത്രമേ ധരിക്കാറുള്ളൂ. കൈലിയാണ് ഉടുക്കുക. ഇപ്പോൾ നല്ലൊരു വെളുത്ത ഷർട്ടും മുണ്ടുമാണ് വേഷം.
പ്രസംഗം ഞാൻ തെല്ലിട കേട്ടുനിന്നു. പ്രസംഗത്തിനിടയിൽ ചില പുസ്തകങ്ങളെക്കുറിച്ച്, കവിതകളെക്കുറിച്ച് അയാൾ പരാമർശിക്കുന്നുണ്ടായിരുന്നു. ചുമടെടുക്കുന്ന ഒരു തൊഴിലാളിയുടെ പ്രസംഗം ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. തൊഴിലാളികളിലും നല്ല പ്രസംഗകരുണ്ടെന്ന് എനിക്ക് മനസ്സിലായി. ആ ചുമട്ടുകാരൻ നല്ലൊരു സുഹൃത്തായി എനിക്ക് തോന്നി. ഇനി കാണുമ്പോൾ അയാളുമായി നന്നായി സംസാരിക്കണം. അടുത്ത പ്രാവശ്യം തേങ്ങ പറിപ്പിക്കാൻ പോകണമെന്ന് അച്ഛൻ ആവശ്യപ്പെട്ടപ്പോൾ മുമ്പത്തെക്കാളധികം സന്തോഷം എനിക്കു തോന്നുകയുണ്ടായി. ആ ചുമട്ടുകാരനെ കാണാമല്ലോ. അയാളോട് സംസാരിക്കാമല്ലോ. ഏതെല്ലാമായിരിക്കും അയാൾ വായിച്ച പുസ്തകങ്ങൾ. അന്നു കാലത്ത് അങ്ങോട്ടേക്ക് പോകുമ്പോൾ അടിയോടിയുടെ കടയുടെ അടുത്തെത്തിയ നേരത്ത് അവിടെ പതിവില്ലാത്ത ഒരാൾക്കൂട്ടം കണ്ടു. നന്നെ കാലത്തുതന്നെ ഇത്രയും അധികം പേർ അവിടെ കൂടാൻ കാരണമെന്ത്? എല്ലാവരും എന്തോ അത്യാഹിതം സംഭവിച്ചതുപോലെ അടക്കിപ്പിടിച്ചുനിൽക്കുകയാണ്. എന്താണെന്നറിയാൻ ഞാൻ കൂടുതൽ അടുത്തേക്ക് ചെന്നു. അടിയോടിക്കെന്തെങ്കിലും സംഭവിച്ചുവോ? ഈ നേരത്ത് പതിവായി ചായ തരുന്ന ആൾകൂടിയായിരുന്നു. എന്നാൽ അടിയോടി ചായപ്പീടികയുടെ പുറത്തുനിൽക്കുന്നത് കണ്ടു. പിന്നെ എന്താണ് സംഭവിച്ചത്? തൊട്ടടുത്ത് കണ്ട ഒരാളോട് ഞാൻ വിവരം തിരക്കി:
‘‘മ്മളെ ആ ചെറിയോൻ ഒരു കഥകേട് ചെയ്തു.’’
‘‘ഏത് ചെറ്യോൻ?’’
‘‘ആ ചുമടെടുക്കുന്ന ഓൻ തന്നെ. എന്നും ഈ പീട്യേലല്ലേ ഓൻ ഉണ്ടാവുക?’’
‘‘ഓൻ എന്താ ചെയ്തത്?’’
‘‘ഇന്നലെ പൊലർച്ചാക്ക് തോന്നുന്നു. അടിയോടിയുടെ പീടികേെൻറ വരാന്തയിൽ കെട്ടിത്തൂങ്ങി മരിച്ചു. കഥയില്ലായ്മ, അല്ലാതെന്ത്?’’
ചുമടെടുക്കുന്ന ചെറുപ്പക്കാരൻ കെട്ടിത്തൂങ്ങി മരിച്ചു? എനിക്കൊന്നും മനസ്സിലാവുന്നില്ല. കുറച്ചുനാൾ മുമ്പു കേട്ട അയാളുടെ പ്രസംഗം എെൻറ മനസ്സിലേക്ക് കടന്നു. എന്തൊരു ഉൗർജസ്വലമായ പ്രസംഗം. പിന്നീടാരോ അയാൾ മരിച്ചതിെൻറ എന്തോ ചില കാരണം സൂചിപ്പിക്കുകയുണ്ടായി. അടിയോടിയുടെ മകളുമായി അയാൾ േപ്രമത്തിലായിരുന്നു.
പീടികയിൽ എന്നും അവൾ പാൽ കൊണ്ടുവരും. അവിടെവെച്ച് അവർ അടുത്തു. പിന്നെ പ്രണയത്തിലായി. അയാൾ മറ്റൊരു ജാതിക്കാരനായതുകൊണ്ട് വിവാഹത്തിന് അടിയോടി എതിരുനിന്നു. ഒരുകണക്കിലും അടിയോടി അടുക്കുന്നില്ല. മോളെ കല്യാണോം നിശ്ചയിച്ചു. അതിൽ മനംനൊന്ത് അടിയോടിയുടെ പീടികവരാന്തയിൽതന്നെ അയാൾ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. പക്ഷേ, ഈ കഥ ഞാൻ വിശ്വസിച്ചില്ല. ഒരു പ്രണയനൈരാശ്യത്തിൽ മനംനൊന്തു മരിക്കാൻ അയാളെപ്പോലുള്ള ഒരാൾക്ക് കഴിയില്ല. അയാളുടെ ശബ്ദം അതു സൂചിപ്പിക്കുന്നു. ഞാനതിൽ ഉറച്ചുവിശ്വസിച്ചു. പിന്നെ എന്തിനാണ് അയാൾ ആത്്മഹത്യ ചെയ്തത്? ആവോ ആർക്കറിയാം.
അഞ്ച്
രണ്ടാം ദിവസത്തെ യാത്ര യൂനിവേഴ്സൽ സ്റ്റുഡിയോയിലേക്കായിരുന്നു. അമേരിക്കയിലെ പ്രമുഖ ചലച്ചിത്ര നിർമാതാക്കളായ യൂനിവേഴ്സൽ സ്റ്റുഡിയോയുെട ഉടമസ്ഥതയിലുള്ള ഒരു ഫാൻറസി പാർക്ക്. ഫാൻറസി പാർക്കിെൻറയും സിനിമയുടെയും സാധ്യതകളെ കൂട്ടിയിണക്കിക്കൊണ്ടുള്ള വിചിത്രമായ ഒരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ഒരിടമാണ് യൂനിവേഴ്സൽ സ്റ്റുഡിയോ. പലതരം അനുഭവങ്ങളിലൂടെ കടന്നുപോകാൻ അവസരം ലഭിക്കുമെങ്കിലും രണ്ടെണ്ണം മാത്രമാണ് ഏറെ വ്യത്യസ്തമായി തോന്നിയത്. 1995ൽ പുറത്തിറങ്ങിയ ‘വാട്ടർ വേൾഡ്’ എന്ന ഹോളിവുഡ് സിനിമയെ ആസ്പദമാക്കി ഒരുക്കിയ ഒരുതരം ‘റിയാലിറ്റി ഷോ’. കെവിൻ റയനോൾഡ് സംവിധാനം ചെയ്ത ഈ സിനിമയിൽ കെവിൻ കോസ്നർ, ഡെന്നീസ് ഹോപ്പർ, ജാക്ക് ബ്ലാക്ക് എന്നിവരാണ് അഭിനയിച്ചത്. ഈ സിനിമയിലെ കഥാബിംബത്തെ ദൃശ്യക്കാഴ്ചയാക്കി അവതരിപ്പിക്കുകയായിരുന്നു ഒരു കലാപരിപാടി.
പഴയകാലത്തെ കപ്പൽയാത്രയും കപ്പൽക്കൊള്ളയും പെണ്ണിനു വേണ്ടി നടത്തുന്ന പോരാട്ടവും യഥാതഥമായിത്തന്നെ ഇവിടെ അവതരിപ്പിക്കാൻ സാധിച്ചിരിക്കുന്നു. പഴയകാലത്തെ കപ്പലിെൻറയും ആയോധനരീതികളുമെല്ലാം വാസ്തവികമായിതന്നെയാണ് രംഗത്ത് പുനർജനിക്കുന്നത്. രംഗത്തേക്ക് കടന്നുവരുന്ന കപ്പൽ പഴയതാണെങ്കിലും, സിംഗപ്പൂരിൽ വെച്ച് ഒരു കപ്പൽ കാണുന്നു എന്ന തോന്നലിലേക്ക് അതെന്നെ എത്തിക്കുകയായിരുന്നു. ചന്തപ്പേട്ടൻ എപ്പോഴും നാട്ടിലേക്ക് വരുന്ന കപ്പലിെൻറ ഓർമയും അത് എന്നിലുണ്ടായി. എസ്.എസ്. രജുല എന്ന കപ്പലിലാണ് ചന്തപ്പേട്ടൻ വരാറുള്ളത്. കപ്പൽ മദ്രാസ് തുറമുഖത്തുനിന്നും സിംഗപ്പൂരിലേക്ക് പുറപ്പെടുന്ന യാത്രാ തീയതി കൃത്യമായി അക്കാലത്ത് പത്രങ്ങളിൽ പരസ്യപ്പെടുത്തുമായിരുന്നു. ഒപ്പം കപ്പലിെൻറ ചിത്രവും ഉണ്ടാവും. എസ്.എസ്. രജുല എന്ന കപ്പൽ മുമ്പെങ്ങോ നങ്കൂരമിട്ടിരുന്ന സിംഗപ്പൂർ തുറമുഖം അടുത്തുനിന്ന് ഒന്നു കാണണമെന്ന് റിയാലിറ്റി ഷോ കണ്ടുകൊണ്ടിരിക്കേ ഞാൻ ആഗ്രഹിച്ചു. പഴയകാല കപ്പൽകൊള്ള കൃത്യമായി തന്നെയാണ് ഇവിടെയും അവതരിപ്പിക്കുന്നത്. കൊള്ളക്കാർക്ക് നേരെ വെടിയുതിർക്കുന്നതും വെടികൊണ്ട് കടൽക്കൊള്ളക്കാരൻ വെള്ളത്തിലേക്ക് പതിക്കുന്നതുമെല്ലാം വെറും അഭിനയമാണെന്ന് സങ്കൽപിക്കാൻ കഴിയാത്തവിധം ജീവനുള്ളതായിരുന്നു. ഈ ഷോ കാണുമ്പോൾ കാഴ്ചക്കാർ വളരെ പഴയ കാലത്തിലേക്കാണ് കടന്നുചെല്ലുക.
എന്നാൽ ഇതിൽ വ്യത്യസ്തമായ ഒരനുഭവം പ്രദാനം ചെയ്യുന്ന ഒരു ഷോയിലേക്കാണ് പിന്നെ കടന്നുചെന്നത്. അതിെൻറ കവാടത്തിൽ തന്നെ അതിൽ പങ്കെടുക്കുന്നതിൽ അപകടമുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ അതിൽ പങ്കാളിയായത്. ‘മമ്മി’ എന്ന ഷോ. അതും ഒരു പഴയകാല ഭീകരാനുഭവത്തെ പങ്കുവെക്കുന്ന ഒന്നാണ്. ഇരുളിലൂടെ ഒരു യാത്ര. അതിനിടയിൽ ഭീകരമായ ശബ്ദത്തോടെ എല്ലാം തകർന്നുവീഴുന്നു. കട്ടികൂടിയ ഇരുളിൽ മുമ്പിലുള്ളതെല്ലാം ഭയാനകമായ ശബ്ദത്തോടെ ഛിന്നഭിന്നമാകുന്നത് അത്ര ഹൃദ്യമായി തോന്നിയില്ല. അതുകഴിഞ്ഞ് യാന്ത്രികമായി ഉയർന്നു, അതേ വേഗതയിൽ താഴേക്ക് പതിക്കുന്നതുമായ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ എല്ലാ ധൈര്യവും ചോർന്നുപോകുന്നതുപോലെയും തോന്നി. ഷോ കഴിഞ്ഞ് പുറത്തുവരുമ്പോൾ എനിക്ക് ബോധ്യമായിരുന്നു, ഞാനൊരിക്കലും ഇതിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന്. വല്ലാത്ത അസ്വസ്ഥത എനിക്കുണ്ടായിരുന്നു. അപകടകരമാണ് എന്ന മുന്നറിയിപ്പിനെ ഞാൻ പരിഗണിക്കേണ്ടിയിരുന്നു. എന്നാൽ എെൻറ അസ്വസ്ഥതകൾ മറ്റുള്ളവരെ അറിയിക്കാതെ, മറ്റിടങ്ങളിലേക്ക് കുടുംബത്തെ വിട്ടുകൊണ്ട് ഞാൻ സ്വസ്ഥമായ ഒരിടത്ത് ഇരുന്നു. നടക്കാൻ കഴിയാത്തവിധം അത്രമാത്രം ക്ഷീണിച്ചുകഴിഞ്ഞിരുന്നു ഞാൻ. എന്തുകൊണ്ടാണ് ഈ പൊറുതികേടെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
അടുത്ത യാത്ര സെേൻറാസ ഐലൻഡിലേക്കായിരുന്നു. സിംഗപ്പൂരിൽ തന്നെയുള്ള ഒരു ദ്വീപാണ്. വീണ്ടുമൊരു ദ്വീപോ എന്ന സംശയം എന്നിലുണ്ടായി. സെേൻറാസ ഐലൻഡിൽ പ്രകൃതിയുമായി ചേർന്ന ധാരാളം കാഴ്ചകളുണ്ടെന്ന് ഗൈഡ് വിവരിച്ചുതന്നു. കടലിനടിയിൽ കൂടിയാണ് ഐലൻഡിലേക്ക് പോകേണ്ടത്. ഐലൻഡിനെയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് പാലം നിർമിക്കുന്നത് പ്രകൃതിയുടെ സ്വാഭാവിക കാഴ്ചയെ നശിപ്പിക്കുമെന്ന് തോന്നിയതിനാൽ വലിയൊരു തുരങ്കപാത കടലിനടിയിലൂടെ നിർമിക്കുകയായിരുന്നു. താഴെ റോഡും മുകൾപ്പരപ്പിൽ കടലും. ഐലൻഡിലേക്ക് പോകുന്ന വഴി ഏതോ ഒരു പ്രധാന പാത വഴിപിരിയുന്നതിന് സമീപം പരിചിതമായ ചില അക്ഷരങ്ങൾ എെൻറ കണ്ണിലുടക്കി. പാസിർ പഞ്ചാംഗ് റോഡ്. അതുതന്നെയാണോ എന്നുറപ്പിക്കുന്നതിനു മുമ്പേ അക്ഷരങ്ങൾ കണ്ടെത്തിയ ബോർഡ് പിറകിലായിക്കഴിഞ്ഞിരുന്നു. എന്നാൽ, അതിന് എതിർവശത്തുള്ള ഒരു പ്രത്യേക വാസ്തുശിൽപത്തിലുള്ള കെട്ടിടം എെൻറ ശ്രദ്ധയിൽ പെട്ടു. ഒരു വലിയ മരത്തിെൻറ ശിഖരങ്ങളുടെ മാതൃകയിലുള്ള കെട്ടിടം. വലിയ ഒറ്റത്തടി. അതിൽ അപ്പുറത്തും ഇപ്പുറത്തും ശിഖരങ്ങൾപോലെ മറ്റൊന്നിെൻറയും ആലംബമില്ലാതെ നിൽക്കുന്ന കെട്ടിടങ്ങൾ. അത്തരത്തിലുള്ള ഒരു വാസ്തുശിൽപ മാതൃക എെൻറ ശ്രദ്ധയിൽ ആദ്യമായിട്ടാണ് പെടുന്നത്. അതുകഴിഞ്ഞ് കടലിനടിയിലുള്ള തുരങ്കത്തിലേക്ക് എത്തുന്നതിനും ഏറെ മുന്നിലായി, ഇടതുഭാഗത്ത് ഉയർന്ന ഒരിടത്തും വെളുത്ത കെട്ടിടങ്ങളുടെ ഒരു നിര കണ്ടു. അന്വേഷിച്ചപ്പോൾ ഗൈഡ് പറഞ്ഞു, അതാണ് സിംഗപ്പൂരിലെ സർക്കാർ ആശുപത്രി. സിംഗപ്പൂരിലും ആളുകൾ സർക്കാർ ആശുപത്രിയെ സമീപിക്കാറുണ്ടോ എന്നതായിരുന്നു എെൻറ സംശയം. എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയാണെന്നും ഗൈഡ് സൂചിപ്പിച്ചു.
സിംഗപ്പൂരിൽ ഒരാശുപത്രിക്ക് മുമ്പിലൂടെ കടന്നുപോയപ്പോൾ എെൻറ ഒരാശുപത്രി ജീവിതത്തിെൻറ ഓർമകളിൽ എങ്ങനെയോ ഞാൻ എത്തിച്ചേർന്നു. എേൻറതായ കാരണങ്ങൾകൊണ്ടായിരുന്നില്ല ആഴ്ചകൾ നീണ്ട എെൻറ ആശുപത്രി വാസം. സിംഗപ്പൂരിലുള്ള ചന്തപ്പേട്ടെൻറ കുടുംബമാണ് അതിന് നിമിത്തമായത്. അയാളുടെ രണ്ടാമത്തെ മകൻ ജനിച്ചപ്പോൾതൊട്ട് രോഗിയായിരുന്നു. ഡോക്ടറെ കാണിക്കാൻ പോകുന്നവഴി മകനുമായി ചന്തപ്പേട്ടെൻറ ഭാര്യവീട്ടിൽ വരാറുണ്ട്. രോഗം മൂർച്ഛിച്ച് വളരെയേറെ അവശനായിരുന്നു ആ കുട്ടി. ഇപ്പോൾ മരിച്ചുപോകുന്ന ഒരവസ്ഥ. വടകരയിലെയും തലശ്ശേരിയിലെയും പ്രമുഖരായ ഡോക്ടർമാരെയെല്ലാം കാണിച്ചു. രോഗത്തിന് ശമനമുണ്ടാകുന്നതിന് പകരം അത് ഓരോ ദിവസവും കൂടിവരുകയായിരുന്നു. കുഞ്ഞിന് ബാലക്ഷയമാണെന്ന് പിന്നീട് കണ്ടെത്തി. പക്ഷേ, അത് ഏറെ മൂർച്ഛിച്ച നിലയിലായിരുന്നു. എെൻറ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ കാലമായിരുന്നു അത്. വീട്ടിലെ അത്യാവശ്യ ജോലികളും പണയപ്പറമ്പുകളിൽനിന്നും തേങ്ങ പറിപ്പിക്കലും വായനയുമല്ലാതെ മറ്റൊരു ജോലിയും എനിക്കില്ലായിരുന്നു. അസുഖബാധിതനായ കുഞ്ഞിനെ കോഴിക്കോട് കടപ്പുറത്തെ ആശുപത്രിയിൽ കാണിക്കുകയേ ഇനി മാർഗമുള്ളൂ എന്ന് തീരുമാനമുണ്ടായി. പ്രശസ്തരായ ധാരാളം ഡോക്ടർമാർ അവിടെയുണ്ട്. ഒരു നാൾ കാലത്ത് കുഞ്ഞിനെയുംകൊണ്ട് ചന്തപ്പേട്ടെൻറ ഭാര്യയുമൊത്ത് അച്ഛൻ ആശുപത്രിയിൽ പോകാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, അവിചാരിതമായി അച്ഛനെന്തോ തിരക്കുണ്ടായി. മറ്റൊരിടത്തും പോകാൻ കഴിയാത്ത അവസ്ഥ.
കുഞ്ഞിനെയുംകൊണ്ട് അവരെ തനിച്ചുവിടാനും നിർവാഹമില്ല. എന്തുചെയ്യണമെന്നറിയാതെ അച്ഛൻ കുഴങ്ങി. പകരം എന്നെയാണ് അച്ഛൻ പറഞ്ഞയക്കാൻ തീരുമാനിച്ചത്. എനിക്ക് അതൊരു അത്ഭുതമായിരുന്നു. കോഴിക്കോട് ഞാൻ അതുവരെ പോയിട്ടില്ല. എനിക്കൊട്ടും അറിയില്ല. ആദ്യമായിട്ടാണ് എെൻറ നാട്ടിൽനിന്നും തെക്കോട്ടേക്ക് ഒരു യാത്രപോവുന്നത്. ഏതു നിമിഷവും മരിക്കാൻ സാധ്യതയുള്ള ഒരു കുട്ടിയെയുംകൊണ്ട് കോഴിക്കോട്ടുവരെ പോകാൻ എങ്ങനെ കഴിയുമെന്നുപോലും ഉറപ്പില്ലായിരുന്നു. അതിനുള്ള ആത്്മധൈര്യവും എനിക്കില്ല. എന്നാൽ കുഞ്ഞിെൻറ അമ്മയുടെ കണ്ണീര് കാണുമ്പോൾ പോയേ മതിയാവൂ എന്ന് എനിക്കും തോന്നി. മറ്റാരും പോകാനുമില്ല. അതിനും പുറമെ അച്ഛൻ എന്നിൽ ഒരിക്കൽക്കൂടി വിശ്വാസമർപ്പിച്ചിരിക്കുന്നു എന്ന് ബോധ്യമായതിെൻറ സന്തോഷമുണ്ടായിരുന്നു എനിക്ക്. ഒരാളായിട്ടുള്ള അംഗീകാരം. എെൻറ ജന്മനാട്ടിനപ്പുറത്തുള്ള ഒരു ലോകം കാണാത്ത ഞാൻ അതിനപ്പുറത്തുള്ള ഒരു ലോകവും ജീവിതവും കാണാൻ പോകുന്നുവെന്ന സന്തോഷവും എനിക്കുണ്ടായിരുന്നു.
എന്നാൽ കുഞ്ഞിനെയുംകൊണ്ട് ബസിൽ കയറുമ്പോഴൊക്കെ എെൻറ ഉത്കണ്ഠ വർധിക്കുകയായിരുന്നു. ഏതു നിമിഷത്തിലാണ് ആ അമ്മയുടെ തോളിലോ മടിയിലോ കിടന്ന് അവസാന ശ്വാസം വലിക്കുക? അത് കാണേണ്ടിവരുമോ? കാണാൻ കൊതിച്ചിരുന്ന ഒരു നഗരത്തിലേക്കാണ് പോകുന്നതെന്ന ഒരു നേരിയ സന്തോഷം എന്നിലുണ്ട് എന്നതാണ് ഈ യാത്രയിലെ വേവലാതികൾക്കിടയിൽ എനിക്കൽപം ആശ്വാസം ഉണ്ടാക്കിയത്. ബസ് എവിടെ ഇറങ്ങണമെന്നും എങ്ങോട്ടേക്ക് പോകണമെന്നുമുള്ള ഒരേകദേശ ചിത്രം അച്ഛൻ പറഞ്ഞുതന്നിരുന്നു. ബസിറങ്ങി, ഓട്ടോറിക്ഷ പിടിച്ച് ആശുപത്രിയിലേക്ക് പോകുമ്പോൾ ഒരു കാര്യം എെൻറ ശ്രദ്ധയിൽപ്പെട്ടു. കുഞ്ഞ് ജീവെൻറ നൂൽപാലത്തിലൂടെ പോവുകയാണെന്ന് അറിഞ്ഞിട്ടും, അതിലൊന്നും ആശങ്കപ്പെടാതെയാണ് കുഞ്ഞിെൻറ അമ്മ ഇരിക്കുന്നത്. ബസ് അൽപമൊന്ന് കുലുങ്ങിയാൽ, ഓട്ടോറിക്ഷ ഒന്ന് ഇളകിയാൽ കുഞ്ഞിെൻറ ശ്വാസം പോകുമെന്ന തോന്നൽ ഓരോ നിമിഷവും എന്നിൽ വർധിച്ചുവെങ്കിലും അതിലൊന്നിലും ഉത്കണ്ഠ ഉണ്ടെന്ന് തോന്നിപ്പിക്കാത്ത ദൃഢഭാവത്തോടെ കുട്ടിയുടെ അമ്മ ഇരിക്കുന്നു. ഒരുപക്ഷേ, എല്ലാം അനുഭവിച്ചുണ്ടായ നിസ്സഹായതയായിരിക്കാം അതെന്നും എനിക്കു തോന്നി. അതു കണ്ടപ്പോൾ എനിക്കും തെല്ല് ആശ്വാസം തോന്നി.
കടപ്പുറം ആശുപത്രി എന്നിൽ ഏറെ അത്ഭുതമാണ് ഉണ്ടാക്കിയത്. ആദ്യമായിട്ടാണ് അത്തരമൊരാശുപത്രി കാണുന്നത്. ഉയരമുള്ള കെട്ടിടങ്ങളുള്ള വലിയ നിര. എല്ലായിടത്തും ആൾക്കൂട്ടം. അതിനുള്ളിലേക്ക് ഞങ്ങളും ഇറങ്ങിപ്പോയി. കുഞ്ഞിെൻറ അവസ്ഥ കണ്ടിട്ടാകാം, പെട്ടെന്നുതന്നെ വാർഡിൽ പ്രവേശിപ്പിച്ചു. കുറെ ഡോക്ടർമാർ വന്ന് കുഞ്ഞിനെ വളരെ ഗൗരവത്തോടെ പരിശോധിക്കുന്നത് കണ്ടു. പരിശോധന കഴിഞ്ഞ് ഡോക്ടർമാർ പോയപ്പോൾ, ഒരു പുരുഷ നഴ്സ് വന്ന് കുഞ്ഞിെൻറ അമ്മയുടെ കൂടെ മറ്റാരെങ്കിലുമുണ്ടോ എന്ന് ഉച്ചത്തിൽ അന്വേഷിച്ചു. ഞാൻ അടുത്തേക്ക് ചെന്നു. നന്നേ ചെറിയ എന്നെ കണ്ടു. അത്ര മതിപ്പില്ലാതിരുന്നിട്ടും എന്നെ വാർഡിെൻറ മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പറഞ്ഞു: ‘‘നിങ്ങള് കൊണ്ടുവന്ന ആ കുഞ്ഞിന് വളരെ സീരിയസ്സാണ്. ഇന്ന് കഴിഞ്ഞുകിട്ടിയാൽ ഭാഗ്യം. എങ്കിലും മരുന്ന് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. എന്നാലും കരുതിയിരിക്കുന്നത് നന്ന്.’’
നിർവികാരതയോടെ കേട്ടുനിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ. കഴിഞ്ഞ കുറെ ദിവസങ്ങളായി ഭയപ്പെടുത്തിയ ഒരു കാര്യമാണല്ലോ അത്. എങ്കിലും ഡോക്ടർമാർ വളരെ ഗൗരവത്തോടെ പരിശോധിക്കുന്നത് കണ്ടപ്പോൾ, ചിലപ്പോൾ ഒരത്ഭുതം സംഭവിച്ചേക്കുമെന്നും എനിക്ക് എങ്ങനെയോ തോന്നി. കുഞ്ഞിനെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഡോക്ടർമാരിലൊരാളുടെ മുഖത്തു കാണപ്പെട്ട പ്രത്യാശയുള്ള ചിരിയാണ് എനിക്ക് ആ പ്രതീക്ഷ നൽകിയത്. മരണക്കിടക്കക്ക് മുന്നിലും ഒരു ഡോക്ടർക്ക് ഇത്രയും ഹൃദ്യമായി ചിരിക്കാൻ സാധിക്കുന്നത് ചിലപ്പോൾ രോഗത്തെ മറികടക്കാൻ കഴിഞ്ഞേക്കുമെന്ന വിശ്വാസംകൊണ്ടായിരിക്കുമല്ലോ. പിന്നെ സ്ഥിരമായി ആ ഡോക്ടറുടെ ചിരി ഞാൻ കണ്ടുകൊണ്ടിരുന്നു. കോഴിക്കോട് നഗരത്തിലെ അക്കാലത്തെ ഏറ്റവും പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോ.രാജഗോപാലാണ് മറ്റുള്ളവർക്ക് പ്രത്യാശ നൽകി ചിരിക്കുന്ന ഡോക്ടറെന്ന് പിന്നീട് മനസ്സിലായി.
ആശുപത്രിയിൽ എനിക്ക് കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. അത്യാവശ്യ മരുന്നുകൾ എത്തിച്ചുകൊടുക്കുക. ചിലഘട്ടങ്ങളിൽ കുഞ്ഞിെൻറ അടുത്തുനിൽക്കുക. അവർക്കൊരു സഹായി എന്ന നിലയിൽ അങ്ങനെ നിന്നാൽ മാത്രം മതി. എന്നാൽ അതത്ര സുഖകരമായ ഒന്നായിരുന്നില്ല. ആശുപത്രിക്കുള്ളിലെ വിചിത്ര ലോകവുമായി ഞാൻ പരിചയപ്പെടുകയായിരുന്നു. പലതരം കഥകളുടെ ഒരു ലോകമാണത്. രാത്രിയാവുന്നതോടെ ആശുപത്രി ശാന്തമാകാൻ തുടങ്ങും. ആശുപത്രിയുടെ മതിൽ കഴിഞ്ഞ് റോഡ് കടന്നുപോയാൽ കടലായി. ആശുപത്രി ഇടനാഴിയിൽനിന്നാൽ രാത്രികാല കടലിെൻറ ദൃശ്യം നന്നായി കാണാൻ കഴിയും. പടിഞ്ഞാറ് പുറംകടലുമായി ചേരുന്ന ഇടത്ത് രാത്രിയിൽ അനേകം വിളക്കുകൾ തെളിയുമായിരുന്നു. കോഴിക്കോട് കടപ്പുറത്ത് നങ്കൂരമിട്ട കപ്പലുകളിൽനിന്നുള്ള ദൃശ്യമായിരുന്നു അത്. ധാരാളം കപ്പലുകൾ അക്കാലത്ത് ചരക്കിറക്കാൻ കോഴിക്കോട്ടെത്തിയിരുന്നു. ഇപ്പോൾ ആ ദൃശ്യം കാണാൻ കഴിയില്ല. തുറമുഖവും നശിച്ചു. കപ്പലുകൾ വരാതായി.
ആശുപത്രിയിലെ ഉറക്കമായിരുന്നു പ്രയാസം. ഒഴിഞ്ഞ ഏതെങ്കിലും ബെഞ്ചിലോ വെറും നിലത്തോ കൈയിലുള്ള പുതപ്പ് വിരിച്ചുകിടക്കുക. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഈ അനുഭവം. എന്നാൽ അതിലൊന്നും അൽപവും വിഷമം തോന്നിയില്ല. കാരണം, കുഞ്ഞിെൻറ ശ്വാസോച്ഛ്വാസത്തിന് ഇപ്പോൾ ശക്തികൂടിയിരിക്കുന്നു. അത് മരണതീരത്തുനിന്നും അകന്നുകൊണ്ടിരിക്കുകയാണ്. രാജഗോപാൽ ഡോക്ടർ എല്ലാവർക്കും പ്രത്യാശ കൊടുത്തുകൊണ്ട് രോഗികൾക്ക് ഇടയിലൂടെ നടന്നുകൊണ്ടിരിക്കുന്നു. കുഞ്ഞ് അപകടഘട്ടം കഴിഞ്ഞുവരുകയാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എെൻറ കൂടി സാന്നിധ്യത്തിൽ ഒരു ജീവൻ വീണ്ടുകിട്ടാൻ പോവുകയാണ്. ഒടുവിൽ ഇരുപത്തെട്ടാമത്തെ ദിവസം ആശുപത്രിയിൽനിന്നും വീട്ടിലേക്ക് തിരിക്കുമ്പോൾ, ആ കുഞ്ഞ് മരണത്തിൽനിന്ന് പൂർണമായി രക്ഷപ്പെട്ടിരുന്നു. കോഴിക്കോട് നഗരത്തിെൻറയും ആശുപത്രിയിലെയും ജീവിതം എെൻറ കാഴ്ചപ്പാടുകൾതന്നെ മാറ്റിമറിച്ചു. ജീവിതങ്ങൾ നഷ്ടപ്പെടുന്നവർക്കിടയിൽ കഴിയുമ്പോഴാണ് നമുക്ക് ജീവെൻറ വില മനസ്സിലാവുക. അന്ന് എെൻറ കൂടി സഹകരണംകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിവന്ന കുരുന്നു ജീവനെ ഇപ്പോൾ ഞാൻ പലയിടത്തും കാണാറുണ്ട്. ഒരു പ്രമുഖ തൊഴിലാളി യൂനിയൻ നേതാവായി കവലകൾതോറും പ്രസംഗിച്ചും സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചും അയാൾ തൊട്ടുമുന്നിലുണ്ട്.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെയാണ് ആശുപത്രിയിൽ പോകേണ്ടിവന്നത്. അതുകാരണം റിസൽട്ട് വന്നിട്ടും കോളജിൽ അപേക്ഷ കൊടുക്കാൻ അൽപം വൈകി. ഒടുവിൽ മാനേജ്മെൻറ് േക്വാട്ടയിലാണ് പ്രീഡിഗ്രിക്ക് പ്രവേശനം കിട്ടിയത്. ആശുപത്രിയിൽനിന്നും പോകുന്നതുവരെ കൈകാലുകൾക്കൊന്നും ഒരു വേദനയും എനിക്കില്ലായിരുന്നു. എന്നാൽ ഒരു നാൾ കോളജ് കുന്നിെൻറ ഉയർന്ന ചവിട്ടുപടികൾ കയറാൻ ശ്രമിച്ചപ്പോൾ കാലുകൾക്ക് വലിയ വേദന. കാൽവണ്ണയിൽ വീക്കവും. സഹിക്കാനാവുന്നില്ല. എന്താണെന്ന് അറിയാൻ നാട്ടിലെ ആയുർവേദ വൈദ്യനെ കാണിച്ചപ്പോൾ അയാളുടെ ആദ്യചോദ്യം: ‘‘തണുപ്പത്ത് കിടന്നിരുന്നോ, സിമൻറ് തറയിലോ മറ്റോ. ഇത് ഒരുതരം വാതമാണ്. ഒരു മാസം കഷായവും തേപ്പും മുടങ്ങാതെ വേണ്ടിവരും.’’
ഞാനൊന്നും പറഞ്ഞില്ല. തണുപ്പത്ത് കിടന്നെങ്കിലെന്താ, ഒരു ജീവൻ വീണ്ടെടുക്കുന്നതിന് സഹായിക്കാൻ പറ്റിയല്ലോ.’’
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.