ഖനികളിൽനിന്ന് വാരിയെടുക്കുന്നത് സ്വർണം; എന്നിട്ടും ദാരിദ്ര്യം വിട്ടുമാറാതെ സിയറ ലിയോൺ
text_fieldsനമ്മുടെ നാട്ടിലെ ചില റെയിൽവേ സ്റ്റേഷനുകളെക്കാൾ പരിതാപകരമായ സ്ഥിതിയിലുള്ള ഒരു വിമാനത്താവളത്തിലാണ് ആ രാത്രി ഞങ്ങളിറങ്ങിയത്. ആഫ്രിക്കൻ വൻകരയിലെ സിയറ ലിയോണിലെ ഫ്രീടൗൺ വിമാനത്താവളത്തിൽ. വിമാനമിറങ്ങിയത് മുതൽ കൗതുകങ്ങളേറെ ഞങ്ങളെ പിന്തുടർന്നു. ഇൗ രാജ്യത്തിെൻറ അവസ്ഥ അക്ഷരാർഥത്തിൽ വിളിച്ചോതുന്നതായിരുന്നു വിമാനത്താവളത്തിലെ ഒാരോ അനുഭവവും. യാത്രക്കാരോട് ഒരു മടിയുംകൂടാതെ പണം ഇരന്നുവാങ്ങുന്ന എമിഗ്രേഷൻ ഓഫിസറെ ജീവിതത്തിൽ ഇതാദ്യമായി അവിടെനിന്ന് കണ്ടു. പുറത്തിറങ്ങിനടക്കുന്നതിനിടയിൽ പണം ചോദിച്ച് പിറകെ കൂടുന്ന പിന്നെയും കുറെപേർ!
ചായയും പലഹാരങ്ങളുമായി അദ്ദേഹത്തിെൻറ കുടുംബം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ആ സന്തോഷം അവരുടെ മുഖത്തും സൽക്കാരത്തിലും പ്രകടം. ആദ്യമായിട്ടാണെത്ര വിദേശികൾ വീട്ടിൽ വരുന്നത്. അതിെൻറ അഭിമാനത്തിലാണ് എല്ലാവരുമെന്ന് പറഞ്ഞു ആൽഫ. വീട്ടുകാർ അദ്ദേഹത്തെ ഉസ്മാൻ എന്നാണ് വിളിക്കുന്നത്. സംശയം തിരക്കിയപ്പോൾ തങ്ങൾ മുസ്ലിം കുടുംബമാണെന്നും പാസ്പോർട്ടിലും മറ്റു രേഖകളിലും ആൽഫ ബാരി എന്നാണ് പേരെന്നും അദ്ദേഹം പറഞ്ഞു. അവിടെ ഒട്ടുമിക്ക ആളുകളുടെ പേരുകളും അങ്ങനെയാണത്രെ. സിയറ ലിയോണിൽ എൺപതു ശതമാനം മുസ്ലിംകളും ഇരുപതു ശതമാനം ക്രിസ്ത്യാനികളുമാണെന്ന് അപ്പോഴാണ് മനസ്സിലായത്. മറ്റൊരു പ്രത്യേകത കൊച്ചുകുട്ടികൾപോലും നന്നായി ഇംഗ്ലീഷ് സംസാരിക്കും എന്നതാണ്. അവരുടെ മാതൃഭാഷ ക്രിയോ ആണെങ്കിലും ഒൗദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണത്രെ.
താമസിക്കാൻ ഹോട്ടൽ തിരഞ്ഞെടുത്തത് കടലോരത്തായതിനാൽ വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങും. റോഡിലൂടെ നടക്കുമ്പോൾ ഒട്ടുമിക്ക ആളുകളും നമ്മളെ കൈവീശി കാണിക്കുകയും വിശേഷം തിരക്കുകയും ചെയ്യും. അത്രകണ്ട് അഭ്യസ്തവിദ്യരല്ലെങ്കിലും ആതിഥ്യമര്യാദയിൽ അവർ വളരെ മുന്നിലാണ്. കൊച്ചുകുട്ടികൾപോലും ബീച്ചിലൂടെ തലയിൽ കൊട്ടയുമേന്തി ഭക്ഷണസാധനങ്ങളും മറ്റും വിൽപന നടത്തുന്നത് കാണാം. ബീച്ചിൽ മീൻപിടിക്കുന്ന ഒരുപാട് മുക്കുവന്മാരെ കണ്ടു. അതിലൊരാൾ അടുത്തുവന്നു വിശേഷങ്ങൾ ചോദിച്ചുതുടങ്ങി.
എന്നെ കണ്ടപ്പോൾതന്നെ ഇന്ത്യയിൽനിന്നാണെന്ന് അയാൾക്കു മനസ്സിലായി. പിന്നെ ഇന്ത്യക്കാരെക്കുറിച്ച് കുറെ നല്ല വാക്കുകൾ. അയാളുടെ ജീവിതത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും അയാൾ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു. ഏതോ ഗ്രാമത്തിൽനിന്നു വന്ന് ഇവിടെ താമസിക്കുകയാണ്. ഇവിടെ മീൻപിടിക്കുകയോ മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെടുകയോ ചെയ്യും. ചില ദിവസങ്ങളിൽ ഒന്നും കിട്ടില്ല, അന്ന് വെറും വെള്ളം കുടിച്ച് കിടന്നുറങ്ങും... അങ്ങനെ കുറെ കഥകൾ. കുറച്ചു പണം ചോദിച്ചാണ് അയാൾ പിരിഞ്ഞത്. ഇവിടെയിങ്ങനെയാണ്. വിദേശികളോട് പണം ഇരന്നു കഴിയുന്ന പ്രായഭേദമന്യേയുള്ള ധാരാളം പേരെ പിന്നെയും കണ്ടു.
സ്വർണഖനികളിലെ പട്ടിണിക്കാർ
സ്വർണത്തിെൻറയും വജ്രത്തിെൻറയും വിവിധ ഇനം വിലപിടിപ്പുള്ള കല്ലുകളുടെയും വമ്പൻ ശേഖരങ്ങളുള്ള, പ്രകൃതിവിഭവസമ്പന്ന രാഷ്ട്രമാണ് സിയറ ലിയോൺ. എന്നാൽ, അതിെൻറ പ്രൗഢിയൊന്നും എവിടെയും കാണാൻ കഴിഞ്ഞില്ല. ബിസിനസ് ചർച്ചകൾക്കിടയിൽ ഒഴിവുസമയം കിട്ടിയപ്പോൾ അങ്ങോട്ടു പോവാനുള്ള വഴികൾ ആൽഫയോട് തിരക്കി. ഒരുപാട് യാത്രചെയ്യാനുണ്ടെന്നും ഒറ്റക്കുള്ള യാത്ര അപകടമാണെന്നും താനും കൂടെപോരാമെന്നും ആൽഫ പറഞ്ഞു. അദ്ദേഹത്തെയും സുഹൃത്തായ ഒരു സ്വദേശിയെയും കൂട്ടി ഒരു രാത്രിയിൽ യാത്ര തുടങ്ങി. ഏകദേശം പത്തു മണിക്കൂർ യാത്രയുണ്ട് സ്വർണഖനനം നടത്തുന്ന കൊയ്തു എന്ന സ്ഥലത്തേക്ക്. പോകുന്ന വഴികൾ മുഴുവൻ കുണ്ടും കുഴിയും നിറഞ്ഞതാണ്. ഒരു പഴയ ജീപ്പിലാണ് യാത്ര. പോകുന്ന വഴിയിൽ പലയിടത്തായി പൊലീസ് പരിശോധനയുണ്ട്. എന്തെങ്കിലും കൊടുത്താൽ അവർ സന്തോഷത്തോടെ കടത്തിവിടും എന്നും പറഞ്ഞ് ആൽഫ ഒരു നോട്ട് എടുത്തുകൊടുത്തു.
ദുഷ്കരയാത്രക്കൊടുവിൽ രാവിലെയോടെ ഖനനസ്ഥലത്തെത്തി. ആദ്യം ചെന്നത് ഗ്രാമത്തലവെൻറ അടുത്താണ്. നമ്മുടെ ആദിവാസി മൂപ്പന്മാരെപ്പോലെ ഒാരോ ഗ്രാമത്തിനും ഒാരോ തലവന്മാരുണ്ട്. വണ്ടി നിർത്തിയപ്പോൾതന്നെ ഒരുപാടു കുട്ടികൾ ചുറ്റും കൂടി. ആൽഫ ഓർമിപ്പിച്ചപ്രകാരം കുറച്ചു പലഹാരങ്ങൾ ൈകയിൽ കരുതിയിരുന്നു. വിദേശികളെ കണ്ടാൽ കുട്ടികൾ ഓടിക്കൂടുമെന്നും അവർക്കു കൊടുക്കാൻ എന്തെങ്കിലും വാങ്ങിക്കണമെന്നും പറഞ്ഞിരുന്നു. വണ്ടിയിൽനിന്ന് പലഹാരപ്പൊതി എടുത്തതും കൂട്ടത്തിൽ വലിയവൻ അതെടുത്ത് ഒരു ഓട്ടമോടി. പിന്നാലെ മറ്റു കുട്ടികളും. പ്രശ്നമാക്കേണ്ടെന്നും അവൻ അത് എല്ലാവർക്കും വീതിച്ചുകൊടുക്കുമെന്നും ഗ്രാമത്തലവൻ പറഞ്ഞു.
ഗ്രാമത്തലവൻ വാചാലനാണ്. രണ്ടുമൂന്ന് തരത്തിലാണ് ഇവിടെ ഖനനം നടക്കുന്നതെന്ന് അയാൾ പറഞ്ഞു. വിദേശി കമ്പനികൾ സ്ഥലം പാട്ടത്തിെനടുത്ത് നടത്തുന്നവ, ഭരണകൂടം നേരിട്ട് നടത്തുന്നവ, നാട്ടുകാർ സ്വന്തം സ്ഥലത്തു നടത്തുന്നവ. നാട്ടുകാർ അവരവരുടെ ചെറിയ സ്ഥലങ്ങളിൽനിന്ന് സ്വർണം അരിച്ചെടുത്ത് ഗ്രാമത്തലവനെ ഏൽപിക്കും. ഗ്രാമത്തലവൻ അത് ഉരുക്കിയെടുത്തു സ്വർണക്കട്ടയാക്കി മാറ്റി ടൗണിലെ മാർക്കറ്റിൽ വിൽപന നടത്തും. ആ പണവുമായി തിരികെ വന്ന് എല്ലാവർക്കും വീതിച്ചുനൽകും. അതാണ് അവരുടെ ഉപജീവനമാർഗം. പലർക്കും ഈ സ്വർണത്തിെൻറ വിലയോ അതിെൻറ മൂല്യമോ അറിയില്ല. ഗ്രാമത്തലവൻ നൽകുന്ന പണം വാങ്ങി അവർ തൃപ്തിയടയും. ഓരോ ഗ്രാമത്തിലും ഇതുപോലുള്ള മൂപ്പന്മാരുണ്ടാവുമത്രെ. അവരെ മാത്രമാണ് ഗ്രാമത്തിലെ ജനങ്ങൾക്ക് വിശ്വാസം.
പുറത്തുനിന്ന് വരുന്ന ആരും ഗ്രാമത്തലവെൻറ അനുവാദമില്ലാതെ ഒരു കച്ചവടവും നടത്തില്ല. കുറച്ചു നേരത്തെ കുശലംപറച്ചിലിനുശേഷം നേരെ സ്വർണഖനനം നടത്തുന്ന സ്ഥലത്തേക്കു പോയി. കുട്ടികളടക്കം ഒരുപാടു പേർ പണിയെടുക്കുന്നുണ്ടവിടെ. ഖനനം നടക്കുന്ന രീതിയും ഗ്രാമത്തലവൻതന്നെയാണ് വിശദീകരിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചോ കൈക്കോട്ടുകൊണ്ട് കുഴിച്ചെടുത്തോ മണ്ണ് ശേഖരിച്ച് ഒരു സ്ഥലത്തു കൂട്ടിയിടും. പുഴയിൽനിന്നും മണ്ണ് ശേഖരിച്ചെടുക്കാറുണ്ട്. ഈ മണ്ണ് നല്ലവണ്ണം വെള്ളമൊഴിച്ച് അരിച്ചെടുത്ത് അതിൽനിന്നാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. അരിച്ചെടുത്തു കിട്ടുന്നത് സ്വർണത്തരികളായിരിക്കും.
ഈ തരി പിന്നീട് സ്വർണക്കട്ടയാക്കി മാറ്റുകയാണ് ചെയ്യാറ്. ഒരുപാടു തൊഴിലാളികളുടെ ഒരുപാട് നേരത്തെ അധ്വാനത്തിെൻറ ഫലമായാണ് ഒരു ഗ്രാം സ്വർണംപോലും ഉണ്ടാകുന്നത് എന്ന് നേരിട്ടുകണ്ടാൽ മനസ്സിലാവും. കുറച്ചുനേരം കാഴ്ചകൾ കണ്ടശേഷം ഗ്രാമത്തലവെൻറ കൂടെ പുറത്തിറങ്ങി. രണ്ടുമൂന്നു കടകളുള്ള സ്ഥലത്തു വണ്ടി നിർത്തി ഗ്രാമത്തലവൻ പുറത്തേക്കിറങ്ങി. അദ്ദേഹത്തിന് ആരെയോ കാണാനുണ്ടെന്നും ഉടനെ വരാമെന്നും പറഞ്ഞു. വെള്ളം വാങ്ങാൻ കടയിലേക്ക് കയറിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കടയുടെ മുൻവശം മൊത്തം ജയിൽപോലെ കമ്പികൊണ്ട് നിർമിച്ചിരിക്കുന്നു. ഒരാൾക്ക് ൈകയിട്ടു സാധനങ്ങൾ വാങ്ങാൻ പാകത്തിൽ ഒരു ഓട്ട. അതിലൂടെ പണം കൊടുത്താൽ ഉള്ളിൽനിന്ന് സാധനം എടുത്തുതരും.
കടക്കാരനോടുതന്നെ അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ കവർച്ചക്കാരുടെ ശല്യം കൂടുതലാണെന്നും സാധനങ്ങൾ എടുത്ത് അവർ ഓടിപ്പോകുമെന്നും അതുകൊണ്ടാണ് ഇതുപോലെ കമ്പിയിട്ടിരിക്കുന്നതെന്നും പറഞ്ഞു. വിദേശികളായതുകൊണ്ടുതന്നെ അയാൾ കടക്കു പുറത്തിറങ്ങി സംസാരിക്കാൻ തുടങ്ങി. അതിനിടയിൽ കട പൂട്ടി താക്കോൽ കീശയിലിടുന്നതും കണ്ടു. കുശലാന്വേഷണത്തിനിടയിൽ അയാൾ സ്വർണഖനനത്തെപ്പറ്റിയും പറഞ്ഞു. താൻ മുമ്പ് അവിടത്തെ ജോലിക്കാരനായിരുന്നെന്നും എല്ലുമുറിയെ പണിയെടുത്താലും കിട്ടുന്നത് വളരെ തുച്ഛ വരുമാനമാണെന്നും അയാൾ പറയുന്നു.
ഏതെങ്കിലും തരത്തിൽ സ്വർണത്തരി മോഷ്ടിച്ചെന്നോ മറ്റോ നോട്ടക്കാരന് തോന്നിയാൽപിന്നെ കൊടുംപീഡനമാകുമെന്നും അയാൾ പറഞ്ഞു. ഞങ്ങളെ ചൂഷണംചെയ്ത് ഗ്രാമത്തലവനും കൂട്ടരും ഒരുപാട് പണം സമ്പാദിക്കുന്നുണ്ടെന്നും അവരോട് എതിർക്കാൻ ആർക്കും ധൈര്യമില്ലെന്നും പറഞ്ഞു. ചില ദിവസങ്ങളിൽ ഒരു സ്വർണത്തരിപോലും കിട്ടാത്ത തൊഴിലാളികളുണ്ടാവും. അവർക്കു ഭക്ഷണത്തിനുള്ള കാശുപോലും കിട്ടില്ല. എന്നാൽ, എല്ലാ ഗ്രാമത്തലവന്മാരും ഒരുപോലെയല്ലെന്നും കിട്ടുന്നതിൽ നല്ലൊരംശവും ജോലിക്കാർക്കും സ്വർണത്തരി നൽകുന്നവർക്കും വീതിച്ചുകൊടുക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻകിട വിദേശ കമ്പനികളും ഇവിടെ സ്വർണഖനന ഫാക്ടറികൾ നടത്തുന്നുണ്ട്. അവിടെയും നടക്കുന്നത് വലിയരീതിയിലുള്ള ചൂഷണംതന്നെ. തുച്ഛമായ വേതനത്തിന് പൊരിവെയിലിൽ പത്തും പന്ത്രണ്ടും മണിക്കൂർ വിദേശ ഉദ്യോഗസ്ഥർ ഗ്രാമീണരെ പണിയെടുപ്പിക്കുന്നു. അവർ പണിയെടുത്തുണ്ടാക്കിക്കൊടുക്കുന്ന സ്വർണവും വജ്രവും അന്താരാഷ്ട്ര മാർക്കറ്റിൽ മുടക്കുമുതലിെൻറ നൂറും ഇരുനൂറും ഇരട്ടി വിലക്ക് വിറ്റ് പണംകൊയ്യുന്നു. സിയറ ലിയോണിലെ യാത്രകളെല്ലാം സിനിമക്കഥപോലെ തോന്നിയിട്ടുണ്ട്.
സ്വർണഖനിക്കു മുന്നിൽ തോക്കേന്തിയ, നല്ല ഉയരവും വണ്ണവുമുള്ള ചെറുപ്പക്കാരെ കാണാം. ഈ രാജ്യത്തെക്കുറിച്ചുള്ള ഭീകരകഥകൾ മുമ്പ് വായിച്ചതുകൊണ്ടാവാം അവരുടെ നോട്ടങ്ങളും നമ്മിൽ ചെറിയ ഭീതി സൃഷ്ടിക്കും. ഗ്രാമത്തിൽനിന്ന് മടങ്ങിയത് അർധരാത്രിയാണ്. വളരെ മോശപ്പെട്ട റോഡുകളിലൂടെയും ചിലപ്പോൾ ഊടുവഴികളിലൂടെയുമാണ് യാത്ര. പല സ്ഥലങ്ങളിലും കുറച്ച് ആളുകൾ തമ്പടിച്ച് സിഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതും കാണാം. പല ആളുകളും വണ്ടിയിലേക്ക് തുറിച്ചു േനാക്കുന്നുണ്ടായിരുന്നു. ഇവരിൽ പലരും ഗുണ്ടാസംഘങ്ങളാണെന്നും വിദേശികളെ ഒറ്റക്ക് കണ്ടാൽ പണം ചോദിക്കുമെന്നും ആൽഫ പറഞ്ഞു. ആൽഫ കൂടെയുള്ളതുകൊണ്ടുതന്നെ ആരും വണ്ടിയുടെ അടുത്തേക്കു വന്നില്ല.
വണ്ടിയുടെ ഉള്ളിലെ നല്ല പ്രകാശമുള്ള ബൾബ് കത്തിച്ചത് പുറത്തുനിന്നുള്ള ആളുകൾ നോക്കുമ്പോൾ സ്വദേശികളായ ആളുകൾ വണ്ടിയിലുണ്ടെന്ന് മനസ്സിലാക്കാൻ വേണ്ടിയാണെന്നുകൂടി അദ്ദേഹം പറഞ്ഞു. ഇവർ പിടിച്ചുപറിക്കാരാണെങ്കിലും പലരും പട്ടിണിയും തൊഴിലില്ലായ്മയുംകൊണ്ടും നിത്യച്ചെലവിനും കുടുംബം പോറ്റാൻ വേണ്ടിയും കുറ്റവാളികളായി മാറുകയാണത്രെ. മടക്കയാത്രക്കുള്ള സമയമായി. രാത്രി 12 മണിക്കാണ് ഫ്ലൈറ്റ്. വിമാനത്താവളത്തിലേക്കു പോവാനുള്ള ബോട്ടുജെട്ടി വരെ ആൽഫ ഞങ്ങൾക്ക് കൂട്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.