Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightസയാം എന്ന...

സയാം എന്ന തായ്‌ഭൂമിയിലൂടെ

text_fields
bookmark_border
Sayam, Thailand
cancel
camera_alt????????????? ??????? ?????????? ??????????? ????????????? ????????? ???????? ???????????

അടുത്ത യാത്ര എങ്ങോട്ട് എന്ന ചിന്ത കുറച്ചു നാളായ് മനസ്സിൽ കയറിയിട്ട്​. അപ്പോഴാണ് ഉല്ലാസയാത്രികരുടെ പറുദീസയായ തായ്‌ലാൻഡിനെ കുറിച്ചോർത്തത്. ഞാൻ താമസിക്കുന്ന അബുദാബിയിൽ നിന്നും അധിക ദൂരമില്ല. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ഇളവും ഉണ്ട്. എങ്കിൽ പിന്നെ പറക്കാമെന്ന​ു വെച്ച​ു തായ്‌ലാൻഡിലേക്ക് .

അബുദാബിയിൽ നിന്നും രാത്രി വിമാനത്തിൽ കയറി അഞ്ച്​ മണിക്കൂർ യാത്രക്ക് ശേഷം ബാങ്കോക്കിൽ ഇറങ്ങുമ്പോൾ അവിടെ രാവിലെ പതിനൊന്നു മണി ആയിരിക്കുന്നു. യു.എ.ഇ യുമായി മൂന്നു മണിക്കൂർ സമയ വ്യത്യാസം ഉണ്ട്. 24 0C  താപനിലയുമായി ഫെബ്രുവരി മാസം ചിരിതൂകി നിൽക്കുന്നു. വിസ പതിക്കുന്ന സ്ഥലത്തു നീണ്ട വരിയായ് ആളുകൾ ..ചിലരുടെ മുഖത്ത് യാത്രാക്ഷീണം .. ചിലർ ഉത്സാഹത്തോടെ ചിരിച്ചും വർത്തമാനം പറഞ്ഞും ഓരോ നിമിഷങ്ങളും ജീവസ്സുറ്റതാക്കുന്നു.

ഇഴഞ്ഞു നീങ്ങുന്ന  വരിയിൽ അക്ഷമയോടെ കാത്തു നിൽക്കുമ്പോൾ  തൊട്ടപ്പുറത്തുചുരുക്കം ചിലർ മറ്റൊരു കൗണ്ടറിലേക്ക്‌ പോവുകയും പെട്ടെന്ന് തന്നെ വിസ പതിച്ചു പുറത്തു പോവുകയും ചെയ്യുന്നത് കണ്ടു. മാർഗനിർദേശകരായി നിൽക്കുന്ന ജോലിക്കാരിൽ ഒരാളോട് അന്വേഷിച്ചപ്പോൾ ഒരാൾക്ക് 20 ബാഹ്​ത്​ ( തായ് കറൻസി) വീതം അധികമായി നൽകിയാൽ ആ കൗണ്ടറിൽ നിന്നും വിസ കിട്ടുമെന്ന് അറിഞ്ഞു. മുമ്പിൽ വളഞ്ഞു നീണ്ടു കിടക്കുന്ന വരിയിലേക്കു നോക്കിയപ്പോൾ കൂടുതൽ ചിന്തിക്കാതെ ഞങ്ങൾ അധിക പണം അടച്ചു വിസ ശേഖരിച്ചു പുറത്തു കടന്നു .

ഇതാ തായ്ഭൂമി
പണ്ട് തായ്‌ലാൻഡ് രണ്ടു സാമ്രാജ്യങ്ങൾ  ആയിരുന്നു അതിൽ ഒരു സാമ്രാജ്യത്തി​​​​​​െൻറ പേരായിരുന്നു സയാം. പിന്നീട് അവ രണ്ടും യോജിച്ചു ഒരു രാജ്യമായി മാറുകയും തായ്‌ലൻഡ് എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

പല രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ളതുകൊണ്ട് ഒരു വിദേശ രാജ്യം കണ്ടതി​​​​​​െൻറ അമ്പരപ്പ് ഞങ്ങൾക്കാർക്കും ഉണ്ടായിരുന്നില്ല. ഇവിടെ എന്തെല്ലാം കാഴ്ചകളാവും ഞങ്ങളുടെ കണ്ണുകളിലും മനസ്സുകളിലും നിറച്ചെടുക്കാനാവുക എന്നുള്ള ജിജ്ഞാസയായിരുന്നു. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് അരമണിക്കൂറിലേറെ യാത്രയുണ്ടായിരുന്നു. വളരെ മികച്ച റോഡുകൾ ഗതാഗതം സുഗമമാക്കുന്നുണ്ടെങ്കിലും നഗര ഹൃദയത്തിൽ പലയിടങ്ങളിലും ഗതാഗത കുരുക്ക് കാണാം.

അഹിംസ അടിസ്ഥാന തത്ത്വമായ ബുദ്ധ മതക്കാർ കൂടുതലുള്ള നാട്ടിൽ നോക്കുന്നിടത്തെല്ലാം മാംസ വിഭവങ്ങളുടെ നിറകാഴ്ചയാണ്
 

കാഴ്ചകളുടെ സമൃദ്ധിയിലേക്ക്
മെട്രോ ട്രെയിൻ നിറയെ ആളുകൾ.. ഇരുന്നും അതിലേറെ നിന്നും യാത്ര ചെയ്യുന്നവർ.. കൂടുതൽ പേരും മൊബൈലിനു കണ്ണും കാതും വിരലുകളും അർപ്പിച്ചവർ ..

ഞാൻ ഓരോ ആളുടെയും വസ്ത്ര വൈവിധ്യങ്ങളും ഭാവങ്ങളുമൊക്കെ നിരീക്ഷിച്ചങ്ങനെ നിൽക്കുമ്പോഴാണ് നിറവയറുമായി ഒരു കമ്പിയിൽ പിടിച്ചു നിൽക്കുന്ന ഒരു സ്ത്രീ ശ്രദ്ധയിൽ പെട്ടത്. കണ്ണുകളിലും മുഖത്തും ഗർഭാലസ്യം പ്രകടമാണ്. ഗർഭിണികൾക്കും വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും ഇരിപ്പിടം സംവരണം ചെയ്തതായി ട്രെയിനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ആരും ഇവർക്ക് ഇരിപ്പിടം നൽകാത്തതെന്തേ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഒരു കുഞ്ഞു ജീവനെയും ചുമന്നു നിൽക്കുന്ന ഇവരോട് അൽപം കരുണ കാണിച്ചൂടെ .. ആർക്കെങ്കിലും ഒരു ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തൂടെ എന്നൊക്കെ എ​​​​​​െൻറ അമ്മ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു.

തിരക്കിലൊഴുകിയങ്ങനെ ...
ട്രെയിൻ ഇറങ്ങിയത് നഗര തിരക്കുകളിലേക്കായിരുന്നു. എങ്ങോട്ടേക്കൊക്കെയോ തിരക്കിട്ടു നടക്കുന്ന ആളുകൾ .. വഴിവാണിഭക്കാരുടെ മുന്നിൽ നിരത്തി വെച്ചിരിക്കുന്ന വിവിധ വസ്തുക്കളിൽ കണ്ണുടക്കി നിൽക്കുന്നവർ ..പാട്ട്‌  പാടിയും ഗിറ്റാർ വായിച്ചും പണം പിരിക്കുന്ന ചെറു ഗായക സംഘങ്ങൾ .. ഇവർക്കിടയിലൂടെ ഞങ്ങൾ കാഴ്ചക്കാരായി നടന്നു. വഴിയോരത്തു ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കച്ചവടക്കാർ .. വിവിധങ്ങളായ പഴങ്ങൾ , ഇളനീർ, ചോളം വിൽപ്പനക്കാർ ..

കടൽ വിഭവങ്ങളായ ചെമ്മീൻ ഒക്ടോപ്സ് , കൂന്തൾ തുടങ്ങിയവ വിവിധ മസാല വർണ്ണങ്ങൾ വാരി പൂശി നിർവികാര ഭാവത്തിൽ ഏതൊക്കെയോ ആമാശയങ്ങളെ കാത്തിരിക്കുന്നു!! ഞങ്ങൾ ഓരോ ഇളനീർ വാങ്ങി. ഐസ് വെള്ളത്തിൽ ഇട്ടു വെച്ചിരിക്കുന്ന കരിക്കുകൾ. മധുരമുണ്ടെങ്കിലും നമ്മുടെ ഇളനീരിന്റെതല്ലാത്ത ഒരു (ദു )സ്വാദു  എനിക്ക് തോന്നി.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തായ്​ലൻഡിലെ പ്രധാന കച്ചവട കേന്ദ്രമാണ് ഫ്ലോട്ടിങ് മാർക്കറ്റ്
 

കച്ചവടക്കാരിൽ ഭൂരിഭാഗവും സ്ത്രീകകളാണ്. അവരിൽ പ്രായം ചെന്നവരും ഏറെയുണ്ട്.അവരോടെനിക്ക് ആദരവ് തോന്നി. നമ്മുടെ നാട്ടിലെ ആളുകളെ പോലെ വയസായി ഇനി മക്കളെ ആശ്രയിച്ചു വീട്ടിലിരിക്കാം എന്ന് ചിന്തിക്കുന്നില്ലല്ലോ അവർ. ആ പ്രായത്തിലും ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്നതിൽ അവർ സന്തോഷം കണ്ടെത്തുന്നു.

തായ്‌ലൻഡിൽ സഞ്ചരിച്ചയിടങ്ങളിലൊന്നും കുട്ടികളെ അധികം കണ്ടില്ലെന്നു ഞാൻ ഓർക്കുന്നു. അറബ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ എവിടെ പോയാലും കുട്ടികളെ കാണാം. തായ് പെണ്ണുങ്ങൾ പ്രസവിക്കാൻ മടിച്ചികളാണോ ആവോ ..? !! നല്ല ആകാരവടിവ് ഉള്ളവരാണ് തായ് സ്ത്രീകൾ.

ഭിന്നലിംഗക്കാരായ ചിലർ തിളങ്ങുന്ന ആകർഷകങ്ങളായ വർണ വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങി മുഖത്തും ചുണ്ടിലും ചായം തേച്ചു ചന്തകളിൽ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ വസ്ത്ര വെവിധ്യവും വർണ്ണപ്പകിട്ടും കണ്ടാൽ ആർക്കും ഒരു ഫോട്ടോ എടുക്കാൻ തോന്നിപ്പോകും. പക്ഷേ, ഫോട്ടോ എടുക്കാന് ശ്രമിച്ചാൽ  അവർ തടയും. എന്നിട്ടു പറയും ‘100 ബാഹ്​ത്​സ്​ ഫോർ വൺ പിക്ചർ ..’ ചിലർ പൈസ കൊടുത്തു അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ടു.

തായ് വിഭങ്ങളുടെ രുചി എനിക്ക് അത്ര ഹൃദ്യമായി തോന്നിയില്ല. കേരളീയ ഭക്ഷണം കഴിഞ്ഞിട്ടേ മറ്റെന്തിനോടും പ്രതിപത്തിയുള്ളൂ. പക്ഷെ മറ്റു നാടുകളിലെ വിഭവങ്ങൾ രുചിച്ചു നോക്കാൻ താൽപര്യ​പ്പെടാറ​ുണ്ട്. വെള്ളം പോലുള്ള ചാറിൽ മുങ്ങി കിടക്കുന്ന പച്ചക്കറി കഷ്ണങ്ങളും മാംസ തുണ്ടുകളും നൂഡിൽസും ആണ് അവിടെയുള്ളവർ കൂടുതലായി കഴിക്കുന്നത് കണ്ടത്. ചോറും ഒരു പ്രധാന ആഹാരമാണ്. പക്ഷെ നമ്മളെപോലെ 24  കൂട്ടം  കറികളും തോരനും അച്ചാറുമൊന്നും അവർക്കു സങ്കൽപ്പിക്കാൻ പോലുമാവുമെന്നു തോന്നുന്നില്ല. പച്ച ചോറും ഒരു മീനിന്റെയോ ഇറച്ചിയുടെയോ കഷണവും ഉണ്ടെങ്കിൽ അവർ ചോറുണ്ടോളും. ഞാൻ വീട്ടിലെ ചോറും കറികളും ഓർത്തു നെടുവീർപ്പോടെ മസാലകളൊന്നും ചേർക്കാത്ത, പ്രത്യേകിച്ച് ഒരു രുചിയും ഇല്ലാത്ത നൂഡിൽസ് വിശപ്പാറ്റാൻ വേണ്ടി മാത്രം കഴിച്ചു. ചില ദിവസങ്ങളിൽ ഇന്ത്യൻ, അറബിക് ഭക്ഷണശാലകൾ തേടി പിടിച്ചു മനസ്സിനെയും വയറിനെയും തൃപ്തിപ്പെടുത്തി.

തായ്‌ലൻഡിൽ പ്രധാനമായും ബുദ്ധ മത വിശ്വാസികളും ഇസ്​ലാം മതാനുയായികളുമാണുള്ളത്. കൂടാതെ ഹിന്ദു, സിക്ക് മതങ്ങളും പ്രചാരത്തിലുണ്ട്. ബുദ്ധ ദേവാലയങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. അവയുടെ തലയെടുപ്പും പ്രൗഢിയും ആരെയും ആകർഷിക്കും. അഹിംസ അടിസ്ഥാന തത്ത്വമായ ബുദ്ധ മതക്കാർ കൂടുതലുള്ള നാട്ടിൽ നോക്കുന്നിടത്തെല്ലാം മാംസ വിഭവങ്ങളുടെ നിറകാഴ്ചയാണ് ...

ഫ്ലോട്ടിങ് മാർക്കറ്റ്
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇവിടുത്തെ ഒരു പ്രധാന കച്ചവട കേന്ദ്രമാണ്  ഫ്ലോട്ടിങ് മാർക്കറ്റ്. പേര് സൂചിപ്പിക്കും പോലെ തന്നെ നീണ്ടു പല കൈവഴികളായ് തിരിഞ്ഞ തോടുകളിൽ ഒഴുകി നടക്കുന്ന ചെറുതോണികളും വെള്ളത്തിൽ കെട്ടിയുയർത്തിയ കൊച്ചു കടകളുമാണ് വിപണനകേന്ദ്രങ്ങൾ. തോണിയിൽ സഞ്ചരിച്ചു നമുക്ക് സാധനങ്ങൾ വാങ്ങാം. അതിലുപരി നമുക്ക് കണ്ടുപരിചയമില്ലാത്ത ഒഴുകും ചന്തയുടെ പ്രത്യേകതകൾ ആസ്വദിക്കാം.
വിൽപനക്ക്​ വെച്ചിരിക്കുന്ന പഴവർഗ്ഗങ്ങളുടെയും തായ് വിഭവങ്ങളുടെയും രുചി നുകർന്നുകൊണ്ടുള്ള ആ ജലയാത്ര അവിസ്മരണീയമായ അനുഭവമാണെന്നതിൽ സംശയമില്ല.

തോടുകളിൽ ഒഴുകി നടക്കുന്ന ചെറുതോണികളും വെള്ളത്തിൽ കെട്ടിയുയർത്തിയ കൊച്ചു കടകളുമാണ് വിപണനകേന്ദ്രങ്ങൾ
 

തോടിന്റെ ഇരുവശങ്ങളിലുമുള്ള പറമ്പുകൾ നമ്മുടെ നാടിനെ ഓർമ്മിപ്പിക്കും. നിറയെ തെങ്ങും മാവും വാഴയും മറ്റു ഫലവൃക്ഷങ്ങളും വളർന്നു നിൽക്കുന്നു. പക്ഷേ, കേരളത്തിലെ പോലെ നാട് മുഴുവൻ ഈ വൃക്ഷലതാദികൾ കാണപ്പെടുന്നില്ല.

വരൂ .. ആനയെ കുളിപ്പിക്കാം
ചിയാങ് മായ് എന്ന മലയോര പ്രദേശത്തേക്ക് ബാങ്കോക്കിൽ നിന്നും വിമാനയാത്ര വഴിയാണ് എത്തുന്നത്. അവിടെ ആദ്യം സന്ദർശിച്ചത് ആന വളർത്തുകേന്ദ്രമായിരുന്നു. ഒരു വന പ്രദേശത്തായിരുന്നു ഇത്.  മുൻകൂട്ടി ബുക്ക് ചെയ്തത് പ്രകാരം ഗൈഡ് വാനുമായി വന്ന് ഹോട്ടലിൽ നിന്നും ഞങ്ങളെ കൂട്ടികൊണ്ടു പോവുകയായിരുന്നു. വാനിൽ വേറെയും സഞ്ചാരികൾ ഉണ്ടായിരുന്നു. നിർദിഷ്ട സ്ഥലത്തു എത്തിയപ്പോൾ ഗൈഡ് ആനകളെ പറ്റിയും ആ കേന്ദ്രത്തെ പറ്റിയുമൊക്കെ വിശദീകരിച്ചു തന്നു. 2015  ൽ ആണ് ആന വളർത്തു കേന്ദ്രം തുടങ്ങിയത്. ഇപ്പോൾ സഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട ഇടമായ് അത് മാറിക്കഴിഞ്ഞു. ആനകളുടെ അടുത്തേക്ക് പോകും മുമ്പ്​ നമ്മുടെ വസ്ത്രം മാറ്റി വേറെ വസ്ത്രം അവർ ഇടാൻ തന്നു. മണ്ണും വെള്ളവുമൊക്കെ ആവാൻ സാധ്യതയുള്ളത് കൊണ്ടാണ് ഈ മുൻകരുതൽ. കൂടാതെ എല്ലാവർക്കും ഓരോ തുണി സഞ്ചിയും തന്നു. തുണ്ടമാക്കിയ കരിമ്പിൻ കഷണങ്ങൾ ഗൈഡി​​​​​​െൻറ നിർദേശപ്രകാരം ഞങ്ങൾ സഞ്ചിയിൽ വാരി നിറച്ചു. ആനകൾക്കുള്ള സമ്മാനമാണത്. ആനയുടെ അടുത്ത് നിൽക്കാനും തൊടാനും ആദ്യം അൽപം പേടി തോന്നിയെങ്കിലും പതിയെ എല്ലാവരും ആനകളുമായി ചങ്ങാത്തത്തിലായി. കരിമ്പിൻ തുണ്ടുകൾ വായിൽ വെച്ച് കൊടുത്തും ഗജവീരന്മാരെ തൊട്ടും തലോടിയും തുമ്പിക്കൈയിൽ പിടിച്ചും എല്ലാവരും ആ നിമിഷങ്ങൾ ഏറെ ആസ്വദിച്ചു.

തായ് യാത്രയിൽ കുട്ടികൾക്ക്​ ഏറ്റവും ഇഷ്ടമായത് ആനകളുമായി ഇടപഴകാൻ കിട്ടിയ അവസരമായിരുന്നു
 

ആന കുളിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലാത്ത എന്റെ മക്കൾക്ക്‌ ആനയെ കുളിപ്പിക്കാൻ കിട്ടിയ അവസരം ഏറെആഹ്ലാദമുണ്ടാക്കി. തുമ്പി​ൈക്കയിൽ വെള്ളമെടുത്തു ചീറ്റി ചില കുസൃതികൾ എല്ലാവരെയും നനച്ചു രസിപ്പിച്ചു. തായ് യാത്രയിൽ കുട്ടികൾക്ക്​ ഏറ്റവും ഇഷ്ടമായത് ആനകളുമായി ഇടപഴകാൻ കിട്ടിയ അവസരമായിരുന്നു.

കടുവകളുമായി അൽപം സൗഹൃദം
കടുവ വളർത്തു കേന്ദ്രം സന്ദർശിക്കണമെന്നത് മോളുടെ ആഗ്രഹമായിരുന്നു. അവൾ ഒരു മൃഗസ്നേഹിയാണ്. വഴിയിൽ കാണുന്ന പൂച്ചകളെയും പട്ടികളെയുമൊക്കെ ഒന്ന് തൊട്ടു തലോടാതെ പോകില്ല. വീട്ടിൽ ഒരു പൂച്ചയെ വളർത്തുന്നുമുണ്ടവൾ .

കടുവയുടെ വലിപ്പമനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും വലുതിനും കുട്ടി കടുവയ്ക്കും നിരക്ക് കൂടും. 18  വയസ്സിൽ താഴെയുള്ളവർക്ക് വലിയ കടുവയുടെ അടുത്ത് പ്രവേശനമില്ല. കടുവക്കൂട്ടിൽ കയറും മുമ്പ്​ വായിക്കാൻ തന്ന നിർദേശങ്ങൾ തെല്ലു ഭീതിയുണ്ടാക്കി മനസ്സിൽ. കടുവയുടെ മുമ്പിൽ നിൽക്കരുത്, വലിയ ശബ്ദങ്ങൾ ഉണ്ടാക്കരുത്, കാലിലോ വലിലോ ഒന്നും അറിയാതെ ചവിട്ടി പോകരുത് എന്നൊക്കെയായിരുന്നു നിർദേശങ്ങൾ. പ്രാർത്ഥനയോടെ കൂട്ടിനകത്തേക്ക് കയറി. ഞങ്ങൾ കയറിയ വിശാലമായ കൂട്ടിൽ മൂന്ന്​ കടുവകൾ ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചു ചെറിയ ആലസ്യത്തിൽ കിടക്കുന്നു കാട്ടിലെ വീര ശൂര പരാക്രമികൾ.  പേടിയോടെ മാറി നിന്ന ഞങ്ങളെ പരിശീലകൻ പ്രോത്സാഹപ്പിച്ചു. ഭയവും കൗതുകവും അന്ധാളിപ്പും ഒക്കെ ചേർന്ന വികാരത്തോടെ പതിയെ കടുവയുടെ ദേഹത്ത് തൊട്ടു.. പിന്നെ തലോടി .. അകലെ നിന്ന് മാത്രം കണ്ടിട്ടുള്ള ആ വന്യമൃഗത്തി​​​​​​െൻറ ദേഹത്ത് മുഖം ചേർത്ത് വെച്ചപ്പോൾ അധികമാർക്കും കിട്ടാത്ത ആ ഭാഗ്യത്തിൽ തെല്ലു ഗമ തോന്നിയോ ..!!

ഫിഫി എന്ന മനോഹര തീരം
ചിയാങ് മായിലെ മലമ്പാതകളും വനഭംഗിയും പിന്നിട്ട് ഞങ്ങൾ എത്തിച്ചേർന്നത് തായ്​ലൻഡി​​​​​​െൻറ തെക്കേ അറ്റത്തുള്ള ഫുകെറ്റ് എന്ന ദ്വീപിലേക്കാണ്. കടലോര വിനോദ സഞ്ചാര മേഖലയായ ഇവിടം സന്ദർശിക്കാതെ തായ്‌ലാൻഡ് യാത്ര പൂർണമാവില്ല. ചിയാങ് മയിൽ നിന്നും രണ്ടര മണിക്കൂർ വിമാന യാത്രയുണ്ട് ഫുക്കറ്റിലേക്ക് . തായ്‌ലൻഡിൽ സുലഭമായ മസ്സാജ് കേന്ദ്രങ്ങൾ ഫുക്കറ്റിൽ തുറസ്സായ കടൽ തീരത്തു പോലും കാണാം. തീരത്തെ മണ്ണിൽ സൂര്യ സ്നാനത്തിനായ് തലങ്ങും  വിലങ്ങും കിടക്കുന്ന വിദേശികൾക്കിടയിലൂടെ സൂര്യതാപത്തിൽ നിന്നും രക്ഷ തേടി തൊപ്പിയും ശീതീകരണ കണ്ണടയുമൊക്കെ ധരിച്ചു ഞങ്ങൾ നടന്നു.

കടലോര വിനോദ സഞ്ചാര മേഖലയായ ഫുകെറ്റ് സന്ദർശിക്കാതെ തായ്‌ലാൻഡ് യാത്ര പൂർണമാവില്ല
 

ഫുക്കറ്റിൽ എത്തിയതി​​​​​​െൻറ അടുത്ത ദിവസം രാവിലെയാണ് ഫിഫി ദ്വീപിലേക്കുള്ള യാത്ര ബുക് ചെയ്തിരുന്നത്. രാവിലെ ഡ്രൈവർ വണ്ടിയുമായി ഹോട്ടലിൽ എത്തി ഞങ്ങളെ ബോട്ട് പുറപ്പെടുന്നയിടത്തു എത്തിച്ചു. സ്പീഡ് ബോട്ട് ആണ് ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്. മുപ്പതോളം സഞ്ചാരികൾ ഉണ്ടായിരുന്ന ബോട്ടിൽ ഇന്ത്യയിൽ നിന്നുമുള്ളവർ ഞങ്ങൾ മാത്രം. വളരെ സ്പീഡിൽ ഓടിക്കൊണ്ടിരുന്ന ബോട്ട് ഇടയ്ക്കിടെ ചാഞ്ചാടുമ്പോൾ ആളുകൾ ആർത്തു വിളിച്ചു.. ഭയ കൊണ്ടാണോ രസം കൊണ്ടാണോ അവർ ഒച്ചയുണ്ടാക്കുന്നതെന്നു വ്യക്തമായില്ലെങ്കിലും എനിക്ക് അൽപം ഭയം തോന്നാതിരുന്നില്ല. ആദ്യമായാണ് കടലിലൂടെ ഇത്ര വേഗതയിൽ ഒരു യാത്ര.. മേൽക്കൂരയുള്ള ബോട്ട് ആയിരുന്നിട്ടും ഇടയ്ക്കിടെ വെള്ളം ചീറിയടിച്ചു ആളുകൾ നനഞ്ഞു കുതിർന്നു.

സ്‌നോർക്കലിംഗിനു വേണ്ടി ഇടയ്ക്കൊരിടത്തു ബോട്ട് നിർത്തി. എല്ലാവരും നീന്തൽ വസ്ത്രങ്ങളും മുങ്ങാംകുഴിയിടാനുള്ള ഉപകരണങ്ങളും ധരിച്ച്‌ വെള്ളത്തിലേക്ക് ചാടി. നീന്തൽ വശമില്ലാത്ത ഞാൻ മറ്റ് ചിലരോടൊപ്പം കാഴ്ചക്കാരിയായി മാറി നിന്നു. മക്കൾ കടലിൽ നീന്തുന്നതിൽ തെല്ല് പേടിയുണ്ടായിരുന്നെങ്കിലും അവരുടെ ആഗ്രഹത്തെയും ആവേശത്തെയും ഞാൻ തടഞ്ഞില്ല. ബോട്ടിൽ തിരിച്ചു കയറിയ മക്കൾ പറഞ്ഞു വളരെ രസകരമായിരുന്നു സ്‌നോർക്കലിംഗ് അനുഭവം എന്ന്. കടലിനടിയിലെ മീനുകളെയും കോറലുകളുമൊക്കെ കാണാൻ കഴിഞ്ഞുവെന്ന്.

ഫിഫി ദ്വീപിലെ കാഴ്​ചകൾ വിവരണാതീതം
 

ഒരു മണിക്കൂറിലേറെ നീണ്ട യാത്രക്കൊടുവിൽ ഫിഫി ദ്വീപിൽ ഞങ്ങൾ ഇറങ്ങി. ഇടയ്ക്കുള്ള കടൽ വഴിയിൽ പലയിടത്തും ഉയരമുള്ള വലിയ പാറകൾ തലയുയർത്തി നിൽക്കുന്നത്‌ ഒരു മനോഹര കാഴ്ചയായിരുന്നു. ആ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ബോട്ടുകൾ സഞ്ചരിക്കുന്നു. ജനവാസമുള്ള ഒരു ദ്വീപാണ് ഫിഫി. അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച് തീരത്തു അൽപനേരം വിശ്രമിച്ച ശേഷം വീണ്ടും ബോട്ടിൽ കയറി വേറൊരു ചെറിയ ദ്വീപിലേക്ക്‌ പോയി. അത് വെറുമൊരു തീരം മാത്രമാണ്. അവിടെ നിന്നും  പാറക്കെട്ടുകൾ ഉയർന്നു നിൽക്കുന്ന കടലിലേക്കുള്ള കാഴ്ചയുടെ മനോഹാരിത വർണ്ണനാതീതം. പളുങ്ക് പോലെയുള്ള വെള്ളത്തിൽ ഒന്ന് മുങ്ങി നിവരാൻ ആരും കൊതിക്കും. നീന്തലും ഫോട്ടോയെടുക്കലുമൊക്കെയായി ആളുകൾ ഉല്ലസിച്ചുകൊണ്ടിരുന്നു. ദൈവത്തിന്റെ ഉൽകൃഷ്ടമായ കരവിരുതിനെ മനസ്സാ നമിച്ചു പോകും ആ പ്രകൃതി ഭംഗി കണ്ടാൽ ..

കടലിനടിയിൽ കൗതുകകരമായ ഒത്തിരി കാഴ്​ചകളായിരുന്നു അവരെ കാത്തിരുന്നത്​
 

അവിടെ നിന്നും തിരിച്ച് ഫുക്കറ്റിൽ എത്തിയപ്പോഴേക്കും സായംകാലമായിരുന്നു. ബോട്ടിലെ ഗൈഡിനും സഹായികൾക്കും നന്ദി പറഞ്ഞു സുന്ദരമായ കാഴ്ചകൾ മനസ്സിലും ക്യാമറയിലും നിറച്ച്‌ എല്ലാവരും ഓരോ വഴിക്ക് പിരിഞ്ഞു.  ജീവിതത്തിൽ എത്രയെത്ര ആളുകളെയാണ് നാം കണ്ടുമുട്ടുന്നത്...! ചിലർ ഒരു നിമിഷ കാഴ്ച്ചയിൽ മറയുമ്പോൾ മറ്റു ചിലർ കുറെ നേരം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. കുറച്ചു ദിവസങ്ങൾ അവരുടെ മുഖവും ഓർമ്മകളും നമ്മുടെ മനസ്സിൽ നിലനിൽക്കുകയും പിന്നീട് മറവിയുടെ തിരശീലക്കുള്ളിൽ മറയുകയും ചെയ്യുന്നു. അപൂർവം ചിലരെ നമ്മൾ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു.. അവർ നമ്മുടെ സുഹൃത്തുക്കളാവുന്നു. ..വീണ്ടും പുതിയ മുഖങ്ങൾ കണ്ണിലൂടെ കയറിയിറങ്ങി പോകുന്നു.. എത്രയോ മുഖങ്ങൾ ഇനിയും കാണപ്പെടാനായ് ബാക്കി നിൽക്കുന്നു. .. പല ദിക്കുകളിൽ .. പല നാടുകളിൽ .. കാണാ കാഴ്ചകൾ തേടി .. അനുഭവങ്ങൾ തേടി യാത്രകൾ തുടരുന്നു...

സഇൗദ നടേമ്മൽ
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandphuket thailand്​floating marketfifi island thailandsaeeda nademmal
News Summary - travelogue through Sayam, Thailand
Next Story