ദാല്‍ വരയുന്ന വര്‍ണ ചിത്രങ്ങള്‍
text_fieldsദാല്‍ തടാകം പ്രകൃതിയുടെ ക്യാന്‍വാസാണ്. മേഘങ്ങള്‍ക്ക് മുഖം നോക്കാനുള്ള കണ്ണാടി. മരച്ചില്ലകള്‍ക്ക് ചിത്രം വരക്കാനുള്ള ഇടം. വെയില്‍ച്ചീളുകള്‍ രേഖീയ ചിത്രങ്ങളും അന്തിമേഘങ്ങള്‍ ജ്യാമിതീയ ചിത്രങ്ങളും വരക്കുമ്പോള്‍ വിശാലമായ തടാകത്തില്‍ അവിടവിടെയായി കാണുന്ന വലുതും ചെറുതുമായ ഹൗസ് ബോട്ടുകള്‍ അഴകുള്ള നിറച്ചാര്ത്തുകളാകുന്നു. മഞ്ഞണിഞ്ഞ പ്രഭാതത്തില്‍ അരിച്ചിറങ്ങുന്ന വെയിലിന്‍െറ പൊന്‍കണങ്ങള്‍ തട്ടിത്തെറിപ്പിക്കുന്ന ജലപ്പരപ്പിലെ കുഞ്ഞലകള്‍ ശ്രീനഗരമെന്ന സുന്ദര നഗരത്തെ പുതുവസ്ത്രം ധരിപ്പിക്കുകയാണ്. പിന്നെ നട്ടുച്ചയിലും സന്ധ്യക്കും നിലാവണിഞ്ഞ രാത്രിയിലും ദാല്‍ തടാകം ഓരോ തരത്തിലുള്ള വേഷമണിഞ്ഞ് സുന്ദരിയാകും. എപ്പോഴും ഈ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ മാറിമറിഞ്ഞുകൊണ്ടേയിരിക്കും. കാരണം, എപ്പോഴും ശിക്കാര വള്ളങ്ങള്‍ ഇങ്ങനെ ചലിച്ചുകൊണ്ടേയിരിക്കും. അതും മലിനമാക്കാത്ത ജലശുദ്ധതയിലൂടെ. ഇരുവശത്തേക്കും പങ്കായമൂന്നി ശിക്കാര വള്ളത്തിലുള്ള യാത്ര ഒരു ഭാവഗാനം കേള്‍ക്കുന്നതുപോലെ സുഖമാണ്. നമ്മുടെ കൊതുമ്പുവള്ളം പോലെ ചെറുതാണ് ശിക്കാര വള്ളങ്ങള്‍. കൂടാരംപോലെ കെട്ടിമറച്ച് കിന്നരി പിടിപ്പിച്ച കര്‍ട്ടനും ഇരിക്കാന്‍ സീറ്റുമുണ്ട്. ഇവിടെയത്തെിയാല്‍ ഒരു രാത്രി ഹൗസ് ബോട്ടില്‍ താമസം ടൂറിസം പാക്കേജിന്‍െറ ഭാഗമാണ്. നമ്മുടെ കുമരകത്തെപ്പോലെ ഹൗസ് ബോട്ടുകള്‍ സഞ്ചരിക്കാറില്ല. എല്ലാം സ്ഥിരമായി അവിടെ കെട്ടിയിട്ടിരിക്കുകയാണ്. നിരവധി വമ്പന്‍ ഹൗസ്ബോട്ടുകള്‍ ഇത്തരത്തിലുണ്ട്. അതിലേക്കത്തൊന് ശിക്കാര വള്ളത്തില്‍ ലഗേജുമായി പോകണം. ആഡംബര വീടിന്‍െറ എല്ലാ സംവിധാനങ്ങളോടെയുമാണ് ഹൗസ് ബോട്ടുകള്‍ വരിവരിയായി നിരന്നുകിടക്കുന്നത്.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ തുടങ്ങിയതാണ് ഇവിടെ ഹൗസ് ബോട്ടുകള്‍. ഉല്ലാസലോലുപരമായ ബ്രിട്ടീഷുകാര്‍ അവധിക്കാലം ഉല്ലസിക്കാനായി ചെലവിടുന്നതായിരുന്നു ഇവിടെ. അവരുടെ ആഡംബരത്തിന്‍െറ പ്രതീകമായാണ് ഇത്രയധികം ഹൗസ് ബോട്ടുകള്‍ ഇവിടെ കാണപ്പെടുന്നത്. മൂന്നും നാലും മുറിയുള്ളതാണ് ഹൗസ് ബോട്ടുകള്‍. ഒരു സ്റ്റാര്‍ ഹോട്ടലിന്‍െറ അകംപോലെ ആഡംബരപൂര്‍ണമായി അലങ്കരിച്ച മുറികള്‍. മനോഹരമായ വാള്‍പേപ്പര്‍ ഒട്ടിച്ചും വര്‍ണശബളമായ കര്‍ട്ടനുകളിട്ടും ആകര്ഷകമാക്കിയിട്ടുണ്ട്. മുന്നിലെ ഡെക്കില്‍ വന്നിരുന്നാല്‍ വര്‍ണവെളിച്ചത്തില്‍ മുങ്ങിനില്ക്കുന്ന ദാല്‍ തടാകവും ശിക്കാര വള്ളങ്ങളുടെ ചലനങ്ങളും നക്ഷത്രഖചിതമായ നീലാകാശത്തിന്‍െറ അനന്തതയുമൊക്കെ നോക്കിയിരിക്കാം. ഇവിടെയിരുന്ന് ഡിന്നറും കഴിക്കാം. ഓരോ ഹൗസ് ബോട്ടിനും യാത്രികരെ കൊണ്ടുവരുന്നതിനായി ശിക്കാര വള്ളങ്ങളുണ്ട്. കരയില്‍നിന്ന് ആളുകളെയും ലഗേജും കയറ്റി അവര്‍ തുഴഞ്ഞ് എത്തിക്കും.
ചാവേറാക്രമണങ്ങളുടെയും പട്ടാള വെടിവെപ്പിന്‍െറയുമൊക്കെ ഭീകരത ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന കശ്മീരിലാണ് നാമെന്ന് ഒരിക്കലും അവിടെയത്തെിയാല്‍ തോന്നുകയില്ല. നാം ദാല്‍ തടാകംപോലെ ശാന്തമായ മനസ്സോടെ കശ്മീര്‍ രാത്രികളെ സ്നേഹിക്കും. രാത്രികളില്‍ കശ്മീര്‍ കൂടുതല്‍ സജീവമാകും. വ്യവസായങ്ങളൊന്നും അധികമില്ലാത്ത ഈ സംസ്ഥാനത്ത് ടൂറിസവുമായി ബന്ധപ്പെട്ടാണ് പലരുടെയും ഉപജീവനം. അതിന് പറ്റിയ ഇടമാണ് ദാല്‍ തടാകത്തിന്‍െറ തീരം. ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന തടാകം ശ്രീനഗറില്‍ എവിടെനിന്നാലും കാണാം. നഗരത്തിന്‍െറ ഭാഗം തന്നെയാണീ തടാകം. ശിക്കാര വള്ളങ്ങളുമായി ധാരാളം പേര് ഉപജീവനം നടത്തുന്നു. ഹൗസ് ബോട്ടുകള്‍ തടാകത്തിന്‍െറ ഒരു ഭാഗത്ത് കെട്ടിയിടിരിക്കുകയാണ്. എന്നാല്‍ ഫ്ളോട്ടിംഗ് മാര്‍ക്കറ്റ് കശ്മീരിന്‍്റെ മാത്രം പ്രത്യേകതയാണ്. തടാകത്തിന്‍െറ ഒരുഭാഗത്ത് നിരനിരയായികെട്ടിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകളില്‍ നിറയെ കച്ചവടമാണ്. ഒരുസാധാരണ മാര്‍ക്കറ്റില്‍ കാണുന്ന പച്ചക്കറിയും ഇറച്ചിയും മറ്റ്പലവ്യജ്ഞനവസ്തുക്കളും കരകൗശലവസ്തുക്കളും വസ്ത്രങ്ങളും ഒക്കെ ഇവിടെലഭിക്കും. എല്ലാ കടകളും തുറന്നിരിക്കുന്നത് തടാകത്തിനഭിമുഖമായാണ്. നമുക്ക് ശിക്കാര വള്ളത്തില്‍ സഞ്ചരിച്ച് ഏതു കടയിലും എത്തി സാധനങ്ങള്വാങ്ങാം. രാത്രി മാര്‍ക്കറ്റും ഇവിടത്തെ പ്രത്യേകതയാണ്. പുഷ്പങ്ങളും പച്ചക്കറിയുമൊക്കെ വള്ളത്തില്‍ കൊണ്ടിറക്കിയാണ് കച്ചവടം. അനേകം ഹൗസ് ബോട്ടുകളില്‍ നിന്നും തീരത്തുനിന്നും ഒഴുകിയത്തെുന്ന പ്രകാശത്തില്‍ കുളിക്കുന്ന തടാകത്തിലുടെ വര്‍ണമഴപോലെ വള്ളത്തിലെത്തെിക്കുന്ന പൂക്കളും പച്ചകറികളും വല്ലാത്ത വശ്യചിത്രമാണ്.
നിരനിരയായി ഇട്ടിരിക്കുന്ന ഹൗസ് ബോട്ടുകളില്‍ ഒന്നില്‍നിന്ന് ഒന്നിലേക്ക് പോകാന്‍ എളുപ്പമാണ്. അങ്ങനെ പോകുന്ന വഴിക്കാണ് ഹൗസ് ബോട്ടില്‍ ഒരു വിവാഹ ആഘോഷം നടക്കുന്നത് കാണാന്‍ കഴിഞ്ഞത്. അത് കൗതുകത്തോടെ വീക്ഷിച്ച ഞങ്ങളെ അവര്‍ ക്ഷണിച്ചു. എല്ലാവരും ഒന്നിച്ചുള്ള ആഘോഷപൂര്‍വമായ വിവാഹചടങ്ങ്. ദീപാലംകൃതമായ പുഷ്പങ്ങള്‍ നിറച്ച തല്പങ്ങള് ധാരാളം നിരത്തിവച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും ഒന്നിച്ച് നൃത്തം വെച്ച് പാട്ടുപാടുകയാണ്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ആഘോഷമായിട്ടും യാത്രികരായ ഞങ്ങളെ അവര്‍ ക്ഷണിക്കപ്പെട്ട അതിഥികളെപ്പോലെയാണ് സ്വീകരിച്ചത്. കശ്മീരിന്‍െറ ആതിഥ്യ മര്യാദയുടെ മായാത്ത തെളിവായി ആ വിവാഹച്ചടങ്ങ്. ആഹാരം കഴിക്കാനും അവര്‍ക്കൊപ്പം നൃത്തം വെക്കാനും ഞങ്ങളെ അവര്‍ ക്ഷണിച്ചു. എല്ലാവരും വിവാഹച്ചടങ്ങിന്‍െറ ചിത്രങ്ങളുമെടുത്തു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ചുള്ള ആഘോഷ നൃത്തവും പട്ടും മറ്റൊരനുഭവമായി.
ദാല്‍ തടാകത്തിന്‍െറ തീരത്തെല്ലാം നിരവധി മനോഹരങ്ങളായ പാര്‍ക്കുകളുണ്ട്. അവിടെയെല്ലാം നാം മറ്റെവിടെയും കാണാത്ത അനേകം വൈവിധ്യമാര്‍ന്ന പൂക്കളുണ്ട്. പണ്ടുകാലം മുതല്‍ ടൂറിസത്തിന്‍െറ നാടായിരുന്നുകാശ്മീര് എന്നതിന് തെളിവാണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീര്‍ നിര്‍മിച്ച ഷാലിമാര്‍ പാര്‍ക്ക്. തടാകത്തിന്‍െറ വിശാല സൗന്ദര്യത്തിലേക്ക് മുഖം നട്ടിരിക്കുന്ന പാര്‍ക്കില്‍ വലിയ ജലധാരകളും വൈവിധ്യമാര്‍ന്ന പൂക്കളും മരങ്ങളുമാണുള്ളത്. പാര്‍ക്കിനും തടാകത്തിനുമിടയിലെ വിശാലമായ സ്ഥലത്ത് കല്ലുമാലകളും വളകളും കശ്മീരി ഷാളും മറ്റുമായി നിരവധി കച്ചവടക്കാരെയും കാണാം. കശ്മീരികള്‍ മാത്രമല്ല, ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമൊക്കെ എത്തുന്ന കച്ചവടക്കാരുമുണ്ട്. പാര്‍ക്കിന്‍െറ ഒരുഭാഗത്ത് കണ്ണുകാണാത്ത ഒരു വൃദ്ധഗായകന്‍ നാടോടി കശ്മീരി ഗാനം പാടുന്നത് കേട്ടു. എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ച ആ പാട്ടുകാരന് പലരും പണം നല്കി നടന്നുനീങ്ങി.
മാനസ്ബാല്‍ രാഷ്ട്രീയ റൈഫിള്‍സിന്‍െറ കുമോണിലെ പട്ടാള ക്യാമ്പ് സന്ദര്‍ശിക്കാനാണ് ഇനിയുള്ള യാത്ര. കശ്മീരിന്‍െറ വിവിധ മേഖലകളിലായി തീവ്രവാദികളെ നേരിടാനായി 1991ല്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സേനാവിഭാഗമാണ് രാഷ്ട്രീയ റൈഫിള്‍സ്. കശ്മീര്‍ ജനതക്ക് സുരക്ഷ നല്‍കുകയാണ് ഇവരുടെ ദൗത്യം. ക്യാമ്പില്‍ നിന്ന് നേരത്തേ അനുമതി ലഭിച്ചിരുന്നു. അവിടേക്ക് ഞങ്ങള്‍ വാടകക്കെടുത്ത ലോക്കല്‍ ടെമ്പോ വാനിലാണ് യാത്ര ചെയ്തത്. പഴഞ്ചന്‍ വണ്ടിയില്‍ അത്ര സുഖകരമല്ല യാത്ര. വഴിക്ക് ഒരു പെണ്‍കുട്ടി കൈ കാണിച്ചു. ഇത് ലൈന്‍ വണ്ടിയല്ല എന്നു പറഞ്ഞ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അവള് അതിലേക്ക് ചാടിക്കയറി. കൈയിലൊരു പൊതിയുണ്ട്. വണ്ടിയുടെ ക്ളീനറോട് അവളുടെ ഭാഷയില്‍ എന്തോ പറഞ്ഞശേഷം ഇത്രയധികം ആണുങ്ങളായ അപരിചിതരെ കണ്ടു യാതൊരു ഭാവഭേദവുമില്ലാതെ അവള് ഹൃദ്യമായി ചിരിച്ചു. ആമിന എന്ന നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്നു അവള്. ക്ളാസ്കഴിഞ്ഞ് വണ്ടികിട്ടാതെ വലഞ്ഞപ്പോള്‍ വഴിയില്‍ കണ്ട വണ്ടിക്ക് കൈകാണിക്കുകയായിരുന്നു.
പിന്നെ അടുത്തിരുന്നവരെ പരിയപ്പെട്ടു. ഒരുപാട്ടു പാടാന്‍ ആരോ ഹിന്ദിയില്‍ ആവശ്യപ്പെട്ടതോടെ അവള് പാട്ടുപാടാന്‍ തുടങ്ങി. രസകരമായ നാടന്‍പാട്ട്. വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ആടിയുലഞ്ഞ് പോകുന്ന വണ്ടിയില്‍ വളരെ താളാത്മകമായിരുന്നു ആ പാട്ട്. പിന്നീടവള്‍ കൈയിലിരുന്ന പൊതിയഴിച്ച് എല്ലാവര്ക്കും ആപ്പിള്‍ തന്നു. ഒരു നാടന്‍ പെണ്കുട്ടിയുടെനിഷ്കളങ്ക സ്നേഹവും ഈയാത്രയിലെ മറക്കാനാവാത്ത അനുഭവമായി.
പട്ടാളം ചെയ്യുന്ന സേവനങ്ങളെക്കുറിച്ചായിരുന്നു ക്യാമ്പില്‍ വിവരിച്ചത്. രാഷ്ട്രീയ റൈഫിള്‍സിനെക്കുറിച്ച് പത്രങ്ങളിലും മാധ്യമങ്ങളിലും നിറയുന്ന വാര്‍ത്തകള്‍ ശരിയല്ല എന്നായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. തോക്കെടുത്ത് വെടിവെക്കാനും ആളുകളെ വിരട്ടാനുമല്ല തങ്ങളുടെ കൂടുതല്‍ സമയവും മെനക്കെടുത്തുന്നത്, മറിച്ച് ജനസേവനം ചെയ്യാനാണെന്നാണ് അവരുടെ വാദം. സൈന്യം ഇടക്കിടെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താറുണ്ട്, നേരിട്ട് സ്കൂള്‍ നടത്തുന്നുണ്ട്, തൊഴിലില്ലാത്തവരെ കണ്ടത്തെി അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. തങ്ങളുടെ പരിധിയിലുള്ള എല്ലാ സിവിലിയന്മാരുമായും നിരന്തരം ബന്ധപ്പെടുന്നവരും അവരുടെ ക്ഷേമം അന്വേഷിക്കുന്നവരുമാണ് തങ്ങളെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. കൃഷിയും കച്ചവടവുമായി ജീവിക്കുന്ന കശ്മീരികളില്‍ പട്ടിണി വളരെ കുറവാണെന്നാണ് സൈന്യത്തിന്‍െറ കണ്ടത്തെല്‍.
മഞ്ഞുകാലത്ത് ദാല്‍ തടാകം ഒരു മഞ്ഞുകട്ടയായി മാറും. അതിനു മുകളില്‍ സ്കേറ്റിംഗ് നടത്താം. എന്നാല്‍, മനുഷ്യവാസം തന്നെ അസാധ്യമാകുന്ന തരത്തിലുള്ള തണുപ്പായിരിക്കും ആ സമയത്ത് അവിടെയുണ്ടാവുക. മഞ്ഞുറയുന്ന കശ്മീര്‍ ഒരിക്കലും ഉരുകിയൊലിക്കാത്ത ഓര്‍മയായിരിക്കും ഓരോ യാത്രികനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.