തവാങ്: ഒരു മഴയോര്‍മ
text_fieldsഅരുണാചലിലെ തവാങില്‍മഞ്ഞിനും മഴക്കും ജീവിതത്തിനും ഇടയിലൂടെ മാഞ്ഞുപോയസന്യാസിനിയെ യാത്രികന്‍ ഓര്‍ക്കുന്നു
രാവിലെ മുതല്‍ ചിന്നിത്തൂവിക്കൊണ്ടിരുന്ന മഴയില്‍ തവാങ് വല്ലാതെ തണുത്തുതുടങ്ങിയിരുന്നു. നിരത്തുകളില്‍ തിരക്കുകളില്ല. കമ്പിളി ചുറ്റി കുനിഞ്ഞ് പുകമഞ്ഞില്‍ മറഞ്ഞും തെളിഞ്ഞും മനുഷ്യര്‍. ഏതോ പ്രേതകഥയിലെന്നതുപോലെ നിശ്ശബ്ദരായും മന്ദഗതിയാര്‍ന്നും തെരുവുകളിലൂടെ ഇപ്പോള്‍ ഇങ്ങനെ നടക്കുക സുഖകരമാണ്. തെരുവുകള്‍ ആകെയും മൂകമാണെങ്കിലും ഇടക്ക് ചില പട്ടാളവണ്ടികള്‍ മാത്രം ഇരമ്പിക്കടന്നുപോകുന്നുണ്ട്. നിരത്തിന്‍െറ ഓരം ചേര്‍ന്ന് ചെറിയൊരു ഡാബയില്‍ ചായ നുണഞ്ഞിരിക്കുമ്പോള്‍ അപ്പുറത്തെ ഇടുങ്ങിയ ഒരു വഴിയിലൂടെ കയറിപ്പോകുന്ന ബുദ്ധ സന്യാസിമാരെ കണ്ടു. പുകമഞ്ഞില്‍ അവരുടെ വസ്ത്രത്തിന്‍െറ കുങ്കുമവര്‍ണം ഏതാണ്ട് കറുപ്പിലേക്ക്പടരുന്നതുപോലെ. ‘ത്രീ വിച്ചെസ്’ എന്നതുപോലെ അവര്‍ ഇടുങ്ങിയ വഴിയിലൂടെ ഉള്ളിലേക്ക് മറഞ്ഞു. അവിടേക്കുതന്നെ ശ്രദ്ധിച്ചിരുന്ന എന്നോട് ഡാബ നടത്തുന്ന ലങ്ങ്ഷാ എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു: അവിടെ ബുദ്ധസന്യാസിമാരുടെ ആശ്രമമുണ്ട്. ചെറുപ്പക്കാരന്‍െറ വേരുകള്‍ തിബത്തിലാണ്. തിബത്തില്‍നിന്ന്പലായനം ചെയ്തു വന്നവരാണ് മാതാപിതാക്കള്‍. പലായന കാലത്ത് ദലൈലാമ ഇവിടെ തവാങ്ങിലും വന്നു പാര്‍ത്തിരുന്നുവല്ളോ. മുറിഞ്ഞുപോയ വേരുകളില്‍ നിന്ന് ജീവിതം തളിര്‍പ്പിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന എന്‍െറ ചോദ്യം അവന് അത്ര മനസ്സിലായില്ല. എങ്കിലും അയാളുടെ വിടര്‍ന്ന ചിരിയിലും എന്തൊക്കെയോ അഭാവങ്ങളുണ്ട്.
മഴ തൂവി നിറയുന്നുണ്ട്. പ്രേതങ്ങള്‍ തെരുവുകളില്‍ മുനിഞ്ഞു നടക്കുന്നുണ്ട്. തവാങ് തണുപ്പിന്‍െറയും നിശ്ശബ്ദതയുടെയും വലിയ പുതപ്പിലാണ്. പട്ടാള വണ്ടികളുടെ സൈറണുകള്‍ ഇടക്ക് സമയം പിളരുന്നുണ്ട്. ഞാന്‍ സന്യാസിനിമാരുടെ ആശ്രമത്തിലേക്കുള്ള ഇടവഴി കയറി. ദൂരെ മലഞ്ചെരിവുകളില്‍ മഞ്ഞ്പടര്‍ന്നിറങ്ങുന്നു. ഇടുങ്ങിയ വഴിയുടെ അറ്റത്ത് നനഞ്ഞ കരിങ്കല്‍നടകളുണ്ട്. നടകള്‍ കയറിച്ചെല്ലവേ ചെറിയൊരങ്കണം. ഒരു ഭാഗത്ത് ദേവാലയം. മറുവശത്ത് സന്യാസിനികള്‍ വസിക്കുന്ന ഇടം. ഒരു വൃദ്ധസന്യാസിനി വന്ന് ദേവാലയത്തിന്‍െറ വാതില്‍ തുറന്നുതന്നു. അകത്ത് ഇരുളും തണുപ്പും ചുവര്‍ചിത്രങ്ങളും ചിത്രപ്പടവിരികളും. തണുപ്പില്‍ ഇരുളിലേക്ക് കണ്ണുമിഴിക്കുന്ന സുവര്‍ണബുദ്ധന്‍. തണുത്ത ശബ്ദശൂന്യതയിലമര്‍ന്ന് വാദ്യങ്ങള്‍. അസഹനീയമായ ഏകാന്തതയായിരുന്നു അകത്താകെയും. അരിച്ചരിച്ച് ഇറ്റി വീഴുന്ന സമയം. ശ്വാസം മുട്ടിയെന്നത് പോലെ ഞാന്‍ പുറത്തുകടന്നു. വൃദ്ധ പുറത്ത് താക്കോല്‍ക്കൂട്ടവുമായി നില്‍പുണ്ട്. വിശേഷിച്ച് ഭാവങ്ങളൊന്നുമില്ലാത്ത പ്രായത്തിന്‍െറ ചാലുകള്‍ പതിഞ്ഞ മുഖം. വാതിലുകളടച്ച് വൃദ്ധമഠത്തിലേക്ക് നടന്നു. അകത്ത് കുറെ ആളുകളുണ്ട്. എങ്കിലും ശബ്ദങ്ങളില്ല. മഞ്ഞിലും ചിന്നുന്ന മഴയിലും തണുത്ത് നിശ്ശബ്ദമായ ആലയം.
പൊടുന്നനെ മുന്നിലെ ഒരു വശത്തെ മുറിയുടെ ജനല്‍പാളി തുറന്നു. യുവതിയായ ഒരു സന്യാസിനിയുടെ മുഖം പ്രത്യക്ഷമായി. അവളുടെ മുഖഭാവം വായിക്കാനാവുന്നില്ല. ശാന്തമോ അശാന്തമോ... അറിയില്ല. മഴനാരുകളിലേക്ക് തറഞ്ഞ ചകിതമായ നോട്ടത്തില്‍ എന്തെല്ലാമോ അഭാവങ്ങളുണ്ട്. മലഞ്ചെരുവില്‍ നിന്ന് മേഞ്ഞുമേഞ്ഞു വരുന്ന മഞ്ഞ് ജനല്‍കാഴ്ചയെ അമൂര്‍ത്തമാക്കി. അവളുടെ വെളുത്ത മുഖം മഞ്ഞിലേക്ക് അവ്യക്തമായിത്തീരുന്നുണ്ട്. പുകമഞ്ഞില്‍ കാഴ്ചകളും ജീവിതവും ചുരുങ്ങിവന്നു. അവള്‍ ജനാലയടച്ചു.
രാന്തയുടെ മൂലയില്‍ ത്രീ വിച്ചെസ് മഞ്ഞില്‍ അലിഞ്ഞിരിപ്പുണ്ട്. നേര്‍ത്ത ശബ്ദത്തില്‍ മന്ത്രങ്ങളുരുവിടുന്നുമുണ്ട്. ഞാന്‍ അടഞ്ഞ ജനാലയിലേക്ക് തിരിഞ്ഞുനോക്കി പതുക്കെ നടന്നു. അത് അടഞ്ഞേ കിടക്കുന്നു. പുറത്ത് പതുങ്ങി വിഷാദിക്കുന്ന മഞ്ഞ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.