Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ നയാഗ്രയിലേക്ക്

text_fields
bookmark_border
ഇന്ത്യയുടെ നയാഗ്രയിലേക്ക്
cancel

സത്യം പറയാമല്ളോ, ഗോവയിലേക്ക് തീരുമാനിച്ച ട്രിപ്പായിരുന്നു. എന്തുകൊണ്ടോ അതുനടന്നില്ല. എടുത്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തപ്പോള്‍ 120 രൂപ വെച്ച് ഫൈനെടുത്തിട്ട് ബാക്കി തുക ഇന്ത്യന്‍ റെയില്‍വേ തിരിച്ചുതന്നു. വീട്ടിലും കൂട്ടുകാരോടുമെല്ലാം ഗോവന്‍ യാത്രയുടെ കാര്യം പറഞ്ഞതിനാല്‍ ആ ദിവസങ്ങളില്‍ മുങ്ങാതെ തരവുമില്ല. അങ്ങനെയാണ് യേര്‍ക്കാടിനും ഹൊഗനക്കലിനും നറുക്ക് വീഴുന്നത്. ആ നറുക്ക് ഒരിക്കലും പാഴായില്ല.  യേര്‍ക്കാടിന്‍െറ നനുനുത്ത ഹെയര്‍പിന്‍ വളവുകളുടെ ഓര്‍മകളുമായി രാത്രി സേലത്തെ ഹോട്ടല്‍മുറിയില്‍ കഴിച്ചുകൂട്ടി. പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റ് റെഡിയായി നമ്മുടെ ‘നയാഗ്ര’യിലേക്ക്...
സേലം ബസ് സ്റ്റാന്‍ഡില്‍നിന്ന് ധര്‍മപുരിയിലേക്ക് വന്നയുടന്‍ ബസ് കിട്ടി. നഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ട് തമിഴ് നാടിന്‍െറ ഹൃദയഭൂമിയിലൂടെ ഒരു ബസ് യാത്ര. കത്തുന്ന വെയിലില്‍ പാതിതളര്‍ന്നെങ്കിലും ഹൊഗനക്കല്‍ സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയപ്പോള്‍ ഇളം തണുപ്പ്. ഹോട്ടല്‍ ഏജന്‍റിന്‍െറ വലയില്‍വീണ് അയാളുടെ പിറകേ ഹോട്ടല്‍മുറിയിലേക്ക്. ബസ് യാത്രയുടെ ആലസ്യം മുഴുവല്‍ ഹോട്ടല്‍ മുറിയിലെ വിശാലമായ കുളിമുറിയില്‍ ഒഴുക്കിക്കളഞ്ഞ് പാറകൂട്ടത്തിലെ തെളിവെള്ളം കണക്കെ ഞങ്ങള്‍ ഹൊഗനക്കലിന്‍െറ ഹൃദയത്തിലേക്ക് ഓടിക്കയറി. കരിമ്പാറക്കൂട്ടങ്ങളിലേക്ക് ആര്‍ത്തലച്ചുവീഴുന്ന തൂവെള്ളത്തുള്ളികള്‍ക്കിടയിലൂടെയുള്ള യാത്ര മാത്രമാണ് മനസ് നിറയെ.  തമിഴ്നാട് കര്‍ണാടക അതിര്‍ത്തി ഗ്രാമമാണ് ഹൊഗനക്കല്‍. ബാംഗ്ളൂരില്‍ നിന്ന് 160 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹൊഗനക്കലത്തൊം. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് ഹൊഗനക്കല്‍. ധര്‍മപുരി നഗരത്തില്‍നിന്ന് 46 കിലോമീറ്റര്‍ സഞ്ചരിക്കണം ഹൊഗനക്കലത്തൊന്‍. ഹൊഗനക്കല്‍ എന്ന വാക്കില്‍ തന്നെയുണ്ട് ആ സ്ഥലത്തിന്‍െറ പ്രത്യേകത. ഹോഗ്, കല്‍ എന്നീ കന്നഡ വാക്കുകള്‍ ചേര്‍ന്നാണ് ഹൊഗനക്കല്‍ എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത്. ഹോഗ് എന്നാല്‍ പുക. കല്‍ എന്നാല്‍ വലിയ പാറ. മലമുകളിലെ ഉല്‍ഭവങ്ങളില്‍ നിന്ന് വന്‍ പാറകളിലേക്ക് ആര്‍ത്തലച്ചുവീഴുന്ന വെള്ളം കണ്ടാല്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നുപൊന്തുംപോലെ തന്നെ. ശരിക്കും ഹൊഗനക്കല്‍ ഒരു പുകപ്പാറ തന്നെ. തമിഴര്‍ മാരിക്കോട്ടയം എന്നാണ് ഹൊഗനക്കലിനെ വിളിക്കുക.
 വഴിയരികില്‍ കണ്ട തമിഴത്തിയില്‍നിന്ന് കൂട്ടുകാരന്‍ വാങ്ങിയ തോട് കപ്പലണ്ടി അധികം വൈകാതെ ഒരു വാനരന്‍ തട്ടിയെടുത്ത് അവന്‍െറ മുഖത്തേക്ക് നോക്കി ഇളിച്ചുകാട്ടി. അണ്ടിപോയ അണ്ണാനെപ്പോലെ അവന്‍ ഒരു നിമിഷം നിന്നെങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് വാനരപ്രഭുവിനെ നിസഹായനായി ഒന്നുനോക്കി. വീണ്ടും നടപ്പ്. കാട്ടുചോലയുടെ ഇരുവഴികളും കുരങ്ങുകളുടെ വിളയാട്ടമാണ്. വഴിയോരകച്ചവടക്കാരെ അവര്‍ക്ക് പേടിയുണ്ടെന്ന് തോന്നുന്നു. അവരുടെ സാധനങ്ങളൊക്കെ യഥാസ്ഥാനങ്ങളില്‍തന്നെയുണ്ട്. സുന്ദരികളായ തമിഴ് സ്ത്രീകള്‍ ഞങ്ങളുടെ വട്ടംകൂടി. മീന്‍വാങ്ങി തന്നാല്‍ കറക്കം കഴിഞ്ഞുവരുമ്പോഴേക്കും നല്ല മുളകുപോട്ട് വറുത്ത് വെക്കാം എന്ന ഓഫറുമായി അവര്‍ മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ക്കിടയിലേക്ക് ഞങ്ങളെ കൂട്ടി. ആണുങ്ങള്‍ പുഴയില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്ന മീനുകള്‍ സഞ്ചാരികള്‍ക്ക് വില്‍ക്കുന്ന സ്ത്രീകള്‍. കിലോക്ക് 70 രൂപ മുതല്‍ മുകളിലേക്ക് വില. അത് വാങ്ങി അടുക്കളക്കാരികളായ സ്ത്രീകള്‍ക്ക് കൊടുത്താല്‍ അവര്‍ മസാലയൊക്കെ ചേര്‍ത്ത് വറുത്തുവെക്കും. കിലോക്ക് 30 രൂപയാണ് മീന്‍ വറുത്ത് തരുന്നതിന്. അടുക്കളകളുടെ ഒരുകൂട്ടം തന്നെ ഹൊഗനക്കല്‍ കാണാം. പഴയ വട്ടത്തോണികള്‍ തൂണുകളില്‍ നിര്‍ത്തിയാണ് അടുക്കളകള്‍ പണിതിരിക്കുന്നത്. ഇങ്ങനെ നൂറോളം അടുക്കളകള്‍ അവിടെ കാണാം. മീന്‍ വറുത്ത് വില്‍ക്കുന്ന സ്ത്രീകളും സജീവമാണ്.  
   തെളിനീരില്‍ ഒരു ഒൗഷധക്കുളി
ഹൊഗനക്കലിലെ പ്രധാന വിനോദ ഉപാധികളില്‍ ഒന്നാണ് ഒൗഷധക്കുളി. നീരൊഴുക്കുള്ള പാറപ്പുറങ്ങളില്‍ തുറസായ സ്ഥലത്താണ് ഓയില്‍ മസാജിങും ഒൗഷധക്കുളിയും. പാരമ്പര്യ വൈദ്യന്‍മാര്‍ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടരാണ് ഇതിന്‍െറ നടത്തിപ്പുകാര്‍. വെള്ളച്ചാട്ടം ആസ്വദിക്കാനത്തെുന്നവര്‍ക്കും ഒരു കാഴ്ചയാണ് ഈ ഒൗഷധക്കുളി. പാറപ്പുറത്തുകിടത്തി ശരീരം മുഴുവന്‍ തൈലംപുരട്ടി ഉഴിഞ്ഞ ശേഷം വിശ്രമിക്കുക. പിന്നീട് പ്രത്യേകം തരംതിരിച്ചിട്ടുള്ള വെള്ളച്ചാട്ടത്തിന് കീഴില്‍നിന്നാണ് ഒൗഷധനീരാട്ട്.  നൂറുകണക്കിന് സഞ്ചാരികളാണ് ഒൗഷധക്കുളിക്കായി ഇറങ്ങുന്നത്.
കാഴ്ചകളൊക്കെ കണ്ട് ഒടുക്കം ഞങ്ങള്‍ വട്ടവഞ്ചിയില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ഏഴുപേര്‍ക്ക് മൂന്നു മണിക്കൂറിന് 1500 രൂപ പറഞ്ഞുറപ്പിച്ച് ഞങ്ങള്‍ കൊട്ടവഞ്ചിയില്‍ കയറിയിരിപ്പായി. ഞങ്ങളെയും കൊണ്ട് മുത്തുചാമി വെള്ളച്ചാട്ടത്തിന്‍െറ ആഴങ്ങളിലേക്ക്...
അളക്കാനാവാത്തത്ര ആഴമുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെഒരു ആലില പോലെ ഞങ്ങള്‍ എട്ടുപേരെയും കൊണ്ട് ആ വട്ടത്തോണി ആടിയുലഞ്ഞ് മുന്നോട്ടുപോയി. മുളയില്‍ തീര്‍ത്തതാണ് വട്ടത്തോണി. ടാറും പ്ളാസ്റ്റിക്കും ഉപയോഗിച്ച് വാട്ടര്‍പ്രൂഫാക്കിയിരിക്കും. ഈ വട്ടത്തോണിയെ തമിഴന്‍ പാരിസാല്‍ എന്നുവിളിക്കുന്നു. കന്നഡികന്‍ ഹരിഗോലു എന്നും. യാതൊരു സുരക്ഷാക്രമീകരണവും അതിനുള്ളിലില്ല. കൂട്ടത്തില്‍ ഉയരംകുറഞ്ഞ എന്നത്തെന്നെ ‘മധ്യസ്തനാക്കി’ തോണിയുടെ മധ്യത്തിലിരുത്തി. പോരുമ്പോള്‍ പഴിതീര്‍ക്കാനെന്നോണം തോണിക്കാരനെടുത്തിട്ട രണ്ട് സേഫ്റ്റി ബാഗില്‍ ഒരെണ്ണം ഞാന്‍ സ്വന്തമാക്കി അല്‍പം അസഹിഷ്ണുതയോടെതന്നെ നടുവിലിരുന്നു. അല്‍പം കഴിഞ്ഞില്ല തോണിയില്‍ വെള്ളം കിനിഞ്ഞ് എന്‍െറ മൂട് മുഴുവന്‍ നനഞ്ഞു. ഭയത്തോടെ കാര്യം പറഞ്ഞ എന്നെ മുത്തുച്ചാമി തെല്ളൊരു പരിഹാസത്തോടെ നോക്കി. കൂട്ടുകാര്‍ അപ്പോള്‍ കാട്ടുരാജാവ് വീരപ്പന്‍െറ സത്യമംഗലം കാടുകളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു. വീരപ്പന്‍ മേഞ്ഞുനടന്ന കാട്ടില്‍പോകണമെന്ന എന്‍െറ ധീരമായ ആവശ്യത്തെ കൂടെവന്ന കൂട്ടുകാരും അല്‍പനേരം മുമ്പ് ഒപ്പംകൂടിയ മുത്തുച്ചാമിയും ചെറുത്തു തോല്‍പ്പിച്ചു. പരിഭവങ്ങള്‍ക്കിടയിലും കാവേരി നദിയുടെ ഉല്‍ഭവം മതിവരാതെ കണ്ട് കുട്ടവഞ്ചിയില്‍ ആടിയുലഞ്ഞ് ഞങ്ങള്‍ നടന്നു. ബ്രഹമഗിരി മലനിരകളില്‍ നിന്നാണ് കാവേരിയുടെ ഉല്‍ഭവം. കടുത്ത വേനല്‍ക്കാലമായിട്ടും ഇരുപതിലധികം വെള്ളച്ചാട്ടങ്ങള്‍ ചെറുതും വലുതുമായി ഞങ്ങള്‍ കണ്ടു. മെഴുകുപോലെയുള്ള കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണം കണക്കെയാണ് പെരിയാര്‍ ഉല്‍ഭവിച്ചൊഴുകുന്നത്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഹൊഗനക്കല്‍ വെള്ളച്ചാട്ടം കാണാം. വെള്ളച്ചാട്ടത്തേക്കാള്‍ ഇവിടെ നമ്മളെ അമ്പരപ്പിക്കുക കരിമ്പാറക്കൂട്ടങ്ങളാണ്. കരിവീരന്‍മാര്‍ അണിനിരന്നപോലെയാണത്. അവക്കിടയിലുള്ള നേര്‍ത്ത ചാലിലൂടെയാണ് വട്ടത്തോണി പോകുന്നത്. മഴ അധികമില്ലാത്ത സമയങ്ങളില്‍ മാത്രമേ കൊട്ടവഞ്ചിയില്‍  യാത്ര അനുവദക്കൂ. അധികം അപകടമില്ലാത്ത വെള്ളച്ചാട്ടത്തിനു കീഴില്‍ മുത്തുചാമി ഞങ്ങളുടെ വള്ളം അടുപ്പിച്ചു. എല്ലാവരും ആര്‍ത്തുവിളിച്ച് വെള്ളത്തിലേക്ക്. സാധാരണ വെള്ളച്ചാട്ടങ്ങള്‍ക്കുള്ള തണുപ്പ് അവിടെയില്ല. കൂട്ടത്തില്‍ ഭീരുവായ ഞാന്‍ കാഴ്ചക്കാരനായി കരയില്‍നിന്നു. മലമുകളിലെ മരത്തിന്‍െറ കൊമ്പിലിരുന്ന എന്നോട് മുത്തുച്ചാമി പറഞ്ഞുതുടങ്ങി, ഹൊഗനക്കലിന്‍െറ ചരിത്രവും  വര്‍ത്തമാനവും ജാതി സ്പര്‍ധയും ഒക്കെ. മീനവര്‍, വണ്ണിയര്‍ എന്നീ സമുദായത്തില്‍പെട്ടവരാണ് ഹൊഗനക്കല്‍ താമസിക്കുന്നത്. വണ്ണിയര്‍ സമുദായത്തിനാണ് മേല്‍ക്കൈ. ഹൊഗനക്കല്‍ വാട്ടര്‍ഫാള്‍സിന് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മീനവര്‍ ജാതിക്കാര്‍ 400ഓളം കുടുബങ്ങള്‍ വരും. മുത്തുച്ചാമി മീനവര്‍ ജാതിയില്‍പെട്ട ആളാണ്. വണ്ണിയര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ക്രൂരതയില്‍ മനംമടുത്ത് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് മുത്തു പറഞ്ഞു. ഈ ടൂറിസ്റ്റ് സങ്കേതമല്ലാതെ ഹൊഗനക്കല്‍ വേറെ യാതൊന്നുമില്ല ജീവനോപാധിയായി. കുടില്‍ വ്യവസായമോ കൃഷിയോ ഇല്ലാത്ത ഭൂമി. കടകളും മറ്റും മുഴുവന്‍ വണ്ണിയര്‍ സമുദായത്തിന്‍െറ കൈകളിലാണ്. മീനവര്‍ക്ക് ഈ വെള്ളച്ചാട്ടവും അതിലെ മീനുകളും മാത്രം. ചിലദിവസങ്ങളില്‍ പട്ടിണിയാണെന്ന് മുത്തു പറഞ്ഞു. മുത്തുവിന് ഒരു മകനാണുള്ളത്. അവന്‍ നഗരത്തില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്നു. അവനുവേണ്ടിയാണ് രാപ്പകല്‍  വഞ്ചിയൂന്നുന്നതെന്ന് അയാള്‍ പറഞ്ഞു. ഹൊഗനക്കല്‍ ഒന്നു മുതല്‍ എട്ടാംതരം വരെ പഠിക്കാനുള്ള ഒരു സ്കൂളാണുള്ളത്. തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ച് മറ്റൊരു നഗരത്തിലത്തെണം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അതിന് കഴിയാറില്ല. മിക്ക വീകളിലും അതിനാല്‍തന്നെ പെണ്‍കുട്ടികള്‍ക്ക് പഠനം നിഷേധിച്ചിരിക്കുന്നു. ആണ്‍കുട്ടികളെ പുറത്ത് പഠനത്തിനയക്കുന്നു. പഞ്ചായത്തുകള്‍ ഭരിക്കുന്നതും മേല്‍ജാതിക്കാരാണ്. അവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ലത്രേ. മാസം കൃത്യമായി റേഷന്‍ കിട്ടും എന്നത് മാത്രമാണ് നിലവില്‍ അധികാരികളെക്കൊണ്ടുള്ള ഗുണം. പട്ടിക്കുപോലും വേണ്ടാത്ത ഇരുപതു കിലോ അരിയും ഏതാനും സാധനങ്ങളും. അതുമില്ലങ്കില്‍ ജീവിതം പട്ടിണിതന്നെ. മുത്തുവിന്‍െറ കഥക്കിടയിലൂടെ ഞങ്ങള്‍ വീണ്ടും തീരത്തേക്ക്.
എന്നാല്‍ മീനവര്‍ യഥാര്‍ഥ മീനവര്‍ അല്ളെന്നും അവര്‍ കന്നഡയില്‍നിന്നും തക്കം പാര്‍ത്ത് ഇവിടേക്ക് കുടിയേറിയരാണെന്നും മടക്കയാത്രയില്‍ ബസില്‍ പരിചയപ്പെട്ട വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്നാട്ടിലെ യഥാര്‍ഥ മീനവര്‍ ചെന്നൈയിലും രാമേശ്വരത്തും ആണ് ഉള്ളതെന്നുംഅയാള്‍ സ്ഥാപിച്ചു. ജാതിച്ചൂടിന്‍െറ ചുട്ടുപൊള്ളുന്ന വെണ്‍ചൂളക്കിടയിലും ഹൊഗനക്കല്‍ മുത്തുമണിക്കിലുക്കവുമായി സഞ്ചാരികളെ കാത്ത് അങ്ങനെ അണിഞ്ഞെരുങ്ങി ഇവിടെയുണ്ട്. ഈ വെള്ളച്ചാട്ടങ്ങളെ പ്രണയിക്കുന്ന കരിമ്പാറക്കെട്ടുകള്‍ അവയെ എന്നെന്നും കാത്തുവെക്കും ഇവിടെയത്തെുന്നവരെ കാട്ടിക്കൊടുക്കാന്‍.

ചിത്രം : ഷെമീം. വി.കെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story