ഒറ്റ ഫ്രയിമില്‍ ഒതുങ്ങാത്ത കാടുകള്‍
text_fields
നീലഗിരി മലനിരകളുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് മുതുമല. കര്‍ണാടകയും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മുതുമല വന്യജീവി ദേശീയോദ്യാനം കടുവാ സങ്കേതം കൂടിയാണ്. നെല്ലക്കോട്ട, കാര്‍ഗുഡി, മുതുമല, തെപ്പക്കാട് എന്നിങ്ങനെ അഞ്ചു വനമേഖലകളാണ് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്നത്. സംരക്ഷിത വനത്തിനകത്തുള്ള മസിനഗുഡി ഗ്രാമത്തെ കുറിച്ച് നേരത്തെ കേട്ടിരുന്നു. പരമ്പരാഗത തമിഴ് ഗ്രാമം വെളിയില്‍ നിന്നുള്ള സ്വാധീനത്തിന് വഴങ്ങി ചെറുപട്ടണത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞുനില്‍ക്കുന്നു. മസിനഗുഡി വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണെന്ന് തോന്നും. അത്രയേറെ റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്.
കൃഷിയും മൃഗപരിപാലനവും പ്രധാന വരുമാന മാര്‍ഗങ്ങള്‍ ആണെങ്കില്‍കൂടി പുതുതലമുറ ആതിഥ്യ മേഖലയില്‍ കൂടുതല്‍ തല്‍പരരാണ്. വിവിധ ഭാഷകള്‍ അവര്‍ സ്വായത്തമാക്കിയിരിക്കുന്നു. വാഹനം നിര്‍ത്തി ഏതുഭാഷയില്‍ ചോദിച്ചാലും മറുപടി കിട്ടും. വനത്തിലൂടെയുള്ള ചെക്ക് പോസ്റ്റുകള്‍ കടന്നുപോകുമ്പോള്‍ അവിടെയുള്ള ജീവനക്കാര്‍ വണക്കം പറയും. കടകളില്‍ ഒരിടത്തും പ്ലാസ്റ്റിക് കാരി ബാഗുകള്‍ കൊടുക്കില്ല.
മുതുമലയുടെ പ്രകൃതി ഭംഗിയും കാലവസ്ഥയുമാണ് പ്രധാന ആകര്‍ഷണം. 14 മുതല്‍ വേനലില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. ശൈത്യകാലമായ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സുഖകരമായ 20^22 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഇടക്ക് ചാറ്റല്‍ മഴയും പ്രതീക്ഷിക്കാം. തെപ്പക്കാട് മുതല്‍ മസിനഗുഡി വരെയുള്ള ഏഴു കിലോമീറ്റര്‍ വനത്തിലൂടെയുള്ള റോഡ് യാത്ര ആഹ്ലാദകരമാണ്.
കാട്ടുപോത്ത്, മാനുകള്‍, വിവിധ തരം പക്ഷികള്‍ എന്നിവയെ എമ്പാടും കാണാം. റോഡില്‍ എവിടെയും വാഹനം നിര്‍ത്തിയിടാന്‍ അനുവാദമില്ല.
അനേകം കണ്ണുള്ള കാട്
പുലര്‍ച്ചെ അഞ്ചരയോടെ തന്നെ തുറന്ന ജീപ്പുമായി അബ്ബാസ് എത്തി. മുന്നില്‍ വാതിലിനോട് ചേര്‍ന്നുള്ള സീറ്റില്‍ കാമറയുമായി ഞാന്‍ ഇരിപ്പുറപ്പിച്ചു. റോഡില്‍ നിന്ന് മാറി ജീപ്പ് ബഫര്‍ സോണിലേക്ക് കിതച്ചു കയറി. പിന്നീടുള്ളത് കാട്ടുപാതയാണ്. മൂടല്‍ മഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വനം.
എന്തെന്നില്ലാത്ത ഉദ്വേഗം. ഗൗരവം വിടാതെ അബ്ബാസ് പാതക്കിരുവശവും നോക്കുകയാണ്. അബ്ബാസിന്റെ കണ്ണുകളെ ഞാന്‍ പിന്തുടര്‍ന്നു. ഇപ്പോള്‍ അടിക്കാടുകള്‍ വകഞ്ഞുമാറ്റിയാണ് ജീപ്പിന്റെ യാത്ര. ഹെഡ് ലൈറ്റിനു പുറമേ നേര്‍ത്ത പുലര്‍കാല വെട്ടം. കാടിനകത്തേക്ക് കയറിപ്പോകുമ്പോള്‍ മയിലുകളുടെ പരുക്കന്‍ സംഗീതം.മയിലുകളുടെ വര്‍ണഭംഗിയുമായി ഒരു തരത്തിലും ഇണങ്ങാത്തതാണ് അവയുടെ ശബ്ദം.
വെളുത്ത രോമാവരണത്തില്‍ കറുത്ത മുഖമുള്ള തവിടന്‍ ലങ്ഗൂര്‍ വാനരര്‍ കാട്ടുജ്വാല പൂക്കള്‍ ആസ്വദിച്ച് അകത്താക്കുകയാണ്. ശരീരത്തിന്റെ ഇരട്ടിയോളം നീളമുള്ള വാലുകള്‍ ഇവയുടെ പ്രത്യേകതയാണ്.
അല്‍പമകലെ വലിയ മരങ്ങള്‍ക്കിടയില്‍ സമ്പര്‍ മാനുകള്‍ മേഞ്ഞു നടക്കുന്നു. അല്‍പനേരം അവിടെ വാഹനം നിര്‍ത്തി ആ കാഴ്ച കണ്ടു. വനത്തിലെവിടെയും വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് അപകടകരമാണ്. ആനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്ന വലിയൊരു ജലാശയം. ആനയിറങ്ങുന്ന ജലാശയത്തിന്റെ അരികുകള്‍ ഉരലുകള്‍ ഉപയോഗിച്ച് ഇടിച്ചതുപോലുള്ള പാടുകള്‍ കാണാം.
വേനലില്‍ ജലക്ഷാമം നേരിടുമ്പോഴും ആനകള്‍ മണ്ണില്‍ കുഴിയുണ്ടാക്കാറുണ്ട്. അവിടെ ഇറങ്ങാതെ വയ്യായിരുന്നു. എന്നെ മാത്രം ഇറങ്ങാന്‍ അനുവദിച്ച് അബ്ബാസ് വനത്തിന്റെ ഇരുട്ടിലേക്ക് ജാഗ്രതയോടെ നോക്കി നിന്നു. സുരക്ഷയെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാതിരുന്ന ഞാന്‍ ആ ചെറുപ്പക്കാരന്റെ വേവലാതിയില്‍ അമ്പരന്നു.
കുന്നുകള്‍ക്കിടയില്‍ വെള്ളം ഒലിച്ചിറങ്ങി രൂപപ്പെട്ട ചോലക്കാട്. അതിനുചുറ്റും വലിയ മരങ്ങള്‍ക്കിടയിലൂടെ വളരെ ദൂരേക്ക് കാണാം. ചോലവനത്തിനകത്ത് ഇരുട്ടാണ്. ഇതിനകത്ത് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വണ്ടി അകത്തേക്ക് ഇറക്കി തുടങ്ങിയിരുന്നു. അകാരണമായ ഭീതി പൊതിഞ്ഞുനിന്നു. വൃക്ഷത്തലപ്പുകളില്‍ ലങ്ഗൂറുകള്‍ അപായഭീഷണി മുഴക്കുന്നു.
പുതിയ വഴികള്‍ ഉണ്ടാക്കിയാണ് വാഹനം പോകുന്നത്. വലിയ മരങ്ങളുടെ വേരുകളില്‍ ചക്രങ്ങള്‍ കയറിയിറങ്ങി. പിടിച്ചിരുന്നില്ലെങ്കില്‍ വെളിയിലേക്ക് വീഴും. പുല്ലും കരിയിലയും നിറഞ്ഞ ചതുപ്പിലെന്നപോലെ ഒന്നുരണ്ടു വളവുതിരിവുകള്‍. പെട്ടെന്നായിരുന്നു അലര്‍ച്ച, കാടിന്റെ നിശബ്ദത ഭേദിച്ച് ആനയുടെ ചിന്നം വിളി. വണ്ടിയുടെ തൊട്ടു മുന്നിലായി പിടിയാന ഓടിയടുക്കുന്നു. വന്യമായ ആകസ്മികതയില്‍ ഒരു നിമിഷം വിറങ്ങലിച്ചുപോയി.
ഇരുട്ടില്‍ ആനയുടെ കണ്ണുകള്‍ തിളങ്ങി, തൊട്ടുപിറകെ കുഞ്ഞുമുണ്ട്. കുഞ്ഞുങ്ങള്‍ ഉണ്ടങ്കില്‍ ആന ആക്രമിക്കുമെന്ന് കേട്ടിട്ടുണ്ട്. 'കവലപ്പെടാതെ സര്‍' പതിഞ്ഞ സ്വരത്തില്‍ ഡ്രൈവര്‍ പറഞ്ഞു. അയാള്‍ക്ക് പറയാം. പതുക്കെ പിറകോട്ട് നീങ്ങാന്‍ ഞാന്‍ ഡ്രൈവറോട് പറഞ്ഞു. അയാള്‍ ലൈറ്റുകള്‍ അണച്ച് എഞ്ചിന്‍ റൈസ് ചെയ്ത് ഒച്ച കൂട്ടിക്കൊണ്ടിരുന്നു.
വൈദ്യുതാഘാതമേറ്റ പോലെ ആയിരുന്നു ഞങ്ങള്‍. കഴുത്തില്‍ തൂങ്ങിക്കിടന്ന കാമറ എടുത്തുയര്‍ത്താന്‍ പോലും അശക്തനായിരുന്നു. ഞങ്ങളുടെ ജീപ്പ് കയറ്റത്തിലാണ്. ആന മുകളിലും. ഏതാനും നിമിഷങ്ങള്‍. മുറം പോലുള്ള ചെവികള്‍ ഞങ്ങളിലേക്ക് കൂര്‍പ്പിച്ച്, തുമ്പിക്കൈ ഉയര്‍ത്തി അവള്‍ ഞങ്ങളുടെ നേരെ വീണ്ടും പാഞ്ഞുവന്നു. വീണ്ടും ചിന്നം വിളി. ഇക്കുറി ജീപ്പിന്റെ ബമ്പറിന്റെ നാലടിയോളം അകലെ വന്നാണ് നിന്നത്.
മുന്‍ വശത്തെ ചില്ലില്‍ മുഴുവനായും ആനയുടെ മസ്തകവും തുറന്ന വായും നിറയുന്ന ഫ്രെയിം. അബ്ബാസ് ആക്‌സലറേറ്ററില്‍ ആഞ്ഞുചവിട്ടി. ജീപ്പ് വന്യമായ ശബ്ദത്തില്‍ മുരണ്ടു. പിന്നിലായിരുന്ന കുട്ടിയാന കുറ്റിക്കാട്ടിലേക്ക് പതിയെ മറഞ്ഞു. പിടിയാനയും പിന്നിലേക്ക് അടിവെച്ചു നീങ്ങി അപ്രത്യക്ഷയായി.
ആത്മവിശ്വാസവും അഹന്തയും അലിഞ്ഞില്ലാതായ നിമിഷം. മനുഷ്യന്റെ നിസാരതയും നിസഹായതയും സ്വയം ബോധ്യപ്പെടുന്ന നിമിഷങ്ങള്‍. ഒരു ഫ്രെയിമിലും ഒതുക്കാനാവാത്ത ഉള്‍ക്കിടിലം. സ്വകാര്യ ഓപറേറ്ററാണ് ഞങ്ങളുടെ സഫാരി ഏര്‍പ്പാട് ചെയ്തിരുന്നത്. ഡ്രൈവര്‍ അല്ലാതെ ഒരു സുരക്ഷാ സംവിധാനവും ഉണ്ടായിരുന്നില്ല. തമിഴ് നാട് വനം വകുപ്പിന്റെ ആന സഫാരി ഇല്ലാഞ്ഞതിനാലാണ് ഞങ്ങള്‍ സ്വകാര്യ വാഹനം ആശ്രയിച്ചത്.
മുതുമലയിലെ ജൈവ വൈവിധ്യം
1986 ല്‍ രൂപവല്ക്കരിച്ച രാജ്യത്തെ ആദ്യ ജൈവ മണ്ഡലമായ നീലഗിരി ബയോസ്ഫിയറില്‍ ഏഷ്യന്‍ ആനയും കടുവയുമാണ് പ്രധാനമായും സംരക്ഷിക്കപ്പെടുന്നത്. രാജ്യത്ത് കാണുന്ന 58 മാംസ ഭുക്കുകളില്‍ 19 ഉം ഇവിടെ കാണുന്നു. അനേകം ഉരഗങ്ങള്‍, ഉഭയജീവികള്‍, സസ്തനികള്‍, പറവകള്‍ എന്നിവയും മുതുമലയിലുണ്ട്. പുള്ളിമാന്‍, കുരമാന്‍, കരിമ്പുലി, മലയണ്ണാന്‍, കഴുതപ്പുലി, കാട്ടുപോത്ത് എന്നിവയും മേഖലയുടെ ജൈവ സമ്പന്നതയുടെ ഉദാഹരണമാണ്. നിരവധി പുല്‍ വര്‍ഗങ്ങള്‍, മുളകള്‍, തേക്ക്, റോസ് വുഡ് എന്നീ മരങ്ങളും കാണുന്നു. 260 ഇനം പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട്. ചാര വേഴാമ്പല്‍, മക്കാച്ചിക്കാട തുടങ്ങിയ അപൂര്‍വ പറവകളും ഇവിടെയുണ്ട്.
ഇവിടെ ആനക്കും പെന്‍ഷന്‍
തമിഴ് നാട് വനം വകുപ്പിന്റെ തെപ്പക്കാട്ടുള്ള ആന കേന്ദ്രത്തില്‍ 20 ഓളം ആനകളുണ്ട്. ഇവിടെ സമീകൃതാഹാരം ഉണ്ടാക്കുന്നത് വളരെ രസകരമാണ്. ദിവസം രണ്ടുനേരം ആനകള്‍ക്ക് ആഹാരം കൊടുക്കും ആ നേരത്താണ് സന്ദര്‍ശകരെ അനുവദിക്കുക. പണിയെടുക്കുന്നവക്കും സഫാരിക്ക് പോകുന്നവക്കും പ്രത്യേകം റേഷനാണ്. പ്രായമേറിയ ആനകള്‍ക്ക് പെന്‍ഷന്‍ എന്ന നിലക്കാണ് ആഹാരം നല്‍കുന്നത്. ഇവിടെ രണ്ടാനകള്‍ പെന്‍ഷന്‍ പറ്റുന്നവരാണ്.
മുതിര, റാഗി, ശര്‍ക്കര, ഉപ്പ്, ചോറ്, തേങ്ങ, കരിമ്പ്, ധാതുലവണ മിശ്രിതം എന്നിവ ഒന്നായി കുഴച്ച് വലിയ ഉരുളയാക്കി ആനയുടെ വായില്‍ വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. രണ്ടുരുളകള്‍ ഏതാണ്ട് 25 കിലോ വരും. പിന്നെ ആവശ്യമുള്ളത്ര പനമ്പട്ടയും വെള്ളവും. കട്ടകളാക്കി ഒരുക്കിവെക്കുന്ന പട്ടികയിലുള്ള ആഹാര സാധനങ്ങള്‍ പ്രത്യേക മേശയില്‍ നിരത്തി വെക്കും.
തീറ്റുന്നതിനു തൊട്ടു മുമ്പാണ് കൂട്ടിയോജിപ്പിക്കുന്നത്. പത്തോളം തൊഴിലാളികള്‍ ഇവിടെയുണ്ട്. നിരനിരയായി നിര്‍ത്തിയ ആനകള്‍ തൊഴിലാളികള്‍ വരുമ്പോള്‍ തുമ്പിക്കൈ ഉയര്‍ത്തി വായ തുറന്നു വെക്കുന്നു. എന്തെങ്കിലും കാരണവശാല്‍ ഒരാന ഉരുള കഴിച്ചില്ലെങ്കില്‍ അത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അവശിഷ്ടം തിന്നാന്‍ ധാരാളം കാട്ടുപന്നികള്‍ എത്തും.
എത്തിച്ചേരുന്നതിന്
ഉത്തര കേരളത്തില്‍ നിന്ന് തളിപ്പറമ്പ ഇരിട്ടി കേളകം മാനന്തവാടി സുല്‍ത്താന്‍ ബത്തേരി ഗുഡലൂര്‍ മുതുമല. 187 കി.മി.
കോഴിക്കോട്ടു നിന്ന് മാവൂര്‍ അരീക്കോട് ചുങ്കത്തറ ഗുഡലൂര്‍ മുതുമല. 114 കി.മീ.
ഊട്ടി, കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും നൂറില്‍ താഴെ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുതുമലയില്‍ എത്താം.
അനുബന്ധ സൗകര്യങ്ങള്‍:
വാഹന സഫാരി: രാവിലെ 6 മുതല്‍ 10 വരെ.
വൈകിട്ട് 2 മുതല്‍ 6 വരെ.
ആളൊന്നിന് 135 രൂപ നിരക്കില്‍.
ആന സഫാരി : 7 മുതല്‍ 8.30 വരെ / 4 മുതല്‍ 6 വരെ
ആളൊന്നിന് 860 രൂപ നിരക്കില്‍
ആന ക്യാമ്പ് സന്ദര്‍ശനം: രാവിലെ 8.30 9 മണി, വൈകുന്നേരം:4 മുതല്‍ 5.30 വരെ.
ഫോണ്‍: 0423 2526235 / മുന്‍കൂര്‍ ബുക്കിംഗ് : 04232445971
www.muthumalaitigerfoundation.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.