Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightജുനാഗഡ്: ഒരു...

ജുനാഗഡ്: ഒരു ചരിത്രസ്മാരകം

text_fields
bookmark_border
ജുനാഗഡ്: ഒരു ചരിത്രസ്മാരകം
cancel

ഗിര്‍നാര്‍ പര്‍വതനിരകളോടും ഗീര്‍വനങ്ങളുടെ വടക്കന്‍ ഭാഗങ്ങളോടും ചേര്‍ന്ന് പഴയ സൗരാഷ്ട്ര പ്രവിശ്യയില്‍ ഗുജറാത്ത് സംസ്ഥാനത്തിന്‍െറ തെക്കെ അറ്റത്ത് വലുതല്ലാത്ത ചെറിയ പുരാതന പട്ടണം -ജുനാഗഡ്. ചരിത്രാതീത കാലങ്ങളില്‍ ഗിര്‍നഗര്‍, ജിര്‍ണാ ദര്‍ഗ എന്നൊക്കെ അറിയപ്പെട്ട ജുനാഗഡിന്‍െറ രൂപവത്കരണം സംബന്ധിച്ച തെളിവുകള്‍ ഉപ്പര്‍കോട്ട, സുദര്‍ശന്‍ ലേക് എന്നിവയിലെ ശിലാലിഖിത പരാമര്‍ശങ്ങളില്‍നിന്നും ലഭ്യമാണ്.
 വേണ്ടത്ര സംരക്ഷണമില്ലാതെ ഇന്ത്യാ ചരിത്രത്തിലെ പ്രൗഢിയോടെ നില്‍ക്കുന്ന തകര്‍ന്നതും അല്ലാത്തതുമായ നിരവധി കോട്ടകളുടെ അവശിഷ്ടങ്ങളാലും ചരിത്ര സ്മാരകങ്ങളാലും മനോഹരമായ പൂര്‍വിക കെട്ടിടങ്ങളാലും ഈ പഴയ നാട്ടുരാജ്യം വിസ്മയിപ്പിക്കുന്നു. 15ാം നൂറ്റാണ്ടിന്‍െറ അന്ത്യത്തോടെ രജപുത്ര വംശം അവരുടെ തലസ്ഥാനം ഗുജറാത്തിലെ വല്ലഭിലേക്ക് മാറ്റിയതോടെ  ഇതിന്‍െറ പ്രാധാന്യം അസ്തമിച്ചു.
തുടര്‍ന്ന് ഗുജറാത്ത് മുസ്ലിം ആധിപത്യത്തിലായതോടെ ഏറെക്കാലം മുഗള്‍ നവാബ് ഭരണത്തില്‍ ഇന്നത്തെ ജുനാഗഡായി രൂപംകൊണ്ടു. മുഗള്‍വംശം ഇതിനെ അവരുടെ ഒരു പ്രധാന വാസസ്ഥലവുമാക്കി. പിന്നീട് ഡല്‍ഹിയിലെ രാഗിദാറുടെ കീഴില്‍ ഒരു പ്രധാന പ്രദേശമായി ജുനാഗഡ് വീണ്ടും മാറി.
മുഗളരുടെ ഒത്താശയില്‍ 17ാം നൂറ്റാണ്ടിന്‍െറ മധ്യത്തോടെ ബാബിവംശത്തിലെ നവാബുമാരുടെ ഭരണത്തിലായി. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ ഈ നവാബ് വംശം ഇവിടെ വാണു. വിഭജനാനന്തരം സൗരാഷ്ട്രയിലെ മറ്റു നാട്ടുരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചതോടെ നവാബ് ഭരണത്തിന് അന്ത്യംകുറിച്ചു. അവസാനത്തെ നവാബ് മുഹബ്ബത്ത് ഖാന്‍ മൂന്നാമന്‍ ലയനം സ്വീകരിക്കാതെ പാകിസ്താനിലേക്ക് പലായനംചെയ്തു.
1748ല്‍ മുഹമ്മദ് ഷേര്‍ ഖാന്‍ ബഹദൂര്‍ഖാഞ്ചിയുടെ ഭരണത്തില്‍ തുടങ്ങി ഒമ്പതു നവാബുമാര്‍ ജുനാഗഡിന്‍െറ ഭരണം കൈയാളി. ജുനാഗഡിലെ പുരാതന കെട്ടിടങ്ങളും രാജകീയത നിറംമങ്ങിയ വിശാലകൊത്തളങ്ങളും ചരിത്ര സ്മരണകളുണര്‍ത്തി ഇന്നുമുണ്ട്.
മായിഗദ്ദേജി എന്നറിയപ്പെടുന്ന നഗര പ്രവേശകവാടത്തിനു സമീപം മസ്ജിദും ശവകുടീരവും കാണാം. 1284ല്‍ അബ്ദുല്‍ ഖാസിം ബിന്‍ അല്‍ അബ്റാഹിയാല്‍ നിര്‍മിക്കപ്പെട്ടതാണിതെന്ന് അതിന്‍െറ പൂമുഖവാതില്‍പ്പടിക്കു മുകളില്‍ കൊത്തിവെച്ചിട്ടുണ്ട്.
തൊട്ടുള്ള ശവകുടീരം പുരുഷസ്പര്‍ശമേല്‍ക്കാത്ത ഹൈന്ദവ കന്യകയുടേതാണെന്നു പറയപ്പെടുന്നു. ഈ കന്യക ഇസ്ലാം ആശ്ളേഷിച്ചതാണെന്നും അതല്ല, പട്ടണത്തിന്‍െറ കവാട കാവല്‍ക്കാരനായ ഗാദ്ദിവി കുടുംബത്തെ മുഹമ്മദ് ബേഗ് എന്ന ഭരണാധികാരി മൊത്തം കൊലചെയ്തപ്പോള്‍  സതി നടത്താന്‍ ആഗ്രഹിച്ച് സ്വയം മണ്ണില്‍ മൂടപ്പെടുകയാണുണ്ടായതെന്നും പറയപ്പെടുന്നു. അവരുടെ കൈപ്പത്തി ശവകുടീരത്തില്‍നിന്ന് ചില നാളുകളില്‍ പുറത്തേക്കു പ്രദര്‍ശിപ്പിക്കാറുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
ബരാസാഹിബ് മസ്ജിദും മഖ്ബറയുമാണ് മറ്റൊരു മുസ്ലിം ചരിത്രസ്മാരകം. 12 രക്തസാക്ഷികളുടെ ഖബറുകളാണ് ഈ പള്ളിയോടനുബന്ധിച്ചുള്ളത്.
എ.ഡി 1369ല്‍ സൗരാഷ്ട്രാ ഗവര്‍ണറായ സഫര്‍ഖാന്‍ ജുനാഗഡ് കീഴടക്കി. പിന്നീട് റാഹ് ജയ്സിങ് അദ്ദേഹത്തെ പരാജയപ്പെടുത്തിയപ്പോള്‍ സഫര്‍ഖാന്‍ സമാധാന ദൗത്യവുമായിചെന്ന 12 പേരെ കൊലപ്പെടുത്തിയെന്നും അതല്ല  അവര്‍ സ്വയം മരണംവരിച്ചുവെന്നും പറയപ്പെടുന്നു.
അതിമനോഹരമായ ശില്‍പസാങ്കേതികതയാല്‍ സന്ദര്‍ശകരെ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു മഖ്ബറയും ഇതിനടുത്തുണ്ട്. നവാബ് മുഹബ്ബത്ത്ഖാന്‍ രണ്ടാമന്‍െറ  മാതാവിന്‍െറ ഭൗതിക ശരീരം അടക്കം ചെയ്തതാണിത്.
മുഗള്‍ രാജാക്കന്മാരും സില്‍ബന്തികളും പേര്‍ഷ്യയില്‍നിന്നും ലോകത്തിന്‍െറ മറ്റു ഭാഗങ്ങളില്‍നിന്നും ശേഖരിച്ച അമൂല്യങ്ങളും അപൂര്‍വശ്രേഷ്ഠവുമായ വസ്തുക്കള്‍ പിന്നീട് ബാബിവംശ ഭരണാധികാരികളായ നവാബുമാരില്‍ ചെന്നുചേര്‍ന്നു. 1947 നവംബര്‍ ഒമ്പതിന് അവസാന നവാബ് മുഹബ്ബത്ത്ഖാന്‍ കീഴടങ്ങിയശേഷം രാജ്കോട്ട് റീജനല്‍ കമീഷണര്‍ ഈ അപൂര്‍വ ശേഖരങ്ങള്‍ 1964ല്‍ ദര്‍ബാര്‍ ഹാള്‍ മ്യൂസിയം എന്നപേരില്‍ 1977ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
നവാബുമാരുടെ ദര്‍ബാര്‍ നടത്താറുള്ള കച്ചേരി എന്ന ഹാളില്‍ തന്നെയാണ് ഈ അപൂര്‍വശേഖരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 1901ല്‍ സ്ഥാപിക്കപ്പെട്ട ജുനാഗഡ് ചരിത്ര മ്യൂസിയം അതിന്‍െറ പൗരാണിക ചരിത്രത്തിന് സാക്ഷിയായും ഇവിടെയുണ്ട്.
മുസ്ലിം രാജാക്കന്മാരെപ്പോലെതന്നെ ഹിന്ദു രാജാക്കന്മാരാലും ജുനാഗഡ് സമ്പന്നമായിരുന്നു. ഹൈന്ദവ-ബുദ്ധ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന സ്ഥലങ്ങളും ഇവിടെയുണ്ട്. അശോക ചക്രവര്‍ത്തിയുടെ ശാസനങ്ങള്‍ കൊത്തിവെച്ച കൂറ്റന്‍ പാറപ്പുറവും ദാമോദര്‍ കുണ്ഡും ഉപ്പര്‍കോട്ടയും അവയില്‍ പ്രധാനപ്പെട്ടവയാകുന്നു.
ഛത്രപാലികയെന്ന ഹിന്ദുരാജാവിനാല്‍ ദാമോദര്‍ കുണ്ഡ് തടാകതീരത്ത് പണിതതാണ് ദാമോദര്‍ജി ക്ഷേത്രം. അതല്ല, ശ്രീകൃഷ്ണന്‍െറ മരുമകന്‍ വജ്രനാഥ് ഉണ്ടാക്കിയതാണെന്നും പറയപ്പെടുന്നുണ്ട്. ഈ തടാകതീരത്തുവെച്ചാണ് ശ്രീകൃഷ്ണന്‍ നരസിംഹ് എന്ന മഹാകവിയുടെ കഴുത്തില്‍ പുഷ്പമാലയണിയിച്ചതായി വിശ്വസിക്കപ്പെടുന്നത്.
ഇന്ത്യാ ചരിത്രത്തിലെയും പുരാണേതിഹാസങ്ങളിലെയും തിളങ്ങുന്ന ഒരു നാടായിരുന്നു ജീര്‍ണാദുര്‍ഗ് എന്ന ജുനാഗഡ്. ചരിത്രവിദ്യാര്‍ഥികളുടെയും സഞ്ചാരപ്രിയരുടെയും നിരീക്ഷണങ്ങളില്‍ അത്ര പരാമര്‍ശങ്ങളില്ലാതെപോയ ഒരു പട്ടണമായി ഇതിനെ കണക്കാക്കാം.
ഏതാനും കാതം അകലെയുള്ള മലയാളികളാല്‍ സമൃദ്ധമായ വെരാവെല്‍ പട്ടണം കേരളത്തിന്‍െറ ആനുകാലികങ്ങളില്‍ ഏറെ സ്ഥലം പിടിച്ചുപറ്റിയപ്പോഴും മലയാളികള്‍ ജുനാഗഡ് ശ്രദ്ധിക്കപ്പെടാതെപോയി. ചരിത്രപരമായ ഒരുപാട് കഥകളും ഐതിഹ്യങ്ങളും സമ്പന്നമാക്കിയ ജുനാഗഡ് ഹിന്ദു-മുസ്ലിം സങ്കര സംസ്കാരങ്ങളാല്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്.
വേണ്ടത്ര ശ്രദ്ധയോ, പരിപാലനമോ ലഭിക്കാതെ ജുനാഗഡ് എന്ന പുരാണ പട്ടണവും നാശത്തിലേക്ക് തെന്നിപ്പോവുമോ? ജുനാഗഡ് കാണുന്ന സഞ്ചാരിയുടെ ആകുലത അതായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story