സഹ്യന്‍െറ മലമടക്കുകളിലൂടെ ബാണാതീര്ഥത്തിലേക്ക്
text_fieldsഓരോ യാത്രയും തരുന്നത് ഓരോരോ പുതിയ അനുഭവങ്ങളാണ്. ചിലത് പുതുമയുടേതാവാം. മറ്റുചിലത് പഴമയുടേതാവാം. ഈ യാത്രക്ക് പറയാനുള്ളത് പഴമയുടെയും പൈതൃകത്തിന്‍െറയും കഥകളാണ്. അതുകൊണ്ടുതന്നെ നമുക്ക് ആരംഭിക്കാം അത്തരമൊരു വഴിയിലൂടെ, കൊല്ലത്തുനിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള ബാണാതീര്‍ഥം വെള്ളച്ചാട്ടത്തിലേക്ക്. ബാണാതീര്‍ഥം എന്ന പേര് സുപരിചിതമല്ളെങ്കിലും മറ്റൊരു കാര്യം പറഞ്ഞാല്‍ എളുപ്പത്തില്‍ മനസ്സിലാകും. ‘റോജ’ എന്ന തമിഴ് സിനിമയിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന പാട്ടുസീനില്‍ മധുബാല ഒരു വെള്ളച്ചാട്ടത്തില്‍ വെള്ളം തട്ടിക്കളിക്കുന്നത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ആ വെള്ളച്ചാട്ടമാണ് ബാണാതീര്‍ഥം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ആ ചിന്ന വെള്ളച്ചാട്ടം വളര്‍ന്ന് വലിയ വിനോദസഞ്ചാര കേന്ദ്രമായിക്കഴിഞ്ഞു.
രണ്ടു സംസ്കാരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന കൊല്ലം-മധുര ദേശീയപാതയിലൂടെയുള്ള യാത്രയില്‍ കൊല്ലത്തുനിന്ന് പുനലൂര്‍, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, കുറ്റാലം എന്നിവ പിന്നിട്ടുവേണം ബാണാതീര്ഥത്തില് എത്താന്‍. തെന്മല എത്തുന്നതോടെ സഹ്യന്‍െറ മലമടക്കുകളിലൂടെയുള്ള ഈ പാത തികച്ചും പുതിയ ദൃശ്യാനുഭവങ്ങള്‍ പകര്ന്നുനല്കാന് തുടങ്ങി. ഒരുവശം സഹ്യന്‍െറ ഗാംഭീര്യമാര്‍ന്ന മുഖവും മറുവശം ആ ഗാംഭീര്യത്തെ അനുനയിപ്പിക്കാന്‍ പൊട്ടിച്ചിരിച്ച് കുണുങ്ങിക്കൊണ്ടൊഴുകുന്ന കഴുതുരുട്ടി പുഴയുമൊക്കെ ഈ മലമ്പാതയുടെ പ്രകൃതിഭംഗിക്ക് കൂടുതല്‍ ചാരുതയേകുന്നു. ആ കാഴ്ചകളില്‍ ലയിച്ച് നമ്മള് എത്തിച്ചേര്‍ന്നത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച് ഇന്നും രാജകീയ പ്രൗഢി നിലനിര്‍ത്തുന്ന പതിമൂന്ന് കണ്ണറപ്പാലത്തിനടുത്താണ്. കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജിനുവേണ്ടി നിര്‍മിച്ച ഈ പാലം ഇന്ന് മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ്ഗേജാക്കുന്ന നവീകരണത്തിന്‍െറ വക്കിലാണ്. മലയാളം, തമിഴ് തുടങ്ങി ബോളിവുഡ് സിനിമകളില്‍പോലും മുഖംകാണിച്ചിട്ടുണ്ട് എന്നതാണ് ഈ പാലത്തിന്‍െറ പ്രത്യേകത.
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്‍െറ കാലത്താണ് കൊല്ലം-ചെങ്കോട്ട റെയില്‍പാത രൂപംകൊണ്ടത്. അന്ന് ഈ വനപ്രദേശത്തുകൂടി ആദ്യമായോടിയ തീവണ്ടിയെക്കണ്ട് ഭയന്നോടിയ പ്രദേശവാസികള്‍ അതിനൊരു പേരും നല്കി -ധൂമശകടാസുരന്‍. അധികം താമസിയാതെ ആ പാലത്തിന്‍െറ ഭംഗി ഞങ്ങളെ മലയിലൂടെ വലിഞ്ഞുകയറ്റി പാലത്തിന്‍െറ മുകളിലത്തെിച്ചു. അവിടെനിന്ന് കാഴ്ചകള്‍ കണ്ടാസ്വദിച്ചപ്പോള്‍ മലഞ്ചരിവുകളില്‍നിന്ന് വന്ന ഇളം തണുത്തകാറ്റ് കുറച്ചുനേരത്തേക്കെങ്കിലും ഞങ്ങളെ ബാല്യകാല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യമായി ഈ പാലത്തെക്കുറിച്ചു കേള്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രൈമറി സ്കൂള്‍ അധ്യാപകനായ ശിശുപാലന് സാറില്നിന്നായിരുന്നു. അന്ന് തെന്മല താമസിച്ചിരുന്ന അദ്ദേഹം എന്നും കൊല്ലത്തേക്ക് വരുന്നത് ഇതുവഴിയുള്ള മീറ്റര്‍ ഗേജ് ട്രെയിനിലായിരുന്നു. ആദ്യമായി സ്കൂളില്‍ വരുന്ന ദിവസം വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ഇതുവഴിയുള്ള ട്രെയിനില്‍ എന്ജിന് തൊട്ടുപിന്നിലുള്ള കമ്പാര്ട്ട്മെന്റിലാണത്രെ കയറിയത്. കൊല്ലത്തത്തെി വണ്ടിയിറങ്ങിയപ്പോള്‍ ധരിച്ചിരുന്ന മുണ്ടും ഷര്‍ട്ടും മാത്രമല്ല, അദ്ദേഹവും കാണാന്‍ കഴിയാത്തവിധം കറുത്ത് കരുവാളിച്ചിരുന്നു. അന്ന് കല്‍ക്കരി എന്ജിന് ആയതുകൊണ്ട് എന്‍ജിന്‍െറ തൊട്ടടുത്തുള്ള ബോഗികളില്‍ എല്ലാംതന്നെ കരിപടരുമായിരുന്നു. പിന്നീടൊരിക്കലും അദ്ദേഹം എന്ജിന് തൊട്ടുപിന്നിലുള്ള ബോഗികളില്‍ യാത്രചെയ്തിട്ടില്ല. എന്തായാലും ആ നല്ല ഓര്‍മകളും നല്ല കാഴ്ചകളുമൊക്കെ മനസ്സില്‍ സൂക്ഷിച്ച് വീണ്ടും യാത്ര തുടര്‍ന്നു.
തെന്മലയില്നിന്ന് ഏകദേശം 13 കി.മീറ്റര്‍ കൂടി പിന്നിട്ടപ്പോള്‍ ആര്യങ്കാവ് ആയി. ഇവിടത്തെ അയ്യപ്പക്ഷേത്രം വളരെ പ്രസിദ്ധമാണ്. മണ്ഡലകാലത്ത് വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട് ഇവിടെ. ആര്യങ്കാവില്‍ വേറൊരു അദ്ഭുതംകൂടി ഒളിഞ്ഞിരിപ്പുണ്ട്. കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് കടന്നുപോകുന്ന ആര്യങ്കാവ് ടണല്‍. കേരളത്തിലെ ഏറ്റവും നീളംകൂടിയ ഈ ടണലിന് രണ്ട് സംസ്കാരങ്ങളെ കൂട്ടിയോജിപ്പിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്. ഇവിടെനിന്ന് ഇനിയങ്ങോട്ട് ഇറക്കമാണ്. തമിഴ്നാട്ടിലേക്കുള്ള ചുരമിറക്കം. ഇറങ്ങിത്തുടങ്ങിയതും തമിഴ്നാടന്‍ കാറ്റ് വീശിത്തുടങ്ങിയിരുന്നു. ആ കാറ്റിന്‍െറ തലോടലില്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞുപോയെങ്കിലും കാഴ്ചകള്‍ കാണാനായി തുറന്നുപിടിച്ചു. താഴെ സമതലത്തില്‍ എത്തിയപ്പോഴേക്കും തമിഴ്നാടിന്‍െറയും കേരളത്തിന്‍െറയും ചെക്പോസ്റ്റുകളില്‍ ലോറികളുടെ നീണ്ടനിര. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഒരു പ്രധാന പാതയാണിത്. അതുകൊണ്ടുതന്നെ യാത്രാവാഹനങ്ങളെക്കാള് ചരക്കുവാഹനങ്ങളാണ് കൂടുതല്‍. ചെക്പോസ്റ്റുകള്‍ പിന്നിട്ട് പച്ചക്കടല്‍പോലെ കിടക്കുന്ന പാടങ്ങളിലൂടെ മുന്നോട്ടുപോകുമ്പോള്‍ വീശിയടിക്കുന്ന തമിഴ്നാടന്‍ കാറ്റിന് ഒരു സംഗീതമുണ്ട്. പറയാന്‍ ഒരുപാട് കഥകളുണ്ട്. ഓര്മകളുടേതാവാം, ചരിത്രങ്ങളുടേതാവാം. സന്തോഷത്തിന്െറയോ വിരഹത്തിന്േറതോ ആകാം. കാരണം, അടുത്തത് ചെങ്കോട്ടയും തെങ്കാശിയുമാണ്. വര്‍ഷങ്ങളുടെ പഴമ നിലനിര്‍ത്തുന്ന രണ്ട് പട്ടണങ്ങള്‍ ആണെങ്കില്‍കൂടി അവിടത്തെ തിയറ്ററുകളില്‍ ഇപ്പോഴും എം.ജി.ആറും ശിവാജി ഗണേശനും വിലസുന്നു. നമ്മുടെ കണ്ണുകളില്‍നിന്ന് മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന കാളവണ്ടികളും സൈക്കിളും സജീവം. പഴമയുടെ പശിമ മാറാത്ത ആ കൊച്ചുപട്ടണങ്ങള്‍ പിന്നിട്ട് കുറ്റാലത്തെ വെള്ളച്ചാട്ടത്തിനരികില്‍ എത്തി. കുളിക്കാന്‍ വന്‍ തിരക്കായതിനാല്‍ യാത്ര വീണ്ടും തുടര്‍ന്നു. കുറച്ചുസമയത്തിനകം മുണ്ടന്‍തുറൈ കടുവ സംരക്ഷണ മേഖലയിലേക്ക് പ്രവേശിച്ചു. ഇവിടെ റോഡിന് ഇരുവശവും വനമാണ്. ആനയും പുലിയും കടുവയുമൊക്കെ നിറഞ്ഞ ഈ വനമേഖലക്കുള്ളിലാണ് ബാണാതീര്‍ഥം. ഒടുവില്‍ ആ നീണ്ട യാത്ര കരയാര് ഡാമില്‍ എത്തിനിന്നു. വണ്ടിയിറങ്ങി ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നടക്കുമ്പോള്‍ എല്ലാവരുടെയും നാവില്‍ അറിയാതെ വെള്ളമൂറും. കാരണം, അവിടെനിന്ന് പിടിക്കുന്ന ഫ്രഷ് മത്സ്യങ്ങളെ അപ്പോള്‍തന്നെ നമ്മുടെ മുന്നില്‍വെച്ച് ഫ്രൈ ചെയ്തുതരുന്ന കാഴ്ചയാണ് എവിടെ നോക്കിയാലും കാണാന്‍ കഴിയുക. എല്ലാം കുഞ്ഞു തട്ടുകടകളാണെങ്കിലും വന്‍ തിരക്കാണ്. ഞങ്ങളും ഒന്ന് ടേസ്റ്റ് ചെയ്യാന്‍ കയറിയതാണെങ്കിലും അവസാനം അത് ഒരു മത്സരമായി മാറുകയായിരുന്നു. എത്ര കഴിച്ചിട്ടും മതിയാവുന്നുണ്ടായിരുന്നില്ല. ജീവിതത്തില്‍ വളരെ വ്യത്യസ്തമായ ഒരു മീന്‍ കൊളമ്പ് കഴിക്കാന്‍ പറ്റിയ സന്തോഷവുമായി ടിക്കറ്റ് കൗണ്ടറില്‍നിന്ന് ടിക്കറ്റുമെടുത്ത് ബോട്ടുകള്‍ കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. വഴിക്ക് ഇരുവശവും കുരങ്ങന്മാരുടെ രസകരമായ കാഴ്ചകള്‍. പരസ്പരം പേന്‍ നോക്കുന്നു, അടികൂടുന്നു. ആളുകളില്‍നിന്ന് ആഹാര സാധനങ്ങള്‍ തട്ടിപ്പറിക്കുന്നു. ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് ബോട്ടുകള്ക്കരികിലത്തെി. മുതിര്‍ന്ന ക്ളാസുകളില്‍ കുട്ടികള്‍ അച്ചടക്കത്തോടെ ഇരിക്കുന്നപോലെയാണ് ആ വലിയ ജലാശയത്തില്‍ ബോട്ടുകള്‍ നിരനിരയായി കിടക്കുന്നത്. നീളമുള്ള വഞ്ചിയില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചാണ് ബോട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. അധികം താമസിയാതെ എല്ലാവരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് ബോട്ടിനുള്ളില്‍ കയറി ഇരിപ്പുറപ്പിച്ചു.
ലക്ഷ്യമില്ലാത്ത ഒരു യാത്രപോലെയാണ് ആദ്യം തോന്നിയത്. കാരണം കണ്ണെത്താവുന്ന അടുത്തൊന്നും ഒരു വെള്ളച്ചാട്ടത്തിന്‍െറ പൊടിപോലും കാണാനില്ല. ഇഷ്ടംപോലെ ബോട്ടുകള്‍ ഇവിടന്നങ്ങോട്ടും അവിടന്നിങ്ങോട്ടും വരുന്നുണ്ട്. ഇരുവശവും നിബിഡമായ വനപ്രദേശം മാത്രം. കുറച്ചുനേരം പിന്നിട്ടപ്പോള്‍ ഒരുവശത്തായി അങ്ങകലെ ഒരു അണക്കെട്ട് ശ്രദ്ധയില്‍പെട്ടു. ശരിക്കും ഇത്രയും വലിയ ജലാശയത്തെ താങ്ങിനിര്‍ത്തുന്നു ഒരു അഹംഭാവവും ഇല്ലാതെ പാവത്താനെപ്പോലെ നില്ക്കുന്നു. ഒരു നിമിഷമെങ്കിലും ഞങ്ങളുടെയെല്ലാം മനസ്സില്‍ ഭീതി ഉളവായി. കാരണം, ഈ വലിയ ജലാശയത്തെ അത്ര കുഞ്ഞ് ഒരു അണക്കെട്ടാണ് താങ്ങിനിര്ത്തുന്നതെന്നോര്ത്തപ്പോള്. ആ ഭീതിക്കൊടുവില്‍ ഏകദേശം 20 മിനിറ്റ് പിന്നിട്ടുകഴിഞ്ഞപ്പോള്‍ ചെന്നത്തെിയത് കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത പ്രകൃതിയുടെ അദ്ഭുത നിര്‍മിതിയായ മലയിടുക്കുകളിലായി വനത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബാണാതീര്‍ഥം വെള്ളച്ചാട്ടത്തിലേക്കാണ്.
20 വര്‍ഷങ്ങള്‍ക്കുമുമ്പ് മണിരത്നം ഇവിടെ ഒരു സിനിമാഗാനം ചിത്രീകരിച്ചുവെന്ന് വിശ്വസിക്കാന്‍പോലും പറ്റുന്നില്ല. കാരണം അന്ന് എങ്ങനെ ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞു, എങ്ങനെ ഇവിടെ എത്തിപ്പറ്റി എന്നുള്ള ഒരായിരം ചോദ്യങ്ങള്‍ മനസ്സിലേക്ക് ഓടിവന്നു. റോജ എന്ന സിനിമ ഇവിടെ ഷൂട്ട് ചെയ്തതിനുശേഷമാണ് റോജ ഫാള്‍സ് എന്ന പേരുവീണത്. അധികം വൈകാതെ എല്ലാവരും വെള്ളച്ചാട്ടത്തിലേക്ക് ഓടിക്കയറി. അഗസ്ത്യമലയില്‍നിന്ന് ഉദ്ഭവിക്കുന്നതുകൊണ്ട് തികച്ചും ഒൗഷധഗുണമുള്ള വെള്ളമായിരുന്നു. അതുകൊണ്ടുതന്നെ മനസ്സിനും ശരീരത്തിനും ഇതുവരെ അനുഭവിക്കാത്ത ഒരു കുളിര്‍മ അനുഭവപ്പെട്ടു. അയയില്‍ വിരിച്ചിട്ട വലിയ ബെഡ്ഷീറ്റുപോലെ വീതിയുള്ള വെള്ളച്ചാട്ടം. തിക്കും തിരക്കുമില്ലാതെ എല്ലാവര്ക്കും വേണ്ടുവോളം കുളിക്കാം. നീന്താന്‍ അറിയാവുന്നവര്‍ക്ക് നീന്തിരസിക്കാം. സൂര്യന് മുകളില്‍ നില്ക്കുന്ന സമയമാണെങ്കില്കൂടി കാട്ടില്‍നിന്ന് ഉദ്ഭവിച്ചുവരുന്നതുകൊണ്ട് വെള്ളത്തിന് നല്ല തണുപ്പ്. എത്രനേരം കുളിച്ചാലും മതിവരില്ല. ഒടുവില്‍ സന്ധ്യയോടടുത്തപ്പോള്‍ കുളി മതിയാക്കി തിരിച്ചുപോരേണ്ടിവന്നു. കാരണം, അഞ്ചുമണി കഴിഞ്ഞാല്‍ പിന്നെ മനുഷ്യര്‍ക്ക് അവിടെ സ്ഥാനമില്ല. പിന്നെ ആ കാടും വെള്ളച്ചാട്ടവുമൊക്കെ കാടിന്‍െറ മക്കള്‍ക്ക് മാത്രം സ്വന്തം. എന്തായാലും മടക്കയാത്രക്കൊരുങ്ങുമ്പോള്‍ ഒരിക്കല്‍കൂടി നന്ദിപറഞ്ഞത് മണിരത്നത്തിനോടാണ്.
ആര്‍ക്കും അറിയപ്പെടാതെകിടന്ന ഈ മനോഹര വെള്ളച്ചാട്ടത്തെ പുറംലോകത്തിന് പരിചയപ്പെടുത്തിയതിന്...
Distance chart: from Kollam 145 KM
Tvm 152 km
Kottayam 194 km
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.