Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമേഘമലൈ കവിഞ്ഞൊഴുകുന്നു

മേഘമലൈ കവിഞ്ഞൊഴുകുന്നു

text_fields
bookmark_border
മേഘമലൈ കവിഞ്ഞൊഴുകുന്നു
cancel

കമ്പംമെട്ടില്‍ അവസാനിക്കകയാണ് കേരളം. ചെക് പോസ്റ്റുകള്‍ കടന്ന് ചെങ്കുത്തായ മലയിറക്കം. തമിഴ് താഴ്‌വരയിലേക്ക് വളഞ്ഞുപുളഞ്ഞൊഴുകുന്ന വഴി. ഉയരംകുറഞ്ഞ ഒരുതരം മുള്‍ക്കാടുകളാണ് ഇരുവശവും. 15 കിലോമീറ്റര്‍ കുന്നിറങ്ങണം തമിഴ് തടഭൂമിയിലെത്താന്‍. ഓരോവളവിലും ഓരോതിരിവിലും വിശാലമായ തമിഴ് താഴ്‌വയുടെ മോഹിപ്പിക്കുന്ന ഭംഗി. വെയില്‍ ചായം തേച്ച പ്രകൃതിയുടെ ക്യാന്‍വാസ്. മലനിരകള്‍ സമതലത്തെ തൊടുന്നിത്ത് പുളിമരങ്ങള്‍ നിരയിട്ടുതുടങ്ങും. മലഞ്ചെരിവുകളെ ഹരിതാഭമാക്കി കടലയും ചോളവും വിളയുന്ന കൃഷിടങ്ങള്‍. സൂര്യകാന്തി പാടങ്ങള്‍.
വഴി പൊടുന്നനെ തിരക്കേറിയ കമ്പം നഗരത്തെ തൊടുന്നു. ഇടുങ്ങിയ നഗരപാതയില്‍ കൊള്ളാവുന്നതിലധികം വാഹനങ്ങളും മനുഷ്യരും. വഴിവാണിഭക്കാര്‍ ഒട്ടുമുക്കാലും കയ്യേറിയ നിരത്തിന്റെ ഞെരുക്കത്തിലൂടെ കമ്പം കുമളി റൂട്ടില്‍ ഏതാനും മീറ്ററുകള്‍ ചെന്നാല്‍ ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റര്‍ യാത്ര ചെയ്ത് പ്രസിദ്ധമായ സുരുളി ജലപാതത്തിലെത്താം.
കമ്പം നഗരത്തിരക്കുകള്‍ കഴിഞ്ഞാല്‍ തനി നാട്ടിന്‍പുറത്തുകൂടെയാണ് യാത്ര. മുല്ലപ്പെരിയാറില്‍ നിന്നുവരുന്ന ജലം നീര്‍ച്ചാലുകളായി കൃഷിയിടങ്ങളെ നടച്ചുകൊണ്ട് ഒഴുകിപ്പരക്കുന്നു. കുളിക്കാനും കുടിക്കാനും കൃഷിക്കും തമിഴര്‍ ഈ വെള്ളമാണ് ആശ്രയിക്കുന്നത്. ജലത്താല്‍ കുളിര്‍ന്ന് പച്ചപൂണ്ട് നില്‍ക്കുന്ന പാടത്തിന് നടുവിലൂടെ വീതികുറഞ്ഞതെങ്കിലും മനോഹരമായ പാതയിലൂടെ സുരുളീ തീര്‍ത്ഥത്തിലേക്ക്.
പാടശേഖരങ്ങള്‍ പിന്നിട്ട് കൃഷിയിടങ്ങള്‍ മുന്തിരിപ്പാടങ്ങളായി രൂപം മാറുന്നു. വിളഞ്ഞ് പഴുത്ത മുന്തിരിക്കുലകള്‍. തോട്ടത്തിനോട്‌ചേര്‍ന്ന് ഫാം ഫ്രഷ് മുന്തിരി വില്‍ക്കുന്നവര്‍. മുന്തിരിപ്പാടത്ത് ചുറ്റിനടന്ന് മുന്തിരിക്കുലകളെ തൊട്ട് തലോടി ആസ്വദിക്കുന്ന യാത്രികര്‍. വഴിയോരത്ത് വിലപേശി മുന്തിരിവാങ്ങുന്നവര്‍. ഇത് മുന്തിരിയുടെയുടെ കാലമാണ്. തൊട്ടപ്പുറത്ത് തളിര്‍ത്ത് നില്‍ക്കുന്ന മുന്തിരിത്തോപ്പുമുണ്ട്. മറ്റൊരു ഋതുവിലേക്ക് പൂക്കുന്നതിനും കായ്ക്കുന്നതിനും വിളഞ്ഞ് പഴുക്കുന്നതിനുമായി തളിരിട്ട പാടങ്ങള്‍.
മുന്തിരിപ്പാടങ്ങളെ പിന്നിട്ടുള്ള യാത്ര പപ്പായ തോപ്പിലൂടെയാണ് പോകുന്നത്. റോഡിനിരുവശത്തും കണ്ണെത്താ ദൂരത്തോളം പപ്പായ കൃഷി. കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇത് അത്ഭുതം തന്നെ. അടുക്കളപ്പുറത്തോ മറ്റോ വളരുന്ന ഒരു മരമെന്നതിലപ്പുറം പപ്പായ നമുക്ക് കൃഷിയല്ലല്ലോ. പപ്പായ വിളഞ്ഞ് പഴുത്ത് തുടങ്ങിയിട്ടുണ്ട്. വിളവെടുപ്പ് കാലമായതിനാല്‍ കുറഞ്ഞ വിലക്ക് പപ്പായ വാങ്ങുന്നവരും ധാരാളം. ഞങ്ങളും വാങ്ങി കാറില്‍ കൊള്ളാവുന്നിടത്തോളം മുന്തിരിയും പപ്പായയും.
അടുത്ത വളവ് തിരിഞ്ഞേറുമ്പോള്‍ പൊടുന്നനെ ഒരുഗ്രാമം കാണായി. നമ്മുടെ യാത്ര സുരുളിയിലേക്ക് പ്രവേശിക്കുകയാണ്. സഹ്യഗിരികള്‍ അതിരിട്ട താഴ്‌വാരം അതാണ് സുരുളി. പണ്ട് കാലങ്ങളില്‍ ഇവിടെ തീരെ തിരക്കുണ്ടായിരുന്നില്ല. തീര്‍ത്ഥാടകര്‍ മാത്രമാണ് അന്ന് വന്നിരുന്നത്. സുരുളി തീര്‍ത്ഥത്തില്‍ കുളിച്ചാല്‍ രോഗശാന്തിയുണ്ടാകുമെന്ന് അവര്‍ വിശ്വസിച്ചു. സുരുളിയില്‍ കുളിച്ച് അവിടെയുള്ള മരങ്ങക്കൊമ്പുകളില്‍ തൊട്ടില്‍ കെട്ടി പ്രാര്‍ത്ഥിച്ചാല്‍ സന്താനഭാഗ്യമുണ്ടാകുമെന്നും വിശ്വാസിച്ചു. ഇന്ന് ഇതൊരു വിനോദസഞ്ചാര കേന്ദ്രമാണ്. പില്‍ഗ്രിം ടൂറിസത്തിന്റെ വലിയ തള്ളിച്ചയില്‍ പരിസരങ്ങള്‍ ആകെ മലിനമായിട്ടുണ്ട്.
വണ്ടി പാര്‍ക്ക് ചെയ്ത് സുരുളി ജലപാതത്തിലേക്ക് നാല് കിലോമീറ്റര്‍ നടക്കണം. വഴിവാണിഭക്കാര്‍ നിറഞ്ഞിരിക്കുന്നു. മിക്കവരും ആദിമ നിവാസികളാണ്. മുത്തുമാലകളും രുദ്രാക്ഷവും വില്‍ക്കുന്നവര്‍. നടപ്പാതക്ക് ഇരുവശങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍മരങ്ങള്‍. കാടിന്റെ ഘനഗംഭീരമായ നിശബ്ദ. കുരങ്ങുകളും പക്ഷികളും.
മേഘമലയുടെ ചരിവിലേക്കാണ് ഈ നടത്തം സുരുളി ജലപാതം ഉല്‍ഭവിക്കുന്നത് മേഘമലയിലാണ്. 190 അടി ഉയരത്തില്‍ നിന്ന് കുത്തനെ പതിക്കുന്ന വെള്ളം രണ്ട് തട്ടുകളിലായി താഴേക്ക് ചിന്നിച്ചിതറുന്നു. ഈ വെള്ളിയലുക്കുകള്‍ക്ക് കീഴെ നനഞ്ഞ് നില്‍ക്കുന്ന തീര്‍ത്ഥാടകര്‍. യാത്രികര്‍. വെറും സഞ്ചാരികള്‍. തീര്‍ത്ഥാടനത്തിന് അപ്പുറത്തേക്ക് ഒരു വിനോദസഞ്ചാരദേശമായി സുരുളി മാറിയിരിക്കുന്നു.
ജലപാതത്തിലേക്കുള്ള പഴ മണ്‍പാത ഇപ്പോള്‍ ടൈല്‍ വിരിച്ച് പടികള്‍ കെട്ടിയിട്ടുണ്ട്. ചെളിയും അഴുക്കും നിറഞ്ഞതാണ് ഇവിടം. കുളികഴിഞ്ഞെത്തുന്നവര്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. സൂക്ഷിച്ചില്ലങ്കില്‍ കയ്യിലുള്ള വസ്തുക്കള്‍ തട്ടിയെടുക്കാന്‍ തര്‍ക്കം പാര്‍ത്ത് കുരങ്ങന്‍മാരും. ഇവിടെ അടുത്താണ് സുരുളി വേലാപ്പര്‍ ക്ഷേത്രം. തമിഴ്‌നാട് ടൂറിസം വകുപ്പാണ് സുരുളിയില്‍ യാത്രികര്‍ക്ക് സൗകര്യം ഒരുക്കുന്നത്. 
വര്‍ഷം മുഴുവന്‍ സുരുളിയിലേക്ക് സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് യാത്രക്ക് നല്ലത്.

യാത്ര: തേനി ജില്ലയിലാണ് സുരുളി ജലപാതം. തേനിയില്‍ നിന്ന് 47കി.മി
കുമളിയില്‍ നിന്ന് 26 കി, മീ, കമ്പം മെട്ടില്‍ നിന്ന് 25 കി.മി.
വിവരങ്ങള്‍ക്ക്:  മധുര ടൂറിസം, ഫോണ്‍: 04522334757. ടൂറിസം ഓഫീസ്, കുമളി, ഫോണ്‍: 04869222620.
താമസം: കുമളിയില്‍ (എസ് ടി ഡി കോഡ്: 04869). ഹോളിഡേ ഹോം, ഫോണ്‍: 222017. ഹോട്ടല്‍ കുമളി ഗേറ്റ്, ഫോണ്‍: 222279. സിത്താര ഇന്റര്‍നാഷണല്‍, ഫോണ്‍: 222288. ഹൈറേഞ്ച് റെസിഡന്‍സി, ഫോണ്‍: 223343.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story