Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവാഗയില്‍, നിലാവത്ത്...

വാഗയില്‍, നിലാവത്ത് ഒരു തീവണ്ടി

text_fields
bookmark_border
വാഗയില്‍, നിലാവത്ത് ഒരു തീവണ്ടി
cancel

യാത്രകളില്‍ നമ്മെ എന്നും വിസ്മയിപ്പിക്കുന്ന ഒന്നാണല്ലൊ റെയില്‍വേ പാളങ്ങള്‍. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ പോലുള്ള നഗരങ്ങളിലെ എണ്ണമറ്റ നീളന്‍ പാളങ്ങള്‍ ഒന്നില്‍ നിന്ന് ഒന്നിലേക്ക് പടര്‍ന്നേറുന്ന നീളന്‍ വരകള്‍. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വിപുലമായ റെയില്‍വേ ശൃംഖലയാണല്ലൊ നമ്മുടേത്. അനന്തതയിലേക്ക് നീളുന്ന പാളങ്ങള്‍. എന്നാല്‍ എവിടെയെങ്കിലും ഈ പാളം അവസാനിക്കുന്നത് കാണാന്‍ നമുക്ക് അപൂര്‍വമായേ ഭാഗ്യം ലഭിക്കാറുള്ളൂ. ഇന്ത്യയുടെഅവസാനത്തെ റെയില്‍വേ സ്‌റ്റേഷന്‍ കാണണണമെങ്കില്‍ വാഗാ അതിര്‍ത്തിയിലേക്ക് വരൂ.
പഞ്ചാബിലെ ഒരുഗ്രാമമാണ് വാഗാ. ഇന്‍ഡ്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തി. വാഗയുടെ ഏറ്റവും വലിയ പ്രത്യേകത അതിര്‍ത്തിയില്‍ നടക്കുന്ന ഇരുരാജ്യങ്ങളിലെയും പട്ടാളക്കാരുടെ സൗഹൃദ പരേഡാണ്. ഇന്‍ഡ്യയുടെ ബെര്‍ലിന്‍ മതിലെന്നാണ് വിദേശികള്‍ വാഗാ അതിര്‍ത്തിയെ പറയുന്നത്. ഇന്ത്യക്കാരും വിദേശികളുമായ ധാരാളം യാത്രികര്‍ വന്നുപോകുന്ന സ്ഥലം. എല്ലാവരും വരുന്നത് അതിര്‍ത്തിയിലെ വിശിഷ്ടമായ പരേഡ് കാണാനാണ്. എല്ലാ ദിവസവും വൈകിട്ട് ഇരുരാജ്യങ്ങളിലെയും പട്ടാളക്കാര്‍ സൗഹൃദത്തിന്റെ പരേഡ് നടത്തുന്നു.
അമൃത്‌സറില്‍ നിന്ന് ഏതാണ്ട് 30 കിലോ മീറ്റര്‍ ദൂരെയാണ് വാഗാ അതിര്‍ത്തി. റെയില്‍വേ ഇവിടെ അവസാനിക്കുകയാണെങ്കിലും റോഡ് അവസാനിക്കുന്നില്ല. അതിര്‍ത്തി രേഖയായ റാഡ്ക്ലിഫ് ലൈനിനെ മുറിച്ചുകൊണ്ട്, അനേകം മുറിപ്പാടുകളെ മറച്ചുകൊണ്ട് ലാഹോറിലേക്കുള്ള ദേശീയ പാത വാഗ കടന്ന് പോകുന്നു. ഞങ്ങള്‍ വാഗയില്‍ പരേഡ്  കാണാനിരിക്കുമ്പോഴാണ് അന്നത്തെ ലാഹോര്‍ ബസ് കടന്നുപോയത്. ഒരു സാധാരണ ബസ് സര്‍വീസ് പോലെ അവിടെനിര്‍ത്തി, ഗേറ്റ് തുറന്ന് ബസ്് കടന്നുപോയി.
വാഗ നിരന്ന പ്രദേശമാണിത്. റോഡിന്റെ ഇരുവശവും നീണ്ട നെല്‍പാടങ്ങളും ഗോതമ്പു പാടങ്ങളും കരിമ്പുപാടങ്ങളും. വളരെ ദൂരെ ചെറിയ മലകള്‍ മാത്രം. പരിചയമുള്ളവര്‍ ചുണ്ടിക്കാണിക്കും അതാ...ആ വയലിനക്കരെ കൃഷി ചെയ്യുന്നത് പാകിസ്ഥാനികളാണെന്ന്. എന്നാല്‍ അവിടെയെങ്ങും വീടുകള്‍കാണാനില്ല.
1947ല്‍ ബ്രിട്ടീഷുകാര്‍ റാഡ്ക്ലിഫ് ലൈന്‍ കൊണ്ട് രാജ്യത്തെ വേര്‍തിരക്കുമ്പോള്‍ ഇരു വിഭാഗത്തെയും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടി മരിച്ചത് പഞ്ചാബ് അതിര്‍ത്തിയിലാണ്. ലോകം കണ്ട ഏറ്റവും ഭീകരമായ രക്തച്ചൊരിച്ചില്‍ ഉണ്ടായതും ഇവിടെത്തന്നെ. ഒറ്റദിവസം തന്നെ അയ്യായിരത്തിലേറെപേര്‍ കൊല്ലപ്പെട്ട ദാരുണമായ കലാപം. ലോകചരിത്രത്തിലെ വലിയ പലായനത്തിന്റെയും കൂട്ടമരണങ്ങളുടെയും നോവുന്ന ഓര്‍മ്മകളാണ് ഈ അതിര്‍ത്തിഗ്രാമം പേറുന്നത്.
ലാഹോര്‍ റോഡിനെ ഇരുരാജ്യവും ഇവിടെവച്ച് പങ്കിട്ടെടുക്കുന്നു. റോഡിന് ഇരുവശത്തും ഇരുരാജ്യങ്ങളുടെയും പട്ടാള ക്യാമ്പുകളാണ്. എന്നാല്‍ വിപുലാമയ ക്യാമ്പുകളല്ല ഇവിടെയുള്ളത്. വാഗയില്‍ ബസിറങ്ങുമ്പോള്‍ ഇതൊരു വിനോദസഞ്ചാര കേന്ദ്രമാണെന്നേ തോന്നു. കമ്പിളി വസ്ത്രങ്ങള്‍, വിവിധതരം പഞ്ചാബി-കശ്മീരി വസ്ത്രങ്ങള്‍, തൊപ്പികള്‍, ഷാളുകള്‍, കൂളിംഗ് ഗ്ലാസുകള്‍, പുഴുങ്ങിയ ചോളം വില്‍ക്കുന്ന കടകള്‍, ഉന്തുവണ്ടിക്കാര്‍, ചായത്തട്ടുകാര്‍.... പരേഡ് കാണാനെത്തുന്നവരെ വരവേല്‍ക്കുകയാണ് വാഗ.
വൈകിട്ട് നാല് മണികഴിഞ്ഞാണ് സന്ദര്‍ശകരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. പരേഡ് കാണാന്‍ വലിയ തിരക്കാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് യാത്രികര്‍ ദിവസവും ഇവിടെയെത്തുന്നു.
അശ്വാരൂഢരായ രണ്ട് പളക്കാര്‍ വന്ന് പട്ടാള ക്യാമ്പിന്റെ ഗേറ്റ്  തുറക്കും. റോഡിലൂടെ മുന്നിലെത്താന്‍ എല്ലാവരും ഓട്ടമാണ്. ആദ്യം ടിക്കറ്റെടുക്കാനുള്ള ഓട്ടം. അതുകഴിഞ്ഞാല്‍ പട്ടാളക്കാര്‍ ഒരോരുത്തരെയായി പരിശോധിച്ച് അകത്തുകയറ്റും. പ്രത്യേക പരിഗണന ഉള്ളവര്‍ക്ക് ഗാലറിയിലിരിക്കാം. അല്ലാത്തവര്‍ താഴെ പടിയില്‍. കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെയുണ്ടാകും കാഴ്ചക്കാരായി.
ഗാലറിയില്‍ കുറെ നേരം കാത്തിരിക്കണം. ഗാന്ധിജിയുടെ ചിത്രം പതിച്ച ഇന്‍്ഡ്യന്‍ കവാടവും മുഹമ്മദലി ജിന്നയുടെ ചിത്രംവെച്ച പാകിസ്ഥാന്‍ കവാടവും തമ്മില്‍ ഇരുനൂറു മീറ്ററിലേറെ ദൂരമുണ്ട്. രണ്ട് രാാജ്യങ്ങളുടെയും പതാകകള്‍ പാറിക്കളിക്കുന്നു.
ഇരുരാജ്യങ്ങളുടെയും സൗഹൃദമല്‍സരമാണ് പരേഡ്. പ്രത്യേകം തെരഞ്ഞെടുത്ത പട്ടാളക്കാരാണ് പരേഡില്‍ പങ്കെടുക്കുന്നത്. പരേഡിന് മുമ്പ് കുറെ നേരം ഒരു പട്ടാളക്കാരുടെ വാമിംഗ് അപ് പരിപാടിയുണ്ടാകും. കാഴ്ചക്കാരില്‍ ദേശഭക്തിയുണര്‍ത്തുന്ന ഗാനങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഇടക്കിടെ ജയ് വിളികള്‍.
ഒരു മതിലിനപ്പുറം ഇതേ ആഘോഷം പാകിസ്ഥാന്‍ സൈഡില്‍ നടക്കുകയാവും. കുര്‍ത്തയും പൈജാമയും ധരിച്ച പാകിസ്ഥാനികളും സല്‍വാര്‍ കമീസ് ധരിച്ച സ്ത്രീകളും കുട്ടികളും അവിടെയും ആവേശത്താല്‍ ഉണരും. ഇവിടെ രാജ്യത്തിന്റെ വിവിധ വേഷം ധരിച്ച ഇന്ത്യക്കാര്‍. നൂറ് മീറ്ററിലേറെയുള്ള റോഡിലൂടെ ദേശീയ പതാകയുമേന്തി കുട്ടികളും മുതിര്‍ന്നവരും ഓട്ട മല്‍സരം നടത്താറുണ്ട്. കൂടാതെ പലര്‍ക്കും സ്വയം വീശി ആവേശം കൊള്ളാന്‍ ദേശീയപതാക പട്ടാളക്കാര്‍ തന്നെ തരും. ആറു മണിയാകുന്നതോടെ എല്ലാവരെയും ശാന്തരാക്കി പട്ടാളക്കാര്‍ ബീഗിള്‍ മുഴക്കും. ആദ്യം നാലുപേരുടെ സംഘം അടിവെച്ച് ഗേറിനടുത്തുവരെ പോയി കാലുയര്‍ത്തി പലവട്ടം സല്യൂട്ട് ചെയ്യും. കടുത്ത വാശിയോടെ തലയോളം കാലുയര്‍ത്തി തറയില്‍ ആഞ്ഞ് ചവിട്ടിയാണ് സല്യൂട്ട്. ഒരു സംഘം വനിതാ പട്ടാളക്കാരും കാണും. ഇതേ പ്രപവൃത്തി ഇതേ സമയം പാകിസ്ഥാന്‍  പട്ടാളക്കാരും ചെയ്യും. ഇരു കൂട്ടരും അഭിമുഖമായണ് അഭ്യാസപ്രകടനം. ഈ സമയം രണ്ടുഭാഗത്തെയും ഗേറ്റുകള്‍ തുറക്കും. ഒരു സംഘത്തിന്റെ പരേഡ് കഴിഞ്ഞാല്‍ മറ്റൊരു സംഘത്തിന്റെ. കാക്കി കുപ്പായവും ചുവന്ന പട്ടയും ചുവന്ന കിന്നരിത്തൊപ്പിയുമാണ് ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷം. കടുംപച്ച കുപ്പായവും തൊപ്പിയുമുള്ള പാക് പട്ടാളക്കാര്‍ താടി വളര്‍ത്തിയവരാണ്. സല്യുട്ട് കഴിഞ്ഞാല്‍ ഇരുഭാഗത്തും രണ്ടുപേര്‍ മാത്രം അവശേഷിക്കും. മറ്റ് രണ്ടുപേര്‍ അതേ സമയം അവരവരുടെ പതാകകളുടെ ചരട് അഴിക്കും. സൂര്യന്‍ തീഗോളമായ് ജ്വലിച്ച ശേഷം ആകാശത്തുനിന്ന് പതിയെ മറയാന്‍ തുടങ്ങുന്നതോടെ കടുത്ത വൈരത്തിലും സൗഹൃദത്തിന്റെ ചായം ചാലിച്ച ഇരുപതാകകളും ഒരേ സമയം പരസ്പരം അഭിവാദ്യം ചെയ്യും പോലെ എതിര്‍ദിശകളിലേക്ക് താഴും. അതിനുശേഷം രണ്ടുഭാഗത്തുമുള്ള പട്ടാളക്കാര്‍ കൈകൊടുത്ത് ഗേറ്റുള്‍ ഇരുഭാഗത്തു നിന്നും അടയ്ക്കും. ഇന്നത്തെ കാഴ്ച അവസാനിക്കുന്നു.
തിരിച്ചിറങ്ങുമ്പോള്‍ സര്‍വവും ശാന്തം. സാന്ധ്യ നിലാവ് വയലേലകളിലൂടെ പടര്‍ന്നേറുന്നു. രാജ്യത്തെ അവസാന തീവണ്ടി സ്റ്റേഷനില്‍  അപ്പോള്‍ അവസാന പാസഞ്ചര്‍ വന്നുകഴിഞ്ഞിരുന്നു. തീവണ്ടി അതിന്റെ യാത്ര അവസാനിപ്പിച്ചിരിക്കുകയാണ്. പാളങ്ങള്‍  ഇവിടെ അവസാനിക്കുന്നു.  തീവണ്ടിക്കുമേല്‍ നിലാവ് പരന്നു. ആളൊഴിഞ്ഞ അതിന്റെ നീളന്‍ ശരീരം നിലാവില്‍ ഏകാന്തമായി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story