മജൂലിയെന്നാല്‍ പാട്ടും നൃത്തവുമാണ്
text_fieldsഒന്ന്
അപ്പര്‍ അസമിലെ ജോര്‍ഹാട്ടജില്ലയിലെ, ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപായ മജൂലി അമ്മമാരുടെ നിയന്ത്രണത്തിലാണ്. കുട്ടികളെ പാട്ടും നൃത്തവും മാത്രമല്ല, നെയ്ത്തും കതിര് കൊയ്യലും ഒക്കെ പഠിപ്പിക്കുന്നു. ഒപ്പം, സ്കൂളിലും കോളജിലും പോയി വിജയം നേടാനും... മജൂലിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു.
നൃത്തത്തിലും സംഗീതത്തിലും കഠിനാധ്വാനത്തിലും ഒരേപോലെ കോര്‍ക്കപ്പെട്ട അമ്മമാര്‍ക്കും അവരുടെ പുരുഷന്മാര്ക്കും ഇടയിലായിരുന്നു ഞങ്ങള്‍. നാലു വയസ്സുകാരന് ഭാസ്കര്‍ റികിം റേഗന് തലയില്‍ ഒരു കെട്ടുകെട്ടി കഴുത്തില്‍ വാദ്യോപകരണം തൂക്കി ഒരു വടി കൊണ്ട് അതില്‍ കൊട്ടി ഏതൊരു മുതിര്ന്നയാളെപ്പോലെയും നൃത്തച്ചുവടുകള്‍ വെക്കുന്നു, ഒപ്പം ഉപകരണത്തില്‍ കൊട്ടി കൃത്യമായ താളമുണ്ടാക്കുകയും ചെയ്യുന്നു. അവന്‍െറ കൂടെ ആണ്‍കുട്ടികളും പെണ്കുട്ടികളുമടങ്ങിയ ഒരു സംഘമുണ്ട്. മുതിര്‍ന്നവര്‍ക്കൊപ്പം ഈ കുട്ടിസംഘം താളവും ചുവടും ഈണവും തെറ്റാതെ നൃത്തവും പാട്ടും അവതരിപ്പിക്കുന്നു. അപ്പര്‍ അസമിലെ ജോര്ഹാട്ട ജില്ലയിലെ, ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപായ മജൂലിയില്‍ യാത്ര ചെയ്യുമ്പോഴാണ് ഈ രംഗങ്ങള്‍ കണ്ടത്.
കുട്ടികളെ ഇത്രയും കൃത്യമായി പാട്ടും നൃത്തവും പഠിപ്പിക്കുന്നത് ആരാണ്? ഞങ്ങളുടെ ആതിഥേയനും അസമിലെ യുവ കവികളില്‍ ശ്രദ്ധേയനുമായ ബിപുല്‍ റേഗനോട് (മലയാളം പഠിച്ച് മലയാളത്തിലും കവിത എഴുതുന്നയാളാണ് ബിപുല്‍) ചോദിച്ചു. അമ്മമാര്‍, അല്ലാതെ മറ്റാര്? അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികളും ഇവിടെ സ്വന്തം നിലയില്‍ നര്‍ത്തകരും പാട്ടുകാരുമാണ്. എന്നാല്‍, അവരുടെ ശ്രുതിയും താളവും പിഴക്കുമ്പോള്‍ അമ്മമാര്‍ അത് എളുപ്പത്തില്‍ കണ്ടുപിടിക്കും. അത് തിരുത്തി ശരിയാക്കും. അങ്ങനെയാണ് ഞാനടക്കമുള്ളവര്‍ ശങ്കകളൊന്നുമില്ലാതെ കലയുടെ വഴിയില്‍ പിഴക്കാത്ത ചുവടുമായി മുന്നോട്ടുപോകുന്നത് -ബിപുല്‍ പറഞ്ഞു. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത് മിക്കപ്പോഴും അച്ഛനായിരിക്കും.
മിസിങ് ഗോത്രവര്‍ഗക്കാരാണ് മജൂലിയില്‍ ഭൂരിപക്ഷം. അവിടെയുള്ള അമ്മമാരുടെ താരാട്ടുകളില്നിന്ന് ഓരോ കുട്ടിയും താളം കരസ്ഥമാക്കുന്നു. വളരുമ്പോള്‍ ആഘോഷ-ആനന്ദവേളകളില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും അയല്‍ക്കാരും പാടുകയും നൃത്തം ചവിട്ടുകയും ചെയ്യുമ്പോള്‍ കുട്ടികളും സ്വാഭാവികമായ ഒരു പ്രക്രിയ എന്ന നിലയില്‍ ഇതില്‍ പങ്കുചേരുന്നു. പാടാനും ആടാനും അതു കൊണ്ടുതന്നെ ഒരു കുട്ടിക്കും മടിയോ ലജ്ജയോ ഉണ്ടാവുകയുമില്ല. കലയുടെ ഈ വഴിത്താരയിലൂടെ അവരുടെ ജീവിതയാത്ര ആരംഭിക്കുന്നു. തന്‍െറ മക്കള്‍ മിടുക്കരും മിടുക്കികളുമാകണം എന്ന് എല്ലാ അമ്മമാര്‍ക്കും നിര്‍ബന്ധമുള്ളതുകൊണ്ട് പൈതൃകമായി കിട്ടിയ കല തലമുറകളില്‍നിന്ന് തലമുറകളിലേക്ക് സഞ്ചരിക്കുന്നു.
മജൂലി അപ്പോള്‍ ബിഹു ആഘോഷത്തിന്‍െറ തിമിര്‍പ്പിലായിരുന്നു. കാര്‍ഷിക ജനത എന്ന നിലയില്‍ അവിടെയുള്ളവരുടെ പ്രധാന ആഘോഷമാണത്. നമ്മുടെ വിഷു തന്നെയാണ് അസമിലെ ബിഹു. ബിഹു ഓരോ വീട്ടിലും ആഘോഷിക്കുന്നത് പാട്ടും നൃത്തവുമായാണ്. വര്‍ണഭംഗിയുള്ള ചേലകളണിഞ്ഞ് പെണ്‍കുട്ടികളും തലയില്‍ കെട്ടുമായി ആണ്‍കുട്ടികളും അവരുടെ അമ്മമാരില്‍നിന്ന് പഠിച്ച പാട്ടും സംഗീതവുമായി ആഘോഷലഹരിയിലാണ്.
(തുടരും)
അടുത്ത ലക്കം: ബ്രഹ്മപുത്ര എല്ലാം കവരുമെങ്കിലും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.