ചമ്പല്‍ക്കാട്ടിലെ ഇടയന്‍...
text_fieldsആഗ്രയില്‍നിന്ന് ബിന, മൊറീന എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാണ് ചമ്പല്‍ക്കാട്. അതുവഴിയുള്ള തീവണ്ടിസഞ്ചാരം കൗതുകം മാത്രമല്ല ചെറിയൊരു ഭയവും തോന്നിപ്പിച്ചു. കാരണം, ചരിത്രത്തില്‍ ഈ പേര് ആവര്‍ത്തിക്കപ്പെട്ടതിനുകാരണം നിരന്തരമായ കൊലവിളികളും കൊള്ളകളുമായിരുന്നു. ചിലപ്പോള്‍ കൂട്ടഹത്യകള്‍ ഒരു
നേരിയ രോദനത്തിന്‍െറ സാധ്യതകള്‍പോലും നല്‍കാതെ സംഭവിച്ചിടം. പകയും പ്രതികാരവും ഉരുകിയൊലിച്ച് തലമുറകളിലേക്ക് പടര്‍ന്നയിടം. ചോരവീണു നനഞ്ഞ് കറപിടിച്ച ചമ്പല്‍മണ്ണുകളില്‍ നോക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
ചമ്പല്‍ക്കാട് കാഴ്ചയില്‍ ശരിക്കും
മരുഭൂമിയിലെ ഒരിടം പോലെയാണെന്ന് തോന്നിപ്പിക്കും. വിളറി വെളുത്ത ഉടലാണതിന്. ഒടുവിലെ പച്ചപ്പും മാഞ്ഞുപോയ കുറെ കുഞ്ഞുകുന്നുകളും അതിന്‍െറ ഇടയിലെ ഗര്‍ത്തങ്ങളും ചേര്‍ന്ന കാട്.തീവണ്ടിപ്പാതയുടെ ഇരുവശത്തും വന്യതക്കുപകരം ദൈന്യത മാത്രം നിഴലിച്ച ഭൂമിക. എങ്കിലും, ആ നിസ്സംഗതയുടെ ഉള്ളില്‍ ദുരൂഹത നിറഞ്ഞിരിപ്പുണ്ട്. വിജനതയാണ് അവിടെയുള്ള പൊതുസ്വഭാവം. അത്യപൂര്‍വമായി മാത്രം അവിടെയുള്ള മുള്‍ച്ചെടികളില്‍ പച്ചപ്പ് കണ്ടു. അതിനുകീഴെ ഒന്നു രണ്ടിടത്ത് കീരികളെ പോലെ തോന്നിച്ച ജന്തുവിനെ കണ്ടു. മറ്റൊരു ജന്തുമൃഗാദികളെയും സസ്യലതാദികളെയും അവിടെയെങ്ങും കണ്ടില്ല. ചമ്പല്‍ക്കാടിന്‍െറ അടുത്തായി ചമ്പല്‍ നദിയുണ്ട്. അവിടെ തണുത്ത കാറ്റും തെളിഞ്ഞ ജലവുമുണ്ട്. ആ ജലപ്രവാഹത്തില്‍ നിന്നുള്ള ഊര്‍ജം എന്തുകൊണ്ട് ഈ കാടിനെ ദൃഢമാക്കിയില്ല എന്ന ചോദ്യം ഇപ്പോള്‍ ഇവിടെ എത്തുന്ന ആരിലുമുണ്ടാകും. എന്നാല്‍, ഒരുകാലത്ത് ചമ്പല്‍ക്കാട് ഇങ്ങനെയൊന്നുമായിരുന്നില്ല. നിറഞ്ഞ കുറ്റിക്കാടുകളും പച്ചപ്പും കാലങ്ങളായി കൈമോശംവരുകയായിരുന്നു. പരിസ്ഥിതി നശീകരണത്തിന്‍െറ ഏറ്റവും വലിയ ഉദാഹരണമായിരിക്കുന്നു ഈ സ്ഥലം. ചമ്പല്‍ക്കാട് കാടും നാടും അല്ലാതായ ഗൗരവമായ അവസ്ഥ. പണ്ട് കൊള്ളക്കാര്‍ ഒളിഞ്ഞിരുന്നിടം ഇന്ന് തുറന്ന് തരിശായിക്കിടക്കുന്നു.
ശോകമൂകമായ ഒരീണം അവിടെനിന്ന് പൊട്ടിമുളക്കുന്നപോലെ തോന്നി. പണ്ട്് ഈ
കുറ്റിക്കാടുകള്‍ക്കിടയിലൂടെ ഇടക്കിടെ കുതിരക്കുളമ്പടികള്‍ മുഴങ്ങിയിരുന്നതായി കേട്ടിട്ടുണ്ട്. സംഘമായത്തെിയിരുന്ന ആ കൊള്ളക്കൂട്ടങ്ങള്‍ക്കിടയില്‍ കവര്‍ച്ചമുതലുകളും മനുഷ്യകബന്ധങ്ങളുമൊക്കെ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇന്നും ഓര്‍മിക്കുന്ന ചില പേരുകളുണ്ട്. ഇന്ത്യയുടെ ബാന്‍ഡിറ്റ് ക്വീന്‍ എന്നറിയപ്പെടുന്ന ഫൂലന്‍ദേവിയാണ് അതിലെ ആദ്യനാമം. കൂട്ടാളികളായ വിക്രം മല്ലയും മാന്‍സിങ്ങും ബാബാ ഗുജ്ജയും അടങ്ങുന്നു ആ നിരയില്‍. മിന്നുന്ന കഠാര ഉറയിലിട്ട് ഒരുകൈയില്‍ കുതിരയുടെ കടിഞ്ഞാണും മറുകൈയില്‍ തോക്കും തോളിലെ ബുള്ളറ്റ് ബെല്‍റ്റുമായി ആ സംഘങ്ങള്‍ പാഞ്ഞുപോയിരുന്നത് ഈ വഴികളിലൂടെയായിരുന്നു.
ഫൂലന്‍ദേവി
ഫൂലന്‍ദേവി അങ്ങനെയായിത്തീരാന്‍ കാരണം ഉത്തര്‍പ്രദേശിലെ ജാതിവ്യവസ്ഥയും സാമൂഹിക അസമത്വങ്ങളുമൊക്കെയായിരുന്നു. ജാതിമേലാളന്മാരുടെ കൊള്ളസംഘം ഒരുനാള്‍ ആ അവര്‍ണസമുദായക്കാരിയെ നഗ്നയായി നടത്തി അപമാനിച്ചു. നിരന്തരം കൂട്ടത്തോടെ മാനഭംഗപ്പെടുത്തി. അങ്ങനെയെല്ലാം ചവിട്ടിയരച്ചപ്പോഴാണ് ഫൂലന്‍ദേവി പ്രതികാര ദുര്‍ഗയായി അവതരിക്കുന്നത്.
തന്നെ അപമാനിച്ച 22 ഠാക്കൂര്‍കൊള്ളക്കാരെ കൊന്ന് കുടല്‍മാല പുറത്തേക്കിട്ട് അലറി വിളിച്ചുകൊണ്ട് അവള്‍ ചമ്പലിലെ കൊള്ളക്കാരുടെ റാണിയായി മാറി. എന്നാല്‍, ഫൂലനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്ന കാര്യത്തില്‍ ഭരണകൂടം വിജയിക്കുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും മധ്യപ്രദേശിലെ മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങുമാണ് അതിന് മുന്‍കൈയെടുത്തത്. 12 കൊള്ളക്കാര്‍ക്കൊപ്പം കീഴടങ്ങിയ ഫൂലന്‍ പിന്നീട് ജനാധിപത്യ മാര്‍ഗത്തിലൂടെ സഞ്ചരിച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.പിയായതും രാജ്യം അദ്ഭുതത്തോടെ കണ്ടു. ഫൂലന്‍ദേവിയുടെ ജീവിതത്തെ
ആസ്പദമാക്കി ശേഖര്‍കപൂര്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. 2001 ജൂലൈ 25ന് ഡല്‍ഹിയില്‍ ഠാക്കൂര്‍മാരുടെ പിന്‍തലമുറക്കാരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ഫൂലന്‍ദേവിയുടെ ജീവിതം അവസാനിച്ചു. എന്നാല്‍, ചമ്പലിലെ കൊള്ളക്കാരുടെ കഥ പൂര്‍ണമായും അവസാനിച്ചിട്ടില്ല. അവിടെ കൊള്ളക്കാര്‍ ഇപ്പോഴുമുണ്ട്. 2005ല്‍ നിര്‍ഭാഗ്യ സിങ് ഗുജ്ജാര്‍ എന്ന പേരുകേട്ട കൊള്ളക്കാരന്‍ കൊല്ലപ്പെട്ടതോടെ അല്‍പം ശമനമായി എന്നുമാത്രം. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് കുപ്രസിദ്ധ ചമ്പല്‍ കൊള്ളക്കാരന്‍ വിഷ്ണു പരിഹര്‍ (28) ഉത്തര്‍പ്രദേശില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ ചമ്പല്‍താഴ്വരയില്‍ സിനിമാ ഷൂട്ടിങ്ങിനത്തെിയ നടിയെ കൊള്ളക്കാര്‍ തടഞ്ഞുവെച്ച സംഭവവുമുണ്ടായി.
ഒരാട്ടിന്‍ കൂട്ടം
തീവണ്ടിയുടെ വേഗംകുറഞ്ഞ് അത് സാവധാനം ഇഴയാന്‍ തുടങ്ങിയ നേരം. ചമ്പല്‍ക്കാടുകളുടെ നടുവിലൂടെ പെട്ടെന്നൊരു കാഴ്ച കണ്ടു. കുഴികളും ചെറു കുന്നുകളും കഴിഞ്ഞ് അല്‍പം അകലെയായി ഞങ്ങളെ തുറിച്ചുനോക്കി ഒരു മധ്യവയസ്കന്‍ നില്‍ക്കുന്നു. അയാളുടെ തലപ്പാവും കൈയിലെ ഒരു വടിയും കണ്ടപ്പോള്‍ സംശയം ബലപ്പെട്ടു; ഇതാ ചമ്പലിലെ ഒരു കൊള്ളക്കാരന്‍ കണ്‍മുന്നിലെന്ന്. അയാളുടെ കൈയിലുള്ളത് തോക്കാണോയെന്നും തോന്നിപ്പോയി. മുഖത്ത് ക്രൗര്യം പടര്‍ന്നിരിക്കുന്നതായും തോന്നിപ്പോയി. ചിന്തകള്‍ക്കിടയില്‍ അയാളെ വെറുപ്പോടെ നോക്കിയിരിക്കുമ്പോള്‍ കണ്ടു അയാളുടെ പിന്നില്‍ ഒരാട്ടിന്‍ കൂട്ടം. അവയില്‍ ചിലത് വന്ന് അയാളുടെ വടിയില്‍ തൊടുന്നു. കൈകാലുകളില്‍ സ്പര്‍ശിക്കുന്നു. ആ ഇടയന്‍െറ മുഖത്ത് ഇപ്പോള്‍ കാണപ്പെട്ടത് ക്രൗര്യമല്ളെന്നും വാത്സല്യമാണെന്നും കുറ്റബോധത്തോടെ ഞാന്‍ ചിന്തിക്കുമ്പോള്‍ തീവണ്ടിക്ക് വീണ്ടും വേഗം കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.