Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകാടിറങ്ങി...

കാടിറങ്ങി പൂപ്പാടത്തേക്ക്

text_fields
bookmark_border
കാടിറങ്ങി പൂപ്പാടത്തേക്ക്
cancel

ചില യാത്രകള്‍ അങ്ങനെയാണ്, നമ്മള്‍ കാണാന്‍ പോകുന്ന സ്ഥലത്തേക്കാള്‍ നല്ലത് പലപ്പോഴും കരുതിവെച്ചിട്ടുണ്ടാകും വഴിയോരങ്ങള്‍. അങ്ങനെ അനേകം നിറമുള്ള കാഴ്ചകള്‍ കണ്ടുകണ്ട് ലക്ഷ്യസ്ഥാനത്തത്തെുമ്പോഴാകും വഴിയോരത്തിന്‍െറ പിന്‍കാഴ്ചകളിലേക്ക് വീണ്ടും കണ്ണ് പായുക. ഗുണ്ടല്‍പേട്ടിലെ ഹിമവാദ് ഗോപാല്‍സ്വാമി ബേട്ടയിലേക്കുള്ള യാത്ര, വഴിയോരത്ത് ഞങ്ങള്‍ക്കായി കാത്തുവെച്ച ചിലതുണ്ട്. സുഹൃത്തുക്കളായ ഷഫീര്‍, സാലി എന്നിവര്‍ക്കൊപ്പം രാവിലെ ഏഴരക്ക് പെരിന്തല്‍മണ്ണയില്‍നിന്ന് പുറപ്പെട്ടു. യാത്ര പ്ളാന്‍ ചെയ്തത് തലേന്ന് രാത്രിയായതിനാല്‍ നല്ല ത്രില്ലിലായിരുന്നു ഞങ്ങള്‍. കൂട്ടുകാര്‍ ആദ്യമായാണ് ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിലൂടെ യാത്ര ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു -നിങ്ങളുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരിക്കും ഈ യാത്രയെന്ന്. വഴിക്കടവ് ചെക്പോസ്റ്റ് പിന്നിട്ട് ചുരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ തണുത്ത കാറ്റ് കാറിനുള്ളിലേക്ക് അടിച്ചുവീശാന്‍ തുടങ്ങി. വന്‍മരങ്ങള്‍ക്കു മേല്‍ മേഘം മേലാപ്പിട്ട നാടുകാണി ചുരത്തിലൂടെ കാര്‍ ഒഴുകിനീങ്ങിക്കൊണ്ടിരുന്നു. മണ്ണിടിഞ്ഞ് ഇടക്കിടെ റോഡിലേക്ക് വീണ മണ്‍കൂനകളെ കാര്‍ വെട്ടിച്ചെടുക്കുന്നത് കണ്ട് ഡ്രൈവിങ് സീറ്റിലിരിക്കുന്ന സുഹൃത്ത് സാലിയോട് ഷഫീറിന്‍െറ മുന്നറിയിപ്പ് ‘ഇടതുസൈഡില്‍ വന്‍ കൊക്കയാണ് വീണാല്‍ പൊടിപോലും കിട്ടില്ല’. വളഞ്ഞുപുളഞ്ഞ് പതിയെ കാര്‍ നീങ്ങി. കേരള അതിര്‍ത്തി കടന്നതോടെ റോഡരികില്‍ നാരങ്ങയും പേരക്കയും വില്‍ക്കുന്ന കുട്ടികളെയും വീട്ടമ്മമാരെയും കോടമഞ്ഞിനിടയിലൂടെ കാണുന്നുണ്ടായിരുന്നു. ചുരത്തിലെ ചെറിയൊരു പെട്ടിക്കടയില്‍നിന്ന് കുടിച്ച ചായയുടെ രുചി നാവിന്‍ തുമ്പില്‍ ഏറെനേരം തങ്ങിനിന്നു. അങ്ങ് നീലഗിരിക്കുന്നുകളില്‍ നിന്ന് ഇറങ്ങിയത്തെിയ തേയിലകൊണ്ടാണ് ചായ ഉണ്ടാക്കിയതെന്ന് കടക്കാരന്‍. ചായ കുടിച്ചതോടെ മഞ്ഞുറഞ്ഞ ശരീരം അല്‍പം ചൂടുപിടിച്ചു.
മലയാളം തായ്ത്തമിഴിന് വഴിമാറുന്ന നാടുകാണി ജങ്ഷനും ഗുഡല്ലൂര്‍ ടൗണും പിന്നിട്ട് മുതുമല ടൈഗര്‍ റിസര്‍വ് വനാന്തരങ്ങളിലൂടെ യാത്ര തുടര്‍ന്നു. മുതുമല വനാന്തരപാതക്ക് ഇരുവശവും കിലോമീറ്ററുകള്‍  നിബിഢമായ മുളങ്കൂട്ടങ്ങളാണ്. പണ്ട് കേരളത്തില്‍ കൊടും വരള്‍ച്ചയുണ്ടായ കാലത്ത് മുളയരി ശേഖരിക്കാന്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലുള്ളവര്‍ ഈ വനാന്തരങ്ങളില്‍ വന്നിരുന്നതായി കുട്ടിക്കാലത്ത് പറഞ്ഞുകേട്ട കഥകളില്‍ ഉണ്ടായിരുന്നു. അത് ശരിയാണെന്ന് ഈവഴി സഞ്ചരിച്ചാല്‍ തോന്നിപ്പോകും. റോഡ് പാടെ തകര്‍ന്നതിനാല്‍ കുഴികളില്‍വീണ് കാര്‍ പതിയെയാണ് പോയത്. പൊടുന്നനെയാണ് മുളങ്കൂട്ടങ്ങള്‍ വന്‍മരങ്ങള്‍ക്ക് വഴിമാറിയത്. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന മേഖലയാണെന്ന ബോര്‍ഡുകള്‍ റോഡോരത്ത് മുഴുവന്‍ കാണാമായിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും റോഡരികില്‍ ഒരു ആനയും കുട്ടിയും. തൊട്ടടുത്തത്തെിയിട്ടാണ് കണ്ടത്. ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മനസ്സിലും ശരീരത്തിലും പടര്‍ന്നുകയറിയ ഭയം പിന്തിരിപ്പിച്ചു. റോഡ് തകര്‍ന്നതിനാല്‍ വണ്ടി പിന്നോട്ട് എടുക്കാനും പറ്റുന്നില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച് മുന്നോട്ടുതന്നെ ഓടിച്ച് പോയി. പുലിയും കടുവയും കരടിയും കാട്ടുപോത്തുമൊക്കെ വിഹരിക്കുന്ന പാതയിലൂടെയാണ് യാത്ര. റോഡിനിരുവശവും വന്‍മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്ന, ഒൗഷധസസ്യങ്ങളുടെ കലവറയായ, കാട്ടുപൂക്കളുടെ സുഗന്ധം പരക്കുന്ന കാട്ടിലൂടെയുള്ള സഞ്ചാരം അനുഭവിച്ചുതന്നെ അറിയണം. 17 കിലോമീറ്റര്‍ താണ്ടി മുതുമല ആനസങ്കേതത്തിന് സമീപത്തെ ജങ്ഷനില്‍ ആളനക്കം ഞങ്ങള്‍ക്ക് അല്‍പം ധൈര്യം തന്നു. ഇവിടെ തമിഴ്നാട് വനംവകുപ്പിന്‍െറ ഗെസ്റ്റ്ഹൗസും ആനസവാരിയുമുണ്ട്. ഈ ജങ്ഷനില്‍നിന്ന് മസിനഗുഡി വഴി ഊട്ടിയിലേക്ക് റോഡുണ്ട്. ചായ കുടിച്ച് പത്ത് മിനിറ്റ് വിശ്രമിച്ച് യാത്ര തുടര്‍ന്നു. ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്ക് തുടങ്ങുന്നിടത്ത് തമിഴ്നാട് ചെക്പോസ്റ്റ് പിന്നിട്ടാല്‍ കാടിന് മറ്റൊരു മുഖമാണ്. റോഡിനിരുവശവും നിശ്ചിത അളവില്‍ പുല്‍ക്കാടുകള്‍ വെട്ടിനീക്കിയിട്ടുണ്ട്. മൃഗങ്ങള്‍ റോഡിലേക്കിറങ്ങുന്നത് ഡ്രൈവര്‍മാര്‍ക്ക് കാണാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ഷഫീറിന്‍െറ വിശദീകരണം. ബന്ധിപ്പൂര്‍ കാട് ആസ്വദിച്ചുള്ള യാത്ര ഒരു അനുഭൂതി തന്നെയാണ്. എത്ര സഞ്ചരിച്ചാലും മടുക്കാതിരിക്കാന്‍ പാകത്തില്‍ പച്ചപ്പിനെ അണിയിച്ച് നിര്‍ത്തിയിട്ടുണ്ട് പ്രകൃതി. മൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വണ്ടിതട്ടി ചാകുന്നതിനാലാവണം അടിക്കടി ഹമ്പുകള്‍ നിര്‍മിച്ചിട്ടുണ്ട്. കാര്‍ പതിയെ നീങ്ങുന്നതിനിടെ റോഡരികില്‍ മേയുന്ന മാന്‍കൂട്ടങ്ങളെ കണ്ട് വണ്ടിനിര്‍ത്തി. ഞങ്ങള്‍ക്കുനേരെ തലയുയര്‍ത്തി നോക്കിയ ശേഷം യാതൊരു ഭാവഭേദവുമില്ലാതെ വീണ്ടും പുല്‍നാമ്പുകള്‍ കടിച്ചുകൊണ്ടിരുന്നു അവ. ആദ്യമായാണ് ഇത്രയും പുള്ളിമാനുകളെ ഒരുമിച്ച് കാണുന്നത്. പീലി വിടര്‍ത്തിയ മയിലുകള്‍, ആള്‍ക്കുരങ്ങുകള്‍, കാട്ടുപോത്ത്, പന്നിക്കൂട്ടങ്ങള്‍, മലമുഴക്കി വേഴാമ്പല്‍, പലയിടങ്ങളിലായി മേയുന്ന മാന്‍കൂട്ടങ്ങള്‍ തുടങ്ങിയ കാടിന്‍െറ ഉടമകള്‍ വഴിയോരങ്ങളില്‍ കാഴ്ചയൊരുക്കി ഞങ്ങളെ കാത്തിരുന്നു. പുലി, കടുവ എന്നിവയൊഴികെ മിക്ക മൃഗങ്ങളെയും റോഡോരങ്ങളില്‍ കണ്ടു. 34.8 കിലോമീറ്റര്‍ കാടിന്‍െറ വന്യത ആസ്വദിച്ച് ഉച്ചയോടെ ഗുണ്ടല്‍പേട്ടിലെ ‘മേല്‍ക്കമനഹള്ളി’ എന്ന ജങ്ഷനിലത്തെി. ഇവിടുന്ന് ഭക്ഷണം കഴിച്ച് കുറച്ചുസമയം വിശ്രമിച്ചു.
ഗുണ്ടല്‍പേട്ടിലെ കര്‍ഷക ഗ്രാമങ്ങളിലൂടെ...
വായിച്ചും കേട്ടുമറിഞ്ഞ പൂപ്പാടങ്ങളായിരുന്നു ഷഫീറിന്‍െറയും സാലിയുടെയും മനസ്സില്‍ ഗുണ്ടല്‍പേട്ടിനെ കുറിച്ചുള്ള ചിത്രം. എന്നാല്‍, പലയിടങ്ങളിലും പൂക്കളുടെ വിളവെടുപ്പ് പൂര്‍ത്തിയായെന്ന് ഹോട്ടലുടമ കണ്ണൂര്‍ സ്വദേശി അറിയിച്ചതോടെ ഞങ്ങള്‍ക്ക് അല്‍പം നിരാശ തോന്നി. എങ്കിലും കര്‍ഷകഗ്രാമങ്ങളിലൂടെ യാത്ര തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പ്രധാന റോഡില്‍നിന്ന് പാടങ്ങള്‍ക്ക് നടുവിലൂടെ കാര്‍ നീങ്ങിക്കൊണ്ടിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന, സൂര്യകാന്തിയും ചെണ്ടുമല്ലിയും വിളവെടുത്ത പാടങ്ങളില്‍ മറ്റു കൃഷിയിറക്കാന്‍ നിലമൊരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. മണ്ണിന്‍െറ നിറമുള്ള പാടത്തിന് നടുവില്‍ ദൂരെ മഞ്ഞയും ചുവപ്പും ചതുരങ്ങള്‍ കണ്ട ഭാഗത്തേക്ക് കാര്‍ നീങ്ങി. അടുക്കുംതോറും കണ്ണില്‍ അതൊരു സൂര്യകാന്തി, ചെണ്ടുമല്ലി പാടമായി രൂപപ്പെട്ടു. ഞങ്ങള്‍ക്ക് കാഴ്ച കാണാന്‍ മാത്രം അത് വിളവെടുക്കാതെ കിടക്കുന്നു. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പൂപ്പാടങ്ങളില്‍ നിന്ന് ഫോട്ടോയെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അത് സാധ്യമായതിന്‍െറ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. പൂക്കളുടെ സൗരഭ്യവും സദാസമയം സുഗന്ധവും പരത്തുന്ന ഗ്രാമങ്ങളിലൂടെ ഫോട്ടോ പകര്‍ത്തിയങ്ങനെ യാത്ര തുടര്‍ന്നു. പാകമായി നില്‍ക്കുന്ന ഉള്ളിച്ചെടികള്‍ മുല്ലപ്പൂ പാടംപോലൈ നീണ്ടുനിവര്‍ന്ന് കിടക്കുന്നു. മണ്ണിന്‍െറ മാറിലൂടെ കലപ്പയില്‍ പിടിച്ച് നടന്നുനീങ്ങുന്ന കര്‍ഷകര്‍ പഴയകാല കേരളത്തെ അനുസ്മരിപ്പിച്ചു. ഒരു കന്നുകാലിയെങ്കിലും ഇല്ലാത്ത വീടുകള്‍ ഇവിടെ കാണാനാവില്ല. കാലികള്‍ ഇവരുടെ ഉപജീവന മാര്‍ഗം കൂടിയാണ്. ചെമ്മരിയാട്, കന്നുകാലി എന്നിവയെ വളര്‍ത്തുന്ന ഗുണ്ടല്‍പേട്ടുകാര്‍ മണ്ണിന്‍െറ മക്കളാണ്. ഉള്ളി, തക്കാളി, ഇഞ്ചി, മഞ്ഞള്‍, ചോളം, വെളുത്തുള്ളി, കരിമ്പ്, മുതിര, ബീന്‍സ്, വാഴ, തണ്ണിമത്തന്‍, കാബേജ് തുടങ്ങിയ വിളകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ നിലമൊരുക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. എങ്കിലും ചിലയിടങ്ങളില്‍ തക്കാളിയും ഉള്ളിയും മഞ്ഞളും പാകമായിത്തുടങ്ങിയിട്ടുണ്ട്. ഉണങ്ങിയ സൂര്യകാന്തി ചെടികള്‍ കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകള്‍ വീട്ടുമുറ്റങ്ങളില്‍ അത്ഭുതമായി നില്‍ക്കുന്നു. പാടങ്ങള്‍ക്ക് നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഏറുമാടങ്ങള്‍ കണ്‍കുളിര്‍ക്കുന്ന കാഴ്ചകളാണ്. കാട്ടാനകളും പന്നികളും കൃഷി നശിപ്പിക്കുന്നത് പലപ്പോഴും കണ്ണീര്‍ദുരിതങ്ങള്‍ സമ്മാനിക്കാറുണ്ട് ഗ്രാമീണര്‍ക്ക്. മണ്ണ് വിതാനിച്ച പാതയിലൂടെ കാളവണ്ടികള്‍ കാറിനെ കടന്നുപോകുമ്പോള്‍ കാമറക്കണ്ണുകള്‍ മിന്നിക്കൊണ്ടിരുന്നു. കുന്നിന്‍ ചെരിവുകളില്‍ ചെമ്മരിയാടിന്‍ പറ്റങ്ങള്‍ മേഞ്ഞുനടന്നു. നാഗരികത തൊട്ടുതീണ്ടാത്ത ഗ്രാമങ്ങളില്‍, മണ്ണിനെ പ്രണയിക്കുന്ന മനുഷ്യരെ കാണണമെങ്കില്‍ ഇവിടെ വരാം. ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമക്ക് മുഖ്യ ലൊക്കോഷനായതിന്‍െറ കാരണം ഗുണ്ടല്‍പേട്ടിലെ നാല്‍ക്കാലിപെരുമയും പൂപ്പാടവുമാണ്. ഇത്തരമൊരു ലൊക്കേഷന്‍ തേടിനടന്ന സംവിധായകന്‍ സിനിമ ഉപേക്ഷിക്കേണ്ടി വരുമോ എന്നുപോലും ചിന്തിച്ച സമയത്താണ് 3000ത്തോളം കാലികള്‍ മേയുന്ന ഗുണ്ടല്‍പേട്ടിലെ ചെറുഗ്രാമങ്ങള്‍ കണ്ടത്തെുന്നത്.
തണുപ്പിന്‍െറ മാമല...
ലക്ഷ്യം ഗോപാല്‍സ്വാമിബേട്ട ആയിരുന്നതിനാല്‍ പാടങ്ങളോട് വിടപറഞ്ഞ് വീണ്ടും ചുരം കയറാന്‍ തുടങ്ങി, ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിന്‍െറ ഭാഗമായ കാട്ടിലൂടെ. ആനകളുടെ വിഹാരകേന്ദ്രമാണ് ഇവിടമെന്ന് താഴെ ചെക്പോസ്റ്റിലെ ജീവനക്കാരന്‍ മുന്നറിയിപ്പ് തന്നു. മുന്നിലും പിറകിലുമായി ഒരു വണ്ടിപോലും ഇല്ലാത്തതിനാല്‍ തിരിച്ചുപോയാലോ എന്നുവരെ ഞങ്ങള്‍ ആലോചിച്ചു. പകുതിയില്‍ വെച്ച് തിരിച്ചുപോയിരുന്നെങ്കില്‍ വലിയൊരു നഷ്ടമായേനെയെന്നാണ് ഗോപാല്‍സ്വാമി ക്ഷേത്രത്തിലത്തെിയപ്പോള്‍ തോന്നിയത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘മനോഹരമായ ഭൂമിക’. മനുഷ്യന്‍െറ ഇടപെടലുകള്‍ കുറവായതിനാല്‍ പ്രകൃതി അങ്ങനെതന്നെ നിലനില്‍ക്കുന്നു. ക്ഷേത്രത്തിന് കിഴക്കു ഭാഗത്ത് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പച്ചകുന്നുകള്‍, വടക്ക് പാറക്കല്ലുകള്‍ വിതാനിച്ച മലനിരകള്‍, പടിഞ്ഞാറ് പൂപ്പാടങ്ങളുടെ ആകാശക്കാഴ്ച, കിഴക്ക് വന്‍ യൂക്കാലിപ്സ് മരങ്ങളില്‍നിന്ന് കാറ്റടിക്കുമ്പോഴുണ്ടാകുന്ന മൂളല്‍. കുന്നിന്‍ചെരിവുകളില്‍ പുള്ളിമാന്‍കൂട്ടങ്ങള്‍ മേഞ്ഞുനടക്കുന്ന മനോഹര കാഴ്ച. ഇത്രയും ഉയരത്തില്‍ കരിങ്കല്ലുകള്‍ ചത്തെിയെടുത്ത് ക്ഷേത്രം ഉണ്ടാക്കിയത് ഒരു അത്ഭുതം തന്നെയാണ്. 400 വര്‍ഷം പഴക്കമുണ്ടെന്ന് ക്ഷേത്രം ജീവനക്കാരന്‍ പറഞ്ഞെങ്കിലും അതിലേറെ പഴക്കമുള്ളതായി തോന്നിക്കുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ കൈ്ളമാക്സ് ചിത്രീകരിച്ചത് ഈ ക്ഷേത്രത്തിലാണ്. മറ്റനേകം സിനിമകള്‍ക്കും ക്ഷേത്രവും പരിസരവും പശ്ചാത്തലമായിട്ടുണ്ട്. സഞ്ചാരികള്‍ കുറവുള്ള സമയങ്ങളില്‍ ഒരു മണിക്കൂര്‍ മാത്രമേ ഇവിടെ ചെലവഴിക്കാവൂ എന്ന് നിബന്ധനയുണ്ട്. മഞ്ഞിന്‍െറ തണുപ്പിലലിഞ്ഞ് ക്ഷേത്രമുറ്റത്ത് കുറച്ച് സമയം കൂടി ഞങ്ങള്‍ ഇരുന്നു. സമയം അതിക്രമിച്ചു തുടങ്ങിയപ്പോള്‍ മലയെ പുല്‍കിയ കോടമഞ്ഞിനെ വകഞ്ഞുമാറ്റി ഞങ്ങള്‍ ചുരമിറങ്ങി.
രാത്രിയാത്രാ നിരോധമുള്ളതിനല്‍ രാത്രി ഒമ്പത് മണിക്ക് ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിന്‍െറ ഗേറ്റ് കടക്കണമെന്നും അല്ളെങ്കില്‍ അടുത്ത ദിവസമേ പോകാനൊക്കൂവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഓര്‍മയിലുള്ളതിനാല്‍ ആറ് മണിയോടെ ഗുണ്ടല്‍പേട്ടിനോട് വിട പറഞ്ഞു.

ഫോട്ടോ: വി.കെ. ഷമീം

യാത്രാ അനുഭവവും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story