ഒരു കൊങ്കണ്‍ തീവണ്ടിയാത്ര
text_fieldsകര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് കൊങ്കണ്‍ കടന്നുപോകുന്നത്. കര്‍ണ്ണാടകത്തിലെ മംഗലാപുരത്തെയും മഹാരാഷ്ട്രയിലെ റോഹയെയും തമ്മില്‍ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയാണ് കൊങ്കണ്‍ റെയില്‍വേ. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനായിരുന്നു ഇതിന്‍െറ നിര്‍മ്മാണച്ചുമതല. മലയാളി ഇ.ശ്രീധരനായിരുന്നു ഇതിന്‍െറ മാനേജിംഗ് ഡയറക്ടര്‍. അദ്ദേഹത്തിന്‍െറ കഠിന പരിശ്രമവും പ്ളാനിംഗുമാണ് ഇതിന്‍െറ വിജയവും. 1990 സെപ്റ്റംബര്‍15ന് റോഹയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശിലയിട്ടു. 1998 ല്‍ ജനുവരി 26 ന് ഉത്ഘാടനം ചെയ്തു. ഇതോടുകൂടി കര്‍ണ്ണാടക മഹാരാഷ്ട്ര യാത്രാ ദൂരം പകുതിയായി. 760 കിലോമീറ്ററില്‍ 60 റെയില്‍വെ സ്റ്റേഷനുകളിലായി കൊങ്കണ്‍. ഈ പാത വരുന്നതിന് മുമ്പ് ബോംബെയില്‍ പോയിരുന്നത് ഷോളാപ്പൂര്‍ വാഡി വഴിയായിരുന്നു. നമ്മുടെ ജയന്തി ജനത പോകുന്നത് ഇന്നും ഈ വഴിയില്‍ കൂടിയാണ്.
രാവിലെ പത്ത് മണിയോടെ ഞങ്ങള്‍ ഞങ്ങള്‍ കര്‍ണ്ണാടകയിലെ മാംഗ്ളൂരില്‍ എത്തി. അവിടെ നിന്ന് കൊങ്കണ്‍ റൂട്ടാണ്. ആദ്യമായാണ് ഞാന്‍ കൊങ്കണ്‍ പാതയിലൂടെ സഞ്ചരിക്കുന്നത്. അതിന്‍െറ ആവേശവുമായി കാമറയുമായി ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഉഡുപ്പി കഴിഞ്ഞപ്പോള്‍ ഒരു വലിയ ടൗണ്‍ കണ്ടു. നമ്മുടെ നാട്ടിലെ പോലെ തന്നെ അന്തരീക്ഷം. കര്‍ണ്ണാടകയിലെ ഈ ഭാഗത്തിലൂടെയുള്ള യാത്ര കേരളത്തിലെ ഉള്‍ഗ്രാമത്തില്‍ കൂടിയുള്ള യാത്രയെ ഓര്‍മ്മിപ്പിക്കും. ശീമചക്ക, പ്ളാവ്, കാച്ചില്‍, വാഴ ഒക്കെ കൃഷിചെയ്തിരിക്കുന്നു. ട്രെയിന്‍ജാലകത്തിലൂടെ ഓടി മറയുന്ന ഇടറോഡുകള്‍, ചെറുപുഴകള്‍, കണ്ടല്‍ക്കാടുകള്‍, നെല്‍പ്പാടങ്ങള്‍.
പുഴകള്‍ ആവര്‍ത്തിക്കപ്പെടുന്നത് കണ്ടപ്പോള്‍ മംഗലാപുരം കഴിഞ്ഞശേഷമുള്ള ഏഴാമത്തയോ എട്ടാമത്തെയോ പുഴയാണന്ന് ആരോ പറഞ്ഞു. ഇതിനിടയില്‍ അകലെ പശ്ചിമഘട്ട മലകള്‍ ദൃശ്യമായി തുടങ്ങി. കുന്ദാപുര പിന്നിടുമ്പോള്‍ മുമ്പ് മൂകാംബികയിലേക്ക് പോകാന്‍ ഇവിടെയാണ് ഇറങ്ങുന്നതെന്ന് സഹയാത്രികനായ സ്റ്റീഫന്‍ ചേട്ടന്‍ പറഞ്ഞു. (സ്റ്റീഫന്‍ ചേട്ടന്‍ ഒരു ‘ഇന്ത്യന്‍ ഫാഹിയാനാ’ണ് എന്ന് പറയാം. കുന്നംകുളം കാരനും കര്‍ഷകനുമായ അദ്ദേഹത്തിന് ഇടവേളകളില്‍ നാട് ചുറ്റലാണ് വിനോദം). പ്രകൃതിഭംഗി തുളുമ്പുന്ന പാതകള്‍ പിന്നിട്ട് എപ്പോഴോ തീവണ്ടി മലകള്‍ക്ക് ഇടയിലൂടെയുള്ള തുരങ്കത്തിലേക്ക് കടന്നു. ഭട്ക്കല്‍ സ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് രണ്ട് തുരങ്കങ്ങളാണ് പിന്നിട്ടത്. ആകെ 91 തുരങ്കങ്ങളാണുള്ളത്. അതെല്ലാം ദുര്‍ഘടവും അസാദ്ധ്യവും എന്ന് കരുതുന്ന മലകള്‍ക്കിടയിലൂടെ. കൊങ്കണ്‍ റെയില്‍പ്പാതയിലെ 6.5 കിലോമീറ്റര്‍ നീളമുള്ള കര്‍ബുദ് തുരങ്കമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കം. തുരങ്കം മാത്രമല്ല വലിയ പുഴകള്‍ക്ക് കുറുകെ ദൃഡമായ പാലങ്ങളുമുണ്ട്. 1858 പാലങ്ങളാണ് കൊങ്കണ്‍ റൂട്ടിലുള്ളത്.
ഉച്ച കഴിഞ്ഞ് കര്‍ണ്ണാടയിലെ ഹോനാവര്‍ സ്റ്റേഷന്‍ പിന്നിടുമ്പോള്‍ തീരമേഖലയിലൂടെ റോഡ് കടന്നുപോകുന്നത് കണ്ടു. കന്യാകുമാരി-മുംബൈ ബസ്റൂട്ടാണിതെന്ന് സ്റ്റീഫന്‍ ചേട്ടന്‍ പറഞ്ഞുതന്നു. വയലുകളുടെ കാഴ്ച വീണ്ടും കടന്നുവന്നു. വയലുകളുടെ നടുവില്‍ ആരാധനാലയങ്ങളും കണ്ടു. തങ്ങളുടെ കൃഷിയെ കാക്കാനും ദൈവത്തെ പ്രീതിപ്പെടുത്താനുമുള്ള കര്‍ഷകരുടെ പ്രാര്‍ഥനകളാണ് ആ ദേവാലയങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തന്നെവ്യക്തം.
ഗോകര്‍ണ സ്റ്റേഷനില്‍ കൂടി പോകുമ്പോള്‍ പുറത്തെ കൃഷിയിടങ്ങളിലെ മണ്ണിന്‍െറ ചുവപ്പ് നിറം ശ്രദ്ധിച്ചു. അവിടെയെല്ലാം നോക്കുകുത്തികള്‍ നിറഞ്ഞിരിക്കുന്നു. പക്ഷികളെ ഓടിക്കുക മാത്രമല്ല, മനുഷ്യരുടെ കണ്ണ് ‘തട്ടാതിരിക്കാനുള്ള’ വിശ്വാസം കൂടിയാണ് നോക്കുകുത്തികള്‍. വയലുകളില്‍ കരിമ്പ് നിറഞ്ഞിരിക്കുന്നു. വയലുകളുടെ അടുത്തായി ചെറുതും വലുതുമായ തടാകങ്ങള്‍. അവിടെ പലതരം പക്ഷികള്‍. മീന്‍ തെരയുന്ന നീര്‍കാക്കകള്‍. വയലുകളുടെ അതിര്‍ വരമ്പുകള്‍ കറുത്ത കല്ലുകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. കൊണാറക സ്റ്റേഷന്‍ എത്തിയപ്പോള്‍ നാട്ടുമാവുകളുടെ തണലും സമൃദ്ധിയും കണ്ട് കൊതി തോന്നി. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നാട്ടുമാവുകള്‍ ഇല്ലാതാവുകയാണല്ളോ. അന്‍കോള സ്റ്റേഷന്‍ എത്തിയപ്പോള്‍ കൊന്നചെടികളും പറങ്കിമാവുകളും എവിടെയും കാണാമായിരുന്നു. കുറ്റിച്ചെടികളും ധാരാളമുണ്ട്. ഹര്‍വല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജനവാസ മേഖലയായി. ഒരു വശത്ത് നിബിഡ വനവും മറുവശത്ത് പച്ചക്കറി കൃഷിയും. കുറെ കഴിഞ്ഞപ്പോള്‍ നദികളും കണ്ടല്‍ക്കാടുകളും പിന്നിട്ടു ട്രയിന്‍ ഹുങ്കാരത്തോടെ ഗോവ ലക്ഷ്യമായി പാഞ്ഞു.
വൈകുന്നേരം അഞ്ചോടെ ട്രയിന്‍ മഡ്ഗോവയിലത്തെി. കുറെ നേരം ട്രയിന്‍ സിഗ്നല്‍ കാത്തുകിടന്നപ്പോള്‍ മധുര പലഹാരങ്ങളുമായി വില്‍പ്പനക്കാര്‍ വളഞ്ഞു. ഗോവന്‍ കശുവണ്ടി പാക്കറ്റുകളിലാക്കിയും വെച്ചിരിക്കുന്നു. 20 രൂപ കൊടുത്ത് ചുവന്ന നിറത്തിലുള്ള ഒരു സ്വീറ്റ്സ് വാങ്ങി നുണഞ്ഞു. അരക്ക് പോലുള്ള ചവര്‍പ്പും മധുരവും ഉള്ള ഒരിനം. ഗോവയില്‍ നിന്നും പുറപ്പെട്ട് കര്‍മാലി സ്റ്റേഷനിലാണ് ട്രയിന്‍ നിര്‍ത്തിയിട്ടത്. മഹാരാഷ്ട്രയിലേക്കാണ് കടക്കുന്നതെന്ന് സ്റ്റീഫന്‍ ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ സമയം ആറര കഴിഞ്ഞിരുന്നു. പുറത്തേക്ക് നോക്കി കൗതുകത്തോടെ ഞങ്ങളിരുന്നു. ചെറുതോടുകളും പൊന്തക്കാടുകളും അക്കേഷ്യാമരങ്ങളും ഓടി മറയുന്നു. പിന്നെ നെല്‍കൃഷിയും. വയലുകള്‍ക്കിടയിലെ പുല്ലുമേഞ്ഞ വീടുകള്‍. വൈക്കോല്‍ കൂനകള്‍. പന്‍വേലില്‍, സിന്ധുദുര്‍ഗ് എന്നീ സ്റ്റേഷനുകള്‍ കടന്നു ഞങ്ങള്‍ ട്രയിന്‍ മുന്നോട്ട്. കാടും പുഴകളും ഗ്രാമങ്ങളും ഉറങ്ങാനുള്ള വട്ടത്തിലാണ്. നേരിയ ഇരുട്ടുപടര്‍ന്നുകഴിഞ്ഞു. സന്ധ്യക്ക് ഏഴ് മണിയോടെ വണ്ടി കന്‍കാവലി സ്റ്റേഷനിലത്തെി. വളരെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. രാത്രി ഒന്നര ആയിക്കാണും. സ്റ്റീഫന്‍ ചേട്ടന്‍ പറയുന്നു. മുംബൈ എത്തിയെന്ന്. ഉറക്കത്തിന്‍െറ ആലസ്യത്തില്‍ പുതപ്പ് തലമീതെ മൂടി കിടന്നു. പിറ്റെദിവസം അല്‍പ്പം താമസിച്ചാണ് ഉണര്‍ന്നത്. അപ്പോഴെക്കും മഹാരാഷ്ട്രയിലെ റോഹ പിന്നിട്ട് വണ്ടി കൊങ്കനും കടന്നുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.