ഇനി ഉൗട്ടിയിൽ പോകുേമ്പാൾ ഇൗ മലനാട് കാണാൻ മറക്കരുത്
text_fieldsഒരു തിരുവോണത്തലേന്നാണ് സുഹൃത്ത് ജോമേഷിന്‍െറ വിളി വരുന്നത്. അളിയാ, നാളെ ഞങ്ങളുടെ പള്ളിപ്പെരുന്നാളാണ്. പോരുന്നോ? തിരുവോണവും പള്ളിപ്പെരുന്നാളും ഒരുമിച്ചുവന്നതോടെ പിന്നെയൊന്നും ആലോചിച്ചില്ല, ഇത്തവണ ഓണാഘോഷം എല്ലമലയില്‍ തന്നെ. അതിരാവിലെ തന്നെ പുറപ്പെട്ടു.
ഞങ്ങള്‍ മലപ്പുറത്തുകാര്‍ ഒരൊഴിവ് കിട്ടിയാല്‍ പോകുന്ന സ്ഥലങ്ങളാണ് ഊട്ടിയും മസ്നഗുഡിയും ഗുണ്ടല്‍പേട്ടുമൊക്കെ. ചുരുങ്ങിയത് നാടുകാണി കയറി ഗൂഡല്ലൂര്‍ വരെയെങ്കിലും പോകും. നിലമ്പൂര്‍ വഴിക്കടവ് കടന്നാല്‍ നാടുകാണിയായി. ചുരക്കാഴ്ചകളൊക്കെ കണ്ട് ഗൂഡല്ലൂരില്‍ പോയി ഒരു കിലോ ചായപ്പെടി വാങ്ങിയാകും മടക്കം.
ഇത്തവണ, പക്ഷേ യാത്ര ഗൂഡല്ലൂരില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള എല്ലമലയെന്ന മലയോര ഗ്രാമത്തിലേക്കാണ്. ഗൂഡല്ലൂര്‍ നഗരത്തിനിന്ന് ഊട്ടി റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ എല്ലമലയിലേക്കുള്ള വഴി കാണാം. എല്ലമല റോഡില്‍ വനം വകുപ്പിന്‍െറ ചെക്ക്പോസ്റ്റ്.
അവിടെ വാഹനത്തിന്‍െറയും ഡ്രൈവറുടെയും വിവരങ്ങള്‍ എഴുതി നല്‍കി യാത്ര തുടര്‍ന്നു. വീതികുറഞ്ഞ റോഡിലൂടെയാണ് യാത്ര. ഗൂഡല്ലൂരില്‍നിന്ന് അര മണിക്കൂര്‍ ഇടവിട്ട് എല്ലമലയിലേക്ക് ജീപ്പ് സര്‍വിസും തമിഴ്നാട് സര്‍ക്കാറിന്‍െറ ബസുകളുമുണ്ട്. വളവും ചെരിവും കുത്തനെയുള്ള കയറ്റവും നിറഞ്ഞ റോഡിലൂടെ യാതൊരു കൂസലുമില്ലാതെ ആളെ കുത്തിനിറച്ച് ജീപ്പുകള്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.
ആ പ്രഫഷനല്‍ ഡ്രൈവര്‍മാരുടെ അഭ്യാസങ്ങള്‍ക്ക് സൈഡ് കൊടുത്ത് ഒരുവിധം ഞങ്ങള്‍ കുന്നുകയറിക്കൊണ്ടിരുന്നു. തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ചെറു അരുവികളും. കാഴ്ചകള്‍ പിന്നിലേക്ക് ഓടിമറഞ്ഞുകൊണ്ടിരുന്നു. ഉച്ചക്ക് മുമ്പേ എല്ലമലയിലത്തെി. ഒരു നൂറ്റാണ്ടിന്‍െറ കുടിയേറ്റ പാരമ്പര്യം പേറുന്ന മലയോരമണ്ണ്. ഹൈറേഞ്ച് ഗ്രാമങ്ങളുടെ സൗന്ദര്യവും കുലീനതയും അതേപടിയുള്ള തമിഴക നാട്ടിലെ മലയാളി മണ്ണ്.
'ഒ' വാലി പഞ്ചായത്തിലാണ് എല്ലമല. ഏതാനും കടകള്‍ മാത്രമുള്ള ചെറിയ അങ്ങാടി. നാട്ടുകാരില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നാണ്. ബ്രിട്ടീഷ് കാലത്ത് തോട്ടത്തില്‍ പണിക്ക് വന്ന കുടിയേറ്റക്കാരുടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ. പലരുടെയും സംസാരം തനി നാടന്‍ മലപ്പുറം ഭാഷയില്‍. 2001ലെ സെന്‍സസ് പ്രകാരം 'ഒ' വാലി പഞ്ചായത്തിലെ ജനംസഖ്യ 24,800 ആയിരുന്നു. 2011ലെ സെന്‍സസ് പ്രകാരം ഇത് 21493 ആയി കുറഞ്ഞു. കുടിയേറ്റ ഭൂമി വനം വകുപ്പിന്‍േറതാണെന്ന് പറഞ്ഞ് അവര്‍ കോടതിയെ സമീപിച്ചതോടെ താമസക്കാര്‍ പലരും എല്ലമല ഉപേക്ഷിച്ചുപോയി.
അങ്ങനെയാണ് ജനസംഖ്യ കുറഞ്ഞത്. പുതുതായി സ്ഥലം വാങ്ങി വീട് വെക്കുന്നവര്‍ക്കൊന്നും സര്‍ക്കാര്‍ പട്ടയം നല്‍കുന്നുമില്ല. ഞങ്ങളെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ജോമേഷ് എല്ലമല അങ്ങാടിയില്‍ കാത്തിരുപ്പുണ്ടായിരുന്നു. ചെറിയ കുന്നിന്‍ മുകളിലാണ് എല്ലമല മാതാ ചര്‍ച്ച്. പള്ളിയുടെ 25ാം വര്‍ഷികം എന്ന പ്രത്യേകതയുമുണ്ട് ഈ പെരുന്നാളിന്. നാട് ഉത്സവച്ചായയിലാണ്. ജാതി മത ഭേദമന്യേ സമീപ പ്രദേശങ്ങളിലുള്ളവരെല്ലാം കുന്നിന്‍മുകളിലെ പള്ളിയങ്കണത്തിലത്തെിയിരിക്കുന്നു.
അച്ഛന്‍െറ പ്രസംഗം നടന്നുകൊണ്ടിരിക്കുകയാണ്. തനി മലയാളത്തില്‍. രാവിലെ ഊട്ടിയില്‍നിന്നത്തെിയ ബിഷപ്പിന്‍െറ നേതൃത്വത്തില്‍ കുര്‍ബാനയോടെയായിരുന്നു പെരുന്നാള്‍ ആഘോഷങ്ങളുടെ തുടക്കം. അച്ഛന്‍െറ പ്രസംഗം കഴിഞ്ഞതോടെ ഭക്ഷണം വിളമ്പാന്‍ തുടങ്ങി. ഭക്ഷണത്തിനായി നീണ്ട നിര. അതിന്‍െറ പിന്നില്‍ ഞങ്ങളും സ്ഥാനം പിടിച്ചു. കുറച്ചുനേരം കാത്തുനിന്നപ്പോഴേക്കും ഭക്ഷണം കിട്ടി, തിരുവോണ നാളില്‍ ഉഗ്രന്‍ കോഴി ബിരിയാണി. ഭക്ഷണം വാങ്ങി തിരിച്ചുവന്നപ്പോഴേക്കും ഹാളിലെ സീറ്റെല്ലാം നിറഞ്ഞിരുന്നു.
തൊട്ടടുത്ത പുല്‍മേട്ടില്‍ ചമ്രംപടിഞ്ഞിരുന്ന് സ്വാദോടെ ബിരിയാണി അകത്താക്കി. മഞഅഞണിഞ്ഞ ഈറന്‍ കാറ്റ് ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു. വൈകീട്ട് മാതാവിന്‍െറ തിരുസ്വരൂപവുമായുള്ള പ്രദക്ഷിണവും കുര്‍ബാനയുമുണ്ട്. അതിന് മുമ്പായി നാടൊന്ന് ചുറ്റിക്കാണാമെന്നായി ജോമേഷ്. അവനും സുഹൃത്ത് ജെയ്സും ബൈക്കില്‍ വഴികാട്ടിയായി. എട്ട് കിലോമീറ്റര്‍ അകലെയുള്ള മൂലക്കാടാണ് ലക്ഷ്യം.
എല്ലമല അങ്ങാടി കഴിഞ്ഞതും പ്രേതാലയം പോലെയൊരു കെട്ടിടം കണ്ടു. സീഫോര്‍ത്ത് ടീ എസ്റ്റേറ്റിന്‍െറ ഫാക്ടറിയായിരുന്നു അത്. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച ഫാക്ടറി 20 വര്‍ഷമായി മാനേജ്മെന്‍റും തൊഴിലാളികളും തമ്മിലെ പ്രശ്നം കാരണം പൂട്ടിക്കിടക്കുന്നു. കോടതിയിലത്തെിയ കേസ് നീണ്ടുപോകുന്നതിനാല്‍ വര്‍ഷങ്ങളായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ പട്ടിണിയിലാണ് ഇവിടെത്തെ തൊഴിലാളി കുടുംബങ്ങള്‍. ഇതില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്ന് കുടിയേറിപ്പാര്‍ത്ത കുടുംബങ്ങളാണ്. 350 ഹെക്ടര്‍ തേയില തോട്ടമുണ്ട് എസ്റ്റേറ്റിന് കീഴില്‍. കാവാത്തില്ലാതെയും ഇല നുള്ളാതെയും എല്ലാം നശിച്ചു.
ഫാക്ടറി പിന്നിട്ട് ഏതാനും കിലോമീറ്റുകള്‍ സഞ്ചരിച്ചപ്പോള്‍ ജോമേഷിന്‍െറ ബൈക്ക് ടാറിഡാത്ത റോഡിലേക്ക് തിരിഞ്ഞു. പിന്നീടുള്ള യാത്ര മഞ്ജുശ്രീ കമ്പനിക്ക് കീഴിലെ എസ്റ്റേറ്റിലൂടെയായി. ഒരു ഭാഗം തേയിലത്തോട്ടവും മറുഭാഗത്ത് കാടുമാണ്. വിറക് ശേഖരിക്കാന്‍ കാട് കയറിയ സ്ത്രീകള്‍ ചുമടുമായി മടങ്ങിവരുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഞങ്ങളുടെ കാര്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങി. ജോമേഷ് ഇത് നേരത്തെ പറഞ്ഞതാണ്.
'നിന്‍െറ കാറുകൊണ്ടൊന്നും ഇന്നാട് കാണാന്‍ ഒക്കില്ളെന്ന്' എല്ലമല മുഴുവന്‍ ചുറ്റിക്കാണണമെങ്കില്‍ ഓഫ് റോഡ് വാഹനം തന്നെ വേണം. കാര്‍ മുക്കിയും മൂളിയും ഒരുവിധം മുന്നോട്ട്പോയികൊണ്ടേയിരുന്നു. തേയിലത്തോട്ടത്തിനിടയിലൂടെ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ പഴയ ഒരു ബംഗ്ളാവ് കണ്ടു.
വെള്ളക്കാര്‍ നിര്‍മിച്ച ബംഗ്ളാവ് ഇപ്പോള്‍ എസ്റ്റേറ്റ് ഉടമസ്ഥരുടെ വിശ്രമകേന്ദ്രമാണ്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ദൂരം കാണും മൂലക്കാട് ഗ്രാമത്തിലേക്ക്. റോഡ് അവസാനിക്കുന്നയിടത്ത് ചെറിയ ബസ്സ്റ്റോപ്പുണ്ട്. ഇവിടെവരെ ഗൂഡല്ലൂരില്‍നിന്ന് ബസ് സര്‍വിസുണ്ട്. വൈകീട്ട് ആറ് മണിക്ക് അവസാന ബസ വരും.ഇവിടെ ഹാള്‍ട്ട് ചെയ്ത് പിറ്റേന്ന് രാവിലെയേ മടങ്ങുകയുള്ളൂ.
പശ്ചിമഘട്ട മലകളാല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് മൂലക്കാട്. മുപ്പതോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചുവരുന്നു. ഭൂരിഭാഗം പേരും തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നു. ഇവര്‍ക്ക് വേണ്ടി മാത്രമായി ചെറിയ സര്‍ക്കാര്‍ ഡിസ്പെന്‍സറിയും ഇവിടെയുണ്ട്. വീടുകള്‍ക്ക് നടുവിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്ന് ഞങ്ങളത്തെിയത് ചെറിയ അരുവിയുടെ അരികില്‍. വെള്ളം കണ്ടതോടെ മനസ്സില്‍ ലഡ്ഡു പൊട്ടി, നോക്കി നില്‍ക്കാതെ എല്ലാവരും വെള്ളത്തിലേക്ക്എടുത്തുചാടി.
തണുത്തുറഞ്ഞ വെള്ളത്തില്‍ അധികനേരം ഉല്ലസിക്കാന്‍ കഴിഞ്ഞില്ല. നീലഗിരി മലകളുടെ മുകളില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന് ശരീരം മരവിപ്പിക്കുന്ന തണുപ്പായിരുന്നു. വൈകീട്ട് വന്യമൃഗങ്ങള്‍ ഇറങ്ങുമെന്ന് പറഞ്ഞ് ഗ്രാമീണര്‍ പേടിപ്പിച്ചതോടെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി.
നാട്ടുകാര്‍ വെറുതെ പറഞ്ഞതല്ല. ബൈക്കില്‍ മുന്നേപോയ ജോമേഷും സുഹൃത്തും പെട്ടന്ന് വണ്ടി നിര്‍ത്തി. റോഡരികില്‍ ഒരു കാട്ടുപോത്ത് മേയുന്നു. പക്ഷെ, ഞങ്ങളെ കണ്ടതോടെ പേടിച്ചിട്ടാണെന്ന് തോന്നുന്നു, അവന്‍ ഓടിമറഞ്ഞു.
മൂലക്കാട്ടുനിന്ന് നേരെ പോയത് ചന്ദന മലയിലേക്കാണ്. എല്ലമലയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ കാണും ഇവിടേക്ക്. ഒരുകാലത്ത് നിരവധി ചന്ദന മരങ്ങളുണ്ടായിരുന്നു ഇവിടെ. എല്ലാം ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടുപോയി. ബാക്കിയായ ചെറിയ ചന്ദനക്കുറ്റികള്‍ ഇന്നും ഇവിടെ കാണാം. മലയുടെ മുകളില്‍ ചെറിയ ക്ഷേത്രമുണ്ട്. എല്ലാവര്‍ഷവും ഇവിടെ നടക്കുന്ന ഉത്സവത്തിന് നാനാഭാഗങ്ങളില്‍നിന്ന് ആളുകളത്തൊറുണ്ടെന്ന് ജോമേഷ് പറഞ്ഞുതന്നു.
ക്ഷേത്രത്തിന് 100 മീറ്റര്‍ അകലെയായി മറ്റൊരു ചര്‍ച്ചും സ്കൂളും. ചന്ദനമലയില്‍നിന്ന് താഴോട്ട് നോക്കിയാല്‍ ഏലക്കാടും പരിസരങ്ങളിലെ മലകളും ഒറ്റക്കാഴ്ചയില്‍ കിട്ടും. സഹ്യന്‍ കണ്ണീരൊഴുക്കും പോലെ നിരവധി വെള്ളച്ചാട്ടങ്ങള്‍ പാല്‍ പോലെ ഒഴുകിവരുന്നു. സമയം ആറ് മണിയായിരിക്കുന്നു. പരിസരമാകെ കോട മൂടാന്‍ തുടങ്ങി. കുറച്ച്കൂടെ കഴിഞ്ഞാല്‍ വാഹനയാത്ര അസാധ്യമാക്കും വിധം കോടയിറങ്ങും. ശരീരത്തിലോട്ട് തണുപ്പ് ഇടിച്ചുകയറാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അവിടെനിന്ന് തിരിച്ചിറങ്ങാന്‍ തുടങ്ങി.
എല്ലമലയില്‍ എത്തിയപ്പോഴേക്കും പള്ളിയില്‍നിന്ന് പ്രദക്ഷിണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മലഞ്ചെരുവിലെ വഴികളിലൂടെ മാതാവിന്‍െറ തിരുസ്വരൂപത്തിന് പിന്നില്‍ വിശ്വാസികള്‍ നിരനിരയായി നീങ്ങുന്നു. രാത്രി കുര്‍ബാനയോടെ ആഘോഷനാളിന് പരിസമാപ്തിയായി. ഇനി ജോമേഷിന്‍െറ വീട്ടിലേക്ക്. എല്ലമലയുടെ സമീപം സുഭാഷ് നഗറിലാണ് വീട്. കുണ്ടും കുഴിയും പേരാത്തതിന് ഇരുട്ടും മഞ്ഞുവീഴ്ചയും. ഒരു കിലോമീറ്ററേ ഉള്ളൂവെങ്കിലും അവിടെയത്തൊന്‍ അരമണിക്കൂറിലധികം വേണ്ടി വന്നു. അമ്മ ഞങ്ങളെയും കാത്ത് നില്‍പ്പുണ്ടായിരുന്നു.
25 വര്‍ഷങ്ങള്‍ക്കപ്പുറം വയനാട്ടില്‍നിന്ന് കുടിയേറിയതാണ് അവരുടെ കുടുംബം. അവന്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. 15 ഏക്കറോളം വരുന്ന കൃഷിത്തോട്ടം ഇന്ന് നോക്കി നടത്തുന്നത് അമ്മ അന്നക്കുട്ടി ജോര്‍ജാണ്. മുന്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയായ അവര്‍ നിലവില്‍ എ.ഐ.എ.ഡി.എം.കെ താലൂക്ക് ഭാരവാഹിയാണ്. കൂടാതെ, സാലിസ്ബറി ടീ ഫാക്ടറി ലിമിറ്റഡിന്‍െറ ബോര്‍ഡ് മെമ്പറും. തേയില, കാപ്പി, കുരുമുളക്, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷി.
നുള്ളിയെടുക്കുന്ന തേയിലെ എല്ലാ ദിവസവും ഫാക്ടറിയില്‍നിന്ന് വാഹനം വന്ന് കൊണ്ടുപോകാറാണ് പതിവ്. ഇതിനായി ഓരോ വീടുകളുടെയും മുന്നില്‍ പാതയോരത്ത് വലിയ തുലാസ് സ്ഥാപിച്ചിട്ടുണ്ട്. ഫാക്ടറിയില്‍നിന്ന് പായ്ക്കറ്റുകളാക്കി കൊച്ചി തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്ക് ഇവ കയറ്റി അയക്കുന്നു. ഞങ്ങള്‍ എല്ലാവര്‍ക്കും ഒരു പായ്ക്കറ്റ് ചായപ്പൊടി തരാനും അവര്‍ സന്‍മനസ്സ് കാണിച്ചു.
നേരമിരുട്ടിയെങ്കിലും അവരുടെ വീടിന് പിന്നിലെ തോട്ടമൊക്ക നടന്നുകാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പേരക്ക, ബട്ടര്‍, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന തോട്ടത്തിലൂടെയുള്ള നടത്തം വെറുതയായില്ല. എല്ലാം മതിവരോളം ആസ്വദിച്ചു കഴിച്ചു. തിരിച്ചു വീട്ടില്‍ എത്തിയപ്പോഴേക്കും അമ്മ ഭക്ഷണം തയാറാക്കി വെച്ചിരുന്നു. ഒപ്പം വീട്ടിലുണ്ടാക്കിയ കാപ്പിപ്പൊടിയിട്ട ചൂടുകാപ്പിയും. ഇനിയും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ എല്ലമലയിറങ്ങി. രാത്രി വൈകി വീടണയും വരെ അമ്മയിട്ടുതന്ന ആ ചൂടുകാപ്പി ഞങ്ങളുടെ നാവില്‍ ബാക്കിയുണ്ടായിരുന്നു. ആ മണ്ണിന്‍െറ സൗന്ദര്യവും ഗന്ധവും കുളിരും കിനാവും ഇഴചേര്‍ന്ന രുചിയും ഗന്ധവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.