താജ്മഹലിലെ കണ്ണുനീര്‍ത്തുള്ളി
text_fieldsകുഞ്ഞുന്നാള്‍ മുതല്‍ ഉമ്മ പറഞ്ഞുതന്ന കഥകളില്‍ പലതും താജ്മഹലിനെക്കുറിച്ചുള്ളതായിരുന്നു. ഉമ്മ ഒരിക്കലും താജ്മഹല്‍ കണ്ടിട്ടില്ലെങ്കിലും കേട്ടറിവുകള്‍വെച്ച് താജ്മഹല്‍ പലപ്പോഴും കണ്ടിട്ടുള്ള ഒരാളെ പോലെയായിരുന്നു ആ വിവരണങ്ങളെല്ലാം നടത്തിയിരുന്നത്. പ്രാണസഖി മുംതാസിനുവേണ്ടി ആ സ്മാരകം തീര്‍ത്ത ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഹൃദയവായ്പ്പും താജ്മഹലിന്‍െറ നിര്‍മാണത്തിനുവേണ്ടിയുള്ള രണ്ടു പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളുമൊക്കെ ഉമ്മ സവിസ്തരം പറയുമ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ എത്രയെത്ര നാളുകളില്‍ കേട്ടിരുന്നിട്ടുണ്ട്! താജ്മഹല്‍ കാണണമെന്ന ആഗ്രഹം അന്നുമുതലേ ശക്തമാവുകയായിരുന്നു. ആ ചരിത്രസൗധവുമായി ബന്ധപ്പെട്ട് ഉമ്മ പറഞ്ഞുതന്ന കഥകള്‍ എത്രയോ എണ്ണമായിരുന്നു. മുംതാസിനോടുള്ള പ്രണയത്തേക്കാള്‍ വികാര നിര്‍ഭരമായ മറ്റൊരു കഥകൂടി കേട്ടു. അതിലൊന്ന് താജ്മഹലിന്‍െറ ശില്‍പിയുടെ പെരുവിരല്‍ ഷാജഹാന്‍ ചക്രവര്‍ത്തി ഛേദിച്ചത് താജ്മഹലിനേക്കാള്‍ വലിയ മറ്റൊരു സ്മാരകം ഉണ്ടാക്കാതിരിക്കാനായിരുന്നുവത്രെ. ആ കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ ഉമ്മ താജ്മഹലിലെ ആ കണ്ണുനീര്‍ത്തുള്ളിയെ കുറിച്ച് കൂടി പറഞ്ഞു. തന്‍െറ പെരുവിരല്‍ മുറിക്കാന്‍ പോകുന്നുവെന്ന കല്‍പന കേട്ട് ഞെട്ടിത്തരിച്ച ശില്‍പി പെട്ടെന്ന് താജ്മഹലില്‍ ഒരു ചെറിയ ജോലി കൂടി ബാക്കി കിടക്കുന്നുവെന്ന് അറിയിച്ചു. അത് പൂര്‍ത്തിയാക്കിയശേഷം തന്‍െറ വിരല്‍ മുറിച്ചെടുത്തുകൊള്ളാന്‍ ചക്രവര്‍ത്തിയോട് പറഞ്ഞു. ചക്രവര്‍ത്തിയുടെ അനുവാദം ലഭിച്ചയുടന്‍ ശില്‍പി ഞൊടിയിടയില്‍ താജ്മഹലിന്‍െറ അകത്തേക്കുപോയി. കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന ശില്‍പിയുടെ വിരല്‍ മുറിക്കുകയും ചെയ്തു. എന്നാല്‍, ചക്രവര്‍ത്തി എപ്പോഴോ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ അതാ മുംതാസിന്‍െറ ശവകുടീരത്തിലേക്ക് ഒരു കണ്ണീര്‍തുള്ളിപോലെ മുകളില്‍ നിന്നും ജലമിറ്റ് വീഴുന്നു! ഷാജഹാന്‍ ഉടന്‍ ശില്‍പിയെ വിളിച്ചു ആ നീര്‍ത്തുള്ളി വീഴുന്നത് തടയാന്‍ ഉത്തരവിട്ടെങ്കിലും ശില്‍പി തന്‍െറ പെരുവിരല്‍ ഇല്ലാത്തതിനാല്‍ നിസ്സഹായാവസ്ഥ അറിയിച്ചുവത്രെ. ആ ശില്‍പിയുടെ പ്രതികാരമാണ് ആ കണ്ണുനീര്‍ത്തുള്ളിയെന്ന് പറഞ്ഞവസാനിപ്പിച്ച ആ കഥ കെട്ടുകഥയാണെന്നുറപ്പാണങ്കിലും അതിപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ടാണ്, താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ മുംതാസിന്‍െറ ശവകുടീരത്തിനുമുകളിലേക്ക് നോക്കിനിന്നത്. ഇരുളും നിഴലുകളും ആള്‍ത്തിരക്കും കെട്ടുപിണഞ്ഞുകിടക്കുന്ന അവിടെ പെട്ടെന്ന് ഞാന്‍ ആ കണ്ണീര്‍ത്തുള്ളികള്‍ കണ്ടുപിടിച്ചു. അതാ വീണ്ടും മുകളില്‍ നിന്നും കണ്ണീര്‍ത്തുള്ളികള്‍ ആ ശവകുടീരത്തിന്‍െറയടുത്തുവന്ന് വീഴുകയാണ്. എന്നാലത്, മിനാരത്തില്‍നിന്നല്ല എന്നുമാത്രം. എന്‍െറ തൊട്ടടുത്തുള്ള ഒരു യുവതിയില്‍ നിന്നാണ് അത് നിലത്തേക്ക് വന്നുവീഴുന്നത്. ആ സുന്ദരിയായ പെണ്‍കുട്ടി വീല്‍ചെയറിലിരിക്കുകയാണ്. അവളുടെ വീല്‍ചെയര്‍ താങ്ങിക്കൊണ്ട് വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരനും. അവന്‍െറ കണ്ണുകളില്‍ എന്തോ ആത്മസാക്ഷാത്കാരത്തിന്‍െറ ഭാവം. ശരീരത്തിന്‍െറ പാതി തളര്‍ന്നുപോയ അവള്‍ വീല്‍ചെയറിലിരിന്നുകൊണ്ട് മുംതാസിന്‍െറയും ഷാജഹാന്‍െറയും ശവകുടീരങ്ങളിലേക്ക് വീണ്ടും വീണ്ടും നോക്കിയിരിക്കുമ്പോള്‍ ഞാനവരുടെ അടുത്തത്തെി. നിങ്ങള്‍ മലയാളികളാണോയെന്ന് ചോദിച്ചു. അവര്‍ പുഞ്ചിരിച്ചു. കോട്ടയത്താണ് വീടെന്നും റോയിയെന്നാണ് പേരെന്നും അയാള്‍ പറഞ്ഞു. ആ കുട്ടിയോട് പേര് ചോദിക്കാനോ അവള്‍ അയാളുടെ ഭാര്യയാണോ എന്ന് ഉറപ്പുവരുത്താനോ ഞാന്‍ മുതിര്‍ന്നില്ല. പക്ഷേ ശരീരത്തിന്‍െറ പാതി തളര്‍ന്നുപോയ ആ പെണ്‍കുട്ടിയെ താജ്മഹല്‍ കാണിക്കാന്‍ കൊണ്ടുവരണമെങ്കില്‍ അയാളുടെ ഏറ്റവും പ്രിയപ്പെട്ട പെണ്‍കുട്ടിയായിരിക്കണം എന്നുതന്നെ വ്യക്തമായിരുന്നു.
ഞാന്‍ അവരെ വിട്ട് പടിയിറങ്ങുമ്പോള്‍ വീണ്ടും കണ്ടു. ശരീരം തളര്‍ന്നുപോയവരോ അംഗവൈകല്യം വന്നവരോ ഒക്കെയായ ചിലരെയും താങ്ങിപിടിച്ച് താജ്മഹലിലേക്ക് ആനയിക്കുന്ന ഇണകള്‍. അവരുടെ കണ്ണുകളില്‍ നിന്നെല്ലാം നീര്‍ത്തുള്ളികള്‍ പൊടിഞ്ഞ് ആ മാര്‍ബിള്‍ തറയിലേക്ക് വീഴുന്നു. കണ്ണുനീരിന്‍െറ തുടര്‍പ്രവാഹത്തിലൂടെ താജ്മഹലും ഒപ്പം ശില്‍പിയുടെ പെരുവിരല്‍ ഛേദിച്ച് പാപിയായ ഷാജഹാനും വിമലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.