പക്ഷികള്‍ക്കൊപ്പം ഒരു പകല്‍
text_fieldsഇതൊരു ഗ്രാമത്തിലേക്കുള്ള യാത്രയാണ്. പക്ഷിച്ചിറകടികള്‍ താളമിടുന്ന കിളിപ്പാട്ട് കേള്‍ക്കുന്ന കളകൂജനങ്ങളുടെ പ്രണയഭരിതമായ പക്ഷിഗ്രാമത്തിലേക്ക്. കൂന്തന്‍കുളം പക്ഷിസങ്കേതം. ദക്ഷിണേന്ത്യയിലെ ജലപക്ഷികളുടെ ഏറ്റവും വലിയ പ്രജന പ്രദേശമാണ് തമിഴ്നാട് തിരുനെല്‍വേലി ജില്ലയിലെ കൂന്തന്‍കുളം. ഓരോ വര്‍ഷവും ലക്ഷത്തിലധികം ദേശാടനപക്ഷികള്‍ ഇവിടേക്കത്തെുന്നു. ഇണകളോടൊപ്പം. മുട്ടിയിട്ട് അടയരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് അവ പറക്കമുറ്റുമ്പോള്‍ ജന്‍മദേശത്തേക്ക് പറന്നുപോകുന്നു ചിലര്‍. ചിലര്‍ ഉല്ലാസ പറവകളായി ഇവിടെ കൂടൊരുക്കി നെടുനാള്‍ വാണ് മടങ്ങിപ്പോകും. കൂന്തന്‍കുളം ഗ്രാമവാസികള്‍ അഞ്ചു തലമുറകളായി പക്ഷികളെ സംരക്ഷിച്ചുപോരുന്നു.1.30 ഹെക്ടറോളം വിസ്തൃതിയിയുള്ള ഈ പക്ഷിഗ്രാമത്തെ സംരക്ഷിത പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത് 1994ലാണ്.
തിരുനല്‍വേലിയില്‍ നാങ്കുനേരി താലൂക്കിലാണ് കൂന്തന്‍കുളം.തിരുവനന്തപുരത്തുനിന്നും ബസില്‍ 87 കിലോമീറ്റര്‍ സഞ്ചരിച്ച് നാഗര്‍കോവില്‍ വഴി വള്ളിയൂരില്‍ എത്താം.അവിടെനിന്നും നാങ്കുനേരി വഴി കൂന്തന്‍കുളമത്തെും. വ്യത്യസ്തമായ രണ്ട് ലാന്‍റ് സ്കേപ്പിലൂടെയുള്ള യാത്ര. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക്. ഭൂമിയും കാലവും മനുഷ്യരും ഭാഷയും സംസ്കാരവും മാറിമറിയുന്നത് നേരില്‍ കാണാം.
ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ പക്ഷിഗ്രാമം ഉണരുന്നതേയുണ്ടായിരുന്നുള്ളു. പക്ഷികളുടെ പ്രഭാത ഗീതങ്ങളില്‍ പ്രകൃതിയുടെ സിംഫണി.
തടാകത്തില്‍ കൊച്ചോളങ്ങള്‍ തീര്‍ത്തുകൊണ്ട് അരയന്ന കൊക്കുകളുടെ ജലഘോഷയാത്ര. ഞങ്ങളെ വരവേല്‍ക്കാനെന്നപോലെ.
കഴുത്തിനും കാലുകള്‍ക്കും നീളമുള്ള ഇവ ഫിനിക്കോപ്റ്ററിയെ പക്ഷികളുടെ ഗണത്തിലാണ് പെടുന്നുത്. കക്കയും കൊച്ച് ഞണ്ടുകളുമാണ് ഭക്ഷണം. ഭക്ഷണം അരിച്ചുപിടിക്കാന്‍ പാകത്തിലാണ് ഇവയുടെ കൊക്കുകള്‍. ചെളിയും കളിമണ്ണും കൂമ്പാരം കൂട്ടി അതിനുള്ളിലാണ് മുട്ടയിടുക. ഒന്നോ രണ്ടോ മുട്ടകള്‍. 30 ദിവസം കൊണ്ട് കുഞ്ഞ് പുറത്തുവരും. പകുതി ദഹിച്ച ആഹാരം കുഞ്ഞുങ്ങളുടെ വായിലേക്ക് ഇവ പകര്‍ന്നുനല്‍കും. പക്ഷികള്‍ അവരുടെ കുഞ്ഞുങ്ങളെ എത്രമാത്രം കരുതലോടെയാണ് വളര്‍ത്തുന്നത്!
ഞങ്ങള്‍ ചിത്രങ്ങള്‍ എടുത്തുതുടങ്ങി. ചുവന്ന പ്രഭാതത്തിന്‍െറ ചാരുതയില്‍ പക്ഷികളുടെ ചുണ്ടിനും കാലുകള്‍ക്കും കൂടുതല്‍ തിളങ്ങി. കൂടെയുണ്ടായിരുന്ന പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ നിസാം അമ്മാസ് ആവേശത്തോടെ കാമറ ക്ളിക്ക് ചെയ്തുകൊണ്ടേയിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ തേടി ഞങ്ങള്‍ അവിടെനിന്നും മറ്റൊരിടത്തേക്ക് നീങ്ങി. കുറച്ചുദൂരം ചെന്നപ്പോള്‍ ഉണങ്ങിയ ഒരു മരക്കുറ്റിയില്‍ പാതിരാ കൊക്ക് ഞങ്ങളെ നോക്കിയിരിക്കുന്നു. അതും കാമറയില്‍ പകര്‍ത്തി.
അതിനടുത്തുതന്നെ പെലിക്കണ്‍ പക്ഷികള്‍ ഉണ്ടായിരുന്നു. പെലിക്കന്‍ കുടുംബത്തില്‍പെട്ട ജലപക്ഷി പറക്കുകയും നീന്തുകയും ചെയ്യും. ജലത്തില്‍നിന്നും ഇരപിടിച്ച ശേഷം വെള്ളം വാര്‍ത്തുകളയാന്‍ ഉതകുന്ന കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന സഞ്ചി ഇവയുടെ പ്രത്യേകതയാണ്.
പൂര്‍ണ വളര്‍ച്ചയത്തെിയ ഒരു പെലിക്കണ്‍ പക്ഷിക്ക് ഏഴു കിലോയോളം തൂക്കം വരും. പെലിക്കണ്‍ പക്ഷികളുടെ ഒരുപാട് ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. സമയം അപ്പോഴേക്കും 4.30 കഴിഞ്ഞിരുന്നു. പക്ഷി പറക്കുന്ന വേഗതയിലാണ് സമയം കടന്നുപോയത്. കിളികളെ നോക്കി നടന്നാല്‍ സമയം പോകുന്നത് അറിയില്ല.
ഗ്രാമ മധ്യത്തില്‍ എത്തി കുറച്ചുനേരം വിശ്രമിച്ചതിന് ശേഷം വര്‍ണകൊക്കുകളുടെ കൂടുകള്‍ക്ക് അരികിലേക്ക് പോയി. വര്‍ണ കൊക്കുകള്‍ക്ക് ഒരു മീറ്ററോളം നീളം വരും. രണ്ടുമുതല്‍ അഞ്ച് മുട്ടവരെ ഇടുന്ന ഇവര്‍ക്ക് മത്സ്യമാണ് ഇഷ്ട ആഹാരം.
ജൂണ്‍, ജൂലൈ മാസത്തിലാണ് ഇവയുടെ പ്രജനന കാലം. ജനസാമീപ്യം ഇഷ്ടപ്പെടുന്ന ഇവ ഗ്രാമത്തിലെ വീടുകളുടെ ചുറ്റുമുള്ള മരശിഖരങ്ങളില്‍ അധികം ഉയരത്തിലല്ലാതെ കൂടുകൂട്ടുന്നു. സായാഹ്ന സൂര്യന്‍െറ ശോഭയില്‍ വര്‍ണക്കൊക്കുകളെ വീണ്ടും കാമറയില്‍ പകര്‍ത്തി. ഒരു പകലില്‍ ഇത്ര അധികം ചിത്രങ്ങള്‍ തന്ന ഗ്രാമത്തില്‍ നിന്നും അതിന്‍െറ സംരക്ഷകരായ ഗ്രാമവാസികള്‍ക്ക് നന്ദിയും പറഞ്ഞ് ഞങ്ങള്‍ മടങ്ങി. അപ്പോഴേക്കും സന്ധ്യ വീണുതുടങ്ങിയിരുന്നു. ഒരു പകല്‍ പക്ഷികള്‍ക്കൊപ്പം ചെലവിട്ട് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.