ആ കവിത നീ ഇപ്പോഴും ഓര്‍മിക്കുന്നുവോ ?
text_fields2014 ആഗസ്റ്റില്‍ അസമിലെ ഗുവാഹതിയിലായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ബോഡി. കോഴിക്കോട്ട് നിന്ന് ഗുവാഹതിയിലേക്ക് നേരെ വിമാന സര്‍വിസ് ഇല്ല. ജെറ്റ് എയര്‍വേസില്‍ കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക്. മുംബൈയില്‍നിന്ന് കൊല്‍ക്കത്തക്ക്. കൊല്‍ക്കത്ത എത്തുമ്പോള്‍ രാത്രി 9.30. പ്രീപെയ്ഡ് ടാക്സി വിളിച്ച് അക്കാദമി ഏര്‍പ്പാടാക്കിയ ചൗധരി ഗെസ്റ്റ് ഹൗസില്‍.
രാത്രി 10 മണി കഴിഞ്ഞതിനാല്‍ ട്രാഫിക് ജാമില്ല. കൊല്‍ക്കത്തയെക്കുറിച്ച് കേട്ട പേടിപ്പിക്കുന്ന ചിത്രങ്ങളില്ല. ചൗധരി ഗെസ്റ്റ് ഹൗസിലെ വിശാലമായ മുറി. എന്നെ കൊണ്ടുവിട്ട ടാക്സിക്കാരനെ രാവിലെ 6.45ന് വീണ്ടും എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകാനേല്‍പിച്ചു. നേരം പുലരുന്ന കൊല്‍ക്കത്ത തെരുവ്. റോഡുകള്‍ സജീവമാകുന്നു. ഒരു തട്ടുകടയില്‍നിന്ന് ബംഗാളി ചായ കഴിച്ചു. മണ്‍പാത്രത്തില്‍ മധുരം കൂടിയ ചായ. കൊടുത്ത ഏഴു രൂപ പത്തു ദൈവങ്ങളുടെ ചിത്രങ്ങളുഴിഞ്ഞ് പെട്ടിയിലിട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പതിറ്റാണ്ടുകള്‍ ഭരിച്ച ബംഗാള്‍ ഇപ്പോള്‍ ദൈവങ്ങളാണ് ഭരിക്കുന്നതെന്ന് തോന്നി.
'കൃത്യസമയത്തു തന്നെ ടാക്സിക്കാരനെത്തി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ഡ്രൈവറോട് ചോദിച്ചു: ‘സി.പി.എം ഓര്‍ തൃണമൂല്‍’ ‘പഹലേ ദീ സി.പി.എം ഥാ. അഭീഭി സി.പി.എം’ (പണ്ടുമുതലേ സി.പി.എമ്മാണ് ഇപ്പോഴും അങ്ങനത്തെന്നെ). സി.പി.എമ്മിന്‍റെ ശക്തി ക്ഷയിച്ചാല്‍ വര്‍ഗീയ കക്ഷികളുടെ വളര്‍ച്ചയുടെ അപകടാവസ്ഥയെക്കുറിച്ച് പറഞ്ഞു. എയര്‍പോര്‍ട്ടില്‍ നേരത്തെ എത്തിയതിനാല്‍ സെക്യൂരിറ്റി ചെക്അപ് ഒക്കെ കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്കൊക്കെ സഹകരണവും സൗഹൃദവും പിന്നെ ബംഗാളിന്‍റെ അലസതയും. ഗുവാഹതിയിലെത്തുമ്പോള്‍ അസം ബന്ദ്. അസം ഗണപരിഷത്തും അസം ടീ ട്രൈബ്സ് സ്റ്റുഡന്‍റ്സ് അസോസിയേഷനും സംയുക്തമായി ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ ഏറെ ബാധിച്ചിട്ടില്ല. കൊല്‍ക്കത്തക്കു ശേഷം ഇവിടെയും സൈക്കിള്‍ റിക്ഷ വലിക്കുന്നവര്‍. 22ാം തീയതി രാവിലെ അക്കാദമിയുടെ ജനറല്‍ബോഡി.
ഉച്ചക്കുശേഷം വിവര്‍ത്തനത്തിനുള്ള സമ്മാനദാനച്ചടങ്ങ്. പെര്‍ഫോമിങ് ആര്‍ട്സിനുള്ള ഐ.ടി.എ സെന്‍ററിലെ പ്രഗ്ജിയോത്തി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഉള്ളൂര്‍ എം. പരമേശ്വരനാണ് മലയാളത്തില്‍നിന്നുള്ള പുരസ്കാരം. മണിപ്പൂരില്‍നിന്ന് പുരസ്കാരം നേടിയ ഇബോച്ചോ ബോബിയാം ഇപ്പോള്‍ മണിപ്പൂരിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസാണ്. ചായ കുടിച്ചിരിക്കുമ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കെ ഞാനൊരു ജേണലിസ്റ്റ് കൂടിയാണെന്ന് കൊങ്കിണിയിലെ ഗോകുല്‍ദാസ് പ്രഭു പറഞ്ഞപ്പോള്‍, ഇബോച്ചോ ബോബിയാം അദ്ദേഹം ഇംഗ്ലീഷ് കോളജ് അധ്യാപകനില്‍നിന്നും പൊലീസ് വകുപ്പിലെത്തിയ കഥ പറഞ്ഞു. ബി. സന്ധ്യയും ശ്രീലേഖയുമടക്കം ഉന്നത പൊലീസ് വകുപ്പില്‍ ഞങ്ങള്‍ക്കും എഴുത്തുകാരുണ്ടെന്ന് ഇബോച്ചോയോട് പറഞ്ഞു.
ജ്ഞാനപീഠ ജേതാവും പ്രമുഖ ഹിന്ദി കവിയും സാഹിത്യ അക്കാദമി ഫെലോയുമായ കേദര്‍നാഥ് സിങ് ആയിരുന്നു അവാര്‍ഡ് സമര്‍പ്പണച്ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനു ശേഷം കേദര്‍നാഥ് സിങ്ങിനോട് ഇവിടെയിരിക്കുന്ന സച്ചിദാനന്ദനിലൂടെയാണ് ഞാന്‍ താങ്കളുടെ കവിതകള്‍ പരിചയപ്പെട്ടതെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് ആ വലിയ ഹിന്ദി എഴുത്തുകാരന്‍ ചോദിച്ചു.
‘ഏത് കവിതകള്‍?’
‘ലോകം ഈ കൈകള്‍ പോലെ ഊഷ്മളവും മൃദുലവുമായിരുന്നെങ്കില്‍’ എന്ന ‘കൈ’ എന്ന കേദര്‍നാഥ് സിങ്ങിന്‍റെ കവിതയെക്കുറിച്ച് ഞാന്‍ വാചാലനായപ്പോള്‍ അദ്ദേഹം അദ്ഭുതത്തോടെ ചോദിച്ചു.
‘ഓ യു റിമമ്പര്‍ ദാറ്റ് പോയം?’
ഈ കവിതയാണ് അദ്ദേഹത്തിന്‍റെ സാഹിത്യ ജീവിതം അനുധാവനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞപ്പോള്‍ സാഹിത്യം ഭാഷയുടെ അതിരുകളെ മായ്ച്ചു കളയുന്നുവെന്ന് പറഞ്ഞു സ്നേഹപൂര്‍വം അദ്ദേഹമെന്നെ ചേര്‍ത്തുപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.