പൗർണമി രാവുകളിലേക്കൊരു മടക്കയാത്ര
text_fieldsവർഷങ്ങൾക്ക് ശേഷം വീണ്ടും പോണ്ടിയിലേക്കുള്ള വണ്ടി കയറുമ്പോൾ കഴിഞ്ഞുപോയ കുറേ നല്ല ദിവസങ്ങ ൾ കൂട് തുറന്ന് വിട്ട പക്ഷികളെപ്പോലെ പാറിന്ന് വന്നു. 2012ൽ പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി വിദ്യാർഥിയായി എത്തുമ്പോൾ ആ കൊച്ച് നാട് ആയുഷ്കാലത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് സമ്മാനിക്കുക എന്ന് അറിയില്ലായിരുന്നു. വർഷങ്ങൾ ഏറെ പിന്നിട്ടെങ്കിലും പോണ്ടിച്ചേരിക്ക് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ബസ് സ്റ്റാൻഡിനടുത്തായി പൂക്കച്ചവടക്കാരും പഴക്കച്ചവടക്കാരും പതിവ് പോലെ തന്നെ അതിരാവിലെ കച്ചവടം തുടങ്ങിയിരിക്കുന്നു. ചൂടുചായയും സമൂസയും കഴിക്കുന്നവർ നിരവധി. വലിയ ശബ്ദത്തിൽ പാട്ട് വെച്ച ബസുകൾ സ്റ്റാൻഡിലേക്ക് വരികയും പോകുകയും ചെയ്യുന്നു. തമിഴരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്നതാണ് സംഗീതം. നാലാള് കൂടുന്നിടത്തൊക്കെ പാട്ടുണ്ടാകും. കല്യാണമായാലും ശവസംസ്കാരമായാലും വാദ്യമേളങ്ങൾ നിർബന്ധം. പോണ്ടിയുടെ ഓരോ പ്രഭാതങ്ങൾക്കും മീൻകാരിപ്പെണ്ണുങ്ങളുേടയും മുല്ലപ്പൂവിേൻറയും മണമാണ്. കോളജിൽ പഠിക്കാൻ പോകുന്നവർ മുതൽ മീൻവിൽക്കാൻ പോകുന്ന സ്ത്രീകൾക്ക് വരെ മുല്ലപ്പൂ നിർബന്ധമാണ്.
പോണ്ടിച്ചേരി ടൗണിൽ നിന്നും പത്ത് കിലോമീറ്ററോളം അകലെ കലാപേട്ടാണ് പോണ്ടിച്ചേരി യൂനിവേഴ്സിറ്റി. പി.എച്ച്.ഡി ചെയ്യുന്ന ശരത്തിെൻറ റൂം യൂനിവേഴ്സിറ്റിക്ക് സമീപത്താണ്. ഭാര്യയോടൊപ്പം ശരത്തിെൻറ റൂമിലെത്തുമ്പോഴേക്കും നേരം നന്നായി വെളുത്തു. റൂമിലെത്തി അൽപ്പനേരം വിശ്രമിച്ചശേഷം പോണ്ടിച്ചേരിയുെട മുഖമുദ്രയായ ഓറോവില്ലിലേക്ക് തിരിച്ചു. ഓറോവിൽ ഇല്ലാതെ പോണ്ടിച്ചേരിയെക്കുറിച്ച് പറയാനാവില്ല. പോണ്ടിച്ചേരിയുെട ജീവിതവും സംസ്കാരവും ഓറോവില്ലിനെ ചുറ്റിപ്പറ്റിയാണ്. യോഗയാണ് ജീവിതമെന്ന അടിസ്ഥാന തത്വത്തിൽ പണിതുയർത്തപ്പെട്ട സമൂഹമാണ് ഓറോവിൽ. അമാനുഷികരായി തോന്നുമെങ്കിലും തികച്ചും മാനുഷികമായി ജീവിക്കുന്ന ആളുകളാണ് ഓറോവില്ലിലുള്ളത്. ലോകത്തിെൻറ വിവിധ കോണിൽ നിന്നുള്ളവർ ഇവിടെ എത്തി മനുഷ്യജാതിയായി ജീവിക്കുന്നു. കൊൽക്കൊത്തയിൽ നിന്നുള്ള അരബിന്ദോയും ഫ്രാൻസിൽ നിന്നുള്ള മിറ അൽഫസയും ചേർന്നാണ് ഇന്ന് കാണുന്ന രീതിയിൽ ഓറോവിൽ നിർമിച്ചത്. ഓറോവിൽ പരിധിയിൽ താമസിക്കുന്ന തദ്ദേശീയരായ ആളുകളുടെ ജീവിതത്തിലേക്ക് ഓറോവിൽ സങ്കൽപ്പം നിർബന്ധം പൂർവം കടന്നു ചെല്ലുന്നില്ല. ഓറോവില്ലിലെ ജീവിത രീതികളോട് താൽപര്യമുള്ളവർക്ക് മാത്രം ആ ചട്ടക്കൂടിനുള്ളിൽ നിന്നാൽ മതി. ഓറോവില്ലിലെ ആളുകളിൽ വലിയൊരു വിഭാഗം വിദേശികളാണ്. കൊച്ചുകുട്ടികൾ മുതൽ വിരമിച്ചവർ വരെ ഇവിടെ നിശ്ചിത കാലത്തേക്ക് ജീവിക്കാനായി എത്തുന്നു.
നൂറുകണക്കിന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഓറോവില്ലിെൻറ കേന്ദ്രം മത്രിമന്ദിർ ആണ്. അതിന് ചുറ്റുമായി വിശാലമായ ഓപ്പൺ തിയറ്റർ. മത്രിമന്ദിറിനുള്ളിൽ പ്രവേശിക്കണമെങ്കിൽ ആളുകൾ നേരിട്ട് പോയി ബുക്ക് ചെയ്യണം. നിർഭാഗ്യവശാൽ രണ്ട് ദിവസത്തേക്ക ് ടിക്കറ്റ് ഇല്ലായിരുന്നു. വിസിറ്റേഴ്സ് െസൻററിലെ വൻമരങ്ങൾക്ക് കീഴിലിരുന്ന് ചായ കുടിക്കുന്നതിനിടെ ഓർമകളുമായി കാറ്റ് ഒഴുകിയെത്തി. പഠിക്കുന്ന കാലത്ത് ഓറോവിൽ സ്ഥിരം സന്ദർശനകേന്ദ്രമായിരുന്നു. കേരളത്തിലെ നാട്ടുമ്പുറങ്ങളെ ഓർമിപ്പിക്കുന്ന മൺപാതകൾ. മുറ്റം നിറയെ കോഴികളും പട്ടികളും പശുക്കളുമുള്ള വീടുകൾ. സൈക്കിൽ ചവിട്ടിയും ബൈക്ക് ഓടിച്ചും തലങ്ങും വിലങ്ങും പോകുന്ന ഗ്രാമീണരും വിദേശികളുമായ സ്ത്രീകൾ. പോണ്ടിച്ചേരിയിലെത്തി ഏറെക്കാലത്തിന് ശേഷമാണ് മത്രിമന്ദിറിൽ കയറാനായത്. സ്വർണനിറത്തിൽ ഭീമാകാരമായ ഒരു ഗ്ലോബാണ് മത്രിമന്ദിർ. അകം മുഴുവൻ ശുദ്ധ, വെളുത്ത നിറമുള്ള മാർബിൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മന്ദിരത്തിെൻറ നേരെ മുകളിൽ നിന്നും നേർത്ത ഒരു രേഖയായി എത്തുന്ന പ്രകാശം ഗോളാകൃതിയിലുള്ള മത്രിമന്ദിർ മുഴുവൻ പ്രകാശപൂരിതമാക്കും. നിശബ്ദതയാണ് മന്ദിരത്തിെൻറ പ്രത്യേകത. മന്ദിരത്തിനുള്ളിൽ കയറുന്ന ആളുകൾക്ക് തങ്ങളുടെ മനസിെൻറ അകത്തളങ്ങളിലേക്ക് കയറിച്ചെല്ലാൻ എളുപ്പത്തിൽ സാധിക്കും. ഉള്ളിൽ കയറി അൽപ്പസമയം ഇരിക്കുമ്പോഴേക്കും അറിയാതെ ധ്യാനത്തിൽ മുഴുകിപ്പോകും. വ്യവസ്ഥാപിത ജീവിതരീതികൾക്കും വ്യഗ്രതകൾക്കുമെതിരെ നിൽക്കുന്നതാണ് ഓറോവിൽ സങ്കൽപ്പം.
ഓറോവില്ലിലെ ഇടതൂർന്ന മരങ്ങൾ നിറഞ്ഞ വഴികളിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന കാലം മൂകമായി നിൽക്കുന്നു. അറിയാത്ത ഇടവഴികളിലൂടെ ഏങ്ങോട്ടെന്നില്ലാതെ പോയ രാത്രികളും പകലുകളും. വഴി അറിയാ യാത്രകളിൽ അന്ന് കൂടെയുണ്ടായിരുന്ന മുഹമ്മദ്, മഞ്ജു, ജിബിൻ, റെൻസ ഇവരെല്ലാം പിന്നീട് ലോകത്തിെൻറ പല കോണിലേക്കും ജീവിതവഴി തേടിപ്പോയി. പഠനശേഷം എല്ലാവരും ചേർന്ന് എന്തെങ്കിലും സ്ഥാപനം തുടങ്ങി ഒരുമിച്ച് ജീവിക്കാം എന്നുപറഞ്ഞിരുന്ന കാലമെല്ലാം ഏത് വഴി പോയെന്ന് കണ്ടില്ല. വഴികൾ നിരവധി ഉണ്ടെങ്കിലും ഏതൊക്കെ വഴിക്ക് സഞ്ചരിക്കണമെന്ന് നിശ്ചയിക്കാൻ ഒരു സഞ്ചാരിക്കും സാധിക്കാറില്ല. ഒരേ ലക്ഷ്യമെങ്കിലും വഴികൾ പലതാണ്. അതുകൊണ്ടാകാം പലരും പലവഴിയായി പിരിഞ്ഞത്.
ഓറോവില്ലിലെ ശാന്തതയിൽ അധികനേരം ഇരിക്കാൻ സമയം അനുവദിച്ചില്ല. കൂടെ പഠിച്ചിരുന്ന ചിന്തയേയും വിഷ്ണുവിനേയും കൂട്ടി പാരഡൈസ് ബീച്ചിലേക്ക് തിരിച്ചു. കടലിൽ തുരുത്ത് പോലെ നിൽക്കുന്ന പാരഡൈസ് ബീച്ചിലെത്തണമെങ്കിൽ ബോട്ടിൽ കയറണം. പഴയ വഴികൾ പലതും മറന്ന് പോയതിനാൽ ഗൂഗിൾ മാപ്പ് സെറ്റ് ചെയ്യേണ്ടി വന്നു. ഒടുവിൽ വഴി തെറ്റി ചെന്നെത്തിയത് പാരഡൈസ് ബീച്ചിന് കുറച്ചിപ്പുറത്താണ്. ബീച്ചിലേക്കെത്തണമെങ്കിൽ ചെറിയൊരു അരുവി കടക്കണം മുട്ടിന് മുകളിൽ വെള്ളമുണ്ടായിരുന്നതിനാൽ അപ്പുറം കടക്കാൻ കഴിയാത്ത സ്ഥിതിയായി. വിശാലമായ മണപ്പുറമാണ് പാരഡൈസ് ബീച്ചിെൻറ പ്രത്യേകത. ചെറു അരുവികളും ഇവിടെ സംഗമിക്കുന്നു. ആരോ വിതറിയതുപോലെ മണപ്പുറം നിറയെ പല വർണത്തിലുള്ള കക്കകളും ചെറുശംഖുകളും. സൂര്യൻ തലക്ക് നേരെ മുകളിലായിരുന്നതിനാൽ അധികനേരം അവിടെ നിൽക്കാൻ സാധിച്ചില്ല.
കടപ്പുറത്തിന് സമീപത്തായി മസാല തേച്ച മീനുമായി സ്ത്രീയിരിക്കുന്നു. നമുക്ക് ഇഷ്ടപ്പെട്ട മീൻ പറഞ്ഞാൽ അപ്പോൾ തന്നെ പൊരിച്ചു തരും. മീൻ പൊരിക്കുന്ന മണം മൂക്കിലടിച്ചപ്പോൾ കഴിക്കാൻ ആഗ്രഹം തോന്നി. പേരറിയാത്ത ഏതോ മീൻ ചൂണ്ടിക്കാണിച്ചുകൊടുത്തു. അൽപ്പസമയത്തിനുള്ളിൽ മീൻ പൊരിച്ചത് റെഡി. തികച്ചും ഗ്രാമീണമായ വഴികളിലൂടെ മടക്കയാത്ര. ഓലമേഞ്ഞ വീടുകൾ ഇപ്പോളും ഇവിടെ കാണാം. ബംഗാൾ ഉൾക്കടലിെൻറ തീരം ചേർന്ന് കിടക്കുന്ന പോണ്ടിച്ചേരി ഫ്രഞ്ചുകാരുടെ കീഴിലായിരുന്നു. ഫ്രഞ്ച് അധിനിവേശത്തിെൻറ പല ശേഷിപ്പുകളും യാതൊരു കേടുംകൂടാതെ തന്നെ ഈ നാട്ടിലുണ്ട്. വൈദേശിക സംസ്കാരത്തെ സ്വീകരിക്കുകയും തങ്ങളുടെ ജീവിതരീതിയിലേക്ക് വിളക്കിച്ചേർക്കുകയും ചെയ്ത ജനതയാണ് ഇവിടെയുള്ളത്. പോണ്ടിച്ചേരി സ്വദേശികളുടെ ഭാഷ തമിഴാണ്. ഇന്ത്യയിൽ തന്നെ ഇത്രയും അനായാസം സംസാരിക്കാൻ കഴിയുന്ന മറ്റൊരു ഭാഷയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടാകാം ഈ നാട്ടുകാരെല്ലാം ഉച്ചത്തിൽ ധാരാളം സംസാരിക്കുന്നത്. സമ്പന്നരായ ആളുകൾ വിരളമാണ് ഈ നാട്ടിൽ. മധ്യവർഗത്തിലും താഴെയുള്ള ഇവരിൽ ഭൂരിഭാഗവും മുക്കുവരോ കൃഷിക്കാരോ ആണ്.
നഗരത്തിെൻറ ചിലകോണുകളിൽ മഞ്ഞയും വെള്ളയും നിറഞ്ഞ വീടുകൾ കാണാം. ഫ്രഞ്ചുകാർ താമസിക്കുന്ന ഇടമാണിെതന്ന് എളുപ്പത്തിൽ തിരിച്ചറിയാം. മരങ്ങൾ ചാഞ്ഞ് നിൽക്കുന്ന വഴിയിൽ മിക്കപ്പോളും മഞ്ഞപ്പുക്കൾ വീണ്കിടക്കും.
നഗരത്തോട് ചേർന്നുള്ള റോക്ക് ബീച്ചിൽ പതിവ് പോലെ കരിമ്പാറകളിലേക്ക് തിര അടിച്ചുകയറുന്നുണ്ട്. കടൽ കയറി മണൽതിട്ട നഷ്ടപ്പെട്ടപ്പോൾ കൂറ്റൻ കരിമ്പാറകൾ കൊണ്ടുവന്ന് നിർമിച്ചെടുത്തതാണ് റോക്ക് ബീച്ച്. കരിമ്പാറകൾ മാറ്റി മണൽത്തീരം നിർമിക്കാൻ സർക്കാർ പദ്ധതി ആരംഭിച്ചുവെന്ന് ചിന്ത പറഞ്ഞു. അതിെൻറ ഭാഗമായി പാറ മാറ്റി കുറേയിടത്ത് മണൽത്തീരം നിർമിച്ചിരിക്കുന്നു. ഒരുമാറ്റവും കൂടാതെ ബീച്ചിന് പുറം തിരിഞ്ഞ് നിൽക്കുന്ന കറുത്ത ഗാന്ധിപ്രതിമ. ബീച്ചിനോട് ചേർന്ന് കിടക്കുന്ന റോഡിൽ ഗതാഗതം കുറവായിരിക്കും. മിക്കപ്പോഴും ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടാറാണ് പതിവ്. അതിനാൽ ആളുകൾക്ക് റോഡിലൂടെ വിശാലമായി നടക്കാം. പോണ്ടിച്ചേരിയിലെ തീരങ്ങൾക്ക് സൂര്യോദയമാണുള്ളത്. സൂര്യോദയത്തേക്കാൾ ഭംഗി അസ്തമയത്തിനാണെന്ന് തോന്നിയിട്ടുണ്ട്. ആകാശമെല്ലാം ചെഞ്ചായം പൂശി, കടലിന് നടുവിലൂടെ വഴിവെട്ടി പതിയെ പതിയെ മറയുന്ന അസ്തമയ സൂര്യൻ തന്നെയാണ് സൗന്ദര്യത്തിൽ മുന്നിൽ. പുലർകാല സൂര്യൻ വരുന്നത് അത്യുൻമേഷത്തോടെയാണ്. രാവിലെ കുളി കഴിഞ്ഞ് തുളസിക്കതിരും ചൂടി വരുന്ന കൗമാരക്കാരിയുടെ ചാരുതയാണ് ഉദയസൂര്യന്.
സൂര്യോദയത്തേക്കാളും പോണ്ടിച്ചേരിയുടെ ബീച്ചുകൾക്ക് അഭൗമകാന്തി നൽകുന്നത് നിലാവാണ്. പൗർണമി നാളിൽ ഇന്ദു ഈറനണിഞ്ഞ അപ്സരസിനെപ്പോലെ കടലിൽ നിന്നും ഉയർന്ന് വരും. പാൽവെളിച്ചം കൊണ്ടവൾ കടലിന് മധ്യേ പാത തീർത്ത് മന്ദംമന്ദം ഒഴുകിയെത്തും. തീരത്തേക്ക് അടിച്ചുകയറുന്ന തിരമാലകൾക്ക് നിലാവിെൻറ നിറം പകർന്നിട്ടുണ്ടാകും. കടലിലൂടെ കണ്ണെത്താ ദൂരത്തിനുമപ്പുറത്തേക്ക് പോകുന്ന, നിലാവ് തീർത്ത ഒറ്റയടിപ്പാതയിലേക്കിറങ്ങി നടന്നാൽ ചെന്ന് കയറുന്നത് സ്വർഗത്തിലേക്കാണെന്ന് തോന്നാറുണ്ട്. യൂണിവേഴ്സിറ്റി ബീച്ചിലെ പൗർണമിരാവുകൾ എന്നും വിലപ്പെട്ടതായിരുന്നു. കലണ്ടറിൽ പൗർണമിയാകുന്നതും കാത്തിരിക്കും. വൈകുന്നേരമാകുമ്പോഴേക്കും തീരത്തെത്തിയിരിക്കും. പിന്നെ ആ എഴുെന്നള്ളത്തിനുള്ള കാത്തിരിപ്പാണ്. ഇത്തവണയും പൗർണമിക്ക് എത്തണമെന്നുതന്നെയായിരുന്നു ആഗ്രഹമെങ്കിലും പൗർണമിയുടെ പിറ്റേന്നേ പോണ്ടിച്ചേരിയിൽ എത്താനായുള്ളു. ശ്രുതി, വിഷ്ണു, ചിന്ത എന്നിവരോടൊപ്പം വൈകിട്ട് ബീച്ചിലേക്ക് നടക്കുമ്പോൾ നിലാവെളിച്ചം വിതറിനിന്ന കാലത്തിലേക്ക് തിരിച്ചുപോക്കായിരുന്നു.
പഠനത്തിന് ശേഷം എത്രയെത്ര അമാവാസികളും പൗർണമികളുമാണ് കടന്ന് പോയത്. പൗർണമിക്കും അമാവാസിക്കും നിശ്ചിത ഇടവേളകളുണ്ടെങ്കിൽ ജീവിതത്തിൽ അതില്ല. ചിലപ്പോൾ കുറേക്കാലത്തേക്ക് അമാവാസികൾ മാത്രമായിരിക്കാം. ചിലപ്പോൾ പൗർണമിയും. പോണ്ടിച്ചേരി ജീവിതത്തിൽ പൗർണമി മാത്രമായിരുന്നുവെന്ന് അവിടം വിട്ടപ്പോളാണ് മനസിലായത്. വസന്തകാലത്ത് പുലർകാലത്ത് യൂനിവേഴ്സിറ്റിയിലെ വഴികളിലെല്ലാം മഞ്ഞപ്പൂക്കൾ വിതറികിടക്കും. നേർത്ത മഞ്ഞുതുള്ളികൾ ആ പൂവിതളുകളിൽ അങ്ങിങ്ങായി പറ്റിപ്പിടിച്ചിരിക്കും. രാത്രിയായാൽ ഈ വഴികളിലെല്ലാം തെരുവ് വിളക്കിെൻറ മഞ്ഞവെളിച്ചമാണ്. മനസ്സിൽ പതിഞ്ഞ വഴികളിലൂടെ ഏറെക്കാലത്തിന് ശേഷം വീണ്ടും യാത്ര ചെയ്താൽ ഓർമയിൽ നിന്ന് മാഞ്ഞ് പോയിക്കൊണ്ടിരിക്കുന്ന പലതും വെറുതെ മന്ദസ്മിതം തൂകുന്നത് കാണാം. നിലാവ് അലിഞ്ഞ് കിടക്കുന്ന തീരത്തു നിന്നും തിരിച്ച് നടക്കുമ്പോൾ കടൽക്കാറ്റ് കൈയ്യിൽ പിടിക്കുന്നതുപോലെ തോന്നി. തീരത്തേക്ക് അടിച്ചു കയറിയ തിരമാലകളും എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.