വില്ലാളിവീരര്‍ സ്ത്രീകള്‍
text_fieldsലോക്തക്കില്‍ പോയി വരുന്ന വഴിക്ക് ഞങ്ങള്‍ ബിഷ്ണുപൂരില്‍ വാഹനം നിര്‍ത്തി. അങ്ങാടി മുഴുവന്‍ സ്ത്രീകള്‍ കൈയടക്കിവച്ചിരിക്കുന്നു. ആപ്പിളും ചോളവും മീനും പച്ചക്കറികളുമെല്ലാം വില്‍പ്പനയ്ക്കുണ്ട്. വിലയില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നു മാത്രം. ആപ്പിളിന് കിലോയ്ക്ക് 120-180 രൂപയാണ് വില. ചില കളിപ്പാട്ടങ്ങളുടെ വില ചോദിച്ചപ്പോഴും തഥൈവ. മണിപ്പൂരിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് കരിമ്പ്. പക്ഷെ, പഞ്ചസാരയ്ക്ക് ഇവിടെ കിലോയ്ക്ക് 42 രൂപയുണ്ട്. പ്രധാന ആഹാരമായ ചോറിനുള്ള അരി 32 രൂപയ്ക്ക് കിട്ടും. പശിമ കൂടുതലാണ് മണിപ്പൂരി അരിയ്ക്ക്. പാത്രത്തില്‍ ചോറിട്ടാല്‍ റബ്ബല്‍ പോലെ ഇരിക്കും. ഏറ്റവും മുന്തിയ ഇനം ഏറ്റവും പശിമയുള്ള അരിയാണത്രെ. പട്ടിയിറച്ചി കടയില്‍ കിട്ടുമെന്നൊക്കെ കേട്ടിരുന്നെങ്കിലും അന്വേഷിച്ചിട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇമാ മാര്‍ക്കറ്റില്‍ മാത്രമല്ല സംസ്ഥാനത്തെ കച്ചവട മേഖലകള്‍ ഏതാണ്ടും സ്ത്രീകളുടെ കൈയിലാണ്. ചെറുതും വലുതുമായ കടകളിലും വഴിയോരക്കച്ചവടങ്ങളിലുമെല്ലാം സ്ത്രീകളെ ധാരാളമായി കാണാം. മീന്‍മാര്‍ക്കറ്റും പച്ചക്കറി വിപണിയുമൊക്കെ ഇവരുടെ കുത്തകയാണ്. ഗ്രാമങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. നമ്മുടേതു പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന കുടുംബശ്രീ മേളയിലോ ഐ.ആർ.ഡി.പി സ്റ്റാളുകളിലോ ഒതുങ്ങുന്നതല്ല ഇവിടത്തെ സ്ത്രീ സാന്നിധ്യമെന്നര്‍ഥം. കവലകളില്‍ വില്‍പ്പനയ്ക്കുള്ള മറ്റൊരു ഇനം മണിപ്പൂരിന്റെ സ്വന്തം മൊരോക് മുളകാണ്. ലോകത്തിലെ ഏറ്റവും എരിവേറിയ മുളക്. ഒരെണ്ണം മതി ഒരു പാത്രം മുഴുവന്‍ എരിവു പകരാന്‍. അറിയാതെ ഒരു കഷണം കടിച്ചാല്‍ ഈരേഴു പതിനാലു ലോകവും അനന്തരദൃശ്യങ്ങളും ഫ്രീയായി കാണാം! കിലോയ്ക്ക് 120 രൂപയാണ് വില. 100 രൂപയ്ക്ക് ഞാന്‍ വാങ്ങി. അരക്കിലോ വീതം സുഹൃത്തുക്കളും. കവറില്‍ പൊതിഞ്ഞുവച്ചിട്ടും നല്ല എരിവുള്ള മണം പുറത്തേക്കടിക്കുന്നുണ്ട്. അതുകൊണ്ട് മുറിയില്‍ എത്തിയ ഉടന്‍ കവറില്‍നിന്നു പുറത്തെടുത്ത് മറ്റൊരിടത്ത് സൂക്ഷിക്കേണ്ടി വന്നു.
കായിക മേഖലയില്‍ രാജ്യത്തിന്റെ യശസുയര്‍ത്തിയ ചില വനിതാ താരങ്ങളെ നേരത്തെ സൂചിപ്പിച്ചുവല്ലോ. ലോകചരിത്രത്തിലെ പ്രമുഖ യോദ്ധാക്കളും മണിപ്പൂരി സ്ത്രീകള്‍ ആയിരുന്നു. രണ്ട് യുദ്ധങ്ങളാണ് മണിപ്പൂരിലെ വനിതകള്‍ ബ്രിട്ടിഷ് പുരുഷ സൈന്യത്തിനെതിരെ നടത്തിയത്. 1904ലായിരുന്നു ആദ്യത്തേത്. തീയില്‍ എരിഞ്ഞുപോയ പൊലീസ് ഏജന്റിന്റെ ബംഗ്ലാവ് പുനര്‍നിര്‍മിക്കാന്‍ ബര്‍മ ബോര്‍ഡറില്‍ പോയി പുരുഷന്‍മാര്‍ സൗജന്യമായി മരം മുറിച്ചുകൊണ്ടുവരണമെന്ന് ബ്രിട്ടിഷുകാര്‍ ഒരു ഉത്തരവിറക്കിയിരുന്നു. ഓരോ 40 ദിവസങ്ങള്‍ക്കിടയില്‍ 10 ദിവസം പുരുഷന്‍മാര്‍ നിര്‍ബന്ധമായും ഇങ്ങനെ ചെയ്യണമെന്നായിരുന്നുവത്രെ വ്യവസ്ഥ. പണി അത്യാവശ്യം ഉണ്ടെങ്കിലും കൂലി ഒട്ടും ഇല്ല. ഇതെത്തുടര്‍ന്നാണ് സ്ത്രീകള്‍ സമരരംഗത്തിറങ്ങിയതും ഘോരയുദ്ധം ആരംഭിച്ചതും. യുദ്ധം ബ്രിട്ടിഷുകാര്‍ ജയിച്ചെങ്കിലും തീരുമാനം പുന:പരിശോധിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി എന്നതാണ് ചരിത്രം.
1939ലായിരുന്നു രണ്ടാമത്തെ യുദ്ധം. നെല്‍വയലുകള്‍ നിറഞ്ഞു നില്‍ക്കുന്ന നാടാണ് മണിപ്പൂര്‍. ഇവിടെനിന്ന് അരി വ്യാപകമായി പുറത്തെ കച്ചവടക്കാര്‍ക്ക് ബ്രിട്ടിഷുകാര്‍ വില്‍ക്കാന്‍ തുടങ്ങി. ഇത് കൊയ്ത്തുകാലത്തു പോലും മണിപ്പൂരില്‍ കടുത്ത ക്ഷാമമുണ്ടാക്കി. ഇതിനെതിരെ സ്ത്രീകള്‍ സായുധരായി രംഗത്തിറങ്ങി. ഇരു പക്ഷവും തമ്മില്‍ ഉഗ്രപോരാട്ടം. ഒടുവില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സമരം നേര്‍ത്തില്ലാതായി. പക്ഷെ, നയങ്ങള്‍ തിരുത്താന്‍ ഇതിനകം ബ്രിട്ടിഷുകാര്‍ നിര്‍ബന്ധിതരായിരുന്നു. നൂപി ലാന്‍ എന്നാണ് ഈ യുദ്ധങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. നൂപി എന്നാല്‍ സ്ത്രീ എന്നര്‍ഥം. ലാന്‍ എന്നാല്‍ യുദ്ധവും. ഇംഫാല്‍ നഗരത്തില്‍ നൂപി ലാന്‍ സ്മാരകം ഇപ്പോഴും തലയെടുപ്പോടെ നിലകൊള്ളുന്നു. മണിപ്പൂരി സ്ത്രീകളുടെ ആര്‍ജവത്തിന്റെയും തന്റേടത്തിന്റെയും സ്മാരകമായി. നിരവധി വനിതാ നേതാക്കളെയാണ് ഈ യുദ്ധങ്ങള്‍ മണിപ്പൂരിന് സംഭാവന ചെയ്തത്. മണിപ്പൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക ഹിജാം ഇറബോട്ട് ഉള്‍പ്പെടെ ഉയര്‍ന്നുവന്നത് ഈ യുദ്ധത്തിലൂടെ ആയിരുന്നു.
നൂപി ലാന്‍ സ്മാരകം കഴിഞ്ഞ് ഞങ്ങള്‍ നീങ്ങിയത് കംഗ്ല ഫോര്‍ട്ടിലേക്കാണ്. നഗരത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചരിത്രസ്മാരകമാണ് ഈ കോട്ട. ഇംഫാല്‍ നദി അതിരുകള്‍ തീര്‍ത്തിരിക്കുന്ന ഈ മനോഹരമായ ബംഗ്ലാവായിരുന്നു പുരാതന കാലം മുതല്‍ മണിപ്പൂര്‍ രാജവംശത്തിന്റെ ആസ്ഥാനം. അതിമനോഹരമായ തടാകത്തോടു ചേര്‍ന്ന് കംഗ്ല ഫോര്‍ട്ടിന്റെ കവാടം നമ്മെ അകത്തേയ്ക്ക് ആനയിക്കുന്നു. മണിപ്പൂരിലെ ഏറ്റവും വലിയ സമുദായം മെയ്‌റ്റെ ആണ്. അവരുടെ പുണ്യഗേഹം കൂടിയാണ് കാലങ്ങളായി കംഗ്ല ഫോര്‍ട്ട്. പാര്‍ക്കും സാംസ്‌കാരിക കേന്ദ്രവും ക്ഷേത്രവുമൊക്കെയായി ഈ ചരിത്ര സ്മാരകം ഇംഫാല്‍ നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ്.
കോട്ടയ്ക്കകത്ത് കടക്കാന്‍ പുറത്തുനിന്ന് ടിക്കറ്റെടുക്കണം. അകത്തു കടക്കുമ്പോള്‍ വെറുതെ പുറത്തിരുന്ന ഒരു കടലാസ് എന്റെ സുഹൃത്ത് കൈയില്‍ വച്ചു. അകത്തെത്തിയപ്പോള്‍ ആദ്യത്തെ കെട്ടിടം കള്‍ച്ചറല്‍ സെന്റര്‍ ആണ്. അവിടെനിന്ന് മുട്ടും പാട്ടുമൊക്കെ കേള്‍ക്കുന്നുണ്ട്. എന്തോ കലാപരിപാടികള്‍ ഒക്കെ നടക്കുന്ന ലക്ഷണമാണ്. അകത്ത് കടക്കാന്‍ പറ്റുമോ ഇല്ലേ എന്ന സംശയത്തോടെ ഞങ്ങള്‍ ഹാളിനടുത്തേയ്ക്കു നീങ്ങി. അപ്പോഴാണ് സംഘാടകര്‍ എന്റെ സുഹൃത്ത് കൈയില്‍ വച്ചിരിക്കുന്ന കടലാസ് കണ്ടത്. യഥാര്‍ഥത്തില്‍ പരിപാടിക്കുള്ള ക്ഷണക്കത്തായിരുന്നു അത്. അതിഥികള്‍ ആണെന്നു കരുതി അവര്‍ ഞങ്ങളെ ആനയിച്ച് അകത്തിരുത്തി. വേദിയില്‍ സമുദായ നേതാക്കള്‍ നിരനിരയായി ഇരിക്കുന്നുണ്ട്.
അവര്‍ക്കു മുന്നില്‍ പുതുതലമുറക്കാര്‍ അവരുടെ കലാ-കലായിക പരിപാടികള്‍ അവതരിപ്പിക്കുന്നു. ആദരിക്കുന്നതിന് എല്ലായിടത്തും ഒരു രീതിയാണോ ആവോ.. എല്ലാവരെയും സംഘാടകര്‍ പൊന്നാട ചാര്‍ത്തി ആദരിക്കുന്നുണ്ട്. ഇവയൊക്കെ ഞങ്ങള്‍ അത്യാവശ്യത്തിന് ക്യാമറയില്‍ പകര്‍ത്തിയ ശേഷം പുറത്തിറങ്ങി. അപ്പോഴാണ് 'അടുത്തതായി ഈ വേദിയില്‍ മണിപ്പൂരി ഡാന്‍സ് അരങ്ങേറുന്നു..' എന്ന അനൗണ്‍സ്‌മെന്റ് വന്നത്. ഞങ്ങള്‍ വീണ്ടും അകത്തു കയറി മണിപ്പൂരിന്റെ പരമ്പരാഗത നൃത്തം കണ്ടു. പെണ്‍കുട്ടികളായിരുന്നു നൃത്തച്ചുവടുകള്‍ വെച്ചത്.
പുറത്തിറങ്ങിയപ്പോള്‍ ചില കായികാഭ്യാസികള്‍ അവിടത്തെ പ്രാദേശിക ചാനലിനുവേണ്ടി അഭ്യാസങ്ങള്‍ അവതരിപ്പിക്കുകയാണ്. ചാനല്‍ എന്നൊക്കെ പറയുമ്പോള്‍ അവിടെ ഒരുപാടൊന്നുമില്ല. ആകെ കണ്ട പ്രാദേശിക ചാനല്‍ ഐ.എസ് ടി.വിയാണ്. ദൂരദര്‍ശന്റെ വാഹനം ഒന്നു രണ്ടു തവണകണ്ടു. വേറെ കാര്യമായി ഉണ്ടോ എന്നറിയില്ല. പക്ഷെ, വഴിയിലൊന്നും കണ്ടില്ല. ആളുകളുടെ സംസാരത്തിലും വന്നില്ല. പത്രങ്ങളും നമുക്ക് സുപരിചിതമായ ഹിന്ദുവോ എക്‌സ്പ്രസോ ഒന്നും കണ്ടില്ല. മറിച്ച് മണിപ്പൂരി പ്രാദേശിക പത്രങ്ങളാണ്.
എട്ടു പേജുള്ള സാങ്ങായി എക്‌സ്പ്രസിന് 3.60 രൂപ വില. 12 പേജുള്ള മണിപ്പൂര്‍ ക്രോണിക്കിളിന് 4 രൂപയും. മണിപ്പൂരി പ്രാദേശിക ഭാഷയിലുള്ള പത്രങ്ങളും ഉണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലേതുപോലെ എണ്ണിയാലൊടുങ്ങാത്തത്ര ഇല്ലെന്ന് സ്റ്റാളുകളില്‍നിന്ന് ബോധ്യപ്പെടും. ടി.വിക്കാര്‍ അവരുടെ അഭിമുഖം നിര്‍ത്തിയപ്പോള്‍ ഞങ്ങളും ഇറങ്ങിച്ചെന്ന് അഭ്യാസികള്‍ക്കൊപ്പം കുറച്ച് ഫോട്ടോ എടുത്തു. പിന്നെ പുറത്തിറങ്ങി കംഗ്ല ഫോര്‍ട്ടിലെ മറ്റു കാഴ്ചകള്‍ കണ്ടു. ഗോവിന്ദജി ക്ഷേത്രം, ഹിജഗാങ് ക്ഷേത്രം, മ്യൂസിയം, പോളോ ഗ്രൗണ്ട്, ചെറുകോട്ട, തടാകം തുടങ്ങിയവ യാണ് കംഗ്ല ഫോര്‍ട്ടിന്റെ അകത്തുള്ളത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.