ആഘോഷങ്ങളുടെ തീരായാത്ര
text_fieldsഒരോ യാത്രയും ഓരോ ആഘോഷമാണ്. കാഴ്ചകളുടെ, കാഴ്ചപ്പാടുകളുടെ, അറിവുകളുടെ, അനുഭവങ്ങളുടെ ഘോഷയാത്ര. യാത്രക്കിടയില്‍ മറ്റൊരു ആഘോഷം കൂടി വന്നാല്‍ പിന്നെ സന്തോഷത്തിന് അതിരുണ്ടാകില്ല. ഇത്തവണ ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ ഗണേശോത്സവം കൊണ്ടാടുന്ന സമയത്തുതന്നെയാണ് ബലിപെരുന്നാളും മലയാളികള്‍ ഓണവും ആഘോഷിച്ചത്. ഇനി ഞങ്ങളുടെ യാത്രയിലെ അടുത്ത ആഘോഷം പെരുന്നാളാണ്. തിങ്കളാഴ്ച രാത്രിയാകുമ്പോഴേക്കും പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ 700 കിലോമീറ്റര്‍ പിന്നിട്ട് ഹൈദരാബാദിലെത്താനാണ് പ്ലാന്‍. നര്‍സിംഗ്പുരില്‍ ഗണേശോത്സവമെല്ലാം ആഘോഷിച്ച് തലേന്ന് വൈകിയാണ് ഉറങ്ങിയതെങ്കിലും അതിരാവിലെ തന്നെ എണീറ്റ് റൂമില്‍നിന്ന് പുറത്തിറങ്ങി. ലോഡ്ജിന് സമീപം തന്നെ ചെറിയയൊരു ചായക്കടയുണ്ട്. അവിടെനിന്ന് ഓരോ ഗ്ളാസ് ആവിപറക്കുന്ന ചായ കുടിച്ചതോടെ മനസ്സും ശരീരവുമെല്ലാം ഉന്‍മേഷഭരിതമായി.
നര്‍സിംഗ്പുരിനോട് വിടപറഞ്ഞ് വണ്ടിയെടുത്ത് ദേശീയപാതയിലോട്ട് കയറി. കര്‍ഷക ഗ്രാമങ്ങളും പശുക്കള്‍ നിറഞ്ഞ പാതകളും പിന്നിട്ട് പജീറോ കുതിക്കുന്നു. നാലുവരി പാതയില്‍ കൂടുതലും ദീര്‍ഘദൂര ലോറികള്‍ മാത്രമേയുള്ളൂ. കാറടക്കമുള്ള ചെറുവാഹനങ്ങള്‍ വളരെ കുറവാണ്. ഓരോ കിലോമീറ്റര്‍ സഞ്ചരിക്കാനും ടോള്‍ നല്‍കേണ്ടതിനാലാകും ഗ്രാമീണര്‍ ചുങ്കപ്പാതകളെ ഉപക്ഷേിക്കുന്നത്. ഏകദേശം 50 കിലോമീറ്റര്‍ ഇടവിട്ട് ദേശീയപാതകളില്‍ ടോള്‍ പ്ലാസകളുണ്ട്.
രാവിലെ ഒമ്പത് മണിയോടെ മധ്യപ്രദേശിലെ ചിന്‍ദ്വാര ജില്ലയിലെത്തി. അപ്പോഴേക്കും രാവിലെ കുടിച്ച ചായയുടെ ഉന്‍മേഷമെല്ലാം കെട്ടുപോയിരുന്നു. പാതയോരത്ത് കണ്ട ദാബയില്‍ ഭക്ഷണം കഴിക്കാനിറങ്ങി. ദാബക്ക് മുന്നില്‍ ലോറികള്‍ നിറഞ്ഞിരിക്കുകയാണ്. ലോറികളിലെ ഡ്രൈവര്‍മാരെയും ജീവനക്കാരെയും മാത്രം ലക്ഷ്യമിട്ടാണ് പല ദാബകളും തുറക്കുന്നത്. അതുകൊണ്ടു തന്നെ ഇവ വൃത്തിയുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. പ്രത്യേകിച്ച് മൂത്രപ്പുരകള്‍. ദാബക്കകത്തും പുറത്തും കസേരകളെക്കാള്‍ കൂടുതല്‍ ദീര്‍ഘദൂര യാത്രക്കിടെ വിശ്രമിക്കാനിറങ്ങുന്ന ഡ്രൈവര്‍മാര്‍ക്കായുള്ള ചെറിയ കട്ടിലുകളാണുള്ളത്. ഇതിന്‍മേല്‍ ചമ്രംപടിഞ്ഞിരുന്നുവേണം ഭക്ഷണം കഴിക്കാന്‍.
പതിവുപോലെ ആലൂപറാത്തയും തൈരുമായിരുന്നു പ്രഭാത ഭക്ഷണം. ഇനി രണ്ട് ദിവസം കൂടിയുള്ളൂ യാത്ര. അതിനിടയില്‍ വീണ്ടും ആലൂപറാത്ത കിട്ടുമോ എന്നറിയില്ല. അതുകൊണ്ട് തന്നെ മനസ്സറിഞ്ഞ് ഞങ്ങളുടെ യാത്രയിലെ 'ദേശീയ ഭക്ഷണം' അകത്താക്കി. മനസ്സും വയറും നിറഞ്ഞതോടെ വണ്ടിയെടുത്ത് ദാബയില്‍ നിന്ന് പുറത്തിറങ്ങി. ഏകദേശം രണ്ട് മണിക്കൂര്‍ സഞ്ചരിച്ചപ്പോഴേക്കും മധ്യപ്രദേശ്-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ബന്ദാര്‍ വനമേഖലയിലെത്തി. ഇതോടെ നാലുവരിപ്പാത മാറി കുണ്ടുംകുഴികളും നിറഞ്ഞ കാട്ടുപാതയായി.
കാടിന് നടുവിലൂടെയാണ് യാത്രയെങ്കിലും യാതൊരുവിധ മൃഗങ്ങളെയും കാണാനില്ല. നാടുകാണി ചുരം വെറുതെ കയറിയിറങ്ങുമ്പോള്‍പോലും കാണുന്ന കുരങ്ങന്‍മാരെയാണ് അപ്പോള്‍ ഓര്‍മവന്നത്. കാട്ടിലെ വന്‍മരങ്ങള്‍ കാവല്‍നിക്കുന്ന പാത പിന്നിട്ടതോടെ മഹാരാഷ്ട്രയുടെ അതിര്‍ത്തികടന്നു. സമയം 11 മണി കഴിഞ്ഞിട്ടുണ്ടെങ്കിലും കാടിന് സമീപമുള്ള ഗ്രാമത്തിലെ സ്കൂളിലേക്ക് കുട്ടികള്‍ വന്നുതുടങ്ങന്നതേയുള്ളൂ. ആണ്‍കുട്ടികള്‍ കൂട്ടംകൂടി നടന്നാണ് വരുന്നതെങ്കില്‍ പെണ്‍കുട്ടികള്‍ വലിയ ഗമയില്‍ സൈക്കിള്‍ ചവിട്ടിയാണ് എത്തുന്നത്.
12 മണിയോടെ മഹാരാഷ്ട്രയിലെ പ്രധാന പട്ടണമായ നാഗ്പുരിലെത്തി. ഓറഞ്ചുകളുടെ നാടാണെങ്കിലും നാഗ്പുരിലെ പാതയോരങ്ങളില്‍ കൂറ്റന്‍ ഫാക്ടറികള്‍ മാത്രമാണ് ഞങ്ങള്‍ക്ക് കാണാനായത്. നഗരത്തിനകത്ത് പ്രവേശിക്കാതെയാണ് ദേശീയപാതയുടെ നിര്‍മാണം. ഇതുകാരണം നാഗ്പൂരിന്റെ തിരക്കില്‍പ്പെടാതെ രക്ഷപ്പെടാനായി. പൈന്‍ഗംഗ നദി മുറിച്ചുകടന്നതോടെ തെലങ്കാനയെന്ന പുത്തന്‍ സംസ്ഥാനത്തെത്തി. ഒരുപാട് സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സമ്മദര്‍ദ്ദങ്ങള്‍ക്കുമൊടുവിലാണ് 2014ല്‍ ആന്ധ്രപ്രദേശ് വിഭജിച്ച് ഇന്ത്യയിലെ 29ാമത്തെ സംസ്ഥാനം രൂപീകരിച്ചത്.
ഹൈദരാബാദിലേക്ക് ഇനിയും മുന്നൂറിന് മുകളില്‍ ദൂരമുണ്ട്. വ്യത്യസ്ത വര്‍ണങ്ങളില്‍ ഉടുത്തൊരുങ്ങിനില്‍ക്കുന്ന കൃഷിയിടങ്ങള്‍ക്ക് ഇടയിലൂടെ വണ്ടി അടിച്ചുകലക്കിവിട്ടു. നിര്‍മല്‍, നിസാമാബാദ് എന്നീ വന്‍നഗരങ്ങള്‍ പിന്നിട്ട് നൈസാമുമാരുടെ സാമ്രാജ്യമായ ഹൈദരാബാദിന്റെ മണ്ണില്‍ എത്തുമ്പോള്‍ രാത്രി എട്ട് മണിയായി. . ബലിപെരുന്നാള്‍ ആഘോത്തിന്റെ തിരക്കിലായിരുന്നു നഗരം. രാത്രി നല്ലൊരു ഹൈദരാബാദി ബിരിയാണി കഴിച്ച് പെരുന്നാള്‍ ആഘോഷത്തില്‍ ഞങ്ങളും പങ്കുചേര്‍ന്നു.
ഞാനും ഷഹീറും ഇതിനുമുമ്പ് ഹൈദരാബാദ് സന്ദര്‍ശിച്ചതാണ്. കൂടെയുള്ള ഇര്‍ഷാദ് ആദ്യമായാണ് വരുന്നത്. ഹൈദരാബാദിലെ ചരിത്ര സ്മാരകങ്ങളായ ചാര്‍മിനാറും മക്ക മസ്ജിദും സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന് വിചാരിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ വണ്ടിയുമായി ചാര്‍മിനാര്‍ കാണാനിറങ്ങി. അവിടെയെത്തുംമുമ്പ് ആദ്യം കണ്ട ഹോട്ടലില്‍ കയറി. പതിവിന് വിപരീതമായി പ്രഭാതഭക്ഷണം ഇഡ്ഡലിയും സമ്പാറും ദോശയുമായിരുന്നു. ഏകദേശം 18 ദിവസമായി ഒരു ദക്ഷിണേന്ത്യന്‍ വിഭവം കഴിച്ചിട്ട്. ഹോട്ടലില്‍നിന്ന് പുറത്തിറങ്ങി ചാര്‍മിനാര്‍ ലക്ഷ്യമാക്കി നടന്നു. 9.30 മുതലാണ് ചാര്‍മിനാറിലേക്ക് പ്രവേശനം. അതിനുമുമ്പ് മക്ക മസ്ജിദും സമീപത്തെ ലാഡ് ബസാറിലൂടെയുമെല്ലാം ചുറ്റിക്കറങ്ങി. ചാര്‍മിനാല്‍ കൂടി കണ്ടിറങ്ങിയപ്പോഴേക്കും പത്ത് മണിയായി.
നഗരത്തില്‍ തിരക്കും ചൂടുമെല്ലാം കൂടിവരികയാണ്. വണ്ടിയെടുത്ത് നഗരത്തെ ഉപേക്ഷിച്ച് യാത്ര തുടങ്ങി. ഇനി ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ, അത് സ്വന്തം നാടും വീടും മാത്രം. ഏകദേശം 900 കിലോമീറ്റര്‍ ദൂരമുണ്ട് മലപ്പുറത്തേക്ക്. എവിടെയും റൂമെടുത്ത് താമസിക്കാതെ തുടര്‍ച്ചയായി വണ്ടിയോടിച്ച് അര്‍ധരാത്രിയോടെ നാട്ടില്‍ എത്താനാണ് പ്ലാന്‍. ഇതിനിടയില്‍ ആദ്യത്തെ മാര്‍ഗതടസ്സം ഞങ്ങള്‍ക്ക് മുന്നിലെത്തി. ബംഗളൂരു, മൈസൂര്‍ വഴി പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, കാവേരി നദി വഴിമുടക്കിയെന്ന് പറയാം. കാവേരി നദിയിലെ ജലവുമായി ബന്ധപ്പെട്ടുള്ള തമിഴ്നാട്-കര്‍ണാടക തര്‍ക്കം കാരണം ബാംഗ്ളൂരുവില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നു. ബംഗളൂരു-മൈസൂരു പാതയില്‍ നാട്ടുകാരുടെ ഉപരോധം കാരണം വാഹനങ്ങളൊന്നും കടന്നുപോകുന്നില്ല. ഒടുവില്‍ യാത്ര കര്‍ണാടകയിലെ ബെല്ലാരി, തിപ്തൂര്‍, ഹുന്‍സൂര്‍ വഴിയാക്കാന്‍ തീരുമാനിച്ചു.
12 മണിയോടുകൂടി തെലങ്കാന പിന്നിട്ട് ആന്ധ്രപ്രദേശിലെ കുര്‍ണൂലെത്തി. ഇവിടെനിന്ന് ഇനി വഴിമാറിപ്പോകണം. പ്രധാന ജംഗ്ഷനില്‍ നിന്ന് വണ്ടി ബെല്ലാരി ലക്ഷ്യമാക്കി വലത്തേക്ക് തിരിച്ചു. കുര്‍ണൂലിന്റെ നഗത്തിരക്ക് കഴിഞ്ഞതോടെ റോഡിന്റെ വീതിയും കുറഞ്ഞു. ഒപ്പം കാഴ്ചകള്‍ക്ക് വിരുന്നേകി സൂര്യകാന്തിപ്പാടങ്ങളെത്തി. യാത്ര തുടരുന്നതിനിടെ കൃഷികളും മാറിമാറി വരുന്നു. ഗ്രാമീണപാതയില്‍ വാഹനങ്ങള്‍ വല്ലപ്പോഴും കടന്നുവന്നാലായി. കര്‍ണാടകയുടെ അതിര്‍ത്തി എത്താറായതോടെ കൃഷിയിടങ്ങള്‍ മാറി വലിയ പാറകള്‍ മാത്രമുള്ള കുന്നുകളായി ഇരുവശത്തും. ഇതിനിടയില്‍ ചെറിയഗ്രമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.
ഉച്ചക്ക് രണ്ട് മണിയായപ്പോഴേക്കും കര്‍ണാടകയുടെ ഉരുക്കുനഗരമായ ബെല്ലാരിയിലെത്തി. ഇവിടെയെത്തുമ്പോള്‍ ആദ്യം മനസ്സില്‍ വന്നത് രാജമാണിക്യം സിനിമയാണ്. പക്ഷെ, സിനിമയില്‍ പറയുന്നതുപോലെ ഒരു പോത്തിനെപ്പോലും ഞങ്ങള്‍ക്ക് എവിടെയും കാണാനായില്ല. ബെല്ലാരി കഴിഞ്ഞതോടെ പിന്നെ റോഡില്‍ തിരക്കുകൂടിത്തുടങ്ങി. ഏകദേശം പത്ത് കിലോമീറ്റര്‍ ഇടവിട്ട് ചെറിയ നഗരങ്ങള്‍ കടന്നുവരുന്നു. വഴിയരികിലെ പല ഗ്രാമങ്ങളും കേരളത്തെ അനുസ്മരിപ്പിക്കും വിധമാണ്. കൃഷി തന്നെയാണ് മിക്ക ഗ്രാമീണരുടെയും പ്രധാന ജീവിതമാര്‍ഗം. വാഹനങ്ങളേക്കാള്‍ കൂടുതല്‍ പഴമയുടെ പ്രതീകമായ കാളവണ്ടികളാണ് റോഡില്‍ നിറഞ്ഞൊഴുകുന്നത്.
ചെറുപട്ടണങ്ങളായ ഹിരിയൂര്‍, തിപ്തൂര്‍, ഹുന്‍സൂര്‍ എന്നിവ പിന്നിട്ട് കേരളത്തിന് സമീപത്തെ നാഗര്‍ഹോള വനാതിര്‍ത്തിയില്‍ എത്തുമ്പോള്‍ രാത്രി 11 മണി കഴിഞ്ഞിട്ടുണ്ട്. രാത്രി ഒമ്പതിനുശേഷം കര്‍ണാടകയിലെ വനങ്ങളിലൂടെ വാഹനങ്ങള്‍ കടത്തിവിടാത്തതിനാല്‍ ഞങ്ങള്‍ ഗോണിക്കോപ്പാല്‍ വഴി കുട്ടയിലേക്ക് നീങ്ങി. ഇതിനിടയില്‍ ഞാന്‍ ചെറുതായി ഒന്ന് മയങ്ങിയിരുന്നു. പെട്ടെന്ന് ആരോ എന്റെ ദേഹത്ത് തട്ടി എഴുന്നേല്‍പ്പിച്ചു. കേരള അതിര്‍ത്തിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വണ്ടി തടഞ്ഞ് ഞങ്ങളുടെ ബാഗെല്ലാം പരിശോധിക്കുന്ന കാഴ്ച കണ്ടാണ് ഞാന്‍ ഉണരുന്നത്. ഞങ്ങളുടെ 20 ദിവസത്തെ യാത്രയില്‍ ആദ്യമായാണ് വണ്ടിയും ബാഗുമെല്ലാം പരിശോധിക്കുന്നത്. കേരളം കൂടാതെ 13 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ഇതുവരെ സഞ്ചരിച്ചിട്ട് ഒരിടത്തും ഒരാള്‍പോലും വണ്ടിക്ക് കൈകാണിച്ചിട്ടില്ല. ജമ്മുകശ്മീരില്‍ പോലും യാതൊരുവിധ സുരക്ഷാപരിശോധനക്കും വിധേയരാകാതെയാണ് തിരിച്ചുവരുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥതയില്‍ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. പരിശോധനക്കിടെ ഞങ്ങളുടെ യാത്രാവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒടുവില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്.
അങ്ങനെ ഒരുപാട് ദിവസത്തെ യാത്രക്കുശേഷം പജീറോ വീണ്ടും കേരളത്തിന്റെ മണ്ണില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നു. തോല്‍പ്പട്ടി വനത്തിലേക്ക് കടന്നതോടെ പാതയോരങ്ങളില്‍ തീറ്റതേടിയിറങ്ങിയ പുള്ളിമാന്‍ കൂട്ടങ്ങളും കാട്ടുപോത്തുകളും കാഴ്ചക്കാരായി വന്നു. 12 മണിയായപ്പോഴേക്കും കാട്ടുപാത പിന്നിട്ട് കാട്ടിക്കുളമെത്തി. അതിരാവിലെ തുടങ്ങിയ അലച്ചിലിന് ഇനി അല്‍പ്പം വിശ്രമമാകാമെന്ന് കരുതി. സമീപത്തുകണ്ട ഹോട്ടലില്‍ കയറി ചപ്പാത്തിയും ബീഫ് കറിയും ഓര്‍ഡര്‍ ചെയ്തു. യാത്രയുടെ മൂന്നാമത്തെ ദിവസം മുംബൈയില്‍നിന്നാണ് അവസാനമായി ബീഫ് കാണുന്നത്. പല സംസ്ഥാനങ്ങളിലും ബീഫ് നിരോധിച്ചതിനാല്‍ പിന്നെ ഒരു ഹോട്ടലിലും ഈ സ്വാദിഷ്ടമായ വിഭവമടങ്ങിയ മെനു കാര്‍ഡ് ഞങ്ങളുടെ മുന്നിലെത്തിയിരുന്നില്ല.
അല്‍പനേരത്തെ വിശ്രമത്തിനുശേഷം വണ്ടിയെടുത്ത് യാത്ര തുടര്‍ന്നു. പുലര്‍ച്ചെ രണ്ട് മണിയോടുകൂടി കല്‍പ്പറ്റ പിന്നിട്ട് താമരശ്ശേരി ചുരത്തിലെത്തി. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലെ ഈ സുന്ദര കാഴ്ചകൂടി ആസ്വദിച്ച് യാത്ര അവസാനിപ്പിക്കാമെന്ന് കരുതി. ചുരത്തിന് മുകളില്‍ വണ്ടിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അവിടെ കോടമഞ്ഞും കാറ്റും പ്രണയിക്കുകയായിരുന്നു. നിലാവുള്ള രാത്രിയില്‍ മലമുകളില്‍നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റ് കുളിരണിയിപ്പിച്ചുകൊണ്ടിരുന്നു. താഴെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ ചെറിയപൊട്ടുകളായി വാഹനങ്ങള്‍ മല കയറിവരുന്നു.
നയനമനോഹരമായ കാഴ്ചകള്‍ക്ക് വിരാമമിട്ട് വണ്ടിയെടുത്ത് ചുരമിറങ്ങാന്‍ തുടങ്ങി. ഇനി ഏകദേശം 80 കിലോമീറ്റര്‍ ദൂരമേയുള്ളൂ നാട്ടിലേക്ക്. താമരശ്ശേരി ചുരമിറങ്ങി യാത്ര തുടരുന്നതിനിടെ പിന്നിട്ട വഴികളും കാഴ്ചകളും ഒരു ഫ്ളാഷ്ബാക്കുപോലെ ഓര്‍മകളില്‍ മിന്നിമറയുന്നു. ഗോവയിലെ തിരമാലകളുടെ ഇരമ്പല്‍, അജ്മീര്‍ ദര്‍ഗയിലെ ഖവാലി സംഗീതം, പഞ്ചാബിലെ ഗോതമ്പ് പാടങ്ങള്‍, ഹിമാചലിലെ ആപ്പിളിന്റെ രുചി, ജമ്മുകശ്മീരിലെ മഞ്ഞുമൂടിയ പാതകള്‍, പ്രണയത്തിന്റെ പ്രതീകമായ താജ്മഹല്‍, മധ്യപ്രദേശിലെ ഗണേശോത്സവം, ഹൈദരാബാദി ബിരിയാണി... ഇങ്ങനെ പോകുന്ന ഫ്ളാഷ്ബാക്കിലെ രംഗങ്ങള്‍. ഒടുവില്‍ പുലര്‍ച്ചെ നാല് മണിയോടെ തിരുവോണപ്പുലരിയില്‍ വീടെന്ന സ്നേഹത്തണലിലേക്ക് ഞങ്ങള്‍ മൂന്നുപേരും തിരിച്ചെത്തി. ഒരുപാട് അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ച 20 ദിവസത്തെ യാത്ര ഇവിടെ പര്യവസാനിക്കുകയാണ്. എന്നാല്‍, യാത്രക്കിടെ ലഭിച്ച ഊര്‍ജവും അറിവുകളും ഒരു കെടാവിളക്കായി മനസ്സിന്റെ കോണില്‍ കത്തിജ്വലിച്ചുകൊണ്ടേയിരിക്കുന്നു..
Journey Details
Total Days: 20
Total Kilometers: 8500
Total Expense: 1.30 Lakh
Expense For Diesal: 52,500
Total States: 14 (Kerala, Karnataka, Goa, Maharashtra, Gujarat, Rajasthan, Haryana, Punjab, Himachal Pradesh, Jammu And Kashmir, Utterpradesh, Madhyapradesh, Telangana, Andra Pradesh)
Travellers: Muhammed Shameem VK, Shaheer Ali CK, Irshad K
Vehicle: Mitsubishi Pajero SFX
Camera: Nikon D3100
ഒരുങ്ങാം, ഇന്നുതന്നെ
മുന്‍കൂട്ടി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ആര്‍ക്കും പോയിവരാവുന്നതേയുള്ളൂ ഇത്തരം ദീര്‍ഘദൂര യാത്രകള്‍. ജമ്മു കശ്മീരില്‍ 15,000 അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാകില്‍ പോകാന്‍ മാത്രമാണ് അല്‍പ്പം ബുദ്ധിമുട്ടുള്ളത്. ഈ ബുദ്ധിമുട്ട് തന്നെയാണ് ആ യാത്രയെ കൂടുതല്‍ സാഹസികവും ആവേശഭരിതവുമാക്കുന്നത്. മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മാത്രമാണ് ലഡാകിലേക്ക് റോഡ് മാര്‍ഗം സഞ്ചാരിക്കാനാവുക. കൂടുതല്‍ സമയുമുണ്ടെങ്കില്‍ നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും വലിയ ചെലവും വിസയുമില്ലാതെ റോഡ് മാര്‍ഗം പോകുന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്യാവുന്നതാണ്. 2020നകം തുറക്കുന്ന ഇന്ത്യ-മ്യാന്‍മര്‍-തായ്ലാന്‍ഡ് ത്രിരാഷ്ട്ര ഹൈവേ കൂടി വരുന്നതോടെ മറ്റൊരു രാജ്യത്തേക്ക് വാഹനം കൊണ്ടുപോകാന്‍ ആവശ്യമായ 'കാര്‍നെറ്റ്' ഇല്ലാതെ തന്നെ പുതിയ കാഴ്ചകളും പാതകളും തേടിപ്പോകാനുള്ള അവസരാമാണ് റൈഡര്‍മാര്‍ക്ക് കൈവരുന്നത്. മണിപ്പൂരില്‍നിന്ന് തുടങ്ങുന്ന ഈ ഹൈവേയുടെ ദൈര്‍ഘ്യം 1360 കിലോമീറ്ററാണ്. കാര്‍നെറ്റ് ഉണ്ടെങ്കില്‍ തായ്ലാന്‍ഡില്‍നിന്ന് കരമാര്‍ഗം സിംഗപ്പൂര്‍ വരെയും റോഡിലൂടെ സഞ്ചാരിക്കാം. ഇതിനെല്ലാം പുറമെ സംവിധായകന്‍ ലാല്‍ജോസും സംഘവും കേരളത്തില്‍നിന്ന് ലണ്ടന്‍ വരെ കാറില്‍ സഞ്ചരിച്ചതും ഒരു പ്രചോദനമായി നമ്മുടെ മുമ്പിലുണ്ട്.
ലഡാകില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ലഡാകില്‍ റോഡ് മാര്‍ഗം എത്തിച്ചേരാന്‍ പ്രധാനമായും രണ്ട് വഴികളാണുള്ളത്. ഒന്ന് ശ്രീനഗര്‍-കാര്‍ഗില്‍-ലേഹ് റൂട്ട്. മനാലി-ലേഹ് റൂട്ടാണ് മറ്റൊരു മാര്‍ഗം.
2. മഞ്ഞുമൂടുന്നതിനാല്‍ മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മാത്രമാണ് ഈ റോഡുകള്‍ തുറക്കുക. ബാക്കി സമയം ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം ലഡാകില്‍ എത്താവുന്നതാണ്.
3. മനാലിയില്‍നിന്ന് ഏകദേശം 470 കിലോമീറ്റര്‍ ദൂരമുണ്ട് ലഡാകിലെ പ്രധാന പട്ടണമായ ലേഹിലേക്ക്. റോഡുകളുടെ അവസ്ഥ പരിതാപകരമായതിനാല്‍ ഇത്രയും ദൂരം പിന്നിടാന്‍ രണ്ട് ദിവസം വേണ്ടിവരും.
4. മനാലിക്കും ലേഹിനുമിടയില്‍ കീലോങ്, ജിസ്പ, സര്‍ച്ചു, പാങ്ങ് എന്നിവിടങ്ങളിലെല്ലാം താമസ സൗകര്യം ലഭ്യമാണ്. സര്‍ച്ചു, പാങ്ങ് എന്നിവിടങ്ങളില്‍ ടെന്റിനകത്തെ താമസസൗകര്യം മാത്രമാണ് ലഭിക്കുക.
5. മനാലി-ലേഹ് റൂട്ടില്‍ ടന്‍ഡി കഴിഞ്ഞാല്‍ പിന്നെ 400 കിലോമീറ്ററിനടുത്ത് പെട്രോള്‍ പമ്പുകളില്ല. അതുകൊണ്ടുതന്നെ കാനുകളില്‍ ഇന്ധനം കരുതേണ്ടതാണ്.
6. ലഡാക് യാത്രയില്‍ ഏറ്റവും വലിയ വില്ലന്‍ ഹൈ ആള്‍റ്റിറ്റ്യൂഡ് സിക്ക്നസ് ആണ്. ഉയരം കൂടുതോറും അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവുകുറയുന്നതാണ് പ്രശ്നം. ഇതിനൊപ്പം ശരീരത്തിലെ മര്‍ദ്ദത്തിലും വ്യത്യാസം വരും. തലവേദന, വിശപ്പില്ലായ്മ, ഛര്‍ദി, ഉറക്കക്കുറവ്, ശരീരത്തില്‍ നീരുവരിക, തലചുറ്റല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
7. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക, ലഘുവായി ഭക്ഷണം കഴിക്കുക, പുകവലി, മദ്യപാനം എന്നിവ പൂര്‍ണമായി ഒഴിവാക്കുക, കൂടുതല്‍ ആയാസപ്പെടാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഹൈ ആള്‍റ്റിറ്റ്യൂഡ് സിക്ക്നസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍. കൂടാതെ ഡയമോക്സ് എന്ന മരുന്ന് കഴിക്കുന്നതും ഓക്സിജന്‍ സിലിണ്ടറും കൈയില്‍ കരുതുന്നതും നല്ലതാണ്. എപ്പോഴും ച്യൂയിങ്ഗം ചവച്ചുകൊണ്ടിരിക്കുന്നത് മര്‍ദ്ദത്തിലെ വ്യതാസം ഇല്ലാതാക്കാന്‍ സഹായിക്കും.
8. ലഡാകില്‍ എത്തിയാല്‍ അവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ വേണ്ടി ഒരു ദിവസം വിശ്രമിക്കുന്നത് നല്ലതാണ്. ഇനി വിമാനത്തിലാണ് വരുന്നതെങ്കില്‍ 36 മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാണ്.
9. ഹൈ ആള്‍റ്റിറ്റ്യൂഡ് സിക്ക്നസിനെ മറികടക്കാന്‍ ശ്രീനഗര്‍-കാര്‍ഗില്‍ വഴി ലഡാകില്‍ പോകുന്നതാണ് കൂടുതല്‍ ഉത്തമം. രണ്ട് ദിവസത്തെ യാത്രക്കിടയില്‍ രാത്രി കാര്‍ഗിലില്‍ തങ്ങാന്‍ സൗകര്യം ലഭിക്കും. തിരിച്ചുവരവ് സര്‍ച്ചു-മനാലി വഴിയുമാക്കാം.
10. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ലഡാക് യാത്ര ഉപേക്ഷിക്കുന്നതാണ് നല്ലത്. പ്രായമാവര്‍ ഓക്സിജന്‍ സിലിണ്ടര്‍ കൈയില്‍ കരുതണം. മനാലിയിലെയും ലഡാകിലെയും മെഡിക്കല്‍ ഷോപ്പുകളില്‍ ഇവ ലഭിക്കും. ചെറിയ കുട്ടികളെ ലഡാകിലേക്ക് കൊണ്ടുപോകരുത്.
11. മനാലി-ലേഹ് പാതയില്‍ സര്‍ച്ചു, പാങ്ങ് എന്നിവിടങ്ങളിലുള്ള പട്ടാളത്തിന്റെ മെഡിക്കല്‍ ക്യാമ്പുകളില്‍ ആവശ്യമായ ചികിത്സാസഹായം ലഭിക്കും.
12. മനാലി, ഡല്‍ഹി, ഛണ്ഡീഗഢ് എന്നിവിടങ്ങില്‍നിന്നെല്ലാം ലഡാകില്‍ പോകാന്‍ ബൈക്കുകള്‍ വാടകക്ക് ലഭിക്കും. ബസ് മാര്‍ഗമോ വിമാനം വഴിയോ ലഡാകില്‍ എത്തിയാല്‍ ലേഹില്‍നിന്നും ബൈക്കുകള്‍ വാടകക്ക് ലഭിക്കുന്നതാണ്.
13. ബൈക്ക് വാടകക്ക് എടുക്കുമ്പോള്‍ കണ്ടീഷന്‍ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വഴിയില്‍ കുടുങ്ങി പണികിട്ടും.
14. ബുള്ളറ്റ് തന്നെ വേണമെന്നില്ല. സി.സി കുറഞ്ഞ ബൈക്കുകളിലും ധാരാളം പേര്‍ വരുന്നുണ്ട്.
15. കാറില്‍ വരുന്നവര്‍ വണ്ടി സ്വന്തം പേരിലാണെന്ന് ഉറപ്പുവരുത്തണം. സെല്‍ഫ് ഡ്രൈവിങ് കാര്‍ വാടകക്കെടുത്ത് വരുന്നവര്‍ക്കുനേരെ ലഡാകില്‍ ടാക്സി ഡ്രൈവര്‍മാരുടെ ആക്രമണമുണ്ടാകാറുണ്ട്.
16. തിരിച്ചറിയല്‍ രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൈയില്‍ കരുതുക. ഹോട്ടലുകളില്‍ റൂമെടുക്കാനും ബൈക്കുകള്‍ വാടകക്ക് ലഭിക്കാനും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.
17. ലഡാകിലെ പലസ്ഥലങ്ങളിലേക്കും പോകാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം. പെര്‍മിറ്റ് ഫോം ലേഹിലെ കടകളില്‍ ലഭിക്കും. ഇവ പൂരിപ്പിച്ച് അതാത് ചെക്ക്പോസ്റ്റുകളില്‍ നല്‍കിയാല്‍ മതി. യാത്ര പോകുന്ന സ്ഥലം, എത്ര ദിവസം തങ്ങും, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവയാണ് ഫോമില്‍ പൂരിപ്പിച്ചുനല്‍കേണ്ടത്.
18. നാട്ടില്‍നിന്ന് സ്വന്തമായി വണ്ടി ഓടിച്ചുപോകുന്നവര്‍ മെക്കാനിക്കിന്റെ അടുത്തുപോയി വാഹനത്തിന്റെ കണ്ടീഷന്‍ ഉറപ്പുവരുത്തേണ്ടതാണ്. ദീര്‍ഘദൂര യാത്രയായതിനാല്‍ പുതിയ ടയറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
19. പഞ്ചര്‍ കിറ്റ്, ടൂള്‍സ്, അത്യാവശ്യം വരുന്ന സ്പെയര്‍ പാര്‍ട്സുകള്‍ എന്നിവയെല്ലാം കൈയില്‍ കരുതുക.
20. ബൈക്കില്‍ വരുന്നവര്‍ ഫുള്‍ഫേസ് ഹെല്‍മെറ്റ്, റൈഡിങ് ജാക്കറ്റ്, റൈഡിങ് പാന്റ്സ്, ഗ്ളൗ എന്നിവ ധരിക്കണം. കല്ലുകളും കുഴികളും നിറഞ്ഞ റോഡില്‍ ഏതൊരുനിമിഷവും അപകടം പ്രതീക്ഷിക്കാം.
21. ജമ്മുകശ്മീരില്‍ പ്രീപെയ്ഡ് സിമ്മുകള്‍ പ്രവര്‍ത്തിക്കില്ല. ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ എന്നിവയുടെ പോസ്റ്റ്പെയ്ഡ് സിമ്മുകള്‍ കൈയില്‍ കരുതുന്നത് നല്ലതാകും.
22. പുലര്‍ച്ചെ ആറ് മണിക്ക് മുമ്പു തന്നെ സൂര്യന്‍ ഉദിക്കുന്നതിനാല്‍ നേരത്തെ യാത്ര തുടങ്ങുക. വെയിലേറ്റ് മഞ്ഞ് ഉരുകിത്തുടങ്ങിയാല്‍ റോഡില്‍ വെള്ളം നിറയാന്‍ സാധ്യതയുണ്ട്.
23. രാത്രി യാത്ര ഒഴിവാക്കുക.
24. റിവര്‍ ക്രോസിങ് വരുന്നതിനാല്‍ ബൈക്കില്‍ പോകുന്നവര്‍ ഗംബൂട്ട്സ് ധരിക്കണം.
25. തണുപ്പിനെ പ്രതിരോധിക്കാന്‍ തെര്‍മല്‍ കേ്ളാത്ത്, ജാക്കറ്റ്, തൊപ്പി, കൈയുറ എന്നിവയെല്ലാം കരുതുക.
26. യാത്ര പോകുന്നതിന് മുമ്പ് വളരെ കൃത്യമായി പ്ലാന്‍ ചെയ്യുക. ലഡാകില്‍ ഇന്റര്‍നെറ്റ് സൗകര്യം കുറവായതിനാല്‍ മാപ്പുകളെല്ലാം പ്രിന്റെടുത്തുവെക്കുക.
27. വാഹനത്തിന്റെ ഒറിജനല്‍ രേഖകള്‍, ഇന്‍ഷുറന്‍സ്, ഡ്യൂപ്ലിക്കേറ്റ് ചാവി എന്നിവ സൂക്ഷിക്കുക.
28. ലഗേ്ഗജിന്റെ ഭാരം പരമാവധി കുറക്കുക.
29. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളും ഫസ്റ്റ് എയിഡ് കിറ്റും കൈയില്‍ കരുതണം.
30. യാത്രക്ക് മുമ്പ് ഇന്റര്‍നെറ്റില്‍നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കുക. www.devilonwheels.com എന്ന വെബ്സൈറ്റ് വളരെ ഉപകാരപ്രദമാണ്. team-bhp.com എന്ന വെബ്സൈറ്റിലെ യാത്രാവിവരണങ്ങളും സന്ദര്‍ശിക്കാവുന്നതാണ്.
ലഡാകിലെ പ്രധാന ആകര്‍ഷണങ്ങള്‍
1. ശാന്തി സ്തൂപ
2. ലോക്കല്‍ മാര്‍ക്കറ്റ്
3. ലേഹ് പാലസ്
4. പാന്‍ഗോങ് തടാകം
5. മാഗ്നെറ്റിക് ഹില്‍
6. നുബ്ര വാലി (ഹണ്ടര്‍ സാന്‍ഡ് ഡ്യൂണ്‍സ്, ഡിസ്കിറ്റ് മൊണാസ്ട്രി, പനാമിക്ക് ഹോട്ട് സ്പ്രിങ്)
7. തിസ്കേ മൊണാസ്ട്രി
8. ഹെമിസ് മൊണാസ്ട്രി
9. തിസോമാരി തടാകം
10. ഖര്‍ദുങ് ല-ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാര യോഗ്യമായ പാത.
(അവസാനിച്ചു)
vkshameem@gmail.com
9995644765
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.