Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമറീന ബീച്ചിലെ...

മറീന ബീച്ചിലെ ക്ഷോഭിക്കുന്ന ശവകുടീരങ്ങൾ...

text_fields
bookmark_border
മറീന ബീച്ചിലെ ക്ഷോഭിക്കുന്ന ശവകുടീരങ്ങൾ...
cancel
camera_alt???? ????????? ????????? ????? ?????? ?????????? ???? ????????? ????????? ????????????....

മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തിലെ കല്ലറയ്ക്കു മുകളില്‍ ചെവി ചേര്‍ത്തുവെച്ചാല്‍ പല പ ല സിനിമകളിലെ ഡയലോഗുകള്‍ കേള്‍ക്കാമെന്ന് ആരെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. നട്ടുച്ച നേരത്ത് ദോശക്കല്ലു പോലെ ചുട്ടുപൊള്ളുന്ന കല്ലറയ്ക്കു മുകളിലെ മാര്‍ബിള്‍ ഫലകത്തില്‍ ചെവിയോര്‍ത്തു നോക്കുന്നുണ് ട് ഇപ്പോഴും അനേകംപേര്‍.
‘‘സെങ്കോലും സിങ്കാസനവും മക്കള്ക്കാഹവാ.. മഹാറാണിക്കാഹവാ...?’’
‘‘മക്കളെ നീങ്കള്‍ മ നിതനാഹ മതിക്കവേണ്ടും...’’
വെള്ളിത്തിരയില്‍ മക്കള്‍ തിലകം ആടിത്തിമിര്‍ത്ത ഡയലോഗുകളില്‍ ഏതെങ്കിലും ആ ചുട്ട ുപൊള്ളുന്ന മാര്‍ബിള്‍ പലകയ്ക്കടിയില്‍ നിന്ന് കാതിലേക്ക് കയറിവരുന്നുണ്ടോ എന്നായിരിക്കും അവര്‍ കാക്കുന്നത ്. അങ്ങ് ദൂരെ തമിഴ്നാടിന്‍െറ വിദൂരമായ ഗ്രാമങ്ങളില്‍ നിന്നാണ് അവരില്‍ പലരും വരുന്നത്. തമിഴന്‍െറ നെഞ്ചില്‍ ഇന്ന ും കുറുകുന്ന ‘മക്കള്‍ തിലക’ത്തിന്‍െറ അന്ത്യവിശ്രമ സ്ഥലം കാണാന്‍ കാതങ്ങള്‍ കടന്ന് ഇപ്പോഴും അവര്‍ എത്തുന്നു....

ആ നട്ടുച്ച വെയിലിലും എം.ജി.ആറിന്‍െറ കല്ലറയിൽ ചെവി ചേർത്തുവെയ്​ക്കുന്ന ആരാധകരുടെ നിരയായിരുന്നു...

ചെന്നൈ നഗരത്തിനൊരു ഹൃദയമുണ്ടെങ്കില്‍ അതാണ് മറീന ബീച്ച്. തമിഴകത്തെ മഹാരഥന്മാരെല്ലാരുമുണ്ട് അവിടെ. എവി ടെ നോക്കിയാലും സ്മരണകളായി, സ്മാരകങ്ങളായി നിറഞ്ഞുനില്‍ക്കുന്നവര്‍. അതിലും മുന്നില്‍ നാലുപേര്‍. എപ്പോഴും ജനങ ്ങളുടെ മഹാസമുദ്രത്തിനു നടുവില്‍ ജീവിച്ചവര്‍. മരിച്ചുകഴിഞ്ഞിട്ടും അവര്‍ക്കു ചുറ്റും മനുഷ്യര്‍ നിറഞ്ഞുകവിയുന ്നു.

ഓരോ ദിവസവും മറീന ബീച്ചില്‍ വന്നുപോകുന്നവരുടെ കണക്ക് നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇട യിലാണ്. അവധി ദിവസങ്ങളില്‍ മറീനയില്‍ കാലുകുത്താന്‍ ഇടമുണ്ടാകില്ല. അവരിലേറെയും ഈ നാലു മനുഷ്യരുടെ സ്മാരകങ്ങള്‍ക ്കരികിലത്തെിയേ മടങ്ങൂ.


മക്കള്‍ തിലകം
ദ്രാവിഡ രാഷ്ട്രീയത്തിന്‍െ റ കയറ്റിറക്കങ്ങളില്‍ ജീവിതം കൊണ്ട് കൈയൊപ്പ് പതിപ്പിച്ച നാലുപേരാണ് പ്രധാനമായും മറീനയിലെ കടല്‍ക്കരയില്‍ അന ്ത്യനിദ്ര പൂകിയിരിക്കുന്നത്. അതിലും സൂപ്പര്‍ സ്റ്റാര്‍ മക്കള്‍ തിലകം എം.ജി. രാമചന്ദ്രന്‍ തന്നെ. പാലക്കാട്ടുകാ രായ ദമ്പതികള്‍ക്ക് ശ്രീലങ്കയില്‍ വെച്ച് ജനിച്ച മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍ സിനിമയിലൂടെ ത മിഴന്‍െറ ഹൃദയത്തിലും രാഷ്ട്രീയത്തിലും ഭരണത്തിലും ചെങ്കോലും കിരീടവുമണിഞ്ഞത് ചരിത്രം.

എം.ജി.ആർ സ്​മാരകത്തിലേക ്കുള്ള പ്രവേശന കവാടം

10 വര്‍ഷം തമിഴ്നാടിന്‍െറ മുതല്‍ അമൈച്ചര്‍ (മുഖ്യമന്ത്രി) ആയിരുന്ന എം. ജി.ആര്‍ ഇന്നും തമിഴന്‍െറ വികാരമാണ്. അതുകൊണ്ടാണ് ഗ്രാമങ്ങള്‍ കടന്ന് അവര്‍ മറീനയിലെ മാര്‍ബിള്‍ കുടീരത്തിലത്തെ ുന്നത്. അവരെ സ്വാഗതം ചെയ്ത് എ.ഐ.ഡി.എം.കെയുടെ രണ്ടില ചിഹ്നത്തിന്‍െറ കൂറ്റന്‍ കവാടം. കുതിച്ചുപായുന്ന കുതിര. ഇരട്ട തൂണുകള്‍ക്ക് നടുവിലെ രണ്ടില സ്തൂപം കടന്നു ചെന്നാല്‍ കൈവിരലുകള്‍ കോര്‍ത്തുപിടിച്ചതുപോലൊരു ശില്‍പരൂപത്തി നു കീഴില്‍ ചതുരത്തിലൊരു മാര്‍ബിള്‍ കല്ലറയില്‍ എം.ജി.ആര്‍. കെടാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കുണ്ട് ആ ക ുടീരത്തിന്‍െറ തലയ്ക്കല്‍. ‘ഭാരതരത്നം ഡോ. എം.ജി. രാമചന്ദ്രന്‍’ എന്ന് കല്ലറയിലെ മാര്‍ബിളില്‍ ആലേഖനം ചെയ്തിട്ട ുണ്ട്.

ആ കല്ലറയ്​ക്കുള്ളിലിരുന്ന്​ എം.ജി.ആർ ഇപ്പോഴും സംസാരിക്കുന്നുണ്ടെന്ന്​ വിശ്വസിക്കുന്ന ആരാധകരുണ്ട്​

‘പരിശ്രമമാണ് ഒൗന്നത്യത്തെ തരുന്നത്’ (Diligence Earns Eminence) എന്ന് ആ കറുത്ത കുടീരത്തിന്‍െറ അരികില്‍ മഞ്ഞ നിറത്തില്‍ എഴുതിവെച്ചിട്ടുണ്ട്. എം.ജി.ആറിനെ സംബന്ധിച്ച് അതായിരുന്നു സത്യം. കഠിനാധ്വാനത്തിലൂടെ മനുഷ്യ ഹൃദയങ്ങ ളെ കീഴടക്കുകയായിരുന്നുവല്ലോ അദ്ദേഹം.

ഏറ്റവും കൂടുതല്‍ തിരക്കുള്ള സ്മാരകം എം.ജി.ആറിന്‍െറതാണ്. ഓരോ ദിവസവു ം പുതിയ പൂക്കളാല്‍ കല്ലറ അലങ്കരിക്കുന്നു. നട്ടുച്ച നേരത്താണ് ഞങ്ങള്‍ അവിടെയത്തെിയത്. ആദ്യം കണ്ടത് കല്ലറയ്ക്ക ു മുകളില്‍ ചെവി ചേര്‍ത്തുവെയ്ക്കുന്ന ആരാധകരുടെ നീണ്ട നിരയാണ്. മൂന്നു പതിറ്റാണ്ടായി എം.ജി.ആര്‍ മറഞ്ഞിട്ട്. എന്ന ിട്ടും തമിഴ് ജനതയ്ക്ക് അദ്ദേഹത്തോടുള്ള ആരാധന അറിയാന്‍ മറീനയില്‍ എത്തിയാല്‍ മതി. ‘കല്ലറയില്‍ നിന്ന് വല്ലതും കേട്ടോ...?’ എന്ന് ഒരാളോട് ചോദിച്ചു... ഒരു ചിരിയോടെ ‘ചെവിയൊന്നു വെച്ചുനോക്കൂ...’ എന്നു പറഞ്ഞ് അയാള്‍ മറഞ്ഞു.... എന്നിട്ടും ആ കല്ലറയില്‍ ചെവി ചേര്‍ത്തുപിടിക്കാന്‍ എനിക്ക് തോന്നിയില്ല.... അതൊരു തമാശയായി ആസ്വദിക്കാനേ എനി ക്ക് തോന്നിയുള്ളു...

എം.ജി.ആർ കുടീരത്തിനു മുന്നിൽനിന്ന്​ സെൽഫി എടുക്കുന്ന യുവതി

ചിലര്‍ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു. ചിലര്‍ കല്ലറ തൊട്ടു വണങ്ങുന്നു. പലരും കല്ലറയോട് ചേര്‍ത്ത് സെല്‍ഫിയെടുക്കുന്നു. കുട്ടികള്‍ക്ക് ചരിത്രം പറഞ്ഞുകൊടുക്കുന്ന ചില മുതിര്‍ന്നവര്‍. കല്ലറയില്‍ ചെവിയോര്‍ത്തുപിടിക്കുന്ന ചില പ്രായമാവരുടെ കണ്ണുകള്‍ നനയുന്നുമുണ്ട്.
അപ്പുറത്ത് ഒരു എം.ജി.ആര്‍ മ്യുസിയവുമുണ്ട്...

പുരട്ചി തലൈവി
2016 ഡിസംബര്‍ അഞ്ചിന് അപ്പേളോ ആശുപത്രിയില്‍ മരിക്കുമ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു എം.ജി.ആര്‍ സമാധിക്ക് അരികിലായിരിക്കും ജയലളിതയുടെയും അന്ത്യവിശ്രമമെന്ന്. എം.ജി.ആര്‍ സ്മാരകത്തിന് പിന്നിലായി പ്രത്യേകം തയാറാക്കിയ സമാധിസ്ഥാനത്ത് മക്കള്‍ തിലകത്തിന്‍െറ പ്രിയസഖിയായ ജയലളിത മണ്ണിലേക്ക് മടങ്ങുന്നത് ചാനലുകളിലൂടെ ലോകം കണ്ടതാണ്.

ജയലളിത സ്​മാരകത്തിനു മുന്നിലെ മാർബിൾ ബോർഡ്​

അനേകം സിനിമകളില്‍ എം.ജി.ആറിന്‍െറ നായികയായിരുന്നുവല്ളോ ‘പുരട്ചി തലൈവി’യെന്നും ‘അമ്മാ’ എന്നും അറിയപ്പെട്ടിരുന്ന ജയലളിത. രാഷ്ട്രീയത്തിലും എം.ജി.ആറിന്‍െറ പിന്‍ഗാമിയായി തമിഴ്നാടിന്‍െറ ഭരണം കൈയിലേന്തി 14 വര്‍ഷം മുഖ്യമന്ത്രിയായി. ഒടുവില്‍ അന്ത്യവിശ്രമവും തന്‍െറ പ്രിയങ്കരനായ നേതാവിന്‍െറ പിന്നില്‍ തന്നെയായി.

ജയയെ സംസ്കരിച്ച സ്ഥലത്തേക്ക് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. അവരുടെ മരണത്തിനു ശേഷം കുറച്ചുനാളുകളില്‍ അവിടേക്ക് ജനപ്രവാഹമായിരുന്നു. ഇപ്പോള്‍ കെട്ടിമറച്ച് സന്ദര്‍ശകരെ വിലക്കിയ ആ പ്രദേശത്ത് കൂറ്റന്‍ നിര്‍മാണം രാപ്പകലറിയാതെ നടക്കുന്നു. എം.ജി.ആറിന്‍െറ സ്മാരകത്തെക്കാള്‍ പടുകൂറ്റനായ സമാധിമന്ദിരം പണിതുയര്‍ത്തുന്ന പണിയാണ് അവിടെ തകൃതിയില്‍ നടക്കുന്നത്. ക്രെയിനുകളും ജെ.സി.ബിയും ടിപ്പറുകളുമെല്ലാം വിശ്രമമില്ലാത്ത തിരക്കിലാണ്.

നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന ജയലളിത സ്​മാരകം

എം.ജി.ആറിനൊപ്പം ജയയെ കൂടി കാണാമെന്നു കരുതിയത്തെുന്ന ആരാധകര്‍ കെട്ടിമറച്ച സമാധിസ്ഥലം കണ്ട് നിരാശയില്‍ മടങ്ങുന്നു. വൈകാതെ ഏറ്റവും വലിയ മന്ദിരം തന്നെ അവിടെ ഉയരും. അതെത്രമാത്രം ഗംഭീരമായിരിക്കുമെന്ന് പുറത്തുനിന്നു നോക്കിയാല്‍ തന്നെ ബോധ്യമാകും. 50 കോടിയില്‍ ഉയരാന്‍ പോകുന്ന ‘ഫിനിക്സ്’ എന്നു പേരിട്ട ‘അമ്മ സ്മാരക’ത്തിന്‍െറ അതിമനോഹരമായ രേഖാചിത്രം പുറത്ത് പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജയലളിതയ്​ക്കായി രൂപകൽപന ചെയ്യുന്ന ‘ഫീനിക്​സ്​’ സ്​മാരകത്തി​ന്‍െറ മാതൃക

അഴിമതിക്കേസിലെ പ്രതിയായിരുന്ന ജയലളിതയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇത്രയും കോടികള്‍ മുടക്കി സ്മാരകം പണിയുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ കേസ് വരെ നല്‍കിയതാണ്. അങ്ങനെ സ്മാരകം പണിയണമെങ്കില്‍ ഖജനാവില്‍ നിന്ന് കാശെടുക്കാതെ എ.ഐ.ഡി.എം.കെയുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് എടുത്ത് നടത്തിയാല്‍ പോരേ എന്നാണ് കേസ് നല്‍കിയ അഡ്വ. ജയശീലന്‍ ഉന്നയിച്ച വാദം. തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മാണം എന്ന ആരോപണവും ജയ സ്മാരകം നേരിടുന്നുണ്ട്..

അറിഞ്ജര്‍ അണ്ണാ
തമിഴ്നാടിന് ‘അണ്ണാ..’ ഒന്നേയുള്ളു. അത് സി.എന്‍. അണ്ണാദുരൈയാണ്. സിനിമ - നാടക രംഗത്ത് തിളങ്ങിനിന്നയാളായിരുന്നെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് നേരേ കയറിവന്നയാളല്ല അണ്ണാദുരൈ. ആധുനിക തമിഴ്നാടിന്‍െറ രാഷ്ട്രീയത്തെ മുന്നില്‍നിന്ന് നയിച്ചയാളാണ്. അഴിമതി എന്ന തമിഴ് രാഷ്ട്രീയത്തിന്‍െറ ദുര്‍ഭൂതം സ്പര്‍ശിക്കാത്തയാളാണ്. അതിലെല്ലാമുപരി പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ക്കൊപ്പം നിന്ന് ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന് അടിത്തറയിട്ടയാളാണ്.

അണ്ണാദുരൈയുടെ അർധകായ വെങ്കല പ്രതിമയ്​ക്കു മുന്നിൽ നിന്ന്​ സെൽഫിയെടുക്കുന്ന ചെറുപ്പക്കാർ

എം.ജി.ആര്‍ സ്മാരകത്തിനു തൊട്ടു വടക്കു വശത്തായി അറിഞ്ജര്‍ അണ്ണാ നിലയം. വെങ്കലത്തില്‍ തീര്‍ത്ത അണ്ണായുടെ അര്‍ധകായ പ്രതിമ വരവേറ്റു. അതിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നുണ്ട് ഒരുകൂട്ടം ചെറുപ്പക്കാര്‍. ഗാംഭീര്യത്തെക്കാള്‍ ശ്രദ്ധയോടെ പരിചരിച്ച ഒരു സ്മാരകമാണ് അണ്ണാദുരൈയുടേത്. ജീവിതത്തില്‍ ലാളിത്യവും കറപുരളാത്ത വ്യക്തിത്വവും കാത്തുസൂക്ഷിച്ച അറിഞ്ജര്‍ക്ക് ചേര്‍ന്നവണ്ണമൊരു സ്മാരകം.

സി.എൻ. അണ്ണാദുരൈയുടെ ശവകുടീരം

കറുത്ത മാര്‍ബിള്‍ പാളികള്‍ കൊണ്ടുണ്ടാക്കിയ കല്ലറയ്ക്കു മുന്നിലും കെടാവിളക്കുണ്ട്. പുതുപൂക്കളാല്‍ ദിനവും അലങ്കരിക്കുന്നുമുണ്ട്. വെളുത്ത മാര്‍ബിള്‍ പാകിയ തറ. എം.ജി.ആര്‍ മന്ദിരത്തിലേതുപോലെ വലിയ തിരക്കൊന്നുമില്ല. ആരും കല്ലറയില്‍ ചെവിയോര്‍ത്ത് ഒരുകാലത്ത് തമിഴകത്തെ ആവേശത്തിലാഴ്ത്തിയ പ്രഭാഷണശകലങ്ങള്‍ തിരയുന്നുമില്ല. ദ്രാവിഡ രാഷ്ട്രീയത്തിന്‍െറ ആത്മാവറിയുന്ന അപൂര്‍വം ചിലര്‍ ഒരു കാഴ്ചയിടം എന്നതിനപ്പുറം ആദരസൂചകമായി ഒന്നു തൊഴുതിട്ടുപോയെങ്കിലായി.


കലൈഞ്ജര്‍ കരുണാനിധി
മുത്തുവേല്‍ കരുണാനിധി ജീവിതം തുടങ്ങിയതുതന്നെ പേരാളിയായാണ്. മരണശേഷവും അവസാനിക്കാത്ത പോരാട്ടത്തിലൂടെയായിരുന്നു കലൈഞ്ജര്‍ മറീനയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ഡി.എം.കെ കാരനായ കരുണാനിധിയെ മറീനയില്‍ സംസ്കരിക്കാന്‍ എടപ്പാളി പളനിസാമിയുടെ എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ അനുവദിച്ചില്ല. ഒടുവില്‍ കോടതി കയറി നേടിയെടുത്ത അനുമതിയിലാണ് തലൈവര്‍ മറീനയില്‍ എത്തിയത്.

താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കരുണാനിധി സ്​മാരകം

തമിഴ്നാട് രാഷ്ട്രീയത്തിന്‍െറ ചരിത്രം അറിയുന്നവര്‍ മറീനയില്‍ ഒടുങ്ങാനുള്ള കരുണാനിധിയുടെ അവകാശത്തെ നിഷേധിക്കില്ല. മലയാളിയായ ഡോ. ടി.എം. നായര്‍ സ്ഥാപിച്ച ‘നീതി കക്ഷി’ (ജസ്റ്റിസ് പാര്‍ട്ടി)യെ ‘ദ്രാവിഡ കഴക’മാക്കി മാറ്റിയത് തന്തൈ പെരിയാറാണ്. ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന് പെരിയാര്‍ തുടക്കം കുറിക്കുമ്പോള്‍ ഇടവും വലവുമുണ്ടായിരുന്ന രണ്ടുപേരാണ് അണ്ണാദുരൈയും കരുണാനിധിയും. ‘പെരിയാറുടെ കൈയിലെ തോക്കാണ് അണ്ണാദുരൈ എങ്കില്‍ അതിനുള്ളിലെ വെടിയുണ്ടയാണ് കരുണാനിധി’ എന്നായിരുന്നു ഒരുകാലത്ത് തമിഴ്നാടിന്‍െറ രാഷ്ട്രീയ ചുരുക്കെഴുത്ത്.

കരുണാനിധിയുടെ താൽക്കാലിക സ്​മാരകത്തിൽ പോലീസുകാർ കാവൽ നിൽക്കുന്നു

എം.ജി.ആറിന്‍െറ പിന്നണിയില്‍ ജയലളിത അന്ത്യനിദ്ര കൊള്ളുന്നതുപോലെ അണ്ണാദുരൈക്ക് പിന്നിലെ കടലോരത്ത് കരുണാനിധിയും വന്നു ചേര്‍ന്നു. അണ്ണാ സ്മാരകത്തിനുള്ളിലൂടെയാണ് അവിടേക്കുള്ള പ്രവേശനവും. അവിടെയിപ്പോള്‍ താല്‍ക്കാലികമായ ഒരു സ്മാരകമേയുള്ളു. രണ്ടാള്‍ ഉയരത്തില്‍ കരുണാനിധിയുടെ ചിരിതൂകിയ ചിത്രം. ശവക്കല്ലറയ്ക്കു മുകളില്‍ ഓണപ്പൂക്കളം പോലെ ഡി.എം.കെയുടെ ചിഹ്നമായ ഉദയസൂര്യനെ പൂക്കളില്‍ വരഞ്ഞുവെച്ചിരിക്കുന്നു. മാര്‍ബിള്‍ കുടീരമൊന്നും ഉയര്‍ത്തിയിട്ടില്ല. തറയോട് പതിച്ച നിലം.
‘ഒയ്​വെടുക്കാമല്‍ ഉഴൈത്തവര്‍
ഇതോ ഒയ്​വുകൊണ്ടിരുക്കിറാര്‍...’

(വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരുന്നവര്‍ ഇവിടെ വിശ്രമിക്കുന്നു...)
എന്ന് ആ ചിത്രത്തിന് അടിക്കുറിപ്പായി എഴുതി വെച്ചിരിക്കുന്നു. രണ്ട് പോലീസുകാര്‍ തോക്കുമായി അതിനരികില്‍ നിലയുറപ്പിച്ചിട്ടുണ്ട്... അതെന്തിനാണെന്ന് ഒരു പിടിയും കിട്ടിയില്ല... ചിലപ്പോള്‍ ആ വിശ്രമത്തെ തടസ്സപ്പെടുത്താന്‍ ആരും വരരുതെന്ന മുന്‍കരുതലാവും...

കരുണാനിധി സ്​മാരകത്തിന്‍െറ മറുവശക്കാ​ഴ്​ച

ഒറ്റ നോട്ടത്തില്‍ കരുണാനിധിക്ക് കാര്യമായി സ്മാരകമൊന്നും ആയിട്ടില്ളെന്ന് തോന്നും. പക്ഷേ, വരാനിരിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിന്‍െറ ദിശയനുസരിച്ചായിരിക്കും കലൈഞ്ജരുടെ സ്മാരകത്തിന്‍െറയും ഭാവി. ജയലളിതയുടെ സ്മാരകം പൂര്‍ത്തിയായ ശേഷമായിരിക്കും കരുണാനിധിയുടെ സ്മാരകം ഉയര്‍ന്നുവരിക എന്ന് എനിക്കപ്പോള്‍ തോന്നി...

ഡി.എം.കെ തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും ഉദിക്കുകയും സ്റ്റാലില്‍ മുതല്‍ അമൈച്ചറാവുകയും ചെയ്യുന്നൊരു കാലം വന്നാല്‍ മറീന ബീച്ചിലെ ഏറ്റവും വലിയ സ്മാരകം കലൈഞ്ജരുടേതാകുമെന്നുറപ്പ്..

കരുണാനിധിയെ കണ്ട് അണ്ണാദുരൈ സ്മാരകത്തിന് പുറത്തേക്ക് കടക്കാന്‍ ഒരു ക്യൂ രൂപപ്പെട്ടിരുന്നു. ഞങ്ങളും ആ ക്യൂവില്‍ കയറി നിന്നു. മെല്ളെ മെല്ളെ ഇഴഞ്ഞാണ് ക്യൂ നീങ്ങുന്നത്. അല്‍പം കഴിഞ്ഞപ്പോള്‍ അബദ്ധം മനസ്സിലായി. അത് പുറത്തേക്കുള്ള ക്യൂവല്ല. എന്നും അണ്ണാ സ്മാരകത്തില്‍ നടക്കുന്ന സൗജന്യ ഉച്ചഭക്ഷണവിതരണത്തിന്‍െറ ക്യൂവാണ്. പൊങ്കല്‍ ആണ് വിതരണം ചെയ്യുന്നത്. ബ്രേക്ക്ഫാസ്റ്റ് വൈകി കഴിച്ചതിനാല്‍ വിശപ്പ് തീരെയില്ലായിരുന്നു. അതുകൊണ്ട് ക്യുവില്‍ നിന്നിറങ്ങി തൊട്ടപ്പുറത്തെ അണ്ണാ മ്യൂസിയത്തിലേക്ക് കയറി...

അണ്ണാദുരൈയുടെ മൃതശരീരത്തിൽ അ​ന്ത്യോപചാരമർപ്പിക്കുന്ന കരുണാനിധി (ഫയൽ ഫോ​ട്ടോ)

അണ്ണാദുരൈയുടെ ജീവിതം പലമട്ടില്‍ അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങളായി, ഉപയോഗിച്ച പേനകളും കണ്ണടകളുമായി, എഴുതിക്കൂട്ടിയ കൃതികളായി, പല കാലങ്ങളിലെ ഫോട്ടോകളായി.... അങ്ങനെയങ്ങനെ തമിഴക രാഷ്ട്രീയത്തിന്‍െറ ഒരു നേര്‍പാതി അവിടെ കാണാം.... മിക്ക ഫോട്ടോകളിലും ഗുരുവായ പെരിയാറും ഉറ്റ തോഴന്‍ കരുണാനിധിയുമുണ്ട് കൂടെ....

അതില്‍ രണ്ട് ഫോട്ടോകളിലാണ് ഞാനുടക്കി നിന്നത്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനൊപ്പമുള്ളതാണ് ഒന്നാമത്തേത്. മറ്റൊന്ന് പെരിയാര്‍ ഫ്രെയിമില്‍ വന്ന ഒരു ചിത്രമായിരുന്നു. അവസാന കാലത്ത് ഗുരുവായ പെരിയാറും ശിഷ്യന്‍ അണ്ണാദുരൈയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. പെരിയാറിന്‍െറ ദ്രാവിഡ കഴകത്തെ, ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ആക്കി മാറ്റിയത് ആ പിളര്‍പ്പിന്‍െറ ഫലമായിരുന്നു....

അണ്ണാദുരൈയ്​ക്ക്​ അന്ത്യോപചാരമർപ്പിക്കുന്ന പെരിയാർ ഇ.വി. രാമസ്വമി നായ്​ക്കർ (ഫയൽ ഫോ​ട്ടോ)

പക്ഷേ, 1969 ഫെബ്രുവരി മൂന്നിന് അണ്ണാദുരൈ അന്തരിച്ചപ്പോള്‍ രാജാജി ഹാളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ കരുണാനിധിയുടെ ചുമലില്‍ താങ്ങി എത്തിയ പെരിയാറിന്‍െറ ചിത്രം അത്യപൂര്‍വമായ ഒന്നായിരുന്നു. അവര്‍ക്കിടയിലെ ബന്ധത്തിന്‍െറ ആഴവും ആത്മാവുമെല്ലാം പെരിയാറിന്‍െറ മുഖത്തുനിന്ന് വായിച്ചറിയാമായിരുന്നു... ആ ചിത്രങ്ങള്‍ പകര്‍ത്താനുള്ള എന്‍െറ ശ്രമം അതിന്‍െറ കാവല്‍ ചുമതലയുണ്ടായിരുന്ന പെണ്‍കുട്ടി തടഞ്ഞു...

മ്യൂസിയത്തില്‍ നിന്നിറങ്ങുമ്പോള്‍ പെരിയാറിന്‍െറ ഒരു കൈയൊപ്പ് പതിഞ്ഞ ഒരു കുറിപ്പിന്‍െറ ചിത്രം ആ പെണ്‍കുട്ടിയുടെ തലയ്ക്കു മുകളിലെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കണ്ടു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു...
‘പ്രിയ സഹോദരങ്ങളെ,
നിങ്ങള്‍ ജനങ്ങളിലേക്ക് ചെല്ലുക...
അവര്‍ക്കിടയില്‍ ജീവിക്കുക...
അവരില്‍ നിന്ന് അറിയുക...
അവരെ സ്നേഹിക്കുക...
അവരെ സേവിക്കുക...
അവരുമായി കൂടിയാലോചിക്കുക...
അവരുടെ അറിവില്‍ നിന്ന് തുടങ്ങുക...
അവര്‍ ഇഷ്ടപ്പെടുന്നതിനെ നിര്‍മിക്കുക...
പൊതുപ്രവര്‍ത്തകനായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ ഇതേ വഴിയുള്ളു...’
ആ വാക്കുകള്‍ വെറും വാക്കുകളല്ലായിരുന്നുവെന്നതിന് അണ്ണാദുരൈയുടെ അന്ത്യയാത്രയില്‍ പങ്കെടുത്ത ഒന്നരക്കോടി ജനങ്ങളായിരുന്നുസാക്ഷ്യം. ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയ അന്ത്യയാത്ര....

പെരിയാറുടെ ഇടവും വലവും നിന്ന്​ അണ്ണാദുരൈയും കരുണാനിധിയും കെട്ടിപ്പടുത്തതാണ്​ ദ്രാവിഡ രാഷ്​ട്രീയ പ്രസ്​ഥാനം (ഫയൽ ഫോട്ടോ)

തമിഴന്‍െറ പിതൃസ്ഥാനീയനായ പെരിയാറിനെ എന്തുകൊണ്ട് മറീനയില്‍ സംസ്കരിച്ചില്ല എന്ന് ഞാനാലോചിക്കാതിരുന്നില്ല... മറീനയില്‍ നിന്നും കുറേ അകലെ വേപേരിയിലാണ് തന്തൈ പെരിയാര്‍ അന്ത്യവിശ്രമം കൊള്ളുന്നത്... ചിലപ്പോള്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍െറ പില്‍ക്കാല വടിവുകളില്‍നിന്ന് പെരിയാര്‍ പുറത്തായിരുന്നതുകൊണ്ടാവാം ആ വേര്‍പിരിയല്‍ എന്ന് സ്വയം ഉത്തരം കണ്ടത്തെുന്നു...

മറീനയില്‍ നിന്ന് മടങ്ങുമ്പോള്‍ വംഗസമുദ്രക്കരയില്‍ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. പടിഞ്ഞാറന്‍ കടലോരത്തിന്‍െറ ചുവപ്പു പടര്‍ന്ന അസ്തമയമല്ല കിഴക്കന്‍ കടല്‍ക്കരയില്‍. ദിവസത്തിന്‍െറ അറുതിയായെന്ന സൂചനപോലുമില്ലാതെ പെട്ടെന്ന് ഇരുട്ട് വന്നു വിഴുങ്ങുകയാണ്. ഇരുള്‍ വിഴുങ്ങിയ മറീനയിലെ മഹാരഥരുടെ കുടീരങ്ങളില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു...
അവസാനത്തെ ആളും പിരിഞ്ഞുപോയിക്കഴിയുന്ന മറീനയിലെ കടല്‍ത്തീരത്ത് ആ രാഷ്ട്രീയ താരകങ്ങള്‍ കടല്‍ക്കാറ്റേറ്റ് കൊച്ചുവര്‍ത്തമാനം പറയുന്നത് അപ്പോള്‍ ഞാന്‍ ഭാവനയില്‍ കണ്ടു... പാടിമുഴുമിപ്പിക്കാത്ത സീനുകളിലെ പ്രണയഗാനങ്ങളില്‍ എം.ജി.ആറും ജയലളിതയും ആടിപ്പാടുന്നു....
കറുപ്പും ചുവപ്പും നിറമാര്‍ന്ന കൊടിയും തോളിലേറ്റി മദ്രാസ് സര്‍വകലാശാലയിലേക്കുള്ള റോഡ് മുറിച്ചുകടന്ന് അണ്ണാദുരൈ വരുന്നു... പിന്നില്‍ കറുത്ത കണ്ണട ധരിച്ച് ഒപ്പമത്തൊന്‍ ധൃതിപ്പെടുന്ന കരുണാനിധി...

മറീനയിൽ പ്ലാസ്​റ്റിക്​ പൂക്കൾ വിൽക്കാനിരിക്കുന്നയാൾ ചൂടിൽനിന്ന്​ ആശ്വാസം തേടുന്നു..

മുറിവാല്‍: മറീനയില്‍ തമിഴ് രാഷ്ട്രീയത്തിലെ മഹാമേരുക്കള്‍ അന്ത്യവിശ്രമംകൊള്ളുന്നു എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യമില്ല. അങ്ങനെ കുറേ സ്മാരകങ്ങള്‍ അവിടെ നില്‍ക്കുന്നുണ്ടെന്നു പോലും മാനിക്കാതെ അതിനു ചുറ്റും മൂത്രമൊഴിച്ച് നാറ്റിച്ചു വെച്ചിരിക്കുകയാണ്. മറീന എന്നു കേള്‍ക്കുമ്പോള്‍ തന്നെ മൂക്കിലേക്ക് ഇരച്ചുകയറുന്നത് അസഹ്യമായ മൂത്രത്തിന്‍െറ ഗന്ധമാണ്....

അര ലക്ഷത്തോളം പേര്‍ ദിനവും വന്നുപോകുന്നിടത്ത് ഒന്നു മൂത്രമൊഴിക്കാന്‍ പോലും മര്യദയ്ക്ക് സൗകര്യങ്ങളില്ല. കാണുന്നിടത്തൊക്കെ നിന്ന് ആളുകള്‍ മൂത്രമൊഴിച്ചു വിടും. ഉണങ്ങിവരണ്ട ചെന്നൈ നഗരത്തിലെ റോഡരികില്‍ വെള്ളം ഒലിച്ചു കിടക്കുന്നതായി കണ്ടാല്‍ ഓര്‍ത്തോളൂ, അത് പൈപ്പ് പൊട്ടിയതൊന്നുമല്ല, വഴിയരികില്‍ നിന്ന് കാര്യം സാധിച്ചവരുടെ ‘ചിറുനീര്‍’ ഒലിച്ചത്തെിയതാണ്....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periyarmgrKarunanidhimarina beachAnnaduraiTamil Nadu TravelogueJ Jayalalithaa
News Summary - Political Monuments in Marina Beach Chennai- Travelogue
Next Story