Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightലോകത്തിൻെറ നെറുകെയിൽ

ലോകത്തിൻെറ നെറുകെയിൽ

text_fields
bookmark_border
ലോകത്തിൻെറ നെറുകെയിൽ
cancel

ഞങ്ങളുടെ യാത്ര തുടങ്ങിയിട്ട് 12 ദിവസമായി. തിങ്കളാഴ്ച അല്‍പ്പം വിശ്രമമാകാമെന്ന് കരുതി. അല്ലെങ്കിലും ലഡാകിലെത്തിയാല്‍ ചുരുങ്ങിയത് 24 മണിക്കൂര്‍ വിശ്രമം അനിവാര്യമാണ്. ഇനി ലഡാകിലേക്ക് വിമാനത്തിലാണ് വരുന്നതെങ്കില്‍ ചുരുങ്ങിയത് 36 മണിക്കൂറെങ്കിലും വിശ്രമിക്കണമെന്ന് ഞങ്ങള്‍ താമസിച്ച മുറിയില്‍ എഴുതിവെച്ചത് വായിക്കാനിടയായി. എന്നാല്‍ മാത്രമേ അവിടത്തെ അന്തരീക്ഷവുമായി നമുക്ക് പൊരുത്തപ്പെടാനാകൂ. സമുദ്രനിരപ്പില്‍നിന്ന് 11,562 അടി ഉയരത്തിലാണ് ലഡാകിന്റെ ആസ്ഥാനമായ ലേഹ് സ്ഥിതി ചെയ്യുന്നത്.

ഡിസ്കിറ്റ് ബുദ്ധക്ഷേത്രം
 


 ജനസംഖ്യയുടെ 80 ശതമാനവും ബുദ്ധമതക്കാരാണ്. തണുപ്പ് കാലത്ത് ഇവിടത്തെ താപനില മൈനസ് 10 വരെ താഴും. ചരിത്രവും ഭക്തിയും സൗന്ദര്യവും കെട്ടുപിണഞ്ഞുകിടക്കുന്ന കാഴ്ചകളുടെ അവസാനിക്കാത്ത ഉത്സവമാണ് ലഡാക്. നാലു ഭാഗത്തും മഞ്ഞുമലകള്‍, ബുദ്ധക്ഷേത്രങ്ങള്‍, അരുവികള്‍, നീലത്തടാകങ്ങള്‍... എങ്ങും മനം നിറച്ച് മതിമറപ്പിക്കുന്ന കാഴ്ചകള്‍. അലക്കാന്‍ മടിയായതിനാല്‍ രാവിലെ വസ്ത്രമെല്ലാം ഹോട്ടലിലുള്ള ലോന്‍ഡ്രിയില്‍ ഏല്‍പ്പിച്ചിരുന്നു. ഉച്ചവരെ റൂമില്‍ വിശ്രമിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അടുത്ത കണ്ട ഹോട്ടലില്‍ തന്നെ ആദ്യം കയറി. ലഡാകികളുടെ തനതു വിഭവമായ മോമോയാണ് ഓര്‍ഡര്‍ ചെയ്തത്. നമ്മുടെ നാട്ടിലെ പൂവടക്ക് സമാനമാണ് മോമോയുടെ ആകൃതി. ഉള്ളില്‍ മധുരത്തിന് പകരം എരുവുള്ള മസാലക്കൂട്ടാണെന്ന് മാത്രം.

മോമോ എന്ന വിഭവം
 


 ഉച്ചഭക്ഷണത്തിന് ശേഷം മാര്‍ക്കറ്റിലിറങ്ങി. തെരുവുകളിലെല്ലാം വിനോദ സഞ്ചാരികളുടെ തിരക്കാണ്. കടകളില്‍ കൂടുതലും വിദേശികളാണ് സാധനം വാങ്ങാനെത്തിയിട്ടുള്ളത്. ഞങ്ങള്‍ ചെറിയ ഷോപ്പിങ്ങെല്ലാം കഴിഞ്ഞ് വീണ്ടും വണ്ടിയുടെ അടുത്തേക്ക് നടന്നു. ലേഹിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊട്ടാരമാണ് ലക്ഷ്യം. നഗരത്തിന് സമീപത്തെ കുന്നിന്‍ചെരുവിലാണ് ലേഹ് പാലസ്. 17ാം നൂറ്റാണ്ടില്‍ അന്നത്തെ രാജാവായ സെന്‍ഗെ നാംഗ്യാലാണ് ഇതിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. കൊട്ടാരത്തിൻെറ മട്ടുപ്പാവില്‍നിന്നാല്‍ ഹിമാലയത്തിന്റെ മടിത്തട്ടില്‍ നിവര്‍ന്നുനില്‍ക്കുന്ന നഗരത്തിൻെറ ചിത്രം പൂര്‍ണമായും നമ്മുടെ കണ്ണുകളില്‍ നിറയും.

ലേഹ് പാലസ്
 


കൊട്ടരത്തില്‍ നിന്നിറങ്ങി വീണ്ടും നഗത്തിരക്കിലെത്തി. റോഡുകള്‍ മൊത്തം ടാക്സിക്കാരുടെ കൈയിലാണ്. പാതയുടെ രണ്ട് ഭാഗത്തും ടാക്സികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇതിനിടയിലൂടെ സാഹസപ്പെട്ട് വേണം വണ്ടിയോടിക്കാന്‍. ഡല്‍ഹിയില്‍ നിന്നും മറ്റും വണ്ടി വാടകക്കെടുത്ത് സ്വന്തമായി ഓടിച്ചു വരുന്നവരുടെ കാറുകള്‍ പലപ്പോഴും ടാക്സിക്കാര്‍ തകര്‍ക്കാറുണ്ട്. വണ്ടിയുടെ ആര്‍.സി പേപ്പറില്‍ പറയുന്നയാള്‍ വണ്ടിയില്‍ ഇല്ലെങ്കിലും സ്ഥിതി ഇതുതന്നെയാണ്. അത്രക്കാണ് ലഡാകില്‍ ടാക്സിക്കാരുടെ ഭരണം. എന്തായാലും ഭാഗ്യത്തിന് ഇവരുടെ ചെക്കിങ്ങിന് ഞങ്ങള്‍ ഇരയായില്ല. മനാലി-ലേഹ് ഹൈവേയിലെ പൊടി മൊത്തം പജീറോയിലുണ്ട്. അവനെയൊന്ന് കുളിപ്പിച്ചെടുക്കാന്‍ വേണ്ടി സര്‍വിസ് സെന്ററിലെത്തിച്ചു. സോപ്പിട്ട് പതപ്പിച്ചതോടെ ആള്‍ വീണ്ടും സുന്ദരനായി. തിരക്കുകാരണം വണ്ടി കഴുകി കിട്ടിയപ്പോഴേക്കും വൈകുന്നേരമായിട്ടുണ്ട്. പുറത്ത് തണുപ്പ് കൂടിവരികയാണ്. നഗത്തിലെ മറ്റൊരു ആകര്‍ഷണ കേന്ദ്രമായ 'ശാന്തി സ്തൂപ' കൂടി സന്ദര്‍ശിച്ച് വേഗം റൂമിലേക്ക് മടങ്ങി.

ലേഹ് മാര്‍ക്കറ്റിലുള്ള ജുമാമസ്ജിദ്
 


ചൊവ്വാഴ്ച അതിരാവിലെ തന്നെ ലേഹിനോട് വിടപറഞ്ഞു. ജമ്മുകശ്മീരിലെ മനോഹരമായ താഴ്വാരങ്ങളിലൊന്നായ നുബ്ര വാലിയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാരയോഗ്യമായ റോഡെന്ന് അറിയപ്പെടുന്ന ഖര്‍ദുങ് ല പിന്നിട്ട് വേണം നുബ്രയിലെത്താന്‍. അതിരാവിലെ ലേഹില്‍ ഹോട്ടലുകള്‍ ഒന്നും തുറക്കാത്തതിനാല്‍ ചായ കുടിച്ചിരുന്നില്ല. പോകുന്ന വഴിയില്‍ ഹോട്ടല്‍ വല്ലതും കണ്ടാല്‍ ഭക്ഷണം കഴിക്കാമെന്നാണ് വിചാരിച്ചിരുന്നത്. ലേഹില്‍ നിന്ന് ഖര്‍ദുങ് ലയിലേക്ക് 40 കിലോമീറ്റര്‍ ദൂരമേയുള്ളൂവെങ്കിലും മലമ്പാത പിന്നിടാന്‍ ഏകദേശം മൂന്ന് മണിക്കൂറെങ്കിലും സമയം വേണം. എങ്ങും ആള്‍പ്പാര്‍പ്പില്ലാത്ത ഇടങ്ങള്‍. സഞ്ചാരികളുമായി വരുന്ന ടാക്സികളും ബുള്ളറ്റില്‍ പടപടായെന്ന് പാഞ്ഞുപോകുന്ന റൈഡര്‍മാരും മാത്രമേ വഴികളിലുള്ളൂ. വിശന്നിട്ട് കുടല്‍ കരിയാന്‍ തുടങ്ങി. ഒരു ചായക്കട പോലും കാണാനില്ല.

ലേഹിന് സമീപത്തെ ടിസ്മോ മൈത്രേയ ബുദ്ധക്ഷേത്രം
 


 അവസാനം ഞങ്ങള്‍ കൈയിലുണ്ടായിരുന്ന സ്റ്റൗ പുറത്തെടുക്കാന്‍ തീരുമാനിച്ചു. ഓരോ നാട്ടിലെയും തനതുവിഭവങ്ങള്‍ രുചിച്ചറിയാന്‍ കൂടിയായിരുന്നു ഈ യാത്ര. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം സ്റ്റൗ ഉപയോഗിച്ചാല്‍ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. വണ്ടിയില്‍ നിറക്കാന്‍ സൂക്ഷിച്ച ഡീസലെടുത്ത് സ്റ്റൗവില്‍ ഒഴിച്ചു. കശ്മീരിലെ തണുപ്പിനെ വെല്ലുവിളിച്ച് ഒടുവില്‍ ചായ റെഡിയായി. കൈയിലുണ്ടായിരുന്ന ബ്രെഡ്ഡും അകത്താക്കി ഖര്‍ദുങ് ല ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചു.

ഖര്‍ദുങ് ലയിലെ മഞ്ഞുമലയില്‍
 


ഏതാനും ദൂരം പിന്നിട്ടപ്പോള്‍ മിലിറ്ററി ചെക്ക്പോസ്റ്റ് കണ്ടു. യാത്ര പോകുന്ന സ്ഥലം, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രമേ അവിടെ നിന്ന് കടത്തിവിടുകയുള്ളൂ. കശ്മീരിലെ പല തന്ത്രപ്രധാന മേഖലയിലേക്കും സഞ്ചരിക്കണമെങ്കില്‍ ഇതുപോലെയുള്ള പൂരിപ്പിച്ച ഫോറം ചെക്ക്പോസ്റ്റില്‍ നല്‍കേണ്ടതുണ്ട്. യാത്രക്കിടെ ആവശ്യം വരുമെന്ന് മനസ്സിലാക്കി ലേഹില്‍ നിന്ന് അഞ്ച് ഫോറം വാങ്ങി ആദ്യം തന്നെ ഞങ്ങള്‍ പൂരിപ്പിച്ചുവെച്ചിരുന്നു. ടൗണിലെ പലകടകളില്‍ നിന്നും  ഈ ഫോറം വാങ്ങാം. ചെക്ക്പോസ്റ്റ് പിന്നിട്ട് വീണ്ടും ഉയരങ്ങളിലേക്ക് കയറാന്‍ തുടങ്ങി.

ഖര്‍ദുങ് ലയിലെ മലനിരകള്‍
 


റോഡിന് ഇരുവശവും മഞ്ഞുപാളികള്‍ നിറഞ്ഞിരിക്കുന്നു. ഖര്‍ദുങ് ലയില്‍ എത്തുമ്പോള്‍ എല്ലാവരും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡിന് താഴെ നിന്ന് ഫോട്ടോയെടുക്കുകയാണ്. 18,380 അടി ഉയരത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അവിടെയെത്തുന്ന ഒരോ സഞ്ചാരിയുടെയും മുഖത്ത് ലോകം കീഴടക്കിയതിൻെറ സന്തോഷം തെളിഞ്ഞുകാണാം. എന്തായാലും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ സന്തോഷം അനുഭവിക്കുകതന്നെ വേണം. പാതയോരത്തെ മഞ്ഞുപാളികള്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത് തട്ടിക്കളിച്ച് കുറച്ചുനേരം അവിടെ ചെലവഴിച്ചു. കിതപ്പ് കൂടിവരാന്‍ തുടങ്ങിയതോടെ തിരിച്ച് വണ്ടിയില്‍ കയറി. തണുപ്പ് കൂടുതലുള്ളതിനാലും ജീവവായു കുറവായതിനാലും കൂടുതല്‍ സമയം അവിടെ ചെലവഴിക്കാന്‍ സാധ്യമല്ല. ഞങ്ങള്‍ ധാരാളം വെള്ളം കുടിച്ച് വീണ്ടും പജീറോയുടെ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി.

നുബ്ര വാലിയിലേക്കുള്ള റോഡില്‍ നോര്‍ത്ത് പുളുവിലെ പൊലീസ് ചെക്ക്പോസ്റ്റ്
 


ഉച്ചവെയിലിൻെറ തീവ്രത കുറഞ്ഞുതുടങ്ങിയപ്പോഴേക്കും നുബ്ര വാലിയിലെത്തി. പൂക്കളുടെ താഴ്വരയെന്നാണ് നുബ്ര അറിയപ്പെടുന്നത്. മനുഷ്യരുടെയും വാഹനങ്ങളുടെയും തിരക്കൊഴിഞ്ഞ, ശാന്തത പുല്‍കുന്ന ഇടങ്ങള്‍. ഞങ്ങളുടെ യാത്രയില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായ സ്ഥലമെന്നു തന്നെ നുബ്രയെ വിശേഷിപ്പിക്കാം. താഴ്വരയുടെ സൗന്ദര്യം നമ്മെ വീണ്ടും വീണ്ടും അവിടേക്ക് മാടിവിളിക്കുന്നതു പോലെ അനുഭവപ്പെടുന്നു. മരുഭൂമിയിലേതു പോലെ മണല്‍ക്കൂനകള്‍ നിറഞ്ഞ ഹണ്ടറെന്ന ഗ്രാമത്തിലേക്കാണ് ഞങ്ങളുടെ യാത്ര. ഇടതുഭാഗത്ത് ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മലനിരകള്‍, വലതുഭാഗത്ത് മണല്‍ക്കൂനകളും അതിനപ്പുറം നിറഞ്ഞൊഴുകുന്ന ഷയോക്ക് നദിയും. ഇതിന് നടുവിലൂടെയുള്ള ഒറ്റവരിപ്പാത പിന്നിട്ട് ഹണ്ടറിലെത്തി. മുതുകില്‍ രണ്ട് കൂനുള്ള ഒട്ടകത്തിന്  (Bactrian camel) പുറത്തുള്ള സവാരിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

ഹണ്ടറിലെ മണല്‍പ്പരപ്പിലൂടെ നീങ്ങുന്ന ഒട്ടകങ്ങള്‍
 


 മണല്‍പ്പരപ്പിലൂടെ ഒട്ടകപ്പുറത്ത് ഞങ്ങളും ചെറിയ സവാരി നടത്തി. മുതുകിലുള്ള രണ്ട് കൂനയുടെ നടുവിലാണ് ഇരിപ്പിടമുള്ളത്. ഒട്ടകങ്ങളെ പരസ്പരം കയറില്‍ ബന്ധിപ്പിച്ച് ഒരുമിച്ചാണ് യാത്ര. ഒട്ടകത്തിൻെറ പുറത്തുനിന്ന് ഇറങ്ങി വീണ്ടും വണ്ടിയില്‍ കയറി. പരന്നുകടക്കുന്ന മണല്‍കൂനകള്‍ കണ്ടപ്പോള്‍ പജീറോക്ക് അതില്‍കയറാന്‍ ചെറിയ ഒരു മോഹം. കുന്നും മലകളും കീഴടക്കിയ അവനെ മണല്‍പ്പരപ്പിലൂടെ അല്‍പനേരം പറപ്പിച്ചു. പാകിസ്താൻെറ അതിര്‍ത്തിയിലുള്ളതും മുമ്പ് അവരുടെ കൈവശവുമായിരുന്ന തുര്‍തുക്ക് എന്ന ഗ്രാമം വരെ പോയി മടങ്ങാനാണ് ഞങ്ങള്‍ പ്ലാനിട്ടിരുന്നത്. എന്നാല്‍, സമയക്കുറവ് കാരണം വണ്ടി വന്ന വഴിക്ക് തന്നെ തിരിച്ചു. തുര്‍തുക്കിലേക്ക് അടുത്ത തവണ വരുമ്പോള്‍ പോകാമെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. അല്ലെങ്കിലും ഇനിയും ലഡാകിലേക്ക് വരാന്‍ എന്തെങ്കിലും കാരണങ്ങള്‍ വേണ്ടെ?

ഹണ്ടറിലെ ഷയോക്ക് നദി
 


അടുത്ത ലക്ഷ്യം പുരതാന ബുദ്ധക്ഷേത്രമായ ഡിസ്കിട്ടാണ്. മലമുകളില്‍ തട്ടുതട്ടുകളായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 14ാം നൂറ്റാണ്ടിലാണ് സ്ഥാപിക്കുന്നത്. പുറത്ത് ടിക്കറ്റെടുത്ത് ഉള്ളിലേക്ക് കയറി. എങ്ങും ഭക്തികൊണ്ട് തുടിക്കുന്ന അന്തരീക്ഷം. പ്രാര്‍ഥനാ മുറിയില്‍ കിരീടമണിഞ്ഞ ബുദ്ധൻെറ വലിയ ഒരു പ്രതിമയുണ്ട്. ഏവരും മനസ്സിലെ സകലഭാരങ്ങളും ബുദ്ധൻെറ മുന്നില്‍ ഇറക്കിവെക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് തിബറ്റന്‍ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള വണ്ടി കണ്ടതോടെ ബുദ്ധസന്യാസികള്‍ കുശലാന്വേഷണത്തിന് വന്നു. അതില്‍ ഒരാള്‍ കര്‍ണാടകയിലെ കുടകിലുള്ള ബുദ്ധമതക്കാരുടെ കേന്ദ്രമായ ബൈലാകൂപ്പയിലാണ് പഠിച്ചിരുന്നതത്രെ. അവിടെയുണ്ടായിരുന്ന കാലത്ത് കേരളത്തില്‍ വന്ന കഥകളെല്ലാം ഞങ്ങളുമായി പങ്കുവെച്ചു.

ഡിസ്കിറ്റ് ബുദ്ധക്ഷേത്രത്തിന് സമീപത്തെ മൈത്രേയ ബുദ്ധന്റെ പ്രതിമ
 
 
 


ക്ഷേത്രത്തിന് സമീപത്തായി 32 മീറ്റര്‍ നീളത്തില്‍ ഷയോക്ക് നദിക്ക് അഭിമുഖമായി മൈത്രേയ ബുദ്ധൻെറ കൂറ്റന്‍ പ്രതിമയുമുണ്ട്. ബുദ്ധമത വിശ്വാസപ്രകാരം ഗൗതമബുദ്ധനുശേഷം ഭൂമിയില്‍ ജനിക്കാനിരിക്കുന്ന അടുത്ത ബുദ്ധനാണ് മൈത്രേയന്‍. ലോകം മുഴുവനും ഭരിക്കാന്‍ നിയോഗിക്കപ്പെട്ടു എന്ന് കരുതുന്ന മൈത്രേയന്‍ ഇപ്പോള്‍ തുഷിതസ്വര്‍ഗത്തില്‍ ദേവന്‍മര്‍ക്ക് ധര്‍മബോധം നല്‍കി കഴിയുകയാണെന്നാണ് വിശ്വാസം. സമയമാകുമ്പോള്‍ അദ്ദഹേം ഭൂമിയില്‍ ജന്മം എടുക്കുമെന്നും ബുദ്ധമതക്കാര്‍ കരുതുന്നു.

കോടമഞ്ഞ് മൂടിയ നുബ്രവാലി
 


ക്ഷേത്രവും പരിസരവും ചുറ്റിക്കണ്ടിറങ്ങിയപ്പോഴേക്കും രാത്രിയായി. നുബ്ര വാലിയിലെ മറ്റൊരു ഗ്രാമമായ സുമൂറിലാണ് താമസം കരുതിയിട്ടുള്ളത്. സുമൂറിലെ പ്രധാന പാതയില്‍നിന്ന് ഒരു ഹോംസ്റ്റേയിലേക്കുള്ള ബോര്‍ഡ് കണ്ടു. ചെറിയ ഇടവഴിലൂടെ സഞ്ചരിച്ചപ്പോഴേക്കും താമസസ്ഥലമെത്തി. ഡിസ്കിറ്റ് എന്ന സ്ത്രീയാണ് ഹോം സ്റ്റേ നടത്തുന്നത്. അവരുടെ വീട് ഹോം സ്റ്റേക്ക് പുറമെ ഒരു പോസ്റ്റ് ഓഫിസ് കൂടിയാണ്. ഡിസ്കിറ്റ് തന്നെയാണ് ആ നാട്ടിലെ പോസ്റ്റ് വുമണ്‍. യൂറോപ്പില്‍നിന്ന് വന്ന രണ്ട് സഞ്ചാരികളും അന്ന് അവിടെയുണ്ടായിരുന്നു. ഞങ്ങളുടെ ആതിഥേയ തയാറാക്കി തന്ന ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്നു. പിന്നിട്ട വഴികളും കീഴടക്കിയ ഉയരങ്ങളും മനസ്സില്‍ മിന്നിത്തെളിയുന്നതിനിടെ അറിയാതെ എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയി.

തുടരും...

Day 12 (September 5, 2016, Monday)
Sightseeing At Leh
Leh Market, Juma Masjid, Leh Palace, Shanti Stupa

Day 13 (September 6, 2016, Tuesday)
Leh to Sumur (Jammu And Kashmir) ^ 168 KM
Route: South Pullu, Khardung La, North Pullu, Khalsar, Diskit, Hunder, Terith
Stay: Sumur
Journey Time: 7.00 AM^7.00 PM (12 hrs)

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelnubra valleyindia Tourladakh
News Summary - on the top of the world
Next Story