ഡൽഹിയിൽനിന്നും ലഡാക്ക് വഴി മണാലി
text_fieldsജോലി തേടി ഉത്തരേന്ത്യയിലേക്ക് കുടിയേറുമ്പോൾ എന്റെ മുമ്പിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യ ഒന്നു കാണണം. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞുകൊണ്ട് പലയിടങ്ങളിൽ കൂടി യാത്ര ചെയ്യണം. മമ്മൂട്ടിയുടെ സിനിമയിൽ നമ്മൾ കേട്ടതുപോലെ അക്ഷരത്താളുകളിൽനിന്ന് നമ്മൾ പഠിച്ച ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യയെന്ന് മനസ്സിലാക്കാൻ എനിക്ക് ഒരുപാടൊന്നും യാത്ര ചെയ്യേണ്ടി വന്നില്ല. കേരളത്തെ അപേക്ഷിച്ചു നോക്കുമ്പോൾ വടക്കേയിന്ത്യൻ കാലാവസ്ഥയും സംസ്കാരവും വിദ്യാഭ്യാസവുമെല്ലാം വേറേ തന്നെയാണ്.
ഓരോ യാത്രയും അനുഭവങ്ങളുടെ കലവറ നിറയ്ക്കുന്നു. ജനങ്ങളുടെ മനസ്സറിഞ്ഞ് അവരുടെ സംസ്കാരം തൊട്ടുതൊട്ട് ഒരു യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവരുടെ ഇടയിൽ കൂടി തന്നെ സഞ്ചരിക്കണം. അങ്ങനെയാണ് ബുള്ളറ്റിൽ ഡൽഹിയിൽ നിന്നും കശ്മീർ വഴി ലഡാക്കിലേക്കും അവിടെ നിന്നും മണാലി വഴി ഡൽഹിയിലേക്കും യാത്ര പ്ലാൻ ചെയ്തത്. കൂട്ടിനു ചങ്ക് പറിച്ചു തരുന്ന കുറച്ചു കൂട്ടുകാരെയും കൂട്ടി. ഉത്തരേന്ത്യൻ തെരുവോരങ്ങളിൽ കൂടി ചുമ്മാ അങ്ങ് നടക്കണം. ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെട്ടു പണി എടുക്കുന്ന പാവങ്ങൾ. അന്തിയുറങ്ങാൻ കൂരയില്ലാതെ പകലന്തിയോളം റിക്ഷ വലിച്ചു ആ റിക്ഷയിൽ തന്നെ മരം കോച്ചുന്ന തണുപ്പത്തും ചുട്ടു പൊള്ളുന്ന ചൂടുകാലത്തും പാർപ്പുറപ്പിച്ചവർ. വിദ്യാഭ്യാസം എന്താണെന്നു പോലും അറിയാത്തവർ. നമ്മൾ കാണാത്ത പഴയ വാഹനങ്ങൾ ആണ് അവരുടെ നിരത്തിൽ. ബാർബർ ഷോപ്പും ടൈലർ ഷോപ്പും ഒക്കെ നടപ്പാതയിൽ നമുക്ക് കാണാം.
ഉത്തർ പ്രാദേശിലും ഡൽഹിയിലും ഒക്കെ എല്ലാ ദിവസവും മാർക്കറ്റ് ഉണ്ടാകും. കൃഷി ചെയ്ത ഉൽപന്നങ്ങൾ വിൽക്കാൻ ആഴ്ചയിൽ ഒരു ദിവസം ഒരു സ്ഥലത്തു ക്യാമ്പ് ചെയ്യും. ഇന്ന് ഒരു സ്ഥലത്താണെങ്കിൽ നാളെ മറ്റൊരു സ്ഥലത്ത്. നമ്മൾ അരിഭക്ഷണം ആണ് കഴിക്കുന്നതെങ്കിൽ ഇവിടെ ഗോതമ്പ് വിഭവം ആണ് മുഖ്യം. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന് പറയാറുണ്ടല്ലോ. തെരുവോരങ്ങളിൽ കൂടി രുചി വൈഭവങ്ങൾ തേടി നടക്കാൻ ഇറങ്ങിയപ്പോൾ, ക്യാമറ കണ്ണുകൾ പല കടയിലേക്കും ഫോക്കസ് ചെയ്തു. പലരും പോസ് ചെയ്തു തന്നു. മറ്റു ചിലർ വിസമ്മതിച്ചു. ചിലർ ചോദിച്ചു എന്തിനാണ് ഫോട്ടോസ് എടുക്കുന്നത്...? ചാനലിൽ കൊടുക്കാൻ ആണോ...? എന്നൊക്കെ.
ഞാൻ പറഞ്ഞു, 'അങ്ങനെ ഒന്നുമല്ല നമ്മള് ബെർതെ തിന്നാൻ കൊതി ഉള്ളത് കൊണ്ട് ഇറങ്ങിയതാണ്...'
കഞ്ഞിയും ചമ്മന്തിയും കൂടെ മത്തി പൊരിച്ചതും, പുട്ടും ബീഫും, കപ്പയും ബോട്ടിയും, ചോറും മുളകിട്ട മീൻകറിയും, അപ്പവും മുട്ടക്കറിയും, പുട്ടും കടലയും, നെയ്പത്തിലും ബീഫ് വരട്ടിയതും, ദം ഇട്ട ചിക്കൻ ബിരിയാണിയും, പൊറോട്ടയും ബീഫും, ഇഢലിയും സാമ്പാറും അങ്ങനെ അങ്ങനെ കിടിലൻ കോമ്പിനേഷൻ ഒക്കെ അങ്ങ് കേരളത്തിൽ. ഇനി അത്തരം സാധനം ഇവിടെ എവിടെയെങ്കിലും കാണണമെങ്കിൽ ഏതെങ്കിലും മലയാളി ഹോട്ടലിൽ കയറണം. പിന്നെ എന്താണ് ഇവിടെ ഉള്ളത് എന്നല്ലേ, പൊറോട്ട ഒന്ന് പേര് മാറ്റി ആലൂ പറാത്ത, ഒനിയൻ പറാത്ത, പന്നീർ പറാത്ത എന്നൊക്കെ ആക്കി. ഒരു ദിവസം മൂന്നു പേര് താമസിക്കുന്ന വീട്ടിൽ രണ്ട് കിലോ ഉരുളക്കിഴങ്ങ് നിർബന്ധമാണ്. കൂടെ പരിപ്പ്. മൊഞ്ചിനു വേണേൽ ദാൽ ഫ്രൈയും കൂടി ഉണ്ടേൽ സംഭവം കളർ ആയി എന്നു പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.