കടലിനടിയിലെ അത്ഭുത ലോകത്ത്
text_fieldsഎമ്മയുടെ അപ്പൂപ്പന്‍റെ ടീമും പ്രദേശവാസികളും തമ്മില്‍ ഫുട്ബോള്‍ മത്സരം നടന്നിട്ടുണ്ട്. ഇന്നും ജയം അവരുടെ കൂടെ എന്ന് ചിത്രത്തിന് അടികുറിപ്പ് നല്‍കിയിരിക്കുന്നു. ഫോട്ടോകളുടെ അവസാനം കാര്‍ നിക്കോബാറിനെ കുറിച്ചുള്ള അദേഹത്തിന്‍റെ ചില ആശങ്കകളും കുറിച്ചിരിക്കുന്നു. "എന്തിനാണ് ദൈവം ഇവരെ ഇങ്ങനെ പരീക്ഷിക്കുന്നത്. ഇന്നലെയും ചിലരെ കടല്‍ കൊണ്ടുപോയി. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇവരെവിടെ പോയി പേരുകള്‍ കണ്ടെത്തും? ഇത്രയും കടല്‍ക്ഷോഭങ്ങള്‍ ഉണ്ടായിട്ടും തെങ്ങുകള്‍ക്കോ മറ്റു വൃക്ഷങ്ങള്‍ക്കോ പരിക്കേല്‍ക്കാത്തത് എന്തുകൊണ്ടാണ് ? ഈ കൂണിനു എന്നാണ് ഇതില്‍ നിന്നും മോചനം ലഭിക്കുക.
നിരന്തരം കടലാക്രമണങ്ങള്‍ക്ക് കാര്‍ നിക്കോബാര്‍ ഇരയാകുന്നു എന്ന് അദേഹം കുറിച്ചിരിക്കുന്നു. ബാക്കിയൊന്നും മനസിലായില്ല . എമ്മക്ക് അറിയാമായിരിക്കും. എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മയില്ല. എമ്മയാണ് വിളിച്ചുണർത്തിയത് ഒരു കപ്പ് കോഫിയുമായി. ചില ഫോട്ടോകളുടെ പുറത്താണ് ഞാന്‍ കിടന്നിരുന്നത്. അവള്‍ കാണാതിരിക്കാന്‍ പുതപ്പെടുത്ത് ഞാനത് മറച്ചു. എമ്മ ചിരിച്ചുകൊണ്ട് ഇറങ്ങിപോയി. ഫോട്ടോകളെല്ലാം ഒതുക്കിവെച്ച് ഫ്രെഷായി വന്നു. കിച്ചണിന്‍റെ അടുത്തും കഫ്തീരിയയുടെ അടുത്തും കുറച്ചു പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്. ഗണേഷിനെ അവിടെയെങ്ങും കാണാനുമില്ല. എല്ലാവരെയും ഒന്ന് വിഷ് ചെയ്ത് രണ്ടു സാന്‍വിച്ചും ഒരു പെപ്സിയും എടുത്തു ഞാനൊരു മൂലയില്‍ ചെന്ന് കഴിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഗണേഷ് വന്നു. ബാരന്‍ ദ്വീപില്‍ പ്രവേശിക്കാന്‍ എന്തോ പ്രശ്നമുണ്ടെന്നും അതുകൊണ്ട് ഡൈവിംഗ് മാത്രം ചെയ്ത് ഇന്ന് വൈകുന്നേരത്തിനു മുന്‍പ് ഹാവ്ലോക്കില്‍ പോകും എന്ന് അറിയിച്ചു. ഡൈവിംഗ് എന്താന്നെന്നു എനിക്ക് മനസിലായില്ല. ഞാനത് ഗണേഷിനോട് എടുത്തു ചോദിച്ചു,
ഡൈവിംഗ്?
സ്കൂബ ഡൈവിംഗിനെ കുറിച്ചും അതിന്‍റെ ഗുണ-ദോഷത്തെകുറിച്ചും അരമണിക്കൂര്‍ ഗണേഷിന്‍റെ ക്ലാസ്, പിന്നീടു ഗൈഡുകളെ പരിചയപ്പെടുത്തി. എന്നെ നിര്‍ബന്ധിക്കാനൊന്നും ഗണേഷ് മുതിര്‍ന്നില്ല. മാറി നിന്ന് കാണാം എന്ന് കരുതി. വിന്‍സും വില്യമും വരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉവ്വ് എന്ന നിലയില്‍ ഞാന്‍ ആംഗ്യം കാണിച്ചു. ഒത്തിരിയാളുകള്‍ ഉള്ളതിനാല്‍ എന്നെ അവര്‍ ശ്രദ്ധക്കില്ല എന്നാണ് ഞാന്‍ കരുതിയത്. ഏറെക്കുറെ എല്ലാവര്‍ക്കും ഡൈവിംഗ് ചെയ്ത് പരിചയം ഉണ്ടെന്നു തോന്നുന്നു. നാലോ അഞ്ചോ കുഞ്ഞു ബോട്ടുകളിലേക്ക് അവര്‍ മാറിക്കൊണ്ടിരുന്നു. അപ്പോഴാണ് എമ്മ എന്‍റെ അടുത്തെത്തി ഡൈവിംഗ് ചെയ്യാന്‍ നിര്‍ബന്ധിച്ചത്. ഞാന്‍ പറഞ്ഞ ഒഴിവുകഴിവുകള്‍ എല്ലാം അവള്‍ തള്ളിക്കളഞ്ഞു.
ആന്‍ഡമാന്‍ ഒരു സുന്ദരദ്വീപാണെന്ന് നിനക്ക് തോന്നുന്നുണ്ടോ ?
തീര്‍ച്ചയായും.
എങ്കില്‍ കടലിലെ ആന്‍ഡമാനും നീ കാണണം.
എനിക്കിതിനെ കുറിച്ച് ഒന്നുമറിയില്ല എന്ന് പറഞ്ഞപ്പോള്‍ അതിനാണ് ഗൈഡ് എന്ന് പറഞ്ഞു എമ്മ എന്നെ കൊണ്ട് സമ്മതിപ്പിച്ചു.
ആദ്യം തന്നെ ഞാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും, എന്‍റെ പൂര്‍ണ സമ്മതത്തോടു കൂടിയാണ് ഡൈവ് ചെയ്യുന്നതെന്നും ഒപ്പിട്ടു കൊടുത്തു. ജാക്കറ്റ് ധരിച്ച് ഞാനും എമ്മയും ഗണേഷും ഗൈഡും കൂടി ബാരന്‍ ദ്വീപിന്‍റെ ആഴം കുറഞ്ഞ ഭാഗത്ത് എത്തി. ഗൈഡ് തന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഞാന്‍ വെള്ളത്തില്‍ മുങ്ങി. മൂക്ക് പൂര്‍ണമായി അടച്ച് വായിലൂടെ മാത്രം ശ്വസിക്കുക. ബ്രീത്തിങ് എടുക്കേണ്ട വിധം, വെള്ളത്തിനടിയില്‍ വെച്ചു പരസ്പരം ആശയവിനിമയത്തിനുള്ള മുദ്രകള്‍ അങ്ങനെ എല്ലാം. വീണ്ടും സംഘാങ്ങളുടെ അടുത്തേക്ക് തന്നെ പോയി. ഏറെക്കുറെ എല്ലാവരും വെള്ളത്തിനടിയില്‍ ആണെന്ന് തോന്നുന്നു. പരിചയമുള്ള ആരും ബോട്ടുകളില്‍ ഇല്ല. ഞാന്‍ ഗൈഡിന്‍റെ തൊട്ടടുത്തായിരുന്നു. ഗൈഡ് എൻെറ എയര്‍ബാഗ് ഡീഫ്ലെറ്റ് ചെയ്തു. ഞാന്‍ കടലിലേക്ക് കൂപ്പുകുത്തി.
വളരെ വൈകിയാണ് ഞാന്‍ നീന്തല്‍ പഠിച്ചത്. അതുവരെ കരയിലിരുന്നു മറ്റുള്ളവര്‍ നീന്തുന്നത് നോക്കി നില്‍ക്കുകയാണ് പതിവ്. സുബ്രനാണ് പുന്നപ്പുഴയില്‍ വെച്ചു നീന്തല്‍ പഠിപ്പിക്കുന്നത്. പിന്നീടു ചാലിയാറിലോക്കെ നീന്തുമായിരുന്നു. കൂട്ടത്തില്‍ ഭയങ്കരന്‍ സുബ്രന്‍ തന്നെ. വര്‍ഷത്തില്‍ ഒരാളെങ്കിലും മരിക്കുന്ന കയങ്ങളില്‍ വരെ സുബ്രന്‍ മുങ്ങികിടക്കും. പാറമടകളില്‍ നിന്നും മുങ്ങാകുഴിയിട്ട് വരും, എറിഞ്ഞു കൊടുക്കുന്ന കല്ല് എടുത്തുതരും.
സെക്കന്റുകള്‍ കടന്നുപോയി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. രണ്ടോ മൂന്നോ മിനിട്ടുകള്‍ കഴിഞപ്പോള്‍ കടലിന്‍റെ രൂപം തന്നെ മാറി. എന്തൊരു ലോകമാണത്. നാഷണല്‍ ജോഗ്രഫി ചാനലുകളില്‍ മാത്രം കണ്ടു പരിചയിച്ച കാഴ്ചകളാണ് തൊട്ടുമുന്‍പില്‍. കുറച്ചു കഴിഞ്ഞപ്പോള്‍ എമ്മയും എന്‍റെ അടുത്തെത്തി. പേരറിയത്ത ഒത്തിരി കടല്‍ ജീവികള്‍. ഞാനൊരു വിസ്മയലോകത്തായിരുന്നു.
പെട്ടെന്നെനിക്ക് ഒരു അസ്വസ്ഥത തോന്നി മുകളില്‍ പോകണമെന്ന് ആംഗ്യം കാണിച്ചപ്പോള്‍ എമ്മ എന്‍റെ അടുത്ത് വന്നു എയര്‍ബാഗ് ഇന്ഫ്ലെറ്റ് ചെയ്തു. ഞാന്‍ ഉപരിതലത്തില്‍ എത്തി, ഓക്സിജന്‍ പൈപ്പ് വലിച്ചൂരി അഞ്ഞാഞ്ഞു ശ്വാസം എടുത്തു. എമ്മയും മുകളിലെത്തി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നന്വേഷിച്ചു. ഞാന്‍ ഇല്ലെന്നു പറഞ്ഞു. വീണ്ടും കടലിലേക്ക്. ഇപ്രാവശ്യം എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല.
ഹവ്ലോക്കിലേക്ക് തിരിച്ചുപോകുമ്പോഴാണ് എമ്മയോട് ഇന്നലെ വായനയിലെ സംശയം തീര്‍ത്തത്. കാര്‍ നിക്കോബാരില്‍ മരിച്ച ഒരാളുടെ പേര് അടുത്ത തലമുറയിലെ ആര്‍ക്കും നല്‍കാറില്ല. ഒരു തരം വിശ്വാസം തന്നെയാണത്. ഒരു ശക്തമായ സുനാമിയിലും മരണപ്പെടുന്നവരുടെ ആത്മാവ് പുതിയ തലമുറ വഴി ഇവിടെ നില്‍ക്കും എന്നതാണത്രെ അതിനു കാരണം.
ഹാവ് ലോക്കില്‍ എത്തിയപ്പോള്‍ എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. ഞാന്‍ വിചാരിച്ചതിലും ചെറിയ തുകയാണ് ഗണേഷ് എന്‍റെ അടുത്തു നിന്നും വാങ്ങിയത്. പരസ്പരം മെയില്‍ ഐഡി നല്‍കിയാണ് ഞങ്ങള്‍ പിരിഞ്ഞത്. എമ്മയുടെ കൂടെയാണ് ഞാന്‍ താമസിച്ചത്. എമ്മയെനിക്ക് ഒട്ടും അപരിചിതയല്ല, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ ആശയവിനിമയത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതുമാത്രമല്ല ഞങ്ങള്‍ തമ്മില്‍ ഒരു ഹൃദയഐക്യം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് ലഭിച്ച ഹട്ടില്‍ രണ്ടുപേര്‍ക്ക് സുഖമായി താമസിക്കാം. അടുത്തടുത്ത ഹട്ടുകളില്‍ വില്യമും മറ്റുള്ളവരും ഉണ്ടായിരുന്നു. ഹാവ്ലോക്കില്‍ നിന്നും ഞാന്‍ സുബ്രനെ വിളിച്ചു. ഗഫൂര്‍ സാഹിബിനെയും. സുബ്രന്‍ കുറെ ചീത്തവിളിച്ചു.
ഞാനും എമ്മയും ആഘോഷങ്ങളില്‍ നിന്നും അകന്നു നിന്നിരുന്നു. യാത്രയും ചരിത്രവും തുടങ്ങി എല്ലാം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞങ്ങളുടെ സംസാരം വീണ്ടും സെല്ലുലാര്‍ ജയിലിലേക്ക് തന്നെ തിരിച്ചു വന്നു. സ്വാഭാവികമായും ബ്രിട്ടീഷുകാരോടുള്ള എന്‍റെ രോഷം പുറത്തുവന്നു. അതിനു മറുപടിയായി ജപ്പാന്‍ ചെയ്ത ക്രൂരതകള്‍ എന്താണ് നിങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്താത്തത് എന്ന മറുചോദ്യമാണ് എമ്മ ഉന്നയിച്ചത്. റോസ് ദ്വീപ് നശിക്കണം എന്ന ആഗ്രഹത്തിന്‍റെ പുറത്ത് വിഷവിത്തുകള്‍ ദ്വീപില്‍ വിതറി എന്നതില്‍ കവിഞ്ഞ് കാര്യമായ പ്രശന്ക്കരാണ് ജപ്പാന്‍ എന്നെനിക്കറിയുമായിരുന്നില്ല. ഞാന്‍ നിശബ്ദനായി..
കുറച്ചൊക്കെ അറിയാമെങ്കിലും എനിക്കറിയാത്ത എന്തെങ്കിലും ഒന്ന് എമ്മയുടെ കയ്യില്‍ ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ഇല്ലാ എന്നാണ് ഞാന്‍ പറഞ്ഞത്.
എന്‍റെ അപ്പൂപ്പന്‍ മിഷർ ബേര്‍ഡ് ഇവിടം വിട്ടുപോകാന്‍ ആഗ്രഹിച്ചില്ല, അദേഹം ഇവിടുത്തുകാരുമായി അത്രമാത്രം അടുത്തിരുന്നു. ആദ്യം പ്രശനമൊന്നും ഉണ്ടായില്ല. ഒരു ദിവസം മുത്തശന്‍റെ വീട്ടില്‍ നിന്നും റേഡിയോ സെറ്റിന്‍റെ ഭാഗം കിട്ടി എന്നാരോപിച്ച് പിടിച്ചുകൊണ്ടുപോയി, രാജ്യദ്രോഹി എന്ന് എഴുതിയ ബോര്‍ഡ് തൂക്കി തെരുവിലൂടെ നടത്തിച്ചു, ക്രൂരമായി പീഡിപ്പിച്ചു, അവസാനം കഴുത്തുവെട്ടി കൊന്നുകളഞ്ഞു. പറഞ്ഞു നിര്‍ത്തുമ്പോള്‍ എമ്മയുടെ മുഖത്തു പകയാണ് ഉണ്ടായിരുന്നത്.
രാവിലെ പോര്‍ട്ട്‌ബ്ലയറിലേക്കുള്ള ഫെറി കാത്തിരിക്കുമ്പോള്‍ എമ്മയും കെറിയും വന്നിരുന്നു. രണ്ടു ദിവസത്തിനു ശേഷം എമ്മ കാര്‍ നിക്കോബാറിലേക്ക് പോകും, അവിടെ നിന്ന് വീണ്ടും ഗോവയിലേക്ക്. പറ്റിയാല്‍ ഗോവയില്‍ വെച്ചു കാണണം എന്ന ഉറപ്പിലാണ് ഞാന്‍ ഫെറികയറിയത്. ഫെറി അകന്നുപോകുമ്പോള്‍ ദൂരെ ഹാവ്ലോക് എനിക്ക് കാണാം. എന്നെ പോലെ ഒരാള്‍ക്ക് പറ്റിയതല്ല ഇവിടം, അല്ലെങ്കില്‍ ഇങ്ങോട്ട് വരുന്നതിന് മുന്‍പേ എന്‍റെ മാനസികനില മാറ്റണം. ഓരോ ദിവസവും ആഘോഷിക്കുന്ന ഒരാള്‍ക്ക് മാത്രമാണ് ഹാവ്ലോക് ആസ്വദിക്കാന്‍ സാധിക്കൂ.
എന്‍റെ റൂം ഗഫൂര്‍ സാഹിബു മറ്റാര്‍ക്കോ നല്‍കിയിരുന്നു. റിഷപ്ഷനിലെ പയ്യന്‍ പരിചയഭാവത്തില്‍ ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സാഹിബു കയറി വന്നു. യാത്രാവിശേഷങ്ങള്‍ എല്ലാം ചോദിച്ചു. ഭക്ഷണത്തിനു ശേഷം സുബ്രനെ വിച്ചു ടിക്കറ്റ് നോക്കാനും പറഞ്ഞു. വൈകുന്നേരം വരെ സാഹിബിന്‍റെ റൂമിലാണ് ഇരുന്നത്. ടിക്കറ്റ് തുക കൂടുതല്‍ ആയതിനാല്‍ ഒരു ദിവസം കൂടി പോര്‍ട്ട് ബ്ലയറില്‍ തങ്ങാനാണ് സുബ്രന്‍ പറഞ്ഞത്. സാഹിബുമായുള്ള സംസാരത്തില്‍ എമ്മയും, ജപ്പാന്‍ അധിനിവേശവും എല്ലാം ഉൾപ്പെട്ടിരുന്നു. സാഹിബിന്‍റെ അറിവിലും ആന്‍ഡമാനിലെ നരഭോജികളെക്കാള്‍ മോശമായിരുന്നു ജപ്പാന്‍ സൈനികർ. സാഹിബിന്‍റെ ബാപ്പ പറഞ്ഞുള്ള അറിവാണ് സാഹിബിനു ഉണ്ടായിരുന്നത്. പിന്നെ അവ്യക്തമായ ചില ഓര്‍മകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.