Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kalpeni
cancel
Homechevron_rightTravelchevron_rightDestinationschevron_rightവിസ്​മയങ്ങളുടെ...

വിസ്​മയങ്ങളുടെ തുരുത്ത്​, നന്മനിറഞ്ഞ ലോകം; ലക്ഷദ്വീപിലെ കാണാകാഴ്ചകൾ

text_fields
bookmark_border

അതിരാവിലെ ആറ് മണിയായിക്കാണും. നൗഷാദാണ് എന്നെ ഉറക്കത്തില്‍നിന്ന് വിളിക്കുന്നത്. സൂര്യന്‍ ഉദിക്കാറായി, പെട്ടെന്ന് കപ്പലിന്‍െറ മുകളിലേക്ക് കയറിവരാന്‍ അവന്‍ പറഞ്ഞു. ഈ സമയം കപ്പല്‍ കടമത്ത് ദ്വീപിന്‍െറ അടുത്ത് എത്തിയിട്ടുണ്ട്. അവിടെ ഇറങ്ങേണ്ടവര്‍ എത്രയും പെട്ടെന്ന് എംബാര്‍ക്കേഷന്‍ പോയിന്‍റില്‍ വരണമെന്ന് മൈക്കിലൂടെ അനൗണ്‍സ്മെന്‍റ് ചെയ്യുന്നത് കേള്‍ക്കാം. മുകള്‍ ഭാഗത്ത് ഉദയം കാണാനായി നിരവധിപേര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അങ്ങകലെ കിഴക്ക് കടലിന്‍െറ അടിയില്‍നിന്ന് സൂര്യന്‍െറ ആദ്യ കിരണങ്ങള്‍ മെല്ലെ ഉയര്‍ന്നുവരാന്‍ തുടങ്ങി.

ചുവന്ന നിറത്തില്‍ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ സ്വപ്നലോകത്തെന്നപോലെ മതിമറന്നുപോയി. ജീവിതത്തില്‍ ഇത്ര മനോഹരമായ പ്രഭാതം ഇതിന് മുമ്പുണ്ടായിട്ടില്ല. സൂര്യൻ വാരിയെറിഞ്ഞ ചെഞ്ചായം കടലിന് നടുവില്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ കടമത്ത് എന്ന കൊച്ചുദ്വീപ് ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞുവരാന്‍ തുടങ്ങി. ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. പവിഴപ്പുറ്റുകള്‍ കാരണം കപ്പല്‍ ദ്വീപിലേക്ക് അടുക്കില്ല. അവിടേക്കുള്ള യാത്രക്കരെ കൊണ്ടുപോകാനായി ബോട്ടുകള്‍ വരാന്‍ തുടങ്ങി. നടുക്കടലില്‍ കപ്പലില്‍നിന്ന് ചാടിയിറങ്ങണം ബോട്ടിലേക്ക്. 'അനാര്‍ക്കലി' എന്ന സിനിമയിലെ രംഗമാണ് ഈ സമയം ഓര്‍മ വന്നത്.

കപ്പലില്‍നിന്നുള്ള സൂര്യോദയക്കാഴ്ച. പശ്ചാത്തലത്തില്‍ കടമത്ത് ദ്വീപ്

ആദ്യം കടമത്ത് ദ്വീപിലെ താമസക്കാരാണ് ബോട്ടില്‍ കയറിയത്. പിന്നീട് സര്‍ക്കാറിന്‍െറ ടൂര്‍ പാക്കേജില്‍ വന്ന സഞ്ചാരികള്‍ കപ്പലില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങി. അവരുടെ ഇന്നത്തെ പകല്‍ കടമത്ത് ദ്വീപിലാണ്. സഞ്ചാരികളെയും കൊണ്ട് അവസാന ബോട്ടും പോയതോടെ കപ്പല്‍ ചലിക്കാന്‍ തുടങ്ങി. അടുത്ത ലക്ഷ്യം സമീപം തന്നെയുള്ള കൊച്ചുദ്വീപായ അമിനിയാണ്. രണ്ട് ദ്വീപുകളും പരസ്പരം നോക്കിയാല്‍ കാണാം. എന്നാലും, കണ്ണുകള്‍ കൊണ്ട്​ കൂട്ടിക്കെട്ടാൻ കഴിയാത്തവണ്ണം വിശാലമായിരുന്നു ഇവിടത്തെ പ്രകൃതിയുടെ കാന്‍വാസ്. നേരത്തെ രണ്ട് ദ്വീപുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് പാലം നിര്‍മിക്കാന്‍ ആലോചന നടന്നെങ്കിലും കടലിന്‍െറ അഗാധമായ ആഴം അധികൃതരെ അതില്‍നിന്ന് പിന്തിരിപ്പിച്ചു.

കടമത്ത് ദ്വീപിലേക്ക് കപ്പലില്‍ വന്ന ആളുകളുമായി പോകുന്ന ബോട്ട്

യാത്ര പുരോഗമിക്കുന്നതിനിടെ പ്രഭാത ഭക്ഷണം കഴിക്കാനുള്ള അനൗണ്‍സ്മെന്‍റ് വന്നു. ഭക്ഷണം കഴിച്ച് തീരും മുമ്പേ കപ്പല്‍ അമിനിയില്‍ എത്തി. ഇവിടെയും കപ്പല്‍ ഏറെ ദൂരെയാണ് നിര്‍ത്തിയത്. യാത്രക്കാരെല്ലാം ഇറങ്ങിയശേഷം അടുത്ത ലക്ഷ്യസ്ഥാനമായ ചെത്ത്​ലത്ത് ദ്വീപിലേക്ക് നീങ്ങാന്‍ തുടങ്ങി. ഏകദേശം മൂന്ന് മണിക്കൂര്‍ സമയമുണ്ട് അവിടേക്ക്.


അല്‍പ്പം ഭൂമിശാസ്ത്രം
ഇവിടെ വരുന്നതിന് മുമ്പ് ഞങ്ങളുടെയെല്ലാം ധാരണ ലക്ഷദ്വീപെന്നാല്‍ നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ അടുത്തടുത്ത് കിടക്കുന്ന ദ്വീപുകളാണെന്നായിരുന്നു. എന്നാല്‍, കപ്പല്‍ യാത്രക്കിടെ പരിചയപ്പെട്ട വ്യത്യസ്ത ദ്വീപുകാര്‍ ആ ധാരണയെല്ലാം മാറ്റിത്തന്നു. കേരളത്തിന്‍െറ തെക്കുപടിഞ്ഞാറന്‍ തീരത്തുനിന്ന് 200 മുതല്‍ 400 കിലോമീറ്റര്‍ മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ത്​ലത്ത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ഇതിൽ 4.90 ചതുരശ്ര കിലോമീറ്റർ മാത്രം വരുന്ന ആന്ത്രോത്താണ്​ ഏറ്റവും വലിയ ദ്വീപ്​. ജനവാസമില്ലാത്ത ചെറുതും വലുതുമായ ധാരാളം ദ്വീപുകള്‍ വേറെയുമുണ്ട്. കവരത്തിയാണ് ലക്ഷദ്വീപിന്‍െറ ആസ്ഥാനം. ആകെയുള്ള എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത് അഗത്തിയിലാണ്. പല ദ്വീപുകളും തമ്മില്‍ 100 കിലോമീറ്ററിലധികം ദൂരമുണ്ട്. മാലദ്വീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന മിനിക്കോയിയിലേക്ക് കവരത്തിയില്‍നിന്ന് കടല്‍മാര്‍ഗം 258 കിലോമീറ്റര്‍ സഞ്ചരിക്കണം. ദ്വീപിലെ 99 ശതമാനം ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്. മദ്യവും മറ്റും ലഹരിവസ്തുക്കളും ഈ കേന്ദ്രഭരണപ്രദേശത്ത് നിരോധിച്ചിട്ടുണ്ട്. എന്നാലും അനധികൃതമായി പലയിടങ്ങളിലും ഇവയെല്ലാം ലഭിക്കുമെന്നത് പരസ്യമായ രഹസ്യം.

കപ്പലില്‍നിന്ന് ബോട്ടില്‍ കയറുന്നവര്‍

നട്ടുച്ച സമയത്താണ് കപ്പല്‍ ചെത്ത്​ലത്തില്‍ എത്തുന്നത്. അടുത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ കടലിന് നടുവിലെ ആ കൊച്ചുതുരുത്ത് കണ്ടപ്പോള്‍ അതാ ഞങ്ങളുടെ നാടെത്തി എന്നുപറഞ്ഞ് തുള്ളിച്ചാടാന്‍ തുടങ്ങി. മാസങ്ങള്‍ക്കുശേഷമാണ് അവര്‍ കേരളത്തിലെ കോളജില്‍നിന്ന് അവധിക്ക് നാട്ടില്‍ വരുന്നത്. ഞങ്ങള്‍ കപ്പലിന് മുകളില്‍ തന്നെയിരുന്നു. തലക്ക് മീതെ സൂര്യന്‍ കത്തിജ്ജ്വലിക്കുന്നുണ്ടെങ്കിലും കടല്‍തീരത്തെ ഇളംകാറ്റ് ചൂടിനെ ശമിപ്പിച്ചുകൊണ്ടിരുന്നു. നേരത്തെ കണ്ടെതിനെക്കാളും ചെറിയ ദ്വീപാണ് ചെത്ത്​ലത്ത്​. ദൂരെനിന്ന് കരയിലേക്ക് നോക്കുമ്പോള്‍ വളര്‍ന്നുനില്‍ക്കുന്ന തെങ്ങുകളുടെ പച്ചപ്പ് മാത്രമേ ദൃശ്യമാവുകയുള്ളൂ. യാത്രക്കാരുമായി ബോട്ടുകള്‍ കപ്പലിന് അടുത്തേക്ക് വരുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രി പി.എം. സഈദിന്‍െറ മകനും മുന്‍ എം.പിയുമായ മുഹമ്മദ് ഹംദുല്ല സഈദും അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രത്യേകം അലങ്കരിച്ച ബോട്ടില്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ക്കൊപ്പമാണ് അദ്ദേഹത്തിന്‍െറ വരവ്. ബോട്ടില്‍ അകമ്പടിയായി മുദ്രാവാക്യം മുഴങ്ങുന്നു.

ചെത്ത്​ലത്ത് ദ്വീപിലേക്ക് യാത്രക്കാരുമായി പോകുന്ന ബോട്ട്

ഇതിനിടയിലാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഞങ്ങളുടെ ഫോണുകളില്‍ ബി.എസ്.എന്‍.എല്‍ റെയ്ഞ്ച് ലഭിച്ചിരിക്കുന്നു. കൊച്ചിയില്‍നിന്ന് കപ്പല്‍ കടലില്‍ പ്രവേശിച്ചതോടെ റെയ്ഞ്ചെല്ലാം നഷ്ടപ്പെട്ടിരുന്നു. സത്യത്തില്‍ അതൊരു വലിയ അനുഗ്രഹമാണ്. മനംമടുപ്പിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളുടെ മായാവലയം പൊട്ടിച്ചെറിഞ്ഞ് പ്രകൃതിയുടെ സൗന്ദര്യം തൊട്ടറിഞ്ഞും പച്ചയായ മനുഷ്യരോട് സംസാരിച്ചുമായിരുന്നു ഇത്രയും നേരത്തെ യാത്ര. അതിനിടയില്‍ ശല്യം ചെയ്യാതെ നമ്മുടെയെല്ലാം സന്തതസഹചാരിയായ മൊബൈല്‍ അനങ്ങാതെ ഇരിപ്പായിരുന്നു. ചെത്ത്​ലത്ത് ദ്വീപില്‍നിന്നുള്ള സിഗ്നലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ച് വീണ്ടും സ്വിച്ച്ഓഫാക്കി.

ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഹംദുല്ല സഈദ് യാത്രക്കാരെ അഭിവാദ്യം ചെയ്യുന്നു

ആളുകള്‍ ഇറങ്ങുകയും പുതിയ യാത്രക്കാര്‍ കയറുകയും ചെയ്തതോടെ വീണ്ടും യാത്ര തുടങ്ങി. ഇനി യാത്ര രാവിലെ നമ്മള്‍ പോയ കടമത്തിലേക്ക് തന്നെയാണ്. അവിടെ ഇറക്കിവിട്ട ടൂറിസ്റ്റുകളെ തിരിച്ച് കപ്പലില്‍ കയറ്റണം. വൈകുന്നേരമായപ്പോഴേക്കും കപ്പല്‍ കടമത്തിന് സമീപം നങ്കൂരമിട്ടു. മറ്റു യാത്രക്കാര്‍ക്കൊപ്പം ഹംദുല്ല സഈദും അവിടെ ഇറങ്ങി. അന്നത്തെ പകല്‍ ആസ്വദിച്ച് ടൂറിസ്റ്റുകള്‍ ബോട്ടുകളില്‍ കപ്പലിന് അടുത്തേക്ക് വരാന്‍ തുടങ്ങി. ഏഴ് മണിയോടെ ടൂറിസ്റ്റുകളും മറ്റു യാത്രക്കാരും കപ്പലില്‍ കയറിക്കഴിഞ്ഞെങ്കിലും യാത്ര പുനരാരംഭിക്കാന്‍ നേരമായിട്ടില്ല. ഇനി പോകാനുള്ളത് ഞങ്ങള്‍ക്കിറങ്ങേണ്ട കല്‍പേനിയിലേക്കാണ്. ഏകദേശം നാല് മണിക്കൂര്‍ സമയം മാത്രം മതി അവിടെയെത്താൻ. ഇപ്പോള്‍ പുറപ്പെട്ടാല്‍ നട്ടപ്പാതിരക്കാകും എത്തുക. അതുകൊണ്ടുതന്നെ കപ്പല്‍ കടമത്തിന്‍െറ തീരത്തുതന്നെ അര്‍ധരാത്രി വരെ നങ്കൂരമിട്ടുനിന്നു.

കല്‍പേനിക്ക് സമീപം നങ്കൂരമിട്ട എം.വി. കവരത്തി കപ്പല്‍

രാത്രി മുകളിലെ ഡെക്കില്‍നിന്ന് ഉറങ്ങാന്‍ വേണ്ടി താഴെ പോകുമ്പോഴാണ് മൂന്നാം നിലയില്‍ ആ കാഴ്ച കാണുന്നത്. കപ്പലിലെ ജീവനക്കാര്‍ വലിയ ചൂണ്ടയിട്ട് മീന്‍പിടിക്കുകയാണ്. ഇതോടെ ഞങ്ങളുടെ ഉറക്കമെല്ലാം അറബിക്കടലും കടന്നുപോയി. കപ്പല്‍ ജീവനക്കാരില്‍ ഭൂരിഭാഗവും വിവിധ ദ്വീപിലുള്ളവരാണ്. ചെറുപ്പം മുതലേ മീന്‍പിടിച്ചു വളര്‍ന്ന അവര്‍ക്ക് കപ്പലിലും ഒഴിവുസമയങ്ങളില്‍ ഇതുതന്നെയാണ് ഹോബി. ചെറുതും വലുതുമായ നിരവധി മീനുകളാണ് അവരുടെ ചൂണ്ടയില്‍ കുരുങ്ങിക്കൊണ്ടിരിക്കുന്നത്. കപ്പല്‍ വീണ്ടും അനങ്ങാന്‍ തുടങ്ങിയതോടെ അവര്‍ മീന്‍പിടുത്തം നിര്‍ത്തി. ഞങ്ങള്‍ ഉറങ്ങാനും പോയി.

കേരളത്തില്‍നിന്ന് കപ്പലില്‍കൊണ്ടുവന്ന പച്ചക്കറികളും മറ്റു അവശ്യസാധനങ്ങളും കല്‍പേനിയിലെ ബ്രേക്ക്വാട്ടറില്‍ കൂട്ടിയിട്ടിരിക്കുന്നു

കഴിഞ്ഞദിവസം ഞങ്ങള്‍ ബങ്ക് ക്ലാസിലാണ് ഉറങ്ങിയിരുന്നതെങ്കില്‍ ഇന്നത് മുകളിലെ നിലയിലെ സെക്കന്‍ഡ് ക്ലാസിലേക്ക് മാറ്റിയിട്ടുണ്ട്. ജലനിരപ്പിനോട് ചേര്‍ന്ന് ബങ്ക് ക്ലാസ്​ നില്‍ക്കുന്നതിനാല്‍ നല്ല കുലുക്കം അനുഭവപ്പെട്ടിരുന്നു. പിന്നെ കോമണ്‍ ബാത്ത്റൂമില്‍നിന്നുള്ള ദുര്‍ഗന്ധവും അസഹ്യമായിരുന്നു. മൂന്ന് ദ്വീപുകളില്‍ ആളുകള്‍ ഇറങ്ങിയതോടെ സെക്കന്‍ഡ് ക്ലാസെല്ലാം കാലിയാണ്. നാല് ബെഡ്ഡുകളോടു കൂടിയ ചെറിയ മുറിയാണ് സെക്കന്‍ഡ് ക്ലാസ്​. ഇതിനകത്തെ വൃത്താകൃതിയിലുള്ള ചെറിയ കിളിവാതിലിലൂടെ നോക്കുമ്പോള്‍ കടലിലെ ഓളങ്ങള്‍ തെന്നിമാറുന്നത് കാണാന്‍ പ്രത്യേകം സുഖം തന്നെയാണ്. കടലിലേക്ക് നോക്കി നാളെ ഇറങ്ങാന്‍ പോകുന്ന കല്‍പേനിയും സ്വപ്നം കണ്ടിരിക്കുന്നതിനിടെ അറിയാതെ ഉറക്കത്തിലേക്ക് വീണുപോയി.

ലക്ഷദ്വീപിന്‍െറ മണ്ണില്‍
പിറ്റേന്ന് അതിരാവിലെ അനൗണ്‍സ്മെന്‍റ് കേട്ടാണ് ഉണരുന്നത്. കല്‍പേനിയിലേക്കുള്ള യാത്രക്കാര്‍ എത്രയും പെട്ടെന്ന് എംബാര്‍ക്കേഷന്‍ പോയിന്‍റില്‍ എത്തണമെന്ന് മൈക്കിലൂടെ വിളിച്ചുപറയുന്നു. ചെറിയ ഭയം ഉള്ളിലുണ്ടായിരുന്നെങ്കിലും ബാഗെല്ലാം തൂക്കിയെടുത്ത് നടുക്കടലില്‍ നില്‍ക്കുന്ന ബോട്ടിലേക്ക് ചാടിയിറങ്ങി. ഏകദേശം 20 പേരെ ഉള്‍ക്കാന്‍ കഴിയുന്ന ബോട്ടായിരുന്നു അത്. മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകളെ തന്നെയാണ് കപ്പലില്‍നിന്ന് ആളെ കൊണ്ടുപോകാനും ആശ്രയിക്കുന്നത്. കരയില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് കപ്പല്‍ നിര്‍ത്തിയിരിക്കുന്നത്. ആളുകള്‍ കയറിക്കഴിഞ്ഞതോടെ ബോട്ട് കുതിച്ചുപായാന്‍ തുടങ്ങി. പ്രതീക്ഷകളുടെ സ്വപ്നലോകത്തേക്ക് ഞങ്ങള്‍ അടുക്കുകയാണ്. പത്ത് മിനിറ്റിനകം ബോട്ട് തീരമണഞ്ഞു. അങ്ങനെ ആദ്യമായി ലക്ഷദ്വീപിന്‍െറ മണ്ണില്‍ കാലുകുത്തിയിരിക്കുന്നു.

കല്‍പേനിയിലെ കോൺക്രീറ്റ് പാതകള്‍

ലക്ഷദ്വീപ് സമൂഹങ്ങളില്‍ കൊച്ചിയോട് ഏറ്റവും അടുത്തുകിടക്കുന്ന ദ്വീപാണ് കല്‍പേനി. കൊച്ചിയില്‍നിന്ന് 218 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഈ ദ്വീപ്. 2.8 കിലോമീറ്റര്‍ നീളവും 1.2 കിലോമീറ്റര്‍ വീതിയും മാത്രമുള്ള ഒരു കുഞ്ഞുദ്വീപ്. ദ്വീപിന്‍െറ പടിഞ്ഞാറ് വശം പവഴിപ്പുറ്റുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ഭാഗത്ത് ഒരു കിലോമീറ്റര്‍ അകലെ വരെ മാത്രമേ തിരമാലകള്‍ അടിക്കുകയുള്ളൂ. പ്രകൃതിയുടെ കാവലാണീ പവിഴപ്പുറ്റുകള്‍. കല്‍പേനിക്ക് അടുത്തായി ചെറിയം, തിലാക്കം, പിറ്റി തുടങ്ങിയ ജനവാസമില്ലാത്ത ദ്വീപുകളുമുണ്ട്. 2014ലെ കണക്കുപ്രകാരം 4526 ആണ് ജനസംഖ്യ. ഈ കൊച്ചുദ്വീപിലാണ് ഞങ്ങളുടെ ഇനിയുള്ള ഒരാഴ്ച.

ഞങ്ങളുടെ സ്പോണ്‍സര്‍ ഷമീം വീടിന് മുന്നില്‍

സ്പോണ്‍സര്‍ ഷമീം കരയില്‍ കാത്തിരിപ്പുണ്ടായിരുന്നു. കിഴക്ക് ഭാഗത്തെ ബ്രേക്ക് വാട്ടര്‍ എന്ന് പറയുന്ന സ്ഥലത്താണ് ഞങ്ങള്‍ കപ്പലിറങ്ങിയിരിക്കുന്നത്്. മീന്‍പിടിക്കാന്‍ പോകുന്ന നിരവധി വള്ളങ്ങള്‍ അവിടെ കാണാം. കപ്പലില്‍ കേരളത്തില്‍നിന്ന് വന്ന പച്ചക്കറികളും മറ്റു സാധനങ്ങളും ഇറക്കുന്ന തിരക്കിലാണ് നാട്ടുകാര്‍. (ഓഖി ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടുന്നതിന് മുമ്പായിരുന്നു ഈ യാത്ര. ബോട്ടുകള്‍ കരക്കടിപ്പിക്കുന്ന ഈ ഭാഗം ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയി).

കല്‍പേനിയിലെ ഒരു വീട്

ഷമീം ആദ്യം കൂട്ടിക്കൊണ്ടുപോയത് സമീപത്തെ പൊലീസ് കൗണ്ടറിലേക്കാണ്. അവിടെ ഞങ്ങളുടെ പെര്‍മിറ്റ് വാങ്ങിവെച്ചു. അടുത്തദിവസം പൊലീസ് സ്റ്റേഷനില്‍ എത്തി സീല്‍വെച്ച പെര്‍മിറ്റ് തിരിച്ചുവാങ്ങണമെന്ന് പറഞ്ഞ് തിരിച്ചയച്ചു. ഞങ്ങളെ ഇവിടെയത്തെിച്ച കവരത്തി കപ്പല്‍ അപ്പോഴും കടലില്‍ നങ്കൂരമിട്ട് കിടപ്പുണ്ട്. കപ്പലിന്‍െറ അടുത്ത ലക്ഷ്യം ആന്ത്രോത്ത് ദ്വീപാണ്. അവിടെ പോയി വൈകുന്നേരമാകുമ്പോഴേക്കും വീണ്ടും തിരിച്ചുവരും, കല്‍പേനിയില്‍ ഇറങ്ങിയ ടൂറിസ്റ്റുകളെ തിരിച്ചുകയറ്റാന്‍.

കല്‍പേനി ലൈറ്റ് ഹൗസിന്‍െറ വിദൂര ദൃശ്യം

രണ്ട് ദിവസത്തെ വാസസ്ഥലമായിരുന്ന കപ്പലിനോട് യാത്ര പറഞ്ഞ് നടക്കാന്‍ തുടങ്ങി. ആദ്യ ലക്ഷ്യം ഷമീമിന്‍െറ വീടാണ്. ദ്വീപിലെ കോൺക്രീറ്റിട്ട ചെറിയ റോഡിലൂടെയാണ് നടത്തം. റോഡിന്‍െറ ചുറ്റുഭാഗത്തും ചെറിയ ചെറിയ വീടുകള്‍ കാണാം. വീടുകള്‍ നിര്‍മിക്കാനുള്ള മിക്ക സാമഗ്രികളും കേരളത്തില്‍നിന്ന് വേണം എത്താൻ. നമ്മുടെ നാട്ടിലേതുപോലെ വീടുകള്‍ക്ക് ചുറ്റുമതിലുകളൊന്നുമില്ല. റോഡില്‍ വാഹനങ്ങള്‍ വല്ലപ്പോഴും വന്നാലായി. സൈക്കിളും ബൈക്കുമാണ് മിക്ക ആളുകളും ഉപയോഗിക്കുന്നത്. അപൂര്‍വമായി കാറുകളും കാണാം. മൂന്ന് കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ ദ്വീപില്‍ എന്തിനാണ് കാറെന്ന് വെറുതെ ആലോചിച്ചുപോയി. അതുപോലെ യാത്രക്കാരെ കൊണ്ടുപോകാനായി ഏതാനും ഓട്ടോറിക്ഷകളും കാണാം. നമ്മുടെ റേഷന്‍ കട പോലുള്ള സൊസൈറ്റി വഴിയാണ് പെട്രോള്‍ ലഭിക്കുന്നത്. ഒരു ലിറ്ററിന് നൂറിലേറെ രൂപയാണ് വില. കവരത്തിയില്‍ മാത്രമാണത്രെ പെട്രോള്‍ പമ്പുള്ളത്.

കല്‍പേനിയില്‍ ഞങ്ങള്‍ താമസിച്ച ടൂറിസ്റ്റ് ഹോം

പത്ത് മിനിറ്റ് കൊണ്ട് ഷമീമിന്‍െറ വീടെത്തി. അവന്‍െറ ഉമ്മയും വല്ല്യുമ്മയും രാവിലത്തെ ഭക്ഷണമെല്ലാം തയാറാക്കി ഞങ്ങളെ കാത്തിരിക്കുകയാണ്. സൗന്ദര്യത്തിന്‍െറയും പ്രലോഭനങ്ങളുടെയും മാത്രമല്ല, സ്നേഹത്തിന്‍െറയും നാട് കൂടിയാണ് ലക്ഷദ്വീപ്. ഇത്ര സ്നേഹ സമ്പന്നരായ ഒരു ജനതയെ നമുക്ക് വേറെ എവിടെയും കാണാന്‍ കിട്ടില്ല. എത്ര അപരിചതരായാലും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം നല്‍കിയിട്ടേ അവര്‍ പറഞ്ഞയക്കൂ. ഭക്ഷണം കഴിച്ചശേഷം ഷമീമിന്‍െറ വീടും പരിസരവുമൊക്കെ ചുറ്റിക്കണ്ടു. വീടിന് പിറകില്‍ കോഴിയും ആടും വളര്‍ത്തുന്നുണ്ട് ആ കുടുംബം. കൂടാതെ ചുറ്റും നിരവധി തെങ്ങുകളുമുണ്ട്. ലക്ഷദ്വീപുകാരുടെ ജീവിതത്തില്‍ തെങ്ങിന് വളരെയധികം പ്രാധാന്യം ഉണ്ട്. പലരുടെയും ഉപജീവന മാര്‍ഗം തന്നെ തെങ്ങാണ്. തെങ്ങില്‍നിന്ന് വെളിച്ചണ്ണക്ക് പുറമെ ശര്‍ക്കര, സുറുക്ക തുടങ്ങിയ ഉല്‍പ്പന്നങ്ങളും തയാറാക്കുന്നു. ഒരാളുടെ പറമ്പില്‍ കാണുന്ന തെങ്ങി​​​​​​െൻറ അവകാശി ചിലപ്പോള്‍ അടുത്ത വീട്ടിലുള്ളവരായിരിക്കും എന്നതാണ് കൗതുകകരമായ കാര്യം.

കല്‍പേനി ദ്വീപിന്‍െറ ഉപഗ്രഹം ദൃശ്യം. ഇളം നീല നിറത്തില്‍ കാണുന്ന ഭാഗത്താണ് പവിഴപ്പുറ്റുകളുടെ സംരക്ഷണമുള്ളത് (കടപ്പാട് ഗൂഗിള്‍ മാപ്പ്)

ദ്വീപിന്‍െറ വടക്ക് ഭാഗത്തായുള്ള ലൈറ്റ് ഹൗസിന് സമീപമാണ് ഞങ്ങളുടെ താമസം ഒരുക്കിയിരിക്കുന്നത്. ദ്വീപ് ചുറ്റിക്കാണാനായിട്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും സൈക്കിള്‍ സംഘടിപ്പിച്ച് തന്നിട്ടുണ്ട് ഷമീം. തെങ്ങുകള്‍ അതിരുകാക്കുന്ന ഇടവഴികളിലൂടെ സൈക്കിളും ചവിട്ടി താമസസ്ഥലത്തെത്തി. കടലിനോട് ചേര്‍ന്ന് മൂന്ന് മുറികളുള്ള ചെറിയ ടൂറിസ്റ്റ് ഹോമാണിത്. പരിമിതമായ ടൂറിസ്റ്റ്ഹോമുകള്‍ മാത്രമേ കല്‍പ്പേനിയിലുള്ളൂ. വല്ലപ്പോഴും മാത്രമേ സഞ്ചാരികള്‍ വരുന്നുള്ളൂ എന്നതാണ് അതി​​​​​​െൻറ കാരണം. പിന്നെ നാട് കാണാന്‍ വരുന്നവര്‍ സ്പോണ്‍സറുടെ കൂടെ തന്നെ കഴിയാറാണ് പതിവ്.

കല്‍പേനി ദ്വീപിന്‍െറ ആകാശദൃശ്യം (കടപ്പാട് ഗൂഗിള്‍

കല്‍പേനിയിലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ ഷമീം മാഷുടെ ഉടമസ്ഥതയിലുള്ളതാണ് ടൂറിസ്റ്റ് ഹോം. മൂന്ന് നേരത്തെ ഭക്ഷണമടക്കം ഒരു ദിവസത്തെ താമസത്തിന് 600 രൂപയാണ് ചെലവ്. റൂമില്‍ കയറി അല്‍പ്പസമയം വിശ്രമിച്ചു. ഉച്ചയായപ്പോഴേക്കും മാഷ് ഭക്ഷണവുമായി വന്നു. ബീച്ചുകളിലെല്ലാം പക്കേജില്‍ വന്ന ടൂറിസ്റ്റുകളുടെ തിരക്കായതിനാല്‍ അന്ന് പുറത്തെന്നും പോകണ്ട എന്നായിരുന്നു അദ്ദേഹത്തിന്‍െറ നിര്‍ദേശം. കുറഞ്ഞനേരം കൊണ്ടുതന്നെ മാഷ് ഞങ്ങളുടെ ഉറ്റസുഹൃത്തായി മാറി. അദ്ദേഹം ഞങ്ങള്‍ക്ക് ലക്ഷദ്വീപിന്‍െറ ചരിത്രവും സംസ്കാരവുമെല്ലാം വിവരിച്ചുതരാന്‍ തുടങ്ങി.

അല്‍പ്പം ചരിത്രം
ബി.സി 10,000ന് മുമ്പ് തന്നെ ലക്ഷദ്വീപ് നിലവിലുണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ബി.സി 1500ല്‍ ഉപയോഗിച്ച മണ്‍പാത്രങ്ങള്‍ കല്‍പേനിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ബി.സി 200 മുതല്‍ എ.ഡി 50 വരെ റോമക്കാര്‍ മലബാറുമായി കച്ചവടം നടത്തിയിരുന്ന കാലം ലക്ഷദ്വീപ് വഴിയാണ് യാത്ര ചെയ്തിരുന്നത്. എ.ഡി 662ലാണ് ഇസ്ലാംമത പ്രബോധകന്‍ ഹസ്രത്ത് ഉബൈദുല്ല ഇബ്നു മുഹമ്മദ്, അമിനി ദ്വീപിലത്തെുന്നത്. ആ വര്‍ഷം തന്നെ അദ്ദേഹം ആന്ത്രോത്ത്, കല്‍പേനി, അമിനി, കവരത്തി എന്നീ ദ്വീപുകളില്‍ ജുമാമസ്ജിദുകള്‍ക്ക് തറക്കല്ലിട്ടു. എ.ഡി 985ല്‍ രാജരാജ ചോള എന്ന ചോള രാജാവ് ദ്വീപുകള്‍ കീഴടക്കിയതായി തഞ്ചാവൂര്‍ ലിഖിതങ്ങള്‍ കുറിച്ചിട്ടുണ്ട്.

കല്‍പേനി ജുമാമസ്ജിദിന് അകത്തുള്ള മമ്മേല്‍ ആറ്റക്കോയ ഹാജിയുടെ ഖബര്‍. 1554ല്‍ പോര്‍ച്ചുഗീസുകാരോട് പടവെട്ടിയാണ് അദ്ദേഹം രക്തസാക്ഷിയായത്

എ.ഡി 1050ല്‍ ചിറക്കല്‍ ഭരണത്തിലെ കോലത്തിരി രാജാവ് മുഹമ്മദ് അലി എന്നയാളെ കണ്ണൂരും ലക്ഷദ്വീപുകളും ഭരിക്കാന്‍ എല്‍പ്പിച്ചു. എന്നല്‍, 1183ല്‍ അലിമൂസ (ആലിരാജാ അഞ്ചാമന്‍) ദ്വീപുകള്‍ കീഴടക്കി അറക്കല്‍ ഭരണത്തിന് കീഴില്‍ കൊണ്ടുവന്നു. 1502ല്‍ ലക്ഷദ്വീപുകാരുടെ പായക്കപ്പലുകള്‍ പോര്‍ചുഗീസ് ആക്രമണത്തിന് വിധേയമായി. 1524ല്‍ വീണ്ടും പറങ്കികളുടെ ആക്രമണമുണ്ടായി. കല്‍പേനിയില്‍ നാട്ടുകാരണവരായ മണ്ണേല്‍ ആറ്റക്കോയ ഹാജി അവരോട് പടവെട്ടി രക്തസാക്ഷിയായി. പിന്നീട്​ ദ്വീപുകളെ ആക്രമിക്കാതിരിക്കാൻ​ കോലത്തിരി രാജാവും പോർചുഗീസ്​ വൈസ്രോയിയും കരാറിൽ ഏർപ്പെട്ടു. 1000 കിലോ കയർ ഒരോ വർഷവും പറങ്കികൾക്ക്​ നൽകണമെന്നായിരുന്നു കരാർ.

കരാറിലെ വ്യവസ്​ഥകൾ പറങ്കികൾ പലപ്പോഴും ലംഘിച്ചു. 1558ൽ അമിനിയിലും ചെത്തിലത്ത്​ ദ്വീപിലും പോർചുഗീസ്​ ആക്രമണമുണ്ടായി. അന്ന്​ നാനൂറിലധികം പേർ മരിക്കുകയോ തടവുകാരാവുകയോ ചെയ്​തു. അതേ വർഷം തന്നെ ചെത്തിലാത്ത്​ ദ്വീപിൽ വെച്ച്​ പറങ്കിത്തലവനെ വധിച്ച ആശിഅലി എന്ന പണ്ഡിതനെ അവർ കൊലപ്പെടുത്തി. 1568ൽ കണ്ണൂരിലും മംഗലാപുരത്തും കോട്ടകെട്ടിയ പോർചുഗീസുകാർക്ക്​ കുഞ്ഞാലിമരക്കാറിൽനിന്നും ശക്തമായ പ്രഹരമേറ്റു​. ഇൗ സമയത്ത്​ കോലത്തിരിയുടെ കല്‍പനപ്രകാരം കണ്ണൂരില്‍നിന്ന് ആറ് പായക്കപ്പലില്‍ ലക്ഷദ്വീപിലെ പറങ്കികളെ നേരിടാന്‍ കുട്ടിപ്പോക്കരുടെ നേതൃത്വത്തില്‍ പുറപ്പെട്ടു. ഇതോടെ പോര്‍ചുഗീസുകാര്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു.

1787ൽ ദ്വീപുകൾ അറക്കൽ ഭരണത്തിൽനിന്നും മാറ്റി ടിപ്പുസുൽത്താന്​ കൈമാറാനുള്ള കരാർ അറക്കൽ ബീവിയും ടിപ്പുസുൽത്താനും ഒപ്പുവെച്ചു. എന്നാൽ, 1799ൽ ടിപ്പുസുൽത്താ​െൻറ മരണത്തോടെ ദ്വീപുകള്‍ ബ്രിട്ടീഷ് ആധിപത്യത്തിലായി. പിന്നീട്​ അറക്കൽ രാജാവിനെയും ആമീൻമാരെയുമെല്ലാം ബ്രിട്ടീഷുകാർ ഭരണച്ചുമതല ഏൽപ്പിച്ചു. എന്നാൽ, മിനിക്കോയിക്കാർ അപ്പോഴും അധിനിവേശ പട​യോട്​ ചെറുത്തുനിന്നു. 1858ൽ മാത്രമാണ്​ മിനിക്കോയിയെ കീഴടക്കാനായത്​. 1875ൽ മലബാർ കലക്​ടർ ദ്വീപുകളിൽ എക്​സിക്യൂട്ടിവ്​ ഭരണം തുടങ്ങി. 1905 ജൂലൈ ഒന്ന്​ മുതൽ ദ്വീപുകൾ ബ്രിട്ടീഷ്​ സാമ്രാജ്യത്തി​െൻറ ഭാഗമാക്കി പ്രഖ്യാപിച്ചു. 1912ൽ ദ്വീപ്​ റെഗുലേഷൻ ആക്​ട്​ നിലവിൽ വരികയും ദ്വീപുകാർ മദ്രാസ്​ സംസ്​ഥാന​ത്തി​െൻറ ഭാഗമാകുകയും ചെയ്​തു. 1947ല്‍ ഇന്ത്യ സ്വാതന്ത്രയായതോടെ ലക്ഷദ്വീപ് മദ്രാസ്​ സംസ്ഥാനത്തി​െൻറ കീഴില്‍ തുടര്‍ന്നു.

1950ല്‍ ആന്ത്രോത്തുകാരനായ എസ്.വി. സെയ്തുകോയ തങ്ങളെ മദ്രാസ്​ ലെജിസ്​ലേറ്റിവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. 1956ലാണ്​ ദ്വീപസമൂഹം​ കേന്ദ്രഭരണ പ്രദേശമായി മാറിയത്​. 1967ൽ പി.എം. സഈദ് ദ്വീപിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് മെമ്പറായി. 1973ൽ ലക്കഡീവ്​സ്​, മിനിക്കോയി, അമിനി ദ്വീപുകൾ എന്ന​ പേര്​ മാറ്റിയാണ്​ ലക്ഷദ്വീപ്​ എന്നാക്കിയത്​. 1980 ജനുവരി 26ന്​​ മദ്യവും മറ്റു ലഹരിവസ്തുക്കളും ലക്ഷദ്വീപിൽ നിരോധിച്ചു.

(തുടരും)

മറ്റു മൂന്ന്​ ഭാഗങ്ങൾ വായിക്കാൻ:

നീലക്കടലും കടന്ന്, കല്‍പ്പേനിയിലേക്ക് - ഭാഗം ഒന്ന്​

അറബിക്കടലിലെ സ്വപ്​ന ലോകം - ഭാഗം മൂന്ന്​

ആഴക്കടലിലെ കൂട്ടുകാർ - ഭാഗം നാല്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguetravel newslakshadweepKavarathiKalpeni yatracoral coast
Next Story