Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഴക്കടലിലെ കൂട്ടുകാര്‍
cancel
Homechevron_rightTravelchevron_rightDestinationschevron_rightആഴക്കടലിലെ കൂട്ടുകാര്‍

ആഴക്കടലിലെ കൂട്ടുകാര്‍

text_fields
bookmark_border
മനോഹരമായ പ്രഭാതത്തിലേക്കാണ് അന്ന് ഉറക്കമുണര്‍ന്നത്. ഞങ്ങളെല്ലാവരും വളരെ ആകാംക്ഷയിലാണ്. ആള്‍താമസമില്ലാത്ത ചെറിയം ദ്വീപിലേക്കാണ് ഇനി യാത്ര. നാഗരികതയുടെ പങ്കപ്പാടുകളൊന്നും തൊട്ടുതീണ്ടാത്ത ഏകാന്തമായ ദ്വീപ്. അവിടെ ഞങ്ങളെ ശല്യം ചെയ്യാനോ തിരക്കുകൂട്ടാനോ ആരുമില്ല. കല്‍പേനിയില്‍നിന്ന് വടക്ക് ഭാഗത്തായി മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചെറിയം. രാവിലത്തെന്നെ ഷമീമിന്‍െറ കൂട്ടുകാരന്‍ അന്‍ഷാദും അവന്‍െറ സുഹൃത്തുക്കളും ചെറിയ ബോട്ടുമായെത്തി.

ഒരുദിവസം മുഴുവന്‍ അവിടെ ചെലവഴിക്കാനാണ് പ്ലാന്‍. ആവശ്യമായ ഭക്ഷണസാധനങ്ങളെല്ലാം എടുത്ത് ബോട്ടില്‍ കയറി. ഓളങ്ങള്‍ കീറിമുറിച്ച് ഒരു മണിക്കൂര്‍ കൊണ്ട് ചെറിയത്തത്തെി. കല്‍പേനിയുടെ പകുതി വലിപ്പം കാണും ഈ കുഞ്ഞുദ്വീപിന്. ഒരുകാലത്ത് ചെറിയവും കല്‍പേനിയും തിലാക്കവും പിറ്റിയുമെല്ലാം ഒന്നായിരുന്നുവെന്ന് ചരിത്രം പറയുന്നു. പിന്നീടെന്നോ വലിയ ചുഴലിക്കാറ്റിലും സുനാമിയിലുമെല്ലാം ഇവ വേര്‍പ്പെട്ട് പോവുകയായിരുന്നുവത്രെ.

ചെറിയം ദ്വീപ്

മനോഹരമായ കടല്‍ത്തീരങ്ങളാണ് ചെറിയത്ത്. ആള്‍ത്തിരക്കില്ലാതെ ഏകാന്തമായി ഇരിക്കാന്‍ പറ്റിയ ഇടം. നിറയെ തെങ്ങിന്‍തോപ്പുകളും കുറ്റിക്കാടുകളും. കല്‍പേനി ദ്വീപിലുള്ളവര്‍ തന്നെയാണ് ചെറിയം ദ്വീപിന്‍െറയും അവകാശികള്‍. എന്നാല്‍, ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ ഇവിടെയുള്ള തേങ്ങയെല്ലാം നശിച്ചുപോവുകയാണ്. 1920ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് ചെറിയം ദ്വീപ് ചെറുകഷ്ണങ്ങളായി ഭാഗിച്ച് കല്‍പേനിക്കാര്‍ക്ക് നല്‍കിയത്.

ചെറിയം ദ്വീപിലെ നീലക്കടല്‍

അന്‍ഷാദും കൂട്ടുകാരും മീന്‍പിടിക്കുന്ന തിരക്കിലാണ്. അവരുടെ കൂടെ ഞങ്ങളും കൂടി. ചെറുതും വലുതുമായ മീനുകള്‍ വലയില്‍ കുടുങ്ങുന്നുണ്ട്. എല്ലാം അപ്പപ്പോള്‍ ചാക്കിലാക്കുകയാണ്. ഉച്ചക്ക് ഇവയെ ചുട്ടും പൊരിച്ചും തിന്നാനുള്ളതാണ്. ഇതിനിടയില്‍ അവരുടെ വലയില്‍ സ്രാവിന്‍െറ കുഞ്ഞുങ്ങളും കുടുങ്ങി. അതിനെയും പിടിച്ച് ചാക്കിലിട്ടു.

ചെറിയം ദ്വീപിലെ മീന്‍പിടുത്തം

ഉച്ചയായപ്പോഴേക്കും തീയെല്ലാം കൂട്ടി ഭക്ഷണം തയാറാക്കി. ചോറിനൊപ്പം കഴിക്കാനുള്ളത് നേരത്തെ പിടിച്ച മീനുകള്‍ തന്നെയാണ്. ഇന്നുവരെ ലഭിക്കാത്തെ രുചിയായിരുന്നു പേരറിയാത്ത ആ കടല്‍മീനുകള്‍ക്ക്. ഇതിനൊപ്പം ദാഹമകറ്റാന്‍ നല്ല നാടന്‍ ഇളനീര്‍ വെള്ളവും. ഇതുപോലെയൊരു പകല്‍ ഇനി ജീവിതത്തില്‍ ഉണ്ടാകുമോ എന്ന് ഞങ്ങള്‍ പരസ്പരം ചോദിച്ചു. ആരുമില്ലാത്ത ഒരു ദ്വീപില്‍ മീന്‍ പിടിച്ചും കടലില്‍ ചാടിക്കുളിച്ചും ഇളനീര്‍ കുടിച്ചും ഊഞ്ഞാലാടിയും ആഘോഷിക്കുകയാണ്. ഹോളിവുഡ് സിനിമകളിലും റോബിന്‍സണ്‍ ക്രൂസോ നോവലിലും നാം കണ്ട ജീവിതം ഇവിടെ തൊട്ടറിയിരുന്നു.

ഉച്ചഭക്ഷണത്തിനായി മീനുകള്‍ ചുട്ടെടുക്കുന്നു

ഭക്ഷണശേഷം ദ്വീപിലൂടെ നടക്കാന്‍ തീരുമാനിച്ചു. പാല്‍ പോലെ വെളുത്ത മണല്‍ത്തരികള്‍. വേലിയിറക്കസമയമായതിനാല്‍ വെള്ളം ഉള്‍വലിഞ്ഞിട്ടുണ്ട്. അടിയില്‍ നിറയെ പവിഴപ്പുറ്റുകളാണ്. നീലക്കടലിന്‍െറ ഭാവപ്പകര്‍ച്ചകള്‍ ആ പ്രദേശത്തെ സ്വര്‍ഗ്ഗീയ സുന്ദരമാക്കുന്നു. കടല്‍ത്തീരത്ത് ചൂരമീന്‍ ഉണക്കാനിട്ടിട്ടുണ്ട്. മിനിക്കോയ് ദ്വീപിലുള്ളവരാണ് ഇവിടെ വന്ന് മീന്‍പിടിക്കുന്നത്. രാവിലെ കടലില്‍ പോയാല്‍ വൈകുന്നേരമേ എത്തുകയുള്ളൂ. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ് രാത്രി അവരുടെ താമസം.

ചെറിയം ദ്വീപില്‍ ഇളനീര്‍ കുടിക്കുന്നു

നടന്നുനടന്ന് ദ്വീപിന്‍െറ അറ്റത്ത് എത്തി. ഈ ഭാഗത്ത് മുമ്പ് വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് എയര്‍പോര്‍ട്ട് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ടൂറിസത്തിന്‍െറ അതിപ്രസരം പേടിച്ച് കല്‍പേനിക്കാര്‍ അതിനെ എതിര്‍ത്തു. ഇന്ന് അഗത്തിയില്‍ മാത്രമാണ് എയര്‍പോര്‍ട്ടുള്ളത്. അതിന് സമീപമുള്ള ബംഗാരം ദ്വീപാണ് ടൂറിസ്റ്റുകള്‍ കൂടുതലും പോകുന്നത്. ഇതിനു പ്രധാനം കാരണം അവിടെ മാത്രം മദ്യം നിരോധിച്ചിട്ടില്ല എന്നതാണ്. ഈ അവസ്ഥ കല്‍പേനിയിലും ചെറിയത്തും വരുമെന്ന് പേടിച്ചിട്ടാണ് എയര്‍പോര്‍ട്ടിനെ നാട്ടുകാര്‍ എതിര്‍ത്തത്.

കല്‍പേനിയിലെ റാഹത്ത് ബീച്ച്

ചെറിയത്തിന്‍െറ പലഭാഗത്തും കാടുമൂടിക്കിടക്കുകയാണ്. എന്നാല്‍, ലക്ഷദ്വീപില്‍ പാമ്പുകളും നായകളൊന്നുമില്ലാത്തതിനാല്‍ ഏത് പൊന്തക്കാട്ടിലൂടെയും ധൈര്യമായിട്ട് നടക്കാം. വൈകുന്നേരാമാകുമ്പോഴേക്കും ബോട്ടിറങ്ങിയ സ്ഥലത്ത് തിരിച്ചത്തെി. അല്‍പ്പനേരം കടലില്‍ ചാടിക്കുളിച്ചു. മുമ്പ് അവിടെ വന്നവരാരോ തെങ്ങില്‍ ഊഞ്ഞാല്‍ കെട്ടിയിട്ടുണ്ട്. കൊച്ചുകുട്ടികളെപ്പോലെ യാതൊരു ടെന്‍ഷനുമില്ലാതെ അതിലിരുന്ന് കുറെ നേരം ആടി. ഇരുട്ട് മൂടുന്നതിന് മുമ്പ് അന്‍ഷാദ് ബോട്ട് സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങി. പവിഴപ്പുറ്റുകള്‍ നിറഞ്ഞ വഴിയിലൂടെ രാത്രി ബോട്ട് യാത്ര അപകടമാണ്. തിരിച്ച് കല്‍പേനിയില്‍ എത്തുമ്പോള്‍ ചുവന്ന വട്ടം പോലെ സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമിക്കുകയാണ്. നല്ലൊരു ദിവസം സമ്മാനിച്ച ആ കൂട്ടുകാര്‍ക്ക് നന്ദിയും പറഞ്ഞ് റൂമിലേക്ക് മടങ്ങി.

റാഹത്ത് ബീച്ചിന് സമീപത്തെ കടല്‍പ്പാലത്തിനോട് ചേര്‍ന്ന് നങ്കൂരമിട്ട വെസല്‍


സ്കൂബ ഡൈവിങ്
അടുത്തദിവസം നേരത്തെ തന്നെ എണീറ്റു. ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. കടലിനടിയിലെ വിസ്മയലോകം തേടിപ്പോകണം. ലക്ഷദ്വീപിലേക്ക് വന്നതുതന്നെ സ്കൂബ ഡൈവിങ് സ്വപ്നം കണ്ടിട്ട് മാത്രമാണെന്ന് പറയാം. റൂമില്‍നിന്ന് വടക്കോട്ട് 100 മീറ്റര്‍ മാറിയാണ് റാഹത്ത് ബീച്ചുള്ളത്. അതിനോട് ചേര്‍ന്ന് ചെറിയ കടല്‍പ്പാലവും ഉണ്ട്. സ്കൂബ ഡൈവിങ്ങിന് പോകാന്‍ ആവശ്യമുള്ള സാമഗ്രികളുമായി ബോട്ടില്‍ അവിടേക്ക് വരാമെന്നാണ് ഡൈവിങ് അക്കാദമിയിലുള്ളവര്‍ അറിയിച്ചിട്ടുള്ളത്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ കടല്‍പ്പാലത്തിനോട് ചേര്‍ന്ന് ചെറിയ യാത്രാക്കപ്പലായ വെസല്‍ നില്‍പ്പുണ്ട്.

സ്കൂബ ഡൈവിങ്ങിന് ബോട്ടില്‍ പോകുന്നു

ദ്വീപുകള്‍ തമ്മിലുള്ള യാത്രക്കാണ് വെസലുകള്‍ ഉപയോഗപ്പെടുത്താറ്. ചില സമയത്ത് കേരളത്തിലേക്കും ഇവ സര്‍വിസ് നടത്താറുണ്ട്. മറുഭാഗത്ത് ബേപ്പൂരില്‍നിന്നുള്ള ഉരുവും വന്നുകിടപ്പുണ്ട്. ലക്ഷദ്വീപിലേക്ക് ആവശ്യമായ നിര്‍മാണസാമഗ്രികളാണ് കാര്യമായിട്ടും ഉരുവില്‍ കൊണ്ടുവരുന്നത്. കല്ല്, സിമന്‍റ് തുടങ്ങിയവയെല്ലാം എത്തിക്കുന്നത് ഉരുവിലാണ്. കൂടാതെ കശാപ്പിനുള്ള പോത്തുകളെയും ഉരുവില്‍ കൊണ്ടുവരാറുണ്ട്. ഇതില്‍നിന്ന് സാധനങ്ങള്‍ ഇറക്കുന്നത് തമിഴ് തൊഴിലാളികളാണ്. സാധനങ്ങള്‍ കൊണ്ടുപോകാനായി കേരള രജിസ്ട്രേഷനിലുള്ള ഒരു ട്രാക്ടറുമുണ്ട് കല്‍പേനിയില്‍.

സ്കൂബ ഡൈവിങ്ങിനുള്ള ബോട്ട്. ഓക്സിജന്‍ സിലിണ്ടറുകളും കാണാം


റാഹത്ത് ബീച്ചില്‍ അര മണിക്കൂര്‍ കാത്തിരുന്നപ്പോഴേക്കും സ്കൂബ ഡൈവിങ്ങിനുള്ള ബോ​െട്ടത്തി. ബോട്ട് കരക്കടുപ്പിച്ച് ഇന്‍സ്ട്രക്ടര്‍മാര്‍ ഇറങ്ങി. കടലില്‍ പോകുന്നതിന് മുമ്പ് ഡൈവിങ്ങി​​​​​െൻറ പ്രാഥമിക കാര്യങ്ങള്‍ അവര്‍ പഠിപ്പിച്ചുതന്നു. ശ്വാസമെടുക്കുക, വിവിധ സിഗ്നലുകള്‍ മനസ്സിലാക്കുക എന്നിവയാണ് അതില്‍ പ്രധാനം. നമ്മുടെ പുറത്തുവെക്കുന്ന ഓക്സിജന്‍ സിലിണ്ടറില്‍നിന്ന് വായയിലൂടെയാണ് ശ്വസമെടുക്കേണ്ടത്. അതുപോലെ താഴേക്ക് പോകാന്‍, മുകളിലേക്ക് വരാന്‍, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, എല്ലാം ഓക്കെയാണ് എന്നിവയെല്ലാം കടലിനടിയില്‍ കൈകൊണ്ടുള്ള ആക്ഷന്‍ വഴിയാണ് ഇന്‍സ്ട്രക്ടറെ അറിയിക്കേണ്ടത്. നീന്തല്‍വശമില്ലാത്തവര്‍ക്കും വളരെ ഈസിയായി ഡൈവിങ്ങ് ചെയ്യാവുന്നതാണ്.

സ്കൂബ ഡൈവിങ്ങിനായി കടലിനടിയിലേക്ക് പോകുന്നു

സ്കൂബ ഡൈവിങ്ങിന് പേകാന്‍ തയാറാണെന്ന ഫോം പൂരിപ്പിച്ചുകൊടുത്ത് ഞങ്ങള്‍ ബോട്ടില്‍ കയറി. കഴിഞ്ഞദിവസം ഗ്ലാസ് ബോട്ടില്‍ കൊണ്ടുപോയ മുസ്തഫ തന്നെയാണ് ഇന്നും ബോട്ട് ഒടിക്കുന്നത്. കരയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ഓടിയപ്പോഴേക്കും ഡൈവിങ്ങ് ചെയ്യേണ്ട സ്ഥലമെത്തി. മാസ്ക്കും ഓക്സിജന്‍ സിലിണ്ടറുമെല്ലാം അണിഞ്ഞു. ഓരോരുത്തരുടെയും കൂടെ ഇന്‍സ്ട്രക്ടറുമുണ്ട്. വെള്ളത്തിന്‍െറ അടിയിലേക്ക് ഊളിയിട്ടു. ആദ്യത്തെ പരിപാടി ഫോട്ടോ, വീഡിയോ എന്നിവയെടുക്കലാണ്. ഇതിനായി അവരുടെ കൈയില്‍ ഗോപ്രോയുടെ വാട്ടര്‍പ്രൂഫ് ക്യാമറയുമുണ്ട്. നാല് മീറ്റര്‍ താഴെനിന്നാണ് വീഡിയോ എടുക്കുന്നത്. വ്യത്യസ്ത വര്‍ണങ്ങളിലുള്ള മീനുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ജീവിതത്തില്‍ ഇതുവരെ കാണാത്ത നിറമാണ് പല മീനുകള്‍ക്കും. മത്സ്യങ്ങള്‍ക്കൊപ്പം ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ എടുത്തശേഷം ഇന്‍സ്ട്രക്ടര്‍ കൂടുതല്‍ ദൂരേക്ക് കൊണ്ടുപോകന്‍ തുടങ്ങി.

സ്കൂബ ഡൈവിങ്ങിനിടെ അതിഥികളായി മീനുകളെത്തിയപ്പോൾ

അദ്ഭുതങ്ങളുടെ മായാലോകമാണ് കടലിന്‍െറ അടിത്തട്ടില്‍ ദൈവം ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. പല നിറത്തിലും രൂപത്തിലുമുള്ള കടല്‍ജീവികള്‍, വര്‍ണമത്സ്യങ്ങള്‍, ചെടികള്‍, പാറക്കല്ലുകള്‍, പവിഴപ്പുറ്റുകള്‍... ഇങ്ങനെ നീളുന്ന ആ നിര. മത്സ്യങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ വന്ന് നൃത്തമാടുന്നു. അവയെ ഉള്ളംകൈയില്‍ ഒതുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും പിടിതരാതെ ഓടിയകന്നു. 20 മിനുറ്റിനടുത്ത് ആ വിസ്മയലോകത്ത് ചെലവഴിച്ചു. ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്സിജന്‍ കൈയിലുണ്ട്. എന്നാല്‍, അടിയില്‍ പോകുംതോറും മര്‍ദ്ദത്തിന് വ്യത്യാസം വരികയാണ്. ഇത് ശ്വാസമെടുക്കുന്നതിനെയും ബാധിക്കാന്‍ തുടങ്ങി. മനസ്സില്‍ ചെറിയ ഭയം കയറിത്തുടങ്ങിയതോടെ മുകളിലേക്ക് പോകാന്‍ ഇന്‍സ്ട്രക്ടര്‍ക്ക് നിര്‍ദേശം കൊടുത്തു. ബാക്കിയുള്ളവരും കടലിന്‍െറ അടിത്തട്ടില്‍നിന്ന് തിരിച്ചത്തെിയതോടെ ബോട്ടില്‍ അള്ളിപ്പിടിച്ച് കയറി.

കടലിനടിയിലെ ജീവികള്‍

ബോട്ട് കരയെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. വൈകുന്നേരമാകുമ്പോഴേക്കും വീഡിയോയും ഫോട്ടോയും അടങ്ങിയ സീഡി വാങ്ങാന്‍ വരാന്‍ പറഞ്ഞു. ഒപ്പം അമേരിക്ക ആസ്ഥാനമായുള്ള PADIയും (Professional Association of Diving Instructors) ലക്ഷദ്വീപ് ഡൈവിങ് അക്കാദമിയും ചേര്‍ന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമുണ്ട്. മൊത്തം 2000 രൂപയാണ് ചെലവ് വന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്ര പ്രകൃതിദത്തമായ സ്ഥലത്ത് ചുരുങ്ങിയ ചെലവില്‍ സ്കൂബ ഡൈവിങ്ങ് സാധ്യമല്ല എന്നതാണ് ലക്ഷദ്വീപിന്‍െറ ഏറ്റവും വലിയ പ്രത്യേകത.

കടലിനടിയിലെ വര്‍ണമീനുകള്‍

കടലിന്‍െറ അടിത്തട്ടില്‍ പോയതിനാല്‍ നല്ല ക്ഷീണമുണ്ട്. റൂമിലത്തെി അല്‍പ്പനേരം വിശ്രമിച്ചു. വൈകുന്നേരമായപ്പോഴേക്കും ഡാനിയും സുരേന്ദ്രേട്ടനും ജോലി കഴിഞ്ഞ് തിരിച്ചെത്തി. കടല്‍ത്തീരത്ത് ചെറുപ്പക്കാര്‍ ചൂണ്ടയിട്ട് മീന്‍പിടിക്കുന്നുണ്ടായിരുന്നു. അവരുടെ അടുത്തുനിന്ന് മീന്‍ വാങ്ങിക്കൊണ്ടുവന്ന് ഭക്ഷണം തയാറാക്കി. കടല്‍ക്കാറ്റേറ്റ് ആ രാത്രി റൂമില്‍തന്നെ ആഘോഷിച്ചു.

കല്‍പേനിയിലെ ഗവ. ബനിയന്‍ ഫാക്ടറി

ഇനി മൂന്ന് ദിവസം കൂടിയുണ്ട് കല്‍പേനിയില്‍. ഏതാനും സ്ഥലങ്ങള്‍ കൂടിയേ കാണാന്‍ ബാക്കിയുള്ളൂ. എല്ലാം പതിയെ പോയിക്കണ്ടാല്‍ മതിയെന്നാണ് തീരുമാനം. രാവിലെ ഭക്ഷണമെല്ലാം കഴിച്ചശേഷം സൈക്കിളുമെടുത്ത് പുറത്തിറങ്ങി. സ്പോണ്‍സര്‍ ഷമീമിന്‍െറ വീടിനടുത്തുള്ള ഗവ. ഹോസിയറി ഫാക്ടറിയാണ് ലക്ഷ്യം. ലക്ഷദ്വീപില്‍ ആകെയുള്ള ബനിയന്‍ നിര്‍മാണശാലയാണ് കല്‍പേനിയിലേത്. സ്ത്രീകളും പുരുഷന്‍മാരുമടക്കം പത്തോളം തൊഴിലാളികളുണ്ട് അവിടെ. പ്രതാപകാലമെല്ലാം മാറി ഇന്ന് മുടന്തിനീങ്ങുകയാണ് ഈ സ്ഥാപനം. നാട്ടുകാരെല്ലാം കൊച്ചിയില്‍ പോയിട്ടാണ് വസ്ത്രങ്ങള്‍ വാങ്ങുന്നത്. സര്‍ക്കാര്‍ പാക്കേജില്‍ വരുന്ന ടൂറിസ്റ്റുകളാണ് ആകെയുള്ള പ്രതീക്ഷ.

കല്‍പേനിയിലെ തെങ്ങിന്‍തോപ്പുകള്‍ക്ക് നടുവിലൂടെയുള്ള കോൺക്രീറ്റ് പാത

ബനിയന്‍ ഫാക്ടറില്‍വെച്ചാണ് ആന്ത്രോത്തുകാരനായ ആബിദ്ക്കാനെ പരിചയപ്പെടുന്നത്. വര്‍ഷങ്ങളായി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഒഫിസിലായിരുന്ന അദ്ദേഹം അടുത്തകാലത്തായാണ് കല്‍പേനിയിലേക്ക് സ്ഥലംമാറിയത്. എന്‍.സി.പിയുടെ സജീവപ്രവര്‍ത്തകനായ അദ്ദേഹം അന്നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമാണ്. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെയാണ് അദ്ദേഹത്തിന്‍െറ വാടകവീട്. ഒറ്റക്കാണ് അവിടെ താമസം. ഞങ്ങളെയും ആ വീട്ടിലേക്ക് ക്ഷണിച്ചു. അഞ്ച് ദിവസമായി നിലവിലെ ടൂറിസ്റ്റ് ഹോമിലാണ് ഞങ്ങളുടെ താമസം. അവിടെനിന്നൊരു മാറ്റം ഞങ്ങളും ആഗ്രഹിച്ചിരുന്നു. അങ്ങനെ റൂമില്‍ പോയി സാധനങ്ങളെല്ലാം എടുത്ത് പുതിയ വീട്ടിലെത്തി. മൂന്ന് ബെഡ്റൂമുകള്‍ അടങ്ങിയ ഒറ്റനില വീടാണ്. പിന്‍ഭാഗത്തെ അതിര്‍ത്തി കടലും. അദ്ദേഹം ഒറ്റക്കായതിനാല്‍ അടുക്കള പുകയാറില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങളുടെ ഭക്ഷണം ഹോട്ടലുകളില്‍നിന്നായി. കല്‍പേനിയില്‍ ഏതാനും ചെറിയ ഭക്ഷണശാലകളാണുള്ളത്. മിക്കവയും മലയാളികളുടേത്. കേരളത്തില്‍നിന്ന് പണിക്ക് വരുന്നവരാണ് ഭൂരിഭാഗം കസ്റ്റമേഴ്സ്. പിന്നെ കുറച്ച് തമിഴന്‍മാരും ഉത്തരേന്ത്യക്കാരും.

കല്‍പേനിയുടെ വടക്കെ അറ്റത്തുള്ള ടീപ്പ് ബീച്ചില്‍നിന്ന് കോടിത്തല ദ്വീപിലേക്ക് നടന്നുപോകുന്നയാള്‍. പവിഴപ്പുറ്റുകളും വേലിയിറക്ക സമയത്ത് വെള്ളം ഇറങ്ങിപ്പോയതിന്‍െറ അടയാളങ്ങളും കാണാം

ഇത്രദിവസമായിട്ടും ദ്വീപിന്‍െറ വടക്കെ അറ്റത്തേക്ക് ഞങ്ങള്‍ എത്തിയിട്ടില്ല. വൈകുന്നേരം സൈക്കിളെടുത്ത് കോണ്‍​ക്രീറ്റ് റോഡിലേക്കിറങ്ങി. റാഹത്ത് ബീച്ച് കഴിയുന്നതോടെ ആള്‍ത്താമസം കുറഞ്ഞുവരാന്‍ തുടങ്ങി. പിന്നെ വിജനമായ തെങ്ങിന്‍തോപ്പുകള്‍ മാത്രം. മുന്നോട്ടു പോകുമ്പോള്‍ കയര്‍ ഫാക്ടറിയും ഹെലിപ്പാഡും കാണാനിടയായി. അസുഖം പോലുള്ള അടിയന്ത സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഹെലികോപ്ടര്‍ വരിക. കല്‍പേനിയില്‍ ഒരു പി.എച്ച്.സി മാത്രമാണുള്ളത്. ഗുരുതര രോഗമുള്ളവരെ കേരളത്തിലേക്ക് പറഞ്ഞയക്കും.

കല്‍പേനിയിലെ ഹെലിപ്പാഡിന് സമീപം പുല്ല് തേടിയത്തെിയ ആടുകള്‍

ഹെലിപ്പാഡ് പിന്നിട്ടതോടെ ദ്വീപിന്‍െറ വീതി കുറയാന്‍ തുടങ്ങി. രണ്ട് കടലുകള്‍ക്ക് ഇടയില്‍ കഷ്ടിച്ച് 50 മീറ്റര്‍ വീതിയേ കരയ്​ക്കുള്ളു. അതിനിടയില്‍ തെങ്ങുകള്‍ വളര്‍ന്നുനില്‍ക്കുന്നു. ഒത്തനടുവിലൂടെ ടിപ്പ് ബീച്ച് വരെ നീളുന്ന കോൺക്രീറ്റ്​ റോഡ്. വല്ലാത്തൊരു മായികലോകം. ഇരുകടലിനും നടുവിലെ വിജനമായ വഴിയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ ശരീരമാകെ കുളിരിന്‍െറ മുകുളങ്ങള്‍ പൊട്ടിവിരിയുന്നു.

കല്‍പേനി ബ്രേക്ക് വാട്ടറിന് സമീപത്തുനിന്നുള്ള കാഴ്ച

പേരുപോലെ ദ്വീപിന്‍െറ വടക്കെ അറ്റത്താണ് ടിപ്പ് ബിച്ച്. മനോഹരമായ കടല്‍ത്തീരമാണെങ്കിലും സന്ദര്‍ശകര്‍ വളരെ കുറവാണ്. വെള്ളാരം കല്ലുപോലെ വെളുത്ത മണല്‍ത്തരികളിലൂടെ നടക്കാന്‍ തുടങ്ങി. വേലിയിറങ്ങുന്ന സമയമാണ്. അരക്കിലോമീറ്ററോളം ദൂരത്തില്‍ മണല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇതിന്‍െറ അറ്റത്തായി കോടിത്തല എന്ന കുഞ്ഞു ദ്വീപുണ്ട്. വെള്ളമില്ലാത്തതിനാല്‍ അങ്ങോട്ടായി ലക്ഷ്യം. കടലിനോട് കിന്നാരവും പറഞ്ഞ് അവിടെ എത്തിയപ്പോഴേക്കും വെള്ളം പതിയെ തിരിച്ചുകയറാന്‍ തുടങ്ങി. ഇതോടെ മടക്കയാത്ര വേഗത്തിലാക്കി.


കല്‍പേനിയുടെ സ്വന്തം ബിയ്യുമ്മ ടീച്ചര്‍
രണ്ട് പകല്‍ കൂടിയാണ് ഇനി കല്‍പേനിയിലുള്ളത്. കാര്യമായ ലക്ഷ്യമൊന്നും ഇല്ലാതെയിരിക്കുമ്പോഴാണ് രാവിലെ ഷമീം മാഷിനെ കാണുന്നത്. ലക്ഷദ്വീപിലത്തെന്നെ ആദ്യ വനിത അധ്യാപികയും ദേശീയ അവാര്‍ഡ് ജേതാവുമായ ബിയ്യുമ്മ ടീച്ചറെ സന്ദര്‍ശിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. കൂമയില്‍ ബീച്ചിനോട് ചേര്‍ന്നാണ് അവരുടെ വീട്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ടീച്ചര്‍ ആടിനെ മേയ്ക്കുകയായിരുന്നു. പ്രായത്തിന്‍െറ അവശതകള്‍ ബാധിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് മുന്നില്‍ അവരുടെ ജീവിതം വിവരിക്കാന്‍ തുടങ്ങി.

ബിയ്യുമ്മ ടീച്ചര്‍

പണ്ടുകാലത്ത് പെണ്‍കുട്ടികളെ പഠിക്കാന്‍ വിടില്ലായിരുന്നു ലക്ഷദ്വീപുകാര്‍. പെണ്‍കുട്ടികള്‍ എഴുത്തുപഠിക്കല്‍ ഹറാമാണെന്നായിരുന്നു അവരുടെ വിശ്വാസം. 1931ല്‍ ബിയ്യുമ്മ ടീച്ചറുടെ പിതാവ് പുതിയഇല്ലം കോയക്കിടാവു കോയ കല്‍പേനിയിലെ പ്രൈമറി സ്കൂളില്‍ പ്രധാനാധ്യാപകനായതോടെ അവരെയും ഒന്നാം ക്ലാസില്‍ ചേര്‍ത്തു. 1860ലാണ് ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. ലക്ഷദ്വീപിലെ തന്നെ ആദ്യത്തെ സ്കൂളായിരുന്നു കല്‍പേനിയിലേത്. ഹയര്‍സെക്കന്‍ഡറി അടക്കം മൂന്ന് സ്കൂൾ ഇന്നിവിടയുണ്ട്. വിദ്യാഭ്യാസത്തിന്‍െറ കാര്യത്തില്‍ കല്‍പേനിക്കാര്‍ മറ്റു ദ്വീപുകാരെ അപേക്ഷിച്ച് എന്നും മുന്നിലായിരുന്നു.

ബിയ്യുമ്മ ടീച്ചറുടെ പേരില്‍ അറിയപ്പെടുന്ന കല്‍പേനി ജെ.ബി സ്കൂള്‍

പിതാവിനെ പലരും എതിര്‍ത്തെങ്കിലും ബിയ്യുമ്മ അഞ്ചാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി. അക്കാലത്ത് അധ്യാപകര്‍ ശമ്പളം വാങ്ങാന്‍ കേരളത്തിലേക്ക് വരേണ്ടതുണ്ട്. 1941ലെ സ്കൂള്‍ അവധിക്കാലത്ത് കോയക്കിടാവു കോയ മകളെയും കൂട്ടി കേരളത്തിലേക്ക് പുറപ്പെട്ടു. ശമ്പളം വാങ്ങിയും നാടും കണ്ട് തിരിച്ച് ചെറിയ പായക്കപ്പലിലാണ് മടങ്ങുന്നത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കടലില്‍ മഴയും കറ്റും ഇടിയുമെല്ലാം ഒരുമിച്ചെത്തി. ഇടവപ്പാതി വര്‍ഷത്തിന്‍െറ ആരംഭമായിരുന്നു അത്. ഓടത്തിന്‍െറ പായ കീറി ആടിയുലഞ്ഞു. തെക്ക് പടിഞ്ഞാറുനിന്ന് കാറ്റ് വീശുന്നതിനാല്‍ ഓടിക്കാന്‍ കഴിയുന്നില്ല. പായക്കപ്പല്‍ കേരളത്തിലേക്ക് തന്നെ തിരിച്ചുവിട്ടു. അങ്ങനെ അപ്രതീക്ഷിതമായി കരയില്‍ തിരിച്ചെത്തിയ ബിയ്യുമ്മയെ പിതാവ് തിരൂര്‍ മുസ്ലിം ഗേള്‍സ് ഹൈസ്കൂളില്‍ ചേര്‍ത്തു. പിന്നെ, നീണ്ട അഞ്ച് വര്‍ഷം അവര്‍ തിരൂരില്‍ തന്നെയായിരുന്നു. പത്താം ക്ലാസ്​ പരീക്ഷയും എഴുതിയ ശേഷമാണ് കല്‍പേനിയിലേക്ക് തിരിച്ചത്തെുന്നത്.

കൂമയില്‍ ബീച്ചില്‍ വിശ്രമിക്കുന്നവര്‍

ലക്ഷദ്വീപില്‍നിന്ന് കേരളത്തില്‍ പോയി പഠിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിയായി മാറി അവര്‍. 1956ല്‍ ട്രെയിന്ങ്ങ് കോഴ്സെല്ലാം കഴിഞ്ഞ് കല്‍പേനിയിലെ പ്രൈമറി സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 1993ല്‍ കല്‍പേനി ഗവ. ജൂനിയര്‍ ബേസിക് സ്കൂളില്‍നിന്ന് ഹെഡ്ടീച്ചറായിട്ടാണ് സര്‍വിസില്‍നിന്ന് വിരമിക്കുന്നത്. ജെ.ബി സ്കൂളിനെ ഇന്നും ബിയ്യുമ്മ സ്കൂള്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. 1985ല്‍ ദേശീയ അധ്യാപക അവാര്‍ഡ് സമ്മാനിച്ച് രാജ്യം അവരെ ആദരിച്ചു. ഒരുതലമുറക്ക് വഴികാട്ടിയായ ബിയ്യുമ്മ ടീച്ചറുടെ സാഹസികതയും പ്രചോദനവും നല്‍കുന്ന ജീവചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്.

മാസ് അപ്പം തയാറാക്കുന്നു

ബിയ്യുമ്മ ടീച്ചറുടെ വീട്ടില്‍നിന്ന് പുറത്തിറങ്ങി നേരെ പോയത് സമീപത്തെ കൂമയില്‍ ബിച്ചിലേക്കാണ്​. വീണ്ടും വീണ്ടും അവിടേക്ക് ആകര്‍ഷിപ്പിക്കുന്ന വശ്യമായ സൗന്ദര്യം ആ തീരത്തിനുണ്ടായിരുന്നു. കടലിന്‍െറ മനോഹാരിത ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് അന്നാട്ടുകാരനായ ജാഫര്‍ക്ക ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. കല്‍പേനിക്കാര്‍ അങ്ങനെയാണ്, നമ്മള്‍ അവരെ പോയി പരിചയപ്പെട്ടില്ലെങ്കിലും ചിരിച്ചുകൊണ്ട് അവര്‍ നമ്മളെത്തേടി വരും. അത്രക്ക് സഹൃദയര്‍. കോണ്‍ട്രാക്ടറാണ് ജാഫര്‍ക്ക. അദ്ദേഹത്തിന്‍െറ ജീവിതം ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നിടാന്‍ തുടങ്ങി. അത്രക്ക് നല്ല പൂര്‍വചരിത്രമല്ല അദ്ദേഹത്തിനുള്ളത്. മദ്യക്കടത്തും അടിപിടിയുമെല്ലാമായി അത്യാവശ്യം ഗുണ്ടായിസം കൈയിലുണ്ടായിരുന്നു. ഇന്നതെല്ലാം വെടിഞ്ഞ് ജീവിതം പൂര്‍ണമായും ദൈവീക മാര്‍ഗത്തില്‍ സമര്‍പ്പിച്ച് ജീവിക്കുകയാണ്. സംസാരത്തിനിടെ ഞങ്ങളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം. ഒരാള്‍ കേരളത്തില്‍ ഡിഗ്രിക്ക് പഠിക്കുന്നു. ഇളയ മകന്‍ ചായ കൊണ്ടുവന്ന് തന്നു. കഴിക്കാനുള്ളത് മാസ് അപ്പമാണ്. ഉണക്കിയ ചൂരമീന്‍ പൊടിച്ചാണ് മാസ് അപ്പം ഉണ്ടാക്കുന്നത്. ആ വിലയേറിയ ആതിഥേയത്തിന് ഗഫൂര്‍ക്കാന്‍െറ കുടുംബത്തോട് നന്ദി പറഞ്ഞ് അവിടെനിന്ന് ഇറങ്ങി.

കല്‍പേനിയിലെ റോഡിലൂടെ സൈക്കിളില്‍ പോകുന്നവര്‍


ദ്വീപിലെ ഞങ്ങളുടെ താമസം തീരാറായിരിക്കുന്നു. അടുത്തദിവസം വൈകീട്ടാണ് കപ്പല്‍. അതിനുമുമ്പ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ പലഹാരങ്ങളെല്ലാം വാങ്ങണം. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപമാണ് കല്‍പേനിയിലെ ഏക ബാങ്കുള്ളത്, സിന്‍ഡിക്കേറ്റ് ബാങ്ക്. അവിടെയുള്ള എ.ടി.എമ്മില്‍ കയറി പൈസയെടുത്തു. തുടര്‍ന്ന് കോക്കനട്ട് പൗഡര്‍ ഫാക്റ്ററിയില്‍ പോയി തേങ്ങപീര, ദ്വീപ് ഉണ്ട എന്നിവ വാങ്ങി. സമീപത്തെ കടയില്‍നിന്ന് ട്യൂണയും മാസ് അപ്പവും ലഭിച്ചു. അവിടെനിന്ന് ഇറങ്ങി ദ്വീപിലൂടെ അവസാനവട്ട ഓട്ടപ്രദക്ഷിണം നടത്തി. കാണാന്‍ ബാക്കിയുള്ള ഇടങ്ങളില്‍ സൈക്കിള്‍ ചവിട്ടിയത്തെി.

മടക്കയാത്ര
ദ്വീപിലെ അവസാനദിവസമായിരിക്കുന്നു. രാവിലത്തെന്നെ വീടിന് പിറകിലുള്ള കടലില്‍പോയി കുളിച്ചൊരുങ്ങി. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ബാഗിലാക്കി. എന്നിട്ട് വീണ്ടും സൈക്കിളെടുത്ത് പുറത്തിറങ്ങി. ഒരാഴ്ചയായി കണ്ടുവരുന്ന മുഖങ്ങളോടെല്ലാം യാത്ര പറഞ്ഞു. അന്ന് ഉച്ചഭക്ഷണം സ്പോണ്‍സര്‍ ഷമീമിന്‍െറ വീട്ടിലായിരുന്നു. ഭക്ഷണം കഴിച്ച് ആ വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് ദിവസം ഞങ്ങള്‍ മറ്റൊരു ലോകത്തായിരുന്നു. സമാധാനാവും സന്തോഷവും മാത്രമുള്ള സുന്ദരമായ നാട്. ആ നാടിന്‍െറ സ്നേഹത്തണലില്‍നിന്ന് മടങ്ങുകയാണ്. ഇനി എന്ന് തിരിച്ചുവരുമെന്ന് അറിയില്ല.

കല്‍പേനി ബ്രേക്ക് വാട്ടറിന് സമീപം കടലില്‍ നങ്കൂരമിട്ട അമിനിദ്വീവി കപ്പല്‍

വൈകുന്നേരമായപ്പോഴേക്കും അമിനിദീവി​ കപ്പല്‍ തീരത്ത് നങ്കൂരമിട്ടു. സ്പോണ്‍സര്‍ ഷമീം, ഡാനി, സുരേന്ദ്രേട്ടന്‍, ആബിദ്ക്ക എന്നിവരെല്ലാം ഞങ്ങളെ യാത്രയാക്കാന്‍ വന്നിട്ടുണ്ട്. അവരോട് വീണ്ടും കണ്ടുമുട്ടാമെന്ന് പറഞ്ഞ് കപ്പലിനടുത്തേക്ക് പോകാന്‍ ബോട്ടില്‍ കയറി. ചെറിയ കപ്പലാണ് അമിനിദീവി. ഇങ്ങോട്ട് വന്ന കവരത്തി കപ്പലിന്‍െറ നാലിലൊന്നുപോലും ഇല്ല. ആകെ 200 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്. നമ്മുടെ നാട്ടിലെ വലിയ ബസിന് സമാനമാണ് അകത്ത്. സാറ്റലൈറ്റ് വഴി ടിവിയില്‍ സിനിമ വെച്ചിട്ടുണ്ട്.

നടുക്കടലില്‍ ബോട്ടില്‍നിന്ന് കപ്പലിലേക്ക് കയറുന്ന യാത്രക്കാര്‍

രാത്രിയോടെ കപ്പല്‍ അനങ്ങാന്‍ തുടങ്ങി. അതിരാവിലെ കൊച്ചിയിലെത്തും. ഇത്രയും ദിവസം വിരുന്നൂട്ടിയ ആ സ്വപ്നലോകം കണ്‍മുന്നില്‍നിന്ന് മറയാന്‍ തുടങ്ങി. മനസ്സില്‍ വല്ലാത്ത സങ്കടം വരിഞ്ഞുമുറുക്കുന്നു. അകത്തെ സീറ്റില്‍ ഇരുന്നിട്ട് ഉറക്കം വരുന്നില്ല. കൈയിലുണ്ടായിരുന്ന തലയണയും പുതപ്പുമെല്ലാം എടുത്ത് കപ്പലിന്‍െറ മുകളില്‍ കയറി. പടിഞ്ഞാറന്‍ കാറ്റ് മനസ്സിനെ തഴുകിപ്പോകുന്നു. ആകാശത്ത് വഴികാട്ടിയായി നക്ഷത്രങ്ങള്‍ മിന്നിത്തെളിയുന്നുണ്ട്. എന്നും ഓര്‍ക്കാന്‍ നല്ലതുമാത്രം സമ്മാനിച്ച ലക്ഷദ്വീപിലെ സുന്ദരനിമിഷങ്ങള്‍ ഓര്‍ത്ത് ആ നക്ഷത്രങ്ങള്‍ക്ക് താഴെ എപ്പോഴോ ഞങ്ങള്‍ ഉറങ്ങിപ്പോയി.

അമിനിദ്വീവി കപ്പലിന്‍െറ ഉള്‍വശം


ലക്ഷദ്വീപ് യാത്രക്കൊരുങ്ങാം

  • വിസിറ്റിങ്ങ് പെര്‍മിറ്റ് എടുത്തും സര്‍ക്കാറിന് കീഴില്‍ നടത്തുന്ന ടൂര്‍ പാക്കേജുകള്‍ വഴിയും ലക്ഷദ്വീപിലത്തൊം. ജോലിക്ക് പോകുന്നവര്‍ക്കായി ലേബര്‍ പെര്‍മിറ്റും ലഭിക്കും.
  • 15 ദിവസമാണ് വിസിറ്റിങ്ങ് പെര്‍മിറ്റിന്‍െറ കാലാവധി. ഈ ദിവസത്തിനുള്ളില്‍ ലക്ഷദ്വീപില്‍ പോയി തിരിച്ചുവരണം. പെര്‍മിറ്റ് ലഭിച്ച ദ്വീപുകളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ.
  • ദ്വീപുകാരായ സ്പോണ്‍സര്‍ വഴി മാത്രമാണ് വിസിറ്റിങ്ങ് പെര്‍മിറ്റ് ലഭിക്കുക. നാല് ഫോട്ടോ, അറ്റസ്റ്റ് ചെയ്ത ആധാറിന്‍െറ കോപ്പി, രണ്ട് അയല്‍വാസിയുടെ വിലാസം, തിരിച്ചറിയാനുള്ള അടയാളം, പൊലീസ് ക്ലിയറൻസ്​ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പെര്‍മിറ്റ് ലഭിക്കാന്‍ ആവശ്യമായ ഖേകള്‍.
  • രേഖകളെല്ലാം നല്‍കി അപേക്ഷ കൊടുത്തുകഴിഞ്ഞാല്‍ ഒന്ന് മുതല്‍ മൂന്ന് മാസം വരെ പിടിക്കും പെര്‍മിറ്റ് റെഡിയാകാന്‍.
  • പെര്‍മിറ്റ് റെഡിയായാല്‍ അടുത്ത കടമ്പ കപ്പല്‍ ടിക്കാറ്റാണ്. ഒരു മാസം മുമ്പ് തന്നെ വിവിധ കപ്പലുകളുടെ ഷെഡ്യൂള്‍ ചാര്‍ട്ട് ചെയ്യും. എന്നാല്‍, അഞ്ച് ദിവസം മുമ്പ് മാത്രമാണ് ടിക്കറ്റ് നല്‍കാന്‍ തുടങ്ങുക.
ഇൗ മനോഹര തീരം വിട്ടുപോകുമ്പോൾ പറഞ്ഞറിയിക്കാനാവാത്തൊരു നൊമ്പരമുണ്ട്​ ഉള്ളിൽ
  • കൊച്ചിയില്‍നിന്ന് വലിയ കപ്പലുകളും ബേപ്പൂര്‍, മംഗലാപുരം തുറമുഖങ്ങളില്‍നിന്ന് ചെറിയ കപ്പലുകളും ലക്ഷദ്വീപിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. അഗത്തി ദ്വീപിലേക്ക് കൊച്ചിയില്‍നിന്ന് വിമാനവുമുണ്ട്.
  • കൊച്ചി, ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെയും വിവിധ ദ്വീപുകളിലെയും പോര്‍ട്ട് ഓഫിസ് വഴി കപ്പല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. http://lakport.nic.in/ എന്ന വെബ്സൈറ്റില്‍ കപ്പലിന്‍െറ ഷെഡ്യൂളുകള്‍ അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പെര്‍മിറ്റിന്‍െറ നമ്പര്‍ അത്യാവശ്യമാണ്.
  • കേരളത്തില്‍നിന്ന് പോകുന്നതിന് മുമ്പ് തന്നെ മടക്കടിക്കറ്റ് എടുക്കാന്‍ ശ്രമിക്കണം. സാധ്യമല്ലെങ്കില്‍ അവിടെ എത്തിയ ഉടന്‍ ടിക്കറ്റ് എടുക്കുക. പലപ്പോഴും നമ്മള്‍ വിചാരിച്ച സമയത്ത് തന്നെ തിരിച്ചുവരാന്‍ കഴിയണമെന്നില്ല. പലകാരണങ്ങള്‍ കൊണ്ടും ഒരു മാസം വരെ കപ്പല്‍ ലഭിക്കാതെ ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയവരുണ്ട്.
  • സര്‍ക്കറിന് കീഴിലാണ് വിവിധ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നത്. അല്‍പ്പം ചെലവ് കൂടുമെങ്കിലും ലക്ഷദ്വീപില്‍ പോകാന്‍ സ്പോണ്‍സറെ കണ്ടത്തേണ്ട എന്നതാണ് ഇതിന്‍െറ ഏറ്റവും വലിയ ഗുണം.
  • സമുദ്രം പാക്കേജാണ് കൂടുതല്‍ യാത്രക്കാരും ഉപയോഗപ്പെടുത്തുന്നത്. അഞ്ച് ദിവസത്തെ യാത്രക്ക് ഏകദേശം 30,000 രൂപ ചെലവ് വരും. കൊച്ചിയില്‍നിന്ന് കവരത്തി കപ്പലിലാണ് യാത്ര. മൂന്ന് വ്യത്യസ്ത ദ്വീപുകളില്‍ പകല്‍ ചെലവഴിക്കാം. രാത്രി താമസം കപ്പലിലാകുമെന്നതാണ് ഇതിന്‍െറ പ്രധാന പോരായ്മ.
  • കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റു പാക്കേജുകളും https://lakshadweep.gov.in/tourism/touristpackages/ എന്ന വെബ്​ സൈറ്റിൽ നിന്ന്​ ലഭിക്കും
  • ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുയോജ്യം. മഴക്കാലത്ത് കപ്പലുകള്‍ കുറവായിരിക്കും. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ യാത്രയും ബുദ്ധിമുട്ടാണ്.
  • കേരളത്തിലേതിന്​ സമാനമായ കാലാവസ്ഥയാണ് ലക്ഷദ്വീപിലും.
  • മിക്കയിടങ്ങളിലും ബി.എസ്.എന്‍.എല്ലിന് മാത്രമാണ് റെയ്ഞ്ചുള്ളത്.
  • മദ്യവും മറ്റു ലഹരിവസ്തുക്കളും നിരോധിച്ചിട്ടുണ്ട്.

(സമാപിച്ചു...)


vkshameem@gmil.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguelakshadweepKavarathiKalpeni yatraKuma BeachCheriyam Dweeptravel news്
Next Story