നേരംപുലരാന്‍ മടിക്കുന്ന കാന്തല്ലൂരിലേക്ക്
text_fieldsവിനോദസഞ്ചാരത്തിനായി ഒരു സ്ഥലത്തേക്ക് യാത്രപുറപ്പെടുമ്പോള്‍ നാം തെരഞ്ഞെടുക്കുന്ന വഴി ഒരു പ്രധാന ഘടകംതന്നെയാണ്. മിക്കപ്പോഴും എളുപ്പമുള്ളവഴി അല്ലെങ്കില്‍, സ്ഥിരം സഞ്ചരിക്കുന്ന അറിയാവുന്നവഴി അതിനപ്പുറത്തേക്കധികം ആരും ചിന്തിക്കാറില്ല. ഒരു സിനിമ പലതവണകണ്ടാല് ബോറടിക്കുന്നപോലെ ആ വഴിയോരക്കാഴ്ചകളും ചിലപ്പോ നമ്മെ ബോറടിപ്പിച്ചേക്കാം. എന്നാല്‍, നാം തെരഞ്ഞെടുക്കുന്നത് ഒരു പുതിയ വഴിയാണെങ്കില്‍ തികച്ചും പുതിയ കാഴ്ചകളും യാത്രാനുഭവങ്ങളും നമുക്കു ലഭിച്ചേക്കാം. മൂന്നാറിനടുത്തുള്ള കാന്തല്ലൂരില്‍ മുമ്പ് ഒരുതവണ പോയിട്ടുണ്ടെങ്കിലും, അവിടത്തെ മഞ്ഞിന്‍െറ കീഴില്‍ ഇന്നുവരെ അന്തിയുറങ്ങാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടേക്കുപോകാന്‍ മൂന്നാറിലൂടെ അല്ലാതെ ഒരു പുതിയവഴിയും തെരഞ്ഞെടുത്തു. തൃശൂരില്‍നിന്ന് നെന്മാറ, ആനമല, അമരാവതി, ചിന്നാര്‍, മറയൂര്‍ വഴി കാന്തല്ലൂര്‍. കേരള അതിര്ഥികടന്ന് തമിഴ്നാട്ടിലെ ആനമലയിലെ റോഡിലൂടെ യാത്ര തികച്ചും സുഖകരമാണ്. കാരണം, റോഡിനിരുവശവും ഇടതൂര്‍ന്ന് വളര്ന്നുനില്ക്കുന്ന വലിയ പുളിമരങ്ങള്‍ യാത്രക്കാരെയും റോഡിനെയും വെയില് ഏല്ക്കാതെ നോക്കുന്നു. ഏതു സീസണാണെങ്കിലും ഈ പാത എന്നും കുളിര്‍മയേറിയതാണ്. ഈ വഴിയില്‍ മയിലുകള്‍ ദര്ശനംതരിക പതിവാണെങ്കില്ക്കൂടി ഇത്തവണ തികച്ചും വ്യത്യസ്തമായി രണ്ടു മയിലുകള്‍ മുഖത്തോടുമുഖംനോക്കി കുശലന്വേഷണം നടത്തുന്ന കാഴ്ചയായിരുന്നു ആദ്യം കാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് തരിശുഭൂമികള്‍, കാറ്റാടിപ്പാടങ്ങള്‍, കൃഷിത്തോട്ടങ്ങള്‍, കരിമ്പിന്‍തോട്ടങ്ങള്‍ അങ്ങനെ കാഴ്ചകള്‍ മാറിമറിഞ്ഞ് ആനമലയില്‍ എത്തിയപ്പോള്‍ റോഡ് രണ്ടായി പിരിയുന്നു. ഒന്ന് ഉടുമല്‍പേട്ടവഴി മൂന്നാറിലേക്കും മറ്റൊന്ന് പറമ്പികുളത്തേക്കും ഉടുമല്‍പേട്ടവഴി റോഡിലൂടെ കുറച്ചുനേരത്തേ ഡ്രൈവിങ്ങിനുശേഷം അമരാവതിയിലുള്ള ക്രോക്കൊഡില്‍ പാര്‍ക്കിലത്തെി. ടിക്കറ്റെടുത്ത് അകത്തുകയറിയപ്പോള്‍ ഒരു ചെറിയ ജലാശയത്തിന് നാലുചുറ്റും വലിയ ചീങ്കണ്ണിയുടെ പ്രതിമകള്‍ വെള്ളത്തിനകത്തായിരിക്കും. ചീങ്കണ്ണി എന്നുകരുതി എല്ലാവരും വെള്ളത്തിലേക്ക് നോക്കിനിന്നപ്പോള്‍ ആ പ്രതിമയാണെന്ന് കരുതിയതില്‍ ഒരെണ്ണം വാപൊളിച്ചു. ഞങ്ങളെല്ലാം അമ്പരന്നു. അവിടെ കിടന്നത് പ്രതിമയല്ലായിരുന്നു ജീവനുള്ളവയാണെന്ന് മനസ്സിലായി. കുറച്ചുനേരം അവക്കൊപ്പവും അമരാവതി ഡാമിലും ചെലവഴിച്ചിട്ട് ഇരുള്വീഴുംമുന്നെ ചിന്നാര്‍ വനമേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചു. കാരണം, ഈ സമയം വന്യജീവികളെ കാണാനുള്ള സാധ്യത കൂടുതലാണ്.
തമിഴ്നാടിന്‍െറ ഒരു ചെക്പോസ്റ്റ് പിന്നിട്ട് കേരളാതിര്‍ത്തിയിലേക്ക് കടന്ന് സമതലങ്ങളില്‍നിന്ന് കയറ്റംകയറാന്‍ ആരംഭിക്കുന്ന ഇടത്ത് ഒരു ചെറിയ ആള്‍ക്കൂട്ടം വണ്ടിനിര്‍ത്തി നോക്കിയതും റോഡ് സൈഡിലുള്ള തീര വരണ്ട ജലാശയത്തില്‍ അങ്ങുദൂരെ ഒരു കാട്ടാന ഇറങ്ങിക്കിടക്കുന്നു. പകല്‍മുഴുവനും സഹിച്ച ചൂടിന്‍െറ കാഠിന്യം കാരണമാകും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. ആ സായാഹ്നത്തെ ഇത്ര മനോഹരമാക്കിത്തന്ന ഗജരാജന്‍ ഒരായിരം നന്ദിപറഞ്ഞുകൊണ്ട് പതുക്കെ മലകയറാന്‍ തുടങ്ങിയപ്പോള്‍ തുറന്നിട്ട വിന്‍ഡ് സ്ക്രീനിലൂടെ കടന്നുവന്ന കുളിര്‍കാറ്റ് ഞങ്ങളെ സ്വാഗതംചെയ്തു. നിത്യഹരിത വനമേഖലകള്കൊണ്ട് സമൃദ്ധമായ കേരളത്തില്‍ അവയില്‍നിന്നെല്ലാം വ്യത്യസ്തമാണ് ചിന്നാര്‍. കൂറ്റന്‍ കള്ളിമുള്‍ച്ചെടികളും വരണ്ടുണങ്ങിയ പാറക്കൂട്ടങ്ങളും പടര്‍ന്ന് വളര്ന്നുനില്ക്കുന്ന കുറ്റിക്കാടുകളുംകൊണ്ട് നിറഞ്ഞുനില്‍ക്കുന്നതാണ് ഈ പ്രദേശം. കയറ്റം കയറുന്തോറും റോഡിന്‍െറ വീതിയും നന്നേ കുറഞ്ഞിരുന്നു. റോഡിലൂടെ ഒരുകൂട്ടം പോത്തുകള്‍ ഇറങ്ങിവരുന്ന കാഴ്ചയാണ് അടുത്തതായി ശ്രദ്ധയില്‍പെട്ടത്. അതില്‍ ഒരുത്തനെമാത്രം ആ ഗ്രൂപ്പിലേക്ക് അടുപ്പിക്കുന്നില്ല. അതിലേക്ക് തള്ളിക്കയറാന്വരുന്ന അവനെ അതിലെ കാരണവര്‍ കുത്തി ഓടിക്കുന്ന മനോഹര കാഴ്ച കാറിന്‍െറ ലൈറ്റില്‍ കാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞതിന്‍െറ സന്തോഷത്തില്‍ ഞങ്ങള്‍ മുന്നോട്ടുള്ള യാത്ര തുടര്‍ന്നു. അധികം താമസിയാതെ ആ കാടും വഴിയും കൊടും ഇരുളിന് അടിമപ്പെട്ടു. കുത്തനെയുള്ളത് കയറ്റങ്ങളും വളവുകളും നിറഞ്ഞപാതയായിരുന്നതിനാല് ഹെഡ് ലൈറ്റിന്‍െറ പ്രകാശം ഒരിക്കല്‍പോലും നേരെ പതിഞ്ഞിരുന്നില്ല. ഒരു കൊടും വളവ് കഴിഞ്ഞതും ഞങ്ങള്‍ ചെന്നത്തെിയത് ഒരുകൂട്ടം ആനകളുടെ മുന്നിലേക്ക്. ചെറിയ റോഡും കുറ്റാക്കൂരിരുട്ടും ഒരുവശം അഗാധഗര്ത്തമായതിനാലും വണ്ടി വളക്കാനോ റിവേഴ്സ് എടുക്കാനോ മുതിര്‍ന്നില്ല. ആനകളെല്ലാം താഴെകണ്ട ജലാശയത്തില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയതാകും. റോഡ് മുഴുവന്‍ അപഹരിച്ചുള്ള നടത്തം, മുന്നില്‍ ഒരു കൊമ്പന്, പിറകെ പിടിയാനകളും രണ്ടു കുട്ടിയാനകളും. കൊമ്പന് ഞങ്ങളുടെ വണ്ടിയുടെ അടുത്തുവന്ന് ഒരുനിമിഷം അനങ്ങാതെനിന്ന് വണ്ടിയുടെ ഹെഡ്ലൈറ്റ് ഓഫ്ചെയ്ത് പാര്‍ക്ക് മാത്രം ഇട്ട് എന്ജിന് ഓഫ് ചെയ്യാതെ ധൈര്യം സംഭരിച്ച് ഞങ്ങളെല്ലാം വണ്ടിക്കകത്തുതന്നെ ഇരുന്നു. ശാന്തനായിനിന്ന അവന് ഒടുവില്‍, തുമ്പിക്കൈ പൊക്കി ചെകിടുഭേദിക്കുന്നു. ഒരു ചിന്നംവിളി മുഴക്കി. അല്പനേരത്തേക്ക് ഞങ്ങളെല്ലാം പരിഭ്രാന്തരായെങ്കിലും, അനങ്ങിപ്പോകരുതെന്ന് ഞങ്ങള്‍ക്കുള്ള താക്കീതായിരുന്നു അതെന്ന് മനസ്സിലായി. കാരണം, അപ്പോള്‍തന്നെ ഒപ്പമുണ്ടായിരുന്ന പിടിയാനകളും കുട്ടിയാനകളും കാറിന്‍െറ സൈഡിലൂടെ പിറകിലേക്ക് നടന്നുനീങ്ങി. എല്ലാ ആനകളും പോയശേഷം കുറകെനിന്ന ആ കൊമ്പന് വീണ്ടും ഒന്നു ചിന്നംവിളിച്ച് അവര്‍ക്കൊപ്പം നടന്നുപോയി. രണ്ടാമതുള്ള ആ വിളി ഞങ്ങള്‍ക്ക് പോകാനുള്ള സിമ്പല്‍ ആയിരുന്നോ അതോ കാത്തുനിന്നതിന് നന്ദി പ്രകടിപ്പിച്ചതാണോ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള ഓരോ വളവും വളരെ സൂക്ഷ്മതയോടെയാണ് ഡ്രൈവ് ചെയ്തത്. അധികം താമസിയാതെതന്നെ ചിന്നാര്കടന്ന് മറയൂരിലത്തെി. അവിടെയത്തെിയപ്പോള്‍ ഇടത്തേക്ക് കാന്തല്ലൂര്‍ റോഡ് കണ്ടു. മറയൂരില്‍നിന്ന് വീണ്ടും മലകയറിവേണം കാന്തല്ലൂരിലത്തൊന്. അതിനാല്‍, തണുപ്പിന്‍െറ കാഠിന്യം ഏറിയേറിവന്നു. ഏകദേശം എട്ടു മണിയോടെ കാന്തല്ലൂര്‍ കവലയിലത്തെി. ഒന്നോ രണ്ടോ കടകള്‍ മാത്രമുള്ള ഒരു ചെറിയ കവല. അവിടെ ഞങ്ങള്‍ക്ക് താമസിക്കാനുള്ള എസ്കേപ് ഫാം (escape farm) അന്വേഷിച്ചതും ഉടന്‍തന്നെ മൂന്നാമത്തെ Left എന്ന് മറുപടിയും കിട്ടി. ഒടുവില്‍, അന്നത്തെയാത്ര അവസാനിപ്പിച്ചു. കാടിനു നടുവിലുള്ള എസ്കേപ് ഫാമിന്‍െറ മുന്നിലത്തെിയപ്പോഴേക്കും ഒരു വലിയ തൊപ്പിവെച്ച ഒരാള്‍ ഇറങ്ങിവന്ന് ഞങ്ങളെ സ്വാഗതംചെയ്തു. അതായിരുന്നു ജോയിച്ചായന്.
കൃഷിവകുപ്പില്‍നിന്ന് റിട്ടയര്‍ ചെയ്ത ഈ തൊടുപുഴക്കാരന് 1995ല്‍ ഇവിടെ വന്നു ചേക്കേറി. ഓറഞ്ചും ആപ്പിളം സ്ട്രാബറിയും കാരറ്റും ബീറ്റ്റൂട്ട്, പ്ളം, സബര്‍ ജില്ലി ഒക്കെ വിളയിച്ച് ഇവിടെ ഒരു സ്വര്‍ഗം തീര്‍ത്തു. ആ സ്വര്ഗത്തിന് നടുവില്‍ അന്തിയുറങ്ങാന്‍ ചെറിയ കോട്ടേജുകള്‍, ബാംബു എട്ട്സ്, കൂടാതെ കേവ്ഹൗസും. ഞങ്ങള്‍ക്ക് താമസിക്കാനായി ഒരുക്കിയിരുന്നത് കേവ്ഹൗസായിരുന്നു. അത് വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. വലിയ പാറക്കുള്ളിലെ അതിവിശാലമായ ബെഡ്റും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍പോലും തോറ്റുപോകും Complete natural. ചുവരും തറയും മേല്‍ക്കൂരയും എല്ലാം ഒരു വലിയ പാറക്കുള്ളില്‍ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. നല്ല തണുപ്പായതുകൊണ്ടുതന്നെ വിശപ്പിന്‍െറ വിളി കൂടുതലായിരുന്നു. അധികംതാമസിയാതെ ആഹാരം കഴിക്കാന്‍ ഇരുന്നു. തികച്ചും നാടന്കൂട്ടായിരുന്നു ഭക്ഷണം. രാത്രിയില്‍ ഇവിടെ വന്യമൃഗങ്ങള്‍ ഇറങ്ങാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അവിടെ ചുമരില്‍ തൂക്കിയിരുന്ന ഒരു ആനയുടെ ഫോട്ടോക്കുനേരെ കൈചൂണ്ടിക്കൊണ്ട് ജോയിച്ചായന് വാചാലനായി. അതാണ് ഗണേഷന് അഥവാ കാന്തല്ലൂരുകാരുടെ പടയപ്പ എന്ന കാട്ടാന. നാലഞ്ചു വര്‍ഷം മുമ്പുവരെ ഇവിടത്തെ നിത്യ സന്ദര്‍ശകനായിരുന്നു പടയപ്പ. ജോയിച്ചായന് അവനായി എന്നും പഴംകരുതിയിരുന്നു. അവിടെ ആളില്ലാത്ത ദിവസവും അവനുള്ള പഴം പുറത്തുകരുതിയിരുന്നു. അത് എടുത്തുവെച്ച് കാവലായി നിന്നിരുന്നു. രാത്രിയില്‍ ജോയിച്ചായന് വരുന്ന വഴിയില്‍ ഇരുട്ടായതുകാരണം പലപ്പോഴും ഗണേഷന് നില്‍ക്കുന്നത് കാണാറില്ല. എന്നാല്‍, അത് മനസ്സിലാക്കുന്ന അവന് തൊട്ടടുത്തുനില്ക്കുന്ന മരച്ചില്ലകള്‍ ഒടിച്ച് ശബ്ദമുണ്ടാക്കി സിഗ്നല്‍ കൊടുക്കും. താന്‍ ഇവിടെനില്പ്പുണ്ട് വഴിമാറി പൊയ്ക്കോ എന്ന്. ഇപ്പൊ ഒരു നാലഞ്ചുവര്‍ഷമായി അവനെ കാണാറില്ല. തീറ്റക്കുവേണ്ടി പുതിയ മേച്ചില്‍ പുറങ്ങള്തേടി പോയോ അതോ ഏതെങ്കിലും കാട്ടുകള്ളന്മാര്ക്ക് വിധേയനായോ എന്നറിയില്ല. എന്തായാലും ഈ കഥകളൊക്കെ കേട്ട് ആ വനത്തിനുള്ളിലെ പ്രകൃതിദത്തമായ ശീതീകരണ സംവിധാനത്തില്‍ കേവ്ഹൗസില് അന്തിയുറങ്ങി.
പതിവുപോലെ അടുത്തദിവസം രാവിലെ കാമറയും എടുത്ത് പുറത്തേക്ക് ഇറങ്ങി. നേരം പുലര്‍ന്നെങ്കിലും മങ്ങിയ പ്രഭാതമാണ്. എങ്ങും പുകമറപോലെ മഞ്ഞുമൂടിക്കിടക്കുന്നു. പഞ്ഞി പൊടിച്ച് പറത്തിയപോലെ ഇളംകാറ്റിലൂടെ മഞ്ഞുകണങ്ങള്‍ ഊര്‍ന്നുവീണു. അത് തലയിലും കമ്പിളിയിലും പറ്റിപ്പിടിച്ച് വെളുപ്പിക്കുകയാണ്. ഓറഞ്ച് മരങ്ങള്‍ എല്ലാംതന്നെ തണുത്തു വിറങ്ങലിച്ചു നില്ക്കുന്നു. രാത്രി മുഴുവനും മഞ്ഞില്‍ മൂടിനിന്ന വൃക്ഷത്തലപ്പുകള്‍ മത്സരിക്കുകയാണ് സൂര്യനെ പിടിക്കാന്‍വേണ്ടി ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന ഭാവത്തില്‍. റോഡിലേക്കിറങ്ങിയതും ഒരു മനോഹര കാഴ്ച എനിക്ക് കാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞു. കാട്ടില്‍നിന്ന് വിറകും തലയിലേന്തി മഞ്ഞില്‍ തെളിഞ്ഞുവരുന്ന കുറച്ചു സ്ത്രീകള്‍. എന്തായാലും കാന്തല്ലൂരിന്‍െറ മനോഹാരിതകളൊക്കെ കാമറയില്‍ പകര്‍ത്തി പ്രഭാത ഭക്ഷണത്തിനുശേഷം മലയിറങ്ങാന്‍ തുടങ്ങി. പിന്നെ വഴിയില്‍ ആദ്യംകണ്ടത് ആനക്കോട്ട പാര്‍ക്കായിരുന്നു. അവിടെ വണ്ടി നിര്‍ത്തി ടിക്കറ്റ് എടുത്തപ്പോഴേക്കും അവിടത്തെ ഉദ്യോഗസ്ഥന് ഞങ്ങളെ വ്യൂപോയന്റിന്െറ അരികിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ദൃശ്യമാകുന്നത് കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കാന്തല്ലൂരിലേയും മറയൂരിലേയും കൃഷിത്തോട്ടങ്ങളാണ്. പണ്ടുകാലത്ത് തോട്ടങ്ങളില്‍ ആനശല്യം പതിവായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ ഇരുന്നാണത്രെ ആനകളെ വീക്ഷിച്ചിരുന്നത്. പില്ക്കാലത്ത് അങ്ങനെ ഈ സ്ഥലം ആനക്കോട്ടയായി. പിന്നീട് ഞങ്ങള്‍ പോയത് കാന്തല്ലൂരിലേയും മറയൂരിലെയും തോട്ടങ്ങളിലേക്കായിരുന്നു.
ഒടുവില്‍, വൈകുന്നേരത്തോടെ മറയൂരിലെ കരിമ്പിന്‍തോട്ടങ്ങളും ചന്ദനക്കാടുമൊക്കെ പിന്നിട്ട് ചിന്നാറിലത്തെി അവിടെനിന്ന് ഒരു ചെറിയ ട്രക്കിങ് പാക്കേജ് തെരഞ്ഞെടുത്തു. വനത്തിന് നടുവിലുള്ള വാച്ച് ടവറിലേക്ക്. ഏകദേശം 20 മിനിറ്റ് കാടിനുള്ളിലൂടെയുള്ള നടത്തത്തിനൊടുവില്‍ വാച്ച് ടവറില്‍ എത്തി. വാച്ച് ടവറിനു മുന്നില്‍നിന്നുള്ള കാഴ്ച തികച്ചും വ്യത്യസ്തമായിരുന്നു. സൂര്യന് നേരിട്ട് ഭൂമിയിലേക്ക് നോക്കുംപോലെയാണ് ആ ടവറില്‍നിന്നുള്ള കാഴ്ച അനുഭവപ്പെട്ടത്. മലമടക്കുകളിലെ ഉയര്‍ച്ചയും താഴ്ചയും ചരിവും വളര്ന്നുനില്ക്കുന്ന വൃക്ഷങ്ങളുടെ ഭംഗിയും. ആ അസ്തമയ സൂര്യന്‍െറ ഭംഗിയില്‍ അറിയാതെ നോക്കിനിന്നുപോയി. വനം വകുപ്പിന്‍െറ കീഴില്‍ സ്ഥാപിച്ചിട്ടുള്ള ചില സ്ഥലങ്ങളിലെ വാച്ച് ടവറുകള്‍ ഇത്തരം കാഴ്ചകള്‍ക്ക് ഭംഗി കൂട്ടാറുണ്ട്. രണ്ടു ദിവസംമുഴുവന്‍ കറങ്ങിനടന്ന ആ കാടിനെ ആ ടവറിനുമുകളില്‍നിന്ന് ഒറ്റ ഫ്രെയിമില്‍ കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ഞങ്ങള്‍ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.