Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightപുഴകള്‍ പൂക്കുന്ന കാലം

പുഴകള്‍ പൂക്കുന്ന കാലം

text_fields
bookmark_border
പുഴകള്‍ പൂക്കുന്ന കാലം
cancel

നിള ശുഭ്രവസ്ത്രധാരിണിയാണിപ്പോള്‍. ഭാരതപ്പുഴയോരത്ത് സഞ്ചരിക്കുമ്പോഴറിയാം ആ ഉടുപ്പിന്‍െറ ചേല്. എന്തുരസമാണെന്നോ നെടുനീളന്‍ വെഞ്ചാമരത്തൂവല്‍പോലുള്ള  പുല്‍ച്ചെടിയുടെ അലങ്കാരം. പാലക്കാടന്‍ ചുരം കടന്നത്തെുന്ന ഇളം കാറ്റിനൊപ്പം അവന്‍െറ- അവളുടെ കളിയാട്ടം. നീരൊഴുക്കില്ലാത്ത തുരുത്തുകളില്‍ നിന്ന് തെളിനീരിലേക്ക് ചാഞ്ഞുകിടക്കുന്ന  ആറ്റുദര്‍ഭയുടെ ശുഭ്രശോഭ. ആറ്റുവഞ്ചിയെന്ന് തെറ്റിദ്ധരിച്ച് പ്രമുഖ കവിതാ ശകലങ്ങളില്‍ ഒരുപാട് വന്നിട്ടുണ്ട് ഈ കഥാപാത്രം. പക്ഷേ പുഴപ്പുല്ളെന്നേ ഇതിനെ നാട്ടുകാര്‍ വിളിക്കൂ.


 ഇരുകരകളില്‍ ദേഷ്യത്തില്‍ ആഞ്ഞടിച്ച്  തുറസ്സായ സ്ഥലത്തുകൂടി പുഴയെ ഇടക്കിടെ ആഴത്തില്‍പുല്‍കി പാലക്കാടന്‍ ചുരം വഴിയത്തെുന്ന നവംബര്‍ കാറ്റ് ആറ്റുദര്‍ഭക്ക് ഇപ്പോള്‍ കൂട്ടിരിപ്പുണ്ട്.  വെള്ളിപ്പുതപ്പില്‍ പുതഞ്ഞ നിളയുടെ നിലാകാഴ്ച അവന്‍ ഇമവെട്ടാതെ നോക്കിയിരിക്കും. ഇതുകണ്ട് ചന്ദ്രികയുടെ പാലൊളിവെട്ടത്തില്‍ കാറ്റിനോടൊപ്പം തലയാട്ടാന്‍ പുല്‍കൊടികളും. നിളാതീരത്ത് ഒരിക്കലെങ്കിലും രാത്രിചെലവിടാനത്തെുന്നവര്‍ക്ക് ഇതിലും നല്ല എന്തുകാഴ്ച എവിടെനിന്ന് കിട്ടാന്‍.


 നഖക്ഷതങ്ങള്‍ എന്ന സിനിമയില്‍  നീരാടുവാന്‍  എന്ന ഗാനത്തില്‍ ‘കാറ്റില്‍ ആടിയാടി ഉലഞ്ഞ ആറ്റുവഞ്ചിപ്പൂക്കളെ’പ്പറ്റി ഒ.എന്‍.വി പാടിയെങ്കിലും പാട്ട് ചിത്രീകരിച്ചപ്പോള്‍  സംവിധായകന്‍ ഹരിഹരന്‍ ആ പൂക്കളെ കാട്ടിത്തന്നില്ല. അതേസമയം ആരെയും ഭാവഗായകനാക്കും എന്ന പാട്ടിന്‍െറ ചിത്രീകരണത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി ഈ പുല്‍ച്ചെടി ഉണ്ടുതാനും.  സംവിധായകന്‍ കമലാണ് ഈ പുല്ലിനെ കൂടുതലായി താലോലിച്ചത്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ അതിനെ പേരിട്ടു- കമല്‍പ്പുല്ല്. നിള ഭാഗമായ സിനിമകളില്‍ പലരും നായികമാരെക്കൊണ്ട് ഈ വെള്ളത്തൂവലിനെ കൈയില്‍ പിടിപ്പിച്ച് പ്രണയഗാനം പാടിച്ചു.  ലോഹിതദാസിന്‍െറ ചിത്രങ്ങളിലും ഈ വെഞ്ചാമരപ്പൂച്ചെടി ഇടംപിടിച്ചു.അപ്പോള്‍ ചിലരെങ്കിലും വിളിച്ചിട്ടുണ്ടാകണം, ലോഹിപ്പുല്ളെന്ന്. അങ്ങനെ എത്രയോ സിനിമകള്‍.


സുഹൃത്തുക്കളേ വരു. നമുക്കീ മണല്‍പരപ്പിലേക്കിറങ്ങാം. നനുത്ത പഞ്ചാരമണലില്‍ കാലൂന്നി നിവര്‍ന്നു നില്‍ക്കുന്ന ആറ്റുദര്‍ഭ വനങ്ങളെ തലോടി നടക്കാം. പഞ്ചാര മണലിലെ ഓരോ കാല്‍വെപ്പിലും കാലിനടിയില്‍ അരിച്ചത്തെുന്ന തരിപ്പ്. വഴിതെറ്റിയൊഴുകുന്ന കണ്ണീര്‍ചാലുകള്‍.  തൊട്ടടുത്ത്  ആറ്റുദര്‍ഭക്കാട് എന്നുവിളിക്കാവുന്ന  നൂറുനൂറു തുരുത്തുകള്‍. പുഴയില്‍  മുട്ടൊപ്പം മാത്രമേ വെള്ളമുള്ളൂ. തിരികെ കരയിലേക്ക്. പുഴപ്പുല്ലുകള്‍ സാമൂഹിക ദ്രോഹികളുടെ താവളമാണെന്ന് അറിയുക ഇവിടെയുള്ള മദ്യക്കുപ്പികളുടെ കണക്കെടുക്കുമ്പോഴാണ്.  ഭാരതപ്പുഴയുടെ നടുക്കാണിവരുടെ ആസ്ഥാനം. പുല്‍ക്കാട്ടിനുള്ളില്‍ വ്യാജവാറ്റുവരെ നടക്കാറുണ്ടത്രേ. രണ്ട് എക്സൈസ് സ്റ്റേഷനതിര്‍ത്തികളാണ് രണ്ടുകരകളിലായി പങ്കിടുന്നത്. എവിടെ നിന്ന് റെയ്ഡ് വന്നാലൂം കാണാന്‍ എളുപ്പം. ഇടക്കിടെ റെയ്ഡ് നടക്കാറുമുണ്ട്. ആറ്റുദര്‍ഭക്കൂട്ടം ഇവര്‍ക്ക് മറയാണ്.അങ്ങിങ്ങായി വമ്പന്‍ മണല്‍ ഗര്‍ത്തങ്ങളൊളിച്ചിരിപ്പുണ്ട് ഇവിടെ . മണലെടുത്ത് മണലെടുത്ത് നിള മണല്‍ക്കുഴികളായി. അപകടങ്ങളും ഏറെ ഉണ്ടാകാറുണ്ട്. നിളാ കാഴ്ചയൊക്കെ കൊള്ളാം.പക്ഷേ സംഘം ചേര്‍ന്നത്തെുന്ന നായ്ക്കൂട്ടങ്ങളെയും ഭയക്കണം. എപ്പോഴാണ് അവ ചീറിയടുക്കുന്നതെന്നറിയില്ല.


കാലം കൊണ്ടുതരുന്ന കാഴ്ചയുടെ വിരുന്നാണ് ഈ പൂല്‍ക്കൊടികള്‍. മണ്‍സൂണ്‍ മഴയില്‍ ഒഴുകിപ്പോകുന്ന വിത്തുകള്‍. വെള്ളത്തിനടിയില്‍ നീണ്ട ഉറക്കം.പിന്നീട് നീരൊഴുക്കുകുറയുമ്പോള്‍ തുരുത്തുകളില്‍ തലപൊക്കുന്നു. വളരെ പെട്ടന്ന് വളര്‍ന്ന് പുഷ്പിക്കുന്നു. നവംബറിലെ കാറ്റില്‍ തലയെടുപ്പോടെ. പിന്നീ്ട ഫെബ്രുവരിയുടെ ചുടുകാറ്റില്‍ തളര്‍ച്ച. ഉച്ചക്കൊടുംവെയിലില്‍ പുല്‍കൊടികളുടെ കരിഞ്ഞുണക്കം. അവ ഉണങ്ങിവീണ് പഞ്ഞിക്കെട്ടാകും അപ്പോള്‍. രാത്രിയാകുമ്പോള്‍ മറ്റൊരു അപൂര്‍വ കാഴ്ച നാട്ടുകാര്‍ കാണാറുണ്ട്. നിന്നു കത്തുന്ന നിളയെ. ചില സാമൂഹിക ദ്രോഹികള്‍ തീയിട്ടു കത്തിക്കുന്നതാണ് ഈ പുല്‍ക്കാടുകളെ. പിന്നീട് അധിക കാലം നില്‍ക്കാറില്ല  ആറ്റുദര്‍ഭകളുടെ  സീസണ്‍. അവിടെശേഷിക്കുന്ന വിത്തുകള്‍ അടുത്ത വര്‍ഷക്കാലത്ത് പരന്നൊഴുകും . ബാക്കിയായ പൂല്‍ക്കൊടികള്‍  വെള്ളംവന്ന് മൂടും.പിന്നെ കാത്തിരിപ്പാണ് വെള്ളമൊന്നുപോകാന്‍ തുരുത്തൊന്നു കാണാന്‍ അവിടെ വെള്ളപ്പുതപ്പ് വിരിക്കാന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story