Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകാട്ടില്‍ നിലാവുണ്ട്...

കാട്ടില്‍ നിലാവുണ്ട് നട്ടുച്ച നേരവും

text_fields
bookmark_border
കാട്ടില്‍ നിലാവുണ്ട് നട്ടുച്ച നേരവും
cancel

ഒരു വനയാത്ര കൊതിച്ചിരിക്കെയാണ് വനപാലകരല്ലാതെ മറ്റാരും യാത്രചെയ്തിട്ടില്ലാത്ത കാട്ടുപാത വനയാത്രികര്‍ക്കായി തുറക്കുന്നതിന്‍െറ പരീക്ഷണയാത്രയില്‍ പങ്കെടുക്കാന്‍  കഴിഞ്ഞത്. ‘എക്സ്പ്ളോര്‍ പത്തനംതിട്ട’ ജില്ലാ ടൂറിസത്തിന്‍െറ പരിപാടി.
കൊക്കാത്തോട് വനമേഖലക്കുള്ളില്‍ കോന്നിയില്‍ നിന്ന് കൊക്കാത്തോട് വനത്തിലൂടെ 65 കിലോമീറ്ററോളം യാത്ര ചെയ്ത് മണ്ണീറയില്‍ അവസാനിക്കുന്ന യാത്ര. ഇതൊരു വെറും വിനോദയാത്രയല്ല. പ്രകൃതിയെ അടുത്തറിയാനും അതിലൂടെ സാഹസികമായി യാത്ര ആസ്വദിക്കാനുമാണ്. കല്ളേലി, നടുവത്തുമൂഴി, കൊക്കാത്തേട്, കോട്ടാംപാറ, കുറിച്ചി, നരകനരുവി, രണ്ടാംമൂഴി, ഉക്കന്‍തോട്, വണ്ടിത്തോട്, ആശാരിപ്പാറ, വണ്ടിത്തടം, ഏഴാംതല, അടിക്കിറ, ചുളപ്ളാവ്, പുളിഞ്ചാല്‍, മണ്ണീറ എന്നീ സ്ഥലങ്ങളിലൂടെയാണ് യാത്ര.
കോന്നിയില്‍ നിന്ന് പൂങ്കാവ്, മല്ലിശ്ശേരി വഴി പോകുമ്പോള്‍ അല്‍പം പറമ്പും കൃഷിയുമുള്ള വീടുകളാണ്. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ റമ്പുട്ടാന്‍ വിളയുന്ന പ്രദേശം ഇവിടെയാണെന്ന് തോന്നും. വഴിയോരത്ത് റമ്പുട്ടാന്‍ ഇല്ലാത്ത വീടുകളില്ല. കോന്നിയില്‍ നിന്ന് പുനലൂര്‍ റുട്ടില്‍ എലിയറക്കല്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ളേലിയിലത്തെും. കല്ളേലിയിലെ ഊരാളിക്ഷേത്രം ജില്ലയില്‍ വളരെ പ്രശസ്തമാണ്. ധാരാളംപേര്‍ ഈ ദ്രാവിഡദൈവത്തിന്‍െറ അനുഗ്രഹം തേടിയത്തെുന്നു. അച്ചന്‍കോവിലാറിന്‍െറ തീരത്തുകൂടിയാണ് റോഡ് നീളുന്നത്. ആറ്റു തീരത്താണ് ക്ഷേത്രം. പഴയ കാവാണ്. ഇവിടെ പ്രകൃതി കൂടുതല്‍ മനോഹരിയാകുന്നു. ഇരുവശത്തുമുള്ള കുന്നുകളില്‍ നിറയെ റബര്‍ മരങ്ങള്‍. കുറച്ച് പിന്നിടുമ്പോഴേക്കും കോന്നി വനം റേഞ്ചിലെ കൊക്കാത്തോട് ഡിവിഷനിലേക്കുള്ള പ്രവേശന കവാടം. ഇവിടെ വനം വകുപ്പിന്‍െറ കല്ളേലി ചെക്പോസ്റ്റ് കഴിഞ്ഞാല്‍ വനഭൂമി. എങ്കിലും ഇവിടെ നിന്ന് പത്തുകിലോമീറ്ററോളം
കൊക്കാത്തോടുവരെ ജനവാസമുണ്ട്. ഇരുവശത്തും വനംവകുപ്പിന്‍െറ തേക്ക് തോട്ടങ്ങള്‍. കൊക്കാത്തോടിലേക്കും തുടര്‍ന്നുള്ള വനത്തിലെ പാതയിലേക്കും ജീപ്പല്ലാതെ മറ്റൊരു വാഹനവും പോകില്ല. തേക്ക് തോട്ടം കഴിഞ്ഞാല്‍ ചില കാട്ടുമരങ്ങള്‍ കാണാം. കൊക്കാത്തോട് പാലം വന്നിട്ട് ആറേഴ് വര്‍ഷമേ ആയിട്ടുള്ളൂ. അതുവരെ ഇതുവഴി കടത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പട്ടികജതിക്കാരും ആദിവാസികളും അധിവസിക്കുന്ന പ്രദേശം. വികസനം വന്നു തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോള്‍ പാലം വന്നതിനാല്‍ യാത്ര സുഗമമാണ്. ഇവിടെനിന്ന് തമിഴ്നാടിലേക്കും വഴി തിരിയുന്നു. കുറച്ച് ദൂരം പിന്നിടുമ്പോഴേക്കും കാട്ടാത്തിപ്പാറ കാണാം. സാമാന്യം നല്ല ഉയരമുള്ള പാറയാണ്. ഇതിന്‍െറ മുകളില്‍ കയറുക അല്‍പം സാഹസികമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മുകളിലത്തെിയാല്‍ നല്ല കാഴ്ചയാണ്, നല്ല കാറ്റും. അതിനാല്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുണ്ടിവിടെ. ഇനി കുറച്ച് ദൂരം കൂടിയേ ടാറിട്ട റോഡുള്ളൂ. പിന്നെ നല്ല കയറ്റവും നീരൊഴുക്കുമുള്ള പ്രദേശമായതിനാല്‍ സിമന്‍റിട്ട റോഡാണ് കുറെ ദൂരം. നല്ല കയറ്റത്തിലേക്കാണ് ജീപ്പ് പോകുന്നത്. ഇടക്ക് വീടുകള്‍, കടകള്‍.
ഹാ.. ഇത്ര സുഖകരമായ പാതയിലൂടെയാണോ കാട്ടിലേക്ക് പോകുന്നത് എന്നാശ്വസിച്ചിരിക്കുമ്പോഴേക്കും കഥ മാറി. കോമളാംകുഴി കോളനി കഴിഞ്ഞാല്‍ പിന്നെ മണ്‍ റോഡ് മാത്രം. കയറ്റം, ഇറക്കം, കൊടുംവളവുകള്‍. ഒറ്റ വാഹനത്തിന് കടന്നുപോകാവുന്ന വീതിയേയുള്ളൂ. കാപ്പിയും കൊക്കോയും കുരുമുളകുമൊക്കെ കൃഷി ചെയ്തിരിക്കുന്നു. ഇതും കഴിഞ്ഞാല്‍ വന്‍ മരങ്ങളും മുളംകാടും ഈറ്റക്കാടും മുള്‍ച്ചെടികളും കുറ്റിക്കാടുകളും. ജനവാസമില്ല. നല്ല മഴ പെയ്താല്‍ ചെളിക്കുണ്ടാകുന്ന വഴി. വശങ്ങളില്‍ നിറഞ്ഞുനിന്ന കാട്ടുചെടികളും വഴിയില്‍ നിറഞ്ഞുനിന്ന പുല്ലും വെട്ടിയൊതുക്കിയിട്ടുണ്ടെങ്കിലും അവ വേഗം വളര്‍ന്നിരിക്കുന്നു. പേരറിയാത്ത അനേകം വന്‍മരങ്ങള്‍ക്കിടയിലൂടെ കയറ്റം കയറി, ഇടക്കിടെ വഴി മുറിച്ചൊഴുകുന്ന ചെറുതോടുകള്‍.അതി പുരാതനമായ കുറിച്ചി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലേക്കാണ് ഈ വഴി. ക്ഷേത്രമെന്നു പറയാന്‍ ഒന്നുമില്ല. പണ്ടിവിടെ കല്ല് കെട്ടിയ ക്ഷേത്രമുണ്ടായിരുന്നു. ഏതാനും കല്‍കെട്ടുകള്‍ മാത്രമേ ഇപ്പോഴുള്ളൂ. ഉള്‍ക്കാട്ടിലായതിനാല്‍ ഇവിടെയാരും വരാറുമില്ല.ക്ഷേത്രത്തിനുവേണ്ടി പണ്ട് ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഒരു കുളം കുറച്ചകലെയായുണ്ട്. കാട്ടില്‍ നിന്ന് ആനകള്‍ വെള്ളം കുടിക്കാന്‍ എത്തുന്ന വഴിയാണിത്. ആനകള്‍ നടന്നതിന്‍െറ പാടും പിണ്ഡവും കാണാം. ചുറ്റും നിബിഡമായ കാട്. ഇടക്ക് ഒരു പുല്‍മേടിലാണ് ക്ഷ്രേത്രം. കാലാകാലങ്ങളിലായി ആനകള്‍ നശിപ്പിച്ച ക്ഷേത്രത്തില്‍ ഇന്നവശേഷിക്കുന്നത് കല്‍കെട്ടുകള്‍ മാത്രം. വിഗ്രഹം ഉള്‍പ്പെടെയുള്ളവ കുളത്തിലാണെന്ന് പറയപ്പെടുന്നു. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ പൂജയും ഉല്‍സവവും നടത്താറുണ്ട്. അതിന്‍െറ സൂചനയായി അടുത്തുള്ള നെല്ലി മരത്തില്‍ പഴയ മുത്തുക്കുടകള്‍ തൂങ്ങിക്കിടക്കുന്നു. അകലെയായി ഏതാനും കല്‍വിഗ്രഹങ്ങള്‍ അനാഥമായി കിടക്കുന്നു. ഇവിടെ കുന്തിരിക്കം ഉള്‍പ്പെടെ പല അപൂര്‍വ മരങ്ങളുമുണ്ട്.
ഇവിടെനിന്ന് മറ്റൊരു പാതയിലൂടെ കല്ലാര്‍ നദിയുടെ ഉല്‍ഭവസ്ഥനത്തേക്കാണ് അടുത്ത യാത്ര. ഉഷ്ണമേഖലാ മഴക്കാടിന്‍െറ തണുത്ത ഹരിതമേലാപ്പിന് കീഴിലൂടെയാണ് യാത്ര. പോകുന്ന വഴി ദുര്‍ഘടമാണെങ്കിലും ഹൃദ്യം. മഴക്കാടുകളുടെ മൗനവും സൂര്യപ്രകാശം പോലുമേല്‍ക്കാത്ത അടിക്കാടിന്‍െറ കുളിര്‍മയും നുകര്‍ന്ന് യാത്ര ചെയ്യാം. ഈറ്റക്കാടുകളില്‍ ആനയും വന്യമൃഗങ്ങളും വിഹരിക്കുന്ന ഇടങ്ങളുണ്ട്. നടന്നുപോവുകയാണ് യഥാര്‍ഥ പ്രകൃതിസ്നേഹികള്‍ക്ക് അഭികാമ്യം. ഒരു മനുഷ്യ സാന്നിധ്യവുമറിയാത്ത നിത്യവിശുദ്ധമായ ഇലപ്പടര്‍പ്പുകളും ഏകാന്തധ്യാനത്തിന്‍െറ മൗനംപേറുന്ന വന്‍മരങ്ങളും സൂര്യവെളിച്ചം നന്നായി വന്നത്തൊത്ത പച്ചപ്പും. കൊഴിഞ്ഞു വീണ ഉണക്കയിലകളും സസ്യാവശിഷ്ടങ്ങളും ഓരോ ചവിട്ടിലും ശബ്ദമുതിര്‍ക്കുന്നു. എപ്പോഴും കിളികളുടെ സംഗീതം, ചീവീടിന്‍െറ കരച്ചില്‍, പാദസ്പര്‍ശമേല്‍ക്കെ ഞെരിഞ്ഞമരുന്ന പുല്‍പടര്‍പ്പുകളില്‍ നിന്ന് വന്യവും വശ്യവുമായ മണം. മണ്ണിന്‍്റെ മണവും ചിലയിടത്ത് ആനച്ചൂരും ചേര്‍ന്ന് നമ്മെ ആദിമകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഉരുളന്‍ കല്ലുകളിലൂടെയും കാട്ടുപാതയെ മുറിച്ച് കുത്തിയൊഴുകുന്ന തോടുകളും ചെളിക്കുണ്ടുകളും താണ്ടിയുമാണ് ജീപ്പിന്‍െറ യാത്ര. ഒരു നദിയുടെ ഉല്‍ഭവം കാണാനുള്ള യാത്ര വളരെ ആകാംക്ഷയുണ്ടാക്കുന്നതാണ്. മണ്ണിന്‍െറ ഗര്‍ഭം പുറംലോകത്തിന്‍െറ പ്രകാശലോകത്തേക്ക് ഉറഞ്ഞൊഴുകുന്ന കാലാന്തര ഗമനമഗതിയറിയാനുള്ള അവസരംകൂടിയാണിത്.
ഇടക്ക് ‘മൂട്ടിപ്പഴം’ എന്ന് നാട്ടുകാര്‍ പറയുന്ന കാട്ടുപഴം മരത്തിന്‍െറ അടിയില്‍ കൂട്ടമായി കായ്ച് പഴുത്ത് നില്‍കുന്നത് കാണാം. കാട്ടുമാവുകളില്‍ നിന്ന് നിറയെ മാങ്ങള്‍ വീണ്കിടക്കുന്നതും കണ്ടു. നാട്ടുമാങ്ങയെക്കാള്‍ രുചിയുള്ള കാട്ടുമാങ്ങ.
വയനാട് പൂക്കോട് തടാകതീരത്തത്തെിയ പ്രതീതിയാണ് കല്ലാര്‍ നദിയിലത്തെുമ്പോള്‍. അവിടെയുള്ള ഉരുളന്‍ പാറകളിലിരുന്ന് ഭക്ഷണം കഴിക്കാം. കല്ലാറില്‍ വേണമെങ്കില്‍ കുളിക്കാം. ഇവിടെ നിന്ന് കുറെകൂടി ഇടുങ്ങിയ കാട്ടിലൂടെ നടന്നാല്‍ ‘ട്വിന്‍ കല്ലാര്‍’ ജലവൈദ്യുത പദ്ധതിക്കായി പണ്ട് വൈദ്യുതിവകുപ്പ് കണ്ടത്തെിയ ഇടത്തത്തൊം. ചെളിക്കല്ലാര്‍ , പാക്കല്ലാര്‍ എന്നീ നദികള്‍ സംഗമിക്കുന്ന ഇടത്ത് അണകെട്ടി
വെള്ളം നാല് കിലോമീറ്റര്‍ ടണലിലൂടെ ഒഴുക്കി വൈദ്യുതി ഉല്‍പാദിപ്പിക്കാനും ബാക്കിയുള്ള ജലം ജലസേചനത്തിനും ഉപയോഗിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി കിട്ടാത്തതിനാല്‍ പദ്ധതി നടന്നില്ല.
അന്ന് നിര്‍മിച്ച ചെക്ക്ഡാം ഇപ്പോഴുമുണ്ട്. ഇവിടെ നിന്ന് അടുത്തകാലംവരെ വെള്ളത്തിന്‍െറ അളവ് പരിശോധിച്ചിരുന്നതായി നാട്ടുകര്‍ പറയുന്നു. ഇവിടെ വാച്ച്മാനും ഒരു താല്‍കാലിക കെട്ടിടവുമുണ്ടായിരുന്നു. കെട്ടിടം പിന്നീട് തകര്‍ന്നുപോയി. തമിഴ്നാടുമായി നദീ ജല തര്‍ക്കം നിലനില്‍ക്കുന്ന പമ്പാ-വൈപ്പാര്‍ പദ്ധതി പ്രദേശവും ഇതിനടുത്താണ്. അച്ചന്‍കോവിലാറ്റില്‍ നിന്ന് ജലം വെറുതെ ഒഴുകിപ്പോവുകയാണെന്നും അത് നദീ സംയോജനത്തിലൂടെ വൈപ്പാറുമായി ബന്ധിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നും കണ്ടത്തെി തമിഴ്നാട് ഇവിടെയത്തെി പഠനം നടത്തുകയും അത് പിന്നീട് വിവാദമാവുകയുമായിരുന്നു. അതോടെ പദ്ധതിയും നിലച്ചു. തര്‍ക്കം തുടരുന്നുണ്ട്.
ഇവിടെ നിന്ന് വീണ്ടും ഉക്കന്‍കാടുവഴി കൊക്കാത്തോട് വനംവകുപ്പിന്‍െറ റേഞ്ച് ഓഫീസ് സ്ഥിതിചെയ്യുന്ന മുണ്ടോമുഴിയിലേക്കാണ് യാത്ര. പക്ഷിനിരീക്ഷണത്തിന് പറ്റിയ ഇടമാണിവിടം. കഴിഞ്ഞ വര്‍ഷം 42 ഇനം പക്ഷികളെ ഇവിടെനിന്ന് കണ്ടത്തെിയിരുന്നു. ഉരഗങ്ങളെക്കുറിച്ച് പഠിക്കാന്‍ കെ.എഫ്.ആര്‍.എയില്‍ നിന്നും മറ്റും നിരവധിപേര്‍ ഇവിടെ വരാറുണ്ട്. ഉള്‍ക്കാട്ടിലൂടെ പിന്നെയും യാത്രചെയ്തുവേണം കൊക്കാത്തോട് വനം റേഞ്ചിന്‍െറ മുണ്ടോമുഴി ഓഫിസിലത്തൊന്‍. റേഞ്ച് ഓഫിസിലത്തെുവോളം നാം ഉള്‍ക്കാട്ടിലൂടത്തെന്നെയാണ് യാത്ര ചെയ്യുക. ഇടക്ക് പ്ളാന്‍്റേഷന്‍ കോര്‍പറേഷന്‍െറ റബര്‍ തോട്ടങ്ങള്‍ കാണാം. റേഞ്ചോഫിസിനടുത്ത്
തേക്ക് തോട്ടവും തേക്ക് നഴ്സറിയും പുല്ലുവളര്‍ത്തല്‍ കേന്ദ്രവുമുണ്ട്. ഇവിടെ നിന്നാണ് കോന്നി ആനക്കൂട്ടിലെ ആനകള്‍ക്കുള്ള പുല്ല് കൊണ്ടുപോകുന്നത്. ഇവിടുന്ന് തൊട്ടടുത്തത് ജനവാസകേന്ദ്രമാണ്. മണ്ണീറയില്‍ കുട്ടവഞ്ചിയില്‍ യാത്ര ചെയ്യാം. ഇതും കോന്നി വനം ഡിവിഷനാണ് നടത്തുന്നത്. മണ്ണീറയുടെ ഉള്‍പ്രദേശത്ത് നന്നങ്ങാടികള്‍ കണ്ടത്തെിയിട്ടുണ്ട്. കാനനപാതയിലൂടെ ട്രെക്കിംഗ് ഉള്‍പ്പെടെ നിരവധി നൂതനപദ്ധതികളും ഒരു വര്‍ഷത്തിനകം ‘എക്സപ്ളോര്‍ പത്തനംതിട്ട’ വിഭാവനം ചെയ്യുന്നുണ്ട് എന്നാണ് വിനോദസഞ്ചാര വകുപ്പ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story