Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകാട്ടിനുള്ളില്‍...

കാട്ടിനുള്ളില്‍ കരിവീരന്‍മാര്‍ക്കു മുന്നില്‍

text_fields
bookmark_border
കാട്ടിനുള്ളില്‍ കരിവീരന്‍മാര്‍ക്കു മുന്നില്‍
cancel

‘ആനയുടെ നിറമെന്താണ്?’ കുട്ടികളോട് ഞാന്‍ ചോദിക്കാറുള്ള ഒരു ചോദ്യമാണ്. ‘കറുപ്പ്’ അവരുത്തരം തരും.
‘അല്ല’. ഞാന്‍ പറയും. ‘ചുവപ്പാണ്’.
ങേ! ചുവപ്പോ? നിങ്ങളുടെ പലരുടെയും നെറ്റിചുളിയുന്നത് ഞാന്‍ കാണുന്നു. അതെ, ഞാന്‍ കണ്ട ആനകള്‍ ഭൂരിഭാഗവും ചുവന്നിട്ടായിരുന്നു. കാട്ടുചോലയില്‍ മുങ്ങിക്കയറിവന്ന്, കുന്നിന്‍ചരിവിലെ മണ്ണ് ചവിട്ടിയിടിച്ച് ദേഹം മുഴുവന്‍ വാരിപ്പൂശി, ഇരുണ്ട ചുവപ്പുറത്തില്‍  നില്‍ക്കുന്നവനാണ് എന്‍െറ മനസ്സിലുള്ള ആന. ഉത്സവപ്പറമ്പില്‍ തേച്ചുകുളിച്ചു തിടമ്പേറ്റി നിര്‍ത്തിയ നാട്ടാനക്ക് അവന്‍െറ പകുതി ഗാംഭീര്യമില്ല.
കാട്ടാനയെ ആദ്യമായി കാണുന്നത് വയനാട്ടിലെ മുത്തങ്ങയില്‍ വെച്ചാണ്. 1990ല്‍ വനം വകുപ്പ് നടത്തിയ നേച്വര്‍ ക്യാമ്പില്‍ വെച്ച്.
ആദ്യകാലത്ത് ഞാന്‍ പങ്കെടുത്ത ക്യാമ്പുകളിലൊന്നും വന്യമൃഗങ്ങളെ നേരില്‍ കണ്ടിരുന്നില്ല. അതില്‍ അല്‍പം നിരാശയും തോന്നിയിരുന്നു. കാടെന്നാല്‍ കാഴ്ച ബംഗ്ളാവല്ലല്ളോ എന്ന് സ്വയം ആശ്വസിച്ചു.
പിന്നെപ്പിന്നെ അല്‍പാല്‍പമായി വനം അതിന്‍െറ നിഗൂഢ ജീവിതം ഞങ്ങള്‍ക്ക് കാട്ടിത്തരാന്‍ തുടങ്ങി.
മുത്തങ്ങയിലെ ഇലപൊഴിയും കാടുകളിലൂടെ നടക്കുമ്പോഴാണ് ആദ്യമായി ആനക്കൂട്ടം മുന്നില്‍ വന്നത്. എട്ടു പത്തെണ്ണമുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു കൊമ്പനെ ഞാന്‍ കണ്ടു. ബാക്കിയെല്ലാം കൊമ്പില്ലാത്തവ. രണ്ടെണ്ണം വലിപ്പമില്ലാത്തവയായിരുന്നു. ജീപ്പ് റോഡിലൂടെയായിരുന്നു ഞങ്ങളുടെ നടത്തം. റോഡിന് സമാന്തരമായി റോഡില്‍നിന്ന് ഏതാണ്ട് ഒരമ്പത് മീറ്റര്‍ വിട്ടാണ് അവ മേഞ്ഞിരുന്നത്. ഞങ്ങളെ കണ്ടതും കൊമ്പന്‍ തുമ്പിക്കയ്യുയര്‍ത്തി, മറ്റുള്ളവക്ക് എന്തോ സിഗ്നല്‍ നല്‍കി - ഒട്ടും സമയം കളയാതെ അവയെല്ലാം കാട്ടില്‍ മറഞ്ഞു.
കാട്ടാനക്കൂട്ടത്തെ നേരില്‍കണ്ട ത്രില്ലിലായിരുന്നു പിന്നീടുള്ള കുറേനാള്‍.
ആ വര്‍ഷം തന്നെ പറമ്പിക്കുളത്തുവെച്ച് മറ്റൊരു കൂട്ടത്തെ കണ്ടത്തെി. മുത്തങ്ങയിലെയത്ര സമാധാനപരമല്ലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച.
തൂണക്കടവില്‍നിന്നും പറമ്പിക്കുളത്തേക്ക് കാട്ടിനുള്ളിലൂടെ വളഞ്ഞുപുളഞ്ഞ് കയറിയും ഇറങ്ങിയും പോകുന്ന വിജനമായ റോഡ്. തൂണക്കടവിലെ താമസ സ്ഥലത്തുനിന്നും പുറപ്പെട്ട ഞങ്ങള്‍ നാലഞ്ചുപേര്‍ പറമ്പിക്കുളം ലക്ഷ്യമാക്കി നടക്കുന്നു. മിക്കവരുടെ കൈയ്യിലും ബൈനോക്കുലേഴ്സ്. കൂട്ടത്തില്‍ പുട്ടുകുറ്റിപോലുള്ള ഒരു ലെന്‍സും ഫിറ്റ് ചെയ്ത് പച്ചതൊപ്പിയും വച്ച ഒരു ക്യാമറാധാരിയുമുണ്ട്. (കക്ഷി ഇന്ന് പ്രശസ്തനായ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ്).
ഏകദേശം ഒരു കിലോമീറ്റര്‍ കാട്ടിനകത്തുകൂടെ നടന്നു കാണും. ഒരു വളവ് തിരിഞ്ഞപ്പോള്‍ റോഡില്‍ നേരെ മുന്നില്‍ അതാ നില്‍ക്കുന്നു ആനക്കൂട്ടം. കൊമ്പനും പിടിയും കുഞ്ഞുങ്ങളുമൊക്കെയായി ഒരു പത്തിരുപതെണ്ണം കാണും. ഞങ്ങള്‍ നിന്നിടത്തുനിന്ന് വെറും 25ഓ 30ഓ മീറ്റര്‍ അകലം മാത്രം!
ഞങ്ങളെ കണ്ടതും അവര്‍ ജാഗ്രത പൂണ്ടു. രണ്ടുപേര്‍ ഞങ്ങളുടെ നേരെ തിരിഞ്ഞുനിന്നു. ഞങ്ങള്‍ എന്തിനും തയാറായി -എന്നുവെച്ചാല്‍ സര്‍വശക്തിയുമെടുത്ത് ഓടി രക്ഷപ്പെടാന്‍ തയ്യാറായി. അപ്പോഴതാ മറുവശത്തുനിന്ന് ഒരു ബൈക്കിന്‍െറ ശബ്ദം! ആനകള്‍ അങ്ങോട്ടു തിരിഞ്ഞു. അപ്പുറത്തെ വളവിനപ്പുറത്തുനിന്ന് ബൈക്കിന്‍െറ ശബ്ദം അടുത്തടുത്തുവരുന്നു. ആ യാത്രക്കാരന് റോഡില്‍ ആനകള്‍ നില്‍ക്കുന്നറിയില്ല. സ്പീഡിലാണെങ്കില്‍ നേരെ ഓടിച്ചുകയറുന്നത് ആനക്കൂട്ടത്തിന് നടുവിലേക്കായിരിക്കും. എന്തും സംഭവിക്കാം. ഉത്കണ്ഠകൊണ്ട് ഞങ്ങളെല്ലാം വലിഞ്ഞു മുറുകി. ഫോട്ടോഗ്രാഫര്‍ മുന്നോട്ട് നാലടി വെച്ച് ക്യാമറ റെഡിയാക്കി. അതാ ബൈക്ക് വളവ് തിരിയുന്നു. പിന്നെ ബ്രേക്കുരയുന്ന ശബ്ദം. അങ്ങേവശത്തുനിന്ന മൂന്നുപേര്‍- അതിലൊന്ന് തലയെടുപ്പുള്ള ഒരു കൊമ്പനായിരുന്നു. ബൈക്കിന് നേരെ കുതിച്ചു. ആനക്കൂട്ടത്തിനിടയിലൂടെ ആ ഹതഭാഗ്യന്‍െറ വിറളി വെളുത്തമുഖം ഒരു നിമിഷം ഞാന്‍ കണ്ടു. അയാള്‍ ബൈക്ക് തിരിക്കാന്‍ ശ്രമിക്കുകയാണ്. അടുത്തനിമിഷം എഞ്ചിന്‍െറ ശബ്ദം നിലച്ചു. പഴയരീതിയിലുള്ള ബൈക്കാണ്. കിക്ക് ചെയ്തുതന്നെ സ്റ്റാര്‍ട്ടാക്കണം. അയാള്‍ അതിനൊന്നും മെനക്കെട്ടില്ല. ബൈക്കും ഇട്ടെറിഞ്ഞ് വന്നവഴിക്ക് ഓടി.
ഫോട്ടോഫ്രാഗര്‍ മുന്നോട്ടോടി. കിട്ടാനുള്ള ദൃശ്യങ്ങള്‍ മിസ്സാക്കാന്‍ പാടില്ലല്ളോ...
പക്ഷേ, ഒന്നും സംഭവിച്ചില്ല. ആനകള്‍ ബൈക്കിടനുത്തുനിന്നു. ഒന്നു മണംപിടിച്ചു. അയാള്‍ ഓടിയ വഴിയിലേക്ക് നോക്കി. കൊമ്പന്‍ ചെറുതായൊന്ന് ചിന്നംവിളിച്ചു. പിന്നെ കൂട്ടത്തിലേക്കുതന്നെ മടങ്ങി. പതുക്കെ അവ ഇടതുവശത്തെ മരക്കൂട്ടത്തിലേക്ക് കയറിപ്പോയി.
അവസാനത്തെ ആനയും മരക്കൂട്ടത്തില്‍ മറഞ്ഞപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്. ഞങ്ങള്‍ പതുക്കെ മുന്നോട്ടു നടന്നു. റോഡ് നിറയെ ആനപ്പിണ്ടം. നല്ല മണം.
ബൈക്കിന് കേടൊന്നും പറ്റിയിരുന്നില്ല. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ അത് സ്റ്റാര്‍ട്ടാക്കി പതുക്കെ ഓടിച്ചു. ബാക്കിയുള്ളവര്‍ നടന്നു.
ണ്ട് വളവിനപ്പുറം ബൈക്ക് യാത്രക്കാരനെ കണ്ടത്തെി. പേടിച്ചവശനായിരുന്നു അയാള്‍. മരണത്തില്‍നിന്ന് രക്ഷപ്പെടുത്തിയതിന് അയാള്‍ പലതവണ ദൈവത്തിന് നന്ദിപറഞ്ഞു. പറമ്പിക്കുളം ഡാമിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. എന്തോ ഒൗദ്യോഗിക ആവശ്യത്തിനായി തൂണക്കടവിലേക്ക് വരികയായിരുന്നു. പെട്ടെന്ന് പുറപ്പെടേണ്ടിവന്നതിനാല്‍ കൂട്ടിനാരെയും വിളിക്കാന്‍ കഴിഞ്ഞില്ലത്രെ. ഇനിയും കാട്ടിലൂടെ ബൈക്കോടിക്കാനുള്ള ധൈര്യം ആ സമയത്ത് അയാള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങളയാളെ ആശ്വസിപ്പിച്ചു. ഒടുവില്‍ ബൈക്കിനു പിറകിലിരുത്തി പറമ്പിക്കുളത്തേക്കു തന്നെ വിട്ടു. അവശേഷിച്ച നാലുപേര്‍ നടപ്പു തുടര്‍ന്നു.
പിന്നീടും പലതവണ ആനക്കൂട്ടത്തെയും ഒറ്റയാന്‍മാരെയും കണ്ടു മുട്ടിയിട്ടുണ്ട്. ഒരിക്കല്‍ കൊലയാളിയായ ഒരു ഭയങ്കരന്‍ ഒറ്റയാന്‍ ഞങ്ങളെ ഒന്നോടിച്ചു. രണ്ടു കിലോമീറ്റര്‍ ആണ് ജീവനും കയ്യില്‍ പിടിച്ച് അന്നോടിയത്. ആ കഥ ഇനിയൊരിക്കല്‍ പറയാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story