പൊന്നുംതുരുത്തിന് പൊട്ടുവേണ്ട!
text_fieldsപൊന്നും തുരുത്തിനെ കുറിച്ച് കേൾക്കാനിടയായാൽ ഏതൊരു പ്രകൃതിസ്നേഹിയും അവിടെ എത്താൻ കൊതിക്കും. അവിടെ എത്തുംവരെ പിന്നീടൊരു മനസ്സമാധാനവും ഉണ്ടാകില്ല. സഹപാഠി ഷൈനുവിൻെറ അമ്മ മരിച്ച സന്ദർഭത്തിലാണ് ഞാനും കുടുംബവും വക്കത്തുളള അവരുടെ വീട്ടിൽ എത്തുന്നത്. പലരെയും കാണുകയും സംസാരിക്കുകയും ചെയ്യുന്നതിനിടയിൽ യാത്രകളും എഴുത്തും ചർച്ചയിലെത്തി. ആ സംസാരത്തിനിടയിൽ ആരോ പറഞ്ഞാണ് പൊന്നുംതുരുത്തിനെ കുറിച്ച് അറിയുന്നത്. അന്നേ തീരുമാനിച്ചു, ഉടൻ തന്നെ അവിടെ പോകണമെന്ന്. സാധാരണ സ്ഥലങ്ങളിൽ പോകുന്നതുപോലെ ഓടി പോകാവുന്നതല്ല ഈ സ്ഥലം. പിന്നെയോ!
പൊന്നുംതുരുത്ത് പേരു പോലെ തന്നെ ഒരു തുരുത്താണ്; ഇംഗ്ലീഷിൽ ഐലൻ്റ്. കായലിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു തുരുത്ത്. അവിടെ എത്താൻ രണ്ടു വഴികൾ മാത്രം. രണ്ട് കരകളിൽ നിന്നാണത്. വക്കം പണയിൽകടവ് പാലത്തിനടുത്ത് നിന്നുമുളള വള്ളം. വേണമെങ്കിൽ ബോട്ടും വിളിച്ചും പോകാം. ബോട്ട് 750 രൂപ വരെ ചാർജ്ജ് ചെയ്യാറാണ്ട്. ബോട്ട് സർവിസ് ഈ കരയിൽ നിന്ന് മാത്രമേയുളളൂ. മറുഭാഗത്ത് നെടുങ്ങണ്ടയിൽ നിന്നും ബോട്ട് സർവ്വീസുണ്ട്. പണയിൽകടവിൽ നിന്നുളള ബോട്ട് നാലര മണിക്ക് പൊന്നുംതുരുത്തിലേക്ക് പോകും. അവിടെ പൂജ കഴിഞ്ഞ് ആറരയ്ക്ക് തിരികെ എത്തും. ഇടയ്ക്ക് തിരികെ വരാൻ കഴിയില്ല.
കാട് നിറഞ്ഞ പ്രദേശമായി ദൂരെക്കാഴ്ചയിൽ തോന്നുന്ന തുരുത്തിന് നടുവിൽ ഒരു ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തരാണ് ഇപ്പോൾ ഈ തുരുത്തിലെ സഞ്ചാരികൾ. ഒരേക്കറിൽ കൂടുതൽ സ്ഥലത്ത് നിറഞ്ഞു നിൽക്കുന്ന 100 വർഷം പഴക്കമുളള ഈ ക്ഷേത്രം നെടുങ്ങണ്ട വല്യപ്പുരയ്ക്കൽ കുടുംബത്തിെൻ്റ വകയാണ്. പ്രകൃതിരമണീയതയുടെ പശ്ചാത്തലത്തിൽ തുരുത്തിന് നടുക്കായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 20 കൊല്ലം മുമ്പ് പുനപ്രതിഷ്ഠ നടത്തി നവീകരിച്ച ക്ഷേത്രമാണ് ഇപ്പോഴുളളത്.
നവീകരണപ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്ന് വരുന്നുണ്ട്. തുരുത്തി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തെങ്ങിൻത്തോപ്പുകൾക്കും മരക്കൂട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു. പൊന്നുംതുരുത്ത് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവപാർവതിമാരുടേതാണ്. ഭഗവാൻ പരമേശ്വരൻ തൻെറ ഇടതു തുടയിൽ പ്രിയപത്നി ശ്രീപാർവതി ദേവിയെ ഇരുത്തി അനുഗ്രഹം ചൊരിയുന്നതായാണ് പ്രതിഷ്ഠ.
അക്കാലത്ത് ഗുരുദേവൻ ദ്വീപിന് പടിഞ്ഞാറുളള കായിക്കര, നെടുങ്ങണ്ട, ഒന്നാംപാലം പ്രദേശങ്ങളിൽ എത്താറുണ്ടായിരുന്നു എന്നതും ചരിത്രമാണ്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം അതിൻെറ അതേ അവസ്ഥയിൽ നൂറോളം വർഷം തുടർന്നു. ശിവപ്രതിഷ്ഠ മാത്രമായിരുന്നു ക്ഷേത്രത്തിലുണ്ടായിരുന്നത്. പിന്നീട് ജ്യോതിഷപണ്ഡിതന്മാരുട നിർദ്ദേശങ്ങൾക്കനുസരിച്ചാണ് വിഷ്ണുവിനെ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. പൊന്നുംതുരുത്ത് ക്ഷേത്രത്തിന് നെടുങ്ങണ്ട കളരി ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ശ്രീ ഭദ്രകാളി പ്രതിഷ്ഠയാണ് കളരി ദേവീക്ഷേത്രത്തിലുളളത്. പൊന്നുംതുരുത്തിലേക്കുളള വഴിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പൊന്നുംതുരുത്തിലെത്താൻ
കേരളത്തിന് വടക്ക് നിന്നും െട്രയിനിലും ബസ്സിലും വരുന്നവർ വർക്കല എത്തി അവിടെ നിന്നും കടയ്ക്കാവൂരിലേക്കുളള റോഡിൽ യാത്ര ചെയ്ത് നെടുങ്ങണ്ട ഒന്നാം പാലത്തിൽ എത്തുക. തെക്കുഭാഗത്ത് നിന്നും വരുന്നവർ കടയ്ക്കാവൂരിൽ നിന്നും നെടുങ്ങണ്ട ഒന്നാം പാലത്തിൽ എത്തുക. ഒന്നാം പാലത്തിൽ നിന്നും കായൽക്കരയിലേക്ക് റോഡുണ്ട്. കായൽക്കരയിലെത്തിയാൽ വളളം അക്കരെയാണെങ്കിൽ ഉച്ചത്തിൽ വിളിച്ചാൽ വള്ളക്കാരനെത്തും. കൂടാതെ വള്ളക്കാരൻെറ മൊബൈൽ നമ്പർ കായൽക്കരയിൽ എഴുതി വച്ചിട്ടുമുണ്ട്. മറുവശത്തുകൂടി എത്തേണ്ടത് എങ്ങനെയെന്ന് നേരത്തെ വിശദീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.