Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമഞ്ഞിൽ മനമലിയും...

മഞ്ഞിൽ മനമലിയും മൂന്നാർ

text_fields
bookmark_border
മഞ്ഞിൽ മനമലിയും മൂന്നാർ
cancel
camera_alt??????? ?????????? ?????????? ???????????????????? ?????? ???????????????????????? ???????? ??? ?????? ??????????..

മൂന്നാറിലേക്ക്​ പോയാലോ...?
ഓഫീസിലിരിക്കുമ്പോൾ സഹപ്രവർത്തകനിൽ നിന്നുമാണ്​ ആ ചോദ്യമുയർന്നത്​.
എപ്പോൾ.. ?
ഇപ്പോൾ...
പോകാൻ തയാറായവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. മൂന്നാറിലേക്ക് മുമ്പ് പ്ലാൻ ചെയ്ത യാത്രകളത്രയും പാളിപ്പോയതിനാൽ കിട്ടിയ അവസരത്തിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ജോലി തീർത്ത് രാത്രി 12 മണിയോെട അഞ്ച് പേർ കാറിൽ മൂന്നാറിലേക്ക് വെച്ചുപിടിച്ചു.

നേര്യമംഗലം എത്തിയപ്പോഴേക്കും തണുപ്പ് ഇരച്ച് കയറിത്തുടങ്ങി. നട്ടപ്പാതിരക്ക് ഇരുട്ടി​​​െൻറ മറവിൽ തണുപ്പ് യഥേഷ്ടം വിഹരിക്കുകയാണ്. ആ തണുപ്പിനെ കീറിമുറിച്ച് കാർ കയറ്റം കയറുന്നു. മൂന്നാറിൽ കനത്ത മഞ്ഞ് വീഴ്ചയാണെന്നും അവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണെന്നുമുള്ള വാർത്ത പരന്നതാണ് ഇൗ യാത്രക്ക് പ്രേരണയായത്. ഒരു ചോദ്യത്തിൽ നിന്നാരംരംഭിച്ച അപ്രതീക്ഷിത യാത്ര. ഞങ്ങൾക്ക് മുന്നിലും പിന്നിലുമായി ബൈക്കുകൾ ഘോഷയാത്ര പോലെ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഒറ്റക്കും കൂട്ടമായും നിരവധി പേർ ഞങ്ങൾ സഞ്ചരിക്കുന്നപാതയിൽ പൊയ്ക്കൊണ്ടിരിക്കുന്നു. ഇവരും ഞങ്ങളെപ്പോലെ മൂന്നാറിലെ തണുപ്പ് അളക്കാൻ പുറപ്പെട്ടവരാണെന്ന് സ്പഷ്ടം. ബുള്ളറ്റും ഡ്യൂക്കും മുതൽ സ്പ്ലെൻഡറും ആക്​ടീവയും വരെ ഉപയോഗിച്ചാണ് യൂത്തൻമാൻ കുന്ന് കയറുന്നത്.

ചുവന്ന് തുടുക്കുന്ന മലമുകൾ

ഏറെ ദൂരം ഡ്രൈവ് ചെയ്ത ശേഷം ചായ കുടിക്കാനായി പേരറിയാത്തൊരു സ്ഥലത്ത് നിർത്തി.ഒരു കയറ്റത്തിൽ ഒന്നുരണ്ട് ചായക്കടകളുണ്ട്. മങ്കിത്തൊപ്പിയും സ്വറ്ററുമിട്ട ചേട്ടൻ ചായയുണ്ടാക്കുന്നു. ചായക്കടക്ക് ചുറ്റും യുവാക്കൾ മാത്രമാണുള്ളത്. കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും തണുപ്പ് ദേഹം തുളയ്​ക്കാൻ തുടങ്ങി. കാലും കൈയുമെല്ലാം വിറയ്​ക്കുന്നു. ചായ പറഞ്ഞ് പെട്ടിക്കടയുടെ ഉള്ളിൽ കയറി നിന്നു. ചായ കുടിക്കുമ്പോൾ നെഞ്ചിലൂടെ ചൂടിറങ്ങിപ്പോകുന്നത് അറിയാമായിരുന്നു. അൽപ്പനേരം അവിടെ നിന്നതിനു ശേഷം വീണ്ടും യാത്ര തുടങ്ങി. രാവും പകലുമില്ലാതെ യാത്രക്കാർ സഞ്ചരിക്കുന്ന റോഡി​​​െൻറ അവസ്ഥ ദയനീയമാണ്. പലയിടത്തും നന്നെ വീതികുറവ്. എതിരെ വാഹനം വന്നാൽ സൈഡ് കൊടുക്കാൻ പാടുപെടണം. അതിനിെട വാരിക്കുഴികൾ തീർത്ത് റോഡ് പൊളിഞ്ഞു കിടക്കുന്നു. ബൈക്കിലെ സാഹസികയാത്രക്കാർക്ക് ഈ വഴി ഇഷ്ടപ്പെടുെമങ്കിലും കാറിൽ യാത്ര ചെയ്യുന്നവർക്ക് അത്ര രസകരമാകുമെന്ന് തോന്നുന്നില്ല. പ്രളയത്തി​​​െൻറ ബാക്കിപത്രമെന്നോണം പലയിടത്തും മണ്ണിടിഞ്ഞു കിടക്കുന്നു. വീതി കൂട്ടുന്നതിനായി സൈഡ് കെട്ടിക്കയറുന്ന പണി പുരോഗമിക്കുന്നുണ്ട്.

മലയിടുക്കിൽ ശയിക്കുന്ന മഞ്ഞ്


പ്രത്യേകിച്ച് ലക്ഷ്യസ്ഥാനമൊന്നുമില്ലാതെ ആരംഭിച്ച യാത്രയിൽ എങ്ങോട്ട് പോകണമെന്ന് നിശ്ചയമില്ലായിരുന്നു. ഒടുവിൽ ടോപ്സ്റ്റേഷൻ പോകാമെന്നായി. മൂന്നാർ ടൗണിൽ നിന്നും എങ്ങോട്ടാണ് പോകേണ്ടതെന്ന് വലിയ നിശ്ചയമില്ലാതെ കുറച്ചു നേരം ചുറ്റിക്കറങ്ങി. വഴി നീളെ ആൾക്കാർ ഉണ്ടെങ്കിലും ടൗണിൽ തീരെ ആളില്ലായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയിട്ടും വലിയ പ്രയോജനമുണ്ടായില്ല. ഒടുവിൽ സൈൻ ബോർഡുകൾ നോക്കി വഴി മനസ്സിലാക്കി വീണ്ടും കുന്നുകയറാൻ തുടങ്ങി. റോഡരികിൽ പലയിടത്തും ചെറു സംഘങ്ങൾ തീ കൂട്ടി അതിന് ചുറ്റും നിൽക്കുന്നു. ചില വിരുതൻമാർ ഷർട്ട് ഊരി തുള്ളുന്നു. തണുപ്പ് ആസ്വദിക്കൽ @ ദ പീക്ക് പോയിൻറ്. കൂറേ ദൂരം കൂടി മുന്നോട്ട് പോയി ഞങ്ങളും വണ്ടി നിർത്തി. പുറത്തിറങ്ങിയപ്പോൾ അസ്ഥിക്ക് പിടിക്കുന്ന തണുപ്പ്. റോഡരികിലെ കരിയില കൂട്ടിയിട്ട് തീ കൂട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുറച്ചപ്പുറത്ത് രണ്ടുപേർ ചേർന്ന് വലിയ മരമുട്ടി അടക്കം കത്തിച്ച് വിശാലമായി തീ കായുന്നുണ്ടായിരുന്നു. പതിയെ ഞങ്ങളും ആ തീയുടെ അടുത്ത് ചെന്ന് നിന്നു. വയനാട്ടിലെ തീകാഞ്ഞുണർന്ന പൂലർകാലം ഓർമകളിൽ ചൂടുപിടിച്ചു.

മഞ്ഞിൽ മൂടിയ മൂന്നാറിലെ താഴ്വാരം

ഡിസംബർ, ജനുവരി മാസങ്ങളിൽ തലേന്ന് വൈകിട്ട് തന്നെ ചൂട്ടും കരിയിലയും ശേഖരിച്ചു വെക്കും. രാവിലെ എണീറ്റ് മുറ്റത്തി​​​െൻറ ഒരു കോണിൽ തീ കൂട്ടി കാഞ്ഞിരിക്കുകയായിരുന്നു ആ ദിവസങ്ങളിൽ രാവിലത്തെ പ്രധാന പണി. സ്കൂളിൽ പോകാൻ നേരമാകുമ്പോഴായിരിക്കും തീയുടെ അടുത്തു നിന്നും എണീക്കുക. ഭക്ഷണം കഴിച്ച് യൂനിഫോം ഇട്ട് പുകമണവും പേറി സ്കൂളിലേക്ക് പോകും. പിന്നീട് തണുപ്പ് കുറഞ്ഞു. തീകാഞ്ഞിരിക്കാൻ ആർക്കും സമയമില്ലാതെ ആയി. തണുപ്പ് കാലത്തെ ആ ദിനചര്യ പതിയെ ഇല്ലാതെയായി. ശരീരത്തിന് അൽപ്പം ചൂടു പിടിച്ചപ്പോൾ ചേട്ടൻമാരോട് യാത്ര പറഞ്ഞ് വീണ്ടും കുന്നു കയറാൻ തുടങ്ങി. കുഴി നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ കാർ പ്രയാസപ്പെട്ട് നീങ്ങിക്കൊണ്ടിരുന്നു. ടോപ് സ്്റ്റേഷൻ എത്തിയപ്പോഴേക്കും അഞ്ച് മണിയായി. വഴിയരികിലെല്ലാം കാറുകളും ബൈക്കുകളും നിറഞ്ഞു. മൂന്നാറിൽ മഞ്ഞുണ്ടോ എന്ന് നോക്കാൻ നട്ടപ്പാതിരക്ക് ഇറങ്ങിത്തിരിച്ച ആളുകൾ കുറച്ചൊന്നുമല്ല എന്ന് അവിടെ എത്തിയപ്പോൾ മനസ്സിലായി. കാറിന് പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം ഉറപ്പായി. തണുപ്പ് കാര്യമായി തന്നെയുണ്ട്. അരിച്ചരിച്ച് കയറുന്ന തണുപ്പ് കൈവിരലുകളെ മരവിപ്പിക്കാൻ തുടങ്ങി.

കുന്നിൻ ചെരുവിലെ മഞ്ഞ്

ഹിൽടോപ്പിലെ സൂര്യോദയം കാണുന്ന സ്ഥലത്തിന് കുറച്ചിപ്പുറത്തായി ഒരു ചായക്കടയിൽ നിന്നും വീണ്ടും ചായ കുടിച്ചു. ചൂടുചായയും ബിസ്കറ്റും അകത്ത് ചെന്നപ്പോൾ തണുപ്പിന് അൽപ്പം ശമനം കിട്ടി. തണുപ്പ് നല്ലോണം ഉണ്ടെങ്കിലും മഞ്ഞ് തീരെ ഇല്ല. കനത്ത മഞ്ഞ് വീണ് കശ്മീർ പോലെയായി മൂന്നാർ എന്നൊക്കെ പറഞ്ഞത് വെറും തള്ളായിരുന്നെന്ന് ബോധ്യമായി. സൂര്യോദയം കാണാനുള്ള വ്യൂ പോയിൻറ് ലക്ഷ്യമാക്കി നടന്നു. വ്യൂ പോയിൻറിലേക്ക് പോകണമെങ്കിൽ 40 രൂപയുടെ ടിക്കറ്റ് എടുക്കണം. തമിഴ് സംസാരിക്കുന്ന ആളായിരുന്നു അവിടെ ടിക്കറ്റ് നൽകാൻ നിന്നിരുന്നത്. തമിഴ്നാടി​​​െൻറ അധീനതയിലാണ് ഈ സ്ഥലം. ടിക്കറ്റെടുത്ത് താഴേക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ നേരം പരപരാ വെളുത്തു. താഴെ കുന്നിൻ ചെരുവിലായി അങ്ങിങ്ങ് ട​​െൻറുകൾ കെട്ടി നിരവധി ആളുകൾ കിടന്നുറങ്ങുന്നു. സൂര്യോദയം കാണാൻ സാധിക്കുന്നിടത്തായി ആളുകൾ ഇടം പിടിച്ചുതുടങ്ങി.

മഞ്ഞിൻ മുടിയിറങ്ങിവരുന്ന അരുവി

ഞങ്ങളും ആ ജനക്കൂട്ടത്തിനിടയിൽ സൂര്യോദയവും കാത്തുനിന്നു. അങ്ങകലെ മലയുടെ അപ്പുറത്ത് ആകാശത്തിന് ചെഞ്ചായം പൂശിത്തുടങ്ങിയിരുന്നു. മാമലകൾക്ക് അപ്പുറത്ത് മഞ്ഞ് പതഞ്ഞ് പൊങ്ങി നിൽക്കുന്നു. മലയുടെ മുകൾഭാഗം മഞ്ഞിനും മുകളിൽ ഉയർന്നു നിൽക്കുകയാണ്. ആകാശത്തിന് ചുവപ്പ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ഒടുവിൽ മലകൾക്കിടയിലൂടെ സൂര്യൻ പതിയെ രാജകീയമായി രംഗപ്രവേശം ചെയ്തു. േനർത്ത ചുവന്ന രശ്മികൾ ആ പരിസരമാകെ നിറഞ്ഞു. കാമുകനെ കണ്ടമാത്രയിൽ കവിളുകൾ ചുവന്ന് തുടുത്ത സുന്ദരിയെപ്പോലെ സൂര്യനെ കാത്തു നിന്ന മലയുടെ അഗ്രഭാഗത്ത് ചുവപ്പി​​​െൻറ ലാഞ്ചന പടർന്നു. ആളുകൾ പാതിരായ്ക്ക് ഉറക്കമിളച്ച് ഈ കുന്ന് ക‍യറി വരുന്നത് ചുമ്മാതല്ല എന്ന് ബോധ്യമായി. ഓരോ പകലി​​​െൻറ തുടക്കവും എത്രമേൽ മനോഹരമാണെന്ന് മനസ്സിലാക്കാൻ ടോപ്സ്റ്റേഷനിലെ സൂര്യോദയം കണ്ടാൽ മതിയാകും.

പുൽക്കൊടി തുമ്പിലെ മഞ്ഞ്

മഞ്ഞ് വീണുകിടക്കുന്ന മൂന്നാർ തേടിയിറങ്ങിയ ഞങ്ങൾ സൂര്യ​​​െൻറ സ്വർണ രശ്മികൾ ചിതറിത്തെറിച്ച സൂര്യോദയം കണ്ട് സംതൃപ്തരായി മടങ്ങാൻ തീരുമാനിച്ചു. റോഡിലെത്തിയപ്പോഴേക്കും വാഹനങ്ങളുടെ ഒരു പട തന്നെയുണ്ടായിരുന്നു. ഒരു വിധം കാർ സ്​റ്റാർട്ട് ചെയ്ത് മടക്കയാത്ര ആരംഭിച്ചു. അൽപ്പദൂരം കഴിഞ്ഞപ്പോൾ വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നത് കണ്ടു. താഴെ ചെരുവിൽ കുറേ ആളുകൾ കൂടി നിൽക്കുന്നുമുണ്ട്. താഴ്വാരത്ത് പുൽമേട്ടിൽ നിറയെ മഞ്ഞ് വീണ് കിടക്കുകയാണ്. മഞ്ഞ് തേടി വന്ന സൂര്യോദയം കണ്ട് സംതൃപ്തരായി മടങ്ങിയവർക്ക് ഇരട്ടിമധുരമായിരുന്നു ആ കാഴ്ച. ഉടൻ തന്നെ വണ്ടി നിർത്തി ചാടിയിറങ്ങി. കുന്നിൻചെരിവിലെ പുൽത്തലപ്പുകൾ മുഴുവനും മഞ്ഞുപുതഞ്ഞു കിടക്കുന്നു. ചെരുവിലൂടെ താഴേക്കിറങ്ങിയാൽ അരുവിയായി. അരുവിക്കപ്പുറം കൃഷിയിടമാണ്. കൃഷിയിടത്തിലും മഞ്ഞുണ്ട്. ആവേശത്തോടെ കുന്നിറങ്ങാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്. മഞ്ഞ് വീണുകിടക്കുന്ന പുല്ലിലൂടെ നടന്ന് നീങ്ങുന്നത് അത്ര എളുപ്പമല്ല. കാലൊന്നു തെറ്റിയാൽ മുന്നേ നടക്കുന്ന ആളേയും തള്ളിയിട്ട് താഴേക്ക് തെന്നി വീഴും. നിരവധി പേർ കാല് തെന്നി വീഴുന്നുണ്ട്. ചിലർ മഞ്ഞിൽ തെന്നി അറിയാതെ വീഴുമ്പോൾ മറ്റുചിലർ മഞ്ഞിൽ വീണ് ഉരുളുകയാണ്. തണുപ്പ് തലക്ക് പിടിച്ച് മരവിച്ചപോയ വേറെ ചിലർ ആ മഞ്ഞിൽ കിടന്ന് ഫോട്ടോയും എടുക്കുന്നുണ്ട്.

തണുപ്പകറ്റാൻ തീ കൂട്ടുപിടിച്ചവർ

വളരെ ബുദ്ധിമുട്ടിയാണെങ്കിലും കുന്നിറങ്ങി ഞങ്ങളും അരുവിയുടെ കരയിലെത്തി. തണുപ്പ് തലയ്​ക്കേറ്റതിനാലാവാം താഴ്വാരത്തുനിന്നും ആളുകൾ ഉച്ചത്തിൽ കൂവുന്നുണ്ടായിരുന്നു. ചെറിയ അരുവിലെ കണ്ണാടിപോലുള്ള വെള്ളം തെന്നി ഒഴുകി പോകുന്നു. അരുവിയിലെ വെള്ളത്തിന് തണുപ്പുണ്ടോ എന്ന് കൈയും കാലുമിട്ട് നോക്കുന്നവരേയും കണ്ടു. ഫോട്ടോ എടുക്കലും ആർപ്പുവിളികളുമായി അവിടെമാകെ ഉത്സവപ്രതീതിയാണ്. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പെരുപ്പിച്ച് കാണിച്ചത്രയൊന്നുമില്ലെങ്കിലും മൂന്നാറിൽ മഞ്ഞുണ്ട്. പുൽക്കൊടിത്തുമ്പുകളെ പറ്റിപ്പിടിച്ച് രാത്രി യാമങ്ങളിൽ ഉറങ്ങിപ്പോയ നേർത്ത മഞ്ഞ് തുള്ളികൾ. ആളുകളുടെ കാൽപ്പെരുമാറ്റവും ആർപ്പുവിളിയും കേട്ട് ഉണരുകയും സൂര്യൻ ഉദിക്കുമ്പോൾ അലിഞ്ഞ് മറയുകയും ചെയ്യുന്ന മഞ്ഞണി കുഞ്ഞുങ്ങൾ. അരിച്ചരിച്ച് വസ്ത്രത്തിനുള്ളിലൂടെ നൂണ്ട് കയറി ശരീരത്തിലേക്ക് പറ്റിച്ചേരുന്ന തണുപ്പും കൂട്ടായുണ്ട്. ആവി പറക്കുന്ന ചൂട് ചായയും ചേരുമ്പോൾ മൂന്നാറിെല തണുപ്പിന് കാൽപ്പനികത കൈവരും. കുന്നിൻമുകളിൽ നിന്നും പതിയെ സൂര്യകിരണങ്ങൾ താഴേക്കിറങ്ങി വരുന്നുണ്ടായിരുന്നു. നേർത്ത രശ്മികൾ പതിക്കുമ്പോൾ പുളകിതയായി മഞ്ഞ് കണങ്ങൾ തിളങ്ങി. ഇതേ രശ്മികൾക്ക് ചൂടുകൂടുമ്പോൾ മഞ്ഞുകണങ്ങളുടെ ആയുസ്സ്​ തീരും. രാവി​​​െൻറ മറവിൽ പുൽനാമ്പുകളെ പുൽകാനെത്തിയെ ഹിമകണങ്ങൾക്ക് സൂര്യോദയം വര​യേ സമയം അനുവദിച്ചിട്ടുള്ളു. തൂമഞ്ഞും പൊൻവെയിലും അൽപ്പസമയം കൂടി കഴിഞ്ഞാൽ രംഗം വിടും. അതിനു മുമ്പേ മഞ്ഞ് വീണു കിടക്കുന്ന ദൃശ്യങ്ങളും മനസ്സിൽ പേറി ഞങ്ങൾ ടോപ്സ്റ്റേഷ​​​െൻറ കുന്നിറങ്ങാൻ തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snow fallKerala TravelogueTravel to Munnarmunnar
News Summary - in search of Munnar's Cool Climate -Travelogue
Next Story