4700 രൂപക്ക് 90 ദിവസത്തെ വിസ; തായ്‌ലാൻഡ് യാത്ര ഇനി പഴയ പോലെയാകില്ല
text_fieldsടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളെ കോവിഡ് കുറച്ചൊന്നുമല്ല പ്രതികൂലമായി ബാധിച്ചത്. ഇത്തരത്തിലുള്ള രാജ്യങ്ങളിലൊന്നാണ് തായ്‌ലാൻഡ്. രാജ്യത്തേക്ക് വീണ്ടും സഞ്ചാരികളെ കൊണ്ടുവരാനുള്ള തീവ്രമായ ശ്രമത്തിലാണ് അവർ. അതിൻെറ ഭാഗമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ് അവർ.
രാജ്യത്തെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ 90 ദിവസം കാലാവധിയുള്ള പുതിയ വിസയാണ് അതിൽ പ്രധാനപ്പെട്ടത്. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി പ്രയുത് ചാൻ ഒ ച ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ ഒന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
പുതിയ നിയമമനുസരിച്ച് വിസ ലഭിക്കുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടി വരും. അതിനായി യാത്രക്കാർക്ക് ബാങ്കോക്കിലെ വിവിധ താമസസ്ഥലങ്ങൾ തിരഞ്ഞെടുക്കാം.
ക്വാറൻറീന് ശേഷം രാജ്യത്തിൻെറ ഏത് ഭാഗത്തേക്കും ഇവർക്ക് യാത്ര ചെയ്യാനാകും. കൂടാതെ വിസ രണ്ട് തവണയായി 90 ദിവസം വെച്ച് നീട്ടുകയും ചെയ്യാം. അതായത് 270 ദിവസം വരെ തായ്‌ലാൻഡിൽ തങ്ങാം. സഞ്ചാരികൾക്ക് ആരോഗ്യ, യാത്ര ഇൻഷുറൻസ് നിർബന്ധമാണ്. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലാൻഡിൽ അപേക്ഷിച്ച് 4700 രൂപ നിരക്കിൽ വിസ സ്വന്തമാക്കാം. അതേസമയം, ഒരു മാസം 1200 പേർക്ക് മാത്രമേ ഇത്തരത്തിൽ വിസ അനുവദിക്കുകയുള്ളൂ എന്നും റിപ്പോർട്ടുണ്ട്.
കോവിഡ് പടരുന്നതിൻെറ ആദ്യഘട്ടത്തിൽ തന്നെ തായ്‌ലാൻഡ് രോഗത്തെ പ്രതിരോധിക്കാൻ തീവ്രപ്രയത്നങ്ങളാണ് നടത്തിയത്. കൂടാതെ, മികച്ച ആരോഗ്യ സുരക്ഷ നിലവാരം പുലർത്തുന്ന ടൂറിസം സ്ഥാപനങ്ങളെ തിരിച്ചറിയാൻ സർട്ടിഫിക്കേഷൻ പ്രോഗ്രാമും ആരംഭിച്ചു. റെസ്റ്റോറൻറുകൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോട്ട്‌സ്പോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, സ്പാകൾ, പാർലറുകൾ എന്നിവയെല്ലാം ഇതിൻെറ ഭാഗമാണ്. രാജ്യത്ത് ഇതുവരെ 3500ന് താഴെ മാത്രമേ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. 58 പേരാണ് മരിച്ചത്.
പുതിയ വിസ കൂടി നിലവിൽ വരുന്നതോടെ തായ്‌ലൻഡിൽ ടൂറിസം വീണ്ടും സജീവമാകുമെന്നാണ് പ്രത്യാശിക്കുന്നത്. നിലവിൽ ഓൺഅറൈവൽ വിസ പ്രകാരം പോകുന്നവർക്ക് ഒരുമാസത്തെ താമസം മാത്രമാണ് ലഭിച്ചിരുന്നത്.
അതേസമയം, തായ്‌ലാൻഡ് ഇന്ത്യയുമായുള്ള ട്രാവൽ ബബ്ളിെൻറ ഭാഗമാല്ലാത്തതിനാൽ നിലവിൽ രാജ്യത്തുനിന്ന് വിമാന സർവിസ് ആരംഭിച്ചിട്ടില്ല. യു.കെ, അമേരിക്ക, ജർമനി, ഫ്രാൻസ്, യു.എ.ഇ, കാനഡ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, ബഹ്‌റൈൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ട്രാവൽ ബബ്ളിൻെറ ഭാഗമായിട്ടുള്ളത്. ഇരു രാജ്യങ്ങൾക്കിടയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സുരക്ഷിത യാത്രയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സിംഗപ്പൂർ, റഷ്യ, ഇസ്രായേൽ, ഇറ്റലി, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, കെനിയ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ചർച്ചയിലാണ്. ട്രാവൽ ബബ്ൾ സംവിധാനം യാഥാർഥ്യമായാൽ തായ്ലാൻഡിലേക്ക് ഇന്ത്യക്കാർക്ക് ഉടൻ തന്നെ പറക്കാനാവുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.