അമേരിക്കയിലോക്കൊരു പെരുന്നാൾയാത്ര
text_fieldsകുഞ്ഞുനാളിൽ ഞങ്ങൾക്കുമുണ്ടായിരുന്നു ഒരു അമേരിക്ക. തറവാട്ടു വീട്ടിൽ കണ്ണുപൊത്തി കളിക്കുമ്പോൾ ആരും കാണാതെ ഒളിച്ചിരിക്കാൻ പറ്റുന്ന ഇരുട്ടുള്ള ചായ്പ്പ് മുറി. അതായിരുന്നു ഓർമയിലെ ആദ്യ അമേരിക്ക.
യാത്ര ഇഷ്ടപ്പെട്ട് തുടങ്ങിയ കാലം മുതലേ അമേരിക്കയിലേക്കുള്ള യാത്ര വലിയ സ്വപ്നമായിരുന്നു. സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ‘ഒരു പാതി രാത്രിയിൽ നയാഗ്ര ഫാൾസിന്റെ വക്കിൽ ബസിൽ ചെന്നിറങ്ങിയ കഥകൾ’ എത്ര തവണ കണ്ടിട്ടുണ്ടെന്ന് നിശ്ചയമില്ല. ഒരിക്കലെങ്കിലും അമേരിക്ക സന്ദർശിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. 2016 മുതലാണ് അമേരിക്കൻ യാത്രക്ക് ആസൂത്രണമൊരുങ്ങുന്നത്. ഒടുവിൽ, കഴിഞ്ഞ ചെറിയ പെരുന്നാൾ അവധിക്കാലത്ത് അത് സംഭവിച്ചു.
സുഹൃത്ത് ഇസ്മായിലായിരുന്നു യാത്രയിലെ കൂട്ടുകാരൻ. ദോഹയിൽ നിന്നും പുറപ്പെട്ട ഞങ്ങൾ പെരുന്നാൾ ദിനം രാവിലെ ഒമ്പതു മണിയോടെ വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങി. എന്റെ മുന്നില്‍ കാണുന്ന, വളഞ്ഞുപുളഞ്ഞുകിടക്കുന്ന ക്യൂവിന്റെ അങ്ങേത്തലക്കലെത്തണമെങ്കില് കുറെ സമയമെടുക്കുമെന്നു ഭയന്നെങ്കിലും വളരെ പെട്ടെന്നുതന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. കൈയില്‍ എത്ര ഡോളര്‍ ഉണ്ട്? എത്ര ദിവസം ഇവിടെ കാണും? എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ രണ്ടു ചോദ്യങ്ങള്‍ മാത്രം. ‘വെല്‍ക്കം ടു അമേരിക്ക! എന്ജോയ് യുവര്‍ ട്രിപ്’.
പാസ്പോര്‍ട്ട് തിരികെ തന്നു, സ്റ്റാമ്പ് ഒന്നും ചെയ്തില്ല. ഞങ്ങള്‍ മറ്റൊരു ഉദ്യോഗസ്ഥനോട് ചോദിച്ചു; പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്യില്ലേ; ‘നോ നീഡ്’ -അദ്ദേഹം മറുപടി പറഞ്ഞു.
ഡാളസ് എയര്‍പോര്‍ട്ടിനു പുറത്തേക്കു നടന്നു. വലിയൊരു എയര്‍പോര്‍ട്ടാണ്. വര്‍ഷം 22 ദശലക്ഷം യാത്രക്കാരാണ് അതുപയോഗപ്പെടുത്തുന്നത്. ഞങ്ങളുടെ ഹോട്ടലിലേക്ക് ഷട്ടില്‍ ബസ് സര്‍വിസ് നടത്തുന്ന സ്റ്റോപ്പിലേക്ക് നടന്നു. ഹോട്ടലില്‍ വിളിച്ചു ഒന്നുകൂടെ ഉറപ്പുവരുത്തി. ഓരോ അര മണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വിസുണ്ട്. ഹോട്ടലിന്റെ ബസ് വന്നു. ഒരു മെക്സികൻ ഡ്രൈവര്‍. പേര് കാർലോസ്, മധ്യവയസ്ക്കൻ. അദ്ദേഹം ഞങ്ങളെ ഹോട്ടലിലേക്ക് നയിച്ചു. ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചും ഡ്രൈവര്‍ക്കു നല്ല മതിപ്പാണ്. അമേരിക്കയിലെ ഇന്ത്യക്കാരെല്ലാം നല്ല സ്മാര്‍ട്ടാണ്, ഇന്ത്യയും ചൈനയും വന്‍ശക്തികളാണ്. ഡ്രൈവര്‍ വാ തോരാതെ സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ പുറംകാഴ്ചകള്‍ നോക്കിക്കൊണ്ടിരുന്നു.
വാഷിങ്ടണിലെ പെരുന്നാൾ
വാഷിങ്ടണിന് ലോക വന്‍ശക്തിയുടെ തലസ്ഥാനം എന്ന പെരുമയേറെയുണ്ടെങ്കിലും അതിന്റ ആഢംബരം ഒട്ടുമില്ലാത്ത മനോഹര നഗരമാണ്. എവിടെ നോക്കിയാലും പച്ചപ്പും ശാന്തതയും. ഹോട്ടലിലെത്തി കുറെനേരം അന്തംവിട്ടുറങ്ങാന് ശരീരവും മനസ്സും കൊതിച്ചെങ്കിലും ആദ്യം ഞങ്ങള്‍ക്കു പള്ളിയില്‍ പോകണമായിരുന്നു. വെള്ളിയാഴ്ചയും അതോടൊപ്പം പെരുന്നാളുമാണല്ലോ. പെട്ടെന്നുതന്നെ പുറത്തിറങ്ങി. എയര്‍പോര്‍ട്ടിന് വളരെ അടുത്താണ് ഹോട്ടല്‍. വാഷിങ്ടണ്‍ ഡി.സി യിലേക്ക് കുറച്ചധികം പോകാനുണ്ട്. അടുത്തുള്ള കാര്‍ റെന്റല്‍ ഷോപ്പില്‍ കയറിനോക്കിയെങ്കിലും വണ്ടികളെല്ലാം ഫുള്‍ ബുക്ക്ഡ്. അങ്ങനെ യൂബര്‍ വിളിച്ചു മസാച്യുസെറ്റ്സ് അവന്യൂ കുന്നിൻ മുകളിലെ വാഷിങ്ടൺ ഇസ്ലാമിക് സെന്ററിലേക്ക്.
ജുമുഅ നമസ്കാരവും അവിടെ വിശ്വാസികള്ക്കൊരുക്കിയ ഇറച്ചിച്ചോറും കഴിച്ചു. എല്ലാ പള്ളികളെയുംപോലെ അവിടെയും പുറത്തു യാചകരെ കണ്ടത് അത്ഭുതപ്പെടുത്തി. 1954ൽ സ്ഥാപിതമായ ഒരു വലിയ പള്ളിയാണ് ഇസ്ലാമിക് സെന്റർ ഡി.സി. റമദാനിലെ ചൈതന്യം തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തിലും നിലനിര്‍ത്തണമെന്നു ഖുതുബയില്‍ ഓര്‍മപ്പെടുത്തി. അമേരിക്കയിലെ ആദ്യ ദിവസം പ്രേത്യക പ്ലാനുകളില്ലായിരുന്നു. ജെറ്റ് ലാഗിങ് ഉണ്ടാകുമോ എന്നൊക്കെ ഭയന്നിരുന്നു. റൂമിലേക്കു തിരിച്ചുപോവാന്‍ തീരുമാനിച്ചു. സേില്‍ കയറി മെട്രോ വഴി എയര്‍പോര്‍ട്ടില്‍ എത്താം. അവിടെനിന്നു ഹോട്ടല്‍ ഷട്ടില്‍ സര്‍വിസ് വഴി റൂമിലെത്താം. അങ്ങനെ ചെലവ് ചുരുക്കി ഹോട്ടലിലെത്താം.ബസ് തിരിച്ചുപോകുന്നത് ഡിപ്ലോമാറ്റിക് റൂട്ടിലാണ്. വിവിധ രാജ്യങ്ങളുടെ എംബസികൾ രണ്ടു വശങ്ങളിലും.
‘അതാ ഇന്ത്യന്‍ എംബസി. നമുക്കൊന്ന് ഇവിടെ ഇറങ്ങാം’ -അവിടെയിറങ്ങി ഗാന്ധി പ്രതിമക്കു മുന്നില്‍ ഫോട്ടോസൊക്കെ എടുത്തു. ഒരു ഇറാനിയന്‍ റസ്റ്റാറന്റില്‍ കയറി കബാബ് കഴിച്ചു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്; ഇവിടെ ബില്ലിന്റെ കൂടെ ഒരു നിശ്ചിത ശതമാനം ടിപ്പ് നിര്‍ബന്ധമാണ്. ടി മൊബൈലിന്റെ ഒരു ഇ- സിം കാര്‍ഡ് എടുത്തു. പിന്നീട് മെട്രോ വഴി ഹോട്ടലിലേക്ക്. സമയം വൈകീട്ടായെങ്കിലും എട്ടുമണിയൊക്കെ ആവും ഒന്ന് ഇരുട്ടാന്‍. ഹോട്ടലിലേക്കുള്ള യാത്രയിലാണ് ഒരു മെസേജ് ശ്രദ്ധയില്‍ പെട്ടത്. സുഹൃത്ത് സലാം മരണപ്പെട്ടിരിക്കുന്നു. വാര്‍ത്ത ശരിയാവരുതേ എന്നു പ്രാര്‍ഥിച്ചെങ്കിലും അവനെ പടച്ചവന് നേരത്തെയങ്ങ് കൂട്ടിയിരിക്കുന്നു. ഹോട്ടലില്‍ പോയി കുറെസമയം അവനെ ഓര്‍ത്തിരുന്നു.
(അമേരിക്കൻ യാത്രയുടെ തുടർച്ച അടുത്തയാഴ്ച ദോഹലൈവിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.