അമേരിക്കയിലേക്കൊരു പെരുന്നാൾയാത്ര-2
text_fieldsകൺനിറയെ വൈറ്റ് ഹൗസ്
പെരുന്നാൾ ദിനം മസാച്യുസെറ്റ്സ് അവന്യൂ കുന്നിൻ മുകളിലെ വാഷിംഗ്ടൺ ഇസ്ലാമിക് സെന്ററിൽ അവിസ്മരണീയമാക്കിമാറ്റിയ ആ പകൽ അവസാനിച്ചതിനു പിന്നാലെ ഞങ്ങളുടെ യാത്ര തുടർന്നു. അടുത്ത ദിവസം രാവിലെ ഡി.സിയിലേക്ക്. അവിടെ പറ്റാവുന്ന സ്ഥലങ്ങളൊക്കെ കാണണം. റൂം ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ തന്നെ ഞാനും സഹയാത്രികൻ ഇസ്മായിലും ഡി.സിയിലെ ഹെന്‍ലി പാർക്ക് ഹോട്ടലിലെത്തി. ചെക്ക് ഇന്‍ സമയമായിട്ടില്ല. ലഗേജ് അവിടെ വച്ചു പുറത്തേക്കിറങ്ങി.
വാഷിങ്ടണ്‍ ഡി.സി അമേരിക്കയുടെ തലസ്ഥാനനഗരിയാണ്. വിസ്തീര്‍ണത്തില്‍ ചെറുതെങ്കിലും ചരിത്രത്തിന്റെ അക്ഷയഖനിയും കാഴ്ചകളുടെ വസന്തവും നിറയുന്ന ഭൂമിക. എവിടെ നോക്കിയാലും നമ്മെ വിസ്മയിപ്പിക്കുന്നത് ചരിത്രസ്മാരകങ്ങളുടെ ഓര്‍മപ്പെടുത്തലുകളാണ്. പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങള്‍. വിശാലമായ റോഡുകള്‍. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള കെട്ടിടങ്ങൾ. എന്നാൽ ഡി.സിയിലെ കെട്ടിടങ്ങൾ 13 നിലയിൽ കൂടാനും പാടില്ല. എല്ലാം പ്രൗഢമായവ.
‘ആദ്യം പ്രസിഡന്റിനെ’ കണ്ടിട്ടുതന്നെ തുടങ്ങാമെന്നായിരുന്നു തീരുമാനം. അവിടെ ‘ദി നേഷൻസ് ഫേമസ് അഡ്രസ്’ എന്നെഴുതി വച്ചിട്ടുണ്ട്. വൈറ്റ് ഹൗസിനു മുന്നിലെത്തി കുറച്ചു ഫോട്ടോസൊക്കെ എടുത്തു. അവിടെ എവിടെയും ഒരു പോലിസുകാരന്റെ ചെക്കിങ്ങോ തുറിച്ചുനോട്ടമോ ഇല്ലായിരുന്നു. ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായ ഒരു കൊച്ചു കൊട്ടാരം. 132 മുറികള്‍, 35 ബാത്ത് റൂമുകള്‍, സുരക്ഷാ അറകൾ ... അങ്ങനെ നിരവധി പ്രത്യേകതകളുള്ള വൈറ്റ് ഹൗസ്. അതിനു മുന്നില്‍ ഒറ്റയ്ക്ക് പ്രതിഷേധിക്കുന്ന ഒരു ചെറുപ്പക്കാരന്. ആരും അയാളെ ശ്രദ്ധിക്കുന്നില്ല.
എബ്രഹാം ലിങ്കനരികിൽ
വൈറ്റ് ഹൗസ് സന്ദർശനത്തിനു ശേഷം, ഞങ്ങള്‍ പോയത് ലോകത്തിനു തന്നെ നവയുഗപ്പിറവി സമ്മാനിച്ച എബ്രഹാം ലിങ്കന്റെ സ്മാരകം കാണാനാണ്. വാഷിംങ്ടൺ മോണിമെന്റ്, വേൾഡ് വാർ 2 സ്മാരകം കടന്നു അവിടെ എത്തുമ്പോഴേക്കും നല്ല മഴ തുടങ്ങിയിരുന്നു. ഒട്ടേറെ പടവുകള്‍ കയറി ലിങ്കണ് സ്മാരകത്തിലെത്തുമ്പോള്‍ വിശാലമായ കസേരയില്‍ നീണ്ടു നിവര്‍ന്നിരിക്കുന്ന ലിങ്കന്റെ മാര്‍ബിള്‍ പ്രതിമ.
തൊട്ടുപിറകിലായി ‘എബ്രഹാം ലിങ്കണ്, ജീവിതം രക്ഷപ്പെടുത്തിയ അനേകം പേരുടെ മനസ്സിലുള്ളതുപോലെ അദ്ദേഹത്തിന്റെ സ്മരണ ഈ പവിത്രമായ ഇടത്ത് എക്കാലവും നിറഞ്ഞുനില്ക്കും’ എന്ന് ആലേഖനം ചെയ്തിരിക്കുന്നു. അമേരിക്കയില്‍ നിയമംമൂലം അടിമ വ്യാപാരം നിര്‍ത്തലാക്കിയ എബ്രഹാം ലിങ്കണ് എക്കാലത്തും ലോകത്തിന്റെ ഹീറോയാണ്.
ലിങ്കണ് സ്മാരകത്തിനടുത്തുതന്നെ ക്യാപ്പിറ്റോള്‍ ബില്‍ഡിങ്. സെനറ്റും ജനപ്രതിനിധിസഭയും ഉള്‍പ്പെടുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അഥവാ പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്ന ഇടമാണ് ക്യാപ്പിറ്റോള്‍ ബില്‍ഡിങ്. എബ്രഹാം ലിങ്കന്റെ കണ്ണും കാതും സദാ നീളുന്നത് അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ ക്യാപ്പിറ്റോള്‍ ബില്ഡിങ്ങിലേക്കാണ്. മഴയും നല്ല തണുപ്പും ഞങ്ങളുടെ പ്ലാനിംഗ് കുറച്ചു വൈകിച്ചെങ്കിലും വല്ലാത്തൊരു ഫീൽ നൽകിയിരുന്നു .
വാഷിങ്ടണിലെ മറക്കാനാവാത്ത ഒരനുഭവം കൂടി പങ്കുവെക്കട്ടെ, ഒരു ബസ് സ്റ്റോപ്പില്‍ ഇരുന്നു ഞങ്ങള്‍ മെട്രോ സ്റ്റേഷന് റൂട്ട് അതിലെ പോകുന്ന ഒരു ബസ്സ് ഡ്രൈവറോട് ചോദിച്ചപ്പോള്‍ അദ്ദേഹം ബസ്സ് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തു ബസ്സില്‍ നിന്ന് ഇറങ്ങി വന്ന് ഞങ്ങൾക്ക് റൂട്ട് പറഞ്ഞു മനസ്സിലാക്കി തന്നത് അത്ഭുതകരമായൊരു ഓർമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.