എ ജേർണി എറൗണ്ട് ദുബൈ
text_fieldsഅംബരചുംബികളായ കെട്ടിടങ്ങളും മനോഹരമായ ഉദ്യാനങ്ങളും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായി സഞ്ചാരികളുടെ പറുദീസയാണിന്ന് ദുബൈ നഗരം. വ്യതസ്തവും അതിശയിപ്പിക്കുന്നതുമായ നിർമാണ വൈഭവങ്ങൾ ദുബൈയുടെ ഓരോ ടൂറിസ്റ്റ് സ്പോട്ടുകളുടെയും പ്രത്യേകതയാണ്. അത്യാഢംബരത്തിന്റെ അങ്ങേയറ്റമായ ഡൗൺ ടൗണും പാംദ്വീപുകളും ഷോപ്പിങ് മാളുകളും തുടങ്ങി ദേരയ്ക്കും ബർദുബൈയിക്കുമിടയിൽ ക്രീക്കിന്റെ ഓളപ്പരപ്പിലൂടെ പഴയ ദുബൈയുടെ ഭംഗിയും ആസ്വദിച്ചൊഴുക്കുന്ന ഒരു ദിർഹമിന്റെ അബ്ര സവാരിവരെയുള്ള വ്യതസ്തമായ മനോഹാരിതകൾ ദുബൈയിലുണ്ട്. എപ്പോഴും നാവാനുഭൂതി നൽകുന്ന ഈ നഗരത്തിന്റെ കാണാനേറെ ആഗ്രഹിച്ച ചില കാഴ്ചകളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.
നഗരത്തിൽനിന്ന് ഏറെ അകലെ മറ്റ് എമിറേറ്റ്സുകളിലുള്ള മലകളും വാദികളും മരുഭൂ സഫാരിയുമൊക്കെ മാറ്റി ഇത്തവണത്തെ ടീം ഔട്ടിങ് നഗര ഹൃദയത്തിൽ തന്നെയാവണമെന്ന അഭിപ്രായം വന്നപ്പോൾ മുതൽ ആഗ്രഹിച്ചതായിരുന്നു ദുബൈ മറീനയിലൂടെ ഒരു ആഡംബര നൗക (യോട്ട്) സവാരി. ദുബൈയിലെ വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മറൈൻ ടൂറിസം. പ്രധാനമായും ദുബൈ മറീന കേന്ദ്രമാക്കി പല തരത്തിലുള്ള മറൈൻ ടൂറിസ്റ്റ് പാക്കേജുകൾ ഇന്ന് നിലവിലുണ്ട്. മുമ്പ് ക്രീക്കിലൂടെ യോട്ട് എക്സ്പീരിയൻസ് ചെയ്തിട്ടുണ്ടെങ്കിലും ദുബൈ മറീനയിലേത് ആദ്യ അനുഭവമായിരുന്നു. കമ്പനിയിലെ ടീം ഔട്ടിങ് ആയത് കൊണ്ട് തന്നെ സഹപ്രവർത്തകർക്കൊപ്പം കൃത്യ സമയത്തു മറീനയിലെ മുൻകൂട്ടി നിശ്ചയിച്ച യോട്ടിൽ പ്രവേശിച്ചു. ആഴ്ച്ചാവസാനം ജോലിത്തിരക്കുകളിൽ നിന്നെല്ലാം മാറി സഹപ്രവർത്തകർക്കൊപ്പം ആഘോഷമായൊരു യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും.
യോട്ടിന്റെ പ്രവേശനത്തിൽ തന്നെ മനോഹരമായൊരു സിറ്റിങ് ഹാൾ ആയിരുന്നു. കാഴ്ചകളിലേക്ക് പ്രവേശിക്കും മുമ്പ് വെൽകം ഡ്രിങ്ക്സിനൊപ്പം സൊറ പറയലുകളൊക്കെയായി ഹാളിലും അൽപ്പ സമയം ചിലവഴിച്ചു. ഹാളിന്റെ താഴെയായി പടികളിറങ്ങിയാൽ ത്രീ സ്റ്റാർ സ്റ്റാൻഡേഡുകളിലുള്ള മുറിയും വാഷ്റൂമുകളുമുണ്ട്. യോട്ടിന്റെ മുകളിലെ വ്യൂ ഏരിയയ്ക്ക് പുറമെ മുൻഭാഗത്തായി കാഴ്ച്ചകൾ കിടന്നാസ്വദിച്ചു പോകാനുമുള്ള സൗകര്യവുമുണ്ട്. അങ്ങനെ നഗരത്തിന്റെ ഐക്കണിങ് ലാൻഡ് മാർക്കുകളിലേക്കായ് അവിസ്മരണീയമായ ഒരു ക്രൂയിസിങ് യാത്രയ്ക്ക് ഞങ്ങൾ ആരംഭം കുറിച്ചു. ആദ്യ ലക്ഷ്യം ജെ.ബി.ആർ ആണ്. ജുമൈറ ബീച്ച് റെസിഡൻസ് യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബൈ പേർഷ്യൻ ഗൾഫിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റിയാണ്. ജെ.ബി.ആറിന്റെ കാഴ്ചകൾക്ക് ശേഷം തൊട്ടടുത്തുള്ള ജുമൈറ ബീച്ച് പാർക്കിന്റെ തീരത്തു കൂടിയാണ് സഞ്ചാരം.
നൗകയിൽ ഓൺ ചെയ്ത മ്യൂസികിനോടൊപ്പം സഹപ്രവർത്തകർ ഡാൻസ് ആരംഭിച്ചിരുന്നു. ഒരു മ്യൂസിക് ഇവന്റിൽ പോകുമ്പോൾ കിട്ടുന്ന അതേ ആവേശത്തോടെ ഇവിടം ആഘോഷമാക്കുയാണ് പ്രിയപ്പെട്ടവർ. ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലായ ഐൻ ദുബൈയുടെ മുന്നിലൂടെയാണിപ്പോൾ യോട്ട് നീങ്ങികൊണ്ടിരിക്കുന്നത്. ഇത് സ്ഥിതി ചെയ്യുന്നത് ജുമൈറ ബീച്ച് റസിഡൻസ് തീരത്ത് ബ്ലൂ വാട്ടർ ഐലൻഡ് എന്ന മനുഷ്യനിർമ്മിത ദ്വീപിലാണ്. ഒരു പാട് ഷോപ്പിങ് മാളുകളും വിനോദ കേന്ദ്രങ്ങളും റിസോർട്ടകളും ലക്ഷുറി അപ്പാർട്മറന്റുകളും ഉള്ള ഒരു കൊച്ചു ഐലൻഡ് ആണിത്. പാം ജുമൈറ ദ്വീപിലെ ആഢംഭര റിസോർട്ടായ അറ്റ്ലാന്റിസിന്റെ ഓരത്തുകൂടെ പോകുമ്പോൾ കൗതുകത്തോടെ ആ നിർമിതികളെ നോക്കിയിരിക്കുകയായിരുന്നു. പലരും പറഞ്ഞു കേട്ട ആഡംബരത്തിന്റെ മഹാ ലോകം.
യോട്ട് ദുബൈയിയുടെ കിരീടമെന്ന കീർത്തിയുള്ള ബുർജുൽ അറബിന്റെ ചാരത്തെത്തിയിരിക്കുന്നു. ബുർജ് ഖലീഫ വരുന്നതിനു മുമ്പ് ദുബൈ എന്നു കേട്ടാൽ നമ്മുടെ മനസ്സിൽ ആദ്യം ഓള മിടുക ഈ കണ്ണഞ്ചിപ്പിക്കുന്ന സമുച്ചയമയിരിക്കും. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ദുബൈയിലേക്കെത്തുന്ന ധനികരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണിത്. ബുർജുൽ അറബും കണ്ട് പാം ജുമൈറയിലെ അതിമനോഹരമായ കെട്ടിടങ്ങൾക്കിടയിലൂടെ യോട്ട് ദുബൈ മറീനയിലേക്ക് മടക്കയാത്ര ആരംഭിച്ചു. അത്ഭുതങ്ങളില്‍ മഹാത്ഭുതമായി ആകാശംമുട്ടെ ഉയര്‍ന്നു നില്ക്കുന്ന ബുര്‍ജ് ഖലീഫയുടെ ദൃശ്യം ദൂരെ നിന്നും കാണാം. അത്യാഢംബരത്തിന്റെ മായികകാഴ്ചകളിലൂടെ ദുബൈയിലെ ഈ യോട്ട് യാത്ര നമ്മളെ ശരിക്കും വിസ്മയിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.