ജംഗ്ഫ്രജോച്ചിലെ മഞ്ഞുകൂടാരങ്ങൾ
text_fieldsഗ്രിന്‍റൽ വാളിലേക്ക്
ഒരു മെയ് മാസത്തിലെ ഉച്ചസമയത്താണ് ഞങ്ങൾ സ്വിറ്റ്സർലൻഡിലെ ജനീവ എയർപ്പോർട്ടിൽ എത്തിയത്. അവിടുന്ന് ലക്ഷ്യസ്ഥാനമായ ഗ്രിന്‍റൽ വാളിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറിലേറെ ദൈർഘ്യമുള്ള ആ യാത്രയുടെ ആരംഭത്തിൽ തന്നെ സ്വിറ്റ്സർലാൻഡ് എന്ന വണ്ടർലാൻഡിന്‍റെ വശ്യസൗന്ദര്യം ഞങ്ങൾ ആസ്വദിച്ചു തുടങ്ങി. മഞ്ഞുമലകളും നദികളും തടാകങ്ങളും ആ യാത്രയിൽ മാറിമാറി വരവേറ്റു. ട്രെയിൻ ഗ്രിന്‍റൽ വാളിൽ എത്തി പുറത്തിറങ്ങിയപ്പോൾ ഞങ്ങളെപ്പുണർന്ന കാഴ്ചകൾ വാക്കുകൾക്കതീതമാണ്. മാനം തൊടുന്ന മലനിരകൾ, വെട്ടിയൊതുക്കിയ പോലുള്ള പുൽമേടുകൾ, അവർക്കിടയിലാകട്ടെ മരങ്ങൾ കൊണ്ട് പണിത കൊച്ചു കൊച്ചു വീടുകൾ. ഇവയ്ക്കു മാറ്റുകൂട്ടാനെന്നോണം പ്രകൃതി തന്നെ ഒരുക്കിയ പക്ഷികളുടെ കോലാഹലങ്ങളും വെള്ളച്ചാട്ടത്തിന്‍റെ കാതടപ്പിക്കുന്ന ശബ്ദവും ആ നിമിഷം അവിസ്മരണീയമാക്കി മാറ്റി. ഇതുവരെ സന്ദർശിച്ച 10 രാജ്യങ്ങളിൽ ഏറ്റവും സൗന്ദര്യമുള്ള സ്ഥലം ഏതെന്ന് ചോദിച്ചാൽ നിസ്സംശയം മനസ്സിൽ ഓടിയെത്തുന്നത് ഗ്രിന്‍റൽ വാൾ തന്നെയായിരിക്കും. മരത്തടിയിൽ നിർമ്മിച്ച ഹോട്ടലിലാണ് അന്ന് രാത്രി ഞങ്ങൾ തങ്ങിയത്. പിറ്റേന്ന് നേരം വെളുത്ത് ഗ്രിന്‍റൽ വാളിന്‍റെ ഹാങ്ങോവർ മാറുന്നതിനു മുൻപേ ഞങ്ങൾ പോയത് ജംഗ്ഫ്രജോച്ചിലേക്കായിരുന്നു.
യൂറോപ്പിലെ തന്നെ ഏറ്റവും ഉയരമേറിയ ട്രെയിൻ സ്റ്റേഷൻ ആണ് ജംഗ്ഫ്രജോച്ച് (ടോപ് ഓഫ് യൂറോപ്പ്). ജീവിതത്തിൽ ആദ്യമായി മഞ്ഞു കൈയിലെടുത്തത് അന്നായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 3454 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജംഗ്ഫ്രജോച്ച് -3 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് നിലകൊള്ളുന്നത്. ടൂറിസ്റ്റുകൾക്കായി ഇവിടെ ധാരാളം വിനോദങ്ങൾ ഒരുക്കിയിരുന്നെങ്കിലും സ്കീയിങ് (skiing) ആയിരുന്നു അവയിൽ പ്രധാനം. മഞ്ഞുകൊണ്ട് വിരിപ്പു നെയ്ത പ്രതലങ്ങളും കമാനങ്ങളും ഞങ്ങളിൽ വെള്ളനിറത്തിലുള്ള സ്വർഗലോകത്തിന്‍റെ അനുഭൂതി നിറച്ചു. മതിയാവോളം മഞ്ഞിൽ കളിച്ച് ഞങ്ങൾ ഐസ്കേയിലേക്ക് കുതിച്ചു. മുഴുക്കെ ഐസ് കൊണ്ടുണ്ടാക്കിയ ഒരു ഗുഹ കണക്കെയുള്ള വലിയ കൂടാരമായിരുന്നു ഐസ്കേ. ഐസ് ശില്പങ്ങൾ, നിർമ്മിതികൾ തുടങ്ങി ജംഗ്ഫ്രജോച്ചിന്‍റെ ആഴത്തിലുള്ള ചരിത്രരേഖകളും ഇവിടെ കാണാൻ കഴിഞ്ഞു.
കാറുകളില്ലാത്ത സ്വിസ് ഗ്രാമം
മഞ്ഞുപുതച്ച മലകളാൽ ചുറ്റപ്പെട്ട സ്വിറ്റ്സർലൻഡിലെ മനോഹരമായ ഗ്രാമമാണ് സർമാറ്റ്. പ്രകൃതി രമണീയതക്കു തെല്ലും മങ്ങലേൽക്കാതിരിക്കാൻ സർമാറ്റിലേക്ക് മോട്ടോർ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു. റെയിൽ മാർഗ്ഗമാണ് സർമാറ്റിലേക്ക് എത്തിയത്. ലോകത്തിലെതന്നെ ഏറ്റവും ഭംഗിയുള്ള മലകളിൽ ഒന്നായ മാറ്റർഹോൺ സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. ടോബ്ലോറൺ ചോക്ലേറ്റിലെ മലയുടെ നിഴൽ ചിത്രത്തിനു പ്രചോദനമായത് ആയത് മാറ്റർഹോൺ മലനിരയാണ്. സെർമാറ്റിലേക്കുളള യാത്രയിൽ കരിങ്കൽ പാളികൾ കൊണ്ട് തീർത്ത വീടിന്‍റെ മേൽക്കൂര തികച്ചും വ്യത്യസ്തമായ കാഴ്ചയായിരുന്നു. ഗ്രിന്‍റൽ വാളിൽ നിന്നും സെർമാറ്റിലേക്കുളള നാലുമണിക്കൂർ നീണ്ട യാത്രയിൽ കൺമുന്നിൽ മിന്നിമാഞ്ഞതത്രയും സ്വിസ് സുന്ദരിയുടെ മാത്രം സവിശേഷതകളായ പർവ്വതനിരകളും വെള്ളച്ചാട്ടങ്ങളുമായിരുന്നു. പകൽ 11 മണിയോടെ ഞങ്ങൾ സെർമാറ്റിലെത്തി.
മോട്ടോർ കാറുകൾ ഇല്ലാത്ത സർമാറ്റിൽ ചെറിയ ചെറിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ കാണാൻ സാധിച്ചുള്ളൂ. സർമാറ്റിന്‍റെ പ്രകൃതിയിണക്കത്തെ വെളിപ്പെടുത്തുന്ന സംഭവമായിരുന്നു അത്. ഗ്രാമീണ സൗന്ദര്യത്തിന്‍റെ തീവ്രതയാവോളം നുകർന്ന് സമയം കളയാതെ ഞങ്ങൾ ഗോർണർഗാർട്ട് എന്ന കുഞ്ഞു മലയെ ലക്ഷ്യം വെച്ചു. മാറ്റർഹോൺ മലനിരയെ അടുത്തു കാണാമെന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ഏറ്റവും മുകളിലേക്കുള്ള ഗോർണർഗാർട്ട് ട്രെയിൻ യാത്രയിൽ നിരവധി സ്റ്റേഷനുകളുണ്ട്. ഓരോ സ്റ്റേഷനിലും ഇറങ്ങി അവിടുത്തെ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിരിക്കുന്നു. യാത്രയ്ക്കിടെ ചെറു 'തടാക'ത്തിലിറങ്ങി. ഇതിനു സമീപം എത്തിയപ്പോഴാണ് അത് ഐസ് ആയിപ്പോയ യാഥാർഥ്യം ഞങ്ങൾ തിരിച്ചറിയുന്നത്.
നീലാകാശമൊഴികെ മറ്റെല്ലാം അവിടെ മഞ്ഞുപുതച്ചു നിന്നിരുന്നു. ആ സൗന്ദര്യ ദീപ്തിയിൽ മാറ്റർഹോൺ മലനിരകളെ സാക്ഷിയാക്കി ഒരുപാട് ചിത്രങ്ങൾ പകർത്തി. വീണ്ടും ആൽപ്സിന്‍റെ ഉന്നതിയിലേക്ക് തന്നെ പറന്നു. ആ തണുത്ത ഭൂമിയുടെ മടിയിലിരുന്ന് ഞങ്ങൾ ആഹാരം കഴിച്ചു. വയറും മനസ്സും ഒരുമിച്ചു നിറഞ്ഞ നേരം. തെല്ലുനേരത്തെ മലമുകളിലെ സായാഹ്ന സഞ്ചാരങ്ങൾക്ക് ശേഷം ഞങ്ങൾ അവിടെ വിട്ടു. ലൂസേൺ സിറ്റിയും ലോട്ടർബ്രണൻ താഴ്വാരവും തുടങ്ങി സ്വിസ് സുന്ദരിയുടെ ഏറിയ ഇടങ്ങളും താണ്ടി ഞങ്ങൾ മടക്കയാത്രക്കൊരുങ്ങി. തന്‍റെ ക്യാമറ കണ്ണുകളെ ഒരിക്കലും മൂടിവെക്കാൻ സാധിക്കാത്ത ഒരിടത്തു നിന്നും യാത്രപറയുമ്പോൾ ഒരു സഞ്ചാരിയിൽ ബാക്കിയാകന്നത് ആ നാടിന്‍റെ തന്നെ ആത്മാവിന്‍റെ ശേഷിപ്പുകളാണ്. സ്വിസിൽ നിന്നും ശരീരമകന്നപ്പോഴും ഹൃദയം അവിടെവെച്ച് ഞങ്ങൾ മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.