നിധിയിരിക്കുന്ന ശവകുടീരം!
text_fieldsചെങ്കടലിനോട് ചേർന്ന് കിടക്കുന്ന അക്വാബാ നഗരത്തിലെ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുമ്പോൾ സമയം രാത്രി 10.30. പതിവുപോലെ വാച്ചിലെ സമയം, ചെന്നിറങ്ങുന്ന രാജ്യത്തെ സമയം ആക്കി തിരിച്ചു വയ്ക്കുമ്പോൾ എനിക്കറിയില്ലായിരുന്നു അതൊരു അമളിയാണെന്ന്!
39 ദിർഹമിനു ടിക്കറ്റ് കിട്ടിയ വിസ്എയർ വിമാനം അബൂദബിയിൽനിന്നും പുറപ്പെടാൻ അല്പം വൈകിയെങ്കിലും ചെന്നിറങ്ങിയ ജോർദാനിലെ കിങ് ഹുസൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തിറങ്ങുമ്പോൾ ഇന്റനെറ്റിലൂടെ പരിചയപ്പെട്ടിരുന്ന സുഹൃത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. പുള്ളിക്കാരൻ എന്നെ കൊണ്ടുപോവാനായി മറ്റൊരു ഡ്രൈവറെ ഏൽപ്പിച്ചു. പേര് മുസ്തഫ. കക്ഷിക്ക് ഇംഗ്ലീഷ് ഒട്ടും തന്നെ വശമില്ല, എനിക്കൊട്ട് അറബി ഭാഷ അറിയുമില്ല. അതുകൊണ്ടുതന്നെ പുറപ്പെടും മുമ്പ് വിമാനത്താവളത്തിന് പുറത്തെ ഒരു കടയിൽ നിന്നും സിംകാർഡ് വാങ്ങി ഇൻറർനെറ്റ് ഓൺ ആക്കി. ഇനി ഗൂഗിൾ ട്രാൻസ്ലേറ്റർ തന്നെ രക്ഷ. അവിടെ നിന്നും രണ്ടു ചിക്കൻ സാൻവിച്ചും പാർസൽ വാങ്ങി. ഇനി ഈ രാത്രിയിൽ ദീർഘമായ ഒരു യാത്രയാണ്. അക്വാബയിൽ നിന്നും വടക്കോട്ട് ഏതാണ്ട് ഒരു മൂന്നര മണിക്കൂർ സഞ്ചരിച്ച് വാദി മുസ എന്ന സ്ഥലത്തെത്തണം. അവിടെയാണ് ചരിത്ര നഗരമായ പെട്രാ. അക്വാബയിൽ നിന്ന് പുറപ്പെട്ട് കുറേ ദൂരം മെയിൻ റോഡിലൂടെ ഓടിയെങ്കിലും ഏതാണ്ട് ഒരു ഒരുമണിക്കൂർ കഴിഞ്ഞ് ഒരു കട്ട് റോഡിലേക്ക് കയറി. ഇനിയുള്ള വഴി വലിയ മരുഭൂമിയിലൂടെയാണ്. പാതിരാത്രി ആയതുകൊണ്ടാവണം യാതൊരു ഗതാഗതവും ഇല്ലാത്ത, വഴിവിളക്കുകൾ ഇല്ലാത്ത, ഇരുട്ടുമൂടിയ വിജനമായ മരുഭൂമിയിലൂടെ പരസ്പരം ഭാഷകൾ അറിയാത്ത ഞാനും മുസ്തഫയും അങ്ങനെ ഓടികൊണ്ടേയിരുന്നപ്പോൾ, ആംഗ്യഭാഷയോടൊപ്പം ഗൂഗിൾ ട്രാൻസ്ലേറ്ററും വലിയൊരു രക്ഷകനായി!
ഇടയ്ക്ക് എപ്പോഴോ ഉറക്കത്തിന്റെ പിടിമുറുകുന്നു എന്ന് തോന്നിയപ്പോൾ മുസ്തഫയോട് ചോദിച്ചു നമുക്ക് മേടിച്ചു വച്ചിരിക്കുന്ന സാൻവിച്ച് കഴിച്ചാലോ. ഭക്ഷണത്തിന്റെ കാര്യത്തിൽ ലോകത്ത് ഒരിടത്തും ഭാഷ ഒരു പ്രശ്നമേ അല്ല. വീതി നന്നേ കുറഞ്ഞ പാതയാണെങ്കിലും കാർ വശത്തേക്ക് അല്പം ഒതുക്കി നിർത്തി, പുറത്തിറങ്ങി നിന്ന് ഞങ്ങൾ ആ സാൻവിച്ച് കഴിച്ചു. മരുഭൂമിക്ക് നടുവിൽ ആയതുകൊണ്ടാവാം നല്ല തണുപ്പുണ്ട്. ചുറ്റും കൂരിരുട്ടു കൊണ്ടാവും മുകളിൽ ആകാശത്തു നക്ഷത്രങ്ങൾക്ക് നല്ല ശോഭ. വാച്ചിൽ സമയം ഒരു മണി!
ഞാനറിഞ്ഞിരുന്നില്ല ആ സമയത്ത് ജോർദാനിൽ വലിയൊരു മാറ്റം നടന്നുകൊണ്ടിരിക്കുകയായിരുന്നു! വീണ്ടും വണ്ടി പെട്രയെ ലക്ഷ്യമാക്കി മുസ്തഫ പായിക്കുകയാണ്. രാവേറെ വൈകി ഞങ്ങൾ വാദിമൂസയിലെത്തി. മരുഭൂമികൾ മാറി ചെറിയ ചുവന്ന മലകളാണ് ഇപ്പോൾ ചുറ്റും കാണുന്നത്. അവിടെനിന്നും പെട്രയിലെ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലാക്കി മുസ്തഫ പോയി. ദീർഘമായ യാത്രകൾ കഴിഞ്ഞതുകൊണ്ട് നല്ല ക്ഷീണം. ബെഡിലേക്ക് ചാഞ്ഞു. രാവിലെ പ്രാതലെല്ലാം കഴിഞ്ഞ് പെട്ര എന്ന ചരിത്ര നഗരം കാണാനായി ഇറങ്ങി. തലേദിവസത്തെ ഉറക്കത്തിന്റെ ചെറിയൊരു ആലസ്യമുണ്ട്. എന്നാലും സമയമില്ല വൈകിട്ട് അഞ്ചിന് ഇവിടെ നിന്നും രാജ്യ തലസ്ഥാനമായ അമ്മാനിലേക്ക് ബസ് ബുക്ക് ചെയ്തിട്ടുണ്ട്.
ആ ബസ് എങ്ങാനും മിസ്സ് ആയാൽ പിന്നെ അമ്മാനിലേക്ക് പോകാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല. അതുകൊണ്ട് അഞ്ചുമണിക്ക് മുന്നേ ഈ പുരാതനനഗരം കണ്ടു തീർക്കണം. ബാഗ് റിസപ്ഷനിൽ വച്ച്, റൂം ചെക്ക് ഔട്ട് ചെയ്തു ഹോട്ടലിൽ നിന്നും പെട്രയിലേക്കു നടക്കാൻ തീരുമാനിച്ചു. പെട്ര കാണാൻ പോകുമ്പോൾ അതിരാവിലെ തന്നെ പോകുന്നതാണ് നല്ലത്. ജോർദാന്റെ പരമ്പരാഗത തലേക്കെട്ട് വഴിയിൽ നിന്നും വാങ്ങി. സഞ്ചാരികൾക്കായി തലേക്കെട്ട് വിൽപ്പന വഴിയോര ചെറുകിട കച്ചവടക്കാരുടെ ഉപജീവനം. സാമാന്യം നല്ല തിരക്കുണ്ട് പ്രധാന കവാടത്തിൽ. പരിശോധനകൾ കഴിഞ്ഞ് ആ പുരാതന നഗരത്തിന്റെ പാതയിലേക്ക് പ്രവേശിച്ചു. ജോർദാൻ പാസ് എടുത്തിരുന്നത് കൊണ്ട് പെട്രോ കാണാൻ പ്രത്യേകിച്ച് ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. ജോർദാൻ പാസ് എടുത്തിട്ടില്ലെങ്കിൽ അമ്പതു ജോർദാൻ ദിനാർ ആണ് അകത്തേക്ക് കടക്കാൻ ഫീസ്. ജോർദാൻ സന്ദർശിക്കാൻ പോകുന്ന ആരും പുറപ്പെടുന്നതിനു മുമ്പ് ജോർദാൻ പാസ് എടുത്താൽ സാമ്പത്തികമായി ഒരുപാട് ലാഭം ഉണ്ടാകും. സൗകര്യവുമാണ്. www.jordanpass.com എന്ന സൈറ്റിൽ കയറി 70 ജോർദാൻ ദിനാർ അടച്ചാൽ ഒരു ക്യൂആർ കോഡ് ലഭിക്കും. അതിന്റെ ഒരു പ്രിൻറ് എടുത്ത്, പോകുമ്പോൾ കൊണ്ടുപോയാൽ വിസയ്ക്കും മറ്റ് ഒട്ടുമിക്ക ചരിത്ര കാഴ്ചകൾ കാണാനും വേറെ ഫീസ് അടക്കേണ്ടതില്ല. ഇന്ത്യൻസിന് വിസ ഓൺ അറൈവൽ ആണ് ജോർദാനിൽ. മുൻപ് പറഞ്ഞ ക്യൂആർ കോഡ് അവിടെ കാണിച്ചാൽ പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പ്ചെയ്തു തരും.
പെട്രോയുടെ എൻട്രൻസ് കടന്നു മുന്നോട്ടു നടന്നു
പ്രവേശന കവാടത്തിൽ എത്തിയാൽ മുന്നോട്ടുള്ള യാത്ര അൻപതുമുതൽ നൂറുവരെ മീറ്റർ ഉയരമുള്ള പാറയിടുക്കിലൂടെയാണ്. ശാഖകളും ഉപശാഖകളും ആയി നാനാ വഴിയിലേക്ക് പറയിടുക്കിലൂടെയുള്ള യാത്ര വല്ലാത്ത ഒരു അനുഭവം തന്നെയാണ്. പ്രധാന കാഴ്ചകളിൽ ഒന്നായ ദി ട്രഷറിയിലേക്ക് രണ്ട് കിലോമീറ്റർ അധികം നടക്കണം. പറഞ്ഞറിയിക്കാൻ കഴിയാത്ത കാഴ്ചകളാണ് ആ പാതയിൽ ഉടനീളം. ചെങ്കുത്തായ പാറകളിൽ, യുഗങ്ങൾ കൊണ്ട് രൂപം കൈവന്ന പിളർപ്പിലൂടെ വേണം പെട്രയെന്ന ആ ചരിത്രനഗരത്തിലേക്കു നടക്കാൻ.
ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ്, ആധുനിക ലോകത്ത് അവശേഷിക്കുന്ന ഏറ്റവും മനോഹരമായ ഈ പുരാതന നഗരം. അതിൽ തന്നെ ദി ട്രഷറി എന്നറിയപ്പെടുന്ന പ്രദേശം നമ്മെ അത്ഭുതപ്പെടുത്തും. ഏതാണ്ട് 40 മീറ്ററോളം ഉയരത്തിൽ ചെങ്കുത്തായ മലയിൽ കൊത്തിയെടുത്ത ട്രഷറിയുടെ മുൻഭാഗം, നൂറ്റാണ്ടുകൾക്കു മുൻപുള്ള നബാത്തിയൻ എൻജിനീയറിങ് പ്രതിഭയെ പ്രതിനിധീകരിക്കുന്നു. ഇത് ഒരു രാജകീയ ശവകുടീരമായിരുന്നെങ്കിലും, കടൽക്കൊള്ളക്കാർ തങ്ങളുടെ നിധി അവിടെ ഒളിപ്പിച്ചുവെന്ന വിശ്വാസത്തിൽ നിന്നാണ് ട്രഷറിക്ക് ഈ പേര് ലഭിച്ചത്. ചെറിയ ഒരു മ്യൂസിയവും പെട്രയിൽ ഉണ്ട് . കൂടാതെ ഭൂകമ്പത്തിൽ തകർന്ന ആംഫിതീയേറ്റർ മറ്റൊരു പ്രധാനകാഴ്ച. പെട്രയുടെ അപാരതയും ശക്തിയും സൗന്ദര്യവും ശരിക്കും ആസ്വദിക്കാൻ ആഡ് ഡയർ എന്നറിയപ്പെടുന്ന മൊണാസ്ട്രിയും സന്ദർശിക്കണം.(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.