കോട്ടകളാൽ കഥയെഴുതിയ നാട്
text_fieldsകോട്ടകൾ കൊണ്ട് കഥയെഴുതിയ ഒരു നാടുണ്ടെങ്കിൽ അത് മഹാരാഷ്ട്രയാണ്. രൂപം കൊണ്ടും ഭാവം കൊണ്ടും ഉയരം കൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്ന നിരവധി കോട്ടകൾ ഇവിടെയുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക രാജവംശങ്ങളുടെയും ഭരണ കൈകളിലൂടെ കടന്നുപോയ മിക്ക കോട്ടകളും ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറി.
പ്രകൃതിക്ഷോഭവും യുദ്ധവും മനുഷ്യന്റെ കടന്നുകയറ്റങ്ങളും കൊണ്ട് ചിലതൊക്കെ തകർച്ചയുടെ വക്കിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇവിടം സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല എന്നതാണ് മറ്റൊരത്ഭുതം. അത്തരത്തിലുള്ള ഒരു കോട്ടയാണ് മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ലോണവാലക്ക് സമീപം സ്ഥിതി ചെയ്യുന്ന കൊറിഗഡ് കോട്ട.
3028 അടി ഉയരത്തിൽ, തലയെടുപ്പോടെ
വലിയ കുന്നിന്റെ മുകളിലായി സമുദ്ര നിരപ്പിൽനിന്നും 3028 അടി ഉയരത്തിൽ ആരെയും കൂസാതെ തലയെടുപ്പോടെ നിൽക്കുന്ന കൊറിഗഡ് കോട്ടയുടെ ദൃശ്യങ്ങൾ അങ്ങകലെനിന്ന് തന്നെ കണ്ടുതുടങ്ങി. കോട്ടയുടെ പടിക്കെട്ടിലൂടെ നുരഞ്ഞു പതഞ്ഞു ഒഴുകി വെരുന്ന വെള്ളത്തിൽ കാലുകൾ നനച്ചു പതിയെ പതിയെ കോട്ടയിലേക്ക് നടന്നുനീങ്ങി. തടിയും ഉരുക്കും കൊണ്ടുണ്ടാക്കിയ കോട്ടവാതിൽ പിന്നിട്ടു പിന്നെയും മുകളിലേക്ക്. കോട്ട വാതിലിനു കാലപ്പഴക്കത്തിന്റെ കേടുപാടുകൾ ഒന്നും തന്നെയില്ലെങ്കിലും ശക്തമായ വെള്ളപ്പാച്ചിലിൽ പടിക്കെട്ടുകൾ പലതും ഇളകി മാറിയിട്ടുണ്ട്.
കോട്ടയുടെ ചരിത്രത്തെപ്പറ്റി പൂർണമായുള്ള വിവരങ്ങൾ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും എ.ഡി ആയിരത്തി അഞ്ഞൂറിലാണ് കോട്ട നിർമിച്ചതായി കണക്കാക്കുന്നത്. ആരാണ് കോട്ട നിർമിച്ചതെന്നോ, അതിന്റെ പിന്നിലെ കാരണം എന്താണെന്നോ ഒന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല. കാലങ്ങളോളം ആർക്കും അറിയാതെ കിടന്നിരുന്ന ഈ കോട്ട പിന്നീട് ശ്രദ്ധയിലെത്തുന്നത് ശിവജി ഇത് കീഴടക്കിയ ശേഷമാണ്. മറാത്ത ചക്രവർത്തിയായിരുന്ന ഛത്രപതി ശിവജി സമീപത്തെ പല കോട്ടകളും പിടിച്ചടക്കിയതിന്റെ കൂട്ടത്തിൽ ഇതും കീഴടക്കിയതായി ചരിത്രത്തിൽ പറയുന്നു. എ.ഡി 1657ലായിരുന്നു ഇത്. പിന്നീട് 1818ൽ ഇത് ബ്രിട്ടീഷുകാരുടെ കൈവശമായി. കോട്ടയുടെ ഒരു വശം അഗാധമായ കൊക്കയും മറുവശത്ത് കോട്ട മൈതാനവുമാണ്. വളരെ വൃത്തിയായി തന്നെ ഇതിന്റെ മുകൾവശം സൂക്ഷിച്ചിരിക്കുന്നു.
മൈതാനത്തിന്റെ മധ്യത്തായി ഒരു വലിയ ജല സംഭരണിയും അതിനു ചുറ്റുമായി കോൺക്രീറ്റിൽ തീർത്ത ഇരിപ്പിടങ്ങളുമുണ്ട്. കുറച്ചുനേരം അവിടെയിരുന്നു ചുറ്റുമുള്ള കാഴ്ചകൾ കണ്ടു. ആകാശം കാർമേഘം കൊണ്ട് മൂടിയിട്ടുണ്ട്. ചെറിയ ചെറിയ പക്ഷികൾ ജലസംഭരണിയിൽ നീന്തിത്തുടിക്കുന്നുണ്ട്. കോട്ടയുടെ അരികിൽ പുരാതനമായ പീരങ്കി വെച്ചിട്ടുണ്ട്. അവിടെനിന്നും നോക്കിയാൽ വിശാലമായ താഴ്‌വാരവും അങ്ങകലെയായി ആബി വാലി സിറ്റിയും കാണാം. കോട്ടയുടെ മുകളിലായി കൊരേയ് ദേവിയുടെ ക്ഷേത്രമുണ്ട്. കോട്ടയുടെ രക്ഷാധികാരിയായി ദേവിയെ സങ്കൽപിച്ചിരിക്കുന്നു. ഏറെനേരമൊന്നും അവിടെ ചെലവഴിക്കാൻ തോന്നിയില്ല. കാരണം പ്രബൽമച്ചി ഗ്രാമത്തിലേക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്.
പ്രബൽഗഡ് കോട്ടയും കലവന്തിൻ ദുർഗും
കൊറിഗഡ് കോട്ടയിൽനിന്നും യാത്ര തിരിച്ചപ്പോൾ തുടങ്ങിയ മഴ താക്കൂർ വാടി ഗ്രാമത്തിലേക്ക് എത്തിയിട്ടും തോർന്നിട്ടില്ല. പ്രബൽഗഡ് കലവന്തിൻ ദുർഗുമാണ് അടുത്ത ലക്ഷ്യം. പ്രബൽമച്ചി വില്ലേജിൽനിന്നാണ് ഈ രണ്ടു ട്രക്കിങ്ങും ആരംഭിക്കുന്നത്. മഴക്കോട്ടും തൊപ്പിയും ധരിച്ചു കോടമഞ്ഞിനെ വകഞ്ഞുമാറ്റി ട്രക്കിങ് ആരംഭിച്ചു. പോകുന്ന വഴിയിൽ ഓട് പാകിയ ധാരാളം വീടുകളും അതിനോട് ചേർന്നു കാലി തൊഴുത്തുമുണ്ട്. ഓരോ വീടിന് മുന്നിലും ട്രക്കിങ്ങിന് ആവശ്യമായ വടികൾ ചീകി ചെത്തിമിനുക്കി വെച്ചിട്ടുണ്ട്. 20 രൂപയാണ് അവർ ചോദിക്കുന്നത്. 20 രൂപ കൊടുത്ത് വടിയും വാങ്ങി ഉയരങ്ങളിലേക്ക് നടന്നുകയറി. പോകുന്ന വഴികളിൽ ചെറിയ ചെറിയ പെട്ടിക്കടകളും ചായക്കടകളുമുണ്ട്. ഉയരം കൂടുന്തോറും ചായക്ക് വിലയും കൂടും.
വഴിയിൽ ചെറിയ ബേസ് ക്യാമ്പ് കാണാം. ചില സഞ്ചാരികൾ ഇവിടെ ടെന്‍റിൽ താമസിച്ചു പിറ്റേന്ന് രാവിലെ മല കയറുന്നുണ്ട്. കുറ്റിക്കാടുകളും ചെറിയ ചെറിയ കാട്ടുചോലകളും പിന്നിട്ട് മുകളിലേക്ക് കയറുമ്പോൾ തന്നെ വഴി രണ്ടായി പിരിയും. ഇടത്തോട്ട് കലവന്തിൻ, വലത്തോട്ട് പ്രബൽദഡും. ആദ്യമായി പോകാൻ തീരുമാനിച്ചത് കലവന്തിനിലേക്ക് ആയിരുന്നു. കുറച്ചുദൂരം പോയപ്പോൾ തന്നെ കലവന്തിൻ കോട്ടയുടെ മുകൾ ഭാഗം കണ്ടു തുടങ്ങി. കല്ലിൽ കൊത്തിവെച്ച കൽപ്പടവുകളിലൂടെ കലവന്തിന്‍റെ ആദ്യ കവാടത്തിലേക്ക് നടന്നു നീങ്ങി. ആരോ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് റോപ് കയറിൽ പിടിച്ചു മുകളിലേക്ക് കയറി. പിന്നീടങ്ങോട്ട് 80-90 ഡിഗ്രി ചെരുവിൽ കൊത്തിയ കൽപ്പടവുകളിലൂടെ മുകളിലേക്ക് കയറണം.
സഹായത്തിനായി തൂണുകളും കയറുകളും ഒന്നുംതന്നെയില്ല. ഓരോ പടിയിലും കൈവെച്ച് അമർത്തി പിന്നിലേക്ക് നോക്കാതെ മുന്നിലേക്ക് നടന്നു. ചുരം കയറി പോകുന്നതുപോലെ എണ്ണിയാൽ തീരാത്ത കൽപ്പടവുകളും പിന്നിട്ട് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. കൽപ്പടവിനു വീതി കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്. പോരാത്തതിന് കാറ്റിന്റെ ശക്തിയും കൂടുന്നു. പടികൾ നിറയെ പായലാണ്. കാലൊന്നു തെറ്റിയാലോ, മനസ്സൊന്നു പതറിയാലോ അഗാധമായ താഴ്ചയിലേക്ക് വീണുപോകും. തൊട്ടുപിറകിൽ തന്നെ 50 വയസ്സിനു മുകളിൽ പ്രായമുള്ള വയോധികൻ അതിവേഗത്തിൽ തന്നെ മുകളിലേക്ക് കയറിവരുന്നുണ്ട്. മുകളിലെ ദുർഗാ ക്ഷേത്രത്തിൽ പൂജയുണ്ട്. അതിനായി എണ്ണയും പൂക്കളും കൊണ്ടുപോവുകയാണ്. പ്രായം അദ്ദേഹത്തെ ഒട്ടും തളർത്തിയിട്ടില്ല എന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും. നോക്കിനിൽക്കവേ തന്നെ വീതികുറഞ്ഞ കൽപ്പടവുകൾ നിഷ്പ്രയാസം താണ്ടി ഉയരങ്ങളിലേക്ക് അദ്ദേഹം മറഞ്ഞു.
ഒടുവിൽ കലവന്തിന്‍റെ നെറുകയിലേക്ക് എത്തിച്ചേർന്നു. ദുർഗാദേവി ക്ഷേത്രത്തിലെ പൂജയും അതിനോട് അനുബന്ധിച്ച പ്രാർഥനാ മന്ത്രങ്ങളും മുഴങ്ങി കേൾക്കുന്നുണ്ട്. കോട്ടയുടെ മുകൾ ഭാഗത്ത് വീതി വളരെ കുറവാണ്. ആഗ്രഭാഗം കൂർത്ത നിലയിലാണ് കലവന്തിൻ ദുർഗിന്റെ നിർമാണ രീതി. ദൂരെനിന്നും നോക്കുമ്പോൾ ക്രിസ്മസ് ട്രീയുടെ രൂപം പോലെ തോന്നും. വീശിയടിച്ച കാറ്റിൽ അൽപസമയത്തേക്ക് കോടയും മഞ്ഞുമെല്ലാം മാറിനിന്നു. അങ്ങകലെ മുംബൈ മഹാനഗരവും പനവേലിന്റെ ഭാഗങ്ങളും വ്യക്തമായി കണ്ടുതുടങ്ങി. ആ മനോഹരമായ കാഴ്ച കാണാൻ പ്രകൃതി അൽപസമയം പോലും അനുവദിച്ചില്ല. അതിനു മുന്നേ മഴയുടെ താണ്ടവം പിന്നെയും ആരംഭിച്ചു.
അധികനേരം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയ നിമിഷം താഴേക്കിറങ്ങാൻ തുടങ്ങി. കയറുന്നതിനേക്കാൾ വളരെയധികം ദുർഘടമായിരുന്നു താഴേക്കിറങ്ങാൻ. പായൽ പിടിച്ച കൽപ്പടവുകൾ ഇരുന്ന് നിരങ്ങി താഴേക്ക് വന്നു. കോട കാരണം താഴെയുള്ള അഗാധമായ ഗർത്തത്തിന്റെ കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. ഒരുകണക്കിന് അതൊരു ഭാഗ്യമായി തോന്നി. താഴ്ഭാഗം വെള്ളപ്പട്ടു വാരി പുതച്ചത് പോലെ നിൽക്കുന്നു. പുക പടലത്തിലേക്ക് ഊളിയിട്ടു പോകുന്നത് പോലെ തൊട്ടു താഴെയുള്ള കൽപടവിൽ കണ്ണും മനസ്സും നട്ട് താഴേക്കിറങ്ങി.
കോട്ടകളുടെ ചരിത്രത്തിലൂടെ
ആദ്യം കണ്ട വഴി രണ്ടായി പിരിയുന്നിടത്തുനിന്നു പ്രബൽഗഡിലേക്കുള്ള യാത്ര ആരംഭിച്ചു. ഈ രണ്ടു കോട്ടകൾ നിർമിച്ചതിനു പിന്നിൽ ഒരുപാട് കഥകളുണ്ട്. പുരാതന തുറമുഖങ്ങളായ പൻവേലിനെയും കല്യാണിനെയും നിരീക്ഷിക്കാനാണ് ബഹാമണി സാമ്രാജ്യത്തിന്റെ കാലത്ത് ഈ കോട്ടകൾ നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കോട്ടയിലെ ഗുഹകളെക്കുറിച്ചുള്ള പഠനത്തിൽനിന്നും ഇത് ബുദ്ധന്റെ കാലത്ത് പണിതതാണെന്നുള്ള ഐതീഹ്യമുണ്ട്. മറ്റൊന്ന് കലവന്തിൻ എന്ന രാജ്ഞിക്കുവേണ്ടിയാണ് ഈ കോട്ട പണിതതെന്ന് നാടോടിക്കഥകളിലും പറയുന്നു.
എ.ഡി 1458 ഓടെ കോട്ട അഹ്മദ്‌നഗർ സുൽത്താനത്ത് ഏറ്റെടുത്തു. നിസാം ഷാഹി രാജവംശത്തിന്റെ കീഴിലായിരുന്നു പിന്നീട് ഈ കോട്ട. ഷാഹി രാജവംശം തകർച്ചയുടെ വക്കിലെത്തിയപ്പോൾ മുഗൾ ചക്രവർത്തി ഷാജഹാനും വിജാപൂരിലെ ആദിൽ ഷായും ഷഹാജിയെ പരാജയപ്പെടുത്താൻ പ്രത്യേകം സൈന്യത്തെ അയച്ചു. ഷഹാജി ഇത് അറിഞ്ഞപ്പോൾ മുഗൾ സേനക്കെതിരെ യുദ്ധം ചെയ്യാൻ ജഞ്ജിറയിലെ സിദ്ധികളിൽനിന്ന് ആദിൽഷാഹി സഹായം അഭ്യർഥിച്ചെങ്കിലും അതവർ നിരസിക്കുകയാണുണ്ടായത്. തുടർന്ന് ഷൗജി ചൗൾ നഗരത്തിലെ പോർച്ചുഗീസുകാരിൽനിന്ന് സഹായം നേടാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.
ഒടുവിൽ ഷഹാജിയും ഭാര്യ ജിജാബായിയും മകൻ ശിവാജിയും സൈന്യത്തോടൊപ്പം മുരഞ്ജൻ കോട്ടയിലേക്ക് മാറി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ ഇത് മുഗൾ സാമ്രാജ്യം കീഴടക്കി. വർഷങ്ങൾ കടന്നുപോയി. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയോടെ 1658ൽ ശിവാജിയുടെ കീഴിലുള്ള മറാത്തക്കാർ ഒരിക്കൽ കൂടി ഈ കോട്ട ഏറ്റെടുത്തു. പിന്നീട് 1665ലെ പുരന്ദർ ഉടമ്പടി പ്രകാരം പ്രബൽഗഡ് 23 കോട്ടകളിൽപെട്ട ഒന്നായി മാറി.
മുഗൾ സാമ്രാജ്യം പ്രബൽഗഡ് കോട്ടയുടെ ചുമതലക്ക് സർദാർ ജയ്സിങ് കേസർസിങ് ഹഡ എന്ന രജപുത്രനെ നിയമിച്ചു. ഇതിനോടകം കോട്ട കീഴടക്കിയിരുന്ന ശിവാജി വംശം ആക്രമണം കൂടുതൽ ശക്തമാക്കി. മുഗൾ സാമ്രാജ്യത്തിന്റെ തോൽവി ആസന്നമായെന്ന് മനസ്സിലാക്കിയ അന്നത്തെ മുഗൾ സർദാർ കേസർ സിങ് ഈ കോട്ടയിൽ വെച്ച് ആത്മഹത്യ ചെയ്തു. കോട്ടയിൽ ഒളിച്ചിരുന്ന കേസർ സിങ്ങിന്റെ അമ്മക്കും മകനും ശിവാജിയുടെ ഉത്തരവ് പ്രകാരം പിന്നീട് സ്വാതന്ത്ര്യം ലഭിച്ചു.
ഇക്കാലയളവിൽ രാജവംശമായ ശിവാജിയുടെ ധീരനായ സർദാർ അബാജി മഹാദേവ് കല്യാൺ, ഭിവണ്ടി, റെയ്‌റി എന്നീ മേഖലകളിലെ യുദ്ധത്തിലൊക്കെ വിജയിച്ച സമയമായിരുന്നു. കോട്ടകളൊക്കെ ശിവാജി വംശത്തിന്റെ കീഴിലായപ്പോൾ ശിവാജി അന്നത്തെ മുരഞ്ജൻ കോട്ടയുടെ പേര് " പ്രബൽഗഡ്" (പ്രബൽ എന്നാൽ "ശക്തൻ") എന്നാക്കി മാറ്റി. മുഖാമുഖം നിൽക്കുന്ന രണ്ട് കോട്ടകളിൽ ഒന്നായ കലവന്തിൻ ദുർഗിന്റെ ചരിത്രം പലപ്പോഴും മറ്റൊരു കോട്ടയായ പ്രബൽഗഡ് കോട്ടയുമായി കൂടിച്ചേർന്നതാണ്.
കോട്ടയിൽ കൊത്തിയെടുത്ത മനുഷ്യനിർമിത ഗുഹകൾ ഉള്ളതിനാൽ ഷിലഹാർ, യാദവ് രാജവംശങ്ങൾ ഇതിനെ ഒരു സൈനിക ക്യാമ്പാക്കി മാറ്റിയിരുന്നു എന്നു പറയപ്പെടുന്നു. കൂടാതെ 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വാതന്ത്ര്യസമര സേനാനി ഉമാജി നായിക് തന്റെ രഹസ്യ ഒളിത്താവളമായും ഇതിനെ ഉപയോഗിച്ചു. പ്രബൽഗഡിലേക്കുള്ള ഏകദേശം പകുതി ദൂരവും പിന്നിട്ടു കഴിഞ്ഞു ചെങ്കുത്തായ മലഞ്ചരുവിലൂടെ പാറകളിൽരൂപം കൊണ്ട ചെറിയ ചെറിയ ഗുഹകളിലൂടെ നടന്നു വേണം പ്രബൽഗഡിലേക്ക് എത്തിച്ചേരാൻ. പാറകളിൽനിന്നും ഉതിർന്നുവീഴുന്ന വെള്ളം ശരീരമാസകലം നനഞ്ഞുകുതിർന്നു. 2300 അടി ഉയരത്തിലാണ് പ്രബൽഗഡ് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് എത്തിയാൽ വിശാലമായ ഒരു സ്ഥലം തന്നെ പ്രകൃതി ഒരുക്കിയിട്ടുണ്ട്.
കലവന്തിനിന്‍റെ ശരിക്കുള്ള രൂപവും ഭംഗിയും അറിയണമെങ്കിൽ പ്രബൽഗഡിൽനിന്നും കലവന്തനിലേക്ക് നോക്കിയാൽ മതി. ഒരു പക്ഷെ ആദ്യം പ്രബൽഗഡിലേക് എത്തിയിരുന്നു എങ്കിൽ കലവന്തിൻ ദുർഗിലേക്ക് കയറാനുള്ള ധൈര്യം കിട്ടില്ല. അത്രമേൽ ഉയരവും സാഹസികതയും അനുഭവപ്പെടുന്നുണ്ട്. നമുക്കു മുന്നേ എത്തിയവർ ഷീറ്റും വിരിച്ചു വിശ്രമിക്കുന്നുണ്ട്. ഇടക്കിടെ കലവന്തിൻ ദുർഗ് മഞ്ഞു വന്നു വെള്ള പട്ടിട്ടു മൂടുന്നതും സഞ്ചാരികളുടെ ആർപ്പു വിളികളുടെ മുഴക്കങ്ങളും പ്രകൃതിയിൽ അലിഞ്ഞു ചേർന്നു.
അങ്ങകലെ ഇർഷാൽഗഡും മലനിരകളും മാടി വിളിക്കുന്നുണ്ട്. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ട്രക്കിങ് ഇനിയുമുണ്ട്. കാലാവസ്ഥ അനുകൂലം അല്ലാത്തതിനാലും ദുർഘടമായ പാതയിലൂടെ അടുത്തിടെ സഞ്ചരിച്ച രണ്ടു സഞ്ചാരികൾ അപകടത്തിൽ പെട്ടു മരിച്ചു എന്നറിഞ്ഞപ്പോൾ ആ യാത്രയെ പാടെ ഒഴിവാക്കി താഴേക്ക് തിരികെ ഇറങ്ങാൻ തുടങ്ങി. ബേസ് ക്യാമ്പിലേക്ക് തിരികെ എത്തിയപ്പോൾ നമ്മൾ വാങ്ങിയ മുള വടികൾ അവിടെ തന്നെ തിരികെ ഏൽപ്പിച്ചു. അടുത്ത സഞ്ചാരികൾക്ക് വഴി തെളിക്കാനായി മുളവടികൾ പിന്നെയും കാത്തിരിക്കുന്നുണ്ടാകാം.
Travel info:
മഹാരാഷ്ട്രയിലെ പനവെൽ റെയിൽവേ സ്റ്റേഷനിൽനിന്നും തൊട്ടടുത്ത ബസ് സ്റ്റാൻഡിൽനിന്നും താക്കൂർ വാടി ഗ്രാമത്തിലേക്ക് ലോക്കൽ ബസ് സർവിസുണ്ട്. കൂടാതെ ബസ് സ്റ്റാൻഡിനു തൊട്ടടുത്തുള്ള മെയിൻ ഹൈവേയിൽനിന്ന് ഷെഡ്യൂങ് ഫട്ടാ (shedung fatta) എന്ന സ്ഥലത്തേക്ക് ഷെയർ ഓട്ടോ കയറി (50 രൂപ ) അവിടുന്ന് 150 രൂപ കൊടുത്തു പ്രാബല് മച്ചി ബേസ് ക്യാമ്പിനു അടുത്തിറങ്ങാം. ഇവിടെ നിന്നാണ് കലവന്തിൻ ദുർഗ്, പ്രബൽഗഡ് എന്നിവിടങ്ങളിലേക്ക് ട്രക്കിങ് തുടങ്ങുന്നത്.
പനവെൽ റെയിൽവേ സ്റ്റേഷൻനിന്നും ലോക്കൽ ട്രെയിനിൽ ലോണവാലയിൽ ഇറങ്ങി ബസ് അല്ലെങ്കിൽ ഷെയർ ഓട്ടോ മാർഗം കൊറിഗാഡിലേക്ക് എത്തിച്ചേരാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.