കാനനഭംഗി തേടി മലക്കപ്പാറയിലേക്ക് ആനവണ്ടിയിലൊരു ഉല്ലാസ യാത്ര
text_fieldsകേര നാടിന്റെ ഗരുഡവാഹനമായ ആന വണ്ടിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസ യാത്ര കുടുംബത്തോടൊപ്പം ഒരു സ്വപ്നമായി മനസ്സിൽ കേറിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സി തിരൂരിന്‍റെ ആ വാർത്ത വന്നത്, മലക്കപ്പാറയിലേക്ക് സഞ്ചാരികൾക്കായി സ്പെഷൽ സർവിസ്, പിന്നെ കാര്യങ്ങൾ വേഗത്തിലായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തു, അക്ഷമയോടെ യാത്രക്കുള്ള കാത്തിരിപ്പ്...
അങ്ങനെ ആ ദിവസം വന്നെത്തി. 2022 ജൂലൈ 16, ശനിയാഴ്ച. പതിവുപോലെ ഉറക്കമില്ലാത്ത രാത്രി. പുലർച്ചെ മൂന്നിനു തന്നെ ഞങ്ങളുടെ ബറ്റാലിയൻ (ഞാൻ, സഹോദരൻ ഷാഹിദ് പിന്നെ എന്റെ രണ്ടു മക്കളും) വീട്ടിൽ നിന്നു വൈലത്തൂരിലേക്ക് പുറപ്പെട്ടു. സമയം 4.20, ബസ് പുറപ്പെട്ടു. ബസ്സിൽ യാത്രക്കാരായി അഞ്ചുപേർ. എല്ലാവരും ഉറക്കത്തിന്‍റെ ആലസ്യത്തിലാണ്. തിരൂർ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി ബസ് നീങ്ങി.
തിരൂർ എത്തുമ്പോഴേക്കും യാത്രയുടെ ചിത്രം മാറി. ഞങ്ങളെ കാത്ത് ഒരു വൻ പട അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചായയും ബിസ്‌കറ്റുമായി ആദ്യമായി സ്വീകരിച്ചത് തിരൂർ വ്യാപരി വ്യവസായി യൂത്ത് വിങ് പ്രവർത്തകർ. ടി.സി.വി പ്രാദേശിക ചാനൽ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. ആകെപ്പാടെ ആഘോഷമയം! മധുരം നൽകി യാത്രയയപ്പ്. സഹയാത്രികരെയും വഹിച്ച് 4.56ന് ഞങ്ങളുടെ സ്വന്തം ആനവണ്ടി ഔദ്യോഗി യാത്ര തുടങ്ങി. കുറച്ചു നേരത്തേക്ക് എല്ലാവരും അവരവരുടെ സീറ്റിൽ മസ്സിൽ പിടിച്ചു ഇരുന്നു. പലയിടങ്ങളിൽനിന്നായി കുറച്ചുപേർ കൂടി യാത്രയുടെ ഭാഗമായി. ഇതോടെ സഞ്ചാരികളുടെ എണ്ണം 48 ആയി. ഇതിനിടെ പ്രാർഥനക്കും മറ്റുമായി രാങ്ങാട്ടൂർ വഴിവക്കിൽ ബസ് നിർത്തി.
എല്ലാവരും തിരിച്ചു വണ്ടിയിൽ കയറിയത് കൂടുതൽ ഉന്മേഷത്തോടെയായിരുന്നു. യാത്ര അതിന്റെ ആവേശത്തിലേക്ക് കടന്നു. ബസ്സിൽ എക്സ്ട്രാ ഫിറ്റ് ചെയ്ത സൗണ്ട് ബോക്സിന്റെ മൈക്ക് ആദ്യമായി എടുത്തത് ഈ യാത്രയുടെ എല്ലാമെല്ലാമായ നമ്മുടെ കണ്ടക്ടർ, തിരൂർ മുത്തൂർ സ്വദേശി യൂസുഫ്. സ്വയം പരിചയപ്പെടുത്തി തന്നെ തുടങ്ങി. കൂടെ ഡ്രൈവിങ് വൈദഗ്ധ്യം എന്താണെന്ന് എന്നെ അത്ഭുതപ്പെടുത്തിയ കപ്പിത്താൻ ഡ്രൈവർ കൃഷ്ണൻ ചേട്ടനെയും.
റിട്ടയർ ജീവിതം ആസ്വദിക്കുന്ന അധ്യാപക ദമ്പതികൾ, അധ്യാപകയും അവരുടെ കുട്ടികളും, അടുത്തിടെ വിവാഹിതരായ യുവദമ്പതികൾ, പ്രവാസവും സർക്കാർ ജോലികളും അവസാനിപ്പിച്ച് ജീവിതത്തെ ആസ്വദിക്കുന്ന കുറച്ചുപേർ. എന്നെ പോലെ ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തി മക്കളുടെ നിർബന്ധത്തിനു വഴങ്ങി യാത്രക്ക് പുറപ്പെട്ടവർ, ജോലികളിലെ സമ്മർദത്തിന് അൽപം വിട നൽകി യാത്രക്കൊപ്പം ചേർന്നവർ, ബിസിനസ് സംരംഭകർ, ജീവിതത്തിൽ അടിച്ചുപൊളിക്കാനായി ജീവിതം ഒഴിഞ്ഞുവെച്ചവർ, ജീവിത സഖിയുടെ ഇഷ്ടത്തിന് വഴങ്ങി യാത്ര വന്നവർ, വ്ലോഗറും ഫോട്ടോഗ്രാഫറുമായ റഷീദ് ബ്രോ, കൂടെ എന്റെ സ്വന്തം പഴയ വാർഡ് മെമ്പർ ഷിഹാബ് മാഷും അവരുടെ അയൽവാസി യാസീനും... അങ്ങനെ പലരും പരസ്പരം പരിചയപ്പെടുത്തി കഴിയുമ്പോഴേക്കും ഞങ്ങൾ പുതിയ ബന്ധങ്ങളുടെ തലങ്ങൾ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
പിന്നെ മൈക്ക് കൈയിലെടുത്തത് ഗായക സംഘമായിരുന്നു. ആദ്യമായി തുടക്കം വെച്ചത് യേശുദാസ് കഴിഞ്ഞാൽ പിന്നെ ആര് എന്ന ചോദ്യത്തിനുത്തരം ഞാനാണെന്ന് സ്വയം പരിചയപ്പെടുത്തിയ വാസുദേവ് ബ്രോയുടെ ആയിരം കാതങ്ങൾ എന്ന സൂപ്പർഹിറ്റ് ഗാനത്തോട് കൂടിയായിരുന്നു... പിന്നെ പഴയ സിനിമാഗാനങ്ങൾ ആലപിച്ച് ഹരിയേട്ടനും കവിതകളും അടിപൊളി പാട്ടുകളും കൊണ്ട് കളം നിറഞ്ഞ വിനയൻ ചേട്ടനും യാത്ര കളറാക്കി. രണ്ടാം ക്ലാസ് വിദ്യാർഥിനി അദ്വിക കുഞ്ഞിന്റെ കുഞ്ഞു പാട്ടുകളും ശാസ് അബ്ദുൾ സമദിന്റെ മദീന ഗാനവും ഷേർളി ടീച്ചറുടെ ഇമ്പമാർന്ന പഴയ പാട്ടുകളും... കൂടെ സെവൻസ് ഫുട്ബാൾ അനൗൺസ്മെന്‍റ് അനുകരണവുമായി മുസ്തഫ മൂലക്കലും ചില അർധ ഗായകരും കൂടി ആകെപ്പാടെ ഈ യാത്ര അതിന്റെ ഉന്മാദ പാരമ്യതയിൽ എത്തിച്ചു. ഇതൊന്നും കാര്യമാക്കാതെ പുറത്ത് എടവ്വപ്പാതി തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ഇതെല്ലാം ഞങ്ങളുടെ മഴ യാത്ര കൂടുതൽ ആനന്ദകാരമാക്കി.
ചാലക്കുടിയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. യാത്രക്കൊപ്പം പരിപാടികളും തുടർന്നു. റോഡിന് വലത് വശത്തായിട്ട് കേരളത്തിലെ തന്നെ പ്രധാനപ്പെട്ട എണ്ണ പന തോട്ടങ്ങളെ പിന്നിലാക്കി ബസ് മുന്നോട്ടുപോയി, വണ്ടി ആദ്യം ബ്രേക്ക് ഇട്ടത് അതിരപ്പിള്ളി വ്യൂ പോയിന്റിന് അടുത്താണ്. കോടമഞ്ഞു നിറഞ്ഞതിനാൽ കാഴ്ച മറഞ്ഞു. അവിടെനിന്ന് കവാടത്തിനടുത്തേക്ക് നടന്നാണ് പോയത്. വരി വരിയായി ഞങ്ങൾ നടന്നെത്തിയത് ചെറു വെള്ളച്ചാട്ടത്തിന് അടുത്തേക്ക്. അത്ര ശാന്തമല്ലാതെ അത് ഒഴുകി കൊണ്ടിരിക്കുന്നു. ഈ ഒഴുക്ക് കണ്ടാൽ കേരള നയാഗ്ര എന്നറിയപ്പെടുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം അതിന്റെ പൂർണരൂപമാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് ഞാനും മക്കളും കുറച്ചു പേരും കൂടി താഴേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും നടന്നടുത്തപ്പോൾ തന്നെ ആ ശീൽക്കാര ശബ്ദം കേൾക്കാമായിരുന്നു. വെള്ളച്ചാട്ടം അതിന്റെ പൂർണ ശക്തിയോടെ കുത്തിയൊലിക്കുന്നു. ജല കണികകൾ സ്പ്രേ രൂപത്തിൽ ദേഹത്ത് പതിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കുറച്ചു നേരം കൊണ്ട് ഒരു അർധസ്‌നാനം പൂർത്തിയാക്കിയിരുന്നു.
മെല്ലെ തിരിച്ചു നടന്നു മുകളിലെത്തി. അടുത്ത സന്ദർശന കേന്ദ്രമായ വാഴച്ചാൽ വെള്ളച്ചാട്ടത്തിനടുത്തേക് ബസ് നീങ്ങി. പോകുന്ന വഴിയിൽ ചാർപ വെള്ളച്ചാട്ടവും ഡ്രൈവർ ചേട്ടൻ കാണിച്ചു തന്നു. അതെ ടിക്കറ്റുമായി വാഴച്ചാൽ കവാടത്തിലേക്ക് പ്രവേശിച്ചു. വെള്ളച്ചാട്ടത്തിന് അടുത്തൊരുക്കിയ നടപ്പാതയിലൂടെ എക്സിറ്റ് പോയിന്റിലേക്ക് നടന്നെത്തിയപ്പോൾ ആനവണ്ടി ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഈ പോയിന്റ് വരെയാണ് ഞാൻ മുമ്പ് യാത്ര ചെയ്തത്. ഇനിയുള്ള വഴികളെല്ലാം എനിക്ക് അപരിചിതമാണ്. അത് കൊണ്ട് തന്നെ ത്രില്ല് ഒന്ന് കൂടി ഉണരുന്നു. ഭാഗ്യമുണ്ടെങ്കിൽ വന്യ മൃഗങ്ങളെയും പക്ഷികളെയും കാണാമെന്ന് കൂടി കണ്ടക്ടർ പറഞ്ഞതോടെ അക്ഷമരായി ഞങ്ങൾ കാത്തിരുന്നു. ഇനിയുള്ള പാത ഒരു വാഹനത്തിന് മാത്രം പോകാവുന്ന റോഡ് ആയതോടെ ജിജ്ഞാസ ചെറിയ ഭയത്തിലേക്ക് മാറി. ഹേയ്... അതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു കളിചിരികളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അതിനിടയിൽ ചിലർ യാത്ര അനുഭവങ്ങളും മറ്റും മൈക്കിൽ കൂടി അവതരിപ്പിച്ചു യാത്രയെ ലൈവ് ആക്കി.
പോകുന്ന വഴിയിലായിരുന്നു അപ്പർ ഷോളയാർ എന്നറിയപ്പെടുന്ന കേരളത്തിലെ ഡാം, അവിടെയിറങ്ങി. അതിമനോഹരവിദൂര ദൃശ്യം ആയിരുന്നു. പക്ഷെ, കോടമഞ്ഞു പെട്ടെന്ന് തന്നെ അത് മറച്ചു കളഞ്ഞത് ഞങ്ങളെ നിരാശപ്പെടുത്തി. യാത്രയിലെ അടുത്ത കാഴ്ച ഡാമിൽ നിന്നും വെള്ളം ഒഴുക്കിക്കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് വാൽവും കണ്ടുകൊണ്ട് യാത്ര തുടർന്നു. ഇടക്കിടക്ക് മാനും സിംഹവാലൻ കുരങ്ങും മ്ലാവും ഞങ്ങളെ അതിശയിപ്പിക്കുന്നുണ്ടായിരുന്നു.
അങ്ങനെ വളഞ്ഞും പുളഞ്ഞും അവസാന പോയിന്റ് ആയ മലക്കപ്പാറ ബോർഡുകൾ കണ്ടു തുടങ്ങിയിരുന്നു. തേയില തോട്ടങ്ങളും തമിഴ് കേരള സംസ്‌കാരങ്ങളും ഇഴകി ചേർന്ന മലക്കിപ്പാറ അതിന്റെ സൗന്ദര്യം ഞങ്ങളെ അഹങ്കാരത്തോടെ കാണിച്ചു. തമിഴ്‌നാട് ബോർഡറും പിന്നിട്ട് ബസ് മുന്നോട്ട് പോയത് അറിഞ്ഞത് റോഡിൽ വന്ന യാത്ര സുഖം അറിഞ്ഞപ്പോഴാണ്. അതുവരെ എന്‍റെ കേരള റോഡുകളാണ് നല്ലതെന്ന ചിന്ത എനിക്കുണ്ടായിരുന്നു..
കുറച്ചു കൂടി സഞ്ചരിച്ചു അപ്പർ ഷോളയാർ ഡാമിന്റെ ഷട്ടർ ഭാഗത്തേക്കാണ് എത്തിപ്പെട്ടത്. അതിനടുത്തായി ഉച്ചഭക്ഷണത്തിനായി ഹോട്ടലിന്റെയടുത്ത് നിർത്തിയപ്പോൾ സമയം 2.22. 28 കിലോമീറ്റർ രണ്ടു മണിക്കൂറിലധികം സമയമെടുത്ത് എത്തിയപ്പോഴേക്കും വിശപ്പ് അതിന്റെ മൂർധന്യത്തിലെത്തിയിരുന്നു. അത് കൊണ്ട് തന്നെ ഞാനുൾപ്പെടെ മിക്കവരും ഷോളയാർ ഡാം ഷട്ടർ സൈഡ് കാണാൻ പോകാതെ ശാപ്പാട് ലക്ഷ്യമാക്കി ഓടി. ബിരിയാണിയും ഊണും കഴിച്ചതിനു ശേഷമാണ് ആ കാഴ്ചകളിലേക്ക് പോയത്. പാൽ പതഞ്ഞു പൊങ്ങുന്ന പോലെയുള്ള മനോഹര കാഴ്ചയാണ് ഞങ്ങൾക്ക് സ്വാഗതമോതിയത്. ഫോട്ടോ സെഷനും കഴിഞ്ഞു ഡാം കാണാനായി വീണ്ടും ബസ്സിൽ കയറി.
ചെറിയ ചാറ്റൽ മഴയോടെ ഞങ്ങളെ 1965ൽ നിർമിച്ച ഷോളയാർ ഡാമിന്റെ മുകളിലെത്തി. അതി നയനമനോഹരം! കോടമഞ്ഞു കുതിർന്നു വീണ് അങ്ങിങ്ങായി കാടിനോട് ചേർന്ന ജലാശയം. മുമ്പോട്ടുള്ള ഞങ്ങളുടെ യാത്ര അവസാനിക്കുകയാണ് ഇവിടെ. അവസാന ഗ്രൂപ്പ് സെഷൻ ഫോട്ടോക്കായി തേയിലത്തോട്ടങ്ങൾക്കടുത്തേക്ക് നീങ്ങി. ഫോട്ടോഗ്രാഫർമാരുടെ മത്സരിച്ചുള്ള ഫോട്ടോയെടുപ്പ് ആയിരുന്നു പിന്നീട് അങ്ങോട്ട്. കണ്ടക്ടർ വിളിച്ചതോടെ എല്ലാവരും മനസ്സില്ലാ മനസ്സോടെ വണ്ടിയിൽ തിരിച്ചുകയറി.
തിരിച്ചിറിങ്ങുകയാണ് ഞങ്ങൾ. മലക്കപ്പാറയും പിന്നിട്ട് ഘോരവനത്തിലൂടെ മടക്ക യാത്ര. എല്ലാവരുടെ മുഖത്തും ഒരു മ്ലാനത പ്രകടമായിരുന്നു. എങ്കിലും വീണ്ടും പാട്ടും ആരവുമായി യാത്ര പൊലിപ്പിക്കാൻ തുടങ്ങി. വണ്ടിയിലെ ആസ്ഥാന ഗായകരായ ഷഹീദ് അലിയും വിനയും മറ്റും മൈക്ക് എടുത്തു. ആ ഗായക സംഘത്തെ അഭിനന്ദിക്കാതിരിക്കാൻ വെയ്യ. തിരൂർ ബസ് സ്റ്റാൻഡ് എത്തുന്നതുവരെ നോൺ സ്റ്റോപ്പ് ഗായകരായിരുന്നു അവർ. ഇതുതന്നെ ആയിരുന്നു യാത്രയുടെ പ്രധാന ഹൈലൈറ്റും. തിരൂർ എത്തുന്നതിനു മുമ്പേ ചിലർ യാത്ര പറഞ്ഞു ഇറങ്ങുന്നുണ്ടായിരുന്നു. കുടുംബ വീട്ടിൽ നിന്ന് പടി ഇറങ്ങുന്നതിന്റെ വേദന പലരും മുഖത്തു പ്രകടിപ്പിച്ചു. അവസാനം വണ്ടി തിരൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ സമയം 12.32.
ഒരുപക്ഷെ ഇതുപോലത്തെ യാത്ര സാധാരണമായിരിക്കാം. പക്ഷെ ഞങ്ങൾക്കിത് പുത്തൻ ഉണർവാണ്. പല ദേശങ്ങളിൽ നിന്നും പല ജാതി മതങ്ങളിൽ നിന്നും വന്ന അപരിചിതർ അവസാനം ഒരു കുടുംബമായി മടങ്ങുന്നതിന്‍റെ അനുഭൂതി ആണ് ഓരോരുത്തർക്കും ലഭിച്ചത്. ഈ സംരംഭത്തിന് പിന്നിൽ പ്രർത്തിച്ച എല്ലവരെയും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു നന്ദി അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.