സിര്‍സിയിലെ ഉള്‍ക്കാടുകളിലൂടെ യാന വഴി ഗോകര്‍ണത്തേക്കൊരു യാത്ര
text_fieldsസഞ്ചാരികള്‍ക്കായി
ഗോകര്‍ണത്തിലെത്തുന്നവര്‍ അടുത്തുള്ള ഗ്രാമങ്ങളായ സനിക്കത്ത, തദാഥി, ടോര്‍ക്കെ, മഡംഗരെ, മാസ്‌കേരി, അഡികോണ്‍, നെല്ലഗുനി, ബിജ്ജുര്‍ എന്നിവടങ്ങളിലേക്കും കൂടി പോയാല്‍ നല്ലൊരു യാത്ര അനുഭവമായിരിക്കും. കൂടാതെ ഗോകര്‍ണയില്‍ നിന്ന് 25 കി.മീ സഞ്ചരിച്ചാല്‍ മനോഹരമായ മിര്‍ജാന്‍ ഫോര്‍ട്ടിലും 50 കി.മീ സഞ്ചരിച്ചാല്‍ യാന റോക്ക്സിലേക്കും എത്താവുന്നതാണ്.
ബെംഗളൂരുവില്‍ നിന്ന് 480 കിലോമീറ്ററും മംഗളൂരുവില്‍ (മംഗലാപുരം) നിന്ന് 240 കിലോമീറ്ററും ഗോവയില്‍ നിന്ന് 130 കിലോമീറ്ററും ദൂരത്തിലാണ് ഗോകര്‍ണം. ഇവിടെ നിന്നെല്ലാം ഗോകര്‍ണത്തിലേക്ക് ദീര്‍ഘ ദൂര ബസ് സര്‍വീസുകളുണ്ട്. കുംത (30 കിലോമീറ്റര്‍), അങ്കോള (25 കി കിലോമീറ്റര്‍) എന്നി സ്ഥലങ്ങളില്‍ ഇറങ്ങി ഗോകര്‍ണത്തിലേക്ക് എത്താം.
ഗോകര്‍ണ റോഡ് സ്റ്റേഷനാണ് (10 കി.മീ) ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ചെറിയ സ്‌റ്റേഷനാണെങ്കിലും ഇവിടെ താമസിക്കാനുള്ള റിട്ടയര്‍ റൂം ഉണ്ട്. ഗോവ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടാണ് (150 കി.മീ) ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളം. മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 240 കി.മീ ദൂരമുണ്ട്.
ബംഗളൂരു നഗരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള മെട്രോ ലൈഫില്‍ തളര്‍ന്നിരിക്കുന്ന ഒരു വാരാന്ത്യത്തില്‍ അധികമായി ഒരു അവധിയും കൂടി ചേര്‍ത്ത് ഉത്തരകന്നഡയിലേക്ക് ഒരു യാത്ര നടത്തി. ഗോകര്‍ണമായിരുന്നു ലക്ഷ്യസ്ഥാനം. മജസ്റ്റിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ‘സിര്‍സി’ എന്ന പശ്ചിമഘട്ട മലനിരകളുടെ ഹൃദയത്തിലുള്ള ഒരുചെറിയ മലയോര പട്ടണത്തിലേക്കായിരുന്നു ആദ്യം യാത്രതിരിച്ചത്.
കാടിനുള്ളിലൂടെ മണ്‍ റോഡിലൂടെയുള്ള യാത്ര ശരിക്കും തളര്‍ത്തിയെങ്കിലും അതും നന്നായി തന്നെ ആസ്വദിക്കാന്‍ ശ്രമിച്ചു. ബംഗളൂരുവില്‍ നിന്ന് സിര്‍സിയിലേക്കുള്ള പ്രധാന പാതയുടെ പണി നടക്കുന്നതിനാല്‍ കുറച്ചുനാള്‍ മറ്റൊരു പാതയാണ് ബസുകാര്‍ ആശ്രയിച്ചിരുന്നതെന്ന് സിര്‍സി എത്തിയപ്പോഴാണ് മനസ്സിലായത്.
ഒരു രാത്രി മുഴുവനും നീണ്ടുനിന്ന യാത്രക്കൊടുവില്‍ പുലര്‍ച്ചെ ആറര കഴിഞ്ഞപ്പോള്‍ തന്നെ സിര്‍സിയില്‍ എത്തി. ഒരു നാടന്‍ കന്നഡിഗ ഹോട്ടലില്‍ കയറി ബണ്‍ പോലുള്ള ഒരു വിഭവവും കഴിച്ച് ആ പട്ടണം വെറുതെ ഒന്നു കറങ്ങി. ഒരു ഇടത്തരം പട്ടണമാണ് സിര്‍സി. സമുദ്രനിരപ്പില്‍ നിന്ന് 1800 മുതല്‍ 2600 അടി വരെ ഉയരത്തിലാണ് ഇവിടുത്തെ പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ടൗണിലെ ചെറിയൊരു കറക്കത്തിന് ശേഷം ഒരു കന്നഡിഗ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. വടക്കന്‍ മലബാറുകാരെപ്പോലെ തന്നെ അതിഥി സത്കാരത്തില്‍ ഇവരും വലിയ തല്‍പരരാണ്. ഒരു പരമ്പരാഗത വിവാഹ ചടങ്ങിനും സാക്ഷ്യം വഹിച്ചു.
സിർസി - കുംത റൂട്ടിലെ ചുരം പാത
വന്യമായ ഒരു യാത്ര
സിര്‍സിയില്‍ നിന്ന് ഗോകര്‍ണത്തിലേക്ക് 100 കി.മീ ദൂരമുണ്ട്. നേരിട്ട് ബസ് വളരെ കുറവാണ്. 60 കിലോമീറ്ററോളം ദൂരമുള്ള സിര്‍സി-കുംത പാതയുടെ ഭൂരിഭാഗവും പശ്ചിമഘട്ട മലനിരകളുടെ കൊടുങ്കാടിനുള്ളിലൂടെയാണ്. ആ പാതയും വളരെ ശോചനീയാവസ്ഥയിലാണ്. നാലുമണികഴിഞ്ഞാല്‍ ആ പാതയിലൂടെ വാഹനങ്ങള്‍ അധികം പോകാറില്ല. ഏതായാലും കര്‍ണാടക ആര്‍.ടി.സിയുടെ ഒരു ചുവപ്പന്‍ വണ്ടിയില്‍ തള്ളിപിടിച്ച് കുംതയിലേക്ക് ഒരു ടിക്കറ്റ് എടുത്തു.
വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിനേക്കാള്‍ വളവുകള്‍ കൂടിയ ആ ചുരംപാതയിലൂടെയുള്ള യാത്ര വളരെ പരിതാപകരമാണ്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ കാടുവെട്ടിതെളിച്ച് അവിടെ പുതിയ പാത പണിതുകൊണ്ടിരിക്കുകയാണ്. കുംതയിലേക്കുള്ള ഈ യാത്ര വന്യമായ പ്രകൃതിയുടെ മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ആനകളെയും കാട്ടുപോത്തുകളെയും മാനുകളെയും ഒക്കെ ഈ യാത്രയില്‍ കാണാന്‍ സാധിച്ചു.
സിര്‍സി-കുംത പാതയിലൂടെയുള്ള യാത്ര യാന ഗ്രാമത്തിന് അടുത്തു കൂടിയായിരുന്നു. യാന ഗ്രാമത്തെക്കുറിച്ച് അറിയില്ലേ? ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങളില്‍ രണ്ടാം സ്ഥാനത്താണ് യാന. അതുമാത്രമല്ല സഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത ഒരു രത്‌നം കൂടിയാണ് യാന. ഇവിടുത്തെ പാറക്കെട്ടുകള്‍ ഭൗമ ശാസ്ത്രഞ്ജര്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കൊടുംവനത്തിനുള്ളിലെ ഈ പ്രദേശം സഞ്ചാരികള്‍ അധികം എത്താതിനാല്‍ ഇപ്പോഴും മനോഹരമായി തന്നെ തുടരുന്നുണ്ട്. യാന ഗ്രാമപ്രദേശങ്ങളും കഴിഞ്ഞ് ബസ് ദേശീയ പാതയിലേക്ക് പ്രവേശിച്ചു. മുമ്പ് ദേശീയ പാത 66 (കന്യാകുമാരി -കൊച്ചി -മുംബൈ) എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ എന്‍എച്ച് 17ലേക്ക് ബസ് കടന്നപ്പോള്‍ തന്നെ മനസ്സിലായി കുംത ബസ് സ്റ്റാന്‍ഡിലേക്ക് അധികം ദൂരമില്ലെന്ന്.
അഗ്നാശിനി നദിക്കരയിലെ കാഴ്ചകള്‍
കുംത ബസ് സ്റ്റാന്‍ഡിലിറങ്ങി കുറച്ച് ചുറ്റിനടന്നു. ഇനി ഗോകര്‍ണത്തെത്തണമെങ്കില്‍ 35 കി.മീ കൂടി സഞ്ചരിക്കണം. കുംതയില്‍ നിന്ന് എപ്പോഴും ഗോകര്‍ണത്തിലേക്ക് ബസ് കിട്ടും. ഒരു ഗോകര്‍ണ ബസില്‍ കയറി മുന്‍പിലത്തെ സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു. കാരണം അഗ്നാശിനി നദിയും അതിന്റെ തീരവും ഏറ്റവും ഭംഗിയായി കാണാവുന്നത് ഈ ഭാഗത്തൂടെയുള്ള യാത്രയിലാണ്. ഇനിയുള്ള യാത്ര എന്‍.എച്ച് 17ലൂടെയാണ്. നീണ്ടു കിടക്കുന്ന പാതകളും വശങ്ങളിലെ നദീ തീരങ്ങളും തെങ്ങിന്‍ തോപ്പുകളും ഓടിട്ട വീടുകളും ശരിക്കും കേരളത്തിനെ അനുസ്മരിപ്പിക്കുന്നുണ്ട്.
ദേശീയപാതയില്‍ നിന്ന് ഗോകര്‍ണത്തിലേക്ക് പോകാന്‍ മദംഗരിയില്‍ നിന്നാണ് തിരിയുന്നത്. ഏതൊരു റൈഡറിനും ആവേശകരമായ പ്രകൃതിഭംഗിയാണ് ഈ പാതക്കുള്ളത്. വളഞ്ഞുപുളഞ്ഞു പോകുന്ന ഈ പാതയുടെ വശങ്ങളിലും നദീ തീരങ്ങളുടെയും തെങ്ങിന്‍ തോപ്പുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാം.
കടലും മലനിരകളും എത്ര കണ്ടാലും മതിവരില്ല. വീണ്ടും വീണ്ടും അത് കൊതിപ്പിച്ചുക്കൊണ്ടെയിരിക്കും. പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട് ലോകത്ത് കേരളം പോലെ കേരളം മാത്രമെയുള്ളൂവെന്ന്. പൂര്‍ണമായിട്ടല്ലെങ്കിലും ഭൂപ്രകൃതിയില്‍ കേരളത്തിനോടൊപ്പം കിടപിടിക്കുന്നവയാണ് ഉത്തരകന്നഡ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങള്‍.
ഗോകര്‍ണം ഇപ്പോള്‍ ഒരു ചെറിയ ടൂറിസ്റ്റ് പട്ടണമായി വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. റോഡിന് അധികം വീതിയില്ലാത്തതിനാല്‍ ഗോകര്‍ണത്തിലെ റോഡുകളില്‍ എപ്പോഴും ചെറിയ ഒരു തിരക്ക് അനുഭവപ്പെട്ടിരുന്നു. ബസ് സ്റ്റാന്‍ഡിലിറങ്ങി പുറത്തെത്തിയപ്പോള്‍ തന്നെ ടാക്‌സിക്കാരുടെയും ഗൈഡുമാരുടെയും അന്വേഷണം വന്നിരുന്നു. ബസ് സ്റ്റാന്‍ഡിന് പുറത്തിറങ്ങുമ്പോള്‍ തന്നെ സ്‌കൂട്ടറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന പല ഷോപ്പുകളും കാണാം. ഒരു ഷോപ്പില്‍ കയറി ഒരു സ്‌കൂട്ടര്‍ റെന്റിനെടുത്തു. ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒരു കോപ്പിയും 24 മണിക്കൂറത്തേക്ക് 500 രൂപയും നല്‍കിയപ്പോള്‍ വണ്ടി കിട്ടി.
സോസ്റ്റൽ തേടി കറക്കം
വണ്ടി കിട്ടിയത്തോടെ കൂടുതല്‍ സ്വാതന്ത്ര്യമായി. ഇരുട്ടി തുടങ്ങിയത്തോടെ പ്രദേശത്തിന്റെ ഏകദേശം രൂപം പിടികിട്ടിയിരുന്നില്ല. ബീച്ചിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോസ്റ്റലോ ഡോര്‍മെറ്ററി സൗകര്യങ്ങളോ അന്വേഷിച്ചപ്പോള്‍ അവിടെ സോസ്റ്റല്‍ (Zostel) സൗകര്യമുണ്ടെന്ന് പറഞ്ഞു. കിടു ആമ്പിയന്‍സുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഡോര്‍മെറ്ററി രീതിയില്‍ താമസം ഒരുക്കുന്ന സോസ്റ്റല്‍ മികച്ചതായിരിക്കുമെന്ന് തോന്നി.
സോസ്റ്റല്‍ തപ്പി, ബസ് സ്റ്റാന്‍ഡില്‍ നിന്ന് നേരെ എത്തിപ്പെട്ടത് ഗോകര്‍ണ മഹാബലേശ്വര്‍ ക്ഷേത്രത്തിന് മുന്‍പിലാണ്. അതിപുരാതനമായ ഈ ക്ഷേത്രത്തിന്റെ പരിസരത്തുള്ള ഗലികള്‍ പോലുള്ള ചെറിയ റോഡിലൂടെ യാത്ര ചെയ്ത് ഏതോ ഒരു കുന്നില്‍ മുകളിലാണ് എത്തിപ്പറ്റിയത്.
ഈ കുന്നിന്റെ ഒരു വശത്ത് നിന്നാല്‍ താഴെ കടലു കാണാം. ഈ കുന്നിന്റെ പുറത്ത് വശങ്ങളിലായി ധാരാളം ഹോട്ടലുകളുമുണ്ട്. ഇതിലെവിടെയോ ആണ് സോസ്റ്റല്‍. പക്ഷെ വഴിതെറ്റി വണ്ടിയുമായി ഏതൊക്കെയോ റൂട്ടിലൂടെ അങ്ങുപോയി. വഴിതെറ്റിയതിനെക്കാള്‍ ഉപരി ഇരുട്ടത്തും ആ പ്രദേശത്തുള്ള ആ വൈബ് അങ്ങു ഇഷ്ടപ്പെട്ടതു കൊണ്ടാണ് വണ്ടി മുന്നോട്ട് എടുത്തതെന്ന് തോന്നുന്നു. ഒരു ബാംബൂ ഹൗസ് പോലെ പ്രത്യേക ശൈലിയിലുള്ള ഒരു താമസയിടം ദൂരെ കണ്ടപ്പോള്‍ അത് ലാക്കാക്കി വണ്ടി ഓടിച്ചു ചെന്നു. പ്രധാന റോഡില്‍ നിന്ന് അല്പം ഉള്ളിലായി ഒരു ഓട്ടോക്ക് പോകാന്‍ വീതിയുള്ള വഴിയിലൂടെ അവിടെയെത്തിയപ്പോള്‍ അത് വളരെയധികം നിരാശപ്പെടുത്തി കളഞ്ഞു.
ആ ഇടുങ്ങിയ റോഡ് അവസാനിക്കുന്നയിടം താഴേക്കുള്ള കുത്തനെയുള്ള കാല്‍നടപ്പാതയാണ്. അത് കുഡ്‌ലെ ബീച്ചിലേക്കാണ് ചെന്നു കയറുന്നത്. അങ്ങോട്ടേക്ക് ഇറങ്ങിയപ്പോള്‍ ബീച്ചില്‍ നിന്ന് തിരികെ വരുന്ന കുറച്ചുപേരെ കണ്ടു. അൽപം കഴിഞ്ഞപ്പോള്‍ ബീച്ചിലെത്തി. ബീച്ച് പരിപൂര്‍ണമായും വിജനമായിരുന്നു. അപ്പോള്‍ സമയം ഏതാണ്ട് എട്ടര കഴിഞ്ഞിരുന്നു. ഗോകര്‍ണത്തിൽ സഞ്ചാരികളുടെ ബാഹുല്യമില്ലാത്തതിനാല്‍ രാത്രികളില്‍ ഇവിടുത്തെ പല ബീച്ചുകളും ശൂന്യമാണ്. ബീച്ചിലെ ഷോപ്പുകളില്‍ ആകെ ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം അടച്ചിരുന്നു. വിജനമായ ആ ബീച്ചിലിരുന്ന് തിരമാലകള്‍ എണ്ണി ഇരുന്നപ്പോള്‍ മറ്റ് ബീച്ചുകളിലെ കടകളിലെ വെളിച്ചം കാണാന്‍ സാധിച്ചിരുന്നു. കുറച്ചേറേ സമയം അവിടെ ഇരുന്നിട്ട് തിരികെ വണ്ടി ഇരിക്കുന്നിടത്ത് എത്തി വീണ്ടും പറ്റിയ റൂം അന്വേഷിച്ചു തുടങ്ങി.
അപരിചിതരായ പരിചിതര്‍
ബീച്ച് ആമ്പിയന്‍സിലുള്ള താമസയിടം എന്ന മോഹം മാറ്റിവച്ചു. കുറേ അന്വേഷണത്തിന് ശേഷം ആദ്യം പറഞ്ഞ കുന്നിന്‍ പുറത്ത് തന്നെ വീണ്ടും എത്തി. ഇത്തവണ അവിടെയുള്ള സോസ്റ്റല്‍ കണ്ടെത്താന്‍ പറ്റി. ആദ്യം അവിടെ കയറിപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. സോസ്റ്റലിലെ ഡോര്‍മറ്ററി റൂം എടുത്ത് അങ്ങ് കൂടാം എന്ന് വിചാരിച്ചു. ഡോര്‍മറ്ററി ഉള്‍പ്പടെയുള്ള അവിടുത്ത റൂമും റെസ്റ്റോറന്റും ഒക്കെ നല്ല പോഷാണ്. ആറ് പേര്‍ക്ക് കിടക്കാവുന്ന അഞ്ച് ആറ് ഡോര്‍മറ്ററി റൂമുകളുണ്ട് അവിടെ. ഫസ്റ്റ് ഫ്‌ളോറിലെ ഡോര്‍മറ്ററിയാണ് കിട്ടിയത്. ഉദ്ദേശിച്ചപ്പോലെയുള്ള താമസമല്ലല്ലോ കിട്ടിയതെന്ന് കടുത്ത നിരാശയില്‍ മുകളിലേക്ക് നടന്നു. പക്ഷെ മുകളിലത്തെ വരാന്തയിലെത്തിയപ്പോള്‍ അതിശയിച്ചു പോയി. ഗോകര്‍ണ ബീച്ചിന്റെ അതിഗംഭീരമായ കാഴ്ചയായിരുന്നു അവിടെ കാത്തിരുന്നത്.
അതായത്, സോസ്റ്റല്‍ നില്‍ക്കുന്നത് ഒരു കുന്നിന്‍പ്പുറത്താണ് അതിന്റെ പുറകില്‍ കൂടി താഴോട്ട് കുത്തനെ ഇറങ്ങിയാല്‍ ഗോകര്‍ണം ബീച്ചിലെത്തും. രാത്രി ആയതുക്കൊണ്ടും മരങ്ങള്‍ തിങ്ങി നില്‍ക്കുന്നക്കൊണ്ടുമായിരുന്നു താഴെ നിന്നപ്പോള്‍ ബീച്ച് കാണാതിരുന്നത്. പക്ഷെ താഴത്തെ വരാന്തയില്‍ നിന്നാലും മുകളിലത്തെ വരാന്തയില്‍ നിന്നാലും ബീച്ച് ഭംഗിയായി കാണാം. ഏതായാലും റൂമില്‍ കയറി ഒന്ന് ഫ്രഷായി താഴെത്ത് വരാന്തയില്‍ എത്തിയപ്പോള്‍ ഒരു മലയാളിയെ പരിചയപ്പെട്ടു. അവന്‍ മുഖേന അഞ്ചാറ് പേരേക്കൂടി പരിചയപ്പെട്ടു.
സോസ്റ്റലിന്റെ ഒരു ഗുണം അതാണ്. ആണ്‍പെണ്‍ വേര്‍തിരിവില്ലാതെ, ഭാഷ, സംസ്‌കാരം തുടങ്ങിയവയൊന്നും വ്യത്യാസമില്ലാതെ പരസ്പരം അപരിചിതരായ കുറച്ചാളുകള്‍ക്ക് ഒന്നിച്ച് താമസിക്കാനും കൂടാനും സൗഹൃദത്തിലാകാനും സൊസ്റ്റല്‍ ആമ്പിയന്‍സ് അവസരം ഒരുക്കും. ആ ആളുകള്‍ക്കൊപ്പം ആ രാത്രി തന്നെ ഗോകര്‍ണം ബീച്ചിലേക്ക് പോകാനും മടി ഒന്നും തോന്നിയില്ല. കുത്തനെയുള്ള ആ ഇറക്കം മൊബൈല്‍ വെളിച്ചത്തിലാണ് ഇറങ്ങിയത്. അരമണിക്കൂര്‍ എടുത്തു താഴോട്ട് പോകാനായി. പകലാണെങ്കില്‍ പതിനഞ്ച് മിനിറ്റ് പോലും വേണ്ട. രാത്രി മുഴുവന്‍ കടലില്‍ കിടന്ന് കുളിച്ചും കളിച്ചും ആ വിജനമായ തീരം അങ്ങ് സ്വന്തമാക്കി. പാതിരാത്രി എപ്പോഴോ ആണ് റൂമിലെത്തിയത്. ഒരുവിധം ഫ്രെഷായി എങ്ങനെയോ മുകളിലത്തെ കട്ടിലില്‍ കയറി ഉറക്കം പിടിച്ചു.
ഗോകര്‍ണവും കേരളവും തമ്മിലുള്ള ബന്ധം
പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലവും അറബിക്കടലിന്റെ തീരപ്രദേശങ്ങളുടെ ഭംഗിയും കേരളത്തിനൊപ്പം ഉത്തരകന്നഡയിലെ ഈ പ്രദേശങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. ഐതീഹ്യകഥകളാലും ചരിത്രകഥകളാലും പ്രകൃതിഭംഗിയാലും ഉത്തര കന്നഡയിലെ ഗോകര്‍ണത്തിനും അടുത്തുള്ള പ്രദേശങ്ങള്‍ക്കും കേരളവുമായി അതിശയകരമായ സാമ്യമുണ്ട്. കേരളത്തിന്റെ ഉൽപത്തിക്ക് കാരണമായ പ്രസിദ്ധമായ ഐതിഹ്യ കഥയാണ് പരശുരാമന്‍ കടലിലേക്ക് മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്ന്. ഈ ഐതിഹ്യപ്രകാരം കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയാണ് കേരളം എന്ന് പറയുന്നത്. പരശുരാമന്‍ മഴു എറിഞ്ഞപ്പോള്‍ അത് വീണത് ഗോകര്‍ണത്താണ് എന്നാണ് സങ്കൽപം.
പ്രകൃതിഭംഗിയില്‍ മാത്രമല്ല സംസ്‌കാരത്തിലും കേരളവുമായി ചില സാമ്യങ്ങള്‍ ഉത്തരകന്നഡയിലെ പ്രദേശങ്ങള്‍ക്ക് തോന്നിയിരുന്നു. പ്രദേശത്തെ പല പഴയ വീടുകളും കേരളത്തിലെ പോലെ ഓടിട്ടത്തും അതേ ഘടനയുള്ളതാണ്. തെങ്ങിന്‍തോപ്പും കവുങ്ങിന്‍ തോപ്പും ഒക്കെ ഇവിടെയുമുണ്ട്. കായലും നദിയും കടലും ചേര്‍ന്നുള്ള ഈ ഭൂപ്രദേശങ്ങളിലെ തീരദേശമേഖലകള്‍ കേരളത്തിന്റെ ചെറുപതിപ്പുപോലെ തന്നെ തോന്നിപോകും. അതുപോലെ ഇവിടെ അടുത്തുള്ള മലയോരങ്ങള്‍ വയനാട് പോലെയും അനുഭവപ്പെട്ടേക്കാം. വയനാടന്‍ മേഖലയിലെ പോലെ ഇഞ്ചിയും കുരുമുളകും മഞ്ഞളും കാപ്പിയും, ഒക്കെ ഇവിടുത്തെ മലയോര പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കണ്ടിരുന്നു.
ഗോകര്‍ണത്തെക്കുറിച്ച്
ചരിത്രപരമായി നോക്കുകയാണെങ്കില്‍ എ.ഡി ഒന്നാം നൂറ്റാണ്ട് മുതല്‍ ഈ പ്രദേശം സജീവമായിരുന്നുവെന്നാണ് രേഖകളിൽ കാണുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇവിടുത്തെ മഹാബലേശ്വര്‍ ക്ഷേത്രം അതിന് ഒരു ഉദ്ദാഹരണമാണ്. ഈ ക്ഷേത്രം എ.ഡി നാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഇതിന് മുമ്പ് തന്നെ ഇവിടെ ആരാധനയുണ്ടായിരുന്നുവെന്നും പറയുന്നു. പല നൂറ്റാണ്ടുകളായി ഈ ക്ഷേത്രം നശിക്കുകയും പല രാജവംശങ്ങള്‍ ഇത് പുതുക്കി പണിയും ചെയ്തിട്ടുണ്ട്. കാദംബ രാജവംശത്തിലെ മയൂരശര്‍മ്മന്റെ ഭരണകാലത്താണ് ക്ഷേത്രം ആദ്യമായി നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നത്. എ.ഡി 345-365 കാലഘട്ടത്തില്‍ പണി തീര്‍ത്ത ഈ ക്ഷേത്രത്തിലെ ശിവലിംഗം, രാക്ഷസരാജവായ രാവണന്‍ പൂജിച്ചതാണെന്നുള്ള ഐതിഹ്യകഥളുണ്ട്. ദ്രാവിഡ വാസ്തു ശൈലിയില്‍ പടിഞ്ഞാറോട്ട്, അറബിക്കടലിന് ദര്‍ശനമായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്.
ചരിത്രത്തിലും ആര്‍ക്കിടെക്കിലും താല്‍പര്യമുള്ളവര്‍ക്ക് ഗോകര്‍ണത്തിലെ മഹാബലേശ്വര്‍ ക്ഷേത്രം ഒരു അദ്ഭുതമായിരിക്കും. ഉത്തരകന്നഡയിലെ രണ്ട് പ്രധാന നദികളായ ഗംഗാവലിയും അഗ്നാശിനിയും സംഗമിച്ച് കടലില്‍ ചേരുന്നത് ഗോകര്‍ണത്തില്‍ വെച്ചാണ്. ഒരു വശത്ത് പശ്ചിമഘട്ട നിരകളുടെ താഴ്ന്ന ഭാഗങ്ങളും മറുഭാഗത്ത് അറബിക്കടലും ആസ്വദിക്കാനും ഇവിടെ സാധിക്കും. അതിനാല്‍ തന്നെ ജ്യോഗ്രാഫി തല്‍പരർക്ക് ഈ പ്രദേശവും ഇതിനോട് ചേര്‍ന്നുള്ള (50 കി.മീനുള്ളില്‍ വരുന്ന) യാന റോക്ക് പോലുള്ള പ്രദേശങ്ങളും ഇഷ്ടപ്പെടും. സഞ്ചാരികളെ സംബന്ധിച്ചാണെങ്കില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന അതിമനോഹരമായ ബീച്ചുകള്‍ അവരെ ആവേശത്തിലാഴ്ത്തും. മിക്ക ബീച്ചുകളിലേക്കും കുന്നുകളില്‍ നിന്ന് താഴേക്ക് ഇറങ്ങി വേണം എത്തേണ്ടത്. ചില ബീച്ചുകളില്‍ പാറക്കെട്ടുകളിലൂടെയുള്ള ചെറു ട്രെക്കിങ്ങളുണ്ട്. ഈ ട്രെക്കിംങ് അടുത്തുള്ള മറ്റൊരു ബീച്ചിലേക്കാണ് നയിക്കുന്നത്.
മഹാബലേശ്വര്‍ ക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ഗോകര്‍ണം ബീച്ചിന്റെ ഒരു ഭാഗം വിശ്വാസികളാണ് ഉപയോഗിക്കുന്നത്. ഈ തുറന്ന ബീച്ചിന്റെ മറുഭാഗം സർഫിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കുഡ്‌ലെ ബീച്ച് ചെറുതാണെങ്കിലും മനോഹരമാണ്.
കുഡ്‌ലെ ബീച്ചില്‍ നിന്ന് ട്രെക്കിംഗ് വഴിയോ റോഡ് മാര്‍ഗ്ഗമോ ഓം ബീച്ചിലെത്താന്‍ സാധിക്കും. ഓം ചിഹ്നത്തിന്റെ ആകൃതി തോന്നിക്കുന്ന ഓം ബീച്ച് പാറക്കെട്ടുകളാല്‍ നിറഞ്ഞതാണ്. ഇവിടെയും കടലിറങ്ങാന്‍ സാധിക്കും. ഓം ബീച്ചില്‍ നിന്ന് ട്രെക്കിംഗിലൂടെയോ ബോട്ടിലൂടെയോ മാത്രം എത്തിച്ചേരാന്‍ കഴിയുന്നിടമാണ് ഹാഫ് മൂണ്‍ ബീച്ചും പാരഡൈസ് ബീച്ചും. അര്‍ദ്ധ ചാന്ദ്രാകൃതി തോന്നിപ്പിക്കുന്ന ഇടമാണ് ഹാഫ് മൂണ്‍ ബീച്ച്. പാരഡൈസ് ബീച്ച് അഥവാ ഫുള്‍ മൂണ്‍ ബീച്ച് പ്രകൃതിഭംഗിയാല്‍ മനംകവരും. ഇവിടുത്തെ മറ്റൊരു സുന്ദരമായ തീരം ബെലെക്കന്‍ ബീച്ചാണ്.
പല ബീച്ചുകളിലായി സര്‍ഫിംഗ്, ബോട്ടിംഗ്, വാട്ടര്‍ ബൈക്ക് തുടങ്ങിയ ബീച്ച് സാഹസികതകള്‍ക്കും അവസരമുണ്ട്. മുമ്പ് ചില ബീച്ചുകളില്‍ ടെന്റ് അടിച്ച് താമസിക്കാന്‍ അവസരമുണ്ടായിരുന്നു. വെല്‍നസ് റിട്രീറ്റുകള്‍, ആയുര്‍വേദ റിട്രീറ്റുകള്‍, ബീച്ച് സൈഡ് യോഗ, ധ്യാനം, ഹോളിസ്റ്റിക് ഹീലിംഗ് തെറാപ്പികള്‍ എന്നിവക്കും ഇവിടെ അവസരമുണ്ട്. കടലും കരയും ചെറുകുന്നുകളും ഒക്കെ ചേര്‍ന്ന ഗോകര്‍ണം പ്രദേശം വളരെ ശാന്തമാണ്. അധികം തിരക്ക് ഇല്ല എന്നതാണ് ഗോകര്‍ണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഈ പ്രദേശത്ത് ലഭ്യവുമാണ്. പ്രദേശവാസികളും സൗഹാര്‍ദ്ദപരമായി ഇടപെഴുകുന്നവരാണ്. ഈ പ്രദേശത്തിന് ഇപ്പോഴും ഒരു പഴമയുടെ ഗന്ധമുണ്ട്. അത് എല്ലായിടത്തും പ്രകടവുമാണ്. തെരുവുകള്‍, പരമ്പരാഗത വീടുകള്‍, ആരാധനാലയങ്ങള്‍, ഭക്ഷണശാലകള്‍, രുചികളില്‍ ഒക്കെ അതറിയാന്‍ കഴിയും.
ഗോകര്‍ണം ഗ്രാമത്തിലൂടെയുള്ള കറക്കം
സൊസ്റ്റലില്‍ നിന്ന് അതിരാവിലെ ഇറങ്ങി ബീച്ച് ട്രെക്കിങ്ങിനാണ് പോയത്. ഭക്ഷണം കഴിച്ചിരുന്നില്ല, ഗൈഡിനെ ഒന്നും കൂട്ടാത്തെ കൂഡ്‌ലെ ബീച്ചും ഓം ബീച്ചും ഹാഫ് മൂണ്‍ബീച്ചിലേക്കും അങ്ങ് നടന്നു. പാറക്കെട്ടുകളിലൂടെയുള്ള നടത്തം അല്പം അപകടകരമായി തോന്നിയെങ്കിലും ആവേശം കാരണം അതൊക്കെ എളുപ്പത്തില്‍ താണ്ടി. വിശന്നപ്പോള്‍ ബിസ്‌ക്കറ്റും വെള്ളവും ഒക്കെ കുടിച്ച് തൃപ്തിയടഞ്ഞു. ബീച്ചില്‍ അല്പം നേരം വിശ്രമിച്ചിട്ട് തിരികെ നടന്നു. കാരണം വണ്ടി കുഡ്‌ലെ ബീച്ചിന്റെ മുകളിലുള്ള കുന്നിലാണ് ഇരിക്കുന്നത്. വണ്ടിയുടെ അടുത്ത് എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. നേരേ പോയത് ഗോകര്‍ണം ടൗണിലേക്കാണ്. അവിടുത്തെ ഒരു പഴയ ഭക്ഷണശാലയില്‍ കയറി ഊണു കഴിച്ചു. രുചികരമായ ഭക്ഷണത്തോടൊപ്പം അവിടുത്തെ ചില ചെറുകടികളും കൂടി പരീക്ഷിച്ചിരുന്നു.
അന്നത്തെ കറക്കം ഒക്കെ മതിയാക്കി സോസ്റ്റലിലേക്ക് തന്നെ മടങ്ങിയെത്തി. ഇടക്ക് ബീച്ച് ഷാക്കുകളില്‍ കയറി ലഘുഭക്ഷണങ്ങളും തരപ്പെടുത്തിയിരുന്നു. പിറ്റേന്ന് ഗോകര്‍ണം എന്ന ഗ്രാമത്തിലെ ഇടവഴികളിലൂടെയെല്ലാം സ്‌കൂട്ടറില്‍ കറങ്ങിനടപ്പായിരുന്നു. ശരിക്കും കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കറങ്ങുന്നതു പോലെയാണ് തോന്നിയത്. അന്നത്തെ കറക്കത്തിനൊടുവില്‍ ഫുള്‍ മൂണ്‍ ബീച്ചിലെത്തി വിശ്രമിച്ചു.
രാത്രിയായപ്പോള്‍ സോസ്റ്റലിലേക്ക് തന്നെ മടങ്ങി. രാവിലെ എഴുന്നേറ്റ് ഗോകര്‍ണ ബീച്ചിലൂടെ പ്രഭാത നടത്തം നിർവഹിച്ചു. കടലില്‍ കുളിയും നടത്തി തിരിച്ച് റൂമിലേക്ക് എത്തി. ഉച്ച കഴിഞ്ഞ് പ്രദേശം ഒക്കെ ചുറ്റിയടിച്ച് തിരിച്ചുവന്ന് ബാഗ് ഒക്കെ പാക്ക് ചെയ്ത് ഗോകര്‍ണ ബസ് സ്റ്റാന്‍ഡിലേക്ക് വിട്ടു. നാളെ മുതല്‍ വീണ്ടും ബംഗുളൂരു നഗരത്തിന്റെ തിരക്കിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.