ചരിത്രമുറങ്ങുന്ന അഹ്മദ്നഗർ കോട്ട
text_fieldsഅഹ്മദ്നഗർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏതാണ്ട് നാല് കിലോമീറ്ററോളം ദൂരെയാണ് അഹ്മദ്നഗർ കോട്ട. നിസാം ശാഹി രാജവംശത്തിന്റെ അഹ്മദ് നിസാം ശാഹി തന്റെ ഭരണത്തിന്റെ ആസ്ഥാനമായി 1490ൽ നിർമിച്ചതാണ് ഇത്.
മഹാരാഷ്ട്രയിലെ അഹ്മദ്നഗർ, ഈയിടെ അഹല്യാനഗർ എന്ന് പേരു മാറ്റിയ പുരാതന നഗരം. പന്ത്രണ്ട് അധ്യാപക യാത്രാസംഘത്തോടൊപ്പമായിരുന്നു ഇവിടേക്കുള്ള യാത്ര.
ഇന്ത്യാ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന അഹ്മദ്നഗറും അവിടത്തെ കോട്ടയും. ഇന്ത്യയിലെ അജയ്യമായ കോട്ടകളിൽ ഒന്നാം സ്ഥാനം ഗ്വാളിയോർ കോട്ടക്കായിരുന്നെങ്കിൽ രണ്ടാം സ്ഥാനം അഹ്മദ്നഗർ കോട്ടക്കാണ്. നിലവിൽ അഹ്മദ്നഗർ കോട്ട ഇന്ത്യൻ സൈന്യത്തിന്റെ കവചിത സേനയുടെ കീഴിലാണ്.
അഹ്മദ്നഗർ കോട്ട
അഹ്മദ്നഗർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏതാണ്ട് നാല് കിലോമീറ്ററോളം ദൂരെയാണ് അഹ്മദ്നഗർ കോട്ട. നിസാം ശാഹി രാജവംശത്തിന്റെ അഹ്മദ് നിസാം ശാഹി തന്റെ ഭരണത്തിന്റെ ആസ്ഥാനമായി 1490ൽ നിർമിച്ചതാണ് ഇത്. ശാഹി ഭരണകൂടത്തിൽനിന്ന് മുഗളന്മാരും അവരിൽനിന്ന് മറാത്തക്കാരും ഈ കോട്ട കീഴ്പ്പെടുത്തി.
1803ൽ നടന്ന രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തിൽ ബ്രിട്ടീഷുകാർ അഹ്മദ്നഗർ കോട്ട അധീനപ്പെടുത്തി. ശക്തമായ ചെറുത്തുനിൽപുകൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് കോട്ടയൊരു ജയിലായി ഉപയോഗിച്ചു.
വാസ്തുവിദ്യ
അഹ്മദ്നഗർ കോട്ടയുടെ സവിശേഷതകളാണ് അതിന്റെ വൃത്താകൃതിയും 24 കൊത്തളങ്ങളും. ചുറ്റുമതിലുകൾക്ക് 18 മീറ്റർ ഉയരമുണ്ട്. ഇവ സൈനിക ആക്രമണങ്ങളെ പ്രതിരോധിക്കാൻ വേണ്ടി നിർമിച്ചവയായിരുന്നു. പ്രതാപകാലത്ത് ഓരോ കൊത്തളത്തിലും എട്ടു വീതം തോക്കുകൾ ഉണ്ടായിരുന്നു. ചുറ്റുമതിലിലെല്ലാം ശത്രുക്കളെ നിരീക്ഷിക്കാനുള്ള ജാലകങ്ങളും പണിതിട്ടുണ്ട്. ഭൂരിഭാഗം കൊത്തളങ്ങളും നിലവിൽ തകർന്ന അവസ്ഥയിലാണ്. ഇന്ത്യാചരിത്രവുമായി അഹ്മദ്നഗർ കോട്ടക്കുള്ള ബന്ധമാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുക.
ലീഡേഴ്സ് ബ്ലോക്ക്
സ്വാതന്ത്ര്യ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 1942ലെ ക്വിറ്റ് ഇന്ത്യാ സമരം. ഇതിനെ തകർക്കാൻ വേണ്ടി പ്രമുഖരായ 12 സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയും കോട്ടയിലെ ലീഡേഴ്സ് ബ്ലോക്കിൽ തടവിലാക്കുകയും ചെയ്തു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, മൗലാനാ അബുൽകലാം ആസാദ്, സർദാർ വല്ലഭ് ഭായ് പട്ടേൽ, പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത്, ആചാര്യ നരേന്ദ്രദേവ്, പണ്ഡിറ്റ് ഹരേകൃഷ്ണ മെഹ്താബ്, ആചാര്യ ജെ.ബി. കൃപലാനി, ഡോ. പട്ടാഭി സീതരാമയ്യ, ആസഫ് അലി, എസ്. ശങ്കർ റാവുദേവ്, ഡോ. പി.സി. ഗോഷ്, ഡോ. സയ്യിദ് മുഹമ്മദ് എന്നിവരായിരുന്നു അവർ. തടവിലായിരുന്നെങ്കിലും അവർക്ക് പരസ്പരം കാണാനും സ്വാതന്ത്ര്യ സമരത്തിന്റെ നീക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും അവസരം ലഭിച്ചിരുന്നു. പുസ്തകങ്ങൾ വായിക്കാനും എഴുതാനും അവർക്ക് സന്ദർഭം ലഭിച്ചു. ജവഹർലാൽ നെഹ്റു തന്റെ മൂന്ന് വർഷത്തെ തടങ്കൽ ജീവിതത്തിനിടയിൽ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥം എഴുതി പൂർത്തിയാക്കി. അതുപോലെ മൗലാനാ അബുൽ കലാം ആസാദ് ‘ഘുബർ-ഇ-ഖാതിർ’ എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചതും ഇവിടത്തെ തടങ്കൽ ജീവിതത്തിനിടയിലായിരുന്നു. ഇതേ കാലയളവിലായിരുന്നു മഹാത്മാഗാന്ധിയെയും പത്നി കസ്തൂർബാ ഗാന്ധിയെയും പുണെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചതും.
ആദ്യമായി ദേശീയ പതാക ഉയർത്തുന്നു
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ സ്വാതന്ത്ര്യസമര പോരാളിയായ ആചാര്യ പണ്ഡിറ്റ് നരേന്ദ്രദേവ് ആദ്യമായി ദേശീയ പതാക ഉയർത്തിയത് അഹ്മദ്നഗർ കോട്ടയിലായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ 1953 ലും 1961ലും സ്വാതന്ത്ര്യദിനത്തിൽ ജവഹർലാൽ നെഹ്റു രാജ്യത്തെ അഭിമുഖീകരിച്ചു സംസാരിച്ചതും അഹ്മദ്നഗർ കോട്ടയിൽനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.