അല്‍ഐന്‍ ഒയാസിസ്; അഴകിന് താഴ്വാരം
text_fieldsഈ മരുക്കാട്ടിലെ മരുപ്പച്ചയില്‍ ഒരിക്കലെങ്കിലും കടന്നു ചെല്ലണം. അത്രമാത്രം ഹൃദ്യവും പ്രകൃതിരമണീയവുമാണീ അഴകിന് താഴ് വാരം. ചുട്ടുപൊള്ളുന്ന വേനലിലും കുളിരു പകരാനാവും വിധം സംവിധാനിച്ച അല്‍ഐന്‍ ഒയാസിസ്. മരുഭൂമിക്കുമേല്‍ തണുപ്പ് പുതയ്ക്കുന്ന ശൈത്യദിനങ്ങളില് കുടുംബങ്ങളുടെ ഇഷ്ടയിടം കൂടിയാണിവിടം.
അല്‍ ഐന്‍ നഗരഹൃദയത്തില്‍ 3000 ഏക്കറിലായാണ് അല്‍ഐന്‍ ഒയാസിസ് വ്യാപിച്ചുകിടക്കുന്നത്. 1,47,000 ഈന്തപ്പനകളും നൂറിലേറെ വ്യത്യസ്ത ഇനം പച്ചക്കറികളുമാണ് പ്രദേശത്തെ മരുപ്പച്ചയാക്കി നിലനിര്‍ത്തുന്നത്. ഒയാസിസിന് എട്ട് കവാടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഗേറ്റാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുക. പ്രവേശിക്കുന്നതു മുതല്‍ കണ്കുളിര്ക്കുന്ന നിരവധി കാഴ്ചകള്‍ നമുക്ക് വിരുന്നാവും.
യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഇടംപിടിച്ച യു.എ.ഇയിലെ ആദ്യ ഇടമാണ് അല്‍ ഐന്‍ ഒയാസിസ്. 2011ലാണ് അല്‍ ഐന്‍ ഒയാസിസ് ഈ നേട്ടം കരസ്ഥമാക്കിയത്.
പ്രധാന പ്രവേശനകവാടമായ ഇതിലൂടെ എത്തുന്നവര്‍ക്ക് ഒയാസിസ് സംബന്ധമായ വിവരങ്ങളും സ്ഥലങ്ങള്‍ ചുറ്റിക്കാണുന്നതിന് വാടക ബൈക്കുകളും ലഭ്യമാണ്. തദ്ദേശീയ സസ്യങ്ങളെക്കുറിച്ചു പഠിക്കാന്‍ സന്ദര്‍ശനം സഹായിക്കും. കുട്ടികള്‍ക്കൊപ്പമുള്ള അല്‍ഐന്‍ ഒയാസിസ് സന്ദര്‍ശനം ഹൃദ്യമായ അനുഭവമാവും സന്ദര്‍ശകര്‍ക്കു നല്‍കുകയെന്നുറപ്പ്.
അറ്റമില്ലാത്ത വിധം നിരന്നുനില്ക്കുന്ന ഈന്തപ്പനകള്‍ക്കിടയിലൂടെ വീതിയേറിയതും അരമതില് കെട്ടി സംരക്ഷിച്ചിട്ടുള്ളതുമായ നടപ്പാതയിലൂടെയുള്ള യാത്രയാണ് ഒയാസിസിലെ പ്രധാന ആകര്‍ഷണം. ഒന്നരമണിക്കൂറോ അതിലധികമോ നേരം ഈ വഴിയിലൂടെ നടക്കാനുണ്ട്.
പഴമയുടെ പുതുമ
ഒയാസിസിലെ മരങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിന് 3000 വര്‍ഷം പഴക്കമുള്ള ഫലാജ് ജലസേചന ചാനലാണ് ഉപയോഗിക്കുന്നതെന്നതും ശ്രദ്ധേയം. ഒയാസിസിലെ അല്‍ നി, ദാവൂദ് എന്നീ രണ്ട് ഫലാജ് സംവിധാനങ്ങള്‍ കണ്ടറിയുന്നതിന് സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഒയാസിസിലെ രണ്ട് മേഖലകളിലെ വിളകള്‍ നനക്കാൻ ഉപയോഗിക്കുന്നതാണ് ഇവ രണ്ടും. ഹജര്‍ മലയില്‍ നിന്നും ജബല്‍ ഹഫീതില്‍ നിന്നുമാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്.
എക്കോ സെന്റര്‍
അല്‍ഐന്‍ ഒയായിസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദര്‍ശകര്‍ക്കു പകരുന്നതിനായി എക്കോ സെന്റര്‍ ഒരുക്കയിട്ടുണ്ടിവിടെ. ഈ കെട്ടിടം പരിസ്ഥിതി സൗഹൃദമായാണ് സജ്ജമാക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയിലും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് നിര്‍മാണം.
കിഴക്കന്‍ കോട്ട
അല്‍ ഐന്‍ ഒയാസിസിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഈസ്റ്റേണ്‍ ഫോര്‍ട്ട്. സുല്‍ത്താന്‍ കോട്ട എന്നും ഇത് അറിയപ്പെടുന്നു. 1910ല്‍ അബൂദബി ഭരണാധികാരിയായിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പണികഴിപ്പിച്ചതാണ് ഈ കോട്ട. 19ാം നൂറ്റാണ്ടില്‍ ആല് നഹ്യാന് ഭരണകുടുംബത്തിന്റെ പ്രതാപം തുടങ്ങുന്ന സമയത്ത് പണികഴിപ്പിച്ച പ്രധാന കെട്ടിടങ്ങളില്‍ ഒന്നായിരുന്നു ഈസ്റ്റേണ്‍ ഫോര്‍ട്ട്.
ഒയായിസിലെ ഈന്തപ്പനകള്‍ ചുറ്റിക്കാണുന്നതിനായി ഒയാസിസ് കേപ്പ് ടൂറും അധികൃതര്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. മരുഭൂമികളിലെ മരുപ്പച്ചകളുടെ പ്രാധാന്യം സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുത്തി നല്‍കുന്നതിന് ഈ യാത്ര ഏറെ പ്രയോജനകരമാണ്. ഈന്തപ്പനകളുടെ ഇലക്ട്രോണിക് ഭാഷ്യമായ ടെക്നോ പാം സന്ദര്‍ശകര്‍ക്ക് ഒയാസിസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട് ഈ ടൂറില്‍.
പഴച്ചെടികളും സസ്യങ്ങളുമായി നിരവധി ചെറിയ ഉദ്യാനങ്ങള്‍ ഒയാസിസിന് പച്ചപ്പേകുന്നു. മാവ്, മാതള നാരകം, വാഴ, ഒലിവ്, അത്തി, കരിമ്പ് എന്നിങ്ങനെ വിവിധ തരം പഴച്ചെടികളും മറ്റു സസ്യങ്ങളും ഇവിടെ വളര്‍ത്തുന്നുണ്ട്.
സന്ദര്‍ശന സമയം
രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അല്‍ ഐന്‍ ഒയാസിസിലെ സന്ദര്‍ശനസമയം. സൗജന്യമാണ് പ്രവേശനം. എന്നാല്‍, ഒയാസിസിനകത്തുള്ള യാത്രയ്ക്ക് പ്രധാന ഗേറ്റില്‍ നിന്ന് പണം അടച്ച് വിവിധ തരം ബൈക്കുകള്‍ വാടകയ്ക്കെടുക്കാനാവും. അബൂദബിയില്‍ നിന്ന് 159 കിലോമീറ്റര്‍ ദൂരമുണ്ട് അല്‍ഐന്‍ ഒയാസിസിലേക്ക്.
അബൂദബിയില്‍ നിന്ന് അല്‍ ഐന്‍ റോഡ്/ ഇ 22 റോഡിലൂടെ കാര്‍മാര്‍ഗം സഞ്ചരിച്ചാല്‍ ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ ലക്ഷ്യത്തിലെത്താം. ദുബൈ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് അല്‍ ഐന്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനിലേക്ക് പൊതുഗതാഗത മാര്‍ഗവും എത്തിച്ചേരാം. 25 - 35 ദിര്‍ഹമാണ് യാത്രയ്ക്ക് ചെലവ് വരുന്നത്. മൂന്ന് മണിക്കൂറാണ് യാത്രാദൈര്‍ഘ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.