സന്ദർശകരെ ആകർഷിച്ച് അൽ ബാഹയിലെ അൽ ഫർഷ പാർക്ക്
text_fieldsഅൽ ബാഹ മേഖലയിലെ ഖൽവ ഗവർണറേറ്റിലുള്ള അൽ ഫർഷ പാർക്കിന്റെ ദൃശ്യം
അൽ ബാഹ: സൗദിയിലെ പ്രധാന ടൂറിസം കേന്ദ്രമായ അൽ ബാഹയിലെ ഖൽവ ഗവർണറേറ്റിലുള്ള അൽ ഫർഷ പാർക്ക് സന്ദർശകരെ ആകർഷിക്കുന്ന പ്രകൃതിരമണീയമായ ഒരിടമാണ്.
കുടുംബത്തോടൊപ്പമുള്ള ഉല്ലാസത്തിനും വിശ്രമത്തിനും വിവിധ സൗകര്യങ്ങളുള്ള പ്രകൃതിയുടെ ചാരുത ആവോളം ആസ്വദിക്കാനും പറ്റിയ കേന്ദ്രമാണിത്. 2,93,237 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് വിനോദിക്കാനും ഉല്ലസിക്കാനും ആവശ്യങ്ങൾ നിറവേറ്റാനും നിരവധി സൗകര്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അൽ ബാഹ മേഖലയിലെ മറ്റു പാർക്കുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ ഉല്ലാസം പ്രദാനം ചെയ്യുന്ന പ്രകൃതിയുടെ മടിത്തട്ടിൽ രൂപകല്പന ചെയ്ത പാർക്കാണ് ഷാദ പർവത താഴ്വരയിൽ ഉണ്ടാക്കിയ അൽ ഫർഷ പാർക്കെന്ന് പാർക്ക് അതോറിറ്റിയുടെ മേഖല സെക്രട്ടറി ഡോ. അലി ബിൻ മുഹമ്മദ് അൽ സവാത്ത് പറഞ്ഞു.
അൽ ബാഹ മേഖലയിലെ ഖൽവ ഗവർണറേറ്റിലുള്ള അൽ ഫർഷ പാർക്കിന്റെ ദൃശ്യം
18,570 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഹരിത ഇടങ്ങൾ, കുട്ടികളുടെ വിനോദങ്ങൾക്കായി ഒമ്പത് സംവിധാനങ്ങൾ, 50 വിശ്രമകേന്ദ്രങ്ങൾ, പ്രാർത്ഥനാകേന്ദ്രം, സംയോജിത സേവന സൗകര്യങ്ങൾ, നടപ്പാതകൾ, വാഹനങ്ങൾക്ക് വിപുലമായ പാർക്കിങ് സ്ഥലങ്ങൾ എന്നിവ പാർക്കിനോടനുബന്ധിച്ച് തന്നെ ഒരുക്കിയിട്ടുണ്ട്.
അൽ ബാഹയിലെത്തുന്ന സന്ദർശകർക്കും സഞ്ചാരികൾക്കും വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങളാണ് ഇവിടുത്തെ വിവിധ കേന്ദ്രങ്ങൾ നൽകുന്നത്.
അൽ ബാഹ മേഖലയിലെ ഖൽവ ഗവർണറേറ്റിലുള്ള അൽ ഫർഷ പാർക്കിന്റെ ദൃശ്യം
വിനോദത്തിനും ഉല്ലാസത്തിനും വിവിധ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതോടൊപ്പം വിനോദസഞ്ചാര, നിക്ഷേപ മേഖല വികസിപ്പിക്കാൻ കൂടി അധികൃതർ വിവിധ പദ്ധതികൾ ഇവിടെ നടപ്പാക്കിവരികയാണ്.
പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങൾ കാണാൻ അൽ ബാഹയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളുടെ നല്ല ഒഴുക്കാണ്. ശീതകാലത്ത് അൽ ബാഹയിലെ പച്ചയുടുപ്പണിഞ്ഞ താഴ്വരകളുടെയും നീരുറവകളുടെയും നയനാനന്ദകരമായ കാഴ്ചകളും സന്ദർശകരുടെ ഹൃദയം കവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.