അൽ സോറ മുഖംമിനുക്കുന്നു
text_fieldsരാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകർക്ക് സവിശേഷമായ പ്രകൃതി ആസ്വദിക്കുന്നതിനുള്ള ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അജ്മാൻ എമിറേറ്റിലെ അല്‍ സോറ. അജ്മാൻ, സമീപ എമിറേറ്റുകളായ ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവയോട് വളരെ അടുത്ത് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അല്‍ സോറ. സ്വാഭാവിക ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട ഇക്കോ - ടുറിസം പദ്ധതി കേന്ദ്രമായ ഇവിടെ നിരവധി വിനോദ കേന്ദ്രങ്ങളാണ് ഉയര്‍ന്നു വരുന്നത്.
10 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍കാട് പ്രദേശത്ത് പിങ്ക് ഫ്ലെമിങ്ങ് ഉൾപ്പെടെ പ്രാദേശിക, ദേശാടന പക്ഷികൾ ഉൾപ്പെടുന്ന 102 ഇനം പക്ഷികൾ വർഷം മുഴുവനും കാണപ്പെടുന്നു. സമുദ്ര വിമാനയാത്ര, അബ്ര, വാട്ടര്‍ സ്പോര്‍ട്സ്, സാഹസിക വിനോദങ്ങൾ, ഔട്ട്ഡോർ ഫിറ്റ്നസ് ക്ലബ്ബ് എന്നിവയും പദ്ധതിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ ഉപരിതലത്തിൽ വിശാലമായ ജലാശയം, കണ്ടല്‍കാടുകള്‍ തുടങ്ങി പ്രകൃതിയുമായി സംയോജിപ്പിച്ച് 5.4 ദശലക്ഷം ചതുരശ്ര മീറ്ററില്‍ ആഡംബര ജീവിതശൈലികളും ആധുനിക സൗകര്യങ്ങളും അടക്കം പദ്ധതിയുടെ ആകര്‍ഷണീയതയാണ്.
റംസാര്‍ തണ്ണീര്‍തട സംരക്ഷണ പട്ടികയില്‍ യു.എ.ഇയിലെ ഏഴാമത് ഇടമായി അജ്മാനിലെ അല്‍ സോറ നേരത്തേ ഇടം പിടിച്ചിരുന്നു. റാസല്‍ഖോര്‍ പക്ഷി സങ്കേതം (2007), വാദി വുറയ്യ (2010), കല്‍ബ കണ്ടല്‍ വനം (2013), അല്‍ വത്വ പക്ഷി സങ്കേതം (2013), സര് ബുനൈര്‍ ദ്വീപ് (2013), ബുല്‍ സയായീഫ് തണ്ണീര്‍ത്തടം (2016) എന്നിവയാണ് റംസാര്‍ പട്ടികയിലുള്ള മറ്റു യു.എ.ഇ പ്രദേശങ്ങള്‍. അജ്മാനിലെ ഏറ്റവും വലിയ സൈക്കിള്‍ ട്രാക്ക് അല്‍ സോറയിലാണ് ഒരുങ്ങുന്നത്. വ്യായാമത്തിനായി സൈക്കിള്‍ സവാരി നടത്തുന്നവര്‍ക്കായി 15.5 കിലോമീറ്റര്‍ നീളത്തില്‍ ഒരുക്കുന്ന ട്രാക്കിന്റെ പണി അവസാന ഘട്ടത്തിലാണ്. കുടുംബങ്ങള്‍ക്കും കുടികള്‍ക്കും ഉല്ലാസങ്ങള്‍ ഒരുക്കാന്‍ മനോഹരമായ പാര്‍ക്കും അല്‍ സോറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബോട്ടിങ്, കയാക്കിങ്, ഫിഷിങ് എന്നിവക്കായി നിരവധിപേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ലോകമെമ്പാടുമുള്ള ഗോൾഫ് കളിക്കാരെ ആകര്‍ഷിക്കുന്ന ഗോള്‍ഫ് കോര്‍ട്ട് സോറയുടെ ആകര്‍ഷണീയതയാണ്. കുള്ളൻ മൃഗങ്ങൾക്കായി PYGMY ZOO ഒരുകിയിരിക്കുന്നത് ഈ പ്രദേശത്താണ്. അജ്മാന് ടൂറിസം വികസന വകുപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. അജ്മാന് മറീന ബോട്ട് സര്‍വീസ് ഈ പ്രദേശത്തെ കൂടി ഉള്‍ക്കൊള്ളുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഹോട്ടലുകളും ഇവിടെയുണ്ട്. കണ്ടല്‍കാടുകള്‍ക്കിടയിലൂടെ തടാകത്തില്‍ കയാക്കിങിനുള്ള സൗകര്യവും മറ്റൊരു ആകര്‍ഷണമാണ്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും ഇവിടെ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.