Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kumara parvatha
cancel
Homechevron_rightTravelchevron_rightDestinationschevron_rightവിസ്​മയിപ്പിച്ച്...

വിസ്​മയിപ്പിച്ച് കൊതിപ്പിച്ച കുമാരപർവതം

text_fields
bookmark_border

യാത്രകളെ സ്നേഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ആഗ്രഹമാണ്, മേഘങ്ങളെ തഴുകിനിൽക്കുന്ന വൻ മലകള്‍ കയറി കീഴടക്കുക എന്നത്. ചിലത്​ നമുക്ക് എളുപ്പം കീഴടക്കാൻ പറ്റിയേക്കും. പക്ഷേ, മറ്റ് ചില പർവത രാജൻമാരുണ്ട്. അവരെ അങ്ങനെയൊന്നും പെട്ടെന്ന് കീഴടക്കാൻ പറ്റിയെന്ന് വരില്ല. അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലൊരു പർവത ശ്രേഷ്​ഠനെ കീഴടക്കാൻ പോയ യാത്രായോർമയാണിത്.

കണ്ണെത്താത്ത ഉയരത്തിൽ, ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും വള്ളികളുമുള്ള ഒരു കൊടുംകാട്. വെയില് പോലും ശരിക്ക് വീഴാത്ത, അതിനുള്ളിലൂടെ വേരുകൾ പടികൾ തീർത്ത ഒറ്റയടിപ്പാത പോകുന്നതൊരു മലമുകളിലേക്കാണ്. കുമാരപർവത, കർണാടകയിലെ കഠിനവും ഉയരം കൂടിയതുമായ ട്രെക്കിങ്ങുകളിലൊന്ന്.

പശ്ചിമഘട്ട മലനിരകളുടെ മനോഹാരിത മുഴുവനും ഉൾക്കൊള്ളുന്ന ട്രെക്കിങ്ങാണ് കുമാരപർവത. കർണാടകയിലെ പല സ്ഥലങ്ങളിൽനിന്നും കേരളത്തിൽനിന്നും നിരവധി പേരാണ്​ ഇവിടെ എത്താറ്​​. ഈ യാത്ര തുടങ്ങിയത് എറണാകുളത്ത് നിന്നുമാണ്. രാത്രി വണ്ടിയിൽ കയറി പുലർച്ചെ കാസർകോട്​ ഇറങ്ങുമ്പോൾ നേരം വെളുത്തിരുന്നു.


അതിനിടയിൽ സഹയാത്രികർ പലരും പല വഴിയിലവിടെ എത്തിയിട്ടുണ്ട്​. കാസർകോട്ടുനിന്നും പതുക്കെ വിശപ്പിൻെറ വിളിയൊതുക്കി സുള്ള്യ വഴി കൂ​ക്കൈ സുബ്രഹ്​മണ്യ ടെമ്പിളിലേക്കുള്ള ബസ്​ പിടിച്ചു. ഭക്തരെക്കൊണ്ട് നിറഞ്ഞ സുബ്രഹ്​മണ്യ പരിസരം ചുറ്റികണ്ട് കഴിഞ്ഞിട്ടും വരാനുള്ള അവസാന സഹയാത്രികൻ എത്തിയിട്ടുണ്ടായിരുന്നില്ല.

അവൻ വരും വരെ ഒന്ന് കുളിച്ച് ഫ്രഷാകാൻ അമ്പലത്തിനോട് ചേർന്നൊരു റൂമെടുത്തു. കൂക്കൈ സുബ്രഹ്​മണ്യ സ്വാമി ടെമ്പിളാണ് കുമാരപർവത ട്രെക്കിങ്ങിൻെറ ബേസ് ക്യാമ്പ്. ട്രെക്കിങ്​ തുടങ്ങുന്നത് അമ്പലത്തിനടുത്തുനിന്നും രണ്ട്​ കി.മീ അകലെയാണെങ്കിലും വരുന്ന സഞ്ചാരികൾ ഇവിടെയാണ് ഇറങ്ങുന്നത്. കാരണം ധാരാളം ഭക്തർ വരുന്നതിനാൽ തന്നെ നിരവധി ടോയ്​ലറ്റുകളും ബാത്ത് റൂമുകളും ഇവിടെയുണ്ട്.


പശ്ചിമഘട്ട മലനിരകൾക്ക് കീഴിലൊരു ക്ഷേത്രം, അതാണ് കൂക്കൈ സുബ്രഹ്​മണ്യസ്വാമി ക്ഷേത്രം. വളരെ ദൂരെനിന്ന് തന്നെ കാണാവുന്ന വെളുത്ത ക്ഷേത്രഗോപുരം. അതിന് പിറകിൽ ഇരുണ്ട കാട്. കാടിന് മുകളിൽ തലയുയർത്തി മേഘങ്ങളെ തൊട്ട് തലോടി മലനിരകൾ. അതിൽ ഏറ്റവും ഉയരം കൂടിയതാണ് കുമാരപർവത. തീർത്ഥാടകരുടെ ബാഹുല്യത്താൽ പ്രശസ്​തമയ കൂക്കൈ സുബഹ്​മണ്യ സ്വാമി ക്ഷേത്രം അടുത്ത കാലത്ത് വാർത്തയിൽ നിറഞ്ഞത് ബ്രാഹ്​മണരുടെ എച്ചിലിലകളിൽ കീഴ്​ജാതിക്കാർ ഉരുളുന്ന മഡൈ സ്​നാനമെന്ന ഒരാചാരവുമായി ബന്ധപ്പെട്ടാണ്.

അന്തരീക്ഷം ചൂടാകും മുന്നെ മല കയറിയാൽ, ട്രെക്കിങ്ങ്​ ചെയ്യുമ്പോഴുള്ള ചൂട് കുറക്കാമെന്നുള്ള ചിന്തയിലാണ് നേരത്തെ വന്നത്. പക്ഷേ, സാഹചര്യം കൊണ്ട് അവസാന ആളും വന്നപ്പോൾ ഉച്ചയാവാറായി. അമ്പലത്തിനടുത്തുനിന്നും ട്രെക്കിങ്​ തുടങ്ങുന്നിടത്തേക്കുള്ള രണ്ട് കിലോമീറ്റർ രണ്ട് ഓട്ടോകളിലായി എത്തിച്ചേർന്നു.


മുമ്പ്​ പോയവരുടെ കാലടികൾ അടയാളപ്പെടുത്തിയ ചെറിയ ഒരു പാതയുണ്ട്. ചോദിക്കാൻ അടുത്തെങ്ങും ഒരു മനുഷ്യനുമില്ല. നടക്കുക തന്നെ. കാറ്റ് അകത്തേക്കെത്താത്തത്ര ഇരുണ്ട കാടാണ്. കൂട്ടിന് പലതരം കിളികളുടെ സമ്മിശ്ര ശബ്​ദമുണ്ട്. ആളുകൾ നടന്ന് തെളിഞ്ഞ ഒരു നടപ്പാതയിൽ അവിടവിടെ വേരുകൾ തീർത്ത പടികളുണ്ട്. ചിലയിടങ്ങൾ മഴവെള്ളപ്പാച്ചിലവശേഷിപ്പിച്ച ചെറുതും വലുതുമായ കുഴികൾ. കാട്ടുവള്ളികൾ കൂട്ടിപ്പിണഞ്ഞും വൻമരങ്ങൾ കടപുഴകി വീണും മാർഗതടസ്സമുണ്ട് പലയിടങ്ങളിലും.

വെയിലൊട്ടും കടന്നെത്തുന്നില്ലെങ്കിലും വിയർക്കാൻ തുടങ്ങി. കയറ്റം കഠിനമാകുംതോറും ഇട്ടിരുന്ന വസ്ത്രങ്ങള്‍ വിയർപ്പില്‍ മുങ്ങാനും ചുറ്റുമുള്ള കാഴ്​ചകളില്‍ നിന്നും ശ്രദ്ധ മാറാനും തുടങ്ങി. പലയിടങ്ങളിലായിരുന്ന് വിശ്രമിച്ചും വെള്ളം കുടിച്ചും ക്ഷീണം മാറ്റി അവസാനം ഉച്ചകഴിഞ്ഞപ്പോൾ കാട് കഴിഞ്ഞു. അപ്പോഴേക്കും കൈയിലുള്ള അവസാനത്തെ കുപ്പിവെള്ളവും തീർന്നിരുന്നു.


ഇനി പുൽമേടുകളാണ്. മരക്കാലിൻെറ പോലും തണലില്ലാത്ത പുൽമേടുകൾ. ഇതിനിടെ ബംഗളൂരുവിൽനിന്ന് വന്ന ഒന്ന് രണ്ട് ട്രെക്കിങ്​ ഗ്രൂപ്പുകൾ ഞങ്ങളെ കടന്നുപോയിരുന്നു. അതിലൊരു ഗൈഡ് മലയാളി പെൺകുട്ടിയാണ്​. ബംഗളൂരുവിൽ സോഫ്​റ്റ്​വെയർ കമ്പനിയിൽ ജോലി ചെയ്യുകയും ആഴ്​ചയവസാനങ്ങളിൽ ട്രെക്കിങ്​ ഗൈഡായി പോവുകയുമാണ് പുള്ളിക്കാരി.

കഠിനമായ ട്രെക്കിങ്​ ആയതിനാൽ തന്നെ കഴിച്ചതെല്ലാം ദഹിച്ചിട്ട് ആമാശയം വിളി തുടങ്ങിയിരുന്നു. ആകെയുള്ള പ്രതീക്ഷ ബട്ടർ മനയാണ്. സത്യത്തിൽ ബട്ടർ മനയാണോ പട്ടർ മനയാണോ എന്നറിയില്ല. മൊട്ടകുന്ന് കയറി എത്തുന്നിടത്ത് നിന്ന് വലത്തേക്ക് പോയാൽ ഫോറസ്റ്റ് സ്​റ്റേഷനും ഇടത് വശത്തേക്ക് താഴേക്ക് ഇറങ്ങിയാൽ ഒരു വീടുമു​ണ്ടെന്നും​ മുമ്പ്​ പോയവർ പറഞ്ഞ് കേട്ടിട്ടുണ്ട്, അതാണ് ബട്ടർമന.


കുമാരപർവത ട്രെക്കിങ്ങിനിടയിൽ ആകെയുള്ള മനുഷ്യരുടെ താമസം ഇവിടെയാണ്. കുമാരപർവതക്ക്​ ഏറ്റവും മുകളിലൊരു ക്ഷേത്രമുണ്ട്. ഉത്സവങ്ങൾക്കും മറ്റും പൂജകൾ ചെയ്യാൻ വർഷങ്ങൾക്ക് മുമ്പ്​ കുടിയേറിയവരാണ് ഇവരുടെ മുൻ തലമുറ. ഞങ്ങളെ അലട്ടിയ ഏക ചിന്ത ഉച്ചകഴിഞ്ഞതിനാൽ ഭക്ഷണം തീർന്ന് കാണുമോ എന്നതായിരുന്നു.


അവസാനം പുൽമേട് താണ്ടിയെത്തിയ സ്ഥലത്തുനിന്നും ഇടത് വശത്തുകൂടി താഴേക്ക് നടന്നപ്പോൾ ഓടിട്ട വീട് കാണാനായി. അവിടെ നിന്നും കയറി വരുന്നവരിൽ നിന്നും ഞങ്ങൾ തിരക്കി വന്ന സ്ഥലം തെറ്റിയില്ലെന്നുറപ്പിച്ചു. നേരത്തെ എത്തിപ്പെട്ട നിരവധി ആളുകൾ അവിടെയുണ്ട്.


കുറച്ചുപേർ ഭക്ഷണം കഴിക്കുന്നു. കുറച്ചുപേർ വീടിനോട് ചേർന്ന ഒരു ഹാൾ പോലെയുള്ളയിടത്ത് കൈയിലുള്ള ഷീറ്റും സ്ലീപ്പിങ്​ ബാഗും വിരിച്ച് വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരു സൈഡിൽ ബാഗൊതുക്കി ഭക്ഷണം കഴിക്കാനാരംഭിച്ചു. വെള്ളച്ചോറും സാമ്പാർ പോലുള്ള ഒരു കറിയും അച്ചാറും.


വിശപ്പിൻെറ കാഠിന്യം കൂടിയിരുന്നത്​ കൊണ്ടാണോ എന്നറിയില്ല നല്ല രുചിയുണ്ടായിരുന്നു ഭക്ഷണത്തിന്. നമ്മൾ കയറി തുടങ്ങിയിടത്തുനിന്നും തലച്ചുമടായി വേണം സാധനങ്ങൾ എത്തിക്കാൻ എന്നറിഞ്ഞപ്പോൾ 120 രൂപയാണ് ഊണിൻെറ കാശ് എന്നത് വലിയ വിലയായി തോന്നിയില്ല. ഒരു വലിയ പാത്രത്തിൽ മോരു വെള്ളം വെച്ചിട്ടുണ്ട്. വേണ്ടവർക്ക് ആവശ്യത്തിന് കുടിക്കാം. ഭക്ഷണം കഴിഞ്ഞ് ഫോറസ്റ്റ് ഓഫിസിൽ പോയി നോക്കിയശേഷം രാത്രി തങ്ങുന്നതെവിടെയെന്ന് തീരുമാനിക്കാന്‍ വേണ്ടി മുകളിലേക്ക് കയറി.


മുകളിൽ ഫോറസ്റ്റ് ഓഫിസ് കെട്ടിടത്തിനടുത്ത് വാടകക്ക്​ ടെൻറ്​ കിട്ടും. അതിനടുത്ത് ടെൻറടിക്കാൻ വിശാലമായ സൗകര്യവുണ്ട്. അവിടെനിന്നും വാടകക്ക്​ ടെൻറ്​ വാങ്ങി ഫോറസ്റ്റ് സ്റ്റേഷന് അടുത്തുള്ള പറമ്പിൽ അടിച്ചു. അടുത്തുള്ള എല്ലാ പറമ്പുകളിലും ടെൻറുകളുണ്ട്. ബംഗളൂരുവിൽനിന്നും കർണാടകത്തിൻെറ മറ്റു ഭാഗങ്ങളിൽനിന്നും എത്തിയ ആളുകളാണ് അതിലെല്ലാം. വൈകുന്നേരമായപ്പോൾ അകലെയുള്ള മലകളിൽ കോടയിറങ്ങുന്ന മനോഹരമായ കാഴ്ചകളാണ് ചുറ്റും.


ബട്ടർ മനയിലെ പറമ്പിൽ ഇരുളിൻെറ മറവിൽ നിന്നൊരു കുളിയും പിന്നെ രാത്രി ഭക്ഷണവും കഴിഞ്ഞ് മുകളിലേക്ക് കയറുമ്പോൾ ചുറ്റും ഇരുട്ട് പരന്നിരുന്നു. ചുറ്റും കാടും മലകളുമുള്ള ഒരിടത്ത് ചെറിയ തണുപ്പിൽ ആകാശത്തെ നക്ഷത്രങ്ങളെയും നോക്കി ഉറക്കം വരുവോളം സംസാരിച്ചിരിക്കുന്നതൊരു വിദൂര സ്വപ്​നമായിരുന്നു.


ടെൻറിനുള്ളിലെ ഉറക്കം വിട്ടത് മൊബൈലിലെ അലാറങ്ങളുടെ കൂട്ടക്കരച്ചിൽ കേട്ടാണ്. നാല് മണിയായപ്പോൾ തന്നെ മിക്ക ടെൻറുകളിലെയും ആളുകൾ എഴുന്നേറ്റിരിക്കുന്നു. ഫോറസ്​റ്റ്​ സ്‌റ്റേഷനിലുള്ള രണ്ട് മൂന്ന് ടോയിലറ്റുകളുടെ മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ഇതേ മാർഗമുള്ളൂ. ചായ കുടിച്ച് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി ട്രെക്ക് ചെയ്യാൻ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമെടുത്തു.


കാലിൻെറ മസിൽ പിടിച്ചതിനാൽ ആറുപേരിൽ ഒരാൾ മുകളിലേക്ക് കയറുന്നില്ലെന്ന് തീരുമാനിച്ചു. ബാക്കി ബാഗുകളും സാധനങ്ങളും പുള്ളിയെ ഏൽപിച്ച് ഞങ്ങൾ പാസ്​ വാങ്ങാനുള്ള ക്യൂവിൽ കയറി നിന്നു. ഫോറസ്റ്റ് ഓഫിസിൽ നിന്നും ഫോം വാങ്ങി ഫിൽ ചെയ്​ത്​ ഒരാൾക്ക് 350 രൂപ വീതം അടച്ചു. കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് 200 രൂപ ഡെപ്പോസിറ്റ് ചെയ്‌ത് ഞങ്ങൾ തയാറായി.


സമയം 5.45. നേരം പുലർന്നിട്ടില്ല. ചെറിയ ടോർച്ചുകളുടെയും മൊബൈൽ വെട്ടത്തിൻെറയും വെളിച്ചത്തിൽ മു​െമ്പ നടക്കുന്നവരെ പിൻപറ്റി ട്രെക്കിങ്​ തുടങ്ങി. ശേഷപർവതം വരെ പുൽമേടുകളാണ്. നല്ല തണുത്ത കാറ്റ് നമ്മളെയും പുൽമേടുകളെയും തഴുകി പോകുന്നുണ്ട്. കിഴക്ക് വെള്ള കീറി വെളിച്ചം വന്നപ്പോഴേക്കും ഒരു കൽമണ്ഡപത്തിന്​ അടുത്തെത്തി. ദൂരെ മലകളെ തഴുകി നിറയെ മേഘക്കെട്ടുകൾ. താഴേക്ക് നോക്കുമ്പോള്‍ താഴ്വരയില്‍നിന്നും നിരനിരയായി ട്രെക്ക് ചെയ്​ത്​ വരുന്ന ആളുകൾ.


കൽമണ്ഡപത്തിലിരുന്നും ചുറ്റുമുള്ള ഫോട്ടോകളെടുത്തും കുറച്ച് വിശ്രമിച്ചു. കുറച്ച് ദൂരം കൂടി അകമ്പടിയായി തണുത്ത കാറ്റുണ്ടായിരുന്നു. പിന്നീടങ്ങോട്ട് സൂര്യൻ ഉദിച്ചുയരുംതോറും കാറ്റ് കുറയാൻ തുടങ്ങി. ഒന്നിന് പിറകെ ഒന്നായി നിരവധി മലനിരകൾ താണ്ടി ശേഷ പർവതം വരെയെത്തി. ചിലരൊക്കെ ക്ഷീണിച്ചും ചിലരൊക്കെ ഇതാണ് കുമാരപർവതയെന്നും കരുതി യാത്ര അവിടെ അവസാനിപ്പിച്ചു.


കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും മുന്നോട്ട്. ഒരു ഇറക്കമാണ് മുമ്പിൽ. അതിറങ്ങുന്നിടത്ത് ഇടതൂർന്ന കാട്. രണ്ട് മലകൾക്കിടയിൽ കാണപ്പെടുന്ന ചോലക്കാട് ആവാസവ്യവസ്ഥയാണിത്. ഇവിടെ മൃഗങ്ങളുണ്ടാകാനുള്ള ചാൻസുണ്ട്‌. കാട് കടന്നെത്തുന്നത് പാറക്കൂട്ടങ്ങളുള്ള ഒരു മലയിലേക്കാണ്. മഴക്കാലത്ത് വെള്ളത്തിൻെറ കൂടെ ഒഴുകിവീണ മരക്കഷണങ്ങൾ ചാടി ആ മലയും കയറിയെത്തുന്നത് പുഷ്​പഗിരി പീക്കിലാണ്‌.


പുഷ്​പഗിരി വന്യജീവി സങ്കേതത്തിലാണ് കുമാരപർവത സ്ഥിതി ചെയ്യുന്നത്. ഉയരത്തിൽ കർണാടക സംസ്ഥാനത്തിൽ നാലാം സ്ഥാനമുണ്ട്​ ഈ പർവതരാജന്. ദക്ഷിണേന്ത്യയിലെ തന്നെ അതികഠിനമായ ട്രെക്കിങ്ങുകളിലൊന്നാണ് കുമാരപർവത ട്രെക്കിങ്​.


പർവതത്തിനു നെറുകയിൽ ഉരുളൻ കല്ലുകൾ അടുക്കിയ ഒരു ക്ഷേത്രരൂപം. കയറിയതിൻെറ കിതപ്പടക്കി കുറച്ച് നേരം ക്ഷേത്രസന്നിധിയിൽ കഴിച്ചുകൂട്ടി. പിന്നീട് മുകളിൽ നിന്ന് കാണാവുന്നത്ര കാഴ്ചകൾ കണ്ടു. ഇനി തിരിച്ചിറക്കമാണ്. കയറിയ കയറ്റങ്ങൾ ഇറങ്ങിയും ഇറങ്ങിയവ കയറിയും താഴേക്കെത്തണം.


ഇറക്കം കുറച്ച് അനായാസമായിരുന്നു. കയറിയത് കിതച്ചുകൊണ്ട് കാഴ്ചകൾ കണ്ടായിരുന്നുവെങ്കിൽ തിരിച്ചിറക്കം കാഴ്​ചകളെ പകുതിയും അവഗണിച്ച് കൊണ്ട് വേഗത്തിലായിരുന്നു. ഉച്ചക്ക്​ മുമ്പ്​ ഫോറസ്റ്റ് സ്​റ്റേഷനിലെത്തി ബാഗുകൾ പാക്ക് ചെയ്​ത്​ ബട്ടർ മനയിൽ നിന്നും ഭക്ഷണവും കഴിച്ച് വീണ്ടും താഴേക്ക്. പലയിടത്തും നടക്കുകയായിരുന്നില്ല, ഓട്ടമായിരുന്നു. അവസാനം വൈകുന്നേരത്തോടെ ട്രെക്കിങ്​ തുടങ്ങിയയിടത്തെത്തുമ്പോൾ കുമാരപർവതം എന്ന സ്വപ്​നവും പൂർത്തീകരിച്ചിരുന്നു.



​Travel Info:
കുമാരപർവത ട്രെക്കിങ്​ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങള്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം. മഴക്കാലത്തും വേനൽക്കാലത്തും ട്രെക്കിങ്ങിന്​ അനുമതി കൊടുക്കാറില്ല. കാസർ​േകാട്ടുനിന്ന്​ സുള്ള്യയിലേക്കും അവിടെനിന്നും സുബ്രഹ്​മണ്യയിലേക്കും ബസുകള്‍ ഉണ്ട്.


കാസർകോട്ടുനിന്ന്​ 92ഉം മംഗലാപുരത്തുനിന്ന്​ 102ഉം മടികേരിയിൽനിന്ന്​ 75ഉം ബംഗളൂരുവിൽനിന്ന്​ 280ഉം കിലോമീറ്റർ ദൂരമാണ്​​ ഇവിടേക്കുള്ളത്​​. ട്രെക്കിങ്ങിനിടയില്‍ കഴിക്കാനുള്ളതും കുടിക്കനുള്ളതും കൈയില്‍ കരുതുക. ഭക്ഷണം കിട്ടുന്ന ഏക സ്ഥലം ബട്ടര്‍മന മാത്രമാണ്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PushpagiriKumara Parvatha Trek
News Summary - Amazingly coveted Kumara Parvatha
Next Story